×
login
ജീര്‍ണിച്ച പൂരസാഹിത്യം

പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!

തൃശൂര്‍ പൂരവും 'മാധ്യമപ്പൂര'വും കഴിഞ്ഞു. സാഹിത്യ വാചകമടികൊണ്ട് പൂരം 'അവിസ്മരണീയ'മാക്കാന്‍ പത്രങ്ങളും ചാനലുകളും മത്സരിച്ചു. പഴമയും പുതുമയും കൊണ്ട് ആകര്‍ഷകമാണ് പൂരം. പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!

പൂര സാഹിത്യത്തില്‍ നിന്ന് ചില സാമ്പിളുകള്‍:

''പൂരം വന്നു, പുരുഷാരവം നിറഞ്ഞു. തെക്കോട്ടിറക്കത്തിനെത്തിയ റെക്കോഡ് ജനക്കൂട്ടം പൂരത്തിന്റെ ശക്തി വിളംബരമായി. സ്ത്രീകളുടെ വന്‍നിര പൂരത്തിന്റെ ജനകീയതയ്ക്ക് അടിവരയിട്ടു.''

''നിരന്നു നിന്ന ഗജവീരന്മാരുടെ മുകളില്‍ സമസ്ത വര്‍ണങ്ങളും നിറഞ്ഞാടി. മാരിവില്‍ വര്‍ണങ്ങളുള്ള വര്‍ണക്കാഴ്ചയില്‍ കുടകള്‍ മാറിമാറി വിരിഞ്ഞതോടെ ജനം മതിമറന്നാടി.''

''അക്ഷരാര്‍ത്ഥത്തില്‍ രണ്ടുവര്‍ഷത്തെ പൂരാഘോഷങ്ങളുടെ ശൂന്യതയെ മറികടന്ന് മനവും മാനവും നിറഞ്ഞ കാഴ്ചകളുടെയും വാദ്യമേളങ്ങളുടെയും ചാരുത പകര്‍ന്നൂ പൂരങ്ങളുടെ പൂരം.''

''തെക്കേ ഗോപുര നടയിലൂടെ ഓരോ ആനയും അണിഞ്ഞൊരുങ്ങി മുത്തുക്കുട ചൂടിയെത്തിയപ്പോള്‍ ജനങ്ങള്‍ ആരവം തീര്‍ത്തു''. ''വാദ്യവും കോലവും പടികള്‍ കയറി മഠത്തിനു മുന്നിലേക്ക് എത്തിയതോടെ ആരവം ഉയര്‍ന്നുപൊങ്ങി.''

''മഹാമാരി തടഞ്ഞ രണ്ടാണ്ടിന്റെ ഇടവേളയ്ക്കുശേഷം പൂരത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ശക്തന്റെ തട്ടകത്തിലേക്ക് ചരിത്രത്തിലില്ലാത്തവിധം ജനപ്രവാഹം.''

ഇത്തവണ പൂരത്തിന് സാഹിത്യവും ചിന്തയും സംഭാവന ചെയ്തവരില്‍ ചില നേതാക്കളുമുണ്ട്. ഒരു നേതാവിന്റെ വക:

''ചിട്ടയും വട്ടവും നിറാഘോഷങ്ങളും ആയിരങ്ങളുടെ അദ്ധ്വാനവുമുള്ള തൃശൂര്‍ പൂരത്തിലെ കുടമാറ്റം ഏതു തരക്കാര്‍ക്കുമുള്ള നിറചികിത്സയാണ്. ഇതിന്റെ രീതിയും ചിട്ടയും രാജ്യത്തെ എല്ലാ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും പാഠ്യവിഷയമാക്കേണ്ടതാണ്.''

നേതാവ് സര്‍വമാധ്യമങ്ങളെയും കടത്തിവെട്ടിയിരിക്കുന്നു!

വാര്‍ത്തകളില്‍ നിന്ന്:

''കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരദിനം യാത്രക്കാര്‍ക്കു സമ്മാനിച്ചത് നരകയാതന.''

സമരദിനത്തില്‍ യാത്രക്കാര്‍ മറ്റു സമ്മാനമൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. 'സമ്മാനം' ഒഴിവാക്കുകയാണ് ഭംഗി.

'കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരദിനത്തില്‍ യാത്രക്കാര്‍ക്കു നരകയാതന' എന്നേ വേണ്ടൂ.

''കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഉള്ളിവില കിലോക്ക് 15 രൂപയില്‍നിന്ന് പൊടുന്നനെ 50 രൂപയായി ഉയര്‍ന്നത്.''

'ഉയര്‍ന്നത്' ഒഴിവാക്കാം. '50 രൂപയായത്' എന്നു മതി.

''ജീവിത ശൈലി രോഗങ്ങളെ

നേരിടാന്‍ ബ്രഹത് പദ്ധതി


'ബൃഹത്' ശരി.

'ശൈലീരോഗങ്ങളെ' എന്ന് ചേര്‍ത്തെഴുതണം.

''അഞ്ചുദിവസം കൂടി

വേനല്‍ മഴ തുടരും''

'കൂടി,' 'തുടരും'- ഇവയില്‍ ഒന്നു മതി.

''വീണ്ടും ഒരു ഭൗമദിനം കൂടി''

'വീണ്ടും', 'കൂടി' -ഇവയില്‍ ഒന്നു മതി.

'വീണ്ടും' ചേര്‍ത്താല്‍ 'ഒരു'വും ഒഴിവാക്കാം.

'വീണ്ടും ഭൗമദിനം.'

മുഖപ്രസംഗങ്ങളില്‍നിന്ന്:

''സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്ന ജനത്തിന്റെ മുതുകില്‍ കൂടുതല്‍ ഭാരം കയറ്റിയാണ് പാചകവാതക വില മുകളിലേക്ക് ഉയരുന്നത്. ചുരുക്കത്തില്‍ റോക്കറ്റ് വേഗത്തില്‍ വില ഇനിയും മുകളിലേക്ക് ഉയരാനും ജനങ്ങളുടെ ജീവിതഭാരമേറാനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്.''

രണ്ടു വാക്യങ്ങളിലും 'മുകളിലേക്ക്' ആവശ്യമില്ല. വില താഴേക്ക് ഉയരുകയില്ലല്ലോ!

''കേരളത്തിലും ഭാവിയിലല്ല, ഇപ്പോള്‍ത്തന്നെ അതിനു സമയമായി.''

''കേരളത്തിലും അതിനു സമയമായി'' എന്നു ചുരുക്കം.

പിന്‍കുറിപ്പ്:

''ഗുജറാത്തില്‍നിന്ന് കേരളം പഠിക്കുന്നു

വിദ്യാഭ്യാസ മാതൃകയും'' -വാര്‍ത്ത

അക്ഷരമാലതൊട്ട് പഠിക്കണേ!

  comment
  • Tags:

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.