×
login
അടിയന്തരാവസ്ഥയും ജന്മഭൂമി‍യും

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. 'വായടയ്ക്കൂ പണിയെടുക്കൂ' എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്.

കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ പ്രത്യേക ജനുസ്സാണ്. ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പറയുന്നതിന് അവര്‍ക്ക് ആയിരം നാവാണ്. നരേന്ദ്രമോദി ജനാധിപത്യ കശാപ്പുകാരന്‍ എന്ന് കൊട്ടിപ്പാടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. മൗലികാവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു എന്നവര്‍ ആര്‍ത്തട്ടഹസിക്കും. എന്നാല്‍ ഇതെല്ലാം കുഴിച്ചുമൂടിയ ഒരു കാലമുണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. 21 മാസം ഭാരതത്തെ തടവറയിലാക്കിയ ചരിത്രം ഇന്നത്തെ യുവതലമുറയ്ക്ക് കേട്ടറിവേ ഉണ്ടാവുകയുള്ളൂ. അടിയന്തരാവസ്ഥാ പ്രഖ്യാപനം നടന്നിട്ട് ഇന്നേക്ക് 47 വര്‍ഷം പിന്നിടുകയാണ്. അന്ന് അടിയന്തരാവസ്ഥയെ പാടിപ്പുകഴ്ത്തിയവരാണ് ഇരുമുന്നണികളിലും അണിനിരന്നിരിക്കുന്നതും.

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. 'വായടയ്ക്കൂ പണിയെടുക്കൂ' എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ബീഹാറില്‍ ആരംഭിച്ച സമരം കോണ്‍ഗ്രസിന്റെ സകല നാഡികളേയും തളര്‍ത്തുന്നതായിരുന്നു. ജയപ്രകാശ് നാരായണനെ പിന്‍പറ്റി നാനാജി ദേശ്മുഖും സംഘപരിവാര്‍ സംഘടനകളും സജീവമായി രംഗത്തിറങ്ങി. അതോടൊപ്പം ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് രാജ് നാരായണന്‍ നല്കിയ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് കോടതി മറ്റൊന്നുകൂടി പറഞ്ഞു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാടില്ല. പോരെ പൂരം, ഇതോടൊപ്പം ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ചരിത്രത്തിലില്ലാത്ത ഈ പതനം കൂടിയായപ്പോള്‍ ഇന്ദിരാഗാന്ധിയിലുള്ള സ്വേച്ഛാധിപതി ഉണര്‍ന്നു.

ഇന്ദിരയ്‌ക്കൊപ്പം ബംഗാളില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ ശങ്കര്‍ റേ കൂടിചേര്‍ന്നപ്പോള്‍ പുതിയൊരു തന്ത്രം മെനഞ്ഞു. അതുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവം. രാജ്യത്തിന് അപരിചിതമായ സ്വഭാവം. ജനങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‌കേണ്ടതില്ല. പ്രസംഗിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള സാഹചര്യം, സ്വതന്ത്രമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അവസരം, ഇവ എല്ലാം ഇല്ലാതാക്കുക.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ നടപടി തുടങ്ങി. ഇന്ദിരാഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന നേതാക്കളെ പിടിച്ച് ജയിലിലടയ്ക്കുക എന്നതായിരുന്നു ആദ്യ നടപടി. ജയപ്രകാശ് നാരായണന്‍, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി, രാജ്‌നാരായണന്‍, മോഹന്‍ധാരിയ, മധുലിമായെ, എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയ ജനനേതാക്കളെ എല്ലാം ജയിലിലാക്കി. ചില പത്രങ്ങള്‍ ഈ വാര്‍ത്ത നല്കാനൊരുങ്ങിയപ്പോള്‍ സെന്‍സര്‍ ചെയ്യാനായി പദ്ധതി. സെന്‍സര്‍ ചെയ്യാത്ത ഒരു വാര്‍ത്തയും പ്രസിദ്ധപ്പെടുത്താന്‍ സാധിക്കില്ല. കിരാതവാഴ്ച്ചയുടെ വാര്‍ത്തകള്‍ നല്കുന്ന പത്രങ്ങളെ കഴുത്ത് ഞെരിക്കുക എന്ന സമീപനവും സ്വീകരിച്ചു.


അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ അടച്ചുപൂട്ടിയ ഒരേ ഒരു പത്രമാണ് ജന്മഭൂമി. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു എന്നിവരെ അറസ്റ്റു ചെയ്ത് ജയിലിലിട്ടു. കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരണം തുടങ്ങി ഏതാണ്ട് 50 ദിവസം പിന്നിടും മുന്‍പാണ് ജന്മഭൂമിയുടെ കഴുത്തിന് പിടിച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുടെ കണ്ണു കെട്ടി. വസ്ത്രങ്ങളെടുക്കാന്‍ അനുവദിച്ചില്ല. വയോധികനായ നെടുങ്ങാടി അപ്പോള്‍ തന്നെ പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണട എടുത്തില്ല. കണ്ണട വേണമെന്ന ആവശ്യം പോലീസ് നിരാകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എങ്കില്‍ കണ്ണു കെട്ടേണ്ടകാര്യമില്ല.' കണ്ണടയില്ലെങ്കില്‍ അദ്ദേഹത്തിന് ഒന്നും കാണാനൊക്കില്ല. അക്ഷരം കാണാന്‍ ഒരു കണ്ണട. പൊതുവെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മറ്റൊന്ന്. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ 'ആത്മമിത്രം' എന്ന് വിശ്വസിച്ചിരുന്ന നെടുങ്ങാടിക്ക് നേരിട്ട ദുരന്തം ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലൊ.

നെടുങ്ങാടിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍, അന്ന് പത്രത്തിന്റെ കാര്യം നോക്കിയിരുന്ന പി.നാരായണന്‍ (നാരായണ്‍ജി), എ. ദാമോദരന്‍ എന്നിവരടക്കമുള്ളവരെ മൂന്നു മാസത്തെ ജയില്‍വാസത്തിനുശേഷം വിട്ടയച്ചു. എന്നാല്‍ ദത്താത്രേയ റാവുവിനെ 'മിസ' തടവുകാരനാക്കി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. അടച്ചുപൂട്ടിയ 'ജന്മഭൂമി' പിന്നെ പുറത്തിറങ്ങുന്നത് അടിയന്തരാവസ്ഥയ്ക്ക് ശേഷം നവംബര്‍ 14 നാണ്. മുഖ്യപത്രാധിപര്‍ പ്രൊഫ.എം.പി.മന്മഥന്‍. അടിയന്തരാവസ്ഥയ്ക്ക് മുന്‍പ് സായാഹ്ന പത്രമായിരുന്നെങ്കില്‍ കൊച്ചിയില്‍ നിന്നിറങ്ങിയത് പ്രഭാതദിനപത്രമായാണ്. ഇന്ന് ഒന്‍പത് എഡിഷനായാണ് ഇറങ്ങുന്നത്.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ കേരളത്തില്‍ മുഖ്യമന്ത്രി സി.അച്യുതമേനോനാണ്. പേരിനൊരു മുഖ്യമന്ത്രി - കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടിരുന്നത് ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍. ശിങ്കിടികളായ കുറേ പോലീസ് ഉദ്യോഗസ്ഥരും. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. അറിഞ്ഞില്ല എന്നതാണ് സ്ഥിതി. എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ മരണം ഏറെ കോളിളക്കമുണ്ടാക്കി. രാജന്റെ പിതാവ് ഈച്ചര വാര്യര്‍, അച്യുതമേനോന്റെ സമശീര്‍ഷരായിട്ടും കാലുപിടിച്ച് കേണിട്ടും മകന്റെ മരണത്തെക്കുറിച്ച് മിണ്ടാന്‍ മിനക്കെട്ടില്ല. ബോണസിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് മൊഴിഞ്ഞ മുഖ്യമന്ത്രിക്ക് അന്ന് കേരളത്തില്‍ നടന്നതും നടക്കുന്നതും എന്തെന്നറിയാനായില്ലെന്ന് സാരം.

അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം സുഖലോലുപരായിരുന്നു. ഇഎംഎസ്, എകെജി എന്നിവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ താഴേത്തട്ടിലുള്ള കുറേപ്പേര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടായി. ഇന്നത്തെ 'ഒന്നാം നമ്പര്‍' കാരന്‍ പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് നന്നായി അനുഭവിച്ചതാണ്. കണ്ണൂരിലെ കോണ്‍ഗ്രസുകാരും പോലീസും വേണ്ടുവോളം പെരുമാറി. പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു രോമകൂപവും പിണറായിയുടെ ദേഹത്തുണ്ടായിരുന്നില്ല. അന്ന് എംഎല്‍എ ആയിരുന്ന പിണറായി ആ കഥകള്‍ നിയമസഭയിലും അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ കണക്കാക്കുന്നത്. കേരളത്തില്‍ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ആ സമരത്തിനിടയില്‍ സര്‍വ്വവും നഷ്ടപ്പെട്ടു സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായി. അവര്‍ക്ക് ആശ്വാസം നല്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പല സംസ്ഥാന സര്‍ക്കാരുകളും രണ്ടാം സ്വാതന്ത്ര്യസമരമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. കേരളമെന്തേ ഇത് കേള്‍ക്കാത്തതെന്ന ചോദ്യം ഇന്നും എന്നും പ്രസക്തമാണ്.

comment

LATEST NEWS


വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.