login
കിഫ്ബി‍ പരമാധികാര റിപ്പബ്ലിക്കോ? കിഫ്ബിയില്‍ മേല്‍ നോട്ടത്തിനായി നിയോഗിച്ചിട്ടുള്ള മുന്‍ സി.എ.ജി. എന്തുകൊണ്ട് മിണ്ടുന്നില്ല

മുന്‍ സിഎജി വിനോദ് റായ്, റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തോരത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി പത്മനാഭന്‍ എന്നിവര്‍ കിഫ്ബി ഫണ്ട് ട്രസ്റ്റി ഉപദേശക സമിതി അംഗങ്ങളാണ്‌

കിഫ്ബി ഫണ്ട് ട്രസ്റ്റി ഉപദേശക സമിതി അംഗങ്ങളായ മുന്‍ സിഎജി വിനോദ് റായ്,റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തോരത്ത്

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

 

രണഘടനാ സ്ഥാപനമായ സി.എ.ജി.യ്ക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ക്കുമെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്.

ഭരണഘടനയില്‍ അചഞ്ചലമായ  കൂറും വിശ്വാസവും പുലര്‍ത്തും, പക്ഷപാതം കാണിക്കില്ല, അറിവില്‍പ്പെടുന്ന ഔദ്യോഗിക രഹസ്യങ്ങള്‍ ഭരണ നിര്‍വ്വഹണത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ല തുടങ്ങിയ സത്യപ്രതിജ്ഞാ വാക്യങ്ങളാണ് ലംഘിക്കപ്പെട്ടത്.  കിഫ്ബിയുടെ ചെയര്‍മാനായ  മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ ധനമന്ത്രിയും കേരള നിയമസഭയിലും ഗവര്‍ണര്‍ മുമ്പാകെയും  രണ്ടു തവണ മേല്‍പ്പറഞ്ഞ സത്യപ്രതിജ്ഞ  ചെയ്താണ് അധികാരമേറ്റത്.  

കേരള ഹൈക്കോടതിയില്‍ കിഫ്ബിയിലെ  നിയമ ലംഘനങ്ങളെക്കുറിച്ച് രഞ്ജിത്ത് കാര്‍ത്തികേയന്‍ നല്‍കിയ റിട്ട് ഹര്‍ജി നിലനില്‍ക്കുമ്പോഴാണ്  മുഖ്യമന്ത്രിയും ധനമന്ത്രിയും സി.എ.ജി.യ്ക്കും അന്വേഷണ ഏജന്‍സിക്കുമെതിരെ  കടന്നാക്രമണം നടത്തിയത്.   ഈ കേസില്‍ സി.എ.ജി. എതിര്‍കക്ഷിയാണ് നിയമ വിരുദ്ധം എന്ന് സി.എ.ജി. കണ്ടെത്തിയ  റിസര്‍വ്വ്  ബാങ്ക,്  ആക്‌സിസ് ബാങ്കിനു നല്‍കിയ  എന്‍.ഒ. സി. ഈ കേസില്‍ ഹാജരാക്കിയിട്ടുണ്ടെന്ന്  ഹര്‍ജിക്കാരന്റെ വക്കീല്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇ.ഡി.യ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന  നിരവധി അഭിഭാഷകര്‍ക്ക്  കോടതിയിലെ പൊതുരേഖ എന്ന നിലയില്‍ ഹാജരാക്കിയ എന്‍. ഒ. സി.  ലഭിക്കാന്‍ എളുപ്പമാണ്.   ഈ എന്‍.ഒ. സി. യുടെ അടിസ്ഥാനത്തില്‍  വിദേശ നാണയ വിനിമയ നിയമങ്ങളും  ചട്ടങ്ങളും (ഫെമാ നിയമം 1999) ലംഘിക്കപ്പെട്ടോ എന്ന് അന്വേഷിക്കാന്‍ ഇ. ഡി.യ്ക്ക് അധികാരമുണ്ട്.  അതനുസരിച്ചാണ്  ഇ. ഡി.  റിസര്‍വ്വ് ബാങ്കിനോട് വിശദീകരണം തേടിയിരിക്കുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ മറുപടി എന്തുതന്നെയായലും   അത് ഹൈക്കോടതിയുടെയും  സുപ്രീം കോടതിയുടെയും  പരിഗണനയില്‍ വരും.  ഉപാധികളോടെയാണ് റിസര്‍വ്വ് ബാങ്ക്  എന്‍. ഒ. സി.  നല്‍കിയതെന്നും ഭരണ ഘടനയുടെ അനുഛേദം 293 (1) ലംഘിക്കപ്പെട്ടോ ഇല്ലയോ എന്നു നോക്കേണ്ടത് കിഫ്ബിയും  ആക്‌സിസ് ബാങ്കിന്റെയും ചുമതലയാണ്  എന്നോക്കെ പറഞ്ഞാലും  ഭരണഘടനാ സ്ഥാപനമായ സി.എ.ജി. നിയമ വിരുദ്ധമെന്ന്  കണ്ടെത്തിയ  ഈ എന്‍.ഒ. സി.യുടെ നിയമ സാധ്യത  ബന്ധപ്പെട്ട കോടതികളില്‍  പരിശോധിക്കപ്പെടും.  

സി.എ.ജി.യുടെ അന്തിമ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെന്നു  കേരള സര്‍ക്കാരിനു തോന്നിയാല്‍  അത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്തി  നിയമപരമായി പരിഹരിക്കാവുന്നതാണ്. എന്നാല്‍ അത്തരം നിയമ നടപടികള്‍  സ്വീകരിക്കുന്നതിനു പകരം  അന്വേഷണ ഏജന്‍സികളെ  സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകളാണ്  മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയിട്ടുള്ളത്. മുഖ്യ മന്ത്രിയുടെയും ധനമന്ത്രിയുടെയും  സി.എ.ജി.യ്ക്കും ഇ.ഡി.യ്ക്കും  എതിരെയുള്ള പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയില്‍ നിലവിലുള്ള  കേസില്‍  അവരെക്കൂടി കക്ഷി ചേര്‍ക്കാന്‍ വേണമെങ്കില്‍ ഉപഹര്‍ജി നല്‍കാവുന്നതാണ്. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തുവെന്നുള്ള ആരോപണം നിയമപരമായി നിലനില്‍ക്കുന്നതല്ല.  

ഭരണഘടനാ ലംഘനവും വിദേശ നാണയ വിനിമയ നിയമലംഘനവും  ചൂണ്ടിക്കാണിക്കാന്‍ കരട് റിപ്പോര്‍ട്ടില്‍ സി.എ.ജി.യ്ക്ക് രണ്ട് ഖണ്ഡികകള്‍ ധാരാളം മതി. അവയില്‍ ഗവണ്‍മെന്റ്  നല്‍കിയ മറുപടിയും   അതിന്മേലുള്ള  കണ്ടെത്തലുകളും കൂടിച്ചേരുമ്പോഴാണ്  സി.എ. ജി. യുടെ  അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് നാല് പേജായി മാറുന്നത്.  

കിഫ്ബി കമ്പനി നിയമപ്രകാരം രൂപീകരിച്ച കമ്പനിയല്ല.  2013-ലെ കമ്പനി നിയമം വകുപ്പ്  1 (4എഫ്), 2(11) പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ  ഗസറ്റ്  വിജ്ഞാപനം ഇല്ലാത്തതുകൊണ്ട് ഇതൊരു കോര്‍പ്പറേറ്റ്  ബോഡിയല്ല. കമ്പനിയായിരുന്നെങ്കില്‍ അവിടെ ഒരു  കമ്പനി സെക്രട്ടറി, മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥനും ഉണ്ടാകുമായിരുന്നു. എങ്കില്‍ അവര്‍ ഇത്തരം നിയമ ലംഘനങ്ങളെ തടയുമായിരുന്നു.

199-ലെ കിഫ്ബി നിയമപ്രകാരം (2000-ലെ 4-ാം നമ്പര്‍ നിയമം) സംസഥാന ഗവണ്‍മെന്റ് രൂപീകരിച്ച ഒരു ബോര്‍ഡാണ് കിഫ്ബി. അടിസ്ഥാന മേഖലാ വികസനത്തിന്  പണം കണ്ടെത്തി  നല്‍കുക എന്നുള്ളതാണ്  കിഫ്ബിയുടെ ഉദ്ദേശ ലക്ഷ്യം. സംസ്ഥാന ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ 1993-ല്‍ രൂപീകരിച്ച കിന്‍ഫ്രയുടെ  ലക്ഷ്യവും ഇതുതന്നെയാണ്.  സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനത്തിന് കടപ്പത്രമിറക്കി വിദേശത്തുനിന്ന് പണം കടമായി സ്വീകരിക്കാന്‍  ഭരണഘടനാ അനുഛേദം 293(1) പ്രകാരം കേന്ദ്രഗവണ്‍മെന്റിന്റെ  അനുമതി വേണം.   ഈ അനുമതി ഇല്ലാത്തതുകൊണ്ടാണ് കിഫ്ബിക്കു  വിദേശത്തുനിന്ന്  വിദേശ നാണയ വിനിമയ നിയമം  (ഫെമ 1999) അനുസരിച്ച്  റിസര്‍വ്വ് ബാങ്ക്,  ആക്‌സിസ് ബാങ്കിനു നല്‍കിയ എന്‍.ഒ. സി. നിയമ വിരുദ്ധമെന്ന് സി.എ.ജി. കണ്ടെത്തിയത്. കിഫ്ബി ഒരു ബോഡികോര്‍പ്പറേറ്റ്  അല്ലായെന്ന്  വിലയിരുത്താന്‍ പറ്റിയ സാഹചര്യം നിലവില്‍ റിസര്‍വ്വ് ബാങ്കില്‍ ഇല്ലെങ്കില്‍ 1939-ലെ  റിസര്‍വ്വ്  ബാങ്ക് നിയമം ഭേദഗതി ചെയ്ത് അതിനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്.  

മസാല ബോണ്ട് ഇറക്കി കനേഡിയന്‍ കമ്പനിയായ ലാവലിനുമായി ബന്ധമുള്ള വിദേശ കമ്പനിയില്‍ നിന്നും കിഫ്ബി ആക്‌സിസ് ബാങ്ക് വഴി  രണ്ടായിരത്തി ഒരുനൂറ്റി അന്‍പത്  കോടി രൂപാ കടമായി  സ്വീകരിച്ചത് ഭരണഘടനാ ലംഘനവും ഫെമാ നിയമ ലംഘനവുമാണെന്ന് സി.എ.ജി. കണ്ടെത്തി.  

മുന്‍ സി.എ.ജി.യെ കിഫ്ബിയില്‍ മേല്‍ നോട്ടത്തിനായി നിയോഗിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി പറയുന്നു.  മുന്‍ സി.എ.ജി. യുടെ  ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. 2013 ഓക്‌ടോബര്‍ 31 റിസര്‍വ്വ് ബാങ്കില്‍ നിന്നും വിരമിച്ച വിദഗ്ധന്‍ കിഫിബിയുടെ ഭരണ സമിതിയില്‍ ഉള്ളതായി വെബ്‌സൈറ്റില്‍ കാണുന്നു. സി.എ.ജി. നിയമവിരുദ്ധമെന്ന് കണ്ടെത്തിയ എന്‍.ഒ. സി. റിസര്‍വ്വ് ബാങ്കില്‍  നിന്ന്  ലഭ്യമാക്കാന്‍ ഇദ്ദേഹം എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. 1992-ലെ സെവി നിയമ പ്രകാരം കിഫ്ബിയുടെ മേല്‍ സെവിയ്ക്ക് യാതൊരധികരവുമില്ല.  ലിസ്റ്റ്ഡ് കമ്പനികളില്‍ മാത്രമാണ് സെവിക്ക് നിയന്ത്രണാധികാരം ഉള്ളത്.

നിയമ വഴികളിലൂടെയല്ലാതെ  അധികാരപ്പെട്ട അന്വേഷണ ഏജന്‍സികളെ തടസ്സപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.  ഇപ്പോള്‍ ധനമന്ത്രി പറയുന്നത്   കിഫ്ബി ഒരു സബ്‌സോവറിന്‍ ആണെന്നാണ്. ഭാരതമെന്ന പരമാധികാര സ്വതന്ത്ര രാജ്യത്ത് മറ്റൊരു പരമാധികാര സംസ്ഥാനവും സ്ഥാപനവും അസാധ്യമാണ്.

കിഫ്ബി മസാല ബോണ്ട് ഇറക്കുന്ന കാര്യത്തില്‍ നിയമവകുപ്പ് സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റേയും ഉപദേശം   തേടിയോ എന്ന് ഗവണ്‍മെന്റ്  വ്യക്തമാക്കിയിട്ടില്ല.  2019 ജനുവരി 20ന്  മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബ്യൂറോ (ബി. പ ി.ഇ) പ്രസിദ്ധീരിച്ച 118 പൊതുമേഖലാ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച് പരാമര്‍ശമില്ല.

ഇപ്രകാരം ഭരണഘടന ലംഘിക്കപ്പെട്ടാല്‍  കേന്ദ്ര സര്‍ക്കാരിന്  അനുഛേദം 356 പ്രകാരം കേരള സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും  അധികാരമുണ്ട്.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.