×
login
നദികളും മലിനീകരണവും

സപ്തംബര്‍ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദീദിനമായി ആചരിച്ചു വരുന്നു. നദികളുടെ സൗന്ദര്യവും ആവശ്യകതയും ആഘോഷിക്കുന്ന ഒരു ആഗോള പരിപാടി കനേഡിയന്‍ നദീ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാര്‍ക്ക് ആഞ്ചലോ നിര്‍ദ്ദേശിച്ചു. ജല വക്താവായ ആഞ്ചലോ, 1980കളില്‍ ബ്രിട്ടീഷ് കൊളംബിയ, കാനഡ എന്നിവിടങ്ങളിലെ നദികളുടെ ദിനം സംഘടിപ്പിച്ചതിലൂടെ ഒരു സന്ദേശം ലോക ജനതയ്ക്ക് നല്‍കി. അത് ആഗോള തലത്തില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. യുഎന്‍ അദ്ദേഹത്തിന്റെ ആശയത്തോട് ക്രിയാത്മകമായി പ്രതികരിച്ചു. ആദ്യത്തെ ലോക നദീദിനം 2005 ല്‍ ആഘോഷിച്ചു

ഡോ. രാജഗോപാല്‍ പി.കെ.

(അസി. പ്രൊഫസര്‍

എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി)

ദികളെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും സപ്തംബര്‍ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദിദിനമായി ആചരിച്ചു വരുന്നു. ലോകത്ത് നദികള്‍ എല്ലാം മലിനമായി കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മൂലം ലോകമെമ്പാടുമുള്ള നദികളുടെ ശോഷണത്തെക്കുറിച്ച് സമീപകാല പഠനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ നദികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഈ ദിനം ലക്ഷ്യമിടുന്നു.  

കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം എന്നിവ കാരണം മനുഷ്യര്‍ ഉയര്‍ത്തുന്ന വലിയ വെല്ലുവിളിയാണ് ഇന്നു നദികള്‍ നേരിടുന്ന പ്രധാന ഭീഷണി. ലോക നദീദിനം സപ്തംബറിലെ നാലാമത്തെ ഞായറാഴ്ചയായ നാളെ നടക്കുന്നതിനാല്‍, നദികളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ഭൂമിയിലെ ജീവനാഡികളായ നദികള്‍ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ജലമലിനീകരണം കുറയ്ക്കുക എന്ന ആശയത്തിനായി പ്രചരണം നടത്തുക എന്നതാണ്. ഇത് ഒറ്റ ദിവസം കൊണ്ട് ചെയ്യാന്‍ കഴിയില്ലെങ്കിലും, നമ്മുടെ നദികളെ പ്രാകൃത രൂപത്തിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള വഴികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിലൂടെ വരും തലമുറകള്‍ക്ക് നദികളില്‍ നിന്നുള്ള പ്രയോജനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകുമത്. നദികളിലെ വെള്ളത്തെ ആശ്രയിച്ചാണ് പല വികസിത രാജ്യങ്ങളും ജലക്ഷാമം നേരിടുന്നത്. അമേരിക്കയുടെ കുടിവെള്ളത്തിന്റെ 65% നദികളില്‍ നിന്നാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

നദികളുടെ പ്രസക്തി

നമ്മുടെ ജലസ്രോതസ്സുകള്‍ നല്‍കുന്ന സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകില്ല. നദികള്‍ നമുക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും വിളകള്‍ നനയ്ക്കാനും കുടിവെള്ളം നല്‍കാനും മാത്രമല്ല ഉപകരിക്കുന്നത്. നദീതടങ്ങളില്‍ രൂപപ്പെട്ട മഹത്തായ സംസ്‌കാരങ്ങളിലൂടെയാണ് ജനത വളര്‍ന്നുവന്നത്. നദികളെ ആശ്രയിച്ചുള്ള വിനോദ സഞ്ചാരം മികച്ച സാമ്പത്തിക ലാഭം നേടി തരുന്നു. മത്സ്യ ജൈവ ഉറവിടം കൂടിയാണ് നമ്മുടെ നദികള്‍. ആംസ്റ്റര്‍ഡാം, ബാങ്കോക്ക്, ബെര്‍ലിന്‍ തുടങ്ങിയ സമ്പന്ന നഗരങ്ങള്‍ നദികള്‍ക്ക് സമീപം സ്ഥാപിക്കപ്പെട്ടവയാണ്. നദികള്‍ നമ്മുടെ ലോകത്തിന്റെ ജീവനാഡിയായി അറിയപ്പെടുന്നു, ദൈനംദിന ഉപയോഗങ്ങളില്‍ പലതിനും നമ്മുടെ ജീവിതം നദികളെ ആശ്രയിച്ചിരിക്കുന്നു. അത് കുടിവെള്ളമായും ഊര്‍ജ്ജോത്പാദനത്തിനായും ഗാതാഗത സൗകര്യമൊരുക്കുന്നതിനായും, എന്നു വേണ്ട നദികള്‍ മനുഷ്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ലോകമെങ്ങും ഒഴിച്ചു കൂട്ടാനാകാത്തതാണ്.  


ലോക നദീദിനത്തിന്റെ പ്രസക്തി

ജലമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഇതിനകം തന്നെ വളരെയധികം ചര്‍ച്ചകള്‍ നടക്കുമ്പോള്‍, നമുക്ക് നദികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിവസം ആവശ്യമായി വരുന്നത് എന്തുകൊണ്ട്? കാരണം, നമ്മില്‍ ഭൂരിഭാഗവും പ്രശ്‌നത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, പരിഹാരത്തിന്റെ ഭാഗമാകാന്‍ എങ്ങനെ കഴിയുമെന്ന് സാധാരണ ജനങ്ങള്‍ക്കറിയില്ല. ഭൂമിയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഉപജീവനത്തിനായി മത്സ്യത്തെ ആശ്രയിക്കുന്നതിനാല്‍, വ്യാവസായിക മാലിന്യങ്ങളുടെ ഫലമായി നദികളുടെ നാശത്തെ നാം സജീവമായി തടയുകയും വെള്ളത്തിനടിയിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും വേണം.

ഇത് മനസ്സിലാക്കി, നദികളുടെ സൗന്ദര്യവും ആവശ്യകതയും ആഘോഷിക്കുന്ന ഒരു ആഗോള പരിപാടി കനേഡിയന്‍ നദീ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാര്‍ക്ക് ആഞ്ചലോ നിര്‍ദ്ദേശിച്ചു. ജല വക്താവായ ആഞ്ചലോ, 1980കളില്‍ ബ്രിട്ടീഷ് കൊളംബിയ, കാനഡ എന്നിവിടങ്ങളിലെ നദികളുടെ ദിനം സംഘടിപ്പിച്ചതിലൂടെ ഒരു സന്ദേശം ലോക ജനതയ്ക്ക് നല്‍കി. അത് ആഗോള തലത്തില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. യുഎന്‍ അദ്ദേഹത്തിന്റെ ആശയത്തോട് ക്രിയാത്മകമായി പ്രതികരിച്ചു. ആദ്യത്തെ ലോക നദീദിനം 2005 ല്‍ ആഘോഷിച്ചു, എല്ലാ കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകരും ആദ്യത്തെ ലോക നദീദിന പരിപാടി സംഘടിപ്പിച്ചുകൊണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളില്‍ ലോക നദീദിനം ആചരിക്കുന്നു, അതില്‍ ഉള്‍പ്പെട്ടവര്‍ വലിയ തോതില്‍ ജലപാതകള്‍ക്കുള്ള ഭീഷണികളെ എങ്ങനെ പരിമിതപ്പെടുത്താമെന്ന് കാണിക്കുന്നു. മനുഷ്യന്‍ എല്ലാത്തിനും നമ്മുടെ നദികളെ ആശ്രയിക്കുന്നു, നദികളില്ലാതെ സസ്യങ്ങളും തോട്ടങ്ങളും ഉണ്ടാകില്ല. എന്നിരുന്നാലും, വ്യാവസായിക പ്രവര്‍ത്തനങ്ങളും നമ്മുടെ നദീസ്രോതസുകളുടെ അമിതമായ ചൂഷണവും കാരണം വളരെക്കാലമായി നാം കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നു, നമ്മുടെ നദികളെ നശിപ്പിച്ചുകൊണ്ട് ഇതുതുടരുകയാണെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.  

നദികളുടെ മലിനീകരണം

ലോക നദീദിനത്തിന്റെ സ്ഥാപകനായ മാര്‍ക്ക് ആഞ്ചലോയുടെ അഭിപ്രായത്തില്‍ ലോക നദികളുടെ ദിനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒത്തുചേരാനും ജലസ്രോതസ്സുകളുടെ പ്രാധാന്യം അനുസ്മരിക്കാനുമുള്ള സമയോചിതമായ അവസരമാണ്. ലോകത്തിലെ മിക്ക പ്രധാന നഗരങ്ങളും നദികളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്, അവ ജലസ്രോതസ്സായി മനുഷ്യ ജീവിതത്തിന് ഏറ്റവും ഉപകാരമുള്ളതായി മാറുന്നു. ഭക്ഷണത്തിനും ഗതാഗതത്തിനും നദികളെ ആശ്രയിക്കുന്നു. ചിലയിടങ്ങളില്‍ രാജ്യാതിര്‍ത്തിവരെ നിര്‍ണ്ണയിക്കുന്നത് നദികളാണ്. നദികളിലെ വെള്ളം തടഞ്ഞു നിര്‍ത്തിയാണ് ഏറ്റവും ചെലവുകുറഞ്ഞ ഊര്‍ജ്ജോത്പാദനം സാധ്യമാക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യവാസ കേന്ദ്രങ്ങളുടെ വികസനത്തില്‍ നദികള്‍ പ്രധാന പങ്കുവഹിച്ചു. അമിതമായ ചൂഷണവും മലിനീകരണവും പോലെയുള്ള മനുഷ്യനിര്‍മിത കാരണങ്ങളാണ് നദികളെ പാരിസ്ഥിതികമായി നിര്‍ജീവമാക്കുകയും വറ്റിവരളുന്നതിന് ഇടയാക്കുകയും ചെയ്തത്. പ്ലാസ്റ്റിക് മലിനീകരണം ജലജീവികള്‍ക്കും നദീതട ആവാസവ്യവസ്ഥയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. നദികളഉടെ ശരിയായ അതിജീവനത്തിന് നദികളെ ഇല്ലാതാക്കുന്നതിനെതിരായ നടപടികളാണത്യാവശ്യം. അതിലേക്ക് വിരല്‍ചൂണ്ടാനുള്ള വഴികാട്ടുകയാണ് ലോകനദീദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലോകമെമ്പാടുമുള്ള ദുര്‍ബലമായ ജലവിതരണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമമായ വാട്ടര്‍ ഫോര്‍ ലൈഫ് കാമ്പെയ്‌നിനിടെ, 2005ല്‍, ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, മാര്‍ക്ക് ആഞ്ചലോ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു. ആ പ്രസംഗത്തിലാണ് ലോക നദീദിനം അചരിക്കാനുള്ള ആഹ്വാനം ഉണ്ടായത്.  

കേരളത്തിലെ നദികള്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍, കേരളത്തിലെ 26.90 ശതമാനം ജലസ്രോതസ്സുകളും 'പൂര്‍ണ്ണമായി' മലിനമായതായി ഒരു പഠനത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വ്യാവസായിക, ഗാര്‍ഹിക മാലിന്യങ്ങള്‍, കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയില്‍ നിന്ന്, വ്യവസായങ്ങള്‍ അപകടകരമായ മലിനീകരണങ്ങളായ ഫോസ്‌ഫേറ്റുകള്‍, സള്‍ഫൈഡുകള്‍, അമോണിയ, ഫ്‌ലൂറൈഡുകള്‍, ഹെവി മെറ്റലുകള്‍ എന്നിവ നദിയുടെ താഴ്‌വാരങ്ങളിലേക്ക് പുറന്തള്ളുന്നു. കൊച്ചി വ്യാവസായിക മേഖലയില്‍ നിന്ന് പ്രതിദിനം ഏകദേശം 260 ദശലക്ഷം ലിറ്റര്‍ മാലിന്യം പെരിയാര്‍ അഴിമുഖത്ത് എത്തുന്നുണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ രാസമാലിന്യങ്ങളുമുണ്ട്.  

എല്ലാ നദികളും പ്രത്യേകിച്ച് ഖരമാലിന്യം തള്ളല്‍, കുളിക്കല്‍, മലിനജലം പുറന്തള്ളല്‍ എന്നിവ കാരണം പ്രാദേശിക തലത്തിലുള്ള ഗുണനിലവാര പ്രശ്‌നങ്ങള്‍ നേരിടുന്നു. കേരളത്തിലെ ശുദ്ധജല തടാകമായ ശാസ്താംകോട്ട പോലും മലിനമായികൊണ്ടിരിക്കുന്നു. പുണ്യ നദിയായ പമ്പാ, അഷ്ടമുടി, വേമ്പനാട്, പെരിയാര്‍ തുടങ്ങിയവയും മാലിന്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. എല്ലാ നദികളും സംരക്ഷിക്കുവാന്‍ വേണ്ട ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്ന നിരവധി സംഘടനകള്‍ നമുക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ ജലാശയങ്ങള്‍ സംരക്ഷിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.