×
login
ഇരയാകരുത്; യോദ്ധാവായി മുന്നേറുക!

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനമാണ് നവംബര്‍ 25. ഐക്യ രാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനം ആചരിച്ചു വരുന്നത്. ഇന്നു മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ ഈ വിഷയത്തേക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണങ്ങളും, മറ്റ് പ്രവര്‍ത്തങ്ങളും നടത്തും. ഇതുപ്രകാരം ഈ വര്‍ഷത്തെ ചിന്താവിഷയം, 'ഒന്നിക്കുക, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള പീഡനത്തിനെതിരെ പോരാടുക. സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഉറപ്പാക്കുക' എന്നതാണ്.

അഡ്വ. രമാരഘുനന്ദന്‍

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനമാണ് നവംബര്‍ 25.  ഐക്യ രാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനം ആചരിച്ചു വരുന്നത്. ഇന്നു മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ ഈ വിഷയത്തേക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണങ്ങളും മറ്റു പ്രവര്‍ത്തങ്ങളും നടത്തും. ഇതുപ്രകാരം ഈ വര്‍ഷത്തെ ചിന്താവിഷയം, 'ഒന്നിക്കുക, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള പീഡനത്തിനെതിരെ പോരാടുക. സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഉറപ്പാക്കുക' എന്നതാണ്.

1960ല്‍ ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ ഭരണാധികാരിയായ റാഫല്‍ ട്രൂജില്ലോയുടെ ഉത്തരവുപ്രകാരം അതിക്രൂരമായി കൊലചെയ്യപ്പെട്ട രാഷ്ട്രീയ ആക്റ്റീവിസ്റ്റുകളായ മിര്‍ബാല്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന മൂന്നു പേരുടെ ബഹുമാനാര്‍ത്ഥമാണ് ഈ ദിനം തിരഞ്ഞെടുത്തത്. എല്ലാ രാഷ്ട്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈ വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തു.

1979 ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഒരു ഇന്റര്‍നാഷണല്‍ ബില്‍ അവതരിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ വിധത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കാന്‍ അന്തര്‍ദേശീയ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരു അജണ്ടയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോകം മുഴുവന്‍ തുല്യതയ്ക്ക് വേണ്ടിയും, വിവേചനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുകയും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും ദിനം പ്രതി സ്ത്രീഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ഓരോ ദിവസവും 86 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. ഓരോ മണിക്കൂറിലും 49 കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊച്ചു കുട്ടികള്‍ തുടങ്ങി വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. സ്വന്തം ഭവനം പോലും ഇന്ന് സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു. ഒരുവശത്തു അത്യന്താധുനിക സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം ജീവിതവും യാന്ത്രികമായി മാറുന്നു. ഭൗതിക സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് കുതിക്കുന്നതിനിടയില്‍, ആദര്‍ശങ്ങള്‍, ധാര്‍മ്മികത, വിശ്വാസങ്ങള്‍, മൂല്യബോധം, സദാചാരചിന്ത തുടങ്ങിയവയെല്ലാം സൗകര്യപൂര്‍വ്വം മറക്കുന്നു.  


സ്ത്രീയെ ദേവിയായും അമ്മയായും കണ്ട് ആരാധിക്കുന്ന രാജ്യമാണ് നമ്മുടേത്. എവിടെ സ്ത്രീ ആരാധിക്കപ്പെടുന്നോ അവിടെ ദേവതകള്‍ വിരാജിക്കുന്നു എന്ന് പഠിപ്പിച്ച സംസ്‌കാരം, സ്ത്രീയും പുരുഷനും തുല്യമായി ചേര്‍ന്നാല്‍ മാത്രമേ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയൂ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന  അര്‍ദ്ധ നാരീശ്വരസങ്കല്പം, യജമാനപത്‌നി ഇല്ലാതെ യാഗം പോലും പൂര്‍ത്തിയാവില്ലെന്ന വിശ്വാസം! വേദങ്ങളും ഉപനിഷത്തുകളും രചിച്ച ഗാര്‍ഗി, മൈത്രേയി പോലുള്ള പണ്ഡിതകള്‍! ഭരണത്തിലും മറ്റ് സമസ്ത മേഖലകളിലും സ്ത്രീ രത്‌നങ്ങള്‍ വിരാചിച്ചിരുന്നു.

ഐക്യരാഷ്ട്രസഭ ഈ വിഷയം ചിന്തിക്കുന്നതിന് എത്രയോ മുന്‍പ്, ഇക്കാര്യത്തില്‍ ഏറ്റവും ശക്തമായ നടപടി എടുത്ത രാജ്യമാണ് ഭാരതം. ജനാധിപത്യരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായ ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളില്‍ തന്നെ സ്ത്രീക്കുംപുരുഷനും തുല്യ സ്ഥാനം കല്പിച്ചിട്ടുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍14, 15 പ്രകാരം, നിയമത്തിനു മുന്നില്‍ സ്ത്രീക്കും പുരുഷനും സമത്വം ഉറപ്പാക്കിയിട്ടുണ്ട്. അതുപോലെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി, പ്രത്യേക നിയമനിര്‍മ്മാണം നടത്തുവാന്‍ (അനുഛേദം 15(3))ഭരണകൂടത്തിന് അനുവാദം നല്‍കുന്നു. തുല്യവേതനം, സാമൂഹ്യസുരക്ഷാ നിയമങ്ങള്‍ എന്നിവയൊക്കെ നിര്‍ദേശക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടതാണ്. 'സ്ത്രീകളുടെ അന്തസ്സും, അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക' എന്നത് ഓരോ പൗരന്റെയും, ഭരണകൂടത്തിന്റെയും കടമയാണെന്ന് ഭരണഘടന ഓര്‍മിപ്പിക്കുന്നു. നിയമം എന്നത് ഒരു സമൂഹം അതിലെ അംഗങ്ങളുടെ മേല്‍ സ്വയം നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ ഒരു രൂപരേഖയാണ്. നിയമവും ധര്‍മ്മികതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. സ്ത്രീകള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിന് മാത്രമേ  പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടാന്‍ കഴിയൂ. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ അനേകം ശക്തമായ നിയമങ്ങളും ശാക്തീകരണത്തിന് ധാരാളം പദ്ധതികളും നിലവിലുണ്ടെങ്കിലും, അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുന്നു. ശാക്തീകരണം ആദ്യം നടക്കേണ്ടത് മാനസിക തലത്തിലാണ്. ഉപരിപ്ലവമായ ശാക്തീകരണം എത്ര നടത്തിയാലും, വിദ്യാഭ്യാസം, തൊഴില്‍, അഭിമാനം, അധികാരം, സമ്പത്ത് തുടങ്ങിയവ എല്ലാം കൈവരിച്ചാലും മാനസികാവസ്ഥയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാകില്ല. ഇത് സാമൂഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും അടിസ്ഥാന തലമായ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം. സ്ത്രീകള്‍ക്കാണ് ഇതില്‍ കൂടുതല്‍ മാറ്റം വരുത്താന്‍ കഴിയുക. ആദ്യം സ്വന്തം മനസ്സില്‍ കുടിയിരിക്കുന്ന അപകര്‍ഷതാബോധം എടുത്തു കളഞ്ഞ് അഭിമാനബോധം വളര്‍ത്തിയെടുക്കണം. തന്റെ കുട്ടികളെ ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വ്യത്യാസമില്ലാതെ തുല്യതയോടെ വളര്‍ത്തണം. ആണ്‍കുട്ടികള്‍ ഭാഗ്യമായും, പെണ്‍കുട്ടികള്‍ ഭാരമായും കരുതുന്ന വിവേചനചിന്ത വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ചുമതലയാക്കുന്ന സമൂഹം ഇന്നുമുണ്ട്. ഉന്നത ഉദ്യോഗത്തിലും, അധികാര സ്ഥാനത്തിരിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്തരല്ല. സ്വന്തം വരുമാനം എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല.

ഇതിനൊരു മറുവശവും കൂടിയുണ്ട്. തുല്യതയ്ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തീവ്രമോഹം പലപ്പോഴും പെണ്‍കുട്ടികളെ തെറ്റായ മാര്‍ഗ്ഗങ്ങളിലേക്ക് തിരിച്ചു വിടുന്നു. ഒരുതരം നിഷേധാത്മക സമീപനം കൈക്കൊള്ളുമ്പോള്‍ പുരുഷ വിദ്വേഷവും, അനാവശ്യ വിവാഹമോചനങ്ങളും, കുടുംബഛിദ്രവും സദാചാര ലംഘനങ്ങളുമൊക്കെ സംഭവിക്കുന്നു. ഏത് സ്ത്രീപീഡനക്കേസുകളിലും, ഒരു സ്ത്രീയെങ്കിലും നേരിട്ടോ അല്ലാതെയോ പ്രതി സ്ഥാനത്തുണ്ടായിരിക്കും. ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ മാറ്റം, നമ്മുടെ മനസ്സില്‍ നിന്നു തന്നെ തുടങ്ങണം. പുരുഷവിദ്വേഷം വളര്‍ത്തിയതുകൊണ്ടോ, വ്യവസ്ഥിതിയെ മുഴുവന്‍ എതിര്‍ത്തതുകൊണ്ടോ, ആര്‍ത്തവരക്തം തെരുവിലൊഴുക്കിയതുകൊണ്ടോ തെറി വിളിച്ചതുകൊണ്ടോ, ചുംബന സമരം നടത്തിയതുകൊണ്ടോ, കോളജ് ക്യാമ്പസ്സില്‍ ക്യാമറക്ക് മുന്നില്‍ ലൈംഗിക ബന്ധം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുകൊണ്ടോ ഇവിടെ സ്ത്രീ സമത്വം സാക്ഷാല്‍ക്കരിക്കില്ല. പുരോഗമനവാദമെന്നാല്‍ ഇതൊക്കെയാണെന്ന് തെറ്റിദ്ധരിച്ച, മാനസിക വൈകൃതം ബാധിച്ച ഒരു കൂട്ടം, ഫെമിനിസം എന്ന വാക്കിന്റെ അര്‍ത്ഥം പോലും വികലമാക്കി.

വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടും, സാമൂഹ്യ ചിന്തകളില്‍ മാറ്റം വന്നിട്ടും, സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കിയിട്ടും പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ത്രീകളുടെ അപകര്‍ഷതാ ബോധവും, തങ്ങള്‍ 'രണ്ടാംകിട പൗരന്മാരാണെന്ന' ചിന്തയും, ആണ്‍ മക്കള്‍ക്ക്  നല്‍കുന്ന അപ്രമാദിത്വവും  ഇതിന് പ്രധാന കാരണങ്ങളാണ്. എത്ര ശക്തമായ നിയമങ്ങള്‍ ഉണ്ടായാലും അവ നടപ്പില്‍ വരുത്തിയാലേ പ്രയോജനം ഉണ്ടാകൂ. വലിയൊരു ശതമാനം കേസുകളും നിയമത്തിനു മുന്നില്‍ എത്തുന്നില്ല. എത്തിച്ചാല്‍ പോലും രാഷ്ട്രീയമോ, മറ്റ് സ്വാധീനമോ ഉപയോഗിച്ച് ഒതുക്കി തീര്‍ക്കുകയോ, തേച്ച് മായ്ച്ചു കളയുകയോ ചെയ്യുന്നു.

സ്ത്രീ സ്വയം ഉണരേണ്ട കാലമാണിത്. പെണ്‍കുട്ടികളെ ആത്മാഭിമാനമുള്ളവരായി വളര്‍ത്തണം. ഏതു പ്രതിസന്ധികളെയും ഒറ്റയ്ക്ക് നേരിടാന്‍ അവരെ പ്രാപ്തരാക്കണം. സ്വയം സ്‌നേഹിക്കാനും, അഭിമാനിക്കാനും, അവസരങ്ങള്‍ യുക്തമായി ഉപയോഗിക്കാനും പെണ്‍കുട്ടികളെ പഠിപ്പിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയരക്ഷക്ക് ആവശ്യമായ ശാരീരികവും, മാനസികവുമായ പരിശീലനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുക. സ്വാശ്രയ ശീലം വളര്‍ത്തിയെടുക്കുക. സംസ്‌കാരം, സദാചാരം, മൂല്യബോധം, ധാര്‍മ്മികത തുടങ്ങി സദ് ഗുണങ്ങള്‍ വളര്‍ത്തുക. സ്വയം ഉണരുക, സ്വന്തം കഴിവ് തിരിച്ചറിയുക, വളരുക, അധികാര സ്ഥാനങ്ങളില്‍ എത്തുക, മറ്റ് സ്ത്രീകള്‍ക്ക് കൈത്താങ്ങാകുക, ഇരയാകാതെ യോദ്ധാവായി മുന്നേറുക!

  comment

  LATEST NEWS


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.