×
login
അവര്‍ക്ക് സംവാദത്തെ ഭയമാണ്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.

ആര്‍എസ്എസ്സിന്റെ ആദര്‍ശത്തെ എതിര്‍ക്കാനാണെങ്കില്‍ അതിനാണ് ശ്രമിക്കേണ്ടത്. അവരുടെ വേദിയിലെത്തി വിമര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ അത് പരമാവധി ഉപയോഗിക്കണം. എതിര്‍പ്പ് അവതരിപ്പിക്കാന്‍ കയ്യില്‍ വല്ലതും വേണം എന്നു മാത്രം. അതില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ആദര്‍ശത്തിന്റെ അടിത്തറയും അതു പറഞ്ഞും പ്രവര്‍ത്തിച്ചും പ്രകടിപ്പിക്കാനുള്ള ചാതുര്യവും ഉണ്ട് എന്നതാണ് ആര്‍എസ്എസിനെ വേറിട്ടു നിര്‍ത്തുന്നത്. അവരെ കണ്ടു പഠിക്കുകയാണ് അവരെ എതിരിടാനുള്ള ആദ്യ പാഠം. പഠിക്കുക എന്നതിനര്‍ത്ഥം അനുകരിക്കുക എന്നല്ല.

ആദിശങ്കരന്റെ നാട് എന്ന നിലയില്‍ കേരളത്തിന് ഭാരതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഭാരതം കണ്ടിട്ടുള്ളതില്‍ ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളായ ശ്രീശങ്കരാചാര്യര്‍, നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്. ഭാരതം മുഴുവന്‍ വിജയഭേരി മുഴക്കിയ ആദ്യ മലയാളിയും ആദിശങ്കരന്‍ തന്നെ. സൈനിക ബലത്താലോ പടയോട്ടം നടത്തിയോ തമ്മില്‍ തല്ലിച്ചോ അല്ല, ശ്രീശങ്കരന്‍ ഭാരതം കീഴടക്കിയത്. സംവാദത്തിലൂടെ എതിരാളികളെ തോല്പിച്ചാണ് അദ്ദേഹം ദിഗ്വിജയം കൈവരിച്ചത്. വാദിച്ചാണ് അദ്ദേഹം ജയിച്ചുകയറിയത്. അറിവിന്റെ സോപാനമായിരുന്നു ശങ്കരന്‍ കടന്നത്. ആ ശങ്കരന്റെ നാട്ടില്‍ സംവാദത്തിന് അയിത്തം കല്‍പിച്ചിരിക്കുകയാണ്. ജാതീയ അയിത്തം മൂലം സ്വാമി വിവേകാന്ദന്‍ ഭാന്ത്രാലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ശ്രീനാരായണ ഗുരുവിനെപോലുള്ള നവോത്ഥാന നായകര്‍ തീര്‍ത്ഥാലയമാക്കി എന്ന് അഭിമാനത്തോടെ പറയുമ്പോഴാണ് വീണ്ടും അയിത്ത വാസന ഉയരുന്നത്. ചെറിയ വ്യത്യാസമുണ്ട്. അപ്പോള്‍ ജാത്യാലുള്ള അയിത്തമോ തീണ്ടലോ അല്ല, രാഷ്ടീയ അയിത്തമാണ്. അതില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടേയോ പരിപാടിയില്‍ പോകരുത്, നേതാക്കളുമായി അടുത്തിടപെഴകരുത് എന്നൊക്കെ പറയുന്നത് പണ്ടുകാലത്തെ അയിത്തത്തിന്റെയും തീണ്ടലിന്റേയും പുതിയ വകഭേദം  തന്നെ. സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയതും കേസരി വാരികയുടെ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ്  കെ.എന്‍.എ.ഖാദറിനെകൊണ്ട് മാപ്പെഴുതിപ്പിച്ചതും പുത്തന്‍ ഭ്രഷ്ട് കല്‍പിക്കലാണ്. കമ്മ്യൂണിസ്റ്റുകാര്‍ തരാതരം പോലെ ആചരിച്ചിരുന്ന രാഷ്ട്രീയ അയിത്താചരണം വലതുപക്ഷ കക്ഷികളിലേക്കും പടര്‍ന്നിരിക്കുന്നു എന്നതാണ് പുതിയ പ്രതിഭാസം.

ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം. ആശയത്തെ ആശയം കൊണ്ടും. ആദിശങ്കരന്‍ ചെയ്തത് അതാണ്. മറ്റ് വാദങ്ങളുടെ കുറ്റവും കുറവും  പൊളിച്ചു കാണിച്ചത് ആചാര്യന്മാരുമായി നേരിട്ട് സംവാദം നടത്തിയാണ്. ദ്വൈതവാദത്തെ തോല്‍പ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് ഒപ്പം കൂട്ടി ശങ്കരാചാര്യര്‍ അദ്വൈതത്തെ പുനഃസ്ഥാപിച്ചു. മതം മാറ്റത്തെ ചെറുക്കാന്‍ ചട്ടമ്പിസ്വാമികള്‍ 'ക്രിസ്തുമതഛേദനം' രചിച്ചതും  ആ കാഴ്ചപ്പാടിലാണ്. അതേ കേരളം ഇന്ന് സംവാദങ്ങളെ ഭയക്കുകയാണ്. പകരം വിവാദങ്ങളെ പുണരുന്നു.

കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതാണ് പുതിയ വിവാദം. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മാതൃസമ്മേളനത്തിനെത്തിയ മുന്‍ കോളജ് അധ്യാപിക കൂടിയായ മേയര്‍ പണ്ഡിതോചിതമായ പ്രസംഗം നടത്തി. മാധ്യമങ്ങള്‍ അത് വിവാദമാക്കിയപ്പോള്‍ മേയറുടെ പാര്‍ട്ടി സിപിഎമ്മും സടകുടഞ്ഞു. മേയര്‍ ചെയ്തത് മഹാപരാധമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം.

മേയര്‍ പ്രസംഗത്തേക്കാള്‍ പണ്ഡിതോചിതമായ വിശദീകരണവും നല്‍കി. കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തുന്നതും സിന്ദൂരം തൊടുന്നതും ഒന്നും മതത്തിന്റെ ഭാഗമായി കാണുന്നില്ലെന്നും അമ്മമാരുടെ സമ്മേളനത്തില്‍ പോകുന്നതിന് പാര്‍ട്ടിയുടെ അനുമതി വേണമെന്ന് തോന്നിയില്ലെന്നും ഡോ. ബീനാ ഫിലിപ്പ് തുറന്നു പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ഒരു സാമൂഹ്യ പരിപാടിയാണ്. അതില്‍ ആര്‍ക്കും പങ്കെടുക്കാം. തങ്ങളുടെ ആശയധാരയ്ക്കു പുറത്തുള്ളവരെ പങ്കെടുപ്പിക്കില്ല എന്നുള്ള അല്പബുദ്ധി ബാലഗോകുലത്തിനില്ല. ജനപ്രതിനിധികളും എഴുത്തുകാരും സാമൂഹ്യ വൈജ്ഞാനിക മേഖലകളിലെ പ്രമുഖരും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ സാംസ്‌കാരിക നായകന്മാരില്‍ സംസ്‌കാരമുള്ളവരെല്ലാം ബാലഗോകുലം പരിപാടികളില്‍ എത്തിയിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ അടുത്ത കാലത്ത് പങ്കെടുത്തു. അതൊന്നും അറിയാത്തവരല്ല പത്രക്കാര്‍. അപ്പോള്‍ വിവാദം ഉണ്ടാക്കിയതിനു പിന്നിലെ ലക്ഷ്യം വേറെയാണ്. വിയോജിക്കുന്നവരോടു പോലും സംവദിക്കുന്ന സ്വഭാവമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റേത്. ആ സംവാദസംസ്‌കാരത്തെ മാനിക്കുന്നവര്‍ വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ തീവ്രവാദസംഘടനകളുടെ പേരിനൊപ്പം ബാലഗോകുലത്തെ കൂട്ടിക്കെട്ടി പ്രസ്താവനകള്‍ ഇറക്കുകയല്ല ചെയ്യേണ്ടത്.


കോഴിക്കോട് മേയറെ സംഘിയാക്കിച്ചിരിക്കുന്ന കോണ്‍ഗ്രസ്സുകാരെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിനു മുന്നില്‍ ദീപം തെളിക്കുന്ന ചിത്രവിവാദം മാഞ്ഞിട്ടില്ല. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആയിരുന്ന പി.പരമേശ്വരന്റെ പുസ്തകപ്രകാശന ചടങ്ങ്, പണ്ടെങ്ങോ നടന്ന പരിപാടിയാണ് കുത്തിപ്പൊക്കിക്കൊണ്ടു വന്നത്. എംഎല്‍എ എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ പുസ്തക പ്രകാശന ചടങ്ങില്‍ താന്‍ പങ്കെടുത്തു എന്ന് സതീശന്‍ പറഞ്ഞാല്‍ അവിടെ തീരുന്ന വിവാദമേയുള്ളു. പക്ഷേ സതീശന്‍  ഉരുണ്ടുകളിച്ചു. താന്‍ ഒരിക്കലും ആര്‍എസ്എസുമായി ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ല എന്ന ആണയിടയല്‍ സതീശന്‍ ആവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നു. കമ്മ്യൂണിസ്റ്റുകാര്‍ സതീശനെ സംഘിയാക്കാനുളള അവസരം കിട്ടിയതില്‍ അര്‍മാദിച്ചു. അപ്പോഴാണ് അവര്‍ക്ക് വെള്ളിടിപോലെ മറ്റൊരു ചിത്രം പുറത്തു വന്നത്. പി. പരമേശ്വരന്റെ അതേ പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നതിന്റെ ചിത്രം. സാക്ഷാല്‍ വി.എസ്.അച്ചുതാന്ദനാണ് പ്രസംഗിക്കുന്നത്. സതീശന്‍ സംഘിയെങ്കില്‍ വിഎസും സംഘി. ആര്‍എസ്എസ്സില്‍ കൊത്തി വാലു മുറിഞ്ഞ ഇരുപക്ഷവും ഇളിഭ്യരാകുന്നതാണ് മലയാളികള്‍ കണ്ടത്. ഇതിനല്പം മുന്‍പാണ് കോഴിക്കോട് കേസരി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തതും ചര്‍ച്ചയായത്. ലീഗിലാണെങ്കിലും ദേശീയ മുസ്ലീം എന്ന വിശേഷണത്തിന് സര്‍വയോഗ്യനായ ഈ മുന്‍ കമ്മ്യൂണിസ്റ്റുകാരനെകൊണ്ട് മാപ്പുപറയപ്പിച്ചു. അദ്ദേഹത്തെ പുറത്താക്കിയില്ലല്ലോ എന്ന് ആശ്വാസം കൊള്ളുന്നവരുമുണ്ട്.

ആദി ശങ്കരന്റെ കാലത്തുമാത്രമല്ല, ആധുനിക കാലത്തും  ജനാധിപത്യ രാജ്യങ്ങളുടെ ആധാരം  കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ്. സംവാദത്തിലൂടെ ഉരുത്തിരിയുന്ന നിയമമാണ് അത്തരം രാജ്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ചിലരുമായി വേദി പങ്കിടുന്നതിനെപോലും ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. ആര്‍എസ്എസ്സാണ് നിര്‍ഭാഗ്യ വശാല്‍ അയിത്തത്തിന് വിധേയമാകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നു കാണാം. കമ്മ്യൂണിസ്റ്റുകാര്‍ കുറെ നാളായി ആര്‍എസ്എസ്സിനോട് അകലം പാലിക്കുന്നുണ്ട്. ആദര്‍ശപരമായ ഏറ്റുമുട്ടലിന് ത്രാണിയില്ലാത്തതിനാലാണതെന്ന ആരോപണത്തില്‍ കഴമ്പില്ലാതില്ല.  ഇഎംഎസ്, പി.ഗോവിന്ദപിള്ള തുടങ്ങിയവര്‍ പി. പരമേശ്വരനെപോലുള്ളവരുമായി നേരിട്ടും മാധ്യമങ്ങളിലൂടെയും നിരന്തരം ആശയ സംവാദം നടത്താന്‍ തയ്യാറായിരുന്നു. കോഴിക്കോട് സര്‍വകലാശാല സംഘടിപ്പിച്ച ഇഎംഎസ്-പി.പരമേശ്വരന്‍ സംവാദം ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ആശയപരമായി ഭിന്ന ധ്രുവത്തില്‍ നില്‍ക്കുമ്പോഴും പി.പരമേശ്വരന്റെ ആസ്ഥാനമായ സംസ്‌കൃതിഭവനില്‍ സന്ദര്‍ശനം നടത്തുന്നതില്‍ ഗോവിന്ദപിള്ളയ്ക്ക് വിലക്കുണ്ടായിരുന്നില്ല. പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വിഎസ് പങ്കെടുത്തതും 'വിശ്വസിച്ച ആദര്‍ശത്തിനുവേണ്ടി ഋഷിതുല്ല്യ ജീവിതം നയിച്ച ആളാ'ണ് പി.പരമേശ്വരനെന്ന് പിണറായി വിജയന്‍ പറഞ്ഞതിലും ആ സംവാദ സംസ്‌ക്കാരത്തിന്റെ  തുടര്‍ച്ച കാണാം.  ആര്‍എസ്എസ് ശാഖയില്‍ പോയത്, തന്നെ രൂപപ്പെടുത്തിയതില്‍ പങ്കുവഹിച്ചകാര്യം സമ്മതിക്കാന്‍ പോളിറ്റ് ബൂറോ അംഗമായിരുന്ന  എസ്. രാമചന്ദ്രന്‍ പിള്ളയക്ക് സങ്കോചവും ഇല്ലായിരുന്നു. കെപിസിസി അധ്യക്ഷനായിരുന്ന കേരളഗാന്ധി കെ.കേളപ്പന് ക്ഷേത്ര പു

നരുദ്ധാരണ സമരം നടത്താനും പരിവാര്‍ സംഘടനയായ ക്ഷേത്ര സംരക്ഷണ സമിതിക്ക് നേതൃത്വം നല്‍കാനും മടിയുണ്ടായിരുന്നില്ല. ആശയപരമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്കു പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ. ആര്‍എസ്എസിന് അതിനു സാധിക്കുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് വിവാദമാക്കിയപ്പോള്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പറഞ്ഞത് 'കോണ്‍ഗ്രസുകാരനായി നാഗപ്പൂരിലെത്തുന്ന പ്രണാബ് ദാ കോണ്‍ഗ്രസുകാരനായി തന്നെയാകും മടങ്ങുക' എന്നാണ്. ആര്‍എസ്എസ് വേദിയില്‍ എത്തി സംഘത്തെ വിമര്‍ശിച്ചവര്‍ നിരവധി ഉണ്ട്. വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള വിശാലത സംഘത്തിനുണ്ട്. വിമര്‍ശിച്ചവരില്‍ ചിലര്‍ പിന്നീട് സംഘാദര്‍ശത്തിന്റെ പ്രചാരകരായി എന്നതു വേറെ കാര്യം.

ആര്‍എസ്എസുമായി അകലം പാലിക്കുന്നതില്‍ 'ഞാന്‍ മുന്നേ ഞാന്‍ മുന്നേ' എന്ന മട്ടില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കോലാഹലം ഉണ്ടാക്കുന്നതില്‍ യുക്തിയേയില്ല. മഹാത്മാഗാന്ധിയും അംബേദ്ക്കറും ആര്‍എസ്എസ് ക്യാമ്പുകളില്‍ പോവുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരെ അവരുടെ ഗണവേഷത്തില്‍ മാര്‍ച്ച് നടത്താന്‍ റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. രമേശ് ചെന്നിത്തല ആര്‍എസ്എസ് ആണോ അല്ലയോ എന്ന തര്‍ക്കം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പിതാവ് കോണ്‍ഗ്രസ് ജനപ്രതിനിധി ആയിരിക്കുമ്പോള്‍ തന്നെ നാട്ടിലെ ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷനായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറും കൊല്ലത്തെ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളാണ്.

അയിത്ത കല്പനകള്‍ വന്നതോടെ ആര്‍എസ്എസ് വേദിയിലെത്തിയ നേതാക്കളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാമൂഹ്യ മാധ്യമ പടയാളികള്‍ മത്സരിക്കുന്നതും നാം കണ്ടു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയോടൊപ്പം ഭക്ഷണം കഴിക്കുന്നത്, കെ.ജി.മാരാര്‍, ഇഎംഎസിന്റെ ഷര്‍ട്ടില്‍ ബാഡ്ജ് കുത്തുന്നത്... ഉമ്മന്‍ ചാണ്ടിയും കെ.മുരളീധരനും പന്ന്യന്‍ രവീന്ദ്രനും  ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കുന്നത്.....തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രചരിച്ചു.

ആര്‍എസ്എസ് ഉയര്‍ത്തുന്ന ആദര്‍ശത്തെ എതിര്‍ക്കാനാണെങ്കില്‍ അതിനാണ് ശ്രമിക്കേണ്ടത്.  അവരുടെ വേദിയിലെത്തി വിമര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ അത് പരമാവധി ഉപയോഗിക്കണം. എതിര്‍പ്പ് അവതരിപ്പിക്കാന്‍ കയ്യില്‍ വല്ലതും വേണം എന്നു മാത്രം. അതില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.  ആദര്‍ശത്തിന്റെ അടിത്തറയും അതു പറഞ്ഞും പ്രവര്‍ത്തിച്ചും പ്രകടിപ്പിക്കാനുള്ള ചാതുര്യവും ഉണ്ട് എന്നതാണ് ആര്‍എസ്എസിനെ വേറിട്ടു നിര്‍ത്തുന്നത്. അവരെ കണ്ടു പഠിക്കുകയാണ് അവരെ എതിരിടാനുള്ള ആദ്യ പാഠം. പഠിക്കുക എന്നതിനര്‍ത്ഥം അനുകരിക്കുക എന്നതല്ല. കണ്ണൂരില്‍ സഖാക്കള്‍ ശോഭായാത്ര നടത്തിയും അമേഠിയില്‍ രാഹുല്‍ ഗാന്ധി ക്ഷേത്രദര്‍ശനം നടത്തിയും അനുകരണത്തിനു മുതിര്‍ന്നപ്പോള്‍ അപഹാസ്യരായത് മറക്കരുത്. അയിത്തം പാപമല്ലങ്കില്‍ ലോകത്ത് മറ്റൊന്നും പാപമല്ല എന്നു പറഞ്ഞത് ആര്‍എസ്എസ് സര്‍സംഘചാലകനായിരുന്ന ബാലാസാഹേബ് ദേവറസ് ആണ്. കേരളത്തില്‍ ആര്‍എസ്എസ് തന്നെ അയിത്തത്തിന് ഇരയാകുന്നു എന്നതാണ് വിരോധാഭാസം. എന്നിട്ടും കേരളത്തിലും ആര്‍എസ്എസ് വളരുന്നു എന്നത് യാഥാര്‍ത്ഥ്യവും.

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.