×
login
ഡിജിറ്റല്‍ ഇന്ത്യക്കു ചിറകുകളേകി ഡ്രോണുകള്‍

സാങ്കേതികവിദ്യാ രംഗത്തിന്റെ വളര്‍ച്ചയും പ്രാധാന്യവും ഇന്ത്യയില്‍ അതിനുള്ള അനുകൂല സാധ്യതയും തിരിച്ചറിഞ്ഞ് ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയെ ആഗോള ഡ്രോണ്‍ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ലക്ഷ്യത്തോടെ വ്യോമയാന മന്ത്രാലയം ഡ്രോണ്‍ നിയമം 2021ന് കീഴില്‍ രാജ്യത്ത് ഡ്രോണുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ നയങ്ങളും നിയന്ത്രണങ്ങളും ആവിഷ്‌കരിച്ചു

നീല്‍ മേത്ത

ഡ്രോണുകളെ ചെലവേറിയ സൈനിക ഉപകരണങ്ങളെന്നോ പുനര്‍നിര്‍മ്മിക്കാവുന്ന ചെറിയ കളിപ്പാട്ടങ്ങളെന്നോ വിശേഷിപ്പിച്ചിട്ട് അധിക നാളുകളായിട്ടില്ല. എന്നാല്‍ വിവിധ വ്യവസായങ്ങളിലെ ആപ്ലിക്കേഷനുകള്‍ക്കുള്ള പ്രായോഗിക പരിഹാരമെന്ന നിലയില്‍ ഡ്രോണുകളെ ഉപയോഗിക്കാമെന്ന് കണ്ടെത്തിയതിന് ശേഷം, ഡ്രോണുകള്‍ ഔദ്യോഗികമായി 'റിമോട്ട്ലി പൈലറ്റഡ് ഏരിയല്‍ സിസ്റ്റം' (ആര്‍പിഎഎസ്) എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ചെലവ് കുറഞ്ഞതും ത്വരിതഗതിയില്‍ ഡിജിറ്റല്‍ മേഖലയിലെ വിവരങ്ങള്‍ ആവശ്യാനുസരണം സൃഷ്ടിക്കാനുള്ള ശേഷി നേടിയതുമായ ഉപകരണം എന്ന നിലയിലാണ് ഇപ്പോള്‍ ഡ്രോണിനെ കാണുന്നത്.

അതേസമയം, ഡ്രോണുകളുടെ വികസനവും വ്യാപക ഉപയോഗവും ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.  എന്നിരുന്നാലും പേനയും പേപ്പറും ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡ്രോണുകള്‍ വിജയകരമായി നിര്‍വഹിക്കുന്നു.  

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രോണുകള്‍ നിരവധി പൊതു-സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ഭാഗമാണ്. വിവിധ കാരണങ്ങളാല്‍ സാങ്കേതികമായി പിന്നിലായ വ്യവസായ മേഖലകളില്‍ ഡ്രോണിന് നിര്‍ണായക സ്വാധീനം നേടാന്‍ കഴിഞ്ഞു. പരമ്പരാഗതമായി മനുഷ്യര്‍ ചെയ്തുപോന്ന അപകടകരവും വിരസവും ചെയ്യാന്‍ മടിക്കുന്നതുമായ പല ജോലികളും ഡ്രോണുകള്‍ കാര്യക്ഷമമായും സമയബന്ധിതമായും നിര്‍വഹിക്കാന്‍ തുടങ്ങി. പരമ്പരാഗത രീതിയിലുള്ള ജോലികള്‍ ചെയ്യാനുള്ള മികച്ചൊരു പകരക്കാരനായി ഡ്രോണ്‍ മാറി.

ഡ്രോണുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണം, സുരക്ഷ, പരിശോധന, സുപ്രധാന ആസ്തികളുടെ മേല്‍നോട്ടം, സര്‍വേ, ചരക്ക്-സേവന നീക്കം, തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രതിരോധം, രാജ്യസുരക്ഷ, കൃഷി, എണ്ണയും വാതകവും, ഊര്‍ജവും ഉപയുക്തതയും, ടെലികമ്യൂണിക്കേഷന്‍, സ്ഥലസംബന്ധ സര്‍വ്വേ, ഖനനം, നിര്‍മാണം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഈ മേഖലകളിലെ ഡ്രോണ്‍ ഉപയോഗം അതിന്റെ പ്രാഥമിക ഘട്ടം പിന്നിട്ട് പുതിയ സാധ്യതകള്‍ കണ്ടെത്താനും പ്രയോഗിക്കാനുമുള്ള ഘട്ടത്തിലേക്ക് മാറി.


ഇന്ന് രാജ്യത്ത് കൃത്യതയോടെ കൃഷി ചെയ്യുന്നതിനായി വിളകളുടെ കരുത്ത് പരിശോധിക്കുന്നതിനും നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്യാസ് പൈപ്പ്ലൈന്‍ നിരീക്ഷിക്കുന്നതിനും നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ലക്ഷ്യസ്ഥാനത്ത് സമയ ബന്ധിതമായി എത്തിക്കുന്നതിനും അതിര്‍ത്തിയിലെ സുരക്ഷ നിരീക്ഷിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. സ്വാമിത്വ പദ്ധതിയുടെ ഭാഗമായി സ്ഥലത്തിന്റെ രേഖകള്‍ ഡിജിറ്റലാക്കുന്നതിന് ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചും ഖനികളിലും ദേശീയപാത നിര്‍മ്മാണത്തിലും ഡ്രോണ്‍ സര്‍വേകള്‍ നിര്‍ബന്ധമാക്കിയും കാര്‍ഷിക പരിവര്‍ത്തനത്തിനായി ഡ്രോണ്‍ ശക്തി, കിസാന്‍ ഡ്രോണ്‍ സംരംഭങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ ഭാരത സര്‍ക്കാര്‍ ഈ സാങ്കേതികവിദ്യ തുടക്കകാലം മുതല്‍ ഉപയോഗിച്ചു വരികയാണ്. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഡ്രോണുകള്‍ക്കും ഡ്രോണ്‍ അനുബന്ധ പരിഹാരങ്ങള്‍ക്കുമുള്ള വിപണി 15,000 കോടി രൂപയിലധികമായി വികസിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

സാങ്കേതികവിദ്യാ രംഗത്തിന്റെ വളര്‍ച്ചയും പ്രാധാന്യവും ഇന്ത്യയില്‍ അതിനുള്ള അനുകൂല സാധ്യതയും തിരിച്ചറിഞ്ഞ് ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയെ ആഗോള ഡ്രോണ്‍ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ലക്ഷ്യത്തോടെ വ്യോമയാന മന്ത്രാലയം ഡ്രോണ്‍ നിയമം 2021ന് കീഴില്‍ രാജ്യത്ത് ഡ്രോണുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ നയങ്ങളും നിയന്ത്രണങ്ങളും ആവിഷ്‌കരിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ കാലത്തിനിണങ്ങുന്ന തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഡ്രോണുകളുടെ ശേഷിയും വിതരണവും സാങ്കേതികവിദ്യയുടെ വ്യാപനവും നടത്തുന്നതിന് വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പിന്തുണയാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആവശ്യം. ഡ്രോണ്‍ മേഖല വളരുന്നതിനൊപ്പം ഡ്രോണ്‍ പൈലറ്റുകള്‍, വിവരവിശകലന വിദഗ്ധര്‍, ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, നിര്‍മ്മാണ-കേടുപാട് തീര്‍ക്കല്‍ വിദഗ്ധര്‍ എന്നീ മേഖലകളിലായി സമീപഭാവിയില്‍ തന്നെ നേരിട്ടുള്ള 10,000 ജോലികള്‍ സൃഷ്ടിക്കാനാകും.

വലിയ സാധ്യതയുള്ള വിപണി, സോഫ്‌റ്റ്വെയര്‍, സൊല്യൂഷന്‍ ഡെവലപ്പ്മെന്റിലെ ശക്തമായ സ്വാധീനം, ഡ്രോണ്‍ സര്‍വീസ് ഡെലിവറിക്കുള്ള സാങ്കേതിക തൊഴില്‍ശക്തി എന്നിവയുള്ള ഇന്ത്യയ്ക്ക് ഡ്രോണ്‍ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്താനും വ്യാപിപ്പിക്കാനുമുള്ള ശരിയായ പ്ലാറ്റ്ഫോമും വിഭവങ്ങളും ഉണ്ട്. പുതിയ ഡ്രോണുകളും കൗണ്ടര്‍ ഡ്രോണ്‍ സാങ്കേതികവിദ്യകളും പരിശോധിക്കുന്നതിനുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള സവിശേഷവും നിയന്ത്രിതവുമായ പരിശോധനാ സൈറ്റുകള്‍ സൃഷ്ടിക്കുന്നതിനും 'ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ്' (ബിവിഎല്‍ഒഎസ്) പ്രവര്‍ത്തനം പോലുള്ള പരിശോധന കോംപ്ലക്സ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും ഈ മേഖലയിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലുള്ള നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും.

ഇന്ത്യ ഘടക നിര്‍മാണ ജൈവസംവിധാനം (ബാറ്ററികള്‍, മോട്ടോറുകള്‍, ഇലക്ട്രിക് മോട്ടോറുകള്‍, ഇലക്ട്രോ-ഓപ്റ്റിക്‌സ്, സെന്‍സറുകള്‍) നടപ്പിലാക്കുക വഴി ഡ്രോണ്‍ ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനും ആഗോളതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തമായ സമ്പദ്വ്യവസ്ഥയ്ക്ക് വഴിയൊരുക്കാനും കഴിയും. ഡ്രോണുകള്‍ മൊബൈല്‍ ഫോണിന്റെയും വൈദ്യുത വാഹനങ്ങളുടേയും മിശ്രിതമായതിനാല്‍ ഈ മേഖലകളിലെ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളെടുക്കുന്നത് ഡ്രോണ്‍ നിര്‍മാണ മേഖലയ്ക്കും അത്യാവശ്യമായ വളര്‍ച്ച നേടിത്തരും. ഇന്ത്യയില്‍ ഡ്രോണ്‍ മേഖലയുടെ ഭാവി ശോഭനമായിരിക്കുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് നിര്‍ണായകമായതിനാല്‍ ഡ്രോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഉത്പന്നം ലഭ്യമാക്കുന്നതിനൊപ്പം, നിര്‍മാതാക്കള്‍ ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം.

(ആസ്റ്റേരിയ എയ്‌റോസ്പെയ്സിന്റെ ഡയറക്ടറും സ്ഥാപകരിലൊരാളുമാണ് ലേഖകന്‍)

  comment

  LATEST NEWS


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.