×
login
സിപിഎം എന്ന രക്തദാഹിയും കുറെ രക്തസാക്ഷികളും

രക്തസാക്ഷികള്‍ സിപിഎമ്മിന് വലിയ മൂലധനമാണ്. എങ്ങനെയും അത് ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നതാണ് നയം. അണികളെ വൈകാരികമായി സ്വാധീനിച്ച് പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താനും, രാഷ്ട്രീയ പ്രതിയോഗികളോടുള്ള ശത്രുത മാറ്റമില്ലാതെ നിലനിര്‍ത്താനും രക്തസാക്ഷികളെക്കാള്‍ സഹായിക്കുന്ന മറ്റൊന്നില്ലെന്ന് സിപിഎം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്‌

പൈനാവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെപ്പോലെ അതിനോടുള്ള സിപിഎമ്മിന്റെ പ്രതികരണങ്ങളും ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. തങ്ങളിലൊരാള്‍ കൊലചെയ്യപ്പെട്ടതിന്റെ ദുഃഖവും അമര്‍ഷവും പ്രതിഷേധവുമൊക്കെ പല രീതികളില്‍ അക്രമാസക്തമായി പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഒരു രക്തസാക്ഷിയെ കിട്ടിയതിന്റെ ആവേശത്തിലാണ് സിപിഎം. വിലാപങ്ങള്‍ക്കും കണ്ണീര്‍വാര്‍ക്കലുകള്‍ക്കുമപ്പുറം ഇതിന്റെ സന്തോഷവും ആഹ്ലാദവും അവര്‍ക്ക് മറച്ചുപിടിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും പാര്‍ട്ടിയുടെ വികാരം അതേപോലെ പ്രകടിപ്പിക്കുന്ന എം.എം. മണിയുടെ പ്രതികരണത്തില്‍ ഇങ്ങനെയൊരു രക്തസാക്ഷിയെ ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. അടക്കിപ്പിടിച്ച ചിരിയുമായാണ് മണി മാധ്യമങ്ങളെ കണ്ടത്. ഇത്തരമൊരു അവസരത്തിനുവേണ്ടി വളരെക്കാലമായി പാര്‍ട്ടി കാത്തിരിക്കുകയായിരുന്നു എന്നുതോന്നുന്നു.

സിപിഎമ്മിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധമുള്ള മൂന്നു നാലു കൊലപാതകങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ പെരിയ ഇരട്ടക്കൊലപാതകം, പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട തിരുവല്ലയിലെ സന്ദീപിന്റെ കൊലപാതകം, പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ മൂന്നു സംഘപരിവാര്‍ പ്രവര്‍ത്തകരെ അടുത്തടുത്ത് കൊലചെയ്തത് എന്നിവയാണിത്. പൊതുസമൂഹത്തില്‍ നിന്നും കോടതികളില്‍ നിന്നും ഇതിന്റെ പേരില്‍ സിപിഎമ്മിനും സര്‍ക്കാരിനും വല്ലാതെ പഴികേള്‍ക്കേണ്ടി വന്നു. പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി.

തിരുവല്ലയിലെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് വ്യക്തമാവുകയും, പോലീസ് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടും അവസരം മുതലാക്കി ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കാനാണ് സിപിഎം ശ്രമിച്ചത്. പോലീസിന് കോടതിയില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നതോടെ ഈ രക്തസാക്ഷി നിര്‍മാണം പൊളിഞ്ഞു. തിരുവല്ലയില്‍ വിജയിക്കാന്‍ കഴിയാതെപോയ പാര്‍ട്ടിയുടെ നിരാശ സന്തോഷമായി മാറുന്നതാണ് പൈനാവിലെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കണ്ടത്.പൈനാവിലേത് ഒരു ആസൂത്രിത കൊലപാതകമല്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍. അക്രമി യൂത്ത് കോണ്‍ഗ്രസ്സുകാരനാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായ ബന്ധുവിനെ സഹായിക്കാന്‍ എത്തിയതാണത്രേ ഇയാള്‍. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഇത്രയും കാര്യങ്ങള്‍ വ്യക്തമാണ്. പക്ഷേ കൊല്ലപ്പെട്ട ധീരജിന്റെ സുഹൃത്തുക്കളായ എസ്എഫ്‌ഐക്കാര്‍ തന്നെ വിരല്‍ചൂണ്ടുന്ന സംശയാസ്പദമായ ഒരു സാഹചര്യം അവഗണിക്കാനാവില്ല. തങ്ങളില്‍പ്പെട്ടവര്‍ കുത്തേറ്റു വീണിട്ടുണ്ടെന്നും, അവരെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞിട്ടും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് അതിന് തയ്യാറായില്ലെന്നാണ് ഒരു വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചത്. 'അവിടെക്കിടക്കട്ടെ' എന്ന് പോലീസുകാര്‍ പറഞ്ഞത് മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്തതുകൊണ്ടായിരിക്കുമോ? അതോ തിരുവല്ലയിലേതുപോലെ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും പഴി കേള്‍ക്കാനിടവരുത്താതെ, അവര്‍ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ എന്നു കരുതിയതാവുമോ?  സംഘര്‍ഷത്തിന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥിയെ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി പറഞ്ഞയച്ച സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടിയെ എങ്ങനെ കാണണം?  

പഠിച്ച് മിടുക്കനായി സ്വന്തം വീടിനും സമൂഹത്തിനും താങ്ങായിരിക്കേണ്ട ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞതിലുള്ള ദുഃഖം മനുഷ്യസ്‌നേഹിയായ ആര്‍ക്കും മനസ്സിലാക്കാനാവും. പക്ഷേ അത് രക്തസാക്ഷി നിര്‍മാണത്തിനുള്ള ഇന്ധനമായി മാറുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. രക്തസാക്ഷികളോടുള്ള സിപിഎമ്മിന്റെ ആഭിമുഖ്യവും, അങ്ങനെയൊരാളെ കിട്ടുമ്പോഴുള്ള നേതൃത്വത്തിന്റെ സംതൃപ്തിയും കുപ്രസിദ്ധമാണ്. തലശ്ശേരി കലാപ കാലത്ത് കള്ളുഷാപ്പില്‍ കാശു കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ് മരിച്ച കുഞ്ഞിരാമന്‍ എന്നയാളെ വളരെക്കാലം കഴിഞ്ഞ് രക്തസാക്ഷിയാക്കി മാറ്റിയ ചരിത്രം സിപിഎമ്മിനുണ്ടല്ലോ.

രക്തസാക്ഷികള്‍ സിപിഎമ്മിന് വലിയ മൂലധനമാണ്. എങ്ങനെയും അത് ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നതാണ് നയം. അണികളെ വൈകാരികമായി സ്വാധീനിച്ച് പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താനും, രാഷ്ട്രീയ പ്രതിയോഗികളോടുള്ള ശത്രുത മാറ്റമില്ലാതെ നിലനിര്‍ത്താനും രക്തസാക്ഷികളെക്കാള്‍ സഹായിക്കുന്ന മറ്റൊന്നില്ലെന്ന് സിപിഎം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേസമയം രക്തസാക്ഷികളായവരെയും, ജീവിക്കുന്ന രക്തസാക്ഷികളെയും ആഘോഷമായി കൊണ്ടു നടക്കും. സൈമണ്‍ ബ്രിട്ടോ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നുവല്ലോ. രക്തസാക്ഷി മണ്ഡപങ്ങളും സ്മാരകങ്ങളും തീര്‍ത്ത് വര്‍ഷംതോറും വാഴ്ത്തിപ്പാടും. ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാലും പറയാന്‍ പാകത്തിന് ഒന്നുപോലും വിട്ടുപോകാതെ രക്തസാക്ഷികളുടെ പേരു വിവരങ്ങള്‍ മനഃപാഠമാക്കും. ആഭിചാരം ചെയ്യുന്നയാളെപ്പോലെ വല്ലാത്തൊരു മോഹനിദ്രയിലെന്നപോലെ പ്രസംഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മറ്റും ഈ പേരുകള്‍ ഉരുക്കഴിക്കും.

ഒരാദര്‍ശത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ ഓര്‍മിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. പക്ഷേ ഇതിനുവേണ്ടി ശവങ്ങള്‍ വീഴണമെന്നു മോഹിക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ മനുഷ്യവംശത്തില്‍പ്പെടുന്നവരല്ല. കുറഞ്ഞപക്ഷം അവര്‍ മനുഷ്യരില്‍പ്പെടുന്ന നീചന്മാരാണ്. സിപിഎമ്മിന്റെ സംഘടനാതലത്തില്‍ ഇക്കൂട്ടര്‍ എത്ര വേണമെങ്കിലുമുണ്ട്. മഹാരാജാസിലെ അഭിമന്യുവിനെപ്പോലെ കൊലചെയ്യപ്പെടേണ്ടവര്‍ ആരൊക്കെയെന്ന്  ഇവര്‍ക്ക് നിശ്ചയമുണ്ടായിരിക്കും. ഇതിനുള്ള അവസരങ്ങള്‍ ഒത്തുവന്നില്ലെങ്കില്‍ ആസൂത്രിതമായും ഗൂഢമായും അവ സൃഷ്ടിക്കപ്പെടും. അഭിമന്യുവിനെ കൊലചെയ്തവരോട് പാര്‍ട്ടി നേതൃത്വം ഇപ്പോഴും പുലര്‍ത്തുന്ന ആഭിമുഖ്യം പറയാതെ പറയുന്നതും ഇതാണ്.  അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും അഭിമന്യു കേസിലെ ചില പ്രധാന പ്രതികള്‍ ഇപ്പോഴും പിടിയിലാവാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അക്രമ രാഷ്ട്രീയത്തോടെന്നപോലെ രക്തസാക്ഷിത്വത്തോടുമുള്ള സിപിഎമ്മിന്റെ ആസക്തിയും പൈശാചികമാണ്. അഭിമന്യുവിന്റെ പേരില്‍ പിരിച്ച കോടിക്കണക്കിന് രൂപയില്‍ ഒരംശംകൊണ്ട് വട്ടവടയില്‍ ബന്ധുക്കള്‍ക്ക് വീടുവച്ചുകൊടുത്തു. പൈനാവില്‍ മരിച്ച ധീരജിന്റെ കണ്ണൂരിലെ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം എട്ട് സെന്റ് ഭൂമി വാങ്ങി നല്‍കിയിരിക്കുന്നു. ഇതൊന്നും മനുഷ്യ സ്‌നേഹമല്ല. രക്തസാക്ഷികളുടെ കുടുംബത്തെ വിലയ്‌ക്കെടുക്കലാണ്. ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ കൂടപ്പിറപ്പുകളെ കൊല്ലുന്നവരുടെ അതേ മാനസികാവസ്ഥയാണ് ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തെ നയിക്കുന്നത്. രക്തസാക്ഷികളുടെ നിര നീളണമെങ്കില്‍ ഇങ്ങനെ ചിലത് ആവശ്യമുണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സിപിഎമ്മുകാരാണ്. കൊല ചെയ്യപ്പെട്ടവരില്‍ സിപിഎമ്മുകാരുമുണ്ടെങ്കിലും ഈ വസ്തുതയ്ക്ക് മാറ്റം വരുന്നില്ല. എന്നാല്‍ ഇതു പറയാന്‍ മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് പലപ്പോഴും മടിയാണ്.  അക്രമരാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു കൊലക്കേസിലെ പ്രതിയും നിരവധി കൊലപാതകങ്ങളിലെ സൂത്രധാരനുമാണെന്ന് കരുതപ്പെടുന്ന പി.ജയരാജനെയാണ് ധീരജ് കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ചാനല്‍ ക്ഷണിച്ചു വരുത്തിയത്! സിപിഎമ്മിന്റെ അജണ്ടയ്ക്കനുസരിച്ച് അവരുടെ രക്തസാക്ഷികളെ അവതരിപ്പിക്കുന്നതിലും മഹത്വവത്കരിക്കുന്നതിലും ചില മാധ്യമങ്ങള്‍ പുലര്‍ത്തുന്ന താല്‍പ്പര്യം സമാധാനകാംക്ഷികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. മാധ്യമ സഖാക്കളുടെ പാര്‍ട്ടി പ്രവര്‍ത്തനം തന്നെയാണിത്. രക്തസാക്ഷികള്‍ സിപിഎമ്മിന് വലിയ മൂലധനമാണ്. എങ്ങനെയും അത് ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നതാണ് നയം. അണികളെ വൈകാരികമായി സ്വാധീനിച്ച് പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താനും, രാഷ്ട്രീയ പ്രതിയോഗികളോടുള്ള ശത്രുത മാറ്റമില്ലാതെ നിലനിര്‍ത്താനും രക്തസാക്ഷികളെക്കാള്‍ സഹായിക്കുന്ന മറ്റൊന്നില്ലെന്ന് സിപിഎം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്‌

  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.