×
login
'ക്രൈസ്തവ സിദ്ധാന്തത്തിലും വിശ്വാസങ്ങളിലും വൈരുദ്ധ്യങ്ങള്‍; സഭാ ചരിത്രത്തില്‍ ചോരപ്പുഴകള്‍, ദൈവനിന്ദ, ലൈംഗിക അരാജകത്വം, എല്ലാത്തരം മനുഷ്യ തിന്മകളും'

ക്രൈസ്തവ സിദ്ധാന്തത്തിലും വിശ്വാസങ്ങളിലും പരസ്പര വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് 'പഴയ നിയമ' ത്തെക്കുറിച്ചുള്ള പഠനത്തില്‍ നിന്ന് എസ്തറിന് വ്യക്തമായി. തീര്‍ത്തും അനാശാസ്യവും ഹിംസാത്മകവും ആയ ജീവിതം നയിക്കുന്ന സഭാനേതാക്കള്‍ ഉദ്ബോധിപ്പിക്കുന്നവയും പിന്തുടരുന്നവയുമായ മൂല്യങ്ങളിലെ ഇരട്ടത്താപ്പുകളും ബോദ്ധ്യമായി.

ക്രൈസ്തവവിശ്വാസത്തില്‍ ആകര്‍ഷിക്കപ്പെട്ട് മതം മാറുകയും സ്വീകരിച്ച പുതുവിശ്വാസത്തിലേക്ക് മറ്റുള്ളവരേയും നയിക്കണം എന്ന അതിയായ ആഗ്രഹത്താല്‍ ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ഉപരിപഠനത്തിന് ഇറങ്ങി തിരിക്കുകയും ചെയ്ത വിദ്യാസമ്പന്നയായ യുവതിയാണ് എസ്തര്‍ ധന്‍രാജ്. ആന്ധ്രാക്കാരി ബ്രാഹ്മണ യുവതിയെ അമേരിക്കയിലെ സെമിനാരിയിലെ ആഴത്തിലുള്ള പഠനം എത്തിച്ചത് പുനര്‍ വിചിന്തനത്തിലേക്കാണ്. ദൈവം തന്നെ അമേരിക്കയിലേക്ക് കൊണ്ടു പോയതിന് ഒരു കാരണം ഉണ്ടായിരുന്നു എന്നു എസ്തര്‍ വിശ്വസിച്ചിരുന്നു. ദൈവത്തെ പഠിക്കുക. ഇന്ത്യയില്‍ തിരികെ എത്തി ആത്മാക്കളെ രക്ഷിക്കുക. പള്ളികള്‍ സ്ഥാപിക്കുകയും ധനികര്‍, ദരിദ്രര്‍, വിദ്യാ സമ്പന്നര്‍ തുടങ്ങി എല്ലാവരേയും രക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും എസ്തര്‍ കരുതി.

ക്രൈസ്തവ ദൈവശാസ്ത്രം ഗൗരവത്തില്‍ പഠിച്ചതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.ക്രൈസ്തവ സിദ്ധാന്തത്തിലും വിശ്വാസങ്ങളിലും പരസ്പര വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന്  'പഴയ നിയമ' ത്തെക്കുറിച്ചുള്ള പഠനത്തില്‍നിന്ന് എസ്തറിന് വ്യക്തമായി. തീര്‍ത്തും അനാശാസ്യവും ഹിംസാത്മകവും ആയ ജീവിതം നയിക്കുന്ന സഭാനേതാക്കള്‍ ഉദ്ബോധിപ്പിക്കുന്നവയും പിന്തുടരുന്നവയുമായ മൂല്യങ്ങളിലെ ഇരട്ടത്താപ്പുകളും ബോദ്ധ്യമായി. എന്നാല്‍ പഠനത്തിന്റെ ഭാഗമായി വായിച്ച 'വ്യവസ്ഥാപിത ദൈവശാസ്ത്രം' എന്ന സഭാചരിത്ര പുസ്തകമാണ്  തന്നിലെ ക്രിസ്തുമതത്തിന്റെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണി എന്നാണ് എസ്തര്‍ പറയുന്നത്.

സഭയുടെ വലിയ ചരിത്ര പുസ്തകം വായിച്ചപ്പോള്‍ എസ്തര്‍ അതില്‍ ദൈവത്തെ തിരഞ്ഞു. ദൈവത്തെ ഒഴിച്ച് മറ്റെല്ലാവരേയും കണ്ടുമുട്ടാന്‍ കഴിഞ്ഞു. അതില്‍ ചോരപ്പുഴകള്‍ ഉണ്ട്. ദൈവനിന്ദയുണ്ട്, ലൈംഗിക അരാജകത്വമുണ്ട്. സിംഹാസനം കൈയ്യടക്കാന്‍ വേണ്ടി അമ്മ മകനെ വിവാഹം കഴിക്കുന്നുണ്ട്. അധികാരത്തിനു വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം അതിലുണ്ട്. ചുരുക്കത്തില്‍ പേരെടുത്തു പറയാവുന്ന എന്തൊക്കെ മനുഷ്യ തിന്മകളുണ്ടോ അതെല്ലാം 'സഭയുടെ ചരിത്ര'ത്തില്‍ കാണാന്‍ കഴിഞ്ഞു.

ക്രൈസ്തവ ജീവിതത്തില്‍ ഉടനീളം പെന്തക്കോസ്ത് വിശ്വാസിയായിരുന്ന എസ്തര്‍ ധന്‍രാജ്, തൻ്റെ അസാധാരണമായ ഈ അനുഭവം പങ്കു വയ്ക്കുകയാണ് രാജീവ് മല്‍ഹോത്രയുമായുള്ള  സംഭാഷണത്തില്‍. ചിന്തകനും ഗവേഷകനും ഗ്രന്ഥകാരനുമാണ് അമേരിക്കന്‍ ഇന്ത്യാക്കാരനായ രാജീവ് മല്‍ഹോത്ര. അദ്ദേഹം സ്ഥാപിച്ച 'ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍' ഭാരത സംസ്‌കൃതിയെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുറന്നുകാണിക്കുന്ന ഗവേഷണ സ്ഥാപനമാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

രാജീവ് മല്‍ഹോത്ര: നമസ്തേ !

ഇന്നത്തെ നമ്മുടെ അതിഥി വളരെ അസാധാരണത്വമുള്ള ഒരു വ്യക്തിയാണ്. ഈ അഭിമുഖം വളരെ പ്രത്യേകതകളുള്ള ഒന്നായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ ഇത് ഇഷ്ടപ്പെടും.

നമ്മുടെ അതിഥി എസ്തര്‍ ധനരാജ്, ഒരു മുന്‍ ക്രിസ്ത്യനാണ്. അങ്ങനെയാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അവരുടെ ജീവിതകഥ നമ്മോട് പങ്ക് വയ്ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. എങ്ങനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു, ഒരു ക്രിസ്ത്യന്‍ എന്ന നിലയ്ക്കുള്ള ഇന്‍ഡ്യയിലേയും അമേരിക്കയിലേയും ജീവിതം എങ്ങനെയായിരുന്നു, പിന്നീട് അതില്‍ നിന്ന് പുറത്തു പോകാന്‍ എന്തായിരുന്നു കാരണം, എങ്ങനെ പുറത്തു വന്നു, ഇപ്പോള്‍ എവിടെ ജീവിക്കുന്നു, എന്തു ചെയ്യുന്നു, എന്താണ് ഭാവിയില്‍ ലക്ഷ്യം വയ്ക്കുന്നത്? ഇതെല്ലാം അറിയാന്‍ നമുക്ക് താല്‍പ്പര്യമുണ്ട്. ഇത് വളരെ ഉദ്വേഗ ജനകമായിരിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം ചിന്തകളില്‍ വളരെ വ്യക്തതയുള്ള ഒരു വനിതയാണ് അവര്‍. നല്ല വിദ്യാസമ്പന്നയും യുക്തിബോധത്തിനുടമയും ധൈര്യമുള്ള വ്യക്തിയുമാണ്. ഈ ചര്‍ച്ചയിലേക്ക് സ്വാഗതം എസ്തര്‍.

എസ്തര്‍: വളരെ നന്ദി. എന്നെപ്പറ്റിയുള്ള ആ പരിചയപ്പെടുത്തല്‍ വളരെ ഉദാരമാണ്.

രാജീവ്:  താങ്കള്‍ എന്നില്‍ വളരെ മതിപ്പുളവാക്കുന്നു. വിശ്വാസപരമായ നിങ്ങളുടെയാത്ര എങ്ങനെയാണ് ആരംഭിച്ചത് എന്ന് പറയാമോ ? അതെങ്ങനെ മതപരിവര്‍ത്തനത്തിലേക്ക് എത്തിച്ചു എന്നും അറിയണം.

എസ്തര്‍:  ഞാന്‍ ഒരു തെലുഗു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. വളരെ യാഥാസ്ഥിതകമായ ചുറ്റുപാടില്‍ ആണ് ഞാന്‍ വളര്‍ന്നു വന്നത്. എന്റെ അച്ഛന്‍ ഒരു അടിയുറച്ച ഗായത്രീ ഭക്തനായിരുന്നു. ഭര്‍ത്താവിന്റെയും അഞ്ചു കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി സന്തുഷ്ടയായി ജീവിതം നയിച്ചിരുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു എന്റെ അമ്മ. അവരും വളരെ ഭക്തിയും ദൈവവിശ്വാസവുമുള്ള, ഹിന്ദു സംസ്‌കാരത്തെ സ്നേഹിക്കുന്ന സ്ത്രീയായിരുന്നു. നെറ്റിയിലെ പൊട്ടും ആഭരണങ്ങളും എല്ലാം ഇഷ്ടപ്പെട്ടിരുന്ന സാധാരണ ഹിന്ദു സ്ത്രീ.

രാജീവ്:  കുടുംബത്തില്‍ ആരെങ്കിലും ക്രിസ്ത്യാനികള്‍ ആയിരുന്നോ ?

എസ്തര്‍:  ഇല്ല. ആരുമില്ല.

രാജീവ്: അപ്പോള്‍ അവര്‍ തീര്‍ത്തും കറയറ്റ ഹിന്ദുക്കള്‍ തന്നെയായിരുന്നു അല്ലേ ?.

എസ്തര്‍: ക്രിസ്തുമതവുമായി യാതൊരു പരിചയവും അവര്‍ക്ക് ഉണ്ടായിരുന്നില്ല.

രാജീവ്:  എന്തായിരുന്നു മാതാപിതാക്കളുടെ പ്രത്യേകമായ ഹൈന്ദവാനുഷ്ഠാനം ?

എസ്തര്‍: എപ്പോഴും കണ്ടിരുന്നത് വീട്ടിലെ പൂജാ മുറിയാണ്. ഹിന്ദുമതത്തോടുള്ള എന്റെ പരിചയം എല്ലാവര്‍ഷവും വളരെ ഗംഭീരമായി കൊണ്ടാടിയിരുന്ന ഗണേശ ചതുര്‍ഥി, ദുര്‍ഗ്ഗാ പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളായിരുന്നു.

രാജീവ്:  അച്ഛന്‍ വിദ്യാ സമ്പന്നനായിരുന്നോ ?

എസ്തര്‍:  തീര്‍ച്ചയായും. അദ്ദേഹം വിദ്യാ സമ്പന്നനും, നല്ലവണ്ണം ലോക പരിചയം സിദ്ധിച്ച ആളുമായിരുന്നു. സമൂഹത്തില്‍ നല്ലൊരു സ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ലൊരു ജോലി ഉണ്ടായിരുന്നു. ധാരാളം യാത്രകളും ചെയ്തിട്ടുണ്ട്.

രാജീവ്:  അതായത് അല്ലലില്ലാതെ ജീവിച്ചിരുന്ന, വിദ്യാ സമ്പന്നമായ ഇടത്തരത്തില്‍ ഉയര്‍ന്ന യാഥാസ്ഥിതിക ഹിന്ദു കുടുംബം.

എസ്തര്‍:  യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം എന്ന് ഞാന്‍ പറയും. അങ്ങനെ പറയാന്‍ കാരണം വളര്‍ന്നു വരുന്ന സമയത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആയിട്ട് അധികം ഇടപഴകാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. വീട്ടിനു പുറത്ത് പോയി അവരോടൊക്കെ കളിച്ചാലും, തിരിച്ചു വരുമ്പോള്‍  വസ്ത്രങ്ങള്‍ മാറ്റിയിട്ടേ വീട്ടിനുള്ളില്‍ കടക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ. അത്ര കര്‍ക്കശമായിരുന്നു ചിട്ടകള്‍. പൂര്‍ണ്ണ സസ്യ ഭുക്കുകള്‍ ആയിരുന്നു. ഈ സമയത്ത് ഒറീസയില്‍ ആയിരുന്നു ഞങ്ങളുടെ താമസം. അച്ഛന്  സ്വകാര്യ സ്ഥാപനത്തില്‍ ഇടയ്ക്കിടെ സ്ഥലം മാറ്റം കിട്ടുന്ന ജോലിയായിരുന്നു. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആയിടയ്ക്കുതന്നെ അമ്മയ്ക്കും ചെറിയചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ക്ക് ഒരു ക്രിസ്ത്യന്‍ അയല്‍വാസി ഉണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു തമിഴ്നാട്ടുകാരന്‍. ടെല്‍കോ കമ്പനിയില്‍ എഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹത്തിന്റെ കുടുംബം നാട്ടിലായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. തങ്ങളുടെ സമീപത്ത്, അതായത് സ്‌കൂള്‍, കോളേജ്, ജോലിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ ഒരു ഇരയെ കിട്ടിക്കഴിഞ്ഞാല്‍ അവരുടെ ആദ്യത്തെ പ്രതികരണം നേരെ ചെന്ന് അവരോട് യേശുവിനെ പറ്റിയോ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന അത്ഭുതങ്ങളെ പറ്റിയോ ഒക്കെ സംസാരിക്കലാണ്. അങ്ങനെ അദ്ദേഹം അടുത്തു വരുന്നു. നമ്മുടെ വിഷമതകള്‍ മനസ്സിലാക്കുന്നു. അഞ്ചു കുട്ടികളും നമ്മോടൊപ്പം താമസിക്കുന്ന മുത്തശ്ശിയും ഒക്കെ ചേര്‍ന്നുള്ള വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ഇവിടെ നല്ലൊരു അവസരം അദ്ദേഹം കണ്ടെത്തി. താമസിയാതെ അദ്ദേഹം യേശുവിനെ പരിചയപ്പെടുത്തുന്നു. ഞങ്ങള്‍ അതിലേക്ക് നടന്നടുക്കുന്നു.

രാജീവ്: അദ്ദേഹം യേശുവിനെ പരിചയപ്പെടുത്തി കഴിഞ്ഞ് നിങ്ങളുടെ അച്ഛന്‍ മത പരിവര്‍ത്തനം ചെയ്യുന്നതിന് എത്ര സമയമെടുത്തു ?

എസ്തര്‍:  മത പരിവര്‍ത്തനം നടന്നത് ഏതാണ്ട് ഒന്ന് ഒന്നര കൊല്ലം എടുത്തിട്ടാണ്.  

രാജീവ്:  ആ സമയത്ത് ഈ ഒരാള്‍ മാത്രമേ വന്നിരുന്നുള്ളോ, അതോ മറ്റുക്രിസ്ത്യാനികളും കണ്ട് സംസാരിക്കാന്‍ വരുമായിരുന്നോ ?

എസ്തര്‍: അപ്പോഴേക്കും ഞങ്ങള്‍ ഒറീസയിലെ ഭുവനേശ്വരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്നിരുന്നു. ആ സമയത്തായിരുന്നു മാതാപിതാക്കള്‍ നമ്മുടെ പാരമ്പര്യ ഹിന്ദു വിശ്വാസങ്ങളില്‍ നിന്ന് അകന്നതും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തപ്പെട്ടതും. മുഴുവന്‍ കുടുംബവും ഇങ്ങനെ വീടു മാറി വരുന്നതിനു മുമ്പ് തന്നെ അച്ഛനും അമ്മയും മാത്രമായി ഹൈദരാബാദിലേക്ക് വന്നിരുന്നു. അമ്മയ്ക്ക് ചെയ്യേണ്ടിയിരുന്ന ചെറിയ സര്‍ജറിയ്ക്കു വേണ്ടിയായിരുന്നു അത്. ആ സമയത്ത് അവര്‍ ആന്റിയുടെ കൂടെയാണ് താമസിച്ചിരുന്നത്. ആന്റിയുടെ അയല്‍ക്കാര്‍ ക്രിസ്ത്യാനികളായിരുന്നു.

രാജീവ്:  അതായത് ഈ കൂട്ടര്‍ നിങ്ങളോട് സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്ത്യാനികളുടെ രണ്ടാമത്തെ ഒരു ഗ്രൂപ്പ് ആയിരുന്നു അല്ലേ ?

എസ്തര്‍: അതെ. ഇതായിരുന്നു ശരിക്കുമുള്ള ഇടപാട്. ആദ്യത്തേത് ആയിരുന്നില്ല. ആദ്യത്തേത് ക്രിസ്തുമതത്തിലേക്കുള്ള  മുഖവുര മാത്രമായിരുന്നു. ഒരുതരം നിലമൊരുക്കല്‍

രാജീവ്:  ക്രിസ്തുമതത്തെ അവര്‍ നിങ്ങള്‍ക്കു തരുമ്പോള്‍ അതില്‍ സ്വന്തം മതത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ അതോ ഹിന്ദു മതത്തെ മോശമാക്കി കാണിക്കുന്ന ഭാഗവും ഉണ്ടായിരുന്നോ ? അതോ ഇനി നിങ്ങള്‍ അതൊക്കെ തിരിച്ചറിയാന്‍ കഴിയാത്തത്ര ചെറുപ്പമായിരുന്നു എന്നുണ്ടോ ?  

എസ്തര്‍:  ഇല്ല. ഞാന്‍ അത്ര കുട്ടിയായിരുന്നില്ല. അക്കാലത്ത് ഹൈന്ദവനിന്ദ ക്രിസ്തു മതപ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല.

രാജീവ്:  ഇതു നടക്കുമ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസ്സുണ്ടായിരുന്നു ?

എസ്തര്‍: മതപരിചയം നടക്കുമ്പോള്‍ എനിക്ക് ഏതാണ്ട് പന്ത്രണ്ടോ പതിമൂന്നോ വയസ്സുണ്ടാവും.

രാജീവ്:   യേശുവിന്റെ  മഹത്വത്തെ കുറിച്ചൊക്കെയുള്ള ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അത് മുഴുവന്‍ കുടുംബത്തോടും ആണോ അവര്‍ പറഞ്ഞിരുന്നത് അതോ നിങ്ങളുടെ അച്ഛനമ്മമാരോട് മാത്രമായിരുന്നോ ?

എസ്തര്‍:  മുഴുവന്‍ കുടുംബത്തോടുമായിരുന്നു. പാസ്റ്റര്‍ കുടുംബത്തില്‍ വരുമ്പോള്‍ പ്രാർത്ഥനാ മീറ്റിങ്ങില്‍ കുടുംബാംഗങ്ങള്‍ മുഴുവനും പങ്കെടുക്കണമായിരുന്നു. അതില്‍ പാട്ടുകള്‍ പാടും, വിശുദ്ധ വചനങ്ങള്‍ ഉപദേശിക്കും, അത്ഭുതങ്ങളെ കുറിച്ച് സംസാരിക്കും.  തെലുഗു ക്രിസ്ത്യന്‍ പാസ്റ്ററാണ് ഇത് നടത്തിയിരുന്നത്. എല്ലാം തെലുങ്ക് ഭാഷയിലായിരുന്നു.

രാജീവ്:  ഈ കേസ് വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒന്നാണ്. ഇതൊരു ബ്രാഹ്മണ കുടുംബമാണ്. ദരിദ്രരുമല്ല. അപ്പോള്‍ ജാതിപരമായ പ്രശ്നമോ, സാമ്പത്തിക പ്രശ്നമോ ഒന്നും കൊണ്ട് സമ്മര്‍ദ്ദത്തില്‍ ആയവരാണ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നിങ്ങളുടെ അച്ഛന്‍ നേരത്തേ പറഞ്ഞ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സമയമായിരുന്നോ അത്? 

എസ്തര്‍:  നൂറു ശതമാനവും.

രാജീവ്:  ഇവിടെ ഹിന്ദുക്കള്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട ഒരു കാര്യം ഹിന്ദു പുരോഹിതര്‍ ആരും തന്നെ ആ ഒരു വര്‍ഷം ഇവരുടെ വീട്ടില്‍ വരികയോ സഹായിക്കുകയോ ചെയ്തില്ല എന്നതാണ്. ക്രിസ്ത്യന്‍ പുരോഹിതന്‍ അതു ചെയ്തു. അതായത് വളരെ ചെറിയ ഒരു ന്യൂനപക്ഷം ആണെങ്കിലും അവര്‍ വളരെ കഠിനമായി പ്രയത്നിക്കുന്നു. ഒരാളിനെ മാറ്റിയെടുത്ത് കൂട്ടത്തില്‍ ചേര്‍ക്കാന്‍ പോലും അവര്‍ വളരെയേറെ സമയവും പ്രയത്നവും ചെലവഴിക്കാന്‍ തയ്യാറാണ്. ഒരു ഹിന്ദുവിന് വേണമെങ്കില്‍  ഹിന്ദു സ്ഥാപനത്തില്‍ അങ്ങോട്ടു പോയി പ്രാർത്ഥനയും ആരാധനയും ഒക്കെ ചെയ്യാം. എന്നാല്‍ വിഷമസന്ധി ഉണ്ടായ സമയത്ത് അവര്‍ ആരും ഇങ്ങോട്ട് അന്വേഷിച്ച് വന്നില്ല. 'നിങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ സഹായിക്കാം' എന്നൊന്നും പറഞ്ഞ് ആരും ആ സമയത്ത് കൂടെ ഉണ്ടായിരുന്നില്ല. അത് പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നുന്നില്ലേ ?

എസ്തര്‍: തീര്‍ച്ചയായും. എന്നാല്‍ ഞാന്‍ ഇതില്‍ ഒരു കാര്യം കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നടന്നത് ഒരു ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇപ്പോള്‍ അവര്‍ (ക്രിസ്ത്യാനികള്‍) വളരെ അനുഭവ പരിജ്ഞാനം നേടിക്കഴിഞ്ഞതിനാല്‍ മറ്റുള്ളവരോട് ഒരു മാനുഷിക തലത്തില്‍ ഇടപെടും. എന്നാല്‍ ഹിന്ദു പുരോഹിതര്‍ വരുന്നുണ്ടെങ്കില്‍ തന്നെ അവര്‍ പഠിപ്പിക്കുക ഗ്രന്ഥങ്ങളില്‍ നിന്നുള്ള കാര്യങ്ങളായിരിക്കും. അതാകട്ടെ സാധാരണക്കാര്‍ക്ക് മനസ്സിലാവുകയുമില്ല.

രാജീവ്:  അദ്ദേഹം (ഹിന്ദു പുരോഹിതന്‍) കുറച്ചു തത്വദര്‍ശനം മാത്രമായിരിക്കും ഉപദേശിക്കുക. ക്രിസ്ത്യാനികള്‍ അതീന്ദ്രിയ വിഷയങ്ങള്‍ ഒന്നും അപ്പോള്‍ പറയില്ല. പകരം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. യേശു നിന്നെ സ്നേഹിക്കുന്നു. നമ്മളെല്ലാം നിന്റെ വിഷമത്തില്‍ നിന്നോട് കൂടെയുണ്ട്. നീ സുരക്ഷിതനാണ് എന്നൊക്കെ പറഞ്ഞ് തന്റെ സഹജീവിയോട് വൈകാരികമായ ബന്ധം സ്ഥാപിക്കുകയായിരിക്കും ചെയ്യുക.

എസ്തര്‍:  അതെ. 'നിനക്ക് ഒരു ലൌകിക പ്രശ്നമുണ്ട്. ഇതാ അതിനുള്ള ലൌകികമായ പരിഹാരം' ഇങ്ങനെ ആയിരിക്കും അവര്‍ ഇടപെടുക. 'ഈ കാശ് എടുത്തോളൂ...' അല്ലെങ്കില്‍ 'ഞാന്‍ നിന്നെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകാം' . 'ഇതാ ഈ എണ്ണ പുരട്ടൂ.. നിന്റെ വേദന ശമിക്കും'

രാജീവ്:  അതായത് അവര്‍ വളരെ സഹായ മനസ്ഥിതി ഉള്ളവരാണ് എന്ന്

എസ്തര്‍: ശരിയാണ്. അതിനു പിന്നില്‍ അജണ്ട ഉണ്ടാവാം. എന്നാലും അവര്‍ ഭൗതികമായി തന്നെ സഹായിക്കും.

രാജീവ്:  ഇതൊക്കെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്... ഓക്കെ... എന്നിട്ട് നിങ്ങളുടെ മാതാപിതാക്കള്‍ രണ്ടുപേരും ഒന്നിച്ചാണോ മതം മാറിയത്.

എസ്തര്‍:  അതെ

രാജീവ്: നിങ്ങള്‍ക്ക് എത്ര സഹോദരങ്ങള്‍ ഉണ്ട് ? എല്ലാവരും ക്രിസ്ത്യാനികളായോ ?

എസ്തര്‍: എനിക്ക് നാല് സഹോദരങ്ങളാണ്. എല്ലാവരും മാറി.

രാജീവ്:  എന്നിട്ട് പിന്നീടവർ അതില്‍ നിന്നും പുറത്തുപോയോ ?

എസ്തര്‍:  ഇല്ല. അവര്‍ ക്രിസ്ത്യാനികളായി തന്നെ തുടര്‍ന്നു. 22 വയസ്സുള്ള ഒരു സഹോദരനെ എനിക്ക് നഷ്ടപ്പെട്ടു. മരിക്കുമ്പോള്‍ അയാളും ക്രിസ്ത്യനായിരുന്നു.

രാജീവ്:  ഒക്കെ. എന്നിട്ട് നിങ്ങള്‍ വിവാഹിതയായി. എന്തായിരുന്നു ഭര്‍ത്തൃ വീട്ടുകാരുടെ വിശ്വാസം ?

എസ്തര്‍:  അവര്‍ മൂന്നാം തലമുറ ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നെപ്പോലെ ഒന്നാം തലമുറ ക്രിസ്ത്യാനി ആയിരുന്നില്ല.

രാജീവ്:  ഓക്കെ, നിങ്ങള്‍ ഏതു സഭയുടെ ഭാഗമായിരുന്നു അപ്പോൾ ?

എസ്തര്‍: ഞാന്‍ ഒരു ഹെബ്രോണ്‍ സഭയിലാണ് സ്നാനപ്പെട്ടത്. പിന്നീടുള്ള ക്രൈസ്തവ ജീവിതത്തില്‍ ഉടനീളം ഞാനൊരു പെന്തക്കോസ്ത് വിശ്വാസിയായിരുന്നു.

രാജീവ്:  മാതാപിതാക്കളും ഇതേ സഭയില്‍ തന്നെയായിരുന്നോ ?

എസ്തര്‍:  അതെ. പക്ഷേ അവര്‍ക്ക് സഭകളിലെ ഈ വ്യത്യാസങ്ങള്‍ ഒന്നും അത്ര കണ്ട് മനസ്സിലായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ കേന്ദ്രമായ യേശുവും പിന്നെ ബൈബിളും മാത്രമായിരുന്നു പ്രധാനം.

രാജീവ്:  അതുകഴിഞ്ഞു നിങ്ങള്‍ വിവാഹിതയായി. എങ്ങനെയാണ് അമേരിക്കയില്‍ എത്തിപ്പെട്ടത് ?

എസ്തര്‍:  ഭര്‍ത്താവിന്റെ  അച്ഛനമ്മാര്‍ അമേരിക്കന്‍ പൗരന്മാരാണ്. അവരാണ് ഞങ്ങളുടെ എമിഗ്രേഷനുള്ള പേപ്പറുകള്‍ എല്ലാം ഫയല്‍ ചെയ്തത്. രണ്ടായിരാമാണ്ടില്‍ ഞങ്ങളുടെ മകള്‍ പിറന്നു. 2008 ല്‍ എമിഗ്രേഷന്‍ പേപ്പറുകള്‍ എല്ലാം റെഡിയായി.

രാജീവ്:  കൊള്ളാം. അപ്പോള്‍ ഒരു തെലുങ്കു ബ്രാഹ്മണ സ്ത്രീ ഒരു തെലുങ്കു ബ്രാഹ്മണ ക്രിസ്ത്യാനിയാകുന്നു. പിന്നെ ഒരു തെലുങ്കു ബ്രാഹ്മണ ക്രിസ്ത്യന്‍ അമേരിക്കക്കാരി ആകുന്നു. അതുകഴിഞ്ഞ് ഒരു അമേരിക്കന്‍ ക്രിസ്ത്യന്‍ എന്ന നിലയ്ക്ക് എന്തു സംഭവിച്ചു?

എസ്തര്‍: ഞാന്‍ വിദ്യാഭ്യാസ വിഷയത്തില്‍ താല്‍പ്പര്യമുള്ള വ്യക്തിയാണ്. അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പ് പത്തു വര്‍ഷത്തോളം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്‌കൂളും നടത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതകാലം മുഴുവന്‍ പഠിക്കാനും കിട്ടാവുന്നത്രയും ഡിഗ്രികള്‍ സ്വന്തമാക്കാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ സ്വാഭാവികമായ പ്രക്രിയ ആയിരുന്നു. മുമ്പില്‍ രണ്ട് ചോയിസുകള്‍ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബൈബിളില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് പൂര്‍ണ്ണമായി പഠിക്കുവാനുള്ള മനസ്സിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരാഗ്രഹം. കാരണം ഇവിടെ പാരമ്പര്യ വിശ്വാസവും അതില്‍ പറയുന്ന പലതിനും കടക വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന പുതിയ ക്രിസ്തുമത വിശ്വാസവും എന്റെ മുന്നിലുണ്ട്. എല്ലാം വളരെ പഴയതാണ്, ഈ പ്രപഞ്ചം പുരാതനമാണ് എന്ന് ഒന്നു പറയുമ്പോള്‍, മറ്റൊന്നു പറയുന്നു ഈ പ്രപഞ്ചം വെറും ആറായിരം വര്‍ഷം മാത്രം മുമ്പുണ്ടായതാണ് എന്ന്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ് ? നമുക്കു ചുറ്റും ഉള്ളതെല്ലാം വളരെ പഴക്കമുള്ളതാണ് അല്ലാതെ വെറും ആറായിരം വര്‍ഷം മാത്രം പഴയതല്ല. ആറായിരം വര്‍ഷം എന്നു പറയുന്നത് ഇന്നലെ എന്നു പറയുമ്പോലെ ആണ്.

രാജീവ്:  നിങ്ങള്‍ക്ക് ഒരു ബൗദ്ധിക മനസ്സുണ്ട്. വെറും ഒരു വിശ്വാസി ആയിരിക്കുന്നതിനു പകരം, ഇക്കാര്യങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച് അതിന്റെ സത്യം അറിയാന്‍ നിങ്ങള്‍ ആഗ്രഹിച്ചു. അല്ലേ ? എന്നിട്ട് അതിനായി എന്തു ചെയ്തു ?

എസ്തര്‍:  എപ്പോഴും ബൈബിള്‍ പഴയ നിയമം വായിക്കുമ്പോള്‍ ഞാന്‍ എന്റെ വംശത്തെ അതില്‍ ചികയുമായിരുന്നു. എവിടെയാണ് അതില്‍ എന്റെ വംശത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ? അതില്‍ ഹിന്ദുക്കള്‍ എവിടെ ? ഇന്‍ഡ്യ എവിടെ ? ബൈബിളില്‍ പറഞ്ഞിട്ടുള്ള വംശ ചരിത്രത്തില്‍ എന്റെ വംശത്തിന്റെ ചരിത്രം ഞാന്‍ തേടി. എനിക്കത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ നമ്മളിവിടെ ഉണ്ട്. അത് സത്യവുമാണ്. ബൈബിളിലുള്ള എന്തൊക്കെയോ നമ്മള്‍ അറിയാതെ പോകുന്നുണ്ട് എന്നു ഞാന്‍ വിചാരിച്ചു. ഞാന്‍ സണ്‍ഡേ സ്‌കൂളില്‍ പോയിട്ടില്ല. അവര്‍ ഒരു പക്ഷേ ഇതെല്ലാം സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടാവാം. അതുകൊണ്ട് സണ്‍ഡേ സ്‌കൂളിലോ സെമിനാരിയിലോ പോയി ഇതൊക്കെ പഠിക്കേണ്ടതുണ്ട്  എന്നു ഞാൻ ചിന്തിച്ചു.

രാജീവ്:  അപ്പോള്‍ നിങ്ങള്‍ സെമിനാരിയില്‍ പഠിക്കാന്‍ പോയി ?

എസ്തര്‍:  അതെ. സെമിനാരിയില്‍ പഠിക്കാന്‍ പോയി. അറ്റ്ലാന്റയിലെ ജോര്‍ജിയയില്‍ ഉള്ള  സെമിനാരിയില്‍ പഠിക്കാന്‍ അപേക്ഷ കൊടുത്തു.

രാജീവ്:  എന്തു കോഴ്സായിരുന്നു അത് ?

എസ്തര്‍:  മാസ്റ്റേര്‍സ് ഇന്‍ ഡിവിനിറ്റി. (ദിവ്യത എന്നവിഷയത്തില്‍ ബിരുദാനന്തര ബിരുദം)

രാജീവ്: വളരെ നല്ലത്. എസ്തര്‍ ദിവ്യതയില്‍ ബിരുദാനന്തര ബിരുദം പഠിക്കാനാണ് പോയത്. ഇത് വളരെ രസകരമായിരിക്കുന്നു. നമുക്ക് 'ഹിന്ദുമതത്തില്‍ ബിരുദാനന്തര ബിരുദം' എന്നൊരു ആശയം ഇല്ല. എങ്ങനെ ചിന്തിക്കണം, വായിക്കണം, എഴുതണം, കുറിപ്പുകള്‍ തയ്യാറാക്കണം, എങ്ങനെ ഒരു പണ്ഡിതനാവാം എന്നൊക്കെ വളരെ ഔപചാരികമായി തന്നെ പരിശീലിപ്പിക്കുന്ന പരിപാടിയാണ് ഇത്. ഗവേഷണ പഠനം ആണ് ഇതിലൂടെ പരിശീലിപ്പിക്കുന്നത്. ഇത്തരം പരിശീലനം നേടിയ പണ്ഡിതന്മാര്‍ നമുക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. വളരെ നല്ലത്. ആട്ടെ ആ കോഴ്സ് എത്ര നാളേക്കായിരുന്നു ?

എസ്തര്‍: അത് നാലു വര്‍ഷത്തെ കോഴ്സായിരുന്നു. ഞാനത് പൂര്‍ത്തിയാക്കി.

രാജീവ്:  അതായത് നിങ്ങള്‍ ആ വിഷയത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

എസ്തര്‍:  അതെ. ഈ ഗവേഷണ ബിരുദങ്ങള്‍ അമേരിക്കയില്‍ എങ്ങനെ നടക്കുന്നു എന്ന കാര്യത്തില്‍ കുറച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയില്‍ രണ്ടു രീതിയിലുള്ള മാസ്റ്റേര്‍സ് ഡിഗ്രി ഉണ്ട്. നാലോ അഞ്ചോ വര്‍ഷം എടുക്കുന്ന ഗവേഷണ ബിരുദം, പിന്നെ സാധാരണ സ്ട്രീമിലുള്ള മാസ്റ്റേര്‍സ്. അത് ഒന്ന് ഒന്നര വര്‍ഷമാണ് എടുക്കുക. മാസ്റ്റേര്‍സ് ഇന്‍ ഡിവിനിറ്റി എന്നത് ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തി ഉള്ള ബിരുദമാണ്. ഇവിടെ അവര്‍ ടെക്സ്റ്റ് ബുക്കുകള്‍ ഏതാണെന്ന് അറിയിക്കും. നമ്മള്‍ സ്വയം അവ ഗവേഷണം ചെയ്ത് പഠിച്ച് എടുക്കുകയാണ് ചെയ്യുന്നത്.


രാജീവ്:  അപ്പോള്‍ മറ്റേ രീതി, പാസ്റ്റര്‍മാര്‍ക്കും മതപ്രചാരകര്‍ക്കും വേണ്ടിയുള്ളതാണോ ?

എസ്തര്‍: അതെ. അവരില്‍ കൂടുതലും മിനിസ്ട്രി (ശുശ്രൂഷ പാത) ഒക്കെയാണ് തെരെഞ്ഞെടുക്കുക. ഞാന്‍ എടുത്തത് അപ്പോളജെറ്റിക് പാതയാണ്. 

രാജീവ്:  അപ്പോളജെറ്റിക് എന്നാല്‍ മതത്തെ പ്രതിരോധിക്കുന്നവര്‍. നിങ്ങളെപ്പോലുള്ള ഒരാളിനോടാണ് എനിക്ക് സംവാദം നടത്താന്‍ താല്‍പ്പര്യം. ധാരാളം ദൈവ ശാസ്ത്ര പണ്ഡിതരുമായുള്ള എന്റെ ചര്‍ച്ചകളുടെ വീഡിയോകള്‍ ഉണ്ട്. ആട്ടെ അപ്പോള്‍ നിങ്ങള്‍ക്ക് ഈ ബിരുദം കിട്ടി. അപ്പോഴും നിങ്ങള്‍ ഒരു ക്രിസ്ത്യന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു ?

എസ്തര്‍:  ഞാന്‍ വേറൊരു കാര്യം കൂടി ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഒരു ബിരുദം വേണമായിരുന്നു. എനിക്ക് ബൈബിളിനെ കുറിച്ച് അറിയുകയും വേണമായിരുന്നു. എനിക്ക് വിദ്യാഭ്യാസം എന്ന വിഷയത്തിലും താല്‍പ്പര്യം ഉണ്ടായിരുന്നു. 'വിദ്യാഭ്യാസ നേതൃത്വം' എന്ന വിഷയത്തില്‍ ബിരുദം ചെയ്യാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു ചെയ്യാന്‍ ഞാന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ ഭാഗിക സ്‌കോളര്‍ഷിപ്പ് എനിക്ക് അനുവദിച്ചു കിട്ടുകയും ചെയ്തിരുന്നു. അതൊരു മികച്ച സര്‍വ്വകലാശാലയാണ്. ഞാന്‍ ഈ രണ്ടു ലെറ്ററുകളും അടുത്തടുത്തായി വച്ചിട്ട് യേശുവിനോട് പ്രാര്‍ഥിച്ചു. എനിക്ക് ഇതു രണ്ടില്‍ നിന്നും ഒരെണ്ണം തെരെഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍. അങ്ങനെ ഡിവിനിറ്റി തെരെഞ്ഞെടുക്കുകയിരുന്നു. ഞാന്‍ ഒരു ഫെഡറല്‍ ലോണ്‍ എടുത്ത് അതു പഠിച്ചു പൂര്‍ത്തിയാക്കി. 'വിദ്യാഭ്യാസ നേതൃത്വം' എന്ന വിഷയം തെരെഞ്ഞെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇപ്പോഴും ഒരു ക്രിസ്ത്യാനിയായി തുടരുമായിരുന്നു !

രാജീവ്:  കാരണം നിങ്ങള്‍ ക്രിസ്തുമതത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുമായിരുന്നില്ല. ക്രിസ്തുമതത്തെ കുറിച്ചുള്ള ഊഹങ്ങളില്‍ മാത്രം ഉറച്ചു നില്‍ക്കുകയും, ഒരിക്കലും അതിനെപ്പറ്റി വിശകലനം ചെയ്യാന്‍ മുതിരാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഡിവിനിറ്റി നിങ്ങളെ ക്രിസ്തുമതത്തെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. നിങ്ങള്‍ വളരെ ബുദ്ധിമതിയാണ്. ഡിവിനിറ്റി സ്‌കൂളില്‍ അവര്‍ ക്രിസ്തുമതത്തെ എങ്ങനെ പ്രതിരോധിക്കണം എന്ന തന്ത്രങ്ങള്‍ നിങ്ങളെ പഠിപ്പിക്കുകയും ബ്രെയിന്‍ വാഷ് ചെയ്യുകയുമാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. ഇന്‍ഡ്യന്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ അന്ധവിശ്വാസികള്‍ ആണ് എന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ കാര്യങ്ങളെ ചോദ്യം ചെയ്യും. അങ്ങനെ അവര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോയി മനസ്സിലാക്കാന്‍ ശ്രമിക്കും. അതുകാരണം അവര്‍ക്ക് പറയാന്‍ കഴിയും, 'ഓക്കെ ചരിത്രത്തില്‍ ഇതു സംഭവിച്ചു, അത് സംഭവിച്ചു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ഇതാണ് അതിന്റെ കാരണം' എന്നൊക്കെ. എന്നാല്‍ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികള്‍ പ്രശ്നങ്ങളെ അന്ധമായി നിഷേധിക്കും. അവര്‍ കാര്യങ്ങളെ വളരെ വികാരപരമായി ആണ് സമീപിക്കുക. ബൈബിളില്‍ വളരെ വ്യക്തമായ കാര്യങ്ങളെ ഉന്നയിച്ചാല്‍ പോലും അവര്‍ കോപിക്കും. ആട്ടെ, ഇപ്പോള്‍ നിങ്ങള്‍ ഒരു ഗവേഷണ പഠനത്തിലായിരുന്നു. ഡിവിനിറ്റി കോഴ്സ് പൂര്‍ത്തിയാക്കി. അപ്പോഴും ക്രിസ്ത്യാനി ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു ?

എസ്തര്‍: ഞാന്‍ ഡിവിനിറ്റി കോഴ്സ് പൂര്‍ത്തിയാക്കിയത് ക്രിസ്ത്യന്‍ ആയിട്ടല്ല. ക്രിസ്തുമതം ഒരു രാഷ്ട്രീയ ഗൂഡാലോചനയാണ് എന്ന് എനിക്ക് ബോദ്ധ്യമാവാൻ ഒരു സെമസ്റ്ററിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.

രാജീവ്:  ഓഹോ... നമ്മള്‍ ആ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം. അപ്പോള്‍ ഡിവിനിറ്റി കോഴ്സില്‍ വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ തന്നെ ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. എന്നാലും നിങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കി. ഒരു ക്രിസ്ത്യാനിയായി നാലു വര്‍ഷ കോഴ്സ് പഠിക്കാന്‍ തുടങ്ങി. ക്രിസ്തുമതത്തെ പ്രതിരോധിക്കാന്‍ അപ്പോളജെറ്റിക്സില്‍ പരിശീലനം നേടാന്‍ തുടങ്ങി. തുടക്കത്തിലേ ക്രിസ്തുമതത്തിലെ ധാരാളം പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ വന്നു. അതോടെ ക്രിസ്തുമതത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന ആവേശം ഇല്ലാതായി. എന്നാല്‍ അപ്പോഴും കോഴ്സ് തുടര്‍ന്നു. ഓക്കെ. ഇനി പറയൂ എന്തെന്ത്‌ സംശയങ്ങളായിരുന്നു നിങ്ങള്‍ക്ക് ഉണ്ടായത് ?

എസ്തര്‍: ഞാന്‍ കോഴ്സിന്റെ ഭാഗമായി എടുത്ത ആദ്യത്തെ വിഷയം പഴയ നിയമത്തെ പരിചയപ്പെടുത്തല്‍ ആയിരുന്നു. ആറോളം പേപ്പറുകള്‍ ഈ പുസ്തകത്തെ പറ്റി എഴുതുകയുണ്ടായി. അതില്‍ ഒരെണ്ണം 'ദൈവത്തിന്റെ ക്രൂരതകളുടെ ന്യായീകരണം- കാനന്‍ ദേശവാസികളുടെ വംശഹത്യ' എന്നതായിരുന്നു. കാനന്‍ ദേശക്കാരെ കൊന്നൊടുക്കാനുള്ള ദൈവത്തിന്റെ ആജ്ഞയെ ന്യായീകരിച്ചു കൊണ്ടായിരുന്നു അത്. ഞാന്‍ അത് ഭംഗിയായി തന്നെ ചെയ്തു. എനിക്ക് അതിന് 'എ' ഗ്രേഡ് കിട്ടുകയും ചെയ്തു. ഈ പുസ്തകം എഴുതിയിരിക്കുന്നതു തന്നെ ഒരു അപ്പോളജറ്റിക് (ന്യായീകരണ വിദഗ്ധന്‍) ആണ്. ആദ്യതവണ ഞാന്‍ ഈ പുസ്തകം വായിക്കുമ്പോള്‍ 'ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട്, എന്നാല്‍....' എന്ന ഒരു വാചകം എന്റെ ശ്രദ്ധയില്‍ പെട്ടു. അതെനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. 'ബൈബിള്‍' 'വൈരുദ്ധ്യം' എന്നീ രണ്ടു വാക്കുകള്‍ ഒരേ വാചകത്തില്‍ തന്നെ വന്നതു കണ്ട് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം ഇരുപത്തഞ്ച് വര്‍ഷങ്ങളോളം ക്രിസ്തുമതത്തെ പരിചയപ്പെട്ടിട്ടും ബൈബിളിലെ ഈ വൈരുദ്ധ്യങ്ങള്‍ എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എല്ലാ വര്‍ഷവും ഒരു തവണയെങ്കിലും ബൈബിള്‍ ആദ്യവസാനം ഞാന്‍ വായിക്കുമായിരുന്നു. അപ്പോള്‍ ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല. കാരണം അത് ദിവ്യതയില്‍ നിന്നു വന്നതാണ്. എന്നാല്‍ ഇന്നിതാ ഇവിടെ ഞാന്‍ വായിക്കുന്നു ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന്. അതും അപ്പോളജസ്റ്റ് ആയ ഒരു അമേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ ബൈബിളിനെ പ്രതിരോധിക്കാനായി എഴുതിയ ഒരു പുസ്തകത്തില്‍ തന്നെ. അതിന്റെ ന്യായീകരണത്തിനായി അദ്ദേഹം എഴുതിയ കാര്യങ്ങളിലേക്ക് ഞാന്‍ പിന്നീട് വരാം. എന്നാല്‍ ബൈബിളില്‍ എങ്ങനെ വൈരുദ്ധ്യങ്ങള്‍ ഉണ്ടാവും ? ദൈവം അല്ലെങ്കില്‍ പരിശുദ്ധാത്മാവ് സ്വയം എഴുതിയ ഒരു ഗ്രന്ഥത്തില്‍ എങ്ങനെ തെറ്റുകള്‍ ഉണ്ടാവും ? അതെക്കുറിച്ചുള്ള ന്യായീകരണങ്ങള്‍ പിന്നീട് നോക്കാം. ഞാന്‍ ആ എല്ലാ വൈരുദ്ധ്യങ്ങളിലൂടെയും കടന്നു പോയി. അദ്ദേഹം (ഗ്രന്ഥകര്‍ത്താവ്) ഒന്നൊന്നായി ഒരു ലിസ്റ്റ് തന്നെ കൊടുത്തിരുന്നു.

രാജീവ്:  ഓക്കെ. അദ്ദേഹം പറയുന്ന 'എന്നാല്‍' കൊണ്ട് ഉദ്ദേശിക്കുന്നത്, ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട്, പക്ഷേ അതിനെ എങ്ങനെ വില്‍ക്കാം (ആളുകളെ കൊണ്ട് സ്വീകരിപ്പിക്കാം) എന്ന കാര്യം നിങ്ങളെ ബോദ്ധ്യപ്പെടുത്താനും അതേക്കുറിച്ച് ചോദിക്കുന്നവരോട് എങ്ങനെ തര്‍ക്കിക്കാം എന്നും പഠിപ്പിക്കാനാണ് ഞാന്‍ ഇതെഴുതുന്നത് എന്നാണ്. 

എസ്തര്‍: അതെ അതിനെയാണ് അപ്പോളജറ്റിക്സ് അഥവാ ന്യായീകരണ വിദ്യ എന്നു പറയുന്നത്.  

രാജീവ്:  അതെ. അതായത് ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്നാലും നിങ്ങളുടെ ജോലി ഇത് വില്‍ക്കുകയാണ്. ഇതൊരു തെറ്റുകുറ്റങ്ങളുള്ള ഉല്‍പ്പന്നം തന്നെ. എങ്കിലും നിങ്ങള്‍ ഇത് ചെലവാക്കണം. അതാണ് അദ്ദേഹം ഉദ്ദേശിച്ചത്.

എസ്തര്‍:  ശുശ്രൂഷാ മാര്‍ഗ്ഗവും ന്യായീകരണ മാര്‍ഗ്ഗവും എന്റെ മുമ്പിലുള്ള രണ്ട് വിഷയങ്ങളായിരുന്നു. അതില്‍ അപ്പോളജറ്റിക്സ് പഠിക്കാനായി ഞാന്‍ തെരെഞ്ഞെടുത്തത്, എനിക്ക് ഇന്‍ഡ്യയിലേക്ക് തിരിച്ചു വരണമെന്നതു കൊണ്ടായിരുന്നു. ദൈവം എന്നെ അമേരിക്കയിലേക്ക് കൊണ്ടു പോയതിന് ഒരു കാരണം ഉണ്ടായിരുന്നു എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തെ പറ്റി പഠിക്കുക. എന്നിട്ട് ഇന്‍ഡ്യയില്‍ തിരികെ എത്തി ആത്മാക്കളെ രക്ഷിക്കുക എന്നതായിരുന്നു അത്. പള്ളികള്‍ സ്ഥാപിക്കുകയും, ധനികരെയും ദരിദ്രരേയും വിദ്യാ സമ്പന്നരേയും അല്ലാത്തവരെയും രക്ഷിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.  

രാജീവ്: ഓ അതായിരുന്നോ നിങ്ങളുടെ ലക്ഷ്യം ?

എസ്തര്‍: അതെ. അതായിരുന്നു എന്റെ ലക്ഷ്യം. അതിനായി എനിക്ക് ഒരു പ്രഘോഷക ആവേണ്ടതുണ്ടായിരുന്നു. ബൈബിളിനു നേരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയരുന്നതു കൊണ്ട് അവയെ ചെറുക്കാനും എനിക്ക് പഠിക്കേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ വളരെ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട് . വേറെ പല ആശയങ്ങളും ഇവിടെ ജനങ്ങള്‍ പിന്തുടരുന്നുണ്ട്. അവയില്‍ ചിലത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതുമാണ്. അവയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ ചെറുക്കേണ്ടതുണ്ട്. അതിനായി ഞാന്‍ എന്നെത്തന്നെ നന്നായി തയ്യാറാക്കേണ്ടതുണ്ട്. അങ്ങനെയാണ് അപ്പോളജറ്റിക്സ് എന്റെ സ്വാഭാവിക വിഷയമായി മാറിയത്.  

രാജീവ്: ഓക്കെ. അപ്പോള്‍ നിങ്ങള്‍ ഈ വൈരുദ്ധ്യങ്ങളും സംശയങ്ങളും കണ്ടെത്തി അല്ലേ ? അത് നിങ്ങളെ അലോസരപ്പെടുത്തി.

എസ്തര്‍:  അതെ. അങ്ങനെ ഞാന്‍ അതിന്റെ ന്യായീകരണ വാദങ്ങള്‍ മുഴുവനും വായിച്ചു. അവയ്ക്കൊന്നും യാതൊരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. അവയെല്ലാം പല തലത്തില്‍ പരാജയപ്പെട്ടു. യുക്തിയുടെ, ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, പുരാവസ്തു ഗവേഷണത്തിന്റെ അങ്ങനെ അറിയാവുന്ന ഏത് തലത്തില്‍ നിന്നു നോക്കിയാലും അവയെല്ലാം സമ്പൂര്‍ണ്ണമായും പരാജയമായിരുന്നു.    

രാജീവ്:  നിങ്ങള്‍ ഒരു അസാധാരണ വ്യക്തിയാണ്. കാരണം നിങ്ങള്‍ക്ക് നിങ്ങളോട് പൂര്‍ണമായും സത്യസന്ധത പുലര്‍ത്തണമായിരുന്നു. എന്നാല്‍ മറ്റു വളരെ ആളുകള്‍ പറയുക മറ്റൊന്നായിരിക്കും. ഞാന്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ അവയെ മൂടി വച്ച് എന്നെത്തന്നെ വഞ്ചിച്ചു കൊണ്ട് മുന്നോട്ടു പോകും. കാരണം എനിക്ക് അതിനെ നേരിടാന്‍ വയ്യ. എന്നാല്‍ നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ നേരിടാന്‍ ആഗ്രഹമുണ്ട്. സത്യത്തെ നേരിടാന്‍ വലിയ ധൈര്യം വേണം. ഇതില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എന്തായിരുന്നു നിങ്ങളുടെ വികാരങ്ങള്‍ ? നിങ്ങള്‍ ഇത് നിങ്ങളുടെ ക്രൈസ്തവ കുടുംബത്തോട് പങ്കുവച്ചിരുന്നോ അതോ സ്വകാര്യമായി സൂക്ഷിച്ചുവോ ? എന്തായിരുന്നു സംഭവിച്ചത് ?

എസ്തര്‍:  ഞാന്‍ ശരിക്കും തകര്‍ന്നു പോയി. ഇതായിരുന്നു എന്റെ കോഴ്സ് എങ്കിലും യേശുവിന് എതിരെ എന്തൊക്കെ വിമര്‍ശനങ്ങളാണുള്ളത് എന്ന് പരിശോധിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായിരുന്നു. കാരണം വ്യക്തിപരമായി യേശു എന്റെ രക്ഷകനായിരുന്നു. ഞാന്‍ ആ സമയത്ത് ഉണ്ടിരുന്നതും ഉറങ്ങിയിരുന്നതും ശ്വസിച്ചിരുന്നതും ജീവിച്ചിരുന്നതും യേശുവില്‍ ആയിരുന്നു. ചെറുതോ വലുതോ ആയ ഏതൊരു കാര്യത്തിനും ഞാന്‍ യേശുവോനോട് പ്രാര്‍ഥനയില്‍ മുഴുകുമായിരുന്നു. അതുകൊണ്ട് യേശുവിന്റെ യാഥാര്‍ഥ്യം എനിക്ക് മനസ്സിലാക്കണമായിരുന്നു. എന്റെ കോഴ്സില്‍ ഞാന്‍ അപ്പോഴും ആ വിഷയത്തില്‍ എത്തിയിരുന്നില്ല എങ്കിലും ഞാന്‍ അത് ശ്രദ്ധിച്ചു. അദ്ദേഹത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ തീര്‍ത്തും മാനസികമായി തകര്‍ന്നു പോയി. അതുകൊണ്ട് ഇക്കാര്യം ആദ്യമായി ഞാന്‍ സംസാരിച്ച വ്യക്തി എന്റെ ഭര്‍ത്താവായിരുന്നു. എന്നാല്‍ അദ്ദേഹം ഇതു കേട്ട് ഞെട്ടുകയൊന്നും ചെയ്തതായി തോന്നിയില്ല. ഹിന്ദുക്കളിലെ ലക്ഷക്കണക്കിന് ആള്‍ക്കാരില്ലേ, ഹിന്ദുക്കളായി ജനിച്ച് ഹിന്ദു കുടുംബങ്ങളില്‍ വളര്‍ന്നവരായിരിക്കും, എന്നാല്‍ ഹിന്ദുമതം പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നും അവര്‍ വിശ്വസിക്കുകയോ അതിലൊന്നും പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടാവില്ല. അതുപോലെ ഒരാളായിരുന്നു അദ്ദേഹം. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചതു കൊണ്ടു മാത്രം ഞാന്‍ ക്രിസ്ത്യാനി ആകുന്നില്ല എന്നദ്ദേഹം പറയുമായിരുന്നു. 'എനിക്കറിയാം ഇതെല്ലാം, ഇതൊന്നും എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ല' എന്ന ഒരു മട്ട്

രാജീവ്:  അദ്ദേഹത്തിനും അതായിരുന്നോ അഭിപ്രായം ?

എസ്തര്‍:  അതെ. എന്നോടദ്ദേഹം അങ്ങനെ തന്നെ പറഞ്ഞു.

രാജീവ്:   അപ്പോള്‍ അദ്ദേഹം നിങ്ങളുടെ അഭിപ്രായത്തെ എതിര്‍ത്തില്ല. നിങ്ങള്‍ക്ക് ക്രിസ്തുമതത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ട്. നിങ്ങള്‍ അത് തുറന്നു പറയുന്നു. ഒന്നും ഒളിച്ചു വയ്ക്കുന്നില്ല. നിങ്ങള്‍ക്ക് ഇങ്ങനെ സംശയങ്ങള്‍ ഉള്ളതിന്റെ പേരില്‍ നിങ്ങളുടെ ഭര്‍ത്താവിന് ഒരു പ്രശ്നവുമില്ല താനും. അദ്ദേഹത്തിനും ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ അദ്ദേഹം ക്രൈസ്തവതയില്‍ നിന്നും പുറത്തുവരാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ തന്നെ തുടരാനാണ് ഭാവം. എന്നാല്‍ നിങ്ങളുടെ സംശയങ്ങള്‍ കൂടുതല്‍ സത്യസന്ധമാണ്. നിങ്ങള്‍ക്ക് ആ സംശയങ്ങളെ ദൂരീകരിക്കേണ്ടി വരും എന്നകാര്യം വളരെ വ്യക്തമാണ്. അപ്പോള്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ സെമിനാരിയില്‍ ഉള്ളവരോടും നിങ്ങള്‍ അംഗമായ ക്രൈസ്തവ സമൂഹത്തിലുള്ള മറ്റുള്ളവരോടും പങ്കുവച്ചിരുന്നോ ? ക്രിസ്ത്യന്‍ മതപ്രവര്‍ത്തക ആവാന്‍ ഇന്‍ഡ്യയില്‍ നിന്നും വന്ന ഈ ചെറുപ്പക്കാരിക്ക് ഇപ്പോള്‍ സംശയങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ സ്ഥിതി വിശേഷത്തില്‍ അവര്‍ എന്താണ് ചിന്തിച്ചത് ?

എസ്തര്‍:  എന്റെ സംശയങ്ങള്‍ അവരുടെ മുന്നില്‍ വളരെ തുറന്നു പറഞ്ഞില്ല. എന്നാല്‍ എന്റെ പേപ്പറുകളില്‍ അത് കാണാനുണ്ടായിരുന്നു.  മനസ്സില്‍ ഉണ്ടായിക്കൊണ്ടിരുന്ന പരിവര്‍ത്തനം അവര്‍ക്ക് പേപ്പറുകളിലൂടെ കാണാന്‍ കഴിഞ്ഞു.

രാജീവ്:  അവര്‍ അതെപ്പറ്റി എന്തെങ്കിലും അഭിപ്രായങ്ങള്‍ പറഞ്ഞോ ?

എസ്തര്‍: അവര്‍ എന്നെ ഒരു കോഴ്സില്‍ തോല്‍പ്പിച്ചു. എനിക്ക് ആ കോഴ്സ് വീണ്ടും ചെയ്യേണ്ടി വന്നു.

രാജീവ്:  ഓഹോ... അവര്‍ നിങ്ങളെ ഒരു കോഴ്സില്‍ തോല്‍പ്പിച്ചു. ഹ ഹ ഹ ബൌദ്ധിക സ്വാതന്ത്ര്യത്തിന് ഇതില്‍ കൂടുതല്‍ എന്തു വേണം ? എന്തൊരു ബൌദ്ധിക സ്വാതന്ത്ര്യം...! ഓക്കെ.. എന്നിട്ട് ഇത്തരം സംശയങ്ങള്‍ എല്ലാം ഉണ്ടാവുന്നത് പിശാചിന്റെ കൌശലം കൊണ്ടാണ് എന്നൊക്കെ അവര്‍ പറഞ്ഞോ ? കാരണം സാധാരണ ഇതൊക്കെ പറയാറുള്ളതാണ്

എസ്തര്‍:  ശരിയാണ് പക്ഷേ അവര്‍ അങ്ങനെ പറഞ്ഞില്ല... കാരണം അവര്‍ക്ക് ബുദ്ധിയുള്ള ക്രിസ്ത്യാനികള്‍ എന്നൊരു പദവി ഉണ്ടല്ലോ.. മാത്രവുമല്ല ഇത് അമേരിക്കക്കാര്‍ ആണ്.  

രാജീവ്:  ശരി. അപ്പോള്‍ ഇതുപോലെ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു അല്ലേ... നിങ്ങള്‍ സെമിനാരിയില്‍ പഠിക്കുന്നു... എന്നാല്‍ അവരുടെ കഥകള്‍ ഒന്നും ഉള്‍ക്കൊള്ളുന്നുമില്ല... പിന്നീട് എന്തു സംഭവിച്ചു ?

എസ്തര്‍:  എന്റെ ഭര്‍ത്താവ് ഇക്കാര്യത്തില്‍ പ്രതികരിച്ച കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു... അതു പറയട്ടെ ?

രാജീവ്:  തീര്‍ച്ചയായും

എസ്തര്‍: അങ്ങനെ ഞാന്‍ എന്റെ  സംശയങ്ങള്‍ അദ്ദേഹത്തോട് പങ്കു വച്ചു. അദ്ദേഹം ഒരു മൃദു ക്രിസ്ത്യാനി ആയിരുന്നു. അദ്ദേഹത്തിനും ഇത്തരം സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. കാരണം അദ്ദേഹം എന്നെപ്പോലെ ഒരു കടുത്ത വിശ്വാസി ആയിരുന്നില്ല. അദ്ദേഹം എന്നെപ്പോലെ അന്ധമായി വിശ്വസിച്ചിരുന്നില്ല. ഞാന്‍ മാനസികമായി തകര്‍ന്നു പോകാന്‍ കാരണം ഈ വിശ്വാസങ്ങളെ ഞാന്‍ വളരെയേറെ ആശ്രയിച്ചിരുന്നു എന്നതു കൊണ്ടാണ്.

രാജീവ്:  അതെ. തങ്ങള്‍ അങ്ങേയറ്റം ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒന്ന് ഒരു വലിയ തട്ടിപ്പ് ആണെന്ന് അറിയുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ തകര്‍ന്നു പോകും. എന്നാല്‍ വളരെ താല്‍പ്പര്യ രഹിതമായിട്ടാണ് കൊണ്ടു നടക്കുന്നതെങ്കില്‍ അത് നമ്മെ ഒരു രീതിയിലും ബാധിക്കുകയില്ല.

എസ്തര്‍:  അതെ. അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു. എന്നാല്‍ അപ്പോഴേക്കും നമ്മള്‍ നമ്മുടെ മകളെ വളര്‍ത്തുന്നുണ്ടായിരുന്നു. ഞാന്‍ ഈ പരിവര്‍ത്തനത്തില്‍ കൂടി കടന്നു പോകുന്ന സമയമായിരുന്നു അത്. ഞാനും എന്റെ ഭര്‍ത്താവും തമ്മില്‍ ഈ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. നമ്മുടെ മകളുടെ മുന്നില്‍ വച്ച് ഇത്തരം ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. അത് അവളെ ചിന്തക്കുഴപ്പത്തില്‍ ആക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  

രാജീവ്:  അവള്‍ സ്നാനപ്പെട്ടിരുന്നോ ?

എസ്തര്‍: ആ സമയത്ത് അവള്‍ സ്നാനപ്പെട്ടിരുന്നില്ല, എന്നാല്‍ അപ്പോഴേക്കും അവള്‍ക്ക് പള്ളിയില്‍ വച്ച് ക്രൈസ്തവ നാമകരണം നല്‍കപ്പെട്ടിരുന്നു. പള്ളിയില്‍ പോകുന്നത് ഒരു അച്ചടക്കം കൂടിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാവിലെ ഉണര്‍ന്ന് എണീല്‍ക്കുക, വൃത്തിയുള്ള വേഷങ്ങള്‍ ധരിക്കുക. പള്ളിയില്‍ പോയി ആളുകളുമായി സാമൂഹ്യമായി ഇടപെടുക, പരിചയങ്ങള്‍ ഉണ്ടാക്കുക. തിരികെ വീട്ടില്‍ വരിക. അതിലൂടെ ഒരു ചിട്ടയുണ്ടാവും. അല്ലാതെ ഇതൊന്നും നമ്മള്‍ ചെയ്യാന്‍ പോകുന്നില്ല. അതുകൊണ്ട് നമുക്ക് പള്ളിയില്‍ പോകുന്നത് തുടരാം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തെ നിരാശപ്പെടുത്താന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. താങ്കള്‍ക്ക് അറിയാമല്ലോ നമുക്ക് ഒരു കാര്യത്തോട് പൊരുത്തപ്പെടാന്‍ ആയില്ലെങ്കിലും നമ്മുടെ കുടുംബങ്ങളില്‍ പലപ്പോഴും ഇങ്ങനെ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ടല്ലോ. നമുക്ക് യോജിക്കാനായില്ലെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും. അങ്ങനെ ഞാന്‍ വീണ്ടും പള്ളിയില്‍ പോയി. പക്ഷേ അത് കഷ്ടിച്ച് രണ്ട് ആഴ്ച കൂടിയേ തുടര്‍ന്നുള്ളൂ. എനിക്ക് വചന പ്രഘോഷണങ്ങള്‍ കേട്ടിരിക്കുക തീര്‍ത്തും അസാദ്ധ്യമായി തീര്‍ന്നു. ഉള്ളില്‍ എന്തെന്നില്ലാത്ത അമര്‍ഷത്തോടെയാവും ഞാന്‍ അവിടെയിരിക്കുക. അവര്‍ മുക്കാല്‍ മണിക്കൂറോ ഒരു മണിക്കൂറോ അവിടെ നില്‍ക്കും. എന്നിട്ട് പറയുന്നതു മുഴുവനും കള്ളങ്ങളാണ്. ഇത് എന്റെ പരിവര്‍ത്തനത്തിന്റെ തുടക്ക കാലത്താണ് എന്നോര്‍ക്കണം. എന്നാല്‍ ഇതായിരുന്നു എന്റെ മാനസികാവസ്ഥ. എനിക്ക് കുര്‍ബാനയ്ക്ക് ഇരിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.    

രാജീവ്:  ഇതിലെ ഇരട്ടത്താപ്പ് നിങ്ങളെ അലോസരപ്പെടുത്തി അല്ലേ ?

എസ്തര്‍: അതെ, വളരെയധികം. ഇതുകാരണം ഞാനും ഒരു ഇരട്ടത്താപ്പുകാരിയാണോ എന്ന് എനിക്കു തന്നെ സ്വയം തോന്നിത്തുടങ്ങി. അവര്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ നില്‍ക്കണം. അവര്‍ ഒരു പ്രാര്‍ഥന പറയും. നിങ്ങള്‍ക്ക് അത് പറയാന്‍ തോന്നുന്നുണ്ടാവില്ല. എന്നാലും നിശബ്ദത പാലിക്കാനും കഴിയില്ല, അത് ഒരുതരം ഇരട്ട ജീവിതം നയിക്കുമ്പോലെ ആയിരുന്നു. ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. നിങ്ങള്‍ക്ക് കുട്ടിയെ അച്ചടക്കത്തോടും ചിട്ടയോടും കൂടി വളര്‍ത്തണം എന്നാണെങ്കില്‍ ക്രിസ്തുമതം ഇല്ലാതെ തന്നെ എനിക്ക് അത് ചെയ്യാന്‍ കഴിയും. ഞാന്‍ അത് ചെയ്യാം. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ പോക്ക് നിര്‍ത്താന്‍ തീരുമാനമെടുത്തു. അതായിരുന്നു എന്റെ ക്രൈസ്തവ ജീവിതത്തിന്റെ അന്ത്യം.  

രാജീവ്:  ഓക്കെ. അതുകഴിഞ്ഞ് നിങ്ങളുടെ കോഴ്സിന്റെ കാര്യത്തില്‍ എന്തു സംഭവിച്ചു ? വേറെ ഏതൊക്കെ കോഴ്സുകള്‍ നിങ്ങളെ സ്വാധീനിച്ചു ? നിങ്ങള്‍ ക്രിസ്തുമതത്തിന്റെ ചരിത്രം പഠിച്ചുവോ ?

എസ്തര്‍: അതെ. പഠിച്ചു. താങ്കള്‍ക്ക് അറിയുമായിരിക്കുമല്ലോ... അമേരിക്കയില്‍ മാസ്റ്റേര്‍സ് കോഴ്സ് എങ്ങനെയാണെന്ന്... ഒന്നര വര്‍ഷത്തിനു ശേഷം നമുക്ക് എടുക്കാവുന്ന കോഴ്സുകളുടെ ഒരു ലിസ്റ്റ് ഉണ്ടാവും.

രാജീവ്:  ഈ പുസ്തകമാണോ അത് ? സഭയുടെ ചരിത്രം (A History of the Christian Church) ? ഇത് ഒരു മൂന്നു കിലോയെങ്കിലും ഭാരം വരുമല്ലോ ?

എസ്തര്‍: അതെ. പഴയ നിയമം ആയിരുന്നു എന്നില്‍ സംശയങ്ങള്‍ക്ക് തുടക്കമിട്ടത് എങ്കില്‍ ഈ പുസ്തകമായിരുന്നു എന്നിലെ ക്രിസ്തുമതത്തിന്റെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണി.

രാജീവ്:  അവര്‍ ഇന്ത്യയില്‍ ഈ പുസ്തകം പഠിപ്പിക്കുന്നില്ല. ഇതൊക്കെ അവിടെ പഠിപ്പിക്കാന്‍ അവര്‍ക്ക് ഭയമാണ്. ക്രിസ്തുമതത്തിന്റെ ചരിത്രമെന്നാല്‍ ചോരപ്പുഴകളുടെ ചരിത്രമാണ്. പറയൂ എന്തുകൊണ്ടാണ് ഈ ചരിത്രം നിങ്ങളെ അലോസരപ്പെടുത്തിയത് ?

എസ്തര്‍: അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പുള്ള എന്റെ ക്രൈസ്തവ ജീവിതത്തില്‍ അതായത് പത്തു വര്‍ഷത്തോളം ഞാന്‍ പോയിരുന്നത് ഇംഗ്ലീഷ് ഇന്ത്യന്‍ ചര്‍ച്ചില്‍ ആണ്. അതിന്റെ സ്ഥാപകര്‍ ഒരു അമേരിക്കന്‍ ദമ്പതികളായിരുന്നു. മാസ്റ്റര്‍ ഓഫ് ഡിവിനിറ്റിയില്‍ 'വ്യവസ്ഥാപിത ദൈവശാസ്ത്രം' എന്ന് അറിയപ്പെട്ടിരുന്ന വിഷയം ആണ് അവിടെ പഠിപ്പിച്ചിരുന്നത്. നമ്മെ എല്ലായ്പ്പോഴും പഠിപ്പിച്ചിരുന്നത് യേശുക്രിസ്തു സ്വയം സ്ഥാപിച്ചതാണ് സഭ എന്നാണ്. എന്നാല്‍ യേശുവിന്റെ ശിഷ്യന്‍ പീറ്റര്‍ ആണ് സഭ സ്ഥാപിച്ചത്. എഴുന്നൂറ് പേജുള്ള സഭയുടെ ഈ വലിയ ചരിത്ര പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ അതില്‍ ദൈവത്തെ തിരഞ്ഞു. ഇതില്‍ എനിക്ക് ദൈവത്തെ ഒഴിച്ച് മറ്റെല്ലാവരേയും കണ്ടുമുട്ടാന്‍ കഴിഞ്ഞു. അതില്‍ ചോരപ്പുഴകള്‍ ഉണ്ട്. ദൈവനിന്ദയുണ്ട്, ലൈംഗിക അരാജകത്വമുണ്ട്. സിംഹാസനം കൈയ്യടക്കാന്‍ വേണ്ടി അമ്മ മകനെ വിവാഹം കഴിക്കുന്നുണ്ട്. അധികാരത്തിനു വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ഉണ്ട്. ചുരുക്കത്തില്‍ പേരെടുത്തു പറയാവുന്ന എന്തൊക്കെ മനുഷ്യ തിന്മകളുണ്ടോ അതെല്ലാം സഭയുടെ ചരിത്രത്തില്‍ കാണാന്‍ കഴിയും.

രാജീവ്:  അതെ. എനിക്ക് ഇവിടെ ചിലത് പറയാനുണ്ട്. എസ്തര്‍ വളരെ ധീരയാണ്. ഇന്ത്യന്‍ ക്രിസ്ത്യാനികളും അമേരിക്കന്‍ ക്രിസ്ത്യാനികളും തമ്മില്‍ വലിയൊരു വ്യത്യാസം ഞാന്‍ കാണുന്നു. അവര്‍ (അമേരിക്കക്കാര്‍) എല്ലാറ്റിനേയും യുക്തിപൂര്‍വ്വം വിശകലനം ചെയ്യാന്‍ ശ്രമിക്കും,. എന്നാല്‍ അവര്‍ വസ്തുതകളെ നിഷേധിക്കില്ല. അവര്‍ അതിനൊരു വിശകലനം നല്കും. ഇതുണ്ട്, അതുമുണ്ട് എനിക്കറിയാം എന്നാല്‍ ... എന്നാല്‍... എന്നാല്‍... എന്നിങ്ങനെ നല്ല ന്യായീകരണ വിദഗ്ദരെ പോലെ ന്യായീകരണങ്ങള്‍ കണ്ടെത്തി പറയും. എന്നാല്‍ ഇന്ത്യന്‍ ക്രിസ്ത്യാനികളെ ഇതൊന്നും പഠിപ്പിക്കുക പോലുമില്ല. അവര്‍ വളരെ വൈകാരികമായും ആക്രാമികമായും ഇത്തരം കാര്യങ്ങളെ സമീപിക്കും. അവര്‍ക്ക് മറ്റൊന്നും കേള്‍ക്കണ്ട. മൊത്തമായി ഇത് സ്നേഹത്തിന്റെ മതമാണ് അവര്‍ക്ക്. മൊത്തം സ്നേഹവും സമാധാനവും മാത്രം. സമാധാനത്തിന്റെ മതം ഇസ്ലാം. സ്നേഹത്തിന്റെ മതം ക്രിസ്തുമതം. നമ്മള്‍ ഈ രണ്ടു കൂട്ടരുടേയും കൈയ്യേറ്റങ്ങള്‍ക്ക് ഇരകളായി. ഒരുകൂട്ടര്‍ നമ്മെ സ്നേഹിക്കാന്‍ കടന്നു വന്നു. കൈയ്യേറ്റം നടത്തി. കീഴടക്കി. അവരുടേതായ പലതും ഇവിടെ സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാര്‍ വന്നു. ഗോവയും ഇന്‍ക്വിസിഷനും ഉണ്ടായി. നമ്മുടെ നാഗരികതയെ നശിപ്പിച്ചു. സ്നേഹത്തിന്റെ മതത്തെ സ്നേഹിക്കുന്നവര്‍. അതു കഴിഞ്ഞ് സമാധാനത്തിന്റെ മതം വന്നു. അവര്‍ അതേ കാര്യങ്ങള്‍ കുറെക്കൂടി ചെയ്തു കൂട്ടി. ഈ രണ്ടു കൂട്ടരേയും നമ്മള്‍ നേരിടേണ്ടി വന്നു. രണ്ട് അബ്രഹാമിക മതങ്ങള്‍. അപ്പോള്‍ നിങ്ങള്‍ ഇത് മനസ്സിലാക്കി അല്ലേ ?

എസ്തര്‍: അതെ അതെ. ഞാനത് മനസ്സിലാക്കി. എന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം എന്തെന്നാല്‍... യേശുവിനെ സ്നേഹത്തിന്റെ രാജകുമാരന്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.... അദ്ദേഹം സ്നേഹത്തിന്റെ രാജകുമാരന്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ സന്ദേശം വാളുപയോഗിച്ച് പ്രചരിപ്പിക്കേണ്ടി വരുമായിരുന്നില്ല.  

രാജീവ്:  അതെ. അവര്‍ തന്നെ സ്വയം സമാധാനത്തില്‍ ജീവിച്ചവര്‍ അല്ല.

എസ്തര്‍: അതെ. ജനങ്ങളെ കൊന്നൊടുക്കി. ഗ്രാമങ്ങളെ നശിപ്പിച്ചു. നിങ്ങളുടെ ഈ സ്നേഹ രാജകുമാരനെ സ്വീകരിക്കാത്തതിന്റെ പേരിലാണോ ജനങ്ങളെ ഇങ്ങനെ വാളിനിരയാക്കിയത് ? കുരിശു യുദ്ധങ്ങള്‍, ഇന്‍ക്വിസിഷനുകള്‍ (മത യുദ്ധങ്ങള്‍), സ്ത്രീകളെ വേട്ടയാടല്‍ എല്ലാം ഈ പുസ്തകത്തിലുണ്ട്. ഞാന്‍ ഈ പുസ്തകത്തെ പറ്റി ഏറ്റവും ഇഷ്ടപ്പെട്ട വസ്തുത എന്തെന്നാല്‍, ഇത് എഴുതിയ ആള്‍ തന്നെ ഒരു ദൈവ ശാസ്ത്രജ്ഞനാണ് എന്നതാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ ഭാഷയിലും ശൈലിയിലും ശബ്ദത്തിലും നിന്നെല്ലാം അത് വ്യക്തമാണ്. എന്നാല്‍ ക്രൈസ്തവ സഭ എങ്ങനെ ഉണ്ടായി വന്നു എന്നതിനെക്കുറിച്ച് അദ്ദേഹം യാതൊരു മുന്‍വിധികളും ഇല്ലാത്ത ഒരു വിവരണം ആണ് നല്‍കുന്നത്.

രാജീവ്:  ഇതേ കോഴ്സുകള്‍ പഠിച്ചിരുന്ന മറ്റുള്ള വിദ്യാര്‍ഥികളുടെ പ്രതികരണം എന്തായിരുന്നു ? സിദ്ധാന്തത്തിലും വിശ്വാസങ്ങളിലും പരസ്പര വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് ആദ്യത്തെ കോഴ്സില്‍ നിന്ന് വ്യക്തമായി. തീര്‍ത്തും അനാശാസ്യവും ഹിംസാത്മകവും ആയ ജീവിതം നയിക്കുന്ന സഭാനേതാക്കള്‍ തങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന മൂല്യങ്ങളില്‍ ഇരട്ടത്താപ്പുകളുണ്ടെന്ന് രണ്ടാമത്തെ കോഴ്സിലൂടെ വ്യക്തമാക്കി തന്നു. ഇതെല്ലാം നിങ്ങളെ അസ്വസ്ഥയാക്കി. എന്നാല്‍ അവിടെ വേറെയും വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നല്ലോ. ഇതൊന്നും അവരെ അലോസരപ്പെടുത്തിയില്ലേ ?

എസ്തര്‍: സ്വന്തം വിശ്വാസം നഷ്ടപ്പെട്ട് സെമിനാരിയില്‍ നിന്ന് മുന്‍ ക്രിസ്ത്യാനികള്‍ ആയി പുറത്തുവരുന്ന ധാരാളം പേര്‍ ഉണ്ട്. അതു കൊണ്ട് ഞാന്‍ പറയാറുണ്ട് നിങ്ങള്‍ക്ക് ഒരാളെ ക്രിസ്തുമതത്തില്‍ നിന്ന് പുറത്തെത്തിക്കണമെങ്കില്‍ ആ വ്യക്തിയെ ഒരു പാശ്ചാത്യ സെമിനാരിയിലേക്ക് അയയ്ക്കൂ എന്ന്.  

രാജീവ്:  ഇവിടെ ഞാന്‍ ചില കാര്യങ്ങള്‍ പറയാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സെമിനാരികളില്‍ ഒന്നാണ് പ്രിന്‍സ്റ്റന്‍ തിയോളജിക്കല്‍ സെമിനാരി. അവിടെ ഉന്നത ബിരുദ പഠനം നടത്തുന്ന ചില വിദ്യാര്‍ഥികളെ ഞാന്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയിട്ടൊക്കെ എടുത്തിട്ടുണ്ട്. എന്റെ എഴുത്തില്‍ എന്നെ സഹായിച്ചിട്ടുള്ള ഏറ്റവും മിടുക്കനായ ഒരു റിസര്‍ച്ച് അസിസ്റ്റന്റ് അവിടെ നിന്നായിരുന്നു. എനിക്കു വേണ്ടി ജോലി ചെയ്തതിനെ തുടര്‍ന്ന് ഇനി ഈ മതവിശ്വാസം പിന്തുടരേണ്ടതില്ല എന്ന് തീരുമാനിച്ച് അയാള്‍ സെമിനാരിയില്‍ നിന്ന് പുറത്തേക്ക് പോന്നു. അപ്പോള്‍ ഇത് അവരെ സ്വാധീനിക്കുന്നുണ്ട് എന്നാണ് അര്‍ത്ഥം. അവരില്‍ ചിലരൊക്കെ വളരെ ആത്മാര്‍ഥതയുള്ളവരും സത്യസന്ധമായി പിന്തുടരുന്നവരുമാണ്. എന്നാല്‍ അവര്‍ക്ക് ഒരു ആത്മപരിശോധനയ്ക്ക് അവസരം കിട്ടിയിരുന്നില്ല. ഞാന്‍ അയാളെ മതം മാറ്റിയൊന്നുമില്ല. ഞാന്‍ അത്തരം ഒന്നും ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ അയാളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൊടുത്തു. അത് അയാളെ തിരികെ പോയി കൂടുതല്‍ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് അയാള്‍ അയാളുടെ പ്രൊഫസര്‍മാരോട് ഇതേക്കുറിച്ചൊക്കെ തര്‍ക്കിക്കാനും ക്രമേണ ഇതില്‍ നിന്ന് പുറത്തു വരാനുള്ള തീരുമാനമെടുക്കാനും ഇടയായി. അങ്ങനെയുള്ള സത്യസന്ധരായ വ്യക്തികളും ഉണ്ട്. കൊള്ളാം. അപ്പോള്‍ ഇതാണ് നിങ്ങള്‍ പുറത്തുവരാന്‍ കാരണം.  

എസ്തര്‍: ഇതുപോലെ സെമിനാരിയില്‍ പോയിട്ട് ക്രിസ്തുമതത്തില്‍ നിന്നും പുറത്തുവന്ന ഒരു വ്യക്തിയുണ്ട്. ഇന്ത്യന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഇദ്ദേഹം. കാരണം ഇയാള്‍ ബില്ലി ഗ്രഹാംസിന്റെ അടുത്ത അനുയായിയും വലം കൈയ്യുമായിരുന്നു. എണ്‍പതുകളില്‍ ഇന്ത്യന്‍ പുതു ക്രൈസ്തവരില്‍ അമ്പതു ശതമാനം പേരെയും ആഫ്രിക്കയിലെ എണ്‍പതു ശതമാനം പേരെയും മതം മാറ്റിയെടുത്ത ബില്ലി ഗ്രഹാംസിന്റെ മിഷനറി സംഘത്തിലെ ഒരു നെടും തൂണായിരുന്നു ഇദ്ദേഹം.

രാജീവ്:  എന്താണ് അദ്ദേഹത്തിന്റെ പേര് ?

എസ്തര്‍: ചാള്‍സ് ടെമ്പിള്‍ടണ്‍. താങ്കള്‍ തീര്‍ച്ചയായും ബില്ലി ഗ്രഹാംസിനെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ... എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ചാള്‍സും ബില്ലിയും ചേര്‍ന്നാണ് മിഷണറി സംഘടന ഉണ്ടാക്കിയത്. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞ് ചാള്‍സിന് ബൈബിളില്‍ കണ്ട കാര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വന്നു. സൃഷ്ടി സിദ്ധാന്തവും, ആദി പാപവും, പാപമോചനവും ഒക്കെ അദ്ദേഹത്തിന് ദഹിക്കാതെയായി. ഒടുവില്‍ ചാള്‍സ് ഇതേ ചൊല്ലി ബില്ലി ഗ്രഹാംസിനോട് തര്‍ക്കമായി. ബില്ലി പറഞ്ഞത് നിങ്ങള്‍ ഇതിനെക്കുറിച്ചൊന്നും അധികം വേവലാതി പെടേണ്ടതില്ല എന്നാണ്. ഇവിടെ ഇന്ത്യന്‍ ക്രിസ്തുമതത്തിന്റെ ഏറ്റവും വലിയ ഒരു ബിംബത്തിന്റെ കാര്യത്തില്‍ തന്നെ ഇരട്ടത്താപ്പാണ് ഞാന്‍ കാണുന്നത്. അതെ അയാള്‍ വലിയൊരു ഇരട്ടത്താപ്പുകാരനാണ്. 'ചാള്‍സ്, നിങ്ങള്‍ ഇതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല. എനിക്ക് സംശയങ്ങള്‍ ഉണ്ടാവാം. അത് വേറെകാര്യം. എന്നാല്‍ ഞാന്‍ ഇവിടെ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുകയും ക്രിസ്ത്യാനിയായി മരിക്കുകയും ചെയ്യും. എനിക്ക് ചോദ്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല'

രാജീവ്:  അപ്പോള്‍ ടെമ്പിള്‍ടണിന് എന്തു സംഭവിച്ചു ?

എസ്തര്‍:  ടെമ്പിള്‍ടണ്‍ പറഞ്ഞു... ഓക്കെ ഒരുപക്ഷേ ബില്ലിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന എന്തെങ്കിലും ചിലപ്പോള്‍ എനിക്ക് കിട്ടിയിട്ടുണ്ടാവില്ല. അങ്ങനെ അയാള്‍ സ്വയം ഒരു സെമിനാരിയില്‍ പഠനത്തിന് ചേര്‍ന്നു. പിന്നെ പുറത്തു വന്നത് ക്രിസ്തുമതം ഉപേക്ഷിച്ചു കൊണ്ടാണ്.

രാജീവ്: എപ്പോഴായിരുന്നു അത് ?

എസ്തര്‍: അറുപതുകളില്‍.

രാജീവ്: ഓക്കെ. പഠന വിധേയമാക്കേണ്ട മനുഷ്യനാണ് അദ്ദേഹം. നിങ്ങളും അദ്ദേഹത്തെ പറ്റി പഠിക്കണം. നിങ്ങള്‍ അദ്ദേഹത്തെ പറ്റി വായിച്ചിരുന്നോ ?

എസ്തര്‍: ഉവ്വ്

രാജീവ്: അപ്പോള്‍ അതും നിങ്ങളുടെ സ്വന്തം യാത്രയെ ഒന്നുകൂടി ഉറപ്പിച്ചു. അല്ലേ ?

എസ്തര്‍:  അതെ. വേറെയും ധാരാളം മുന്‍ ക്രിസ്ത്യാനികള്‍ ഉണ്ട്. വളരെ പ്രമുഖരായവര്‍.

രാജീവ്:  അതെയതെ, മുന്‍ ക്രിസ്ത്യാനികള്‍ എന്ന് നിങ്ങള്‍ തെരഞ്ഞു നോക്കിയാല്‍ ധാരാളം പേരുകള്‍ കാണാം.

എസ്തര്‍: അവരില്‍ വളരെ പ്രമുഖരായ ഡാന്‍ ബാര്‍ക്കര്‍, ജോണ്‍ ലോഫ്ടസ് തുടങ്ങിയവരുമുണ്ട്. ഇരുപതു വര്‍ഷങ്ങളോളം മത പ്രബോധകന്‍ ആയിരുന്ന ആളാണ് ഡാന്‍. ഇന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളില്‍ പാടുന്ന പാട്ടുകളില്‍ ഭൂരിഭാഗവും എഴുതിയ ആളാണ് ഡാന്‍ ബാര്‍ക്കര്‍. അദ്ദേഹം ഇപ്പോള്‍ ഒരു മുന്‍ ക്രിസ്ത്യാനിയാണ് എന്നു മാത്രവുമല്ല മതം മാറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളുമാണ്.  

രാജീവ്:  നിങ്ങളുടെ ജീവിത ലക്ഷ്യം, ഭാവി പ്രവര്‍ത്തനങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യുന്ന സമയത്ത് നമുക്ക് അത് കൂടുതല്‍ സംസാരിക്കാം. കാരണം ഇതുപോലെ ധാരാളം വിവരങ്ങള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ ജനതയുടെ മുന്നില്‍ എത്തിച്ചു കൊണ്ട് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യാന്‍ കഴിയും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ അറിവുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് മുഴുവന്‍ കല്ലുവച്ച നുണകളാണ്. അമേരിക്കന്‍ ക്രിസ്ത്യാനികള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ അറിവുകള്‍ ഒന്നും ഇന്ത്യയില്‍ എത്തിച്ചേരാന്‍ സഭ അനുവദിക്കുകയില്ല. അപ്പോള്‍ ഇതാണ് നിങ്ങളുടെ കഥയുടെ രത്നച്ചുരുക്കം. നിങ്ങളുടെ വിശ്വാസപരമായ ഇപ്പോഴത്തെ നിലപാട് മുന്‍ ക്രിസ്ത്യാനി എന്നതാണ്. ഇപ്പോള്‍ മറ്റൊരു വിശ്വാസത്തിന്റെയും ഭാഗമായിട്ടില്ല.

എസ്തര്‍: അതെ

രാജീവ്: ഇതാണ് എസ്തറിന്റെ വളരെ താല്‍പ്പര്യജനകമായ ജീവിത കഥ. വളരെ സത്യസന്ധവും തെളിമയാര്‍ന്നതും സുതാര്യവും ഉറച്ച ബോദ്ധ്യമുള്ളതുമാണ് അവരുടെ ചിന്തകള്‍. എനിക്ക് തോന്നുന്നത് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് ഇത്തരം ഒരു സന്ദേശം കൊടുക്കാന്‍ കഴിവുള്ള പ്രഗത്ഭയാണ് എസ്തര്‍ എന്നാണ്. അവരെല്ലാവരും അവരുടെ വിശ്വാസങ്ങള്‍ ഉപേക്ഷിക്കണം എന്നല്ല. എന്നാല്‍ അവര്‍ക്ക് ഒരു ചിന്തയ്ക്കുള്ള അവസരം നല്കപ്പെടണം. വിശദാംശങ്ങള്‍ അവര്‍ക്ക് കിട്ടണം. അതിനു ശേഷം അവര്‍ സ്വതന്ത്രമായ ഒരു തീരുമാനം എടുക്കണം. തിരിച്ചറിവ് കിട്ടുന്നതിന് വൈകിപ്പോയി അതുകൊണ്ട് പഴയതുപോലെ തുടരാം എന്ന ഒരവസ്ഥ ഒരിക്കലുമില്ല. 'എനിക്ക് തെറ്റു പറ്റിപ്പോയി. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഞാന്‍ സ്വയം പറ്റിക്കുകയായിരുന്നു. എന്നാല്‍ ഇനി മേലില്‍ എനിക്ക് ഇരട്ടത്താപ്പില്‍ ജീവിക്കാന്‍ വയ്യ' എന്ന് പറയുന്നതിന് സമയം ഒരു തടസ്സമല്ല. ധീരതയോടെ ഈയൊരു അനുഭവം ഇവിടെ പങ്കു വച്ചതിന് വളരെ നന്ദി.

എസ്തര്‍: സന്തോഷം. നന്ദി

ഇംഗ്ളീഷിലുള്ള അഭിമുഖത്തിന്റെ വീഡിയോ : 

കടപ്പാട് : ഇന്‍ഫിനിറ്റി ഫൌണ്ടേഷന്‍ 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.