login
കടല്‍ക്കൊള്ള അന്വേഷിക്കേണ്ടതാര്?

ചുമതലപ്പെട്ട മത്സ്യവകുപ്പു മന്ത്രിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങളില്ലാതെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ആര്‍.ജ്യോതി ലാല്‍, കേന്ദ്ര വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയക്കില്ല. ഈ കത്തും അതുമായി ബന്ധപ്പെട്ട ഫയലുകളും കേരളാ സര്‍ക്കാരിന്റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലെ മത്സ്യവകുപ്പില്‍ നിന്നു നീക്കം ചെയ്യുക എളുപ്പമല്ല.

ടല്‍ കൊള്ളയെക്കുറിച്ചു അപസര്‍പ്പക നോവലുകളിലും കഥകളിലും വായിച്ചിട്ടുണ്ട്. ചില ഇംഗ്ലീഷ് സിനിമകളിലും പണ്ടൊക്കെ പത്രങ്ങളിലും  ചിത്രീകരണങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചയായി കേരളത്തില്‍ തെളിയിക്കപ്പെട്ടത് സമാനതകളില്ലാത്ത ഗുരുതരമായ കടല്‍ക്കൊള്ളയാണ്.

ആഴക്കടല്‍ മത്സ്യബന്ധനം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ടതാണ്. കേന്ദ്രത്തില്‍ മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേകമായ പുതിയ മന്ത്രാലയം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ ഉപകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ഗുരുതരമായ ഭരണഘടനാ ലംഘനവും കേന്ദ്രസര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്നതും അതിനാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രഥമദൃഷ്ടിയാല്‍ വിലയിരുത്താവുന്നതുമാണ്.

ഫിഷറീസ്-വ്യവസായ വകുപ്പുകള്‍, തീരദേശ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ജലഗതാഗവകുപ്പ് എന്നിവയിലും വ്യവസായ വികസന കോര്‍പ്പറേഷനിലും കേരളാഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡുകളിലും സി.എ.ജി.യുടെ ഓഡിറ്റുകള്‍ വരാനിരിക്കുന്നതേ ഉള്ളൂ. കിഫ്ബിയിലെ പോലെയുള്ള സിഎജിയുടെ കണ്ടെത്തലുകളാണ് ഇവിടെയും ഉണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന തീരദേശ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ജലഗതാഗതവും എന്ന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കേരളാഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ 97.5% ഷെയറുകള്‍ കേരളാ സര്‍ക്കാരിനും 2.5% ഷെയറുകള്‍ പൊതുജനങ്ങള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ ഐഎഎസാണ്. ചെയര്‍മാന്‍, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും. 60 കോടി രൂപ മാത്രം മൂലധനമുള്ള ഈ കമ്പനി 1975 ല്‍ രൂപീകരിക്കുകയും നാളിതുവരെ 17 കോടി രൂപ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു കമ്പനി 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള ഇഎംസിസി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി 2950 കോടിയുടെ 400 ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകള്‍ നിര്‍മ്മിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടത് അസ്വാഭാവികമാണ്.  

ഈ പദ്ധതിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തി കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല. പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. അതുകൊണ്ട് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ഈ പദ്ധതിയുടെ സാങ്കേതിക - ധനകാര്യ - ലാഭക്ഷമത വിലയിരുത്തിയില്ല. ഇങ്ങനെയുള്ള ഒരു കമ്പനിയും അവരുടെ പദ്ധതി നിര്‍ദ്ദേശങ്ങളും തട്ടിപ്പാണെന്നറിഞ്ഞപ്പോള്‍ കേരളാ മത്സ്യവകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത് വളരെ ശരിയാണ്. മന്ത്രിയുടെ ഈ പ്രസ്താവന മത്സ്യവകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ക്കെതിരാണ്. മന്ത്രി രണ്ടു തവണ ഫയലുകള്‍ കണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പിട്ടതായി പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു. ചുമതലപ്പെട്ട മത്സ്യവകുപ്പു മന്ത്രിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങളില്ലാതെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ആര്‍.ജ്യോതി ലാല്‍, കേന്ദ്ര വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയക്കില്ല. ഈ കത്തും അതുമായി ബന്ധപ്പെട്ട ഫയലുകളും കേരളാ സര്‍ക്കാരിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ മത്സ്യവകുപ്പില്‍ നിന്നു നീക്കം ചെയ്യാന്‍ എളുപ്പമല്ല. അങ്ങനെ നീക്കിയാലും അത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര വിദേശകാര്യ  മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസില്‍ ഉണ്ടാവും. ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് അവ കണ്ടെത്താന്‍ എളുപ്പമാണ്. മേഴ്‌സിക്കുട്ടിയമ്മ കാര്യങ്ങള്‍ നിഷേധിക്കും തോറും കുരുക്കുകള്‍ മുറുകുകയാണ്. അമേരിക്കയില്‍ വച്ച് ഇ.എം.സി.സി. കമ്പനി മേധാവി ഷിജു വര്‍ഗീസുമായുള്ള കൂടിക്കാഴ്ച മന്ത്രി നിഷേധിച്ചെങ്കിലും കമ്പനി അതാവര്‍ത്തിക്കുന്നുണ്ട്. ഫിഷറീസ് മന്ത്രിയുടെ ഔദ്യോഗിക ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കമ്പനി അധികൃതരും ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിയും മന്ത്രിയും സമ്മതിക്കുന്നില്ലെങ്കിലും അവര്‍ മറവി രോഗത്തെ ആശ്രയിക്കുന്നുണ്ട്.

ഇതിനേക്കാളേറെ ഗുരുതരമാണ് വ്യവസായ വകുപ്പുമായുള്ള ഇ.എം.സി.സി. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ച് പുറത്തുവന്ന വിവരം 5324.49 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുന്നത് 2018 ല്‍ ഫിഷറീസ് വകുപ്പുമായിട്ടാണ്. തുടര്‍ന്ന് 2020 ലെ അസന്റ് നിക്ഷേപ സംഗമത്തിന് ശേഷം കമ്പനിയുമായി വ്യവസായ വകുപ്പ് ധാരണാപത്രത്തില്‍ ഒപ്പിട്ടു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഫെബ്രുവരി മാസം 2 ന് കെഎസ്‌ഐഎന്‍സിയുടെ എംഡി പ്രശാന്ത് ധാരണാപത്രം ഒപ്പിട്ടത്. തുടര്‍ന്ന് കേരള വ്യവസായ വികസന കോര്‍പറേഷന്‍ ചേര്‍ത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ 4 ഏക്കര്‍ സ്ഥലം അഞ്ചരക്കോടി രൂപയ്ക്കു കമ്പനിയ്ക്ക് അനുവദിച്ചത്. 600 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ തീരത്തു 100 മത്സ്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന നിര്‍ദ്ദേശം സാമാന്യ ബോധമുള്ള ആരും അംഗീകരിക്കുന്നതല്ല. ആദ്യം ഇതൊക്കെ നിഷേധിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പിന്നീട് വ്യവസായ വികസന കോര്‍പ്പറേഷനുമായുള്ള ധാരണാപത്രം റദ്ദ് ചെയ്തതായി അറിയിച്ചു. തുടര്‍ന്ന് പള്ളിപ്പുറത്തെ 4 ഏക്കറിലുള്ള അനുമതി പത്രവും റദ്ദ് ചെയ്തു.

ഇതു സംബന്ധിച്ച് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത് ആരോഗ്യരംഗത്ത് ഈ കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന അത്യാധുനിക ആശുപത്രി സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള 2,250 കോടി രൂപയുടെ പദ്ധതികളാണ്. ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതികരിച്ചിട്ടില്ല. നിയമപരമായി സ്വീകരിക്കേണ്ട യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഇത്തരം ഒരു സ്വപ്ന പദ്ധതിക്ക്, 2018 മുതല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി പരിശ്രമങ്ങള്‍ നടത്തിയെങ്കില്‍ അത് വെറുതെയായിരിക്കാന്‍ ഇടയില്ല. ഇതിന്റെ പിന്നില്‍ ധാരാളം ദുരൂഹതകളുണ്ട്. അന്തര്‍ദേശീയ തലത്തില്‍ നടന്ന ഗൂഢാലോചനയുണ്ട്.

വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സഞ്ജയ് കൗളും മറ്റു ഉന്നതരും ഇത് സംബന്ധിച്ച് അമേരിക്കയില്‍ ചര്‍ച്ച നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. വ്യവസായ വികസന കോര്‍പറേഷനില്‍ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ആളാണ് സഞ്ജയ് കൗള്‍. വ്യവസായ വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ ഇപ്പോഴും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ആണ്. ഇദ്ദേഹം കൊച്ചിയില്‍ സി.പി.എം.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റ വ്യക്തിയാണ്. വ്യവസായ വികസന കോര്‍പറേഷനും ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും  കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്പനികളാണ്. 2013 ലെ കമ്പനി നിയമപ്രകാരം ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ഇത്തരം മെഗാ പദ്ധതികള്‍ക്കു വേണ്ടിയുള്ള ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ കഴിയില്ല. അതിനാല്‍ ഇത് സംബന്ധിച്ച് ചെയര്‍മാന്മാരായ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും ടോം ജോസിന്റെയും അഭിപ്രായങ്ങള്‍ അറിയാന്‍ പൊതുസമൂഹത്തിനു താല്പര്യമുണ്ട്.

ടോം ജോസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഉണ്ടായിരുന്ന ചവറ ടൈറ്റാനിയം കമ്പനിയില്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്ത് നഷ്ടം ഉണ്ടാക്കിയെന്ന, കേസ് പിന്‍വലിച്ചത് അദ്ദേഹം ചീഫ് സെക്രട്ടറി ആയപ്പോഴാണ്. ആഴക്കടല്‍, കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന തന്ത്രപ്രധാനമായ മേഖലയാണ്. അവിടെ 400 ട്രോളറുകള്‍ ഇറക്കാന്‍ അനുമതി നല്‍കാന്‍ കേരളാ സര്‍ക്കാരിന് അധികാരമില്ല എന്ന് അറിയാത്തവരല്ല ഐ.എ.എസുകാരായ ടോം ജോസ്, കെ.ആര്‍.ജ്യോതിലാല്‍, രാജമാണിക്യം, പ്രശാന്ത് എന്നിവര്‍.  

പ്രതിപക്ഷ നേതാവ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഐ.എ.എസ്.കാരും മുഴുവന്‍ ഐ.പി.എസ്.കാരും സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്താനുള്ളവരല്ല. മുഖ്യമന്ത്രി നാളിതുവരെ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തില്ല. ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഐ.എ.എസ്‌കാരെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് നടത്തുന്ന അന്വേഷണം ഈ കാര്യത്തിന് ഒട്ടും പര്യാപ്തമല്ല. അദ്ദേഹത്തിന് വകുപ്പ് തലത്തില്‍ അന്വേഷണം നടത്താന്‍ നിയമതടസമില്ല. പ്രതിപക്ഷം ആവശ്യപ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണം നിയമ വിരുദ്ധമല്ലെങ്കിലും ധാരാളം സമയമെടുക്കുന്നതും ഇതിനിടയില്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു രക്ഷപെടാന്‍ അവസരം ലഭിക്കുന്നതുമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചുമതലപ്പെട്ട അന്വേഷണ ഏജന്‍സികളാണ് നിയമപരവും കാര്യക്ഷമവുമായ അന്വേഷണം നടത്തേണ്ടത്. സമുദ്രാതിര്‍ത്തിവരെ നീളുന്ന ആഴക്കടല്‍ എന്ന തന്ത്രപ്രധാന മേഖലയിലെ അനാവശ്യ ഇടപെടലുകള്‍ സംബന്ധിച്ചും അന്തര്‍ദേശീയ തലത്തില്‍ നടന്ന ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കേണ്ടത് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മിലിട്ടറി ഇന്റലിജന്‍സും,സി.ബി.ഐയും, എന്‍.ഐ.എയും, ഐ.ബിയും, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും,ആദായ നികുതി വകുപ്പും, ഇ.ഡി.യും സംയുക്തമായിട്ടാണ്. അധോലോക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളനോട്ട്, ഹവാല, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയുടെ ഉറവിടവും വ്യാപനവും ആഴക്കടലില്‍ നടക്കാന്‍ ഇടയുള്ളതുകൊണ്ട് മേല്‍പ്പറഞ്ഞ അന്വേഷണ ഏജന്‍സികളുടെ സംയുക്തമായ അന്വേഷണം അനിവാര്യമാണ്. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ഉന്നതാധികാര കോടതികള്‍ക്കും അധികാരമുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രലായ ജോയിന്റ് സെക്രട്ടറി്ക്കു കേരളാ ഫിഷറീസ് വകുപ്പ് സെക്രട്ടറി അയച്ച കത്ത് മതിയായ അന്വേഷണം നടത്താന്‍ ആവശ്യമായ രേഖയാണ്. ആഴക്കടലിലെ മത്സ്യബന്ധന ട്രോളറുകള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. രാജ്യ രക്ഷയെ സംബന്ധിച്ച തന്ത്രപ്രധാനമായ മേഖലയാണ് സമുദ്രാതിര്‍ത്തി വരെയുള്ള ആഴക്കടലിലും അതിനപ്പുറത്തുള്ളതുമായ കടല്‍.

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

  comment

  LATEST NEWS


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.