login
വഞ്ചനയുടെ അഞ്ചു വര്‍ഷങ്ങള്‍

എല്ലാ മാസവും ശമ്പളം നല്‍കാന്‍ പോലും കടമെടുക്കുന്ന, കേന്ദ്രത്തിന്റെ സഹായം കാത്തിരിക്കുന്ന ഒരു ഗതികെട്ട അവസ്ഥയിലാണ് നാളിതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്. അതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ പങ്കാണ് ഉള്ളത്.

2016 മെയ് മാസം കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍  പ്രതീക്ഷകളുമായി കാത്തിരുന്ന ജീവനക്കാര്‍ക്ക,് അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയായപ്പോള്‍ ഏറെ നിരാശയാണ് ഉണ്ടായത്.  അധികാരത്തിലേറി മൂന്നുമാസത്തിനുള്ളില്‍ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് എന്ന ആശയത്തെ മുന്‍നിറുത്തി 54 ഇന പരിപാടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇതില്‍ ഒന്നുപോലും നടപ്പിലാക്കാതെ ജീവനക്കാരെ പൂര്‍ണ്ണമായും വഞ്ചിക്കുകയാണ്  ചെയ്തത്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ ഘടനയില്‍  മാറ്റം വരുത്തുമെന്നും, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും, സ്ഥലംമാറ്റത്തില്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്നും ഈ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു.

കാര്യക്ഷമത തകര്‍ന്നു

പ്രതികാര നടപടികള്‍ മൂലം, ഉണ്ടായിരുന്ന കാര്യക്ഷമത പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട ജീവനക്കാരോട് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള സ്ഥലമാറ്റ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.  വനിതാജീവനക്കാരെയും പ്രത്യേക പരിഗണനയുള്ള വികലാംഗരായ ജീവനക്കാരോടു പോലും ഒരു മര്യാദയും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഭരണാനുകൂല സംഘടനകള്‍ അഴിഞ്ഞാടിയ 5 വര്‍ഷമാണ് കടന്നുപോയത്. വകുപ്പ് തലവന്‍മാരെ പോലും  നോക്കുകുത്തിയാക്കി മാറ്റി. ഇടതു സംഘടനാ നേതാക്കള്‍ തയ്യാറാക്കി മന്ത്രി ഓഫീസുകളില്‍ നല്‍കുന്ന ലിസ്റ്റ് അംഗീകരിച്ചാണ് മുഴുവന്‍ സ്ഥലമാറ്റവും.  

വാട്സ്ആപ്പിലും, ഫെയ്സ്ബുക്കിലും ലൈക്ക് കൊടുത്തതിന്റെ പേരില്‍ പോലും നൂറുകണക്കിന് ജീവനക്കാരെ അന്യായമായി സസ്പെന്റ് ചെയ്യും. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും അവഹേളിച്ച് പോസ്റ്റ് ഇട്ടവരെ സംരക്ഷിക്കുകയുമാണ് ചെയ്തത്. ഖജനാവില്‍ 12 കോടിയോളം ചെലവഴിച്ച് കഴിഞ്ഞ 5 വര്‍ഷവും പോറ്റിയ സഖാവ് വിഎസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നിരവധി ശുപാര്‍ശകളില്‍ ഒന്നുപോലും ഈ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും എടുത്തില്ല.

ശമ്പളം ജീവനക്കാരുടെ അവകാശമല്ലാതാക്കി

''വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി'' നല്‍കുന്നവര്‍ എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍,  ശമ്പളം ജീവനക്കാരന്റെ ശമ്പളം പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.  ഈ ഓര്‍ഡിനന്‍സിലൂടെ ശമ്പളം എന്നത് ജിവനക്കാരുടെ അവകാശമല്ലാതാക്കി തീര്‍ക്കുന്ന അജണ്ടയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത്. തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ്സ് ഇനി എക്കാലവും കേരളത്തിലെ സിവില്‍ സര്‍വ്വീസ് മേഖലയ്ക്ക് മുകളില്‍ ഡമോക്ലിസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുക തന്നെ ചെയ്യും.

പങ്കാളിത്തപെന്‍ഷന്‍കാരോട് കൊടുംവഞ്ചന

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ  പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ഇടതു മുന്നണി, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 2016 ലെ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും അനുകൂലമായ ഒരു നിലപാടും സ്വീകരിക്കാന്‍ തയ്യാറായില്ല. ജീവനക്കാരെ പറ്റിക്കാന്‍ ഒരു പുനഃപരിശോധന സമിതിയെ നിയമിച്ച് കോടികള്‍ പാഴാക്കി. പങ്കാളിത്തപെന്‍ഷന്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുകയും, കുടുംബപെന്‍ഷന്‍ 50% എന്നത് 30% ആക്കി വെട്ടിക്കുറയ്ക്കുകയും, 2020 ജൂണ്‍ 4 ന് പങ്കാളിത്ത പെന്‍ഷന് നിയമപ്രാബല്യം നല്‍കുകയും ചെയ്തു.

നവകേരളത്തിന്റെ മറവില്‍ പിടിച്ചുപറി

2018ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന്, കിട്ടിയ അവസരം മുതലെടുക്കുക എന്ന നയമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പൊതുസമൂഹത്തോടൊപ്പം സംസ്ഥാനത്തെ ജീവനക്കാരും അദ്ധ്യാപകരും അവരുടെ ബോണസ്സും ഫെസ്റ്റിവെല്‍ അലവന്‍സ്സും സ്വമേധയാ ശമ്പളവുമെല്ലാം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. എന്നാല്‍ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും വേണമെന്ന നിര്‍ബന്ധബുദ്ധിയോടെ മുഖ്യമന്ത്രി സാലറി ചലഞ്ചിന് ആഹ്വാനം നല്‍കി ജീവനക്കാരുടെ ശമ്പളം അവരുടെ അനുമതിയില്ലാതെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.  

ശമ്പളം നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഡോ: ഐസക്കിന്റെ നിര്‍ദ്ദേശവും ജീവനക്കാരെ ദ്രോഹിക്കാന്‍ ഇടതു സംഘടനകള്‍ കണ്ടെത്തിയ വഴിയായിരുന്നു. ജീവനക്കാരെ മുള്‍മുനയിലാക്കി അവരുടെ ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണ് സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത്.

സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം

സാലറി ചലഞ്ചിനെതിരെ ശക്തമായ നിയമപോരാട്ടമാണ് കേരള എന്‍.ജി.ഒ. സംഘും ഫെറ്റോ സംഘടനകളും നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നടത്തി,  ഐതിഹാസികമായ വിധി സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുത്തു. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കോവിഡ് കാലത്ത് ആദ്യം സാലറി ചലഞ്ച് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് പിന്‍മാറിയത്.

ആനുകൂല്യങ്ങള്‍ കവരുന്നതില്‍ റെക്കോഡ്

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 2 വര്‍ഷം തുടര്‍ച്ചയായി ക്ഷാമബത്ത കുടിശ്ശികയാക്കിയത് പിണറായി സര്‍ക്കാരാണ്. കൊവിഡിന്റെ മറവില്‍ ഒരുമാസത്തെ ശമ്പളം പൂര്‍ണ്ണമായും തടഞ്ഞുവെച്ചു. ലീവ് സറണ്ടര്‍ മരവിപ്പിച്ചു. മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ജീവനക്കാരെ കബളിപ്പിച്ചു.  എച്ച്ബിഎ നിറുത്തലാക്കി. സര്‍വ്വീസ് വെയിറ്റേജ് ഇല്ലാതാക്കി. ഫിറ്റ്മെന്റ്. ബെനിഫിറ്റ് 12%-ല്‍ നിന്ന് 10% ആയി വെട്ടിക്കുറച്ചു. സിസിഎ നിറുത്തലാക്കി. 5 വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌ക്കരിക്കണമെന്ന തത്വം പോലും അട്ടിമറിച്ചു. പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം നടത്തി. സിവില്‍ സര്‍വ്വീസിനെ ഇത്രകണ്ട് ദുര്‍ബലമാക്കിയ സര്‍ക്കാര്‍ ചരിത്രത്തില്‍ മറ്റൊന്ന് കാണാന്‍ കഴിയില്ല.

എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ പങ്ക്

എല്‍.ഡി.എഫിന്  തുടര്‍ഭരണം ഉറപ്പായാല്‍ വലിയ വില നല്‍കേണ്ടി വരുന്നത് സിവില്‍ സര്‍വ്വീസ് മേഖലയായിരിക്കും.  പിടിച്ചെടുത്തതും, കവര്‍ന്നെടുത്തതും, തടഞ്ഞുവെച്ചതുമെല്ലാം അടുത്ത സര്‍ക്കാരിന്റെ ബാധ്യതയാക്കിയാണ് ധനമന്ത്രി ഡോ: ഐസക്ക് അരങ്ങൊഴിയുന്നത്. ബാധ്യതയാക്കി വച്ചതെല്ലാം ഉടന്‍ തിരിച്ചുകിട്ടുമെന്ന ധാരണ ജീവനക്കാര്‍ക്ക് ഇല്ല.  പൊതുകടം കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ച ഒരു സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതുന്നത് തികഞ്ഞ മണ്ടത്തരമാണ്.

എല്ലാ മാസവും ശമ്പളം നല്‍കാന്‍ പോലും കടമെടുക്കുന്ന, കേന്ദ്രത്തിന്റെ സഹായം കാത്തിരിക്കുന്ന ഒരു ഗതികെട്ട അവസ്ഥയിലാണ് നാളിതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്. അതില്‍ എല്‍.ഡി.എഫ്.നും യു.ഡി.എഫ്.നും ഒരേ പങ്കാണ് ഉള്ളത്. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കുന്നതിലുപരിയായി അവശേഷിക്കുന്ന ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തന്നെ വലിയ ചെറുത്തുനില്പ് അനിവാര്യമായി തീര്‍ന്നേക്കും. അതുകൊണ്ട്തന്നെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്ന തരത്തില്‍ ദേശീയ കാഴ്ചപ്പാടുള്ള ഭരണം ഉണ്ടായാല്‍ മാത്രമെ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.

എസ്.കെ. ജയകുമാര്‍

ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി

  comment
  • Tags:

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.