login
കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളെയും നേരിടാം

കോവിഡിന്റെ രണ്ടാംവരവ് നമ്മുടെ ആരോഗ്യ മേഖലയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കേറോണ വൈറസിന്റെ സാന്നിധ്യവും രോഗ ബാധിതരെയും വാക്‌സിന്‍ എടുത്തവരെയും രോഗം വീണ്ടും പിടികൂടുന്നത് പരക്കെ ആശങ്കപ്പെടുത്തുന്നു. ആരോഗ്യരംഗത്തെ അനുഭവങ്ങളും വാക്‌സിന്റെ ലഭ്യതയും രോഗ നിയന്ത്രണത്തിലും രോഗം മാരകമാകാതിരിക്കാനും ഏറെ സഹായകമായി. കോവിഡിനെ നേരിടുന്ന തിരക്കില്‍ പകര്‍ച്ച വ്യാധികളെ അവഗണിച്ചുകൂടാ. പരിസരശുചിത്വം,ഭക്ഷണ ശുചിത്വം എന്നിവയില്‍ ശ്രദ്ധിച്ചും കൃത്യമായ ചികത്സ തേടിയും കോവഡിനൊപ്പം കോവിഡിതര പകര്‍ച്ചവ്യാധികളെയും നേരിടാം.

 • കോവിഡിനൊപ്പം മഴക്കാലരോഗങ്ങളെയും നേരിടണം

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി മഴക്കാലം നമുക്ക് പനിക്കാലമാണ്. നാടുമുഴുവന്‍ ഒരു മഹാമാരിക്കെതിരെ പോരാട്ടം നടത്തുമ്പോഴാണ് കാലവര്‍ഷമെത്തുന്നത്. ഇതിനിടയില്‍ സ്വാഭാവികമായും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകാന്‍ ഇടയുണ്ട്. ഈ അവസരം മുതലെടുത്തുകൊണ്ട് മഴക്കാല പകര്‍ച്ചവ്യാധികളുടെ കൂട്ട ആക്രമണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കണം.  

കോവിഡ് 19 ഗുരുതരമായ നിലയില്‍ പടര്‍ന്ന രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങൡല്‍നിന്നും മലയാളികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള മൂന്നാം വ്യാപനത്തെകുറിച്ച് നാം തികഞ്ഞ ജാഗ്രതയിലാണ്.  

മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രികളും തിരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളും പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ കോവിഡ് ആശുപത്രികളാക്കി മാറ്റിയിരിക്കുന്നു. ഈ മുന്നൊരുക്കങ്ങളെല്ലാം നടത്താന്‍ കഴിഞ്ഞത് ലോക്ഡൗണ്‍ കാലത്ത് ലഭിച്ച അധികസമയംകൊണ്ടാണ്.  

എന്നാല്‍ മഴക്കാലത്ത് പനിരോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞാല്‍ ഈ കരുതല്‍ സംവിധാനങ്ങളൊക്കെ സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിരോധത്തിനോടൊപ്പം മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുയും ചെയ്യേണ്ട ഇരട്ട ഉത്തരവാദിത്തമാണ് ഇപ്പോഴുള്ളത്

 • കോവിഡ്കാലത്തെ പനി

കോവിഡ് പടരുന്നകാലത്ത്  മറ്റുപനികള്‍ ഉണ്ടായാല്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും ക്വാറന്റൈന്‍ നടപടികളിലുമൊക്കെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. വൈറല്‍പനിപോലും കോവിഡാണെന്ന് തെറ്റിദ്ധരിക്കാം. ഇത് ആശുപത്രിയിലെ തിക്കുംതിരക്കും കൂട്ടാനിടയുണ്ട്. രോഗനിര്‍ണ്ണയത്തില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ ടെസ്റ്റ് നടത്തേണ്ട സാഹചര്യമുണ്ടാക്കാം. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരിലും വയോജനങ്ങളിലും ഏതുപനിയും ഗുരുതരമാകാന്‍ ഇടയുണ്ട്. ഇവര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടിവരും. കൂടുതല്‍ പനിരോഗികള്‍ ചികിത്സതേടി ആശുപത്രിയിലെത്തുന്നത് കോവിഡ് രോഗികളുടെ ചികിത്സാ സൗകര്യങ്ങള്‍ പരിമിതമാക്കും. കൂടാതെ മഴക്കാല രോഗികള്‍ക്കായി റിലീഫ് ക്യാമ്പുകളും മറ്റും തുറക്കേണ്ടിവന്നാല്‍ സാമൂഹിക അകലംപാലിക്കലും ശുചിത്വം ഉറപ്പാക്കലും ശ്രമകരമായിരിക്കും.  

കോവിഡ് പടരുന്ന കാലത്ത് മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തില്‍ നാം കൂടുതല്‍ പ്രാധാന്യം നല്‍കണം. കോവിഡ് പ്രതിരോധത്തില്‍ അണുവിട വീഴ്ചയുണ്ടാകരുത്. വാര്‍ഡുതല സാനിറ്റേഷന്‍ സമിതികളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.

 • ഡെങ്കിപ്പനി വീണ്ടും വന്നാല്‍

സാധാരണയായി ഒരു വൈറസ്ബാധ ഉണ്ടായാല്‍ നമുക്ക് രോഗത്തിന് എതിരായി പ്രതിരോധം( ഇമ്മ്യൂണിറ്റി) ആണ് ലഭിക്കുന്നത്. വൈറസ് ബാധ തുടര്‍ന്നാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന സംരക്ഷണ ആന്റിബോഡികളാണ് ഇതിന് കാരണം. എന്നാല്‍ ഒരിക്കല്‍ ഡെങ്കിപ്പനി വന്ന വ്യക്തിക്ക് വീണ്ടും ഡെങ്കിപ്പനി ഉണ്ടായാല്‍ രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ ഇടയുണ്ട്. മാരകമായ ആന്തരിക രക്തസ്രാവം(ഡെങ്കി ഹെമറാജിക് ഫീവര്‍) ഉണ്ടാകാന്‍ ഇടയുണ്ട്. രക്തമര്‍ദ്ദം അപകടകരമായവിധം താഴുന്ന അവസ്ഥ(ഷോക്ക്)യും പുനര്‍വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകും. വ്യത്യസ്ത ജനിതകഘടനയുള്ള നാലുതരം ഡെങ്കിവൈറസുകള്‍(ഡെങ്കിവൈറസ് 1,2,3,4)ഉണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും മറ്റൊരു ജനിതകഘടനയുള്ള ഡെങ്കിവൈറസ് ബാധ ഉണ്ടായാല്‍ ഗുരുതരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം. ഡെങ്കിവൈറസ് 1 രോഗാണുബാധ ഉണ്ടാവുന്നതിനെ തുടര്‍ന്ന് ഡെങ്കിവൈറസ് 2 ബാധ ഉണ്ടായാല്‍ ശരീര പ്രതിരോധ വ്യവസ്ഥയുടെ അമിത പ്രതികരണത്തെ തുടര്‍ന്ന് ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നു. വീണ്ടും  ഡെങ്കിപ്പനി വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം.  

ഒരിക്കല്‍ ഡെങ്കിപ്പനി വ്യാപകമായ ഇടങ്ങളില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഡെങ്കി തീവ്രമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ട്. 2017ല്‍ കേരളത്തില്‍ ശക്തമായ ഡെങ്കിവ്യാപനം ഉണ്ടായിരുന്നു. 21993 പേര്‍ രോഗബാധിതരായി 169 പേര്‍ മരിച്ചു. 4 വര്‍ഷം ഡെങ്കിപ്പനി വ്യാപനം  നിയന്ത്രിക്കാനായി ആരോഗ്യവകുപ്പ് എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഡെങ്കി കോര്‍ണര്‍ ആരംഭിക്കുന്നുണ്ട്.

 • മഴക്കാലരോഗങ്ങള്‍ രണ്ടുതരം

മഴക്കാലത്ത് ഛര്‍ദ്ദി-അതിസാരരോഗങ്ങള്‍, ടൈഫോയിഡ്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പ്രധാനമായും കണ്ടുവരുന്ന ജലജന്യരോഗങ്ങള്‍.  വെള്ളക്കെട്ടുകളിലും ചെറുജലശേഖരങ്ങളിലും കൊതുക് മുട്ടയിട്ട് പെരുകി ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം പോലുള്ള വൈറസ് രോഗങ്ങളും പടര്‍ന്ന് പിടിക്കാറുണ്ട്. ഇവകൂടാതെ സാധാരണ വൈറല്‍ പനി, എച്ച്1 എന്‍1 ഇന്‍ഫഌവന്‍സ പനി(പന്നിപ്പനി), എച്ച്1 എന്‍2 പനി(പക്ഷിപ്പനി)തുടങ്ങിയവും പടരാറുണ്ട്.  

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി സംസ്ഥാനത്ത് ടൈഫോയിഡ് ഒഴികെ മറ്റുമഴക്കാല രോഗങ്ങളുടെയൊന്നും വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. 2015ല്‍ 1772 ടൈഫോയിഡ് രോഗികള്‍ ഉള്ളപ്പോള്‍ 2019ല്‍ 27 രോഗികളായി കുറഞ്ഞു. എന്നാല്‍ അഞ്ചുവര്‍ഷക്കാലമായി വയറിളക്കം ബാധിച്ച രോഗികളുടെ എണ്ണം പ്രതിവര്‍ഷം അരലക്ഷത്തിന് മുകളിലാണ്.  2019ല്‍ 4114 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാലുവര്‍ഷത്തിനുശേഷം 2019ല്‍ 4631 പേര്‍ക്കാണ് പനിബാധിച്ചത്. എലിപ്പനി 2015ല്‍ 1098പേരെ ബാധിച്ചപ്പോള്‍ 2019ല്‍ 1211പേര്‍ രോഗബാധിതരായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് പനിബാധിതര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടിവരാറുണ്ട്. കാര്യമായ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയാണ് പനിക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 • പനി മരണങ്ങള്‍ ഒഴിവാക്കാം

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2019ല്‍മാത്രം 181പേര്‍ പലതരത്തിലുള്ള പനിമൂലം മരണമടഞ്ഞു. മരണകാരിയാകാറുള്ള പനികളില്‍ എലിപ്പനിതന്നെയാണ് മുന്നില്‍. 2018ല്‍ 99പേരും 2019ല്‍ 97പേരും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. തൊട്ടുപിന്നില്‍തന്നെ എച്ച്1 എന്‍1 പനിയും ഡെങ്കിയുമുണ്ട്. 2019ല്‍ എച്ച്1 എന്‍1 ബാധിച്ച് 44പേരും ഡെങ്കിപ്പനിബാധിച്ച് 14പേരും മരിച്ചിരുന്നു.  

ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പനി മാരകമാകുന്നതും മരണകാരണമാകുന്നതും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം, സിഒപിസി തുടങ്ങിയ ദീര്‍ഘകാലരോഗങ്ങളെ തുടര്‍ന്ന് തകരാറിലായ ആന്തരികാവയവങ്ങള്‍ പനിബാധയെ തുടര്‍ന്ന് പൂര്‍ണ്ണമായും സ്തംഭിക്കുന്നതാണ് മരണത്തിന് ഇടയാക്കുന്നത്. ഫലപ്രദമായ മരുന്നും പ്രതിരോധ ഒൗഷധങ്ങളുടെയും കുറവുമാണ് പലപ്പോഴും മരണകാരണമാകുന്നത്. രോഗാരംഭത്തില്‍തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കരള്‍, ശ്വാസകോശം(വീല്‍സ് സിന്‍ഡ്രോം) എന്നിവയാണ് എലിപ്പനി മൂലമുള്ള മരണത്തിന് കാരണം.  എലിപ്പനി ചികിത്സയ്ക്ക് പെനിസിലിന്‍ ആന്റിബയോട്ടിക്കും പ്രതിരോധത്തിന് ഡോക്‌സിസൈക്ലിന്‍ മരുന്നും ഏറെ ഫലപ്രദമാണ്. സാധാരണ വൈറല്‍പ്പനി ആണെന്ന് തെറ്റിദ്ധരിച്ച് സ്വയം ചികിത്സിക്കുന്നതാണ് എലിപ്പനി ഗുരുതരമാകാന്‍ കാരണം. ഒസല്‍ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്ന് എച്ച്1 എന്‍1 പനിയുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ഒരുപോലെ ഫലപ്രദമാണ്.  

 • പനി വന്നാല്‍ എന്തുചെയ്യണം ?

മഴക്കാല പകര്‍ച്ചവ്യാധികളില്‍ ഏറിയപങ്കും നിരുപദ്രവകാരികളാണ്. നാമേറെ ഭയപ്പെടുന്ന എലിപ്പനി പോലും 90ശതമാനത്തിലേറെ ആളുകളിലും സാധാരണപനിപോലെ വന്ന് പോകാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പനി മാരകമാകുന്നത്. പനിബാധിച്ചവര്‍ കുടുംബഡോക്ടറുടെ അടുത്തോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ അടുത്തുള്ള ക്ലിനിക്കിലോ ഉടനെ എത്തി പ്രാഥമിക ചികിത്സ തേടണം.ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രം തൃതീയ ചികിത്സാ കേന്ദ്രങ്ങളിലെത്തിയാല്‍ മതി. സ്വയംചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കണം.  ഇങ്ങനെ കഴിക്കുന്ന മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും.

 

മഴക്കാലം പനിക്കാലമാകാതിരിക്കാന്‍

 1. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക, വീടിന്റെയും ഓഫീസിന്റെയും ഉള്ളിലും പരിസരത്തും ജലം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക.
 2. ജനാലകള്‍, ഡോര്‍ എന്നിവിടങ്ങളില്‍ നെറ്റ് പിടിപ്പിക്കുക.
 3. പുറത്തിറങ്ങുമ്പോഴും പുറംപണികള്‍ ചെയ്യുമ്പോഴും ശരീരം മുഴുവന്‍ പൊതിയുന്ന വസ്ത്രങ്ങള്‍ ധരിക്കുക.  
 4. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. ഭക്ഷണ ശുചിത്വം പാലിക്കുക.  
 5. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പിട്ട് കൈകള്‍ കഴുകുക.  
 6. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല.
 7. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങരുത്.  
 8. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കുക.  
 9. കര്‍ഷകത്തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ വെള്ളക്കെട്ടില്‍ പണിയെടുക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ എലിപ്പനി പ്രതിരോധമരുന്ന്( ഡോക്‌സിസൈക്ലിന്‍) കഴിക്കണം.  
 10. ഒരു പനിയും നിസ്സാരമായി കാണരുത്. സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം നേടുക.

 

ഡോ.ബി. പത്മകുമാര്‍

(പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം മെഡിക്കല്‍ കോളേജ്, ആലപ്പുഴ)

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.