×
login
ബ്രഹ്മപുരം മോഡല്‍; ത്രിപുര റൂട്ടില്‍

ആമസോണ്‍ വനാന്തരങ്ങളിലെ തീപ്പിടിത്തത്തിന് ഇവിടെ ദല്‍ഹിയിലും കേരളത്തിലും പ്രതിഷേധിച്ചതു നില്‍ക്കട്ടെ. 'റഷ്യയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടി'ച്ചിരുന്ന മുക്കാല്‍ നൂറ്റാണ്ടുമുമ്പത്തെ മനഃസ്ഥിതിയോര്‍ത്താല്‍ അത് ക്ഷമിക്കാം. അതിന്നും മാറിയിട്ടില്ല എന്നും മാറാത്തത് വിപ്ലവം മാത്രമല്ല, ഈ പാര്‍ട്ടിമനസുമാണെന്ന് തിരുത്താം. എന്നാല്‍, കേരളമെന്നെ ചെറുതെങ്കിലും വിസ്തൃതമായ ഭൂപ്രദേശത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു വിഷയത്തെ 110 ഏക്കറിലും കൊച്ചി കോര്‍പ്പറേഷന്റെ ഒന്നോ രണ്ടോ വാര്‍ഡിലും മാത്രമായി ഒതുക്കിയ ഭരണകൂട-ഭരണകക്ഷി രാഷ്ട്രീയത്തിന്റെ പ്രവൃത്തിയെ നീചമെന്നോ, നികൃഷ്ടമെന്നോ ഭീകരമെന്നോ ഒന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. ഒരുപക്ഷേ 'ജുഗുപ്സാവഹമായ മാലിന്യം' എന്ന് വിളിച്ചാല്‍ ഏറെക്കുറേ അടുത്തെത്തും. മാലിന്യ സംസ്‌കരണത്തിന് ലോകമാതൃകകള്‍ ഉള്ളപ്പോള്‍ ഭോപ്പാല്‍, ഗുജറാത്ത് മാതൃകകള്‍ ഉള്ളപ്പോള്‍ ബ്രഹ്മപുരത്തെ ചീഞ്ഞു നാറിയ, പുകഞ്ഞു പരന്ന, ആ സംഭവം ലോകം അറിയരുത്, ഇന്ത്യ അറിയരുത്, കേരളം മുഴുവന്‍ പോലുമറിയരുത്, കൊച്ചിക്കാരില്‍ പോലുമെല്ലാരും അറിയരുത് എന്ന് ഒരു സര്‍ക്കാരും പാര്‍ട്ടിയും വിചാരിച്ചാല്‍ എറാന്‍ മൂളികളും അടിമകളും അതനുസരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിമുഖമാണ് നമ്മള്‍ ഇവിടെ കണ്ടത്.

അഗസ്ത്യമുനിയെക്കുറിച്ച് പുരാണേതിഹാസങ്ങളില്‍ ഏറെയുണ്ട് വിവരണങ്ങള്‍. തമിഴിലാണ് ഏറെ അഗസ്ത്യ കഥകള്‍. കാഴ്ചയില്‍ 'കുറിയ'ആളെങ്കിലും ഗ്രഹങ്ങളുടെ ചലനം തടഞ്ഞ് കാലക്രമം തെറ്റിക്കുന്ന തരത്തില്‍ വളര്‍ന്നുയര്‍ന്ന വിന്ധ്യപര്‍വതത്തെ തലകുനിപ്പിച്ച് പ്രപഞ്ചത്തെ രക്ഷിച്ചയാളെന്ന കീര്‍ത്തി അഗസ്ത്യനാണ്. ദേവന്മാരോട് യുദ്ധംചെയ്ത് അസുരന്മാര്‍ സമുദ്രത്തില്‍ ഒളിച്ചപ്പോള്‍ അവരെ കണ്ടുപിടിക്കാന്‍ സമുദ്രത്തെ കൈക്കുടന്നയില്‍ കോരി കമണ്ഡലുവിലാക്കി ഒതുക്കിയതും അഗസ്ത്യനാണ്. അസുരന്മാരെ കണ്ടുപിടിക്കാന്‍ അത് സഹായകമായി. അത്രമാത്രം വലുതിനെപ്പോലും വരുതിയില്‍ നിര്‍ത്താനും ഒതുക്കിപ്പിടിക്കാനുമുള്ള ചിലരുടെ കഴിവിനെ ഓര്‍മിക്കുകയായിരുന്നു.  

ഇനി, രക്തബീജനെക്കുറിച്ച് കേട്ടിട്ടില്ലേ? അസുരനായിരുന്നു. അവന്റെ 'ഓരോതുള്ളിച്ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയിര്‍ത്തിരുന്നു.' ദേവകള്‍ക്കുവേണ്ടി, 'കാളിക'യുടെ സഹായത്തോടെ ദേവി ആ അസുരനെ വധിച്ചുവെന്നാണ് ദേവീമാഹാത്മ്യം. 'തുള്ളിയെ പ്രളയമാക്കാനും സമുദ്രത്തെ തുള്ളിയാക്കാനുമുള്ള' ഇത്തരം ആസുരികതയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണങ്ങള്‍ ഏറെയുണ്ട് പുരാണേതിഹാസങ്ങളില്‍. അവയെ ഓരോരോ കാലത്ത് സന്ദര്‍ഭവുമായി ചേര്‍ത്ത് വായിച്ചെടുക്കുന്നതിലാണല്ലോ വ്യഖ്യാന-നിരീക്ഷണ മികവ്. ഇനി കാലികമായ കാര്യത്തിലേക്ക് വരാം.

ബ്രഹ്മപുരത്തെ കാര്യമാണ്. ബ്രഹ്മപുരം എറണാകുളത്താണ്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ്. കോര്‍പ്പറേഷനിലെ മാലിന്യം സംഭരിച്ച് സംസ്‌കരിക്കുന്ന സ്ഥലമാണ്. അവിടെ, 1998ല്‍ 37.33 ഏക്കര്‍ സ്ഥലത്ത് മാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കാന്‍ പുത്തന്‍കുരിശ് പഞ്ചായത്തിന്റെ എന്‍ഒസി കോര്‍പ്പറേഷന്‍ വാങ്ങി. പക്ഷേ പ്ലാന്റ് സ്ഥാപിക്കല്‍ തടസപ്പെട്ടു. തുടര്‍ന്ന് ബ്രഹ്മപുരത്ത് മാലിന്യം സംഭരിക്കാന്‍ 2007 ല്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. വൈകാതെ സംസ്‌കരണ പ്ലാന്റ് സജ്ജമാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പരിസരത്തും ജലസ്രോതസ്സുകളിലും ഒരുതരത്തിലുമുള്ള മലിനീകരണം ഉണ്ടാകരുതെന്നെല്ലാമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിരുന്നു. 2007ല്‍ പഞ്ചായത്ത് അവര്‍ മുമ്പ് നല്‍കിയ അനുമതി പുതുക്കേണ്ടെന്ന് നിശ്ചയിച്ചു. തുടര്‍ന്ന് 2008ല്‍ സര്‍ക്കാര്‍ ചെല്ലിപ്പാടത്ത് വാസയോഗ്യമായിരുന്ന കുറേ സ്ഥലംകൂടി വാങ്ങി. അങ്ങനെ 110 ഏക്കര്‍ സ്ഥലമായി. അവിടെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കാനും തീരുമാനമായി. പ്രതിദിനം 200 ടണ്‍ മാലിന്യം സംസ്‌കരിക്കാനായിരുന്നു പദ്ധതി.  

2011ല്‍ ആ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന രഹിതമായി. അപ്പോള്‍ പഴയത് നന്നാക്കാനും 500 ടണ്‍ പ്രതിദിനം സംസ്‌കരിക്കുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാനും തീരുമാനമെടുത്തു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായി. 2016 ല്‍ മലിനീകരണവും പരിസ്ഥിതി ദൂഷണവും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഗ്രീന്‍ ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ കേന്ദ്രം ഈ മാലിന്യ സംസ്‌കരണ കേന്ദ്രം ചട്ടങ്ങള്‍ പാലിക്കാത്തതിന് ഒരുകോടി രൂപ പിഴയിട്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പിഴ ചുമത്തി.

ഈ പ്ലാന്റില്‍ 2013, 2019, 2020 വര്‍ഷങ്ങളില്‍ തീപ്പിടിത്തമുണ്ടായി. ഇപ്പോള്‍ 2023 ല്‍ 10 ദിവസത്തിലേറെ നിന്നുകത്തിയതോടെയാണ് പുറംലോകമറിഞ്ഞത്. ഏറ്റവും പുതിയ വിശേഷം ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ 100 കോടിയുടെ പിഴ ചുമത്തിയതാണ്. ബ്രഹ്മപുരത്തെ തീപ്പിടുത്തത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ ട്രിബ്യൂണല്‍, 500 കോടി വരെ പിഴ ചുമത്തുമെന്ന് താക്കീത് നല്‍കി! അതായത് സംഭവം അത്രത്തോളം ഗുരുതരമെന്നര്‍ത്ഥം.

ഇതുവരെ വിശദീകരിച്ചത് പ്ലാന്റ് നടത്തിപ്പുസംബന്ധിച്ച ഔദ്യോഗികമായ നടപടി ക്രമങ്ങളെക്കുറിച്ചാണ്. തീ കത്തിയതോ കത്തിച്ചതോ, കരാര്‍ കമ്പനി പറ്റിച്ചതോ അവര്‍ക്ക് സാങ്കേതികമായി അറിവില്ലാഞ്ഞതോ, കരാര്‍ കൊടുത്തതിലും ഇടപെടലിലും അഴിമതി നടന്നോ ഇല്ലയോ, അഴിമതി നടത്തിയെങ്കില്‍ അത് കോര്‍പ്പറേഷനോ സംസ്ഥാന സര്‍ക്കാര്‍തന്നെയോ, അവരില്‍ യുഡിഎഫോ എല്‍ഡിഎഫോ, അതല്ല രണ്ടുകൂട്ടരും ഒന്നിച്ചോ, ഭരണപ്പാര്‍ട്ടിയുടെ അറിവും ഇടപെടലും ഈ അഴിമതികളിലുണ്ടോ, ഏതെങ്കിലും പാര്‍ട്ടി നേതാവിന്റെ മരുമക്കള്‍ക്ക് കരാര്‍ കൊടുക്കാന്‍ ഇടപെടലുണ്ടായോ, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതി ഇടപാടുകള്‍ക്ക് കൂട്ടുനിന്നോ... എന്നിങ്ങനെയുള്ള ഒരു ചോദ്യവും ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശ്യമില്ല. അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണമോ, ഇനി ഹൈക്കോടതി തീരുമാനിക്കാന്‍ പോകുന്ന അന്വേഷണമോ, അതല്ല, കേന്ദ്ര സര്‍ക്കാര്‍ നഗര വികസനത്തിനും സ്വച്ഛ് ഭാരതിനും മറ്റും കൊടുത്ത പണം ബ്രഹ്മപുരത്തും വിനിയോഗിച്ചിട്ടുള്ളതിനാല്‍ അവര്‍ നിശ്ചയിച്ചേക്കാവുന്ന അന്വേഷണ സംവിധാനമോ ഒക്കെച്ചേര്‍ന്ന് അത് കണ്ടുപിടിക്കട്ടെ. പക്ഷേ, ശ്രദ്ധിക്കേണ്ട മറ്റൊരു ഗുരുതര വിഷയത്തിലേക്ക് പോകാം.

അതു പറയാനാണ് വലുതിനെ ചെറുതും ചെറുതിനെ വലുതുമൊക്കെയാക്കുന്ന വിദ്യകളെക്കുറിച്ച് ആദ്യം പറഞ്ഞത്. ബ്രഹ്മപുരത്ത് കത്തലും പുകയലും ഉണ്ടാക്കിയ ആരോഗ്യ പ്രശ്നം, മലിനീകരണം, സുരക്ഷാ പ്രശ്നം തുടങ്ങിയവ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് വരും നാളുകളിലേ അറിയൂ. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ അതിലഘുവായാണ് കണ്ടതെന്ന് ആരും പറയും. ആരോഗ്യ പ്രോട്ടോക്കോള്‍ ഇറക്കിയില്ല. ഇനിയും ഇതിന്റെ ഇംപാക്ട് പഠിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു പശുത്തൊഴുത്തില്‍ വൈക്കോലിന് തീപ്പിടിക്കുമ്പോള്‍ കാണിക്കുന്ന ജാഗ്രതയോ ആശങ്കയോ മാത്രമേ സര്‍ക്കാര്‍ കാട്ടിയുള്ളു. ശേഷക്രിയകളും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേന നടത്തിയ നിര്‍നിദ്രവും നിസ്തുലവുമായ പ്രവര്‍ത്തനം മാത്രമാണ് ജനങ്ങള്‍ കണ്ടത്, അവര്‍ അതിനെയാണ് പ്രശംസിച്ചത്.  

പത്തു ദിവസം പിന്നിട്ടശേഷാണ് സംസ്ഥാന മുഖ്യമന്ത്രി ആ വിഷയത്തില്‍ പ്രതികരിച്ചത്. അതും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം അസഹ്യമായപ്പോള്‍, ജനങ്ങള്‍ ഒന്നങ്കം എതിര്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍. ശരിയായിരിക്കാം, സര്‍ക്കാര്‍ സംവിധാനത്തിന്റെ വിലയിരുത്തലില്‍ ആ തീപ്പിടിത്തം വലിയ സംഭവമല്ലായിരിക്കാം. പക്ഷേ, ''ആരും ഭയപ്പെടേണ്ട, ആശങ്കപ്പെടേണ്ട, ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല'' എന്ന് സമാശ്വസിപ്പിക്കാന്‍ എന്തായിരുന്നു തടസം? അവിടെയാണ് വലിയ പ്രശ്നങ്ങളെ, സ്വന്തം നിലയും നിലനില്‍പ്പും സംരക്ഷിക്കാന്‍ നിസ്സാരവല്‍ക്കരിക്കുന്ന രാഷ്ട്രീയ ബുദ്ധി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ജീവന് വിലകല്‍പ്പിക്കാത്ത ഭരണകൂടത്തിന്റെ മനഃസ്ഥിതിയാണ് അതു കാണിക്കുന്നത്. താല്‍ക്കാലം തീയും പുകയും അണയുകയും പുതിയ മറ്റു പ്രശ്നങ്ങള്‍ക്ക് തീകൊളുത്തുകയും ചെയ്തതോടെ ബ്രഹ്മപുരം ജനങ്ങള്‍ മറക്കുമെന്നായിരിക്കാം പുതിയ ഭരണതന്ത്രത്തിലെ രീതി മര്യാദകള്‍. പക്ഷേ...


ആമസോണ്‍ വനാന്തരങ്ങളിലെ തീപ്പിടിത്തത്തിന് ഇവിടെ ദല്‍ഹിയിലും കേരളത്തിലും പ്രതിഷേധിച്ചതു നില്‍ക്കട്ടെ. 'റഷ്യയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടി'ച്ചിരുന്ന മുക്കാല്‍ നൂറ്റാണ്ടുമുമ്പത്തെ മനഃസ്ഥിതിയോര്‍ത്താല്‍ അത് ക്ഷമിക്കാം. അതിന്നും മാറിയിട്ടില്ല എന്നും മാറാത്തത് വിപ്ലവം മാത്രമല്ല, ഈ പാര്‍ട്ടിമനസുമാണെന്ന് തിരുത്താം. എന്നാല്‍, കേരളമെന്നെ ചെറുതെങ്കിലും വിസ്തൃതമായ ഭൂപ്രദേശത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു വിഷയത്തെ 110 ഏക്കറിലും കൊച്ചി കോര്‍പ്പറേഷന്റെ ഒന്നോ രണ്ടോ വാര്‍ഡിലും മാത്രമായി ഒതുക്കിയ ഭരണകൂട-ഭരണകക്ഷി രാഷ്ട്രീയത്തിന്റെ പ്രവൃത്തിയെ നീചമെന്നോ, നികൃഷ്ടമെന്നോ ഭീകരമെന്നോ ഒന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. ഒരുപക്ഷേ 'ജുഗുപ്സാവഹമായ മാലിന്യം' എന്ന് വിളിച്ചാല്‍ ഏറെക്കുറേ അടുത്തെത്തും.  

മാലിന്യ സംസ്‌കരണത്തിന് ലോകമാതൃകകള്‍ ഉള്ളപ്പോള്‍  ഭോപ്പാല്‍, ഗുജറാത്ത് മാതൃകകള്‍ ഉള്ളപ്പോള്‍ ബ്രഹ്മപുരത്തെ ചീഞ്ഞു നാറിയ, പുകഞ്ഞു പരന്ന, ആ സംഭവം ലോകം അറിയരുത്, ഇന്ത്യ അറിയരുത്, കേരളം മുഴുവന്‍ പോലുമറിയരുത്, കൊച്ചിക്കാരില്‍ പോലുമെല്ലാരും അറിയരുത് എന്ന് ഒരു സര്‍ക്കാരും പാര്‍ട്ടിയും വിചാരിച്ചാല്‍ എറാന്‍ മൂളികളും അടിമകളും അതനുസരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിമുഖമാണ് നമ്മള്‍ ഇവിടെ കണ്ടത്.

ഇത് പറയാന്‍ കാരണം, മാലിന്യ സംസ്‌കരണം ഇന്ന് രാജ്യം, സംസ്ഥാനം, ജില്ലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വീടുകള്‍, വ്യക്തികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. അതിന് പരിഹാരം കാണുന്നതിന് പകരം, മാതൃകകാണിക്കുന്നതിന് പകരം, അതില്‍ വീഴ്ചയുണ്ടെങ്കില്‍ അത് തിരുത്തുന്നതിനു പകരം അതിനെ ഒളിപ്പിച്ചുവെച്ച് മിഥ്യാഭിമാനം കാക്കാന്‍ ശ്രമിക്കുന്ന രീതി ഒട്ടകപ്പക്ഷിയുടെ നയത്തിന് സമാനം പോലുമല്ല. അതിന് കൂട്ടുനിന്ന അണികളുടെ അപകടകരമായ മനസുണ്ടല്ലോ അതിനെയാണ് ഭയക്കേണ്ടത്. അവര്‍ പ്രളയത്തെ വെള്ളക്കെട്ടാക്കി മാറ്റിയവരാണ്. അഴിമതി പരമ്പരകളെ ജാഗ്രതക്കുറവാക്കി ലാളിച്ചവരാണ്. അവര്‍ സ്ത്രീ പീഡനങ്ങള്‍ക്ക് തീവ്രത അളന്ന് ലഘൂകരിച്ചവരാണ്. അപകടകാരികളാണ്. അവര്‍ വലിയ മീനിനെ കാണുമ്പോള്‍ കണ്ണടച്ച് മൗനമിരിക്കുന്ന കള്ളക്കൊക്കുകളാണ്. അവസരം വരുമ്പോള്‍ ആഞ്ഞുകൊത്തുന്ന നീചപ്പാമ്പുകളെപ്പോലെയാണ്.  

ഇതേ പാര്‍ട്ടിയും സര്‍ക്കാരും അകലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെവിടെയെങ്കിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ ഒരു ഭരണകൂടത്തിന്റെ നയവും നിലപാടും പിഴവും അബദ്ധവുമായി പ്രചരിപ്പിക്കുന്ന പതിവു കാഴ്ചയുമായി താരതമ്യം ചെയ്യുമ്പോഴാണ് മനസ്സിലാകുന്നത് ജനാധിപത്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അപകടകരമായ മേല്‍ക്കൈ എത്രത്തോളമെന്ന്.  

ബ്രഹ്മപുരം ഒതുക്കിവെച്ചതുപോലെയാണ് ഇക്കൂട്ടര്‍ പശ്ചിമ ബംഗാളിലും ത്രിപുരയിലും ജനങ്ങളെ വഞ്ചിച്ച്, പുച്ഛിച്ച്, അടിമകളാക്കി താന്തോന്നി ഭരണം നടത്തിയത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് കാല്‍ നൂറ്റാണ്ടിലേറെ തുടര്‍ഭരണം നടത്തിയവര്‍ രണ്ടാം വട്ടവും തെരഞ്ഞെടുപ്പില്‍ തോറ്റതുകാണിക്കുന്നത്. അഴിമതിയുടെ അവതാരങ്ങളല്ല വേതാളങ്ങളോ ഡ്രാക്കുളകളോ ആണ് സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിലെങ്ങും. അവര്‍ ഇടനാഴിയില്‍ മാത്രമല്ല, മകുടത്തിലും സിംഹാസനത്തിലും ഇരിപ്പുറപ്പിച്ചിരിക്കുന്നു. മുഖവും തലതന്നെയും ഇല്ലാത്തവരും കബന്ധങ്ങളുമാണ് ഭരണത്തിലെ സ്വാധീന കേന്ദ്രങ്ങളില്‍. ബ്രഹ്മപുരം മോഡലിലൂടെ ത്രിപുര റൂട്ടിലേക്കാണ് അവരുടെ പോക്ക്. പുക നല്ലതാണ്, ചില അണുക്കള്‍ക്ക് സ്ഥിരമായ നാശം സംഭവിക്കുമെങ്കില്‍ എന്ന് ആയുര്‍വേദശാസ്ത്രത്തില്‍ ഒരു വിധിയുണ്ട്.  ബ്രഹ്മപുരത്തെ പുക പുകച്ചു പുറത്തുചാടിക്കാന്‍ ഇടയാക്കിയേക്കാം. കാരണം, ഏറെ ആധിയില്‍ നില്‍ക്കുകയാണ് ഭയപ്പെടുത്തി കാവല്‍ക്കാരുടെ ആയുധം പേടിച്ച് കോട്ടയ്ക്കകത്ത് വീര്‍പ്പുമുട്ടുന്നവര്‍. അവസരത്തിന് കാതോര്‍ത്ത്. ബ്രഹ്മപുരം പുറത്തു കൊണ്ടുവന്നത് ചില 'അസുരന്മാരെ'യാണ്. ആ 'രക്തബീജന്മാരെ' വധിക്കാന്‍ 'കാളിക'ളാകാന്‍ മനുഷ്യത്വവും മര്യാദയും ശേഷിക്കുന്ന ഓരോരുത്തരും തയാറായാല്‍ മതി.

പിന്‍കുറിപ്പ്:

ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളില്‍ ലക്ഷണമെല്ലാം തികഞ്ഞ ഇസ്ലാമിക മതവിശ്വാസം പ്രചരിപ്പിക്കുന്ന സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) യുമുണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. അതിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, സിപിഐ (എം) അല്ല എന്നാണ് ചിലരുടെ വാദം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണല്ലോ സിപിഐ. 98 വര്‍ഷത്തിനിടെ, അത് പിളര്‍ന്നും പൊട്ടിയും പൊട്ടിത്തെറിച്ചുമാണല്ലോ ബാക്കി കാക്കത്തൊള്ളായിരവും ഉണ്ടായത്. അതിലെല്ലാവരും പറയുന്നത്  'കമ്യൂണിസ'വുമാണ്. അപ്പോള്‍പ്പിന്നെ ഇന്നയാളെന്ന് ഭേദം വേണ്ടതില്ല. എല്ലാം ഒറ്റയച്ഛന് ഒരമ്മപെറ്റ മക്കള്‍, ഒരേ ഡിഎന്‍എ.

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.