×
login
ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ ...

കല കലയ്ക്കു വേണ്ടിയാണോ കാര്യത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് കാലത്തിനോളം വയസ്സുണ്ട്. ഉത്തരം കിട്ടിയോ എന്നാണെങ്കില്‍ ഇല്ല എന്നും ഉണ്ട് എന്നും പറയാം. എന്നാല്‍ ഈ കലയെ ഏതു പരിതസ്ഥിതിയിലും ഉപയോഗപ്പെടുത്തുക എന്ന രാഷ്ട്രീയം നടപ്പില്‍ വരുത്തിയിരിക്കുന്ന പാര്‍ട്ടി നമ്മുടെ തൊഴിലാളികക്ഷി തന്നെ.

 അതുവഴി അവര്‍ എത്തിപ്പെടാത്ത മേഖലകള്‍ അപൂര്‍വം. അവിടെയൊക്കെ തങ്ങളുടെ മേധാവിത്തം ഇങ്ക്വിലാബില്‍ ഉറപ്പിച്ചുനിര്‍ത്താനായി എന്നത് ബോണസ്സ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ലോകസത്യം നമുക്കു മുമ്പില്‍ തുറന്നുകാട്ടുന്ന ആ പാര്‍ട്ടി അടുത്തിടെ രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് ഒരു കലാപ്രകടനത്തിലൂടെ നടത്തിയത്. അതിന്റെ ഉള്‍ക്കരുത്ത് അറിയാത്ത വിദ്വാന്മാര്‍ വെറുതെ ഭര്‍ത്സിക്കാനൊരുമ്പെട്ടത് സ്വതേയുള്ള ശൈലിയില്‍ മേപ്പടിയാന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. (കലാംശത്തിലെ രാഷ്ട്രീയകലയെക്കുറിച്ച് ആദരണീയ കലാമണ്ഡലം ഗോപിയാശാന്‍'കഥയറിയാതെ കളി കാണുന്നവര്‍'എന്ന വൈകാരിക കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്)

 ഇടുക്കിയിലെ ഒരു കോളജില്‍ 'കലാ പരിപാടിയ്ക്കിടെ' ബലിദാനിയായ ചെറുപ്പക്കാരന്റെ ഭൗതികദേഹവും കൊണ്ടുള്ള യാത്ര തുടരുമ്പോള്‍ അങ്ങ് തെക്കു തെക്കൊരു ദേശത്ത് മഹാ സമ്മേളനത്തിന്റെ കേളികൊട്ടായിരുന്നു.അവിടെ വീരാംഗനകള്‍ ആതിര രാവിന്റെ മനോഹാരിതയുമായി ചുവടുവച്ചു. കണ്ണീര്‍ വാര്‍ത്തുകൊണ്ട് യുവാവിന്റെ അന്ത്യ യാത്ര നടത്തുമ്പോള്‍ എന്തേ ഈ കക്ഷി ഇങ്ങനെയൊരു കലാപരിപാടിയ്ക്ക് മുന്നിട്ടിറങ്ങിയെന്ന ചോദ്യം അന്നം കഴിക്കുന്ന(ഗോതമ്പുണ്ണുന്നവര്‍ക്കും ബാധകം)ആരും ചോദിച്ചുപോകും. എന്നാല്‍ ആ ചോദ്യത്തിന്റെ സാംഗത്യം ഈ കക്ഷിയെക്കുറിച്ച് 'ഒരു ചുക്കും അറിയാത്തവര്‍ക്കേ'ഉണ്ടാവൂ.

 ഫ്യൂഡല്‍ മാടമ്പി- ഭൂപ്രഭുക്കന്മാരുടെ കേളീവിലാസത്തില്‍ പെടുത്തിയ കലകളുടെ കൂട്ടത്തിലുള്ളതാണ് തിരുവാതിര. അതിനെ സാധാരണക്കാരുടെ മുമ്പിലെത്തിച്ച് 'വിഷം'കളയാനുള്ള താത്വികനിലപാടിന്റെ വെളിച്ചത്തിലാണ് അഞ്ഞൂറോളം കേഡര്‍ സഖാക്കളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അതോടെ ആ കല ജനകീയമായി. നേരത്തെയുള്ള'കേടുപാടുകള്‍' ഒഴിവായി. രണ്ടാമത് പ്രതിയോഗികളെ നിശ്ശബ്ദമാക്കലാണ്. ശത്രുക്കളെ പല തരത്തില്‍ നേരിടാം. അവര്‍ക്കുനേരെ ആയുധങ്ങള്‍ വീശിയല്ല, ആദര്‍ശത്തിന്റെ ദാര്‍ഢ്യം ബോധ്യപ്പെടുത്തിയും നേരിടാം. എന്നുവച്ചാല്‍ നേരെ ചൊവ്വെ തകര്‍ക്കുക തന്നെ!

 അത്തരമൊരു നേരിടലിന്റെ മധുര മനോഹരമായ മുഖമാണ് തിര്വന്തോരത്ത് കണ്ടത്. അതുവഴി ശത്രുക്കള്‍ ഒന്നടങ്കം പത്തിമടക്കി മാളത്തില്‍ ഒളിച്ചു വെന്ന് പാണന്മാര്‍ ബ്രാഞ്ച്കമ്മറ്റി വരെ തുടികൊട്ടിപ്പാടി നടക്കുന്നുണ്ട്. ഇടുക്കിയിലെ സര്‍ക്കാര്‍ കോളജിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ ചെറുപ്പക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുന്നു. ആര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷം. ഒരു പുഴുവിനെ പോലും കൊന്നു ശീലമില്ലാത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഒരാവശ്യവുമില്ലാതെയാണ് കത്തിമുനയില്‍ ഇല്ലാതായത്. അതിന് പ്രതിക്രിയ ചെയ്യേണ്ടത് ഒരത്യാവശ്യ കാര്യമാണ്. ആ പ്രതിക്രിയ എങ്ങനെ വേണമെന്നതാണ് പ്രശ്‌നം. അതേ ഗണത്തില്‍പ്പെട്ട ആയുധം കൊണ്ട് മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല. ആ കാലമൊക്കെ പോയി. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മാത്രവുമല്ല, മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രം എന്നാണ് ആചാര്യന്‍ പറഞ്ഞുവെച്ചിട്ടുള്ളതും. ആ താത്വികാവലോകനത്തിന്റെ ആദര്‍ശവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചാണ് മെഗാ തിരുവാതിര ചുവടുവച്ചത്.


 ധീരജ് രാജേന്ദ്രന്‍ എന്ന സഖാവിന്റെ ഭൗതികദേഹം കേരളത്തിന്റെ വിരിമാറിലൂടെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോള്‍ ധീര രക്തസാക്ഷിയ്ക്ക് ആഹ്ലാദത്തോടെ യാത്രയയപ്പ് നല്‍കുകയായിരുന്നു തിരുവാതിരയിലൂടെ. അതില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ടാണ് ചുവടു വെച്ചത്.പുറത്തേയ്ക്ക് അതു കാണാതിരുന്നതിന്റെ മനശ്ശാസ്ത്രം മറ്റൊന്നാണ്. അത്ര മാത്രം മനക്കരുത്തുള്ള ഒരു മനുഷ്യനെ വാഴ്ത്തുന്ന പാട്ടിനൊപ്പമാണ് ചുവടുവെച്ചത്. കണ്ണും കരളും കലങ്ങുമ്പോള്‍ ഭരണം നയിക്കുന്ന വ്യക്തിയുടെ പേര് തിരുവാതിരക്കാര്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. അതുവഴി കിട്ടിയ ആത്മബലം തിരുവാതിരയെ മഹത്തായ ഒരു സംഭവമാക്കി.

അതുവഴി പ്രതിയോഗികളെ മാനസികമായി മലര്‍ത്തിയടിക്കാനും കഴിഞ്ഞു. ഇങ്ങനെയുള്ള വശങ്ങളൊന്നും ആരും കാണുന്നില്ല എന്നതത്രേ അതിലെ ദുരന്തം. അതുവഴി പാര്‍ട്ടിയ്ക്കു കിട്ടിയ ആത്മ ശക്തിയും മാനസിക പിന്തുണയും എത്രയാണ്. 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല' എന്നു പറയുന്നത് വെറുതെയാണോ?' ഇല്ല, ഇല്ല മരിച്ചിട്ടില്ല ധീര രക്തസാക്ഷി ജീവിക്കുന്നു ഞങ്ങളിലൂടെ'എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയല്ലെന്ന് ഇനിയെങ്കിലും മാലോകര്‍ മനസ്സിലാക്കട്ടെ എന്നല്ലേ പാര്‍ട്ടി അതിലൂടെ ആര്‍ദ്രാനുഭൂതിയോടെ ഉദ്‌ഘോഷിച്ചത് !കനിവ് കരളിലുള്ളവര്‍ക്കേ കലാപരിപാടി നടത്താന്‍ കഴിയൂ എന്ന കാര്യം കൂടി അതിനൊപ്പം ഓര്‍ത്തു കൊള്ളിന്‍.അക്രമത്തിന്റെ പാത ഉപേക്ഷിച്ച ഒരു പാര്‍ട്ടിയെ ബോധപൂര്‍വം അതിലേക്ക് വലിച്ചിഴയ്ക്കാന്‍ നോക്കുന്ന സെമികേഡര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇനിയും നേരം വെളുത്തില്ലെങ്കില്‍ എന്തു ചെയ്യാനാണ്? ആയതിനാല്‍ ഇനി നമുക്ക് രക്തസാക്ഷിയ്ക്കായി കരുതിവച്ച അടുത്ത മെഗാ ഇവന്റ് എന്തായിരിക്കുമെന്ന് കാത്തിരിക്കാം.

 മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ ...  

നേര്‍മുറി

അടിപിടി നടത്തിയും കൊടിപിടിച്ചും വരുന്നവര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ,കലയുമായി തൊട്ടു തെറിച്ച ബന്ധമെങ്കിലും വേണം: കലാമണ്ഡലം ഗോപി അതിനല്ലേ ഗോപ്യേട്ടാ ആതിരച്ചുവട്

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.