×
login
മാഘ മകമഹോത്സവം; നഷ്ടപ്പെട്ട പൈതൃകത്തിന്റെ വീണ്ടെടുപ്പ്

ഇക്കൊല്ലത്തെ മാഘ മക മഹോത്സവം നാളെയും മറ്റന്നാളുമായി ത്രിമൂര്‍ത്തി സ്നാനഘട്ടിന്റെ ഇരുകരകളിലും നടക്കുകയാണ്. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി ഇക്കൊല്ലം പങ്കെടുക്കുന്നതോടെ ത്രിമൂര്‍ത്തി സ്നാന ഘട്ടിലെ മാഘ മക മഹോത്സവത്തിന് ഔദ്യോഗിക പരിവേഷം വന്നുകഴിഞ്ഞു. ചരിത്ര പ്രാധാന്യമുളള മാഘ മക മഹോത്സവത്തിന്റെ പുനരാരംഭം കേരള നവോത്ഥാനത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും എന്നത് നിസ്തര്‍ക്കമാണ്‌

പി. സുധാകരന്‍

മ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പല മേഖലകളും അധിനിവേശശക്തികളുടെ കരവാളിനാല്‍ തകര്‍ന്നു പോയിട്ടുണ്ട്. അതിലൊന്നാണ് കേരളത്തിലെ ഏക നദീ ഉത്സവമായ മാഘ മകമഹോത്സവം. ഐതിഹ്യത്തെ ആധാരമാക്കിയുള്ള വിശ്വാസ പ്രകാരം ഹിന്ദുക്കളുടെ പുണ്യനദിയാണ് ഭാരതപ്പുഴ. ഭാരതപ്പുഴ ഒഴുകുന്ന ത്രിമൂര്‍ത്തി സ്നാനഘട്ട് കേന്ദ്രീകരിച്ചാണ് മാഘ മക മഹോത്സവം നടന്നിരുന്നത്. മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ വടക്കെ കരയിലുള്ള നാവാമുകുന്ദ ക്ഷേത്രവും തെക്കേക്കരയിലുള്ള ബ്രഹ്മാവിന്റെയും ശിവന്റെയും ക്ഷേത്രങ്ങളും, ദേവീ ശക്തിയുടെ പ്രതീകമായി മദ്ധ്യേ ഭാരതപ്പുഴയുമുള്ള ത്രികോണാകൃതിയിലുള്ള ഭാഗമാണ് ത്രിമൂര്‍ത്തി സ്നാനഘട്ട്, ദക്ഷിണ ഭാരതത്തിലെ ഹിന്ദുക്കളുടെ പവിത്രമായ ദേവസ്ഥാനം.

മാമാങ്കം എന്ന പേരിലും അറിയപ്പെടുന്ന മാഘ മകമഹോത്സവത്തിന്റെ തുടക്കത്തെക്കുറിച്ച് രേഖയൊന്നുമില്ല. സംഘകാല കൃതികളിലും മറ്റുമുള്ള സൂചനപ്രകാരം പരശുരാമനാണ് ഭാരതപ്പുഴയുടെ ഉപജ്ഞാതാവ്. കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന്‍ ബ്രഹ്മാവിനെക്കൊണ്ട് ഭാരതപ്പുഴയുടെ തെക്കേ കരയിലുള്ള താപസന്നൂരില്‍ (ഇന്നത്തെ തവനൂര്‍) ഒരു മഹായാഗം നടത്തി. മഹാവിഷ്ണു, ശിവന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷിമാരൊക്കെ യാഗത്തില്‍ സന്നിഹിതരായിരുന്നു. മാഘ മാസത്തില്‍ 28 ദിവസം നീണ്ടു നിന്നതായിരുന്നു ആ യാഗം. നിളയുടെ കരയില്‍ നടന്ന യാഗത്തിന്റെ ശ്രേഷ്ഠതയാല്‍ ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യം യാഗാന്ത്യം വരെ ഭാരതപ്പുഴയില്‍ ഉണ്ടായെന്ന് പരശുരാമന്‍ മനസ്സിലാക്കി. എല്ലാ വര്‍ഷവും മാഘമാസത്തില്‍ 28 ദിവസവും ഭാരതപ്പുഴയില്‍ സപ്ത നദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും ഇത് ഭാരതപ്പുഴയുടെ ഉത്സവമായി ആഘോഷിക്കണമെന്ന് പരശുരാമന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വിശ്വാസം.  

ഈ ദിവസങ്ങളില്‍ ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ സ്നാനം ചെയ്താല്‍ സപ്തനദികളില്‍ സ്നാനം ചെയ്ത ഫലമുണ്ടാകുമെന്നും വിശ്വസിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍  രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഈ ദിവസങ്ങളില്‍ നിളയില്‍ സ്നാനം ചെയ്യാന്‍ എത്തിയിരുന്നുവത്രെ. ചേരമാന്‍ പെരുമാളിന്റെ കാലം തൊട്ടാണ് ഇതിന് നടത്തിപ്പിന്റെ സ്വഭാവം വന്നത്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് നേതൃത്വം നല്‍കുക എന്നത് മാന്യമായ ഒരു സ്ഥാനലബ്ധി തന്നെയായിരുന്നു. പിന്നീട് മാഘ മകമഹോത്സവത്തിന് നേതൃത്വം നല്‍കിയിരുന്നത് അതാതു കാലത്തെ പെരുമാക്കന്മാരായിരുന്നു.


മാഘ മകമഹോത്സവത്തില്‍ നിളാ സ്നാനമാണ് മുഖ്യമെങ്കിലും അനേകം ജനങ്ങള്‍ കൂടിച്ചേരുന്നതിനാല്‍ പാണ്ഡിത്യ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു. ചേരമാന്‍ പെരുമാളിനു ശേഷം ഒരു നൂറ്റാണ്ടുകാലം മാഘമകം നടത്തിയിരുന്നത് വള്ളുവനാട് രാജാവായിരുന്നു. ഒരു മാമാങ്ക കാലത്ത് സാമൂതിരിയുടെ സൈന്യം വള്ളുവക്കോനാതിരിയെ വധിച്ചു കൊണ്ട് മഹോത്സവത്തിന്റെ നടത്തിപ്പ് സാമൂതിരിക്ക് നേടിക്കൊടുത്തു. പവിത്രവും ഭക്തിനിര്‍ഭരവുമായ ഭാരതപ്പുഴയുടെ ഉത്സവത്തില്‍ രക്തം ചിന്തിയത് അന്നു മുതലാണ്. മാമാങ്കം നടത്താനുള്ള അധികാരം വള്ളുവനാട്ടിനു തിരികെ ലഭിക്കണമെങ്കില്‍ സാമൂതിരിയെ വധിക്കേണ്ടതുണ്ട്. പിടിച്ചടക്കിയ അധികാരം നിലനിര്‍ത്തേണ്ടത് സാമൂതിരിയുടേയും അഭിമാന പ്രശ്നമായി. സാമൂതിരിയെ വധിക്കാന്‍ വള്ളുവനാട്ടിലെ യോദ്ധാക്കള്‍ മാമാങ്ക കാലത്ത് തിരുന്നാവായയില്‍ പൊരുതാനുറച്ച് വന്നു തുടങ്ങി. വയ്യാവിനാട്ട് മുപ്പതിനായിരവും നെന്‍മിനി ചാത്തിരരും അകമ്പടിയുള്ള സാമൂതിരിപ്പടയുടെ വാള്‍ത്തലപ്പില്‍ വള്ളുവനാട്ടിലെ യോദ്ധാക്കള്‍ പിടഞ്ഞൊടുങ്ങി. മാമാങ്കം ഇതോടെ പൂര്‍ണ്ണമായും രക്തപങ്കിലമായി. പുണ്യനദികളുടെ സാന്നിദ്ധ്യമുള്ള നിളയില്‍ സ്നാനം ചെയ്യാനും ഭാരതപ്പുഴയുടെ ഉത്സവം നടത്താനുമാണ് സാമൂതിരിമാര്‍ തിരുന്നാവായയിലേക്ക് എഴുന്നള്ളുന്നതെന്ന് സാമൂതിരി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. നമുക്കെല്ലാം അറിയാവുന്നത് ചാവേറുകള്‍ വന്നു തുടങ്ങിയത് തൊട്ടുള്ള മാമാങ്ക ചരിത്രമാണ്. ഏറ്റവും പുതിയ രേഖ പ്രകാരം എ.ഡി. 1766 ലാണ് ഒടുവിലെ മാമാങ്കം നടന്നത്. ആ കൊല്ലത്തെ മാമാങ്ക സമയത്താണ് ടിപ്പുവും പടയും പന്തലായനി കൊല്ലത്തു തമ്പടിച്ചത്. മാമാങ്കം കഴിഞ്ഞ് മൂന്നാമത്തെ ദിവസം സാമൂതിരി തിരുന്നാവായയില്‍ നിന്നും ടിപ്പുവുമായി സന്ധിയിലേര്‍പ്പെടാന്‍ നേരിട്ടു ചെന്നു. ടിപ്പു, സാമൂതിരിയെ ബന്ധനത്തിലാക്കി കോഴിക്കോട്ടെത്തിക്കുകയും അയ്യമ്പാടി കോവിലകത്ത് തടവിലായിരിക്കെ ഈ സാമൂതിരി വെടിമരുന്നു പുരയ്ക്ക് തീകൊടുത്ത് ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. അതില്‍പ്പിന്നീട് ബ്രിട്ടീഷ് ഭരണം കൂടി വന്നതോടെ മാമാങ്ക മഹോത്സവം നിലച്ചുപോയി. കേരളത്തിലെ മഹത്തായ ഈ സാംസ്‌ക്കാരികോത്സവം പുനരാരംഭിക്കണമെന്ന ചിന്തയും ആഗ്രഹവും ചരിത്രകാരന്‍ കൂടിയായ തിരൂര്‍ ദിനേശിനുണ്ടായത് പൂര്‍വ്വിക നിയോഗമായിരിക്കാം.

നഷ്ടപ്പെട്ട പൈതൃകത്തിന്റെ വീണ്ടെടുപ്പിനുള്ള അദ്ദേഹത്തിന്റെ ഈ ചിന്തയ്ക്ക് സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, മാതാ അമൃതാനന്ദമയി, സ്വാമിനി അതുല്യാമൃത ചൈതന്യ, മഹാകവി അക്കിത്തം, ആചാര്യശ്രീ എം.ആര്‍. രാജേഷ്, പി.കെ. രാമവര്‍മ്മ തുടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ വലിയൊരു നിരയും സംന്യാസി സമൂഹവും നല്‍കിയ പിന്തുണയും 2016ല്‍ ചെറിയ രീതിയില്‍ മാഘ മക മഹോത്സവം തുടങ്ങി വയ്ക്കാന്‍ പ്രേരണയും പ്രചോദനവും നല്‍കി.

2018 ലാണ് എ.ഡി. 1766 ല്‍ നിലച്ചുപോയ കേരളത്തിന്റെ സാംസ്‌കാരികോത്സവം പുന:സ്ഥാപിച്ചത്. തിരൂര്‍ ദിനേശന്‍ ഡയറക്ടറായ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷനും ഉഗ്ര നരസിംഹ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ചെറിയ രീതിയില്‍ തുടങ്ങിയ മാഘ മകമഹോത്സവം ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഇക്കൊല്ലത്തെ മാഘ മക മഹോത്സവം നാളെയും മറ്റന്നാളുമായി ത്രിമൂര്‍ത്തി സ്നാനഘട്ടിന്റെ ഇരുകരകളിലും നടക്കുകയാണ്. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി ഇക്കൊല്ലം പങ്കെടുക്കുന്നതോടെ ത്രിമൂര്‍ത്തി സ്നാന ഘട്ടിലെ മാഘ മക മഹോത്സവത്തിന് ഔദ്യോഗിക പരിവേഷം വന്നുകഴിഞ്ഞു. ചരിത്ര പ്രാധാന്യമുളള മാഘ മക മഹോത്സവത്തിന്റെ പുനരാരംഭം കേരള നവോത്ഥാനത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും എന്നത് നിസ്തര്‍ക്കമാണ്. ഭാരതപ്പുഴയിലെ പവിത്രമായ ത്രിമൂര്‍ത്തി സ്നാനഘട്ടിലെ മാഘ മക മഹാത്സവം ഭാരതീയ കലകളുടെയും വിദ്വല്‍ സദസ്സിന്റേയും, സംന്യാസി സമൂഹത്തിന്റെയും സംഗമ വേദിയായി ദക്ഷിണ കുംഭമേളയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

ഈ വര്‍ഷത്തെ മാഘമക മഹോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെങ്കിലും ഇനിയുള്ള കാലം ജന്മസാഫല്യം നേടുന്നതിന് മാഘമാസത്തില്‍ ജനലക്ഷങ്ങള്‍ സമ്മേളിക്കുന്ന സംഗമഭൂമിയായി തിരുന്നാവായയും, താപസന്നൂരും ചേര്‍ന്ന തപോഭൂമിയായ ഭാരതപ്പുഴയിലെ ത്രിമൂര്‍ത്തി സ്നാനഘട്ട് മാറുമെന്ന് പ്രത്യാശിക്കാം.

  comment

  LATEST NEWS


  മലയാള സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20


  കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.