×
login
രാജ്യം നഷ്ടപ്പെട്ടാലും ചക്രവര്‍ത്തി

ആനിക്ക് ആരാവും വിവരം നല്‍കിയത്? ആ പാര്‍ട്ടിയില്‍ വിവരമുള്ള വലിയ നേതാവ് ബിനോയ് അല്ലെ? എന്നെ വിവരമുള്ള ആളായി അവതരിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇന്നൊരു രഹസ്യമേയല്ല. രാജ്യം നഷ്ടപ്പെട്ടാലും ചക്രവര്‍ത്തിയാണിപ്പോഴുമെന്ന് ധരിച്ച് പെരുമാറുന്നവരുണ്ട്. സിപിഐ എന്ന കക്ഷി എപ്പോഴും അങ്ങിനെയാണ്.

'ആഫ്റ്റര്‍ നെഹ്‌റു ഇഎംഎസ്'. 1964 ലാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നത്. അതിനുമുന്‍പ് സിപിഎം ഇല്ല. സിപിഐ എന്നാണതിന്റെ മൂലനാമം. പിളര്‍പ്പിന് മുന്‍പ് സിപിഐ, കോണ്‍ഗ്രസിന് ബദലാണെന്ന് പരക്കെ കരുതി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടി. പത്ത് പതിനേഴ് സംസ്ഥാനങ്ങളില്‍ നല്ല സ്വാധീനം.  

മുംബൈയിലെ തൊഴിലാളി മേഖലയിലുള്ള സ്വാധീനം മാത്രമല്ല, ആന്ധ്രയിലടക്കം ഭരണം പിടിക്കുമെന്ന തോന്നല്‍ പരക്കെ. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലക്കാരനായ പി. സുന്ദരയ്യയുടെ പ്രവര്‍ത്തന മണ്ഡലം ആന്ധ്രയിലേക്ക് നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്ന് കേട്ടതാണ്. സിപിഐ പിളര്‍ന്നപ്പോള്‍ രൂപം കൊണ്ട സിപിഎം പഴയ സിപിഐയുടെ സ്ഥാനത്തെത്തി. രണ്ടാമത്തെ കക്ഷി. അതോടെ നെഹ്‌റുവിനുശേഷം ഇ.എം.എസ് ചെങ്കോട്ടയിലും ചെങ്കൊടി എന്നത് നടക്കാത്ത സുന്ദരമോഹമെന്ന് വ്യക്തമായി. ഇ.എം.എസിന്റെ കാലശേഷം ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞതാണ്.  

പക്ഷേ പാര്‍ട്ടിക്ക് മേല്‍ക്കൈയില്ലാത്ത സഭയില്‍ നേതൃസ്ഥാനം വഹിക്കേണ്ടെന്നായി പാര്‍ട്ടി തീരുമാനം. ഇത് ഹിമാലയന്‍ വിഡ്ഡിത്തമെന്ന് ബസു പിന്നീട് പ്രതികരിച്ചു. എന്നാല്‍ സ്പീക്കര്‍ സ്ഥാനം സിപിഎം സ്വന്തമാക്കി. സിപിഐ ആകട്ടെ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ച് സംതൃപ്തിയടഞ്ഞു. ഇന്നിപ്പോള്‍ സിപിഐയും സിപിഎമ്മും ഏതാണ്ട് ഒരുപോലെ. കേരളത്തില്‍ നിന്ന് സിപിഎമ്മിന് ലോക്‌സഭയില്‍ കിട്ടിയത് ഒരു സ്ഥാനം. സിപിഐക്കാകട്ടെ വട്ടപ്പൂജ്യം. തവിട് തിന്നാലും തകൃതി വിടില്ലെന്ന് കേട്ടിട്ടില്ലെ. അതുപോലെയാണ് സിപിഐയുടെ അവസ്ഥ. സ്വന്തമായി ഒരിടത്തും ജയിക്കാന്‍ ശേഷിയില്ല. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ മാത്രം പ്രവര്‍ത്തനമുള്ള ഈ കക്ഷിയുടെ വര്‍ത്തമാനം കേട്ടാല്‍ ഏത് സാത്വികനും കരണക്കുറ്റിക്കിട്ട് കൊടുക്കാന്‍ തോന്നിപ്പോകും. മുഖ്യമന്ത്രി പിണറായി വിജയന് പോലും അങ്ങിനെ തോന്നിയോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു. ആനിരാജയുടെ പ്രതികരണത്തോടുള്ള പിണറായിയുടെ അഭിപ്രായം നോക്കാം. പോലീസിനെതിരായ പ്രസ്താവനയില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ രേഖാമൂലം സിപിഐ നേതൃത്വം പരാതി നല്‍കിയതാണ്. ആനി രാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു. ഏതെങ്കിലും സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി ഘടകവുമായി ആലോചിക്കണമെന്നും ആനിരാജ ഇത് ലംഘിച്ചെന്നും പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ അയച്ച കത്തില്‍ പറഞ്ഞതിന് ജനറല്‍ സെക്രട്ടറി നല്‍കിയത് പുല്ലുവില. ആനിയെ പിന്തുണച്ചാണ് രാജയുടെ അഭിപ്രായ പ്രകടനം.

കേരളത്തില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന ഓഫീസില്‍ നിന്നും ബോധപൂര്‍വമായ ഇടപെടല്‍ നടക്കുന്നു എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി പോലീസില്‍ ആര്‍എസ്എസ് ഗാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയും സിപിഐ നേതാവുമായ ആനിരാജ ആരോപിച്ചിരുന്നു. പോലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പോലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സിപിഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.

സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണസമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പോലീസിന് ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. മുന്നണിക്ക് മുമ്പില്‍ ഈ വിഷയം ഉയര്‍ത്തുകയാണെന്നും ആനിരാജ പറഞ്ഞിരുന്നു. ആനിരാജയുടെ വിമര്‍ശനം തള്ളുകയാണ് സിപിഐ സംസ്ഥാന നേതൃത്വം ചെയ്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് അറിയിച്ചത്. സിപിഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കള്‍ക്കോ അത്തരമൊരു അഭിപ്രായമില്ലെന്നാണ് കാനത്തിന്റെ പക്ഷം.

ഈ നിലപാട് ദേശീയ നേതൃത്വത്തെയും ആനി രാജയേയും അറിയിച്ചിട്ടുണ്ട്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ആനി രാജയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞിരുന്നു. ആനി രാജയ്ക്ക് കിട്ടിയ വിവരങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. 

'അവര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ പ്രധാന നേതാവാണ്. ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിലാവും പരാമര്‍ശങ്ങള്‍ നടത്തിയത്. അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കും' മുഖ്യമന്ത്രി പറഞ്ഞു. ആനിക്ക് ആരാവും വിവരം നല്‍കിയത്? ആ പാര്‍ട്ടിയില്‍ വിവരമുള്ള വലിയ നേതാവ് ബിനോയ് അല്ലെ? എന്നെ വിവരമുള്ള ആളായി അവതരിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇന്നൊരു രഹസ്യമേയല്ല. രാജ്യം നഷ്ടപ്പെട്ടാലും ചക്രവര്‍ത്തിയാണിപ്പോഴുമെന്ന് ധരിച്ച് പെരുമാറുന്നവരുണ്ട്. സിപിഐ എന്ന കക്ഷി എപ്പോഴും അങ്ങിനെയാണ്.

കേരള കോണ്‍ഗ്രസ് (എം) ന് ജനപിന്തുണയില്ല. അതാണ് പാലയില്‍ തോറ്റതെന്നാണവര്‍ വിലയിരുത്തിയത്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയ്ക്ക് പെരുമാറാനറിയില്ല. നന്നായ പെരുമാറ്റം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണുനാഥിനുണ്ടായിരുന്നു. അയാളെ ജയിപ്പിച്ചത് അതുകൊണ്ടാണെന്നും സിപിഐ വിലയിരുത്തി. കോണ്‍ഗ്രസിന്റെ മുതുകത്ത് തൂങ്ങി പൊക്കം കാണിച്ച കക്ഷിയാണല്ലോ സിപിഐ. അവരിപ്പോള്‍ ബിജെപിയുടെ കാര്യത്തിലാണ് ഏറെ വേവലാതിപ്പെടുന്നത്.

കെ. സുരേന്ദ്രനെ ബിജെപി ഒഴിവാക്കാന്‍ പോവുകയാണത്രേ. അതോടൊപ്പം സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗണേശനേയും മാറ്റും. പാര്‍ട്ടി പത്രമാണ് ഈ കാര്യം കണ്ടുപിടിച്ച് റിപ്പോര്‍ട്ടാക്കിയത്. എവിടെ നിന്ന് കിട്ടി ഈ വിവരം? ബിനോയ് കണ്ടുപിടിച്ചതാണോ? അതല്ല കാനം ജോത്സ്യര്‍ ഗണിച്ചപ്പോള്‍ കിട്ടിയതാണോ? ആളാകാനും സാന്നിധ്യമറിയിക്കാനും തെരുവില്‍ നിന്ന് പുലഭ്യം പറയുന്ന നിലവാരത്തിലെത്തിയോ സിപിഐ? പോലീസില്‍ ആര്‍എസ്എസ്. ഗാങ്ങ് എന്ന് വിളിച്ചുപറഞ്ഞ ആനിക്കും ജനയുഗത്തിനും ഒരേനിലവാരം! ബലേ ഭേഷ്.

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.