×
login
അടിമുടി കലാകാരനായ നെടുമുടി

അടിയന്തരാവസ്ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ കോളജ് കാമ്പസുകള്‍ വീണ്ടും സജീവമായി വരുന്ന അന്തരീക്ഷം. ഞാനന്ന് മഹാരാജാസില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ ചെയ്യുന്നു. കലാശാലകളില്‍ വീണ്ടും കലയുടെ നൂപുരധ്വനികള്‍ ഉയര്‍ന്നു തുടങ്ങുന്നു. കവിതകള്‍ ഉറച്ചുചൊല്ലുവാനും അതില്‍ തന്നെ കുറച്ച് ആധുനികത കലര്‍ത്തി തെല്ലഹങ്കരിക്കുവാനും വെമ്പുന്ന യൗവ്വനം സജീവമാകുന്ന കാലം.

പ്രൊഫ. പി.ജി. ഹരിദാസ്

സംസ്ഥാന അധ്യക്ഷന്‍

തപസ്യ കലാസാഹിത്യവേദി

രു നടന്‍ അല്ല, ഒരു വലിയ കലാകാരന്‍ വിടവാങ്ങിയതിന്റെ ദുഃഖം അനുഭവിക്കുകയാണ് കേരളം. നെടുമുടി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ വിരിയുന്ന രൂപത്തിന് അനവധി ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ സാധിക്കും. കലയുടെ മര്‍മം അറിഞ്ഞ കലാകാരനു മാത്രമേ ഇത്ര ലാഘവത്തോടെയും സ്വാഭാവികമായും സര്‍ഗവൈഭവം പ്രകടമാക്കുവാന്‍ സാധിക്കൂ. നടപ്പിലും എടുപ്പിലും സംസാരിക്കുന്ന ഓരോ വാക്കിലും പാടുന്ന ഓരോ വരികളിലും നിറയുന്ന കലാവൈഭവം എന്തെന്ന് നാം അറിയുന്നത് വേണുവിനെപ്പോലെയുള്ള വരസിദ്ധി നേടിയ കലാകാരന്മാരെ അറിയുമ്പോഴാണ്.

അടിയന്തരാവസ്ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ കോളജ് കാമ്പസുകള്‍ വീണ്ടും സജീവമായി വരുന്ന അന്തരീക്ഷം. ഞാനന്ന് മഹാരാജാസില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ ചെയ്യുന്നു. കലാശാലകളില്‍ വീണ്ടും കലയുടെ നൂപുരധ്വനികള്‍ ഉയര്‍ന്നു തുടങ്ങുന്നു. കവിതകള്‍ ഉറച്ചുചൊല്ലുവാനും അതില്‍ തന്നെ കുറച്ച് ആധുനികത കലര്‍ത്തി തെല്ലഹങ്കരിക്കുവാനും വെമ്പുന്ന യൗവ്വനം സജീവമാകുന്ന കാലം. ഒരു നവംബര്‍ മാസത്തില്‍ മഹാരാജാസിന്റെ മനോഹരമായ ചത്വരത്തില്‍ തറകെട്ടി നിര്‍ത്തിയ വൃക്ഷങ്ങളോടു ചേര്‍ന്ന് കുരുത്തോലകള്‍കൊണ്ടലങ്കരിച്ച ഒരു വേദി പ്രത്യക്ഷപ്പെടുന്നു. കാവാലത്തിന്റെ നാടകം അരങ്ങേറുകയാണ് എന്നറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടി. ഓരോ കലാകാരന്റെയും അഭിനയത്തികവു മാത്രമല്ല ചലന സാധ്യതകളെയും ഭാഷാ പ്രയോഗ വൈദഗ്ധ്യത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ട് 'അവനവന്‍ കടമ്പ' എന്ന നാടകമാണ് അവിടെ അവതരിപ്പിച്ചത്.

അവിടെ കൂടിനിന്ന കാഴ്ചക്കാരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ക്കൂടി അരങ്ങുണര്‍ത്തിക്കൊണ്ട് രണ്ടു സംഘങ്ങള്‍ കടന്നുവരുന്നു. പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളും തോളത്ത് ഒരു കുറുകിയ ചെണ്ട തൂക്കിയിട്ടു കണ്ണില്‍ കുസൃതി നിറയുന്ന ഭാവവുമായി രംഗത്തേയ്ക്കു വന്ന് 'ഓഹോയ്' എന്ന് നാടന്‍മട്ടില്‍ ശബ്ദമുണ്ടാക്കിയ പാട്ടുപരിഷകളുടെ നേതാവിനെ ഞങ്ങളെല്ലാം ശ്രദ്ധിച്ചു. വേണു ആയിരുന്നു അത്. ആട്ടപ്പണ്ടാരങ്ങളുടെ നേതൃസ്ഥാനത്ത് കൊടിയേറ്റം എന്ന വാക്കിന്റെ അകമ്പടിയോടെ വിഖ്യാതനായ ഗോപിയും. കലയുടെ ഒരു മഹാപ്രപഞ്ചം വിരിയുകയായിരുന്നു അവിടെ. അടിമുടി കലാകാരന്മാരായ അഭിനേതാക്കളുടെ അത്ഭുതകരമായ സര്‍വവൈഭവത്തിലും നാടകത്തിലെ സംഭാവനകളില്‍ ഒളിപ്പിച്ചുവച്ച സാമൂഹ്യവിമര്‍ശനങ്ങളിലും നാടന്‍പാട്ടിന്റെ ശീലുകളും നാടന്‍വാദ്യമേളങ്ങളും എല്ലാംകൂടി സൃഷ്ടിച്ച ഒരു മാസ്മരിക അന്തരീക്ഷം.

വേണുവിന്റെ ചലനങ്ങളോരോന്നും സദസ്സിന്റെ കയ്യടി നേടുന്നുണ്ടായിരുന്നു. വാചകങ്ങളാകട്ടെ പിന്നീട് കാമ്പസിന്റെ വായ്ത്താരിയായി മാറുന്നതായി. ആ കലാകാരനെ പിന്നീട് ഭരതന്റെ ആരവത്തിലെ 'മുക്കുറ്റി തിരുതാളി' പാടിത്തകര്‍ക്കുന്ന അഭിനേതാവായിരുന്നപ്പോഴും ശ്രദ്ധിക്കപ്പെട്ടത് ആ നടന്റെ പദചലനങ്ങളും അസാമാന്യ മെയ്‌വഴക്കവുമാണ്. പിന്നീട് വന്ന പതിറ്റാണ്ടുകളിലൂടെയുള്ള ആ മഹാനാടന്റെ ജൈത്രയാത്ര മലയാള സിനിമയിലെ നായകസങ്കല്‍പ്പത്തെപ്പോലും മാറ്റിമറിക്കുകയായിരുന്നു.

തപസ്യയുടെ വേദിയില്‍ 31-ാം വാര്‍ഷികത്തിന് തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹം സംസാരിച്ചത് കലാരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചു കൂടിയായിരുന്നു. കലാരംഗത്തെ സംരക്ഷിക്കുന്നതിന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം ആവശ്യമാണ് എന്ന് നാടന്‍ പാട്ടിന്റെ ശീലുകളുയര്‍ത്തി അദ്ദേഹം പ്രവര്‍ത്തകരെ മനസ്സിലാക്കുകയായിരുന്നു. നെടുമുടി വേണുവിനെപ്പോലെ കലയുടെ സൂക്ഷ്മാംശങ്ങളെ പഠിക്കുവാനും അത് ആരിലും അദ്ഭുതം ഉളവാക്കുന്ന തരത്തില്‍ അവതരിപ്പിക്കാനും കഴിയുന്ന വളരെ കുറച്ച് കലാകാരന്മാരെ ഉണ്ടാകൂ.

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.