×
login
തമസ്‌കരിക്കപ്പെട്ടവരുടെ പുനര്‍ജനനം

അര്‍മേനിയന്‍ യുവതികളെ കൂട്ട ബലാത്സംഗത്തിന് ശേഷം നഗ്‌നരാക്കി കുരിശില്‍ തറച്ചു കൊന്ന് വഴിയോരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു

വികാസ് നരോണ്‍

ഇന്ത്യ ഏറെ താല്‍പര്യത്തോടെ ശ്രദ്ധിച്ച തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡൊണാള്‍ഡ് ട്രംപ് എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇവിടെ ധാരാളം. പ്രധാനമന്ത്രി മോദിയോടുള്ള സ്‌നേഹ ബന്ധം, കുടിയേറ്റ വിഷയത്തില്‍ ശക്തമായ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ എന്നിവ ട്രംപിനോടുള്ള എതിര്‍പ്പിന്റെ ,മുഖ്യ കാരണങ്ങളില്‍ ചിലതാണ്. സ്വാഭാവികമായും ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്ന ജോ ബൈഡന്‍, ഇന്ത്യയിലെ മോഡി വിരുദ്ധ പക്ഷത്തിന്റെ 'അമേരിക്കന്‍ താല്‍പര്യം' സംരക്ഷിക്കുന്ന നേതാവായിരിക്കും എന്നവര്‍ കരുതി. അധികാരത്തിലേറിയ ബൈഡന്‍ കുടിയേറ്റ വിഷയത്തില്‍ പഴയ നിലപാടുകളെ തിരുത്തിയതും പല ട്രംപ് നയങ്ങളില്‍ പുനര്‍ചിന്തനം നടത്തിയതും മാറുന്ന അമേരിക്കയുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. അമേരിക്കന്‍ ജനത എന്നും അവരുടെ മുതലാളിത്ത വ്യവസ്ഥയുടെ ഉന്നമനം ആഗ്രഹിക്കുന്നവരാണ്. ഭൂരിപക്ഷം പ്രസിഡന്റുമാരും അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോവാനും തയ്യാറായവരുമാണ്. ചെറു വ്യതിയാനങ്ങള്‍ പ്രകടമെങ്കിലും അടിസ്ഥാന അമേരിക്കന്‍ സാമ്രാജ്യതാല്‍പര്യം സംരക്ഷണം തന്നെയായിരുന്ന ഭൂരിപക്ഷം പ്രസിഡന്റുമാരുടെയും മുഖ്യ അജണ്ട. ട്രംപ് വിരുദ്ധ റിവിഷനിസ്റ്റുകളെ ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ഏപ്രില്‍ 24ന് ബൈഡന്‍ ഒരു പ്രസ്താവനയിറക്കി.

അമേരിക്കന്‍ നാറ്റോ സഖ്യത്തിലെ പ്രധാന രാജ്യമായ മുസ്ലിം ഭൂരിപക്ഷ തുര്‍ക്കിയുടെ നാളിതുവരെയുള്ള സമ്മര്‍ദ്ദങ്ങളെ വകവയ്ക്കാതെ മുന്‍ ഓട്ടോമന്‍ സാമ്രാജ്യം നടത്തിയ ചരിത്രത്തിലെ അതിഭീകരമായ അര്‍മേനിയന്‍ കൂട്ടക്കൊലയെ 'വംശഹത്യയായി' അംഗീകരിച്ച് എപ്രില്‍ 24ന് പ്രസ്താവന ഇറക്കിയിരിക്കുകയാണ് പ്രസിഡന്റ് ബൈഡന്‍. ഇക്കാലമത്രയും ഒരു അമേരിക്കന്‍ പ്രസിഡന്റ് പോലും പറയാത്ത സത്യം തുറന്നു പറഞ്ഞിരിക്കയാണ് ബൈഡന്‍.

1915-16ല്‍ ഇസ്ലാമിക മതം പിന്‍തുടരുന്ന ഓട്ടോ മാന്‍ തുര്‍ക്കി അവിടുത്തെ 15 ലക്ഷം വരുന്ന കൃസ്തുമത വിശ്വാസികളായ അര്‍മേനിയന്‍ വംശജരെ കൂട്ടക്കുരുതി നടത്തിയ സത്യം ലോകം അത് അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ഇന്നും ചര്‍ച്ച ചെയ്തിട്ടില്ല. ലോകം അറിയുന്ന ഒരു വംശഹത്യയായി ഇത് ചരിത്രത്തില്‍ ഇടം പിടിച്ചുമില്ല. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പിന്‍മുറക്കാരായ ആധുനിക തുര്‍ക്കി അവരുടെ പൂര്‍വ്വികര്‍ നടത്തിയ കൊടും ഹത്യ ചര്‍ച്ചയാക്കാതിരിക്കാനും ചരിത്രത്തിന്റെ ഓര്‍മ്മതാളുകളില്‍ ഇടം പിടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുപ്പത് ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന അര്‍മേനിയ എന്ന ചെറിയ രാജ്യം എത്രയോ വര്‍ഷമായി അവരുടെ പൂര്‍വ്വികരുടെ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കണമെന്ന ആവശ്യം അമേരിക്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ട്. സഖ്യകക്ഷിയായ തുര്‍ക്കിയെ വെറുപ്പിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ അമേരിക്ക ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഡോണാള്‍ഡ് ട്രംപ് പോലും തുര്‍ക്കിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ആ കൂട്ടക്കുരുതിയെ 'വംശഹത്യ 'എന്ന് വിളിക്കാന്‍ തയ്യാറായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ലോകം പല തരം താല്‍പര്യങ്ങളാല്‍ ഇത്രനാളും തമസ്‌ക്കരിച്ച അര്‍മേനിയന്‍ വംശഹത്യ ചര്‍ച്ച ചെയ്യപ്പെടാന്‍ വേദിയൊരുക്കുന്നു ബൈഡന്റെ പുതിയ നീക്കം. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ അര്‍മേനിയ ഇന്ന് ഒരു ജനാധിപത്യ റിപ്പബ്ലിക്ക് ആണ് .

പണ്ട് ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അര്‍മേനിയക്കാര്‍. ശക്തമായ മത വിശ്വാസം പുലര്‍ത്തിപ്പോന്ന ഇസ്ലാമിക ഓട്ടോമന്‍ ഭരണകൂടത്തിന് ന്യൂനപക്ഷ കൃസ്തുമത വിശ്വാസികളായ അര്‍മേനിയന്‍ ജനതയോട് പണ്ടേ പഥ്യമില്ലായിരുന്നു. യുവതുര്‍ക്കികള്‍ അധികാരം പിടിച്ചടക്കിയ ശേഷവും ഈ നയം തുടര്‍ന്നു വന്നു. യുവതുര്‍ക്കികളുടെ നേതൃത്വത്തിലെ ഒട്ടോമന്‍ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേര്‍ന്ന് റഷ്യയോട് യുദ്ധം ചെയ്ത് ദയനീയമായി പരാജയപ്പെടുകയുണ്ടായി. പരാജയ കാരണം അവര്‍ ഓട്ടോമന്‍ സേനയിലെ അര്‍മേനിയക്കാരുടെ തലയില്‍ കെട്ടിവെച്ചു. സേനയിലെ അര്‍മേനിയന്‍ വംശജര്‍ ചതിച്ചതു കാരണമാണ് യുദ്ധത്തില്‍ പരാജയപ്പെട്ടത് എന്ന ഒരു സിദ്ധാന്തം രൂപപ്പെടുത്തുകയുണ്ടായി. ഉടന്‍ തന്നെ സേനയിലെ മുഴുവന്‍ അര്‍മേനിയക്കാരെയും പുറത്താക്കുകയും പിന്നിട് വധിക്കുകയും ചെയ്തു. അതിനു ശേഷം അര്‍മേനിയന്‍ ബുദ്ധി ജീവികളെയും നേതാക്കന്മാരെയും അറസ്റ്റ് ചെയ്യുകയും വധിക്കുകയും ചെയ്തു. യുദ്ധം തുടരുമ്പോള്‍ റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന ഓട്ടോമന്‍ സാമ്രാജ്യഭൂമിയില്‍ വസിക്കുന്ന അര്‍മേനിയക്കാര്‍ റഷ്യയുമായി സഹകരിക്കും എന്ന ഒരു ചിന്ത ഭരണകൂടത്തിനുണ്ടായി. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ തുര്‍ക്ക് ഭരണാധികാരികള്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു.

അര്‍മേനിയക്കാരെ അവരുടെ ജന്മഭൂമിയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സിറിയന്‍ മരുഭൂമിയിലേക്ക് തള്ളിവിടാന്‍ ഒരു നിയമം കൊണ്ടു വന്നു ഭരണാധികാരികള്‍. അതി വിദ്ഗദമായ ഒരു വംശീയ തുടച്ചു നീക്കലിന്റെ തിരക്കഥ. അത്തരമൊരു വംശീയ തുടച്ചു മാറ്റലിലൂടെ അര്‍മേനിയക്കാര്‍ രാജ്യത്തിന്റെ ഭാഗമാവുമ്പോഴുള്ള അപകടം ഇല്ലാതാവും എന്ന് ഭരണം നടത്തുന്ന യുവതുര്‍ക്കികള്‍ കണക്ക് കൂട്ടി. മുഴുവന്‍ അര്‍മേനിയന്‍ വംശജരേയും അവരുടെ മാതൃഭൂമിയില്‍ നിന്നും ആട്ടിയോടിക്കാനുള്ള ദൗത്യം കുര്‍ദ്, തുര്‍ക്കി സേനകള്‍ക്ക് നല്‍കുകയുണ്ടായി. അങ്ങനെ ചരിത്രത്തിലെ അതിക്രൂരമായ ഒരു പാലായന കഥ ആരംഭിക്കുകയായി. ഒരു ജനതയെ മുഴുവന്‍, അവരുടെ ജന്മദേശത്തു നിന്നും ആട്ടിയോടിക്കാനുള്ള പദ്ധതി. യാതൊരു മുന്നറിയിപ്പുമില്ലാതെ തുര്‍ക്കി സൈന്യം സര്‍വ്വ സന്നാഹങ്ങളുമായി ഗ്രാമങ്ങളിലെത്തുന്നു, മുഴുവന്‍ ജനങ്ങളോടും ഉടന്‍ സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് സിറിയന്‍ മരുഭൂമിയിലേക്ക് പാലായനം ചെയ്യാന്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്യുന്നവരും, വീട്ടിലിരിക്കുന്ന സത്രീകളും കുട്ടികളും ഉടുത്ത വസ്ത്രത്താലെ സര്‍വ്വതും ഉപേക്ഷിച്ച ഇറങ്ങിയോടാന്‍ സൈന്യം ആജ്ഞാപിക്കുന്നു. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിയുള്ള ഒരു പീഡന യാത്ര. അവര്‍ക്ക് മറ്റ് വഴികളില്ല. അനുസരിക്കുക മാത്രം. ഭക്ഷണമില്ല, വെള്ളമില്ല, വിശ്രമമില്ല. നിരായുധരായ ലക്ഷക്കണക്കിന് സാധുജനങ്ങള്‍ കാല്‍നടയായി അലയുകയാണ് ദുരന്തങ്ങളിലേക്ക്. പോവുന്ന വഴി ഇവരെ ആര്‍ക്കും എന്തും ചെയ്യാമായിരുന്നു. അവര്‍ നിരായുധരാണ്. അവരെ സംരക്ഷിക്കാന്‍ ആരുമില്ല. അതിദയനീയമായ പലായനം. തുര്‍ക്കിയിലെ ഗോത്രവര്‍ഗക്കാര്‍ ഈ ജനവിഭാഗത്തിലെ പുരുഷന്മാരെ അടിമകളാക്കി, സ്ത്രീകളെ വീട്ടുജോലിക്കാരാക്കി, ലൈംഗിക അടിമകളാക്കി. നൂറുകണക്കിന് സുന്ദരികളായ അര്‍മേനിയന്‍ യുവതികളെ കൂട്ട ബലാത്സംഗത്തിന് ശേഷം നഗ്‌നരാക്കി കുരിശില്‍ തറച്ചു കൊന്ന് വഴിയോരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ബാക്കി വരുന്നവരെ സാധാരണക്കാരെയും കുട്ടികളെയും അതിക്രൂരമായി പീഡിപ്പിച്ചു. ഭക്ഷണവും വെള്ളവും ക്ഷീണമകറ്റാന്‍ വിശ്രമവും നിഷേധിക്കപ്പെട്ട ആയിരങ്ങള്‍ വഴിയോരങ്ങളില്‍ അസ്ഥികൂടങ്ങളായി മരിച്ചുവീണു. ഗതികെട്ട് പാലായനം ചെയ്യുന്ന ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയതു കാരണം ആക്രമിക്കുന്നതിന്നും കൊല്ലുന്നതിനും ന്യായീകരണം ഉണ്ടായിരുന്നു. കൊടിയ പീഡനങ്ങള്‍ ഏറ്റു വാങ്ങി അര്‍മേനിയന്‍ ജനതയുടെ അതിദയനിയ പലായനം സിറിയന്‍ മരുഭൂമിയിലെ ക്യാമ്പുകളിലെത്തിച്ചേര്‍ന്നപ്പോള്‍ 15 ലക്ഷത്തില്‍ പരം അര്‍മേനിയന്‍ കൃസ്ത്യാനികള്‍ മരിച്ചു കഴിഞ്ഞിരുന്നു. യാത്രയ്ക്ക് ശേഷം സിറിയയിലെത്തിയ ഭൂരിപക്ഷം പേരെയും അവിടെയുള്ള പീഡനകേന്ദ്രങ്ങളില്‍ മരണവും കാത്തിരുന്നു. മനുഷ്യകുലത്തിന് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലുമപ്പുറത്തുള്ള കൊടിയ പീഡനത്തിന്റെ പലായനമായിരുന്നു അത്.

യുവതുര്‍ക്കികള്‍ ഭരിക്കുന്ന തുര്‍ക്കിക്ക് സമ്പന്നരായി ജീവിക്കുന്നഅര്‍മേനിയക്കാരെ ആട്ടിപ്പായിക്കുന്നതിലൂടെ അവരുടെ സമ്പാദ്യങ്ങള്‍ സര്‍ക്കാറിന് കണ്ടു കെട്ടാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യവും ഈ പാലായനം ആസൂത്രണം ചെയ്തതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂര്‍ണ്ണമായ പലായനവും വംശഹത്യയും ചരിത്രത്തില്‍ ഇടം പിടിച്ചില്ല, ഇടം പിടിക്കാന്‍ അനുവദിച്ചില്ല. ആധുനിക തുര്‍ക്കി അവരുടെ പൂര്‍വികര്‍ നടത്തിയ കൂട്ടക്കൊലയെ ലളിതവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. അര്‍മേനിയക്കാര്‍ക്ക് എതിരെ വെറും ആക്രമണങ്ങള്‍ മാത്രമാണ് നടന്നത് എന്നും 15 ലക്ഷം പേര്‍ കൊല്ലപ്പെട്ടു എന്നത് ഊതി വീര്‍പ്പിച്ച കണക്ക് മാത്രമാണെന്നും പ്രചരിപ്പിച്ച് ഇതിനെ തമസ്‌ക്കരിക്കാനുള്ള തന്ത്രങ്ങള്‍ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പാക്കി ഇത്രയും നാള്‍. യുദ്ധാനന്തരം അര്‍മേനിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി. അര്‍മേനിയന്‍ വംശഹത്യയുടെ കഥകള്‍ പ്രചരിപ്പിക്കാനും ചര്‍ച്ചയാക്കാനും സോവിയറ്റ് യൂണിയനും താല്‍പര്യം കാണിച്ചില്ല. സോവിയറ്റ് ഇരുമ്പു മറയ്ക്കുള്ളില്‍ നിശബ്ദരായി അര്‍മേനിയക്കാര്‍ ജിവിച്ചു.

സോവിയറ്റ് പതനത്തിനു ശേഷം 1991 ല്‍ സ്വതന്ത്ര രാഷ്ട്രമായ അര്‍മേനിയ അതിന്റെ തമസ്‌കരിക്കപ്പെട്ട സ്വത്വത്തിന്റെ വീണ്ടെടുപ്പിനായി ശ്രമങ്ങള്‍ ആരംഭിച്ചു. അവരുടെ പൂര്‍വികര്‍ അനുഭവിച്ച വേദനകള്‍ മറക്കാതിരിക്കാന്‍ ഏപ്രില്‍ 24 അര്‍മേനിയ വംശഹത്യയുടെ ഓര്‍മ്മ ദിനമാക്കി. 1915 ലെ കൂട്ടക്കുരുതി വംശഹത്യയായി അംഗീകരിക്കാനും അത് ചരിത്രത്തിന്റെ ഭാഗമായിക്കാണാനും അവര്‍ ലോകശക്തികളോട് ആവശപ്പെടാന്‍ തുടങ്ങി. ഒരു ദുര്‍ബലരാജ്യമായ അര്‍മേനിയയുടെ രോദനം തിരസ്‌കരണ ശക്തികള്‍ തന്ത്രപരമായി നേരിട്ട് പരാജയപ്പെടുത്തി.

ആധുനിക തുര്‍ക്കിക്ക് അവരുടെ ഒട്ടോമന്‍ പൂര്‍വികര്‍ നടത്തിയ അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായി അംഗീകരിക്കുന്നത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും എന്നു വ്യക്തമായി അറിയാം. അതുകൊണ്ട് അവര്‍ അര്‍മേനിയന്‍ കൂട്ടക്കൊല ചര്‍ച്ചയാകാതെ അമര്‍ത്തി വെച്ചു. പല അപ്രിയ സത്യങ്ങളും ഇടം വലം നോക്കാതെ വിളിച്ചു കൂവുന്ന ഡൊണാള്‍ഡ് ട്രംപ് പോലും വംശഹത്യ എന്ന പദം ഉപയോഗിക്കാതെ സഖ്യകക്ഷി തുര്‍ക്കിയെ പ്രീതിപ്പെടുത്തിയിരുന്നു. അതിനിടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധങ്ങള്‍ ഉലയാന്‍ തുടങ്ങി. 2016 മുതല്‍ ഈ അകല്‍ച്ച പ്രകടമാവാന്‍ തുടങ്ങി. അതു കാരണം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി തുര്‍ക്കി റഷ്യയോട് കൂടുതല്‍ അടുത്തു. ബൈഡന്റെ സ്ഥാനാരോഹണത്തോടെ പഴയ സുഹൃത്ബന്ധ കാലത്തേക്ക് മടങ്ങിപ്പോവാനുള്ള തുര്‍ക്കിയുടെ അഭ്യര്‍ത്ഥനയ്ക്ക്, തുര്‍ക്കി എറ്റവും അധികം വെറുക്കുന്ന ഒരു അര്‍മേനിയന്‍ വംശഹത്യ പ്രസ്താവനയിലൂടെ അമേരിക്ക മറുപടി കൊടുത്തിരിക്കയാണ്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍ സഖ്യകക്ഷിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പുല്ലുവിലയേ അമേരിക്ക കൊടുക്കാറുള്ളൂ. അതാണ് അമേരിക്ക. ഈ വംശഹത്യ അംഗീകാര പ്രഖ്യാപനം ആരെയും കുറ്റപ്പെടുത്താനല്ല ഇത്തരത്തിലുള്ള ഹത്യകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്ന് പറയുകയാണ് പ്രസിഡന്റ് ബൈഡന്‍. ഇത്തരം വംശഹത്യകള്‍ക്ക് കാരണമാവുന്ന പകയുടെ തീഷ്ണതയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ബൈഡന്‍ ഓര്‍മപ്പെടുത്തുന്നു. എന്തായാലും അര്‍മേനിയന്‍ ജനത സന്തോഷത്തിലാണ്. അവരുടെ ദീര്‍ഘകാല അഭ്യര്‍ത്ഥനയാണ് അമേരിക്ക ആംഗീകരിച്ചത്.

പക്ഷെ തുര്‍ക്കി പ്രതിഷേധിക്കുകയാണ്. അമേരിക്ക അവരുടെ പരസ്പര സഹകരണത്തേയും സ്‌നേഹ ബന്ധത്തെയും മുറിവേല്‍പ്പിച്ചിരിക്കയാണ് എന്ന വാദത്തിലാണ് തുര്‍ക്കി. ഈ പ്രസ്താവനയില്‍ നിന്ന് പിന്‍തിരിയാന്‍ തുര്‍ക്കി അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയാണ്. തമസ്‌ക്കരിക്കപ്പെടുന്ന, തമസ്‌ക്കരിക്കപ്പെടുത്തുന്ന ചരിത്ര സത്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ടതാണ്, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാശ്മീരിലെ പണ്ഡിറ്റുകളുടെ വംശഹത്യയും ചര്‍ച്ച ചെയ്യപ്പെടാതെ തമസ്‌കരണത്തിന്റെ പാതയിലാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. പുതിയ പുതിയ വംശഹത്യകള്‍ സംഭവിക്കാതിരിക്കാന്‍ നാം പഴയതിനെ അറിയണം, പഠിക്കണം, കരുതല്‍ നടപടികള്‍ കൈക്കൊള്ളണം. വംശഹത്യകള്‍ ഇനിയും നടന്നു കൂടാ. പ്രസിഡന്റ് ബൈഡന്റെ നയവ്യതിയാനം പുതിയ ചരിത്രങ്ങള്‍ രചിക്കുമാറാകട്ടെ. ഈ നാട്ടിലെ മോദി വിരുദ്ധരുടെ അജണ്ടകള്‍ നടപ്പാക്കാനല്ല ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയത് എന്ന സത്യം മനസിലാക്കിയാല്‍ നല്ലത്. 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.