×
login
നായ്ക്കള്‍ തെരുവ് കീഴടക്കുന്നു, ജനം ഭീതിയില്‍, പരസ്പരം പഴിചാരി അധികൃതർ

ഭൂമി മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവകാശമുണ്ട്. അതുകൊണ്ട് ഓരോ പഞ്ചായത്തും തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക ഷെല്‍ട്ടര്‍ നിര്‍മ്മിക്കണം. അവിടെ അവയെ പാര്‍പ്പിക്കണം.

ആലപ്പുഴ/മുഹമ്മ: തെരുവ് നായ്ക്കള്‍ പെരുകി; നായ്ക്കളുടെ കടിയേറ്റ് അപകടം പതിവായി. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 14 പേര്‍ക്കും മണ്ണഞ്ചേരിയില്‍ ആറുപേര്‍ക്കും കഴിഞ്ഞ ദിവസം കടിയേറ്റിരുന്നു. മുഹമ്മയില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് മൂന്നുപേര്‍ക്കും കഴിഞ്ഞ വര്‍ഷം നിരവധി വളർത്തു മൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും കടിയേറ്റിരുന്നു.  

നൂറു കണക്കിന് നായ്ക്കളാണ് തെരുവുകളില്‍ അലയുന്നത്. മുഹമ്മ മത്സ്യ ഇറച്ചിമാര്‍ക്കറ്റ്, ആശുപത്രി കവല, കാര്‍മ്മല്‍ കവല, കാര്‍മ്മല്‍ സ്‌കൂള്‍, ഗവ. എല്‍പി സ്‌കൂള്‍ എന്‍എസ്എസ്, കാവുങ്കല്‍ ക്ഷേത്ര മൈതാനം എന്നിവിടങ്ങളില്‍ വ്യാപകമായി നായ് ശല്യമുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രികരും ഭയന്നാണ് സഞ്ചരിക്കുന്നത്.  

പുത്തനങ്ങാടി, മണ്ണഞ്ചേരി, കഞ്ഞിക്കുഴി മാര്‍ക്കറ്റുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഇടെയാണ് ബൈക്കില്‍ സഞ്ചരിച്ച കളക്‌ട്രേറ്റ് ജീവനക്കാരന്‍ പട്ടി കുറുകെ ചാടിയതിനെത്തുടര്‍ന്ന് കോമളപുരത്ത് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ കാലിന്റെ ചിരട്ടപൊട്ടി മാസങ്ങള്‍ ചികിത്സിക്കേണ്ടി വന്നു. മുമ്പ് അലഞ്ഞു തിരിയുന്ന പട്ടികളെ പിടിച്ച് നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ കൊല്ലുന്നത് നിയമ വിരുദ്ധമാണ്. പകരം വന്ധ്യംകരണമാണ് നടത്തുന്നത്. പക്ഷേ പല പഞ്ചായത്തുകളും അതിന് താല്‍പ്പര്യം കാണിക്കുന്നില്ല.  

ഭൂമി മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവകാശമുണ്ട്. അതുകൊണ്ട് ഓരോ പഞ്ചായത്തും തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക ഷെല്‍ട്ടര്‍ നിര്‍മ്മിക്കണം. അവിടെ അവയെ പാര്‍പ്പിക്കണം. ഭക്ഷ്യ അവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയ്ക്ക് നല്‍കാനും ചികിത്സ ഒരുക്കാനും തയ്യാറാകണം. പഞ്ചായത്തുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോഈ ദൗത്യം ഏറ്റെടുക്കാവുന്നതാണ്.

ചേർത്തലയിലും നായശല്യം രൂക്ഷം

ദിവസങ്ങള്‍ക്ക് മുന്‍പാണ് കണിച്ചുകുളങ്ങരയിലും പരിസര പ്രദേശത്തുമായി പതിനാല് പേരെ പട്ടി കടിച്ചത്. കടിച്ച പട്ടിക്കായി ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നാട്ടുകാരുടെ കല്ലേറില്‍ പരിക്കേറ്റ നായ ചത്തെന്നും അഭ്യൂഹമുണ്ട്. നായയെ പിടികൂടാനാകാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

രാവിലെ നടക്കാനിറങ്ങുന്നവരും സൈക്കിള്‍ യാത്രക്കാരും വടിയുമായാണ് പുറത്തിറങ്ങുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയേയും പട്ടി കടിച്ചു. തുടര്‍ന്ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ട്, മൂന്ന്, നാല്, ആറ് വാര്‍ഡുകളിലും ചേര്‍ത്തല തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലും ഉളള എട്ട് പേരെ കടിച്ചു. കടിയേറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.  

പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് കൂടി പരിക്കേറ്റു. കണിച്ചുകുളങ്ങര, പൊക്ലാശ്ശേരി, തിരുവിഴ പ്രദേശത്താണ് നായ ആക്രമണം നടത്തിയത്. ഒരു പട്ടി തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി  വളര്‍ത്തുമൃഗങ്ങളെയും പട്ടി കടിച്ചിരുന്നു. പ്രസവിച്ച പട്ടിയാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇതിന്റെ രണ്ട് കുഞ്ഞുങ്ങളെ പിടികൂടി കണിച്ചുകുളങ്ങര മൃഗാശുപത്രിയിലേക്ക് മാറ്റിയിരുന്നു.  

നായ കടിച്ച വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പും നല്‍കി. തെരവു നായ ശല്യം പെരുകിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

വന്ധ്യംകരണം നടത്തുന്നില്ല, പദ്ദതി കടലാസിൽ  

നായ്ക്കളുടെ വന്ധ്യംകരണത്തിനായ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഹരിപ്പാട് നഗരസഭ ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടും ഒരു പട്ടിയെ പോലും പിടി കുടിയതായി ഹരിപ്പാട് നഗരസഭക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭയില്‍പ്പെട്ട ഏഴാം വാര്‍ഡിലാണ് മുന്‍ പ്രഥമാധ്യാപിക നായക്കൂട്ടങ്ങളുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പഞ്ചായത്ത് നായെ പിടിക്കാന്‍ ചുമതലപ്പെടുത്തുന്നവര്‍ നഗരസഭാസെക്രട്ടറിയെയോ മറ്റ് കൗണ്‍സിലര്‍ന്മാരയോ ബന്ധപ്പെടാറില്ല. നഗരസഭ നേരിട്ട് പട്ടിയെ പിടിക്കാനുള്ള നടപടിക്കായി  നിയമോപദേശം തേടുകയാണ്. ഹരിപ്പാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പട്ടിയുടെ അക്രമം വ്യാപകമാകുകയാണ്.

അലര്‍ജിക്കുള്ള മരുന്നില്ല; കടിയേറ്റവര്‍ വലയുന്നു


നായയുടെ കടിയേറ്റവര്‍ക്ക് കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിക്കെതിരെയുള്ള കുത്തിവയ്പിന് വില 2500. ഈ മരുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കില്ല. സാമ്പത്തിക ഭാരം താങ്ങാനാവതെ രോഗികള്‍ വലയുകയാണ്. കണിച്ചുകുളങ്ങര പ്രദേശത്ത് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ വണ്ടാാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെയ്പും ആന്റിബയോട്ടിക് മരുന്നും ഇവിടെ നിന്നും സൗജന്യമായി നല്‍കുന്നുണ്ട്.  

എന്നാല്‍ പേവിഷ ബാധയ്ക്ക് നല്‍കുന്ന കുത്തിവയ്പിന് അലര്‍ജിയുള്ളവര്‍ക്ക് മറ്റൊരു കുത്തിവയ്പ് നല്‍കേണ്ടതുണ്ട്. ഇതിന്റെ മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ല.  

2500 രൂപ നല്‍കിയാണ് കടിയേറ്റവരില്‍ പലരും മരുന്ന് പുറത്തുനിന്ന് വാങ്ങിയത്. ഇവര്‍ക്ക് വേണ്ട ചികിത്സാ സഹായം നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

പദ്ധതികള്‍ പാതിവഴിക്ക്....

ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണ് നായകളുടെ വന്ധ്യം കരണം പദ്ധതികള്‍ നടക്കുന്നത്. ഒരു നായയ്ക്ക് ഏകദേശം 2100 എന്ന കണക്കിലാണ് ഇതിനുള്ള ചെലവ് നിജപ്പെടുത്തിയിരിക്കുന്നത്.  ഡോക്ടര്‍മാരുടെ ചെലവും നായ്ക്കളെ എത്തിക്കുന്നതിനുള്ള വാഹനവും പരിചരണവുമെല്ലാം ഇതില്‍പ്പെടും. തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫïില്‍നിന്നാണ് നല്‍കുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്രനായകളെ വന്ധ്യംകരണം ചെയ്യ്തു എന്നത് സംബന്ധിച്ച് വിവരമില്ല.  

വിഷയത്തില്‍ പരസ്പരം പഴിചാരുകയാണ് അധികൃതര്‍. തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിര നടപടികളെടുക്കാന്‍ ദുരന്ത നിവാരണ ആക്റ്റ് പ്രകാരം ജില്ല കളക്ടറുടെ  ഉത്തരവ്  ഉണ്ടായിട്ടും വിഷയത്തില്‍ ഇതുവരെ വേണ്ട നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  നിഷ്‌കര്‍ഷിക്കുന്ന ക്രമീകരണങ്ങളില്‍ പകുതിപോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ലെന്നാണ് വാസ്തവം.  

വന്ധ്യംകരണത്തിനുള്ള മൊബൈല്‍ എബിസി യൂണിറ്റ് അടക്കം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ 2100 പട്ടികളുടെ വന്ധ്യംകരണം പൂര്‍ത്തിയാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. പദ്ധതി തുടങ്ങിയ ശേഷം അയ്യായിരത്തിലേറെ പട്ടികളെ വന്ധ്യംകരണം ചെയ്തു. എന്നാല്‍ ജില്ലയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികളുടെ നാലിലൊന്ന് പോലും ഇല്ല. തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും വന്ധ്യംകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മാരാരിക്കുളം നോര്‍ത്തിലും മാവേലിക്കരയിലും കണിച്ചുവുളങ്ങരയിലും യൂണിറ്റുകള്‍ നിലവിലുള്ളത്. ഒരു സമയം ഒരു നായയെ മാത്രമേ വന്ധ്യംകരണം നടത്താന്‍ കഴിയൂ.

തദ്ദേശ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ നായ്കളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തിയതിനു ശേഷം ഇവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി വിട്ടയയ്ക്കണമെന്നാണ് പദ്ധതിയിലുള്ളത്.

ആശുപത്രി വളപ്പും പട്ടിവളര്‍ത്തൽ കേന്ദ്രങ്ങള്‍  

മാവേലിക്കര ജില്ലാ ആശുപത്രി വളപ്പില്‍ മാത്രം നൂറിലധികം നായ്ക്കളുണ്ട്. ആശുത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ആശുപത്രിക്ക് പിന്നിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെടുന്ന ഇറച്ചിക്കോഴിയുടെയും അറവുമാടുകളുടെയും അവശിഷ്ടങ്ങളുമാണ് നായ്ക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും തെരുവ്നായ്ക്കള്‍ ആക്രമിച്ച സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പഴയ മെഡിക്കല്‍ വാര്‍ഡിനു സമീപത്തെ പനിവാര്‍ഡ് തെരുവ്നായ്ക്കള്‍ കൈയടക്കിയ നിലയിലാണ്. സന്ധ്യ കഴിഞ്ഞാല്‍ പുതിയ സര്‍ജിക്കല്‍, ഗൈനക്കോളജി വാര്‍ഡുകളിലേക്ക് പോകേണ്ടവര്‍ ഒപ്പം വടി കൂടി കരുതേണ്ട അവസ്ഥയാണുള്ളത്. മുറ്റത്ത് രാത്രിയില്‍ തെരുവ്നായ്ക്കള്‍ തമ്മിലുള്ള കടിപിടിയും പതിവാണ്. മാവേലിക്കര ജില്ലാ ആശുപത്രി വളപ്പ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, പടിഞ്ഞാറെ നട, കണ്ടിയൂര്‍ കാളച്ചന്ത, തഴക്കര ശ്മശാനം എന്നിവിടങ്ങളെല്ലാം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്.

നായയെപേടിച്ച് നടക്കാൻ വയ്യ

നഗരവീഥികളിലെ പ്രഭാതസവാരിക്കാരും തെരുവ്നായ ഭീതിയിലാണ്. വെള്ളൂര്‍ക്കുളം റോഡ്, കണ്ടിയൂര്‍ കാളച്ചന്ത പരിസരം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരെ തെരുവ്നായ കടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തഴക്കര പഞ്ചായത്തില്‍ ഇറവങ്കര മുതല്‍ മാങ്കാംകുഴി കോട്ടമുക്ക് വരെയുള്ള പ്രധാനറോഡ് രാത്രിയില്‍ ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നമാണ്. റോഡിന്റെ ഒരുവശം കിലോമീറ്ററുകളോളം വ്യവസായ എസ്റ്റേറ്റിന്റെയും ജില്ലാ കൃഷിത്തോട്ടത്തിന്റെയും അതിരായതിനാല്‍ ഇവിടെ ദൂരെനിന്നു പോലും ഇറച്ചിക്കോഴിയുടെയും മറ്റും അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് പതിവാണ്. നിരവധി നായ്ക്കളാണ് ഈ മേഖല താവളമാക്കിയിട്ടുള്ളത്.

മാവേലിക്കര റെയില്‍വേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമെന്ന് പരാതി. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍, യാത്രക്കാരുടെ വിശ്രമസ്ഥലം, പ്ലാറ്റ്ഫോമുകള്‍ എന്നിവിടങ്ങളിലെല്ലാം സംഘം ചേര്‍ന്ന തെരുവുനായ്ക്കളെ കാണാം. സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളിലും വാതിലിനു സമീപവും തെരുവുനായ്ക്കള്‍ വിശ്രമിക്കുന്നതുകാരണം പണമെടുക്കാന്‍ വരുന്നവര്‍ നിരാശരായി മടങ്ങുകയാണ് പതിവ്.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.