×
login
പച്ചക്കറി കൃഷിയില്‍ ഷൈന്‍ചെയ്ത് ഷൈന്‍; രണ്ടര ഏക്കര്‍ സ്ഥലത്ത് നൂറ് മേനി വിളയിച്ച് സിവില്‍ പോലീസ്‍ ഓഫീസര്‍

ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ കാട് പിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് കൃഷി. പിന്നീട് കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മികച്ച കര്‍ഷകരെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു.

തൃശൂര്‍: പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിക്കുകയാണ് രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ഐ.ബി. ഷൈന്‍. തിരക്കുപിടിച്ച പോലീസ് ജോലിക്കിടെ വടക്കാഞ്ചേരിയിലെയും ചിറ്റണ്ടയിലെയും രണ്ടര ഏക്കര്‍ സ്ഥലത്ത് പച്ചക്കറിയുടെ വിളവെടുക്കുകയാണ് ഷൈന്‍.

പടവലം, പയര്‍, മത്തന്‍, പാവക്ക, കുമ്പളങ്ങ, വെള്ളരി, വെണ്ടക്ക, വഴുതനങ്ങ, തക്കാളി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, മധുരക്കിഴങ്ങ്, കപ്പ തുടങ്ങി എല്ലാതരം പച്ചക്കറി ഇനങ്ങളും ഷൈനിന്റെ കൃഷിയിടത്തില്‍ ഉണ്ട്. ഓണക്കാലത്ത് നൂറ് കിലോ പയര്‍, ഇരുന്നൂറ് കിലോ പടവലം, ഇരുന്നൂറ് കിലോ പാവക്ക എന്നിവ വിപണിയില്‍ എത്തിച്ചു. വെണ്ടക്കയും വഴുതനയും തക്കാളിയുമടക്കമുള്ളവയുടെ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ കാട് പിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് കൃഷി. പിന്നീട് കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മികച്ച കര്‍ഷകരെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് കൃഷിയിറക്കിയ സമയത്ത് ജോലിയും കൃഷിയും ഒരുമിച്ച് കൊണ്ട് പോകുന്നത് പ്രയാസകരമാണെന്ന് മനസിലാക്കിയെങ്കിലും കൃഷിയില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഈ പോലീസുകാരന്‍. അവധി ദിവസങ്ങളില്‍ പൂര്‍ണസമയവും മറ്റ് ദിവസങ്ങളില്‍ ജോലിക്ക് പോവുന്നതിന് മുമ്പുള്ള സമയം വരെയും ജോലി കഴിഞ്ഞെത്തിയുമെല്ലാമാണ് കൃഷിയെ പരിപാലിക്കുന്നത്.  ഇതിനിടയ്ക്ക് ചില പുത്തന്‍ കൃഷിരീതികളും ഷൈന്‍ പരീക്ഷിക്കാറുണ്ട്.

പൂര്‍ണമായും ജൈവമാണ് കൃഷിരീതി. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. ഇതിനുള്ള എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നത് കാര്‍ഷിക സര്‍വകലാശാലയും കൃഷി വിജ്ഞാന്‍ കേന്ദ്രവുമാണെന്ന് ഷൈന്‍ പറയുന്നു. വീട്ടിലെ കൃഷിയിടത്തില്‍ നിന്ന് മികച്ച രീതിയില്‍ വിളവെടുക്കാന്‍ സാധിച്ചതോടെ, തരിശായി കിടക്കുന്ന മറ്റ് ഭൂമികളുണ്ടോയൊന്ന് അന്വേഷിക്കുകയും സ്ഥലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതെല്ലാം ഒറ്റയ്ക്ക് കൊണ്ട് പോകുന്നത് പ്രയാസകരമാണെന്ന് മനസിലാക്കിയ ഇദ്ദേഹം തുടര്‍ന്ന് ഒരു സഹായിയെയും ഒപ്പം കൂട്ടി. കൃഷിയുടെ വിളവ് കൂടിയതോടെ വിറ്റഴിയുമോ എന്ന ആശങ്കയുണ്ടായെങ്കിലും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചതെന്ന് കര്‍ഷകനായ ഷൈന്‍ പറയുന്നു.

പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിളിയെത്തിയതോടെയാണ് പച്ചക്കറിയ്ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളതായി മനസിലാക്കിയത്. പച്ചക്കറികളെല്ലാം ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിക്കാനുള്ള ആശയം ബാങ്ക് അധികൃതരാണ് മുന്നോട്ട് വച്ചത്. ഇവിടെനിന്ന് മതിയായ വിലയും വിളകള്‍ക്ക് ലഭിക്കുന്നുവെന്ന് ഷൈന്‍ പറയുന്നു. ജൈവകൃഷി പരിപോഷിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഷൈന്‍. കൃഷി കൂടാതെ എഴുത്തിലും സജീവമാണ് ഷൈന്‍. അഞ്ച് ഷോര്‍ട്ട് ഫിലിം, ഒരു മ്യൂസിക് ആല്‍ബം എന്നിവ ലോക്ഡൗണ്‍ കാലത്ത് പുറത്തിറക്കി. കൃഷി നിറഞ്ഞ സംതൃപ്തിയോടെയാണ് ചെയ്യുന്നതെന്നും മനസ് വച്ചാല്‍ വീട്ടില്‍തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ വിളയിക്കാന്‍ പ്രയാസമില്ലെന്നും ഷൈന്‍ പറയുന്നു.

  comment

  LATEST NEWS


  വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി


  വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.