×
login
പാറശ്ശാലയിലെ വിപ്ലവത്തിരുവാതിര

ഇതുകണ്ട് കൈയടിച്ച് അംഗീകരിച്ച എസ്എഫ്‌ഐയുടെ പഴയ നേതാവ് കൂടിയായ മഹാനേതാവ് സൈദ്ധാന്തികാചാര്യന്‍ സഖാവ് എം.എ. ബേബിയെ പേര്‍ത്തും പേര്‍ത്തും അഭിനന്ദിക്കുന്നു. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും എനിക്ക് മതിയാവില്ല. അദ്ദേഹത്തോട് എനിക്ക് വളരെ സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഈ പരിപാടി നടന്നുപോകുന്നത്‌

അഡ്വ. എ. ജയശങ്കര്‍

2020 മേയ് മാസത്തില്‍ സംസ്ഥാനം ലോക്ഡൗണിലായിരുന്ന ആ നല്ല കാലത്ത്, കൊവിഡിനെ കുറിച്ച് നമ്മള്‍ ആശങ്കപ്പെട്ടിരുന്ന സമയത്ത് സഖാവ് എം.എ. ബേബി നടത്തിയ ഒരു വിപ്ലവ പ്രസംഗം നിങ്ങളാരും മറന്നുപോയിട്ടുണ്ടാവില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. സഖാവ് പറഞ്ഞത് ഈ കൊവിഡിന് എതിരായ ചെറുത്തുനില്‍പ്പ്, ആഗോള സാമ്രാജ്യത്വത്തിന് എതിരായ ചെറുത്തുനില്‍പ്പാക്കി വികസിപ്പിക്കണം. അങ്ങനെ അമേരിക്കന്‍ സാമ്ര്യാജ്യത്വം മുന്നോട്ടുവയ്ക്കുന്ന, മൂലധന നിക്ഷേപവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ആദര്‍ശത്തിനും എതിരായ ഒരു കുരിശ് യുദ്ധമായി ഇതിനെ പരിണമിപ്പിക്കണം എന്നുമാണ്.

എങ്ങനെയായിരിക്കും ഈ ചെറുത്തു നില്‍പ്പ് സാധ്യമാവുക എന്നുള്ളതിനെക്കുറിച്ച് സാമാന്യം പരിഹാസ രൂപത്തില്‍ ഒരു വീഡിയോ അന്ന് ഞാന്‍ ചെയ്തിരുന്നു. ഇല്ല, ഇല്ല, മരിച്ചിട്ടില്ല, ശങ്കരാടി മരിച്ചിട്ടില്ല എന്നുപറഞ്ഞാണ് അത് തുടങ്ങിയത്. സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള സര്‍ എന്ന താത്വികാചാര്യനെ ബേബി സഖാവിനോട് തുലനം ചെയ്തുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്. ഇപ്പോഴിതാ കൊവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കാന്‍ പോകുന്നു. സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഹൈക്കോടതിയിലെ സിറ്റിങ്, ഓഫ് ലൈനില്‍ നിന്നും വീണ്ടും ഓണ്‍ലൈനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അങ്ങനെ നമ്മള്‍ വീണ്ടും കൊവിഡിന്റെ ഒരു അന്തരീക്ഷത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.  

 

പാര്‍ട്ടി സമ്മേളനങ്ങള്‍ ജില്‍ ജില്‍  

മനുഷ്യരെ കൊവിഡ് പരമാവധി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ എല്ലാം വളരെ ഭംഗിയായി  ജില്‍ ജില്ലായി നടക്കുന്നു. ഏരിയാ സമ്മേളനങ്ങള്‍ നടന്നു. ജില്ലാ സമ്മേളനങ്ങള്‍ പലയിടത്തും നടന്നു. ബാക്കിയുള്ളവ ഉടനെ നടക്കാന്‍ പോകുന്നു. അതുകഴിഞ്ഞ് അതിഗംഭീരമായി സംസ്ഥാന സമ്മേളനം എറണാകുളം നഗരിയില്‍ വച്ച് നടക്കാന്‍ പോകുന്നു. സമ്മേളനങ്ങളോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്.  

കോലുകളി, വില്ലടിച്ചാന്‍ പാട്ട്, തിരുവാതിര കളി ഇതൊക്കെ സാധാരണ നടത്താറുള്ളതാണ്. ഇത്തവണയും അതൊക്കെ അഭംഗുരമായി നടക്കും. ഏറ്റവും സന്തോഷകരമായ, സഹൃദയ ഹൃദയാഹ്ലാദകരമായ ഒരു വാര്‍ത്ത വന്നത് പാറശ്ശാലയില്‍ നിന്നാണ്. പാറശ്ശാല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവാരക്കോണം സിഎസ്‌ഐ പള്ളി അങ്കണത്തില്‍ ഒരു വിപ്ലവ തിരുവാതിര അരങ്ങേറി എന്നതാണ്. മെഗാ തിരുവാതിര എന്നാണ് അതിന് പേരിട്ടത്. 550 പേര്‍ തിരുവാതിര കളിയില്‍ മാത്രം പങ്കെടുത്തു. അതില്‍ പങ്കെടുത്ത ഒറ്റ സ്ത്രീയും മാസ്‌ക് വച്ചിരുന്നില്ല. അവര്‍ക്ക് വേണമെങ്കില്‍ ഒരു ചുവന്ന മാസ്‌ക് വച്ച് തിരുവാതിര കളിക്കാം. കൈകൊട്ടി കളിക്കുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയിട്ട് തിരുവാതിര കളിച്ചിരുന്നെങ്കില്‍ ഒരു രസമുണ്ടായേനെ. ഇത് അങ്ങനെയൊന്നും അല്ല എന്നാണറിഞ്ഞത്. ഒറ്റ സഖാവ്, സഖാത്തിയും അവിടെ മാസ്‌ക് വച്ചതായി കണ്ടില്ല. ഈ വിപ്ലവ തിരുവാതിര പഴയ 'പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണന്‍'' എന്ന രീതിയിലുള്ള പാട്ട് പാടിയിട്ടല്ല. പിണറായി വിജയന്റെ സ്തുതി ഗീതങ്ങളാണ്. വിപ്ലവ കേരളത്തിന്റെ മധ്യാഹ്ന സൂര്യനായി കത്തിജ്വലിച്ചു നില്‍ക്കുന്ന സഖാവ് പിണറായി വിജയന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കൊണ്ട് വിപ്ലവ തിരുവാതിര ഈ സഖികള്‍ ചുവടുവച്ച് അരങ്ങേറ്റി എന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്.  

ഇതുകാണാന്‍ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് ആനാവൂര്‍ നാഗപ്പന്‍ മാത്രമല്ല, അദ്ദേഹത്തൊടൊപ്പം സഖാവ് എം.എ. ബേബിയുമുണ്ട്. അതാണ് എനിക്ക് ഏറ്റവും രോമാഞ്ചം. കൊവിഡിനെതിരായിട്ടുള്ള ചെറുത്തു നില്‍പ്പില്‍ പ്രത്യാക്രമണത്തെ നമ്മള്‍ ആഗോള സാമ്പത്തിക മൂലധന ശക്തികള്‍ക്കെതിരായ, പ്രത്യേകിച്ച് അമേരിക്കയ്ക്ക് എതിരായ സൈദ്ധാന്തിക യുദ്ധമായി മാറ്റണമെന്ന് പറഞ്ഞയാളാണ് സഖാവ് എം.എ. ബേബി. ഡൊണാള്‍ഡ് ട്രംപിന് ധൈര്യം വന്നിട്ടുണ്ടായിരുന്നില്ല, ഇങ്ങനെ കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ തിരുവാതിര നടത്താന്‍. മാത്രമല്ല, വേറൊരു കാര്യം കൂടിയുണ്ട്. ഈ തിരുവാതിര എന്നത് പഴയ കാലത്തെ ഒരു ഫ്യൂഡല്‍ കലാരൂപമാണ്. സ്ത്രീകള്‍ക്ക് നെടുമംഗല്യം ലഭിക്കാന്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടാന്‍, പ്രത്യേകിച്ച് സവര്‍ണ്ണ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ആചരിച്ചിരുന്ന ഒരു അനുഷ്ഠാനമാണ് തിരുവാതിര. ഭഗവാന്‍ പരമശിവന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര. ഇവിടെ അത് വിപ്ലവ തിരുവാതിരയായി പരിവര്‍ത്തനംചെയ്തിരിക്കുന്നു, കൊവിഡിനെതിരായ സമരത്തെ നമ്മള്‍ മൂലധനത്തിനെതിരായ സമരമാക്കി മാറ്റിയപോലെ.  


മാവോ പണ്ടു പറഞ്ഞു,

വിപ്ലവം ഉദ്യാന വിരുന്നല്ല

അത് നടത്തിയതാവട്ടെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ഗ്രൗണ്ടില്‍ വച്ച്. ആ തിരുവാതിരയില്‍ പങ്കെടുത്തവര്‍ സവര്‍ണ്ണ സമുദായക്കാര് മാത്രമാണോ. അല്ല. നല്ല വിഭാഗം അവര്‍ണ്ണ സമുദായക്കാരായിരുന്നു. അതില്‍ ക്രിസ്ത്യാനികളുമുണ്ടായിരുന്നു. ഒരുപക്ഷേ മുസ്ലിങ്ങളുമുണ്ടായിരിക്കാം. പാറശ്ശാല ഏരിയയുടെ കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റികള്‍ പരിശീലനം നല്‍കി കൊണ്ടുവന്നതായിരുന്നു ഇവരെ. അപ്പോള്‍ എത്രയോ ദിവസമായി അവര്‍ ഇതിന് വേണ്ടി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നാലോചിക്കണം. തിരുവാതിര എന്നാല്‍ പങ്കെടുക്കുന്ന 550 പേര്‍ മാത്രമല്ല. കാണാന്‍ വന്ന എത്രയോ അധികം ആളുകളുമുണ്ട്. അതിന് പരിശീലനം നല്‍കിയ ആളുകളുണ്ട്. ഈ ചുവടുവച്ച സ്ത്രീകളുടെ ബന്ധുക്കളുണ്ട്. അപ്പോള്‍ എത്രയാള് കൂടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാം.  

ഈ വിപ്ലവം ഉദ്യാന വിരുന്നല്ല എന്ന് പണ്ട് സഖാവ് മാവോ സെ തൂങ് പറഞ്ഞിട്ടുണ്ട്. മാവോ പറഞ്ഞാലും ഇല്ലെങ്കിലും പണ്ടുകാലത്തെ നക്‌സലൈറ്റുകാര്‍  നമ്മുടെയൊക്കെ നാട്ടിന്‍ പുറത്ത് ചുമരുകളില്‍ എഴുതിക്കൂട്ടുന്ന  മുദ്രാവാക്യങ്ങളാണ് വിപ്ലവം തോക്കിന്‍ കുഴലിലൂടെ, വിപ്ലവം ഉദ്യാനവിരുന്നല്ല എന്നൊക്കെ. മാവോയുടെ സൂക്തമനുസരിച്ച് വിപ്ലവം വിരുന്നല്ല. പക്ഷേ വിപ്ലവം തിരുവാതിര കളിയുടെ രൂപത്തിലാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണന്‍ എന്ന പാട്ടിന്റെ സ്ഥാനത്ത്, പിണറായി വിജയന്റെ സ്തുതി ഗീതങ്ങള്‍(വിജയ ഗീതങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം) ആണ്.  അങ്ങനെ ചുവടുവച്ച് ചുവടുവച്ച് വിപ്ലവം അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും വിപ്ലവകാരികള്‍ക്ക് കൊവിഡ് വരില്ലേ എന്ന്. ഒരിക്കലും വരില്ല. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കൊവിഡിന്റെ ആക്രമണത്തില്‍ നിന്നും ഇമ്യൂണിറ്റിയുണ്ട്. അവര്‍ക്ക് കൊവിഡ് ബാധിക്കില്ല. എം.എ. ബേബിക്കും കൊവിഡ് ബാധിക്കില്ല. ബാധിച്ചാല്‍ തന്നെ അദ്ദേഹത്തിന് വല്ലതും പറ്റുമോ?. ഒന്നും പറ്റില്ല. തെങ്ങിടിച്ചാല്‍ പന വീഴും എന്ന് പറയും പോലെയാണ്. കൊവിഡിന് വല്ലതും പറ്റിയാലേ ഉള്ളൂ. ഏതെങ്കിലും സൈദ്ധാന്തികനിതുവരെ കൊവിഡ് ബാധിച്ച് മരിച്ചതായി കേട്ടിട്ടുണ്ടോ?. ഇല്ല. പാര്‍ട്ടിക്കാരുതന്നെ എത്രയോ കുറച്ചുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാരണം ഈ വിപ്ലവത്തിന് ഇതുപോലുള്ള മഹാമാരികളെ ചെറുത്തുനിര്‍ത്താനുള്ള ശക്തിയുണ്ട്.  

 

ധീരജിനെക്കുറിച്ച്  കണ്ണീര്‍വാര്‍ക്കുമ്പോള്‍

അത് ബെര്‍ട്രാന്‍ഡ് റസ്സല്‍ തന്നെ പറഞ്ഞിട്ടുണ്ട്. റസ്സല്‍ പറഞ്ഞിട്ടുള്ള രണ്ട് അന്ധവിശ്വാസങ്ങളില്‍ ഒന്ന് കത്തോലിസിസവും മറ്റൊന്ന് കമ്മ്യൂണിസവുമാണ്. കത്തോലിസിസത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് ലോകത്തിലുള്ള എല്ലാ ആളുകള്‍ക്കും പേപ്പല്‍ ബുള്ള്  വഴിക്ക് ആഹാരം കൊടുക്കാന്‍ കഴിയുമെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു എന്നാണ്.  

ഫിസിക്‌സിലേയും കെമിസ്ട്രിയിലേയും ലളിതമായ നിയമങ്ങളെപ്പോലും സ്റ്റാലിന്റെ ഉത്തരവ് മുഖേന തിരുത്താന്‍ കഴിയുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ കരുതുന്നത്. ഫിസിക്‌സിലേയും  കെമിസ്ട്രിയിലേയുമല്ല, മെഡിക്കല്‍ സയന്‍സിലെ നിയമങ്ങള്‍ വരെ തിരുത്താന്‍ കഴിയുന്നവരാണ് നമ്മുടെ നാട്ടിലെ സഖാക്കള്‍. അതുമാത്രമല്ല, എനിക്ക് രോമാഞ്ചമുണ്ടാവാന്‍ വേറൊരു കാരണം കൂടിയുണ്ട്. സംസ്ഥാനത്തുള്ള മൊത്തം സഖാക്കളും ഇടുക്കിയില്‍ കുത്തേറ്റുമരിച്ച തളിപ്പറമ്പ് സ്വദേശിയായ ധീരജിനെക്കുറിച്ച് ആലോചിച്ച് കണ്ണീര്‍വാര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് പാറശ്ശാലയില്‍ തിരുവാതിര അരങ്ങേറിയത്. അത് സന്തോഷ സൂചകമായാണോ സങ്കട സൂചകമായിട്ടാണോ തിരുവാതിര തുടര്‍ന്ന് നടത്തിയത് എന്നറിയില്ല. നമ്മുടെ നാട്ടിലൊക്കെ ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കുകയാണ് പതിവ്. പാറശ്ശാലയില്‍ മെഗാ തിരുവാതിര പഴയതുപോലെ തന്നെ നടന്നു.  

അതാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്, ധീരജ് എന്ന ചെറുപ്പക്കാരന്‍ കുത്തേറ്റ് മരിച്ചപ്പോള്‍ സഖാക്കള്‍ സന്തോഷിക്കുകയാണ്, തിരുവാതിര കളിച്ച് ഉല്ലസിക്കുകയാണ് എന്ന്. സുധാകരന്‍ ഹൃദയശൂന്യനായതുകൊണ്ട് എന്തും പറയാം. ഏതായാലും തിരുവാതിര എന്ന് പറയുന്നത് ഒരു വിശേഷപ്പെട്ട സംഗതിയാണ്. മതേതര തിരുവാതിര, അതില്‍ തന്നെ വിപ്ലവ തിരുവാതിര എന്നുപറയുന്നത് പ്രത്യേകിച്ചും ഉചിതമായ നടപടി തന്നെയാണ്. അത് നടത്തിയ പാറശ്ശാല ഏരിയ കമ്മിറ്റിയെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. അതിന് നേതൃത്വം നല്‍കിയ സഖാവ് ആനാവൂര്‍ നാഗപ്പന്,ഇതിന് മേല്‍നോട്ടം വഹിച്ച, ഇതുകണ്ട് കൈയടിച്ച് അംഗീകരിച്ച എസ്എഫ്‌ഐയുടെ പഴയ നേതാവ് കൂടിയായ മഹാനേതാവ് സൈദ്ധാന്തികാചാര്യന്‍ സഖാവ് എം.എ. ബേബിയെ പേര്‍ത്തും പേര്‍ത്തും അഭിനന്ദിക്കുന്നു. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും എനിക്ക് മതിയാവില്ല. അദ്ദേഹത്തോട് എനിക്ക് വളരെ സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഈ പരിപാടി നടന്നുപോകുന്നത്.

  comment

  LATEST NEWS


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍


  ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.