മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും

നാളെ മാറാട് ദിനം. 17 വര്‍ഷം മുമ്പ് കോഴിക്കോട് മാറാട് കടപ്പുറത്ത് അതിനിന്ദ്യമായി കൊലചെയ്യപ്പെട്ട എട്ട് നിരപരാധികളായ സഹോദരങ്ങളുടെ ദീപ്തസ്മരണക്ക് മുമ്പില്‍ നാം ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. മതഭീകരവാദത്തിന്റെ ഇരകളായിത്തീര്‍ന്ന ആ ബലിദാനികളുടെ ജീവത്യാഗത്തിന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഒട്ടേറെ സന്ദേശങ്ങളുണ്ട്. അത് ഭാവിയുടെ മുന്നറിയിപ്പും താക്കീതുമാണ്. പക്ഷേ, കേരളം ഭരിച്ച സര്‍ക്കാരുകള്‍ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നതാണ് ഖേദകരം. ആ ബലിദാനികളുടെ രക്തത്തുള്ളികള്‍ ഭീകരവാദത്തെ ഭസ്മീകരിക്കുവാനുള്ള ഇച്ഛാശക്തി പകര്‍ന്നു നല്‍കി എന്ന വസ്തുത വളരെ പ്രതീക്ഷകള്‍ നല്‍കുന്നു. പിന്നീടൊരു മാറാട് ഉണ്ടാവാത്തത് ബലിദാനം ഉണര്‍ത്തിയ നേരറിവുകളും ജനമനഃസാക്ഷിയും പൊതുബോധത്തെ സ്വാധീനിച്ചതുകൊണ്ടാണ്.

2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മാറാട് കടപ്പുറത്ത് ഭീകരവാദികള്‍ ബോംബും കൊലക്കത്തിയും വടിവാളും മറ്റ് മാരകായുധങ്ങളും ശേഖരിച്ച് വ്യാപകമായ കൊലയും കൊള്ളിവെപ്പും നടത്താന്‍ പദ്ധതിയിട്ടിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും ഈ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കി. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അധികാര കേന്ദ്രങ്ങളില്‍ ഇരുന്നവരെല്ലാം യാതൊരു മടിയും കൂടാതെ അക്രമികള്‍ക്കൊപ്പം നിലകൊണ്ടു. ഇതേ തുടര്‍ന്ന് വ്യാപകമായി ജനരോഷം ആളിക്കത്തി. സാംസ്‌ക്കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റമാണ് പിന്നീട് കേരളം കണ്ടത്. മെയ് 20ന് സംസ്ഥാനതലത്തില്‍ ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.

കൂട്ടക്കൊലയെത്തുടര്‍ന്ന് വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുസ്ലിം പള്ളിയുടെ മണ്ണിലും മുറ്റത്തും തൂണിലും ഒളിപ്പിച്ചുവെച്ചിരുന്ന ആയുധകൂമ്പാരവും സ്ഫോടകശേഖരവും ആ പ്രദേശമാകെയുള്ള ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രഹരശേഷി ഉള്ളവായായിരുന്നു. സംഭവ പിറ്റേന്ന് ദല്‍ഹിയില്‍ നിന്നും എത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. 2003 സപ്തംബര്‍ 23ന് ജസ്റ്റിസ് തോമസ് പി. ജോസഫിനെ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. പക്ഷേ സിബിഐ അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി ശക്തമായി ആവശ്യപ്പെട്ടു. കാരണങ്ങള്‍ പലതാണ്.

1. സംസ്ഥാനാന്തരബന്ധമുള്ള ഭീകര പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്.

2. ചില ഭരണകക്ഷികള്‍ക്ക് പങ്കുള്ളതിനാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാവില്ല.

3. വിദേശപ്പണത്തിന്റെയും ശക്തികളുടെയും സഹായം ലഭിച്ചിട്ടുണ്ട്.

4. ഗൂഢാലോചനയും ആസൂത്രണവും വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസിനാവില്ല.

5. കൂട്ടക്കൊല പെട്ടെന്ന് ഉണ്ടായതല്ല. ദീര്‍ഘകാലം കേരളത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്.

പ്രക്ഷോഭം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ടു. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ മുമ്പാകെ ഹാജരായ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ടാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കോടതി മുഖവിലക്കെടുത്തു.

നിയമസഭയില്‍ സിബിഐ അന്വേഷണത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും സിപിഎമ്മും എതിര്‍ത്തു. എന്നാല്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറാട് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് സഭാംഗങ്ങളില്‍ ഞെട്ടലുണ്ടാക്കി. പക്ഷേ പ്രക്ഷോഭം വര്‍ഗീയത വളര്‍ത്തുന്നുവെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇക്കൂട്ടര്‍ തടിതപ്പി. എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഹിന്ദു ഐക്യവേദി, ബിജെപി, മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഒക്ടോബര്‍ 6ന് നടന്ന യോഗം ഹിന്ദു സംഘടനകള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അവസാനിച്ചത്.

കൂട്ടക്കൊലക്കിരയായവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുക, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക. നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളും മറ്റും പുനര്‍നിര്‍മ്മിക്കുക തുടങ്ങി 10 ആവശ്യങ്ങളും അംഗീകരിച്ചു. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തിന് വിധേയമായി സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. മാറാട് കൂട്ടക്കൊലക്കേസില്‍ 2009 ഡിസംബര്‍ 27 നാണ് കോഴിക്കോട് മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് വിധി പറഞ്ഞത്. 62 പ്രതികളെ കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീലില്‍ ഇവരെക്കൂടാതെ 24 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം നല്‍കി. 2012ലെ ഹൈക്കോടതി വിധിയിലും ഗൂഢാലോചന അന്വേഷിക്കണമെന്ന് നി

ര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും കണ്ടെത്തി. സിബിഐ ആന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത് കൊല്ലപ്പെട്ട പുഷ്പരാജന്റെയും സന്തോഷിന്റെയും അമ്മ ശ്യാമളയായിരുന്നു. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് മൂലം ആ ഹര്‍ജി എങ്ങുമെത്തിയില്ല.

2012 ജനുവരി 19ന് കൊളക്കാടന്‍ മൂസ ഹാജി സിബിഐയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതിയിലെത്തി. സിബിഐയുടെ നിലപാടായിരുന്നു ഇവിടെയും പ്രധാനം. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറികടന്ന് നീതിപൂര്‍വമായ നിലപാടെടുക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്ര ഭരണത്തില്‍ മാറ്റംവന്നതോടെ സിബിഐക്ക് സ്വതന്ത്ര നിലപാടെടുക്കാന്‍ സാധിച്ചു.

ഓരോ വര്‍ഷവും മാറാട് ദിനാചരണം വഴി തീവ്രവാദത്തിനെതിരെ ബഹുജനാഭിപ്രായം ശക്തിപ്പെടണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രവാദശക്തികളുമായി കൈകോര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും നടത്തിയ പ്രക്ഷോഭവും കൊള്ളയും കൊള്ളവെയ്പും ഏതൊരു ദേശസ്നേഹിയെയും വേദനിപ്പിക്കുന്നതാണ്.  

മാറാട് ജനകീയ പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഭീകരവാദത്തെ നിയമം കൊണ്ടോ അധികാരം കൊണ്ടോ നേരിടാനാവില്ലെന്നും ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഭീകര പ്രവര്‍ത്തനം തൂത്തെറിയപ്പെടുമെന്നും മാറാട് കാണിച്ചുതരുന്നു. മാറാട് എട്ട് പേരുടെ ചിതക്ക് മുന്നില്‍ ആര്‍ത്ത് നിലവിളിച്ച സഹോദരങ്ങളുടെ കണ്ണുനീര്‍ത്തുള്ളികളില്‍ അവരുടെ വേദനമാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നാടിനെ മഥിക്കുന്ന ഭീകരതക്കെതിരായ പോരാട്ടത്തിനുള്ള ആഹ്വാനവുമുണ്ടായിരുന്നു. നിരപരാധികളുടെ ജീവരക്തം വീണ് ചുമന്ന മാറാട് കടപ്പുറത്തെ മണല്‍ത്തരികള്‍ ഇന്നും ജനഹൃദയങ്ങളില്‍ ഒരു ആവേശമായി, ആര്‍ജ്ജവമായി ജ്വലിക്കുന്നു. വരുംകാലങ്ങളില്‍ ഉണ്ടാകാനിരിക്കുന്ന പരിവര്‍ത്തനത്തിന്റെ ചൂണ്ടുപലകയായി.

 

More