×
login
പാഠമാകണം ഈ വിധി

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യുവതലമുറ സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയാറാകുന്നില്ല എന്നത് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള യുവാക്കളുടേയും, സ്ത്രീധനം ആവശ്യപ്പെടുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറല്ലാത്ത യുവതികളുടേതുമായ പുത്തന്‍തലമുറ ഉണ്ടാകേണ്ടകാലം അതിക്രമിച്ചു.

അഡ്വ. ആര്‍. രാജേന്ദ്രന്‍

ദേശീയ സെക്രട്ടറി, ഭാരതീയ അഭിഭാഷക പരിഷത്ത് 

ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ പൊതുസമൂഹത്തിന് പാഠമാകുംവിധം വഴിത്തിരിവാണ് വിസ്മയ കേസിലെ വിധി. കിരണ്‍ കുമാര്‍ എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  സ്ത്രീധനത്തിനുവേണ്ടി അതിക്രൂരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയുടെ ചിരിക്കുന്ന മുഖം കേരളത്തിന്റെ പൊതുസമൂഹ മനസില്‍ ആഴത്തിലേറ്റ മുറിവാണ്. 2021 ജൂണ്‍ 21ലാണ് വിസ്മയ ആത്മഹത്യ ചെയ്തത്. തുടര്‍ന്നാണ് പോലീസ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പ്രതിയാക്കി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(ബി), 306, 498 (എ), 506 എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ പ്രസക്ത വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം ജില്ലയില്‍ തന്നെ ഉത്ഭവിച്ച ഉത്ര കേസിനു പിന്നാലെ ഉണ്ടായ സംഭവമെന്ന നിലയില്‍ വിസ്മയയുടെ ആത്മഹത്യയും അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യതയോടെ നടത്തിയ അന്വേഷണവും തെളിവ് ശേഖരണവും, ശേഖരിക്കപ്പെട്ട തെളിവുകള്‍ ഒട്ടും ചോര്‍ന്നുപോകാതെ കോടതിയിലെത്തിക്കാന്‍ കാട്ടിയ ജാഗ്രതയും, ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള തെളിവുകളും അടക്കമുള്ളവ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെയാണ് പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ജീവപര്യന്തം ശിക്ഷവരെ നല്കാവന്ന 304(ബി) അനുസരിച്ച് സ്ത്രീധനപീഡനം മൂലമുള്ള മരണം 10 വര്‍ഷത്തെ കഠിന തടവും, 10 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാകുറ്റത്തിന് (306) ആറ് വര്‍ഷം കഠിന തടവും, മൂന്ന് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന സ്ത്രീധന പീഡനത്തിന് 498 (എ) രണ്ട് വര്‍ഷം കഠിനതടവും സ്ത്രീധന നിരോധന നിയമമനുസരിച്ച് ആറ് വര്‍ഷത്തെ കഠിനതടവിനുമാണ് കിരണ്‍ കുമാറിനെ കോടതി ശിക്ഷിച്ചിട്ടുള്ളത്. ഇതിനു പുറമെ 12 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

പരമാവധി ശിക്ഷ നല്കിയിട്ടില്ല എങ്കില്‍ക്കൂടി പൊതുസമൂഹത്തിന് പാഠമാകേണ്ട വിധിയാണ് വിസ്മയ കേസില്‍ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പരിഷ്‌കൃതമെന്ന് അറിയപ്പെടുന്ന സമൂഹത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും കൂടുതല്‍ പണത്തിനും സ്വര്‍ണത്തിനും മറ്റ് സാമ്പത്തിക നേട്ടത്തിനും വേണ്ടി താലികെട്ടിയ സ്ത്രീയെ പീഡിപ്പിക്കുന്നത് കേരളത്തില്‍ പതിവായി.

വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം


സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട് 60 വര്‍ഷത്തിലേറെ ആയെങ്കിലും സ്ത്രീധനമെന്നത് ഒരു തീരാശാപമായി നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രൂപയും 100ഉം, 150ഉം, 200ഉം പവന്‍ സ്വര്‍ണവും, ആഡംബര കാറുകളും നല്കി പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാന്‍ തയ്യാറാവുന്ന രക്ഷകര്‍ത്താക്കളും, വന്‍ സ്ത്രീധനം ചോദിച്ചുവാങ്ങുന്ന യുവാക്കളും, അവരുടെ മാതാപിതാക്കളുമാണ് ഇത്തരത്തിലുള്ള ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും വഴിതെളിക്കുന്നത്.  

സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും നല്കുന്നതും കുറ്റകരമാണെന്നിരിക്കെ സാധാരണഗതിയില്‍ ഒരിക്കല്‍ പോലും ആര്‍ക്കെതിരേയും കേസ് എടുത്തുകണ്ടിട്ടില്ല. സ്ത്രീധനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുകയും കേസുകള്‍ കോടതിലെത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് സ്ത്രീധനം നല്കിയതിനെക്കുറിച്ചും വാങ്ങിയതിനെക്കുറിച്ചും പുറംലോകം അറിയുന്നത്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യുവതലമുറ സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയാറാകുന്നില്ല എന്നത് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.  

സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള യുവാക്കളുടേയും, സ്ത്രീധനം ആവശ്യപ്പെടുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറല്ലാത്ത യുവതികളുടേതുമായ പുത്തന്‍തലമുറ ഉണ്ടാകേണ്ടകാലം അതിക്രമിച്ചു. സ്ത്രീധനമെന്ന സാമൂഹ്യതിന്മക്കെതിരെ ഉറച്ച നിലപാടെടുക്കുവാന്‍ വിദ്യാര്‍ഥികളെയും, യുവതീ-യുവാക്കളേയും പ്രേരിപ്പിക്കേണ്ടുന്ന വിദ്യാര്‍ഥി-യുവജന സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ അധികാരത്തിലെത്തിക്കുവാനുള്ള ചുമതലയിലേക്ക് ചുരുങ്ങിയത് കേരള സമൂഹം നേരിടുന്ന മറ്റൊരു വിപത്താണ്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ കിടപ്പാടം പോലും വിറ്റ്തുലക്കേണ്ടി വരുന്ന മാതാപിതാക്കളുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് വിചിത്രം.

കേവലമൊരു കേസിലെ പ്രതിക്കു നല്കിയ ശിക്ഷ എന്നതിനപ്പുറത്തേക്ക് വിസ്മയ കേസിലെ വിധിന്യായം പൊതുസമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സമാനസ്വഭാവമുള്ള ഉത്രവധക്കേസിലെ വിധിന്യായവും നമ്മുടെ മുമ്പിലുണ്ട്. പണത്തിനോടും ആഡംബര ജീവിതത്തോടും മനുഷ്യന്‍ കാട്ടുന്ന ആര്‍ത്തിയാണ് എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങളിലേക്ക് വഴി തെളിച്ചിട്ടുള്ളത്. കേരളത്തിലെ കുടുംബകോടതികളില്‍ അനുദിനം വര്‍ധിച്ചുവരുന്ന കേസുകളുടെ എണ്ണവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. നിസാര കാര്യങ്ങളുടെ പേരില്‍ വഴക്കിട്ടുപിരിയുന്നതും പരസ്പരം അംഗീകരിക്കാനുള്ള മനസില്ലായ്മയും കുടുംബകോടതികളിലെ കേസ് വര്‍ധനവിന് കാരണമാകുന്നുണ്ട്.

സമൂഹത്തെ നേരായവഴിക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സാമൂഹിക സാംസ്‌കാരിക സംഘടനകളും നേതാക്കളും വഴിമാറിപ്പോയതും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധനേടാന്‍ നടത്തുന്ന ശ്രമങ്ങളും, ആര്‍ത്തവ സമരം, ചുംബനസമരം, താലിപൊട്ടിക്കല്‍ സമരം തുടങ്ങി സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന പ്രവര്‍ത്തനങ്ങളിലേക്കും ഇത്തരക്കാര്‍ അധഃപതിച്ചതും കേരളത്തിന്റെ ശാപമാണ്.

എല്ലാ കേസുകളിലേയും വിധിന്യായങ്ങള്‍ പൊതുസമൂഹത്തിനുള്ള സന്ദേശവും കുറ്റവാളിക്ക് മാനസാന്തരത്തിനുള്ള അവസരവുമാണ്. പക്ഷെ നമ്മുടെ സമൂഹത്തില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എന്നത് തെളിയിക്കുന്നത് സമൂഹമോ വ്യക്തികളോ ഇതില്‍ നിന്നും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാക്ഷര കേരളം രാക്ഷസ കേരളം എന്ന് അറിയപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കുറ്റകൃത്യവും, സാംസ്‌കാരികരാഹിത്യവും അവസാനിപ്പിക്കുവാന്‍ കേരളത്തിന്റെ പൊതുസമൂഹം കക്ഷി-രാഷ്ട്രീയ, ജാതിമത ചിന്തകള്‍ക്കതീതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും, സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ കേരളം നേരിടുന്ന മൂല്യച്യുതിക്ക് പരിഹാരമാകൂ.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.