×
login
മരങ്ങള്‍ രാഷ്ട്ര സ്വത്ത്; നശിപ്പിച്ചവര്‍ ജനദ്രോഹികള്‍; വനം കൊള്ളയിലൂടെ വഞ്ചനയും തട്ടിപ്പും - 3

താന്‍ മന്ത്രിയായിരുന്ന കാലത്തല്ല മരങ്ങള്‍ മുറിച്ചതെന്ന വാദമാണ് എ.കെ. ശശീന്ദ്രന്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് വയനാടിന്റെ ചുമതല ശശീന്ദ്രന് ഉണ്ടായിരുന്നു. പ്രകൃതി ദുരന്തവേളകളിലും, കൃഷിനാശം സംഭവിച്ചപ്പോഴും വയനാട് ജില്ലയുടെ ചുമതലക്കാരനായി മന്ത്രി രംഗത്ത് വന്നത് മറക്കാന്‍ സമയമായിട്ടില്ല. റവന്യൂ, വനം വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും മരംകൊള്ളക്ക് ഉത്തരവാദികളാണ്.

മസോണ്‍ കാടുകളില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ പരിസ്ഥിതി പ്രേമം മൂത്ത് സിപിഎം നേതാക്കള്‍ ഡല്‍ഹിയില്‍ തടിച്ചുകൂടി. കാട് നശിക്കുന്നതിനെതിരെ ബ്രസീലിയന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ പരാതി. പ്രതിഷേധ പരിപാടി ബ്രസീല്‍ സ്ഥാനപതി കാര്യാലയത്തിന് മുന്നിലാണ് സംഘടിപ്പിച്ചത്. ഇന്നത്തെ മന്ത്രിയും അന്നത്തെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ മുഹമ്മദ് റിയാസായിരുന്നു ഉദ്ഘാടകന്‍. ബ്രസീലില്‍ മരങ്ങള്‍ നശിച്ചതില്‍ രോഷം പൂണ്ട റിയാസിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. കേരളത്തിലുടനീളം സംരക്ഷിത മരങ്ങളില്‍ കോടാലി വീണപ്പോള്‍ അറിഞ്ഞ ഭാവമില്ല. ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പോലും മിണ്ടുന്നില്ല. വെട്ടിമുറിച്ച് മരം കൊള്ള നടത്തി കോടികളുടെ തട്ടിപ്പും വെട്ടിപ്പും നടത്തിയ സ്ഥലങ്ങളില്‍ അവരാരും എത്തിയിട്ടില്ല. ജൂണ്‍ 5ന് ആവര്‍ത്തിച്ച് പാടാനുള്ള വെറും പഴഞ്ചന്‍ പാട്ടായി  പരിസ്ഥിതി പ്രേമം മാറി.  

ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആലപ്പുഴ ജില്ലയില്‍ തോട്ടപ്പള്ളിയില്‍ തീര പ്രദേശത്ത്  700 കാറ്റാടി മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. സാമൂഹ്യവനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഉദ്ഘാടന മഹാമഹം ഗംഭീരമായി നടന്നു. അവ വളര്‍ന്ന് വന്‍മരമായി. രണ്ടു വര്‍ഷം മുമ്പ് ഒറ്റ രാത്രി കൊണ്ട് അവയെല്ലാം വെട്ടികടത്തിക്കളഞ്ഞു. സര്‍ക്കാറിന്റെ പോലീസ് സംരക്ഷണത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന വന്‍ മരം കൊള്ള! വെച്ച് പിടിപ്പിച്ചത് വനം മന്ത്രി.  പദ്ധതി സര്‍ക്കാറിന്റെ വനവല്‍ക്കരണം.വെട്ടിക്കടത്തിയത് സര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചുള്ള വീരവാദങ്ങളും പ്രത്യയശാസ്ത്ര കസര്‍ത്തുകളും വാചാലമാകുന്ന നിയമസഭാ പ്രസംഗങ്ങള്‍ അടുത്ത കാലത്തും കേരള ജനത കേട്ടു. സര്‍ക്കാറിന് വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ പാറ പൊട്ടിക്കുന്നതിന് മണല്‍വാരുന്നതിനും ഇളവ് അനുവദിച്ചുകൊണ്ടുള്ള പുതിയ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പരിസ്ഥിതി സ്‌നേഹികള്‍ ഞെട്ടലോടെയാണ് കേട്ടത്. പാറയും നദിയും കൊള്ളചെയ്യാന്‍ അനുവാദം കൊടുക്കുന്നതിന് മുമ്പ് മരങ്ങള്‍ മുറിച്ച് കൊള്ളലാഭം ഉണ്ടാക്കാന്‍ മാഫിയകള്‍ക്ക് തീറെഴുതി കൊടുത്തിരുന്നുവെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത് ഇപ്പോള്‍ മാത്രം.  

2020 ഒക്‌ടോബര്‍ ഇരുപത്തിനാലിലെ വിവാദമായ ഉത്തരവിന്റെ പേരില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തി കൈകഴുകാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഈ ഉത്തരവില്‍ ഏറ്റവും താഴെ ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭ അംഗീകരിച്ച് മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനമാണ് ഇതെന്നര്‍ത്ഥം. റവന്യൂ വനം വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും ഈ തീരുമാനത്തിന് ഉത്തരവാദികളാണ്.  

റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന്റെ ആദ്യത്തെകോപ്പി ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും രണ്ടാമത്തെ കോപ്പി മുഖ്യവനപാലകന്‍ അഥവാ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിനും (എച്ച്.ഒ.എഫ്.എഫ്) ആണ് നല്‍കിയിട്ടുള്ളത്. ഇവ രണ്ടുപേരുമാണ് റവന്യൂ - വനം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന തലവന്മാര്‍. സംരക്ഷിത വനങ്ങളുടെ പൂര്‍ണ്ണ ചുമതലയുള്ള മുഖ്യവനപാലകര്‍ ഈ ഉത്തരവ് കിട്ടിയപ്പോള്‍ എന്തുകൊണ്ട് നിശ്ശബ്ദത പാലിച്ചു. '' റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട്'' എന്ന് ഉത്തരവിന്റെ തലവാചകമായി വ്യക്തമായി രേഖപ്പെടുത്തിയിരിക്കെ, മുഖ്യ വന പാലകന്‍ അറിഞ്ഞില്ല, കേട്ടില്ല എന്ന ഇപ്പോള്‍ എങ്ങനെ പറയും? അതു കൊണ്ട് മരംകൊള്ള കേസിലെ മുഖ്യപ്രതികള്‍ വനം റവന്യൂ വകുപ്പുകളിലെ മന്ത്രിമാരും സെക്രട്ടറിമാരും മുഖ്യവനപാലകനുമാണ്. ഇതിനെല്ലാം രക്ഷാകര്‍ത്താവായി കുടപിടിച്ച മുഖ്യമന്ത്രിക്ക് ഇതില്‍ നിന്ന് ഒട്ടും ഒഴിഞ്ഞുമാറാനാവില്ല.  

താന്‍ മന്ത്രിയായിരുന്ന കാലത്തല്ല മരങ്ങള്‍ മുറിച്ചതെന്ന വാദമാണ് എ.കെ. ശശീന്ദ്രന്‍ ഉയര്‍ത്തുന്നത്. താന്‍ മന്ത്രിയായിരുന്നുവെങ്കില്‍ ഉത്തരവാദിത്തം ഏല്‍ക്കുമെന്നാണോ അര്‍ത്ഥമാക്കേണ്ടത്. മന്ത്രി ആരായിരുന്നുവെന്നതല്ല മന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന ഗൗരവമേറിയ തിരിച്ചറിവും രാഷ്ട്രീയ വിവേകവുമാണ് പ്രസക്തമായിട്ടുള്ളത്. പക്ഷേ കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് വയനാടിന്റെ ചുമതല ശശീന്ദ്രന് ഉണ്ടായിരുന്നു. പ്രകൃതി ദുരന്തവേളകളിലും, കൃഷിനാശം സംഭവിച്ചപ്പോഴും വയനാട് ജില്ലയുടെ ചുമതലക്കാരനായി മന്ത്രി രംഗത്ത് വന്നത് മറക്കാന്‍ സമയമായിട്ടില്ല.  

മരം വെട്ടി മുറിച്ച കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന റോജി അഗസ്റ്റിന്റെ രാഷ്ട്രീയ ബന്ധങ്ങളാണ് വിവാദ ഉത്തരവിന് കാരണമായത്. ഇടത് പക്ഷ നേതാക്കളോടൊപ്പം പ്രതി നില്‍ക്കുന്നതും അടുത്തിടപഴകുന്നതും ചിത്രങ്ങളിലൂടെ ജനങ്ങള്‍ കണ്ടു കഴിഞ്ഞു. മരങ്ങള്‍ വെട്ടിക്കടത്തിയ പ്രതികള്‍ക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. അവരെ അറസ്റ്റ് ചെയ്ത് ഫോണ്‍ കോള്‍ ലിസ്റ്റും മൂന്ന് മാസത്തെ ഇടപാടുകളും രാഷ്ട്രീയ ബന്ധങ്ങളും പരിശോധിക്കാന്‍ ഇന്നെ വരെ പോലീസ് തയ്യാറായിട്ടില്ല. പക്ഷേ വനവാസി സഹോദരങ്ങളും കര്‍ഷകരും പ്രതികളായി. കിട്ടിയ നോട്ടീസുമായി നിസ്സഹായരായി അവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.

വനം കൊള്ള നടന്ന സ്ഥലങ്ങളെല്ലാം പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍ക്കേണ്ടി വന്ന പ്രദേശം. ഈ മരം കൊള്ള നമ്മുടെ പരിസ്ഥിതിയെ ആകെ തകിടം മറിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിനും ഇടയാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

വിവാദ ഉത്തരവിറങ്ങിയ നാള്‍ മുതല്‍ പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഒരു മാസം തികയുന്നതിന് മുമ്പ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം മരം വെട്ടുകാരുടെയും മാഫിയകളുടെയും സ്വാധീനവലയത്തിലായിരുന്ന മന്ത്രിമാര്‍ അനങ്ങിയില്ല. തടി കടത്താനുള്ള അപേക്ഷ റെയിഞ്ച് ഓഫീസര്‍ മടക്കിയിട്ടും വില്ലേജ് ഓഫീസര്‍ മറുപടി നല്‍കിയില്ല. ഡിസംബര്‍ 13 ന് വയനാട് കലക്ടര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. 15ന് കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി. ആശ ഉത്തരവിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് വിധിയെഴുതി. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. കൊള്ളക്കാര്‍ക്ക് മരം കടത്താനുള്ള സാവകാശം നല്‍കാനുള്ള തിരക്കിലായിരുന്നു അവര്‍ . പ്രതിഷേധം ശക്തിപ്പെടുന്നുവെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഫെബ്രുവരി 2 ന് ഉത്തരവ് റദ്ദാക്കിയത്.

മരം വെട്ടുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കുറ്റങ്ങളും പിഴവുകളുമാണ് ഉണ്ടായിട്ടുള്ളത്.

  • സര്‍ക്കാര്‍ വക സ്വത്തായ റിസര്‍വ്വ് മരങ്ങള്‍ മോഷ്ടിച്ചു കടത്തി.
  • പൊതുമുതല്‍ നശിപ്പിച്ചു
  • പട്ടികവര്‍ഗ്ഗക്കാരെ ചതിച്ചു, കബളിപ്പിച്ചു
  • നിയമവിരുദ്ധമായ ഉത്തരവുകള്‍ ഇറക്കി ഭരണാധികാരികള്‍ സര്‍ക്കാറിന് വന്‍ നഷ്ടം വരുത്തി.  

വിവിധ ആക്ടുകളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങള്‍ നടത്തി നാടിന് വന്‍ നഷ്ടം വരുത്തിയവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളെടുക്കാന്‍ വൈകിക്കൂടാ. ഈ പകല്‍ കൊള്ളയ്ക്കും രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്ന മുഖ്യമന്ത്രി മുതല്‍ വനം റവന്യൂ ഉദ്യോഗസ്ഥര്‍ വരെയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ജനവികാരം ഉയരണം. രാഷ്ട്രത്തിന്റെ സ്വത്തായ റിസര്‍വ് മരങ്ങള്‍ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്ന രാഷ്ട്ര സ്‌നേഹികളുടെ ശബ്ദം മേലധികാരികള്‍ കേള്‍ക്കണം. അതിനായി നാട് ഉണരണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.