×
login
സിപിഎമ്മിന്റെ 20,000 കോടിയുടെ കാര്യം

20 വര്‍ഷം മുമ്പത്തെ 20,000 കോടിരൂപയുടെ ആസ്തി സംബന്ധിച്ച് ''പാവങ്ങളുടെ പാര്‍ട്ടി''യായ സിപിഎം ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തണം. ആ പണത്തില്‍ എത്രശേഷിക്കുന്നു, എവിടെ സൂക്ഷിക്കുന്നുവെന്നെങ്കിലും. അതല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിയില്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍, നോട്ട് റദ്ദാക്കല്‍, തെരഞ്ഞെടുപ്പിലെ പണാധിപത്യം, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ ''വല്ലാതെയങ്ങ് വീമ്പിളക്കുന്ന'' ചില നേതാക്കള്‍ക്കും അണികള്‍ക്കും അത് ഷോക്ക് ആകാനാണ് സാധ്യത.

മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്തി, സമ്പാദ്യം, മൂലധനം, പ്രവര്‍ത്തന ലാഭം, ധനക്കരുതല്‍ എന്നിങ്ങനെ ഏതുവഴിയില്‍ ആയാലും, ആ പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ആശയാദര്‍ശത്തിന്റെ അടിത്തറയില്‍ നോക്കിയാല്‍ വിശദീകരിക്കാന്‍ പറ്റാത്തതാണ്; ന്യായീകരണമില്ലാത്തതാണ്. 20 വര്‍ഷത്തിന് മുമ്പ്, പണമായി അത് 20,000 കോടി രൂപയായിരുന്നുവെന്നറിയുമ്പോള്‍ അതിലേറെ വിഷമിക്കും ന്യായീകരണത്തിന് യുക്തി കണ്ടുപിടിക്കാന്‍. ആ 20,000 കോടിരൂപ 20 വര്‍ഷം കഴിയുമ്പോള്‍ എത്രശേഷിക്കുന്നു, എത്രയായി വര്‍ദ്ധിച്ചു, എന്തിനെല്ലാം ചെലവിട്ടു, എന്തായിരുന്നു വരുമാന സ്രോതസ് എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ നേതാക്കളും അണികളും നന്നേ വിയര്‍ക്കേണ്ടിവരും.

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പറയുമ്പോള്‍, ഒറിജിനല്‍ കമ്യൂണിസ്റ്റുകള്‍ സിപിഐക്കാര്‍ ആണെങ്കിലും അവര്‍ എന്നും ദരിദ്രരാണ്. ദല്‍ഹിയില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനമായ അജോയ് ഭവന്‍ കണ്ടാല്‍മതി പാര്‍ട്ടിയിലെ പഞ്ഞം അറിയാം. പക്ഷേ, അവരും മാറി, മാറിക്കൊണ്ടിരിക്കുന്നു, കേരളത്തിലെങ്കിലും. ഇവിടെ പറയുന്നത് സിപിഎമ്മി ന്റെ കാര്യമാണ്.  20-23 വര്‍ഷത്തെ കാര്യമാണ്.

20 വര്‍ഷം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം, പാര്‍ട്ടി ഓരോരോ കാലത്ത് സ്വീകരിച്ച നിലപാടുകള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തുന്ന ശീലം അവര്‍ക്കുണ്ട്. രണ്ട് ദശകം കഴിയുന്ന വേളയിലാണ് അവര്‍ക്ക് തിരിച്ചറിവു വരുന്നത്. ക്വിറ്റിന്ത്യാ സമരത്തെ പിന്നില്‍നിന്ന് കുത്തിയത്, ഗാന്ധിജിയെ കുറ്റപ്പെടുത്തിയത്, സുഭാഷ് ചന്ദ്രബോസിനെ അപമാനിച്ചത്, സ്വാതന്ത്ര്യത്തെ നിരാകരിച്ചത്, റിപ്പബ്ലിക് ദിനം കരിദിനമായാചരിച്ചത്, അടിയന്തരാവസ്ഥയെ അനുകൂലിച്ചത്, കമ്പ്യൂട്ടര്‍വല്‍കരണത്തെ എതിര്‍ത്തത്, ഉദാരീകരണത്തെ തള്ളിയത്, തുടങ്ങി എത്രയെത്ര വിഷയങ്ങളില്‍ അത് അനുഭവമാണ്.

20 വര്‍ഷം മുമ്പ്, കേന്ദ്രത്തില്‍ ഐക്യമുന്നണി എന്ന 'അവിയല്‍ മുന്നണിസര്‍ക്കാര്‍' തട്ടിക്കൂട്ടി. 1996 പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു, ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവാതെ, വാജ്പേയി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നപ്പോള്‍ ചെറു പാര്‍ട്ടികള്‍ ചേര്‍ന്ന് 173 പേരുടെ അംഗബലത്തില്‍, കോണ്‍ഗ്രസ് പിന്തുണയോടെ ഉണ്ടാക്കിയ സര്‍ക്കാരില്‍. ദേവഗൗഡ പ്രധാനമന്ത്രി. കോണ്‍ഗ്രസ് വിട്ട് തമിഴ്നാട്ടില്‍ ജി.കെ. മൂപ്പനാരുണ്ടാക്കിയ തമിഴ് മാനില കോണ്‍ഗ്രസിലെ നേതാവ് പി. ചിദംബരമായിരുന്നു ധനകാര്യ മന്ത്രി.

ഈ ധനമന്ത്രി ചിദംബരം, ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കമ്പനിയുടെ സാമ്പത്തിക കാര്യ പത്രമായ ഇക്കണോമിക് ടൈംസ് പത്രത്തിന്റെ ഒരു ദിവസത്തെ എഡിറ്ററായി. ചിദംബരം അന്നത്തെ പത്രം എഡിറ്റ് ചെയ്തു. അക്കാലത്തെ ഒരു സുപ്രധാന കാര്യമാണ് പറയാന്‍ പോകുന്നത്. അതിനു മുമ്പ്, അന്നത്തെ ഐക്യമുന്നണി സര്‍ക്കാരിന്റെ അവസ്ഥയും രാഷ്ട്രീയവുംകൂടി പറയണം, എങ്കിലേ വ്യക്തമാകൂ. ഐക്യമുന്നണി തട്ടിക്കൂട്ടുമ്പോള്‍ അതില്‍ ഏറ്റവും ശക്തമായ പാര്‍ട്ടി സിപിഎം ആയിരുന്നു; 33 അംഗങ്ങള്‍.  

സിപിഐയും (12) മറ്റ് ഇടതുപക്ഷ കക്ഷികളും ഉള്‍പ്പെടെ 53 പേര്‍. ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു പ്രധാനമന്ത്രിയാകുമെന്ന് തോന്നലുണ്ടാക്കിയ കാലം. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയമായി കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ ഒരു സങ്കോചവും സിപിഎമ്മിനില്ലെങ്കിലും അന്ന് കോണ്‍ഗ്രസ് പിന്തുണയില്‍ ഭരിക്കാനില്ലെന്ന 'ഹിമാലയന്‍ വിഡ്ഢിത്തം സിപിഎം പ്രഖ്യാപിച്ചു. സിപിഐ ഭരണത്തില്‍ കൂടി; ആഭ്യന്തരം, കൃഷി വകുപ്പുകള്‍ ഭരിച്ച് 'മരണം ' വരിച്ചു.

സിപിഎമ്മാകട്ടെ, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്റ്റിയറിങ് കമ്മിറ്റിയുടെ തലപ്പത്തിരുന്ന്, ഉത്തരവാദിത്വമൊന്നുമില്ലാത്ത ഭരണം നടത്തി. സിപിഎമ്മിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു സ്റ്റിയറിങ് പിടിച്ചത്. സര്‍ക്കാരിന്റെ ഓരോരോ നടപടിയേയും സിപിഎം പരസ്യമായി എതിര്‍ത്തു. രഹസ്യമായി പിന്തുണച്ചു. പാര്‍ട്ടിയുടെ ദല്‍ഹിയിലെ ആസ്ഥാനം ഏതാണ്ട് ഭരണസിരാകേന്ദ്രമെന്നപോലെയായി. ബല്‍വന്ത് സിങ് രാമുവാലിയയെ ക്യാബിനറ്റ് മന്ത്രിയാക്കി സഖാവ് സുര്‍ജിത് മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും 'ചോര്‍ത്തി.'

ധനമന്ത്രിയെന്ന നിലയില്‍ സിപിഎമ്മിന്റെ പിന്‍സീറ്റ് ഡ്രൈവിങ് സഹിക്കാന്‍ വയ്യാതെ കാത്തിരുന്ന വേളയിലാണ് ചിദംബരത്തിന് ഒരു പത്രം, ഇക്കണോമിക് ടൈംസ്, എഡിറ്റ് ചെയ്യാന്‍ അവസരം വന്നത്. അതോടെ ചിദംബരം ജനാധിപത്യത്തിന്റെ നാലാം തൂണിലും ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു. എംപി എന്ന നിലയില്‍ നിയമനിര്‍മാണത്തില്‍, മന്ത്രിയെന്ന പദവിയില്‍ നിര്‍വഹണത്തില്‍, അഭിഭാഷകനെന്ന നിലയില്‍ ഏറെക്കുറേ ജുഡീഷ്യറിയില്‍ ചിദംബരം കാലുറപ്പിച്ചിരുന്നു.

കിട്ടിയ സുവര്‍ണാവസരം ചിദംബരം വിനിയോഗിച്ചു. പത്രം എഡിറ്റ് ചെയ്തു. വാര്‍ത്തകള്‍, പ്രത്യേക വാര്‍ത്തകള്‍ ലേഖകരെക്കൊണ്ട് നിര്‍ദേശിച്ച് തയാറാക്കിച്ചു. പിറ്റേന്നത്തെ ഇക്കണോമിക് ടൈംസിന്റെ ഒന്നാം പേജിലെ ഒരു പ്രധാന വാര്‍ത്ത ഇതായിരുന്നു- 'സിപിഎമ്മിന്റെ സ്വത്ത് പണമായി, 20,000 കോടി.' ഈ വാര്‍ത്ത, ചിദംബരം നിര്‍ദേശിച്ച്, വിവരങ്ങള്‍ കൈമാറി, പ്രത്യേകം നിഷ്‌കര്‍ഷിച്ച് തയാറാക്കിയതായിരുന്നു. സിപിഎമ്മിന്റെ കേരളത്തിലേതുള്‍പ്പെടെ സ്വത്ത്, സ്ഥാപനങ്ങള്‍, ഇടപാടുകള്‍, സംവിധാനങ്ങള്‍ എല്ലാം സംബന്ധിച്ച തുടര്‍വാര്‍ത്തകള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു.

ആ പാര്‍ട്ടിക്ക്, 1998 ലെ കണക്കുകള്‍ പ്രകാരം, പണമായുള്ള സമ്പാദ്യം 20,000 കോടിയിലേറെയാണെന്ന വാര്‍ത്ത വന്നപ്പോള്‍ സിപിഎം നിഷേധിച്ചില്ല. അപകീര്‍ത്തികരമായ വാര്‍ത്ത കൊടുത്തതിന് പത്രത്തിനെതിരേ നിയമനടപടി കൈക്കൊണ്ടില്ല. അവര്‍ ചിദംബരം രാഷ്ട്രീയ വിരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ചു. എന്തായാലും ആ സംഭവത്തിന് ശേഷം, യുഡിഎഫ് സര്‍ക്കാരിനെയും ചിദംബരത്തേയും കഷ്ടപ്പെടുത്താന്‍ സിപിഎം ഏറെ 'ശല്യം' ചെയ്തില്ല.

ഇരുപതിലേറെ വര്‍ഷംമുമ്പ്, 20,000 കോടിരൂപ സിപിഎമ്മിന് ഉണ്ടായിരുന്നു. ആ പാര്‍ട്ടി ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ടാക്കി, കേരളത്തിലുള്‍പ്പെടെ- ആശുപത്രി മുതല്‍ അമ്യൂസ്മെന്റ് പാര്‍ക്ക് വരെ. അധികാരം ബംഗാളിലും ത്രിപുരയിലും പോയി, കേരളത്തില്‍ തുടര്‍ന്നും കിട്ടി. പാര്‍ട്ടിയുടെ അന്നത്തെ 20,000 കോടി എത്രയായി വര്‍ദ്ധിച്ചിരിക്കും? അതോ 20 വര്‍ഷത്തെ ചെലവുകൊണ്ട് സമ്പാദ്യം കുറഞ്ഞോ?  എങ്കില്‍ എന്തായിരിക്കും ചെലവുകണക്ക്? വര്‍ഷം 1000  കോടിവീതം പാര്‍ട്ടി ചെലവിട്ടോ? എങ്കില്‍ എന്തിന്? ആര്‍ക്കുവേണ്ടി ആര് ചെലവിട്ടിരിക്കും? ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഏറെയുണ്ട്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ കാലത്ത് 'ലാഭ'ത്തിലായിരുന്ന പാര്‍ട്ടിയെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും നഷ്ടത്തിലാക്കിയോ?

20 വര്‍ഷം മുമ്പത്തെ 20,000 കോടിരൂപയുടെ ആസ്തി സംബന്ധിച്ച് ''പാവങ്ങളുടെ പാര്‍ട്ടി''യായ സിപിഎം ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തണം.  ആ പണത്തില്‍ എത്രശേഷിക്കുന്നു, എവിടെ സൂക്ഷിക്കുന്നുവെന്നെങ്കിലും. അതല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിയില്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍, നോട്ട് റദ്ദാക്കല്‍, തെരഞ്ഞെടുപ്പിലെ പണാധിപത്യം, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ ''വല്ലാതെയങ്ങ് വീമ്പിളക്കുന്ന'' ചില നേതാക്കള്‍ക്കും അണികള്‍ക്കും അത് ഷോക്ക് ആകാനാണ് സാധ്യത.

പിന്‍കുറിപ്പ്:

പാര്‍ട്ടിയുടെ സമ്പാദ്യം ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കുകയോ യുടിഐ പോലെ വിപണിയില്‍ ഇടപെടുന്ന ധനകാര്യ സംവിധാനത്തില്‍ നിക്ഷേപിക്കുകയോ വേണമെന്ന് ഇടയ്ക്കൊരുകാലത്ത് വലിയ ചര്‍ച്ചകള്‍ വന്നിരുന്നു. പിന്നീട് അതും കേള്‍ക്കാതായി. എന്തായാവോ?

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.