×
login
ദേവസഹായം പിള്ള‍യെ വാഴ്ത്തുന്നവരോട്

ജോലിയില്‍നിന്നും പിരിച്ചുവിടാന്‍ വേണ്ട കുറ്റം ദേവസഹായം ചെയ്തിരുന്നു- അനുവാദമില്ലാതെ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വടക്കന്‍കുളം പള്ളി പണിയാന്‍ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ച് തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിര്‍വഹിച്ചത് അഥവാ നിറവേറ്റിയത് തന്നെ പാലൂട്ടി വളര്‍ത്തിയ പത്മനാഭപുരം കൊട്ടാരത്തിലെ തിരുവിതാംകൂര്‍ രാജാവിനോടും രാജ്യത്തോടും ചെയ്ത ഹീനമായ കുറ്റമെന്നവര്‍ വിധിച്ചതില്‍ കുറ്റം പറയാന്‍ സാധ്യമല്ല എന്ന സമീപനമാണ് നാഗമയ്യയുടേത്.

ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍
(ചരിത്രകാരനാണ് ലേഖകന്‍)

''ദേവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷങ്ങള്‍ മേയ് 14 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് കേരളത്തില്‍ നടക്കുന്നത്. കമുകിന്‍തോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ 14 ന് തുടക്കമാവും. അന്തോണീസ് പുണ്യവാളന്റെ തിരുസ്വരൂപം ദേവസഹായം പിള്ളയാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന സങ്കല്‍പ്പമാണ് ഇവിടെ ആഘോഷങ്ങള്‍ തുടങ്ങാന്‍ കാരണം.'' (മനോരമ പത്രം (10-5-22) പിള്ളയുടെ സ്മരണയ്ക്കായി നടത്തുന്ന രക്തദാന നേര്‍ച്ച നെയ്യാറ്റിന്‍കര രൂപതയുടെ വികാരി ജനറല്‍ നിര്‍വഹിക്കും.

''സമൂഹ ദിവ്യബലി വിശുദ്ധ പദവി പ്രഖ്യാപനദിനമായ 15ന് കൊല്ലം മുന്‍ ബിഷപ്പ് ദിവ്യബലിക്ക് നേതൃത്വം നല്കും. പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ ദേവാലയത്തില്‍നിന്നും ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുള്ള വാഹനപ്രദക്ഷിണം തുടങ്ങും. സമാപനസമ്മേളനം നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും. വിശുദ്ധനായി പ്രഖ്യാപിക്കുന്നത് വത്തിക്കാനില്‍ നിന്നുമാണ്. അരുവാമൊഴി കാറ്റാടി മലയില്‍ കൃതജ്ഞതാബലി ജൂണ്‍ അഞ്ചിന് നടക്കും. മര്‍ത്താമണ്ഡലം നട്ടാലം സ്വദേശിയായിരുന്നു ദേവസഹായം പിള്ള.'' (മനോരമ പത്രം 4-5-22).

1903 ല്‍ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റിന്റെ ഓഫീസ് മാനേജരായിരുന്ന സി.എം. ആഗൂര്‍ തന്റെ ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂറില്‍ ഇങ്ങനെ പറയുന്നു (പേജ് 280-284):-

''പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ പത്മനാഭപുരത്തിന് സമീപമുള്ള ഉദയഗിരിക്കോട്ടയിലായിരുന്നു തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ (1729-58) സൈനികര്‍ക്ക് പരിശീലനം നല്കിയിരുന്നത്. കുളച്ചല്‍ യുദ്ധത്തില്‍  ഡച്ചുകാരെ തോല്‍പ്പിച്ചശേഷം (9-9-1741) മഹാരാജാവ് തടവിലാക്കിയ ഡിലനോയിക്കായിരുന്നു പരിശീലനത്തിന്റെ ചുമതല. പരിശീലകനായിരുന്നതിനാല്‍ ജനറല്‍ പദവിയും നല്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു സീനിയര്‍ സൈനികനായിരുന്നു നീലകണ്ഠപിള്ള എന്ന നായര്‍ സമുദായത്തില്‍പ്പെട്ട ശൂദ്രന്‍. നാട്ടുനടപ്പനുസരിച്ച് ദിവസവും ക്ഷേത്രാരാധന നടത്തിയിരുന്ന നീലകണ്ഠപിള്ള തന്റെ സാമ്പത്തിക പരാധീനതകള്‍ ഡിലനോയിയോട് പലപ്പോഴും പറയുമായിരുന്നു. ഇത്തരം വര്‍ത്തമാനങ്ങള്‍ ഡിലനോയി പറഞ്ഞ് പറഞ്ഞ് നീലകണ്ഠപിള്ള ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി. ക്ഷേത്രത്തില്‍ പോകാതെയായി. ജ്ഞാനസ്‌നാനം ചെയ്യാനായി ഡിലനോയി, നീലകണ്ഠപിള്ളയെ തിരുനെല്‍വേലി വടക്കന്‍കുളം പള്ളിയിലെ റവ. ഫാദര്‍ ആര്‍. ബുട്ടാരിയുടെ സമീപത്തേക്കയച്ചു. ജ്ഞാനസ്‌നാനം ചെയ്ത പേര്‍ ലസാറസ് എന്നായിരുന്നുവെങ്കിലും അച്ചന്‍ വിളിച്ചത് ദേവസഹായം പിള്ള (ദൈവത്തിന്റെ സഹായി എന്നാണ് ആഗൂര്‍ പരിഭാഷ നല്കിയിരിക്കുന്നത്, പേജ് 281). ഈ സംഭവം നടന്നത് 1745 മെയ് പതിനേഴിനായിരുന്നു. അന്നുമുതല്‍ തന്റെ സുഹൃത്തുക്കളെ പലരേയും ബുട്ടാരിയുടെ അടുത്തുവിട്ട് മതപരിവര്‍ത്തനം നടത്തിയിരുന്നു ദേവസഹായം പിള്ള.

ഇത്തരം അടുപ്പംകൊണ്ട് ബുട്ടാരി മറ്റൊരു സഹായം ദേവസഹായം പിള്ളയോട് ചോദിച്ചു. വടക്കന്‍കുളം പള്ളി പണിയുന്നതിനും അതിനുവേണ്ട തേക്കുതടി അരുവാമൊഴി വഴി കൊണ്ടുപോകുന്നതിനുമുള്ള അനുവാദം. അപേക്ഷ സര്‍ക്കാരിന് നല്കിയോ എന്ന് എങ്ങും തെളിയുന്നുമില്ല. അനധികൃതമായി തേക്കുതടി വെട്ടി അരുവാമൊഴി വഴി വടക്കന്‍കുളത്തേക്ക് കൊണ്ടുപോയി ദേവസഹായം. ഇതിന്റെ പേരില്‍ പല പരാതികളും കൊട്ടാരം സൂപ്രണ്ടും രാജാവിന്റെ സെക്രട്ടറിയുമായിരുന്ന ശിങ്കാരം അണ്ണാക്ക് ലഭിച്ചു.


മതംമാറിയ ഒരാള്‍ ക്ഷേത്രവുമായും രാജാവുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് അന്നത്തെ നാട്ടാചാരപ്രകാരം അഭിലഷണീയമായിരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. കാനായിലെ തോമസിനും മറ്റും പല ആനുകൂല്യങ്ങളും നല്കുകയും തരിസ്സാപ്പള്ളി ചെപ്പേട് വഴി ക്രിസ്ത്യാനികള്‍ക്ക് പല പ്രത്യേക അവകാശങ്ങളും നല്കിയെങ്കിലും തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു ഒരു ക്രിസ്ത്യാനിയായി സര്‍വ്വീസില്‍ തുടരുന്നത് ക്ഷന്തവ്യമായിരുന്നില്ല. ഉദയഗിരിക്കോട്ടയിലായിരുന്നു പ്രധാന ജോലിയെങ്കിലും അത് തലസ്ഥാനത്തെ (പത്മനാഭപുരത്തെ) ക്ഷേത്രങ്ങളും ഓഫീസുകളും കൊട്ടാരവുമായൊക്കെ ബന്ധപ്പെട്ടിരുന്നു. തൊട്ടുകൂടായ്മ പോലുള്ള ഇന്നത്തെ അനാചാരങ്ങള്‍ അന്ന് ആചാരങ്ങളായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ദേവസഹായം പിള്ളയെ ദിവാന്റെ കല്‍പ്പനപ്രകാരം രാജാവിന്റെ മുന്‍പില്‍ ഹാജരാക്കിയത്. കാലത്തിനനുസരിച്ച് കൊട്ടാരം ഉദ്യോഗസ്ഥരും തേക്കുതടി കടത്തല്‍ വലിയ കുറ്റമായി രാജാവിനെ ബോധ്യപ്പെടുത്തി.

ഇതോടെ ദേവസഹായം പിള്ളയെ തടവിലാക്കി കൊടുംകാട്ടില്‍ ഉപേക്ഷിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുളകുപൊടി നല്കിയെന്നാണ് ആഗൂര്‍ പറയുന്നത്. പതിനെട്ടു മാസം തടവിലായി. ഇതിനിടയില്‍ തനിക്ക് എന്ത് സംഭവിച്ചാലും ധൈര്യം വിടരുത് എന്ന് ക്രിസ്ത്യാനിയായ ഭാര്യക്ക് സന്ദേശം അയച്ചു ദേവസഹായം. അവസാനം വെടിവച്ച് കൊല്ലാനാണ് കല്‍പ്പനയുണ്ടായത്. നാല്പതാം വയസില്‍- കാറ്റാടിമലയില്‍വച്ച് (അരുവാമൊഴി) ദാനശീലരായ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നാട്ടില്‍വച്ച് ഒരു സത്യക്രിസ്ത്യാനി 1752 ജനുവരി പതിമൂന്നിന് വെടിവച്ചു കൊല്ലപ്പെട്ടു. ഭൗതികാവശിഷ്ടങ്ങള്‍ (കോട്ടാര്‍) സെന്റ് സേവ്യേഴ്‌സ് പള്ളിയിലാണ് സൂക്ഷിച്ചത്. തിരുവനന്തപുരം നാഗര്‍കോവില്‍ മെയിന്റോഡിലാണ് ഈ പള്ളി നിലകെള്ളുന്നത്.

ഗ്രന്ഥകാരനായ ആഗൂര്‍ പറയുന്നത് ഭാവിയില്‍ ചരിത്രം വളച്ചൊടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് 1858 ല്‍ തമിഴില്‍ എഴുതിയതും(ഡോ. ബോവര്‍) പോണ്ടിച്ചേരിയില്‍ അച്ചടിച്ചതുമായ ലഘുഗ്രന്ഥത്തെയാണ് ഈ വിവരണത്തിനായി താന്‍ ആശ്രയിച്ചിരിക്കുന്നത് എന്നാണ്. റവ. എഫ്.സി. ഫെര്‍ണാണ്ടസ് മറ്റൊരു ഗ്രന്ഥം രചിക്കുന്നതായി അറിവുണ്ട്. എങ്കിലും അങ്ങനെ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചോ എന്ന് തനിക്കറിയില്ലെന്നും ആഗൂര്‍ സംക്ഷേപിക്കുന്നു.

ക്രിസ്തുമതേത്താടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവര്‍ത്തിച്ചിരുന്ന മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാര്‍ മതംമാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ച് കൊല്ലുകയില്ലെന്ന് സ്‌റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി. നാഗമയ്യ (രണ്ടാം വാല്യം പേജ് 130) പറയുന്നു. (1906ല്‍ പ്രസിദ്ധീകരിച്ചത്). യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യത്തെ ബിഎ ഡിഗ്രി ജേതാവായ നാഗമയ്യ ദിവാന്‍ പദവി വേണ്ടെന്നുവച്ച് സ്‌റ്റേറ്റ് മാനുവല്‍ നിര്‍മ്മാണത്തില്‍ ലയിച്ച ഒരു സത്യാന്വേഷിയായിരുന്നു. ജോലിയില്‍നിന്നും പിരിച്ചുവിടാന്‍ വേണ്ട കുറ്റം ദേവസഹായം ചെയ്തിരുന്നു- അനുവാദമില്ലാതെ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വടക്കന്‍കുളം പള്ളി പണിയാന്‍ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ച് തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിര്‍വഹിച്ചത് അഥവാ നിറവേറ്റിയത് തന്നെ പാലൂട്ടി വളര്‍ത്തിയ പത്മനാഭപുരം കൊട്ടാരത്തിലെ തിരുവിതാംകൂര്‍ രാജാവിനോടും രാജ്യത്തോടും ചെയ്ത ഹീനമായ കുറ്റമെന്നവര്‍ വിധിച്ചതില്‍ കുറ്റം പറയാന്‍ സാധ്യമല്ല എന്ന സമീപനമാണ് നാഗമയ്യയുടേത്.  

മതത്തിനുവേണ്ടി ആത്മബലി നടത്തിയതിന്റെ പേരില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വം നീലകണ്ഠപിള്ളയെന്ന ദേവസഹായം പിള്ളയ്ക്കില്ല എന്ന് പറയേണ്ടിവരും. ഇങ്ങനെയുള്ള നിയമവിരുദ്ധ നടപടികള്‍ ചെയ്യുന്നവര്‍ ഇനിയും നമ്മുടെ സമൂഹത്തില്‍ കണ്ടേക്കും.

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.