×
login
സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാധ

മൊത്തത്തില്‍ രസകരമാണ്; കേരളത്തില്‍ മാത്രമായി ഒതുക്കപ്പെട്ട സിപിഎം; ഇന്ത്യയില്‍ ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്. അവര്‍ സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി വല്ലാത്ത കോലാഹലം. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത വിഷയമാണ്. എന്നാല്‍ രാഷ്ട്രീയമായതിനാല്‍ കാണാതെയും കേള്‍ക്കാതെയും പോകാനുമാവില്ല.

കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ച് ഇന്നിപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍, പ്രത്യേകിച്ചും സിപിഎമ്മില്‍ ആണെന്ന് പറയാം. തലമുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ സ്വന്തം ഭാവിയെക്കുറിച്ച് കുറേനാള്‍ ചര്‍ച്ച ചെയ്തതാണ്. അവര്‍ കുറെയേറെ കണ്ണീരൊഴുക്കി.  ജി 23 ഗ്രൂപ്പുകാര്‍ നടത്തിയ വിശകലനവും ചര്‍ച്ചകളും വിമര്‍ശനവുമൊക്കെ കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തോടെ ഏറെക്കുറെ അവസാനിച്ച മട്ടാണ്. താന്‍ 'ഫുള്‍ ടൈം പ്രസിഡന്റ്' തന്നെയാണെന്ന് സോണിയ പറഞ്ഞതോടെ അവരുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്നര്‍ത്ഥം.

എന്നാല്‍, കോണ്‍ഗ്രസ് കൂടെ വേണോ വേണ്ടയോ എന്നതാണിപ്പോള്‍  സിപിഎമ്മിന്റെ പ്രശ്‌നം. പാര്‍ട്ടി കോണ്‍ഗ്രസ്സിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കേരളത്തിലെ സഖാക്കള്‍ക്ക് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടു വന്നേ തീരൂ എന്നതാണ് സ്ഥിതി. ഒരുതരം ഗതികേടാണിത്. 'ചിന്ത' വാരികയില്‍ (ഒക്ടോബര്‍ 22) 'ബിജെപിക്കു ബദലാവാന്‍ കോണ്‍ഗ്രസ്സിനാവില്ല' എന്ന തലക്കെട്ടോടെ പിണറായി വിജയന്‍ ലേഖനമെഴുതിയത് ഓര്‍ക്കുക.  

ഇത്തരം ചര്‍ച്ചകള്‍ സിപിഎമ്മില്‍ പതിവാണ്; പക്ഷെ, അവസാനം രാജ്യമൊട്ടുക്കുള്ള സഖാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിന്റെ ദല്ലാള്‍പ്പണി തുടരാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് അനുമതി കൊടുക്കും. അതിന് 'അടവ് നയ'മെന്നൊക്കെ പേരും നല്‍കും. എന്നാലിത്തവണ കേരളത്തിലെ സിപിഎമ്മുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, കാരണം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക കേരളത്തിലാണ്, കണ്ണൂരില്‍. ഇവിടെവെച്ച് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍  തീരുമാനിച്ചാല്‍...? തങ്ങളുയര്‍ത്തുന്ന (കോണ്‍ഗ്രസ് വിരുദ്ധ) രാഷ്ട്രീയത്തിന്റെ അടിത്തറ തോണ്ടപ്പെടുമെന്ന ആശങ്ക അവരെ വേട്ടയാടുന്നുണ്ട്. അത് കേരളത്തില്‍ ബിജെപി, രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രകടിപ്പിച്ചതും. എന്തായാലും ആദ്യ റൗണ്ടില്‍ കേരളത്തിലെ പിണറായി പക്ഷ നേതാക്കള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരിക്കുന്നു എന്നതാണ് സിപിഎം കേന്ദ്ര കമ്മിറ്റി കഴിയുമ്പോള്‍ കാണുന്ന സൂചനകള്‍. മൊത്തത്തില്‍ രസകരമാണ്; കേരളത്തില്‍ മാത്രമായി ഒതുക്കപ്പെട്ട സിപിഎം; ഇന്ത്യയില്‍ ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്. അവര്‍ സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി വല്ലാത്ത കോലാഹലം. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത വിഷയമാണ്. എന്നാല്‍ രാഷ്ട്രീയമായതിനാല്‍ കാണാതെയും കേള്‍ക്കാതെയും പോകാനുമാവുകയില്ല.

എന്താണ് ഇന്നത്തെ സിപിഎം?

ശരിയാണ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറി. അതിനര്‍ത്ഥം  ഇന്ത്യയില്‍ ഇന്നിപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. ആ നിലയ്ക്ക് മാത്രമല്ല അവര്‍ക്ക് കഷ്ടിച്ച് അടിവേരുള്ള ഏക സംസ്ഥാനം കേരളമാണ് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ലോക്‌സഭയില്‍ വെറും മൂന്ന് എംപിമാരാണുള്ളത്. അടുത്തിടെ ബംഗാളില്‍ നടന്ന രണ്ടു ഉപ തെരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിക്കൊപ്പമാണ് കോണ്‍ഗ്രസുണ്ടായിരുന്നത്. സിപിഎം തനിച്ചു മത്സരിച്ചു. അവര്‍ക്കവിടെ കിട്ടിയത് വെറും 6.15 ശതമാനം വോട്ട്. 2019-ല്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടും സിപിഎമ്മിന് കിട്ടിയത് 6.34 ശതമാനം വോട്ട്; കോണ്‍ഗ്രസിന് കിട്ടിയത് 5.66 ശതമാനവും. ത്രിപുരയിലെ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമാണ്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടുമ്പോള്‍ സിപിഎം നേടിയത് 42% വോട്ടാണ്; അത് അടുത്ത വര്‍ഷമായപ്പോള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, 17.50  ശതമാനത്തിലെത്തി. ഇനി അവിടെ അടുത്ത തെരഞ്ഞെടുപ്പ് 2023-ലാണ്; അപ്പോഴത്തെ സ്ഥിതി പ്രവചിക്കാന്‍ സിപിഎമ്മിനാവുമെന്ന് തോന്നുന്നില്ല. പറഞ്ഞുവന്നത്, സിപിഎം ഒരു കേരള കേന്ദ്രീകൃത പാര്‍ട്ടിയായി അവസാനിച്ചിരിക്കുന്നു എന്നാണ്.  

ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്ര കമ്മിറ്റിയിലെ ആശയക്കുഴപ്പത്തെ കാണാന്‍. ശരിയാണ്, പാര്‍ട്ടി കോണ്‍ഗ്രസിന്  ഇനിയും സമയമേറെയുണ്ട്. എന്നാല്‍ ഇപ്പോള്‍ സിസി ചേര്‍ന്നത് അന്നത്തേക്കുള്ള രാഷ്ട്രീയ കരട് നയം തീരുമാനിക്കാനാണ് എന്നത് മറക്കരുത്; അതില്‍ ഏകാഭിപ്രായമുണ്ടായിട്ടില്ല. കരട് പ്രമേയം തയ്യാറാക്കാന്‍ പിബിയെ ഏല്‍പിച്ചു പിരിഞ്ഞു എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞതില്‍ നിന്ന് ഊഹിക്കേണ്ടത്. ഇവിടെയാണ് പിണറായിയുടെ ലേഖനം പ്രാധാന്യ

മര്‍ഹിക്കുന്നത്. 'സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു. ഏഴു വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമായിരിക്കുന്നു എന്ന് നമ്മുടെ മുഖ്യമന്ത്രി എഴുതുമ്പോള്‍,  സ്വന്തം കക്ഷിയുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നുണ്ട് എന്നത് വേറെ കാര്യം; പക്ഷെ, അദ്ദേഹം ആ വാക്കുകളിലൂടെ ഉന്നമിടുന്നത് കോണ്‍ഗ്രസ്സിന്റെ വാലായി നടക്കാനിറങ്ങിത്തിരിച്ച പിബിയിലെയും ബംഗാളിലെയും കുറെ സഖാക്കളെയാണ് എന്നു തീര്‍ച്ച. 'സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ വീഴ്ച ഉണ്ടാകുന്നു എന്നാണ് കോണ്‍ഗ്രസ്സിനകത്തുള്ളവരില്‍ തന്നെ പലരും ആരോപിക്കുന്നത്' എന്ന് അദ്ദേഹം പറയുന്നത് കോണ്‍ഗ്രസുകാരെ തീരെ വിശ്വസിക്കാനാവില്ല എന്ന് സ്ഥാപിക്കാനാണ്; സ്വന്തം കക്ഷിയിലെ കോണ്‍ഗ്രസ് ഭക്തരെ അതൊക്കെ ഓര്‍മ്മിപ്പിക്കാനാണ്. 'ചിന്ത'യില്‍ ലേഖനമെഴുതിയത് എന്തായാലും കോണ്‍ഗ്രസുകാരെ ബോധിപ്പിക്കാനല്ലല്ലോ?.

ഇതൊക്കെ പറയുന്ന പിണറായി, ഇന്ത്യ ഭരിക്കുന്ന ബിജെപിയെ വേണ്ടതിലധികം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഒരിടത്തുപോലും ജിഹാദി-ഭീകരവാദ രാഷ്ട്രീയത്തെ എതിര്‍ക്കുന്നുമില്ല. കോണ്‍ഗ്രസിനെ വേണ്ട,  എന്നാല്‍ ഇത്തരം പ്രതിലോമ ശക്തികളെ തള്ളിപ്പറഞ്ഞുകൂടാ എന്ന് പറയാതെ പറയുകയാണ് എന്നുവേണം വിലയിരുത്താന്‍. ഒരു പക്ഷെ മുസ്ലിം ലീഗിനെക്കൂടി (അതോ അതിനേക്കാള്‍ വര്‍ഗീയ സ്വഭാവമുള്ള ശക്തികളെയും)   മനസ്സില്‍ കണ്ടുകൊണ്ടാണോ ഈ നീക്കമെന്ന് കൂടി സംശയിക്കണം; അതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. തത്ക്കാലം ഉടനൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടാവാനില്ല എന്നതും  അതിന് കാരണമാണ്.  

കോണ്‍ഗ്രിന്റെ ഭാവി

കമ്മ്യൂണിസ്റ്റുകാര്‍, ഇപ്പോഴത്തെ സിപിഎമ്മുകാര്‍ അടക്കം ഇന്ദിരാ ഗാന്ധിയെ വിപ്ലവ നായികയായി കണ്ടിരുന്നു എന്ന് മറന്നുകൂടാ. 1969 -ല്‍ ഇന്ദിരാഗാന്ധി സ്വന്തം കോണ്‍ഗ്രസുണ്ടാക്കിയപ്പോള്‍ ഇടത്-വലത് സഖാക്കള്‍ അവര്‍ക്കൊപ്പമായിരുന്നല്ലോ. വി.വി. ഗിരിയെ രാഷ്ട്രപതിയാക്കാന്‍ അവരും ഇന്ദിരക്കൊപ്പം വോട്ടുചെയ്തു. പിന്നീട് കണ്ടത് സോവിയറ്റ് ലോബി പ്രധാനമന്ത്രിയുടെ ഓഫീസ് കീഴടക്കുന്നതാണ്. പി.എന്‍. ഹക്‌സര്‍ എന്ന സോവിയറ്റ് ഭക്തന്‍ അവിടെ അടക്കിവാണു. അക്കാലത്താണ് സിപിഐക്കാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലെത്തിയത്. കെജിബിയുടെ രേഖകള്‍ പുറത്തുവന്നതില്‍ നിന്ന് ആ സോവിയറ്റ് പദ്ധതിയും അതിനൊപ്പം നടന്നുനീങ്ങിയവരെയുമൊക്കെ തിരിച്ചറിയാനാവും. ചരിത്രമാണ് എന്നര്‍ത്ഥം.  വി.കെ. കൃഷ്ണമേനോനെ പോലുള്ളവര്‍ നേരത്തെ കോണ്‍ഗ്രസില്‍ എത്തിയത് മറക്കുകയല്ല. എന്നാല്‍, മോഹന്‍ കുമാരമംഗലത്തെപ്പോലുള്ളവര്‍ ആ പാര്‍ട്ടിയിലെത്തിയത് സോവിയറ്റ് പദ്ധതി പ്രകാരമാണ്. അതെ ഗണത്തില്‍ കൂട്ടാവുന്നവരാണ്  ഐ.കെ. ഗുജറാളും മറ്റും.  സിപിഎമ്മിന് അതിനുള്ള യോഗമുണ്ടായില്ല. മാത്രമല്ല സോവിയറ്റ് താല്‍പര്യം മാത്രമായിരുന്നു ഇന്ദിര നോക്കിയത്; സിപിഎമ്മിന്റെ ചൈനീസ്  പ്രേമത്തോട് അവര്‍ക്ക് യോജിപ്പില്ലായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവി പഴ്‌സ് എടുത്തുകളഞ്ഞത് അടക്കമുള്ള ഇന്ദിര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഈ കമ്മ്യുണിസ്റ്റ്  പ്രേരണ ഉണ്ടായിരുന്നുവല്ലോ.

അന്ന് എന്തൊക്കെ പറഞ്ഞാലും വിവരവും തറവാടിത്തവുമുള്ളവരായിരുന്നു ആ  കമ്മ്യൂണിസ്റ്റ് നേതാക്കള്‍. ഇന്നിപ്പൊഴോ  അവര്‍ക്ക് പകരമായി രാഹുലും കെ.സി. വേണുഗോപാലും കണ്ടെത്തിയത് കനയ്യ കുമാറിനെയും ജിഗ്‌നേഷ് മിവാനിയെയുമാണ്. ഇന്ത്യയെ വെട്ടിമുറിക്കണം എന്ന് വിളിച്ചുകൂവി നടന്നവര്‍; മനസും ചിന്തയും അടിമുടി സംശയാസ്പദമായിട്ടുള്ളവര്‍. സ്വന്തമായി ഒരടിത്തറയില്ലാത്തവരും. എന്താണിവരുടെ നിലവാരം. ആ രണ്ടുപേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, രാഹുലിന്റെ വിവരക്കേട് അത്രത്തോളമുണ്ടല്ലോ. ഇക്കൂട്ടരെ തലയിലേറ്റി നടക്കേണ്ട ഗതികേടിലേക്ക് ആ പാര്‍ട്ടി എത്തിയെന്നര്‍ത്ഥം. ഇവിടെയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നടത്തിയ കുറേ തുറന്നുപറച്ചിലുകള്‍ക്ക് പ്രാധാന്യമേറുന്നത്. രാജ്യ സുരക്ഷക്ക് ഭീഷണിയായവരെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞുവല്ലോ.

പിണറായി പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയല്ലേ; എന്തിനേറെ പറയുന്നു, ബീഹാറില്‍ ആര്‍ജെഡി അടക്കമുള്ള മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുവരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ 'രാഷ്ട്രീയ പിണ്ഡം' വെച്ചത് രാഹുലിന്റെ പാര്‍ട്ടിയാണ് എന്ന് ആര്‍ജെഡിക്കാര്‍ പരസ്യമായി പറഞ്ഞു. ഏതാണ്ട് ആറ് ശതമാനമാണ് അവിടെ കോണ്‍ഗ്രസിന്റെ വോട്ട് ബലം. യുപിയാണ് മറ്റൊരു സംസ്ഥാനം; അവിടെ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുകയാണ്, പ്രിയങ്കയുടെ നേതൃത്വത്തില്‍. 2019-ല്‍ രാഹുല്‍ ഗാന്ധിക്ക് പോലും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സംസ്ഥാനം. ഒരിടത്തെ അവര്‍ ജയിച്ചുള്ളൂ, റായ് ബറേലി. അതും  സോണിയക്കെതിരെ മറ്റു കക്ഷികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍. ആകെ കിട്ടിയത് 6.36% വോട്ട്. കോണ്‍ഗ്രസ് നിഷ്പ്രഭമാണ് എങ്കിലും അവരുടെ ഈ നിലപാടുകള്‍ ബിജെപിക്ക് സഹായകമാണ് എന്നതില്‍ തര്‍ക്കമില്ല. അതെന്താണോ പിണറായി വിജയന്‍ പറയാതിരുന്നത്?. യുപിയിലും മറ്റും ബിജെപിയുടെ ഉജ്വല വിജയത്തിന് സഹായകമാവുന്ന നിലപാടെടുക്കുന്ന കോണ്‍ഗ്രസിനോട് എന്തിന് സഖ്യം എന്നുകൂടി യെച്ചൂരിയോട് ചോദിക്കേണ്ടതല്ലേ?

comment

LATEST NEWS


മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.