×
login
'എഴുതുവാന്‍ ഇനിയുമേറെ...'ആറുപതിറ്റാണ്ടായി മലയാള കാവ്യശാഖക്ക് തിളക്കം നല്‍കുകയായിരുന്നു പി.നാരായണക്കുറുപ്പ്

ഇത്തവണ റിപ്പബ്ലിക്ദിനത്തലേന്ന് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി കാത്തിരുന്നവര്‍ അധികമുണ്ടാകില്ല. പണം കൊടുത്തുവാമപട്ടികയില്‍ നിന്ന് പദ്മപുരസ്‌കാരങ്ങളെയും മോചിപ്പിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണ്. കയ്യില്‍ പണമുള്ള വരേണ്യവര്‍ഗ്ഗത്തിനുമാത്രം ലഭിച്ചിരുന്ന പദ്മപുരസ്‌കാരങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കു മാത്രം വന്നപ്പോള്‍ അത് പി.നാരായണകുറിപ്പിനും ലഭിച്ചു.

എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ കവി പി.നാരായണകുറുപ്പിന് ലഭിച്ച പദ്മശ്രീ വൈകിക്കിട്ടിയ അംഗീകാരമാണെങ്കിലും രാഷ്ട്രത്തിന്റെ ആദരവ്, നിറഞ്ഞ ആഹ്ലാദത്തോടെയാണദ്ദേഹം സ്വീകരിക്കുന്നത്. ഇത്രയൊക്കെ ആദരിക്കാന്‍ അത്രയ്‌ക്കൊക്കെ  താന്‍ എഴുതിയിട്ടുണ്ടോ എന്ന് വിനയാന്വിതനാകുന്നു. ആറുപതിറ്റാണ്ടായി ഇങ്ങനെയൊരാള്‍ ഇവിടെ കവിതയിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നതും ഭാഷയെയും സാഹിത്യത്തെയും സംപുഷ്ടമാക്കുന്നതും കാണാനുള്ള കണ്ണ് ഇപ്പോഴാണ് തുറന്നതെന്നുമാത്രം. കവിപ്രകൃതം ലാളിത്യത്തിന്റെതായതും പുരസ്‌കാരങ്ങള്‍ക്കു പിറകേ പരിശ്രമങ്ങളുമായി നടക്കാത്തതും വൈകാന്‍ ഇടയാക്കിയിട്ടുണ്ടാകാം. അര്‍ഹതപ്പെട്ടത് എന്നായാലും തേടിവരുമെന്ന വിശ്വാസത്തില്‍ അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു.  

ഇത്തവണ റിപ്പബ്ലിക്ദിനത്തലേന്ന് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി കാത്തിരുന്നവര്‍ അധികമുണ്ടാകില്ല. പണം കൊടുത്തുവാങ്ങാവുന്ന പുരസ്‌കാരങ്ങളുടെ പട്ടികയില്‍ നിന്ന് പദ്മപുരസ്‌കാരങ്ങളെയും മോചിപ്പിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണ്. കയ്യില്‍ പണമുള്ള വരേണ്യവര്‍ഗ്ഗത്തിനുമാത്രം ലഭിച്ചിരുന്ന പദ്മപുരസ്‌കാരങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കു മാത്രം വന്നപ്പോള്‍ അത് പി.നാരായണകുറിപ്പിനും ലഭിച്ചു. ലാഡവൈദ്യന്മാര്‍ക്കും മന്ത്രവാദികള്‍ക്കും നല്‍കി പദ്മപുരസ്‌കാരങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കി എന്നൊരു മാധ്യമ പ്രവര്‍ത്തകന്റെ ആത്മരോഷം സമൂഹ മാധ്യമത്തില്‍ കണ്ടു. ഇത്തരം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കീശവീര്‍പ്പിച്ചുകൊണ്ടിരുന്നവരുടെ രോദനമാണത്. മോദി സര്‍ക്കാരിനോടുള്ള രോഷം എങ്ങനെ അവര്‍ക്ക് അണപൊട്ടിയൊഴുകാതിരിക്കും.

ആറുപതിറ്റാണ്ടായി മലയാള കാവ്യശാഖക്ക് തിളക്കം നല്‍കുകയായിരുന്നു പി.നാരായണക്കുറുപ്പ്. കവിതകളില്‍ നര്‍മ്മം അലിയിച്ച് ചേര്‍ത്ത് തിന്മകള്‍ക്കെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ട കവി. ആദ്യമൊക്കെ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പിന്നീട് കമ്യൂണിസത്തിന്റെ കടുത്ത വിമര്‍ശകനായി. അടിയന്തരാവസ്ഥയുള്‍പ്പടെയുള്ള രാഷ്ട്രീയ, സാമൂഹ്യ തിന്മകളെ നാരായണക്കുറുപ്പ് നേരിട്ടത് കവിതയിലൂടെയാണ്. അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് എഴുതിയ 'തൊഴുത്ത്' എന്ന കവിത ഏറെ കോളിളക്കം സൃഷ്ടിച്ചു. 'ജനുവരിയിലെ ശൈത്യം' എന്നൊരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ഗാന്ധിജിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കവിത. പിന്നീടാണ് 'തൊഴുത്ത്' എഴുതിയത്. പശുവിനെ കെട്ടിയിരിക്കുന്ന തൊഴുത്തില്‍, വൈക്കോല്‍ ഇടുന്ന ഭാഗത്ത് വലിയ വിഷമുള്ളൊരു പാമ്പ്. പശുവിന് വൈക്കോല്‍ തിന്നാന്‍ പറ്റുന്നില്ല. അതായിരുന്നു കവിതയുടെ വിഷയം.  

'പേടിയ്ക്കറുതി വരുത്താനിരുളില്‍

തേടീ വടി ഞാന്‍ ചുറ്റും  

പശുവര്‍ഗത്തിനു ശാന്തിലഭിക്കാന്‍

ഭരണം പാമ്പുകളേറ്റാല്‍

വടിയേതിരുളിലുമെന്നുടെ കയ്യില്‍


തടയാതെവിടെപ്പോകാന്‍...'

ഭാരതത്തെ വലിയ തൊഴുത്താക്കി മാറ്റിയ ഇന്ദിരയുടെ വിഷം നിറഞ്ഞ ഭരണത്തെ വിമര്‍ശിക്കുകയായിരുന്നു കവിതയില്‍. അന്ന് സെന്‍സറിംഗ് ഉള്ള കാലം. സെന്‍സര്‍മാരുടെ കണ്ണില്‍പ്പെട്ടെങ്കിലും പരിചയമുള്ളവര്‍ ഉണ്ടായിരുന്നതിനാല്‍ കുഴപ്പമുണ്ടായില്ല. അടിയന്തരാവസ്ഥക്കാലത്താണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ പരമേശ്വര്‍ജിയുമായി കൂടുതല്‍ അടുത്തത്. ആദ്യഘട്ടത്തില്‍ ആര്‍എസ്എസിനെ കുറിച്ചുണ്ടായിരുന്ന സംശയങ്ങള്‍ അദ്ദേഹം മാറ്റിയെടുത്തു. കമ്യൂണിസത്തിനൊപ്പം നടന്ന നാരായണക്കുറുപ്പ് പിന്നീട് കടുത്ത കമ്യൂണിസ്റ്റ് വിമര്‍ശകനായത് പി.പരമേശ്വരനുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ്. ദല്‍ഹി ജീവിതകാലത്തായിരുന്നു അത്. പരമേശ്വര്‍ജി അന്ന് ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി ദല്‍ഹിയിലുണ്ടായിരുന്നു. ദല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലും പബ്ലിക്കേഷന്‍ ഡിവിഷനിലുമൊക്കെ ഉദ്യോഗസ്ഥനായി നാരായണക്കുറുപ്പും. പരമേശ്വര്‍ജിയുമായുള്ള അടുപ്പം നാരായണക്കുറുപ്പിന് ആര്‍എസ്എസ് പ്രസ്ഥാനങ്ങളുമായും അടുക്കാന്‍ വഴിയൊരുക്കി.  

ചൈനയിലെ തിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവമാണ് കുറുപ്പിന്റെ  നിലപാടുകളെയാകെ മാറ്റി മറിച്ചത്. തിയാനന്‍മെന്‍ സ്‌ക്വയറില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ചോര വീണപ്പോള്‍ കമ്യൂണിസത്തിന്റെ കാപട്യം എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെട്ടു. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും തിയാനന്‍മെന്‍ സ്‌ക്വയറിലെ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയായിരുന്നു. പിന്നീട് ആശ്രയിക്കാവുന്നത് ആര്‍എസ്എസ്സിനെ മാത്രമായി, അങ്ങനെ നാരായണക്കുറുപ്പും കടുത്ത ആര്‍എസ്എസ്സായി. ആര്‍എസ്എസ്സായാല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കില്ലെന്നും പുസ്തകങ്ങളൊന്നും പാഠപുസ്തകമാക്കില്ലെന്നും പലരും ഉപദേശിച്ചെങ്കിലും പിന്മാറിയില്ല. പുരസ്‌കാരങ്ങളല്ല ഒരു കവിയെ വളര്‍ത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കമ്യൂണിസ്റ്റായി നിന്നിരുന്നെങ്കില്‍ പുരസ്‌കാരത്തിനുവേണ്ടി ഉപജാപങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുമായിരുന്നു.  

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ കവിത ആസ്വാദിക്കുന്നത് ശീലമാക്കിയ അദ്ദേഹം 29-ാം വയസ്സിലാണ് ആദ്യ കവിത എഴുതുന്നത്. ആക്ഷേപ ഹാസ്യം തന്നെയായിരുന്നു ആദ്യ കവിതയും. മിസ്. പൂതന എന്നു പേരിട്ട കവിത പ്രസിദ്ധീകരിച്ചത് ജയകേരളം മാസികയില്‍.  1962ല്‍ എന്‍.വി.കൃഷ്ണവാര്യര്‍ മാതൃഭൂമിയിലുള്ള സമയത്ത് കുറേ കവിതകള്‍ അവിടേക്കയച്ചു. സത്യാന്വേഷി എന്ന കവിത എന്‍വി പ്രസിദ്ധീകരിച്ചു. മാതൃഭൂമിയില്‍ കവിത വന്നതോടെ നാരായണക്കുറുപ്പ് കവി എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങി. 1969ല്‍ 'അസ്ത്രമാല്യം' എന്ന ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പലരില്‍ നിന്നും ഗുരുതുല്യമായ സ്നേഹവും അനുഗ്രഹവും ഉണ്ടായി, എന്‍.വി.കൃഷ്ണവാര്യര്‍, പ്രൊഫ.ഗുപ്തന്‍നായര്‍, ജി.ശങ്കരക്കുറുപ്പ്...അങ്ങനെ പോകുന്നു നാരായണക്കുറുപ്പിനെ കവിയാക്കി വളര്‍ത്തിയെടുത്തവരുടെ പട്ടിക.

ജീവിതത്തിന്റെ കൂടുതല്‍ക്കാലവും ദല്‍ഹിയിലും തിരുവനന്തപുരത്തുമായി ജീവിച്ച നാരായണക്കുറുപ്പ് പൂര്‍ണ്ണമായും ഓണാട്ടുകരയുടെ കവിയായിയിരുന്നു. ഓണാട്ടുകരയുടെ ഹൃദയമായ ഹരിപ്പാട്ടാണ് അദ്ദേഹത്തിന്റെ ജനനം. തിരുവിതാംകൂറിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ തറവാടാണ് ഓണാട്ടുകര. അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിലെ സമ്പന്നതയും സ്നേഹത്തിന്റെ ആഴവും നാരായണക്കുറുപ്പിലും പ്രകടമാണ്. നഗര ജീവിയാണെങ്കിലും ഓണാട്ടുകരയുടെ പൈതൃകം അദ്ദേഹം കൈവിടുന്നില്ല.  

വിദ്യാഭ്യാസത്തിനു ശേഷം ഓച്ചിറയ്ക്കടുത്ത് പ്രയാറ്റ് സ്‌കൂളിലും പിന്നീട് ചവറ സ്‌കൂളിലും അദ്ധ്യാപകനായി. രസതന്ത്രമായിരുന്നു വിഷയം. ഒരു കൊല്ലത്തോളമായിരുന്നു അത്. ശേഷം സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ ജോലികിട്ടി ദല്‍ഹിക്കു പോയി. 1956ലായിരുന്നു അത്. പല മേഖലകളിലായി 22 വര്‍ഷങ്ങള്‍ ദല്‍ഹിയില്‍ ജോലി ചെയ്തു. ഇതിനിടെ പത്തു കൊല്ലം കേരളത്തിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു. അഞ്ചു കൊല്ലം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലും അഞ്ച് കൊല്ലം തിരുവനന്തപുരത്ത് ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടിലും. കേരളത്തിലെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് തിരികെ ദല്‍ഹിലെത്തിയത് പബ്ലിക്കേഷന്‍ ഡിവിഷനിലാണ്. അവിടെ എഡിറ്ററായിട്ടാണ് വിരമിച്ചത്.

കവിതയില്‍ കുഞ്ചന്‍ നമ്പ്യാരെയാണ് നാരായണക്കുറുപ്പ് കൂടുതല്‍ ഇഷ്ടപ്പെട്ടതും പിന്തുടര്‍ന്നതും. സഞ്ജയന്‍, ഇടശ്ശേരി, എന്‍വി, വൈലോപ്പിള്ളി തുടങ്ങിയവരും അദ്ദേഹത്തിന്റെ ഇഷ്ടകവികളായിരുന്നു. ചങ്ങമ്പുഴ പ്രസ്ഥാനവും ചുവപ്പു ദശകവും നാരായണക്കുറുപ്പിലെ  കവിയെ സ്വാധീനിച്ചതേയില്ല. ഇടതുപക്ഷാഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും കവിതയില്‍ അതു കടന്നു വന്നില്ല. മുനവച്ചുള്ള വിമര്‍ശനമായിരുന്നു നാരായണക്കുറുപ്പിന്റെ ശൈലി. കവിതയിലൂടെയും നിരൂപണത്തിലൂടെയും പലരും അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. തിന്മകള്‍ക്കും അഴിമതിക്കുമെതിരെ കവി, വാക്ക് ആയുധമാക്കുമ്പോഴും കുട്ടികളെ രസിപ്പിക്കുന്നതിന് നിരവധി കവിതകളെഴുതി. ജി, വൈലോപ്പിള്ളി, ഒളപ്പമണ്ണ, പി.കുഞ്ഞിരാമന്‍നായര്‍, ഇടശ്ശേരി എന്നീ കവികളുടെ ജീവിതവും കവിതയും ഇണക്കി ചേര്‍ത്ത് അദ്ദേഹം തയ്യാറാക്കിയ 'കവിയും കവിതയും' എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്. ഈ ഗ്രന്ഥത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.  

സാഹിത്യ ലോകത്ത് മിന്നിത്തിളങ്ങുമ്പോഴും സാമൂഹ്യ രംഗത്ത് ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന് നാരായണക്കുറുപ്പിന് കഴിഞ്ഞു. കഥകളിയിലും നൃത്തശാഖകളിലും അവഗാഹമുള്ള അദ്ദേഹം കേരള കലാമണ്ഡലത്തിന്റെ ഭരണ സമിതിയംഗവുമായിരുന്നു. സംസ്‌കാര്‍ ഭാരതി ഉപാദ്ധ്യക്ഷന്‍, തപസ്യ അധ്യക്ഷന്‍, തപസ്യ രക്ഷാധികാരി, സോപാനം നാടകക്കളരിയുടെ അധ്യക്ഷന്‍, മാര്‍ഗ്ഗി സമിതി അംഗം.....സാമൂഹ്യ ജീവിതത്തില്‍ നാരായണക്കുറുപ്പിന്റെ കയ്യൊപ്പു പതിഞ്ഞ ഇടങ്ങള്‍ നിരവധി.  

അഴിമതിക്കും അനീതിക്കുമെതിരെ മഹിഷാസുര മര്‍ദ്ദനത്തിന്റെ ഗാനം രചിക്കാന്‍ തൂലിക തുറന്നു വച്ചിരിക്കുകയാണിപ്പോഴും കവി. ഇനിയുമേറെ എഴുതാനുണ്ടെന്നാണ് ഈ വലിയ പുരസ്‌കാരം തന്നെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.