login
കേരളത്തിനൊരു രാഷ്ട്രീയ ബദല്‍

ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വെടക്കാക്കി തനിക്കാക്കലാണ് കമ്മ്യൂണിസ്റ്റു രീതി.   ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് രണ്ടായിട്ടല്ല പതിനാലിലധികം കഷണങ്ങളാക്കി രാജ്യത്തെ മുറിച്ചു മാറ്റണമെന്ന് ഇഎംഎസ് ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു നോക്കി. ജെഎന്‍യുവില്‍ തുടക്കം കുറിച്ച ബ്രേക്ക് ഇന്ത്യാ ഗ്യാങിനോടൊപ്പമാണ് ഇപ്പോള്‍ അവരുടെ നില്‍പ്പ്.  റിപ്പബഌക്ക് ദിനത്തില്‍ ലാല്‍കിലയില്‍ ദേശീയപതാക വലിച്ചെറിഞ്ഞതുള്‍പ്പടെയുള്ള സകലവിധ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷമാണ് പ്രധാന പ്രേരണാ സ്രോതസ്സ്. ഭാരതത്തെ നശിപ്പിച്ചാണെങ്കിലും ചൈനയുടെ സാമന്തന്മാരായിട്ടെങ്കിലും തങ്ങള്‍ക്കും ഭരണാധികാരം സ്വന്തമാക്കിയാല്‍ മതിയെന്നതാണ് ഇന്ത്യന്‍  കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തേയും ക്രൂരമോഹം.  അത്തരം ലക്ഷ്യം വെച്ചുള്ള പാര്‍ട്ടി പരിപാടിയുടെ ചുവടു പിടിച്ചാണ് പിണറായി വിജയനും കേരളത്തെ വെടക്കാക്കി തനിക്കാക്കാന്‍ പണിപ്പെടുന്നത്.  കട്ടും കള്ളക്കടത്തു നടത്തിയും കള്ളക്കടം വാങ്ങിയും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്ത് തരിപ്പണമാക്കി.  തൊഴില്‍രഹിത യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കി.    

അതിനടയിലാണ് ലോകമാകെ കോവിഡ്-19 പടര്‍ന്നുപിടിച്ചത്. രോഗം നിയന്ത്രിക്കുന്നതില്‍ പിണറായി കേമനാണെന്നും കേരള മാതൃക കെങ്കേമമാണെന്നും കൂലിക്കെടുത്ത മാധ്യമ ദല്ലാളന്മാരെകൊണ്ട് ഇന്നാട്ടിലും മറുനാട്ടിലും പാടിപ്രചരിപ്പിച്ചു.  അതിനിടെ പാവപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ മോദിസര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അരിയും ഗോതമ്പും കടലയുമൊക്കെ കിറ്റിലാക്കി, പിണറായി സര്‍ക്കാര്‍ വകയെന്ന ലേബലുമായി വോട്ടു ചെയ്യുന്നവന്റെ കയ്യില്‍ കൊടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലേക്കാള്‍ മുന്നോട്ടു പോകാനായില്ലെങ്കിലും വലിയ ഒരു പതനം ഒഴിവാക്കിയെടുത്തത് അങ്ങനെയാണ്.

'ചെറിയ പെരുന്നാള്‍ കഴിഞ്ഞ് വലിയ പെരുന്നാള്‍' പോലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ കോവിഡിനെ ഉപയോഗിച്ചുള്ള പുതിയ തെരഞ്ഞെടുപ്പ് രണതന്ത്രമാണോ പിണറായി പുറത്തെടുക്കുന്നതെന്ന് പൊതുജനം സംശയിക്കണം.  ഭാരതത്തിലാകെ പ്രതിദിനം കൊറോണ ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തുവരെ എത്തിയിടത്തു നിന്നാണ് ഫലപ്രദമായ ഇടപെടലുകളിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവന്നത്.  പക്ഷേ കേരളം കാണുന്നത്  പ്രതിദിനം രോഗികളാകുന്നവരുടെ  സംഖ്യ വര്‍ദ്ധിച്ച് ആറായിരത്തിനടുത്തെത്തി ഭാരതത്തിലെ മൊത്തം സംഖ്യയുടെ  പകുതിയോടടുക്കുന്നതാണ്. അപകടകരമായ ഈ സാഹചര്യം കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക സംശയമാണ് പിണറായിയുടെ ഉദ്ദേശശുദ്ധിയുടെ നേര്‍ക്ക് ചോദ്യശരങ്ങളായി ഉയരുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കൊറോണയുടെ വ്യാപനം കമ്മ്യൂണിസ്റ്റ് മുന്നണിക്ക് സഹായകരമാകുമെന്നതിന് ഇനി പറയുന്ന കൃത്യമായ സൂചനകള്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.  1)  സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പ്  പ്രചാരണത്തിലൂടെ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിയാല്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തിന് കേരളചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉറപ്പാണ്.  ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും  പോലീസിനെയും ഒരു മടിയും കൂടാതെ പാര്‍ട്ടി താത്പര്യത്തിന് ഉപയോഗിക്കാറുള്ള കമ്മ്യൂണിസ്റ്റ് ഭരണമുന്നണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ വിപുലപ്പെടുത്തുവാനും കര്‍ക്കശമാക്കി എതിര്‍പക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുമാകും. 2)  കോവിഡ് രോഗികള്‍ക്കു വേണ്ടിയുള്ള പോസ്റ്റല്‍ ബാലറ്റ്  വ്യാപകമായി ദുരുപയോഗം ചെയ്യാനാകും.  3)  കോവിഡ് വ്യാപനം ഇടതു സഖാക്കളെപോലെ രാഷ്ട്രീയം നിത്യജീവിതത്തിനുള്ള ഉപാധിയാക്കിയിട്ടില്ലാത്ത മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടും.  4) കോവിഡ് വ്യാപനം മൂലം നിത്യജീവിത ദുരിതങ്ങള്‍ കൂടുന്തോറും മുതലക്കണ്ണീര്‍ പൊഴിക്കാനും കഞ്ഞിക്ക് കിറ്റുകൊടുത്ത്  പാവപ്പെട്ട വോട്ടര്‍മാരെ വിലക്കുവാങ്ങുവാനും അവസരങ്ങള്‍ ഏറെ കിട്ടും.  

അങ്ങനെ വെടക്കാക്കി തനിക്കാക്കാന്‍ പിണറായി പണിതുടങ്ങിയപ്പോഴാണ് ചുണ്ടിനു കപ്പിനും ഇടയില്‍ നിന്ന് അധികാരം അടിച്ചുമാറ്റുവാന്‍  ഉമ്മന്‍ചാണ്ടി അരങ്ങത്ത് എത്തിയിരിക്കുന്നത്.  ക്രിക്കറ്റിലെ 'നൈറ്റ് വാച്ച് മാനെപോലെ', തരം പോലെ നിന്ന് തലപ്പത്തത്തുവാന്‍  കണ്ണില്‍ എണ്ണ ഒഴിച്ച്  കാത്തുനിന്ന  രമേശ്  ചെന്നിത്തലയ്ക്ക്  മൂലയ്‌ക്കൊതുങ്ങേണ്ടി വന്നു എന്നത് മറ്റൊരു ദുരന്തനാടകം.  

 'കറുത്തമ്മയെ നഷ്ടപ്പെട്ട് കടാപ്പുറത്ത് പാടിപ്പാടി നടക്കുന്ന കൊച്ചു മുതലാളിയെ' പോലെ കേരളത്തിന്റെ തെക്കുവടക്ക് ഐശ്വര്യ യാത്രയൊക്കെ നടത്തി  ഉമ്മന്‍ ചാണ്ടിയുടെ വഴി തെളിക്കുവാന്‍ രമേശ് നിയോഗിക്കപ്പെടുമ്പോള്‍ ശതാബ്ദിയോടടുക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ സകല നെറികെട്ട തന്ത്രങ്ങളും, പുറത്തെടുത്തിരിക്കുകയാണ് സോണിയാ കോണ്‍സ്സ്.   കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതുടെ ആയുധപ്പുരയില്‍ നിന്നും മൂര്‍ച്ച പോകാത്തതും മുനയൊടിഞ്ഞതും തുരുമ്പെടുത്തതും വെടിമരുന്നുശാലകളിലെ നനഞ്ഞ പടക്കങ്ങളും എല്ലാം പുറത്തെടുത്തിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ തന്നെ മന്നത്തു പദ്മനാഭനെയും ആര്‍. ശങ്കറെയും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിലേക്ക് പുതിയതായി മാര്‍ഗം കൂടിയവര്‍ ശ്രമിച്ചതും ശബരിമല കത്തിച്ചതുമിവിടെ ഓര്‍ക്കണം.  അതേ കൂട്ടര്‍ കമ്യൂണിസ്റ്റ് കിരാത ഭരണത്തിനെതിരെ  വിമോചന സമരത്തിനു മുന്നില്‍ മന്നത്തു പദ്മനാഭനെ നിര്‍ത്തിയതും   അതിനു ശേഷം ആദ്യം മുഖ്യമന്ത്രിയായ  പട്ടം താണു പിള്ളയെ കെട്ടുകെട്ടിച്ചതും പിന്നീട് വന്ന ആര്‍.ശങ്കറിനെതിരെ പി.ടി. ചാക്കോയ്ക്കു വേണ്ടി പടപ്പുറപ്പാട് നടത്തിയതുമൊക്കെ കൃത്യമായ സ്ഥാപിത താത്പര്യം മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയമായിരുന്നു.  അതിനിടെ, 'പിള്ളേരൊന്നു വളര്‍ന്നോട്ടെ പതിനെട്ടോന്നു കഴിഞ്ഞോട്ടെ ഇഎംഎസ്സിനെ ഈയം പൂശി ഈയലു പോലെ പറപ്പിക്കും' എന്നൊരു മുദ്രാവാക്യവുമുയര്‍ത്തി.  അന്നവര്‍ ആ മുദ്രാവാക്യം മുഴക്കുകമാത്രമായിരുന്നില്ല. കോട്ടയത്തുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ അഖില കേരള ബാലജനസഖ്യം  പതിനെട്ടുവയസ്സുവരെ നേതൃപരിശീലനം നല്‍കി ഉമ്മന്‍ ചാണ്ടിയെ കെഎസ്‌യുവിലെത്തിച്ചു; യൂത്ത് കോണ്‍ഗ്രസ്സിലെത്തിച്ചു;  1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് എംഎല്‍എയാക്കി. ആ കളരിയില്‍ കൂടി വി.എം. സുധീരനും എം.എം. ഹസ്സനും തിരുവഞ്ചൂരും ചെന്നിത്തലയും മറ്റും കടന്നു വന്നു  പക്ഷേ അമ്പതുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി കമ്യൂണിസ്റ്റുകളോടു പൊരുതിയും കരുണാകരന്റെ കാലു വാരിയും അവസരങ്ങള്‍ കൈവന്നപ്പോളൊക്കെ  ഒന്നുകില്‍ ആന്റണി അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി. സുധീരനും ഹസ്സനും തിരുവഞ്ചൂരുമൊക്കെ രണ്ടാം സ്ഥാനം പോലും നല്‍കാതെ ചവിട്ടി ഒതുക്കപ്പെട്ടു.  വഴിമാറി വഴിനോക്കി കരുണാകര ഗ്രൂപ്പിലെത്തിയ രമേശ്, ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ചു വളര്‍ന്നതാണ്.  ഇപ്പോള്‍ രമേശും കളത്തിനു പുറത്തായിരിക്കുന്നു.  

കാലാകാലങ്ങളില്‍ ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നു  എം.ഒ. മത്തായിയും, ഡോ പി സി അലക്‌സാണ്ടറും വിന്‍സന്റ് ജോര്‍ജ്ജും.  സോണിയയുടെ വരവോടെ  അവരും ഇടപെട്ടു  സാദ്ധ്യമാക്കിയിരുന്ന വര്‍ഗീയതയുടെ രാഷ്ട്രീയം  കേരളം തിരിച്ചറിയണം.  1959 ല്‍ ഇഎംഎസ്സിനെ ഇറക്കാന്‍ മന്നത്തു പദ്മനാഭന്‍, 1969ല്‍ ഇഎംഎസിനെ ഇറക്കാന്‍ കെ കരുണാകരന്‍, 2020ല്‍ പിണറായിക്കെതിരെ പോരിനിറങ്ങാന്‍  രമേശ് ചെന്നിത്തല!  പക്ഷേ മുഖ്യമന്ത്രി കസേര കിട്ടിയാല്‍ അവിടെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ മതി. പട്ടവും ശങ്കറും കരുണാകരനും ഇരുന്നപ്പോളൊക്കെ കാലു വാരി.   വയലാര്‍ രവിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും തിരുവഞ്ചൂരിന്റെയും സുധീരന്റെയും ഹസ്സന്റെയും  രമേശിന്റെയും  വളര്‍ച്ച തടഞ്ഞു. അവിടെയൊരു മാറ്റം വേണ്ടേ?  മാറ്റം ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ തീവ്രവാദപക്ഷത്തിന്റെ കേരളത്തിലെ തലതൊട്ടപ്പനായ പിണറായിയുടെ തുടര്‍ച്ചക്ക് വഴിവെക്കുന്നതാണെങ്കില്‍ ആത്മഹത്യാപരമാകും.   എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്കാരും ചാടുകയില്ലല്ലോ?  ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കെ വി രാജശേഖരന്‍

 

  comment
  • Tags:

  LATEST NEWS


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.