login
ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം; സിവില്‍ സര്‍വ്വീസിന്റെ ഇരുണ്ട നാളുകള്‍

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ ഇതുവരെ തടഞ്ഞുവെച്ചതും,പിടിച്ചെടുത്തതുമെല്ലാം അടുത്ത് വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ജീവനക്കാരുടെ ലീവ് സറണ്ടര്‍ തടഞ്ഞുവെച്ച് അത് അടുത്ത സര്‍ക്കാരിന്റെ ബാധ്യതയാക്കി. രണ്ടുവര്‍ഷത്തെ ക്ഷാമബത്ത കുടിശ്ശികയും വരാന്‍പോകുന്ന സര്‍ക്കാരിന്റെ പിടലിക്കുവെച്ച ഇടതുസര്‍ക്കാര്‍, കോവിഡ്-19ന്റെ മറവില്‍ പിടിച്ചെടുത്ത ജീവനക്കാരുടെ ശമ്പളം നാല് തവണയായി തിരിച്ചു നല്‍കുന്നതും വരാന്‍പോകുന്ന സര്‍ക്കാരിന്റെ ബാധ്യതയാക്കി. തത്വത്തില്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെബാധ്യതകള്‍, പരിഷ്‌കരണ നടപടികള്‍ മനഃപ്പൂര്‍വ്വം വര്‍ഷങ്ങളോളം വൈകിപ്പിച്ച് അടുത്ത സര്‍ക്കാരിന്റെ ബാധ്യതയാക്കി മാറ്റിയതും കുതന്ത്രത്തിന്റെ ഭാഗമായാണ്.

നിയമസഭാ തിരഞ്ഞടുപ്പിനോട് അടുക്കുന്ന കേരളത്തിലെ സിവില്‍ സര്‍വ്വീസ് രംഗം പുതിയ രാഷ്ട്രീയ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളപ്പിറവിക്ക് ശേഷം നാളിതുവരെ കേരളം ഭരിച്ച സര്‍ക്കാറുകള്‍ക്കിടയിലൊന്നും ഇത്രയേറെ ഉദ്യോഗസ്ഥദ്രോഹനടപടികള്‍ കൈകൊണ്ട സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഭരണകൂട ധാര്‍ഷ്ഠ്യം അഴിഞ്ഞാടിയ നാളുകള്‍ക്കിടയിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കടന്നുപോവുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ സഹയാത്രികരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും കുലംകുത്തിപട്ടം ചാര്‍ത്തുകയാണ് ഭരണപക്ഷക്കാര്‍, ഇതിനുദാഹരണമാണ് സെക്രട്ടറിയേറ്റില്‍ ക്രൂരമായ് കയ്യേറ്റം ചെയ്യപ്പെട്ട ധനകര്യവകുപ്പിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകന്‍.  

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യമുന്നണി മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി പഴയ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തിരികെ കൊണ്ടുവരുമെന്നുള്ളത്. എന്നാല്‍ 'പേറെടുക്കാന്‍ വന്നവര്‍ ഇരട്ടപെറ്റു'എന്നതുപോലെ ഇടതുസര്‍ക്കാര്‍ നിരവധി സ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്തപെന്‍ഷന്‍ വ്യാപിപ്പിക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കേരളത്തില്‍ പ്രാമാണ്യം വര്‍ദ്ധിപ്പിക്കുന്നതിനായ് 2020 ജൂണ്‍ 4ന് നിയമ പ്രാബല്യം നല്‍കിയതും ഈ സര്‍ക്കാറാണ്. പെന്‍ഷന്‍ പദ്ധതി പുനഃപരിശോധനക്കായി ജസ്റ്റിസ് സതീഷ്ചന്ദ്രബാബു കമ്മീഷനെ നിശ്ചയിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഖജനാവിന് വരുത്തി എന്നല്ലാതെ പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം നവംമ്പര്‍ 8ന് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.  

സിവില്‍ സര്‍വ്വീസിന്റെ ഏറ്റവും ആകര്‍ഷകമായ പെന്‍ഷന്‍ സുരക്ഷിതത്വം തകര്‍ത്തതോടൊപ്പം കുടുംബപെന്‍ഷന്‍ 50% എന്നത് 30% ആയി വെട്ടിക്കുറക്കാനുള്ള നടപടിയും സ്വീകരിച്ചത് ഇടതുസര്‍ക്കാര്‍ ആണെന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥതലത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെന്നും, പങ്കാളിത്തപെന്‍ഷന്‍കാരെന്നും ഭിന്നതയുണ്ടാക്കി കഴ്‌സണ്‍ പ്രഭുവിന്റെ തന്ത്രം പയറ്റുന്ന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ യാതൊരു തരത്തിലുമുള്ള നീതിയും പാലിക്കാത്ത പദ്ധതികളും പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കേന്ദ്ര വിഹിതം 14% ഉയര്‍ത്തിയിട്ടും കേരളത്തില്‍ സംസ്ഥാന വിഹിതം 10% ആയി തുടരുന്നു എന്നതും, കേന്ദ്രം 20 ലക്ഷം വരെ ഗ്രാറ്റുവിറ്റി ഉറപ്പാക്കിയതുമൊക്കെ സിവില്‍ സര്‍വീസിലെ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ്.

2018 ഓഗസ്റ്റ് മാസത്തില്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കേരളജനത ഒറ്റ മനസ്സോടെയാണ് നേരിട്ടത്, പക്ഷേ നവകേരള സൃഷ്ടി'എന്ന പേരില്‍ പ്രളയത്തെ അവസരമാക്കിയ സര്‍ക്കാര്‍ കേരളത്തിലെ നിര്‍ബന്ധിത സാലറി ചാലഞ്ച് നടപ്പിലാക്കി. കേരളത്തിലെ മുഴുവന്‍ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം പിടിച്ചെടുത്ത നീക്കം സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കേണ്ടുന്ന സര്‍ക്കാര്‍ ജീവനക്കാരെ 'വിസമ്മതപത്ര ഭീഷണിയുടെ പേരില്‍ മുള്‍മുനയില്‍ നിരത്തിയ സര്‍ക്കാറിന് ഗത്യന്തരമില്ലാതെ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നാക്കം പോകേണ്ടി വന്നു എന്നത് ചരിത്രമാണ്.  

സാലറി ചാലഞ്ചിലൂടെ പ്രളയ ദുരിതാശ്വാസത്തിനായി 2500 കോടി രൂപ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മാത്രമായി പിടിച്ചെടുത്തെങ്കിലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാത്ത പ്രളയബാധിതരായ സഹോദരങ്ങളെ നമുക്കു ചുറ്റും കാണാം. അവര്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷികളായി കണ്ണീര്‍ കയത്തില്‍ തുടരുന്നു. പ്രളയത്തിന്റെ മറവില്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടുവര്‍ഷം തുടര്‍ച്ചയായി കുടിശ്ശികയാക്കിയ സര്‍ക്കാര്‍, ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണുണ്ടായത്. നാളിതുവരെ ആയിട്ടും ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 'മെഡിസെപ്പ് ' പദ്ധതി കുത്തകകള്‍ക്ക് തീറെഴുതാന്‍ ചര്‍ച്ച നടത്തിയ ഇടത് സര്‍ക്കാറിന് അഞ്ചു വര്‍ഷമായിട്ടും 'മെഡിസെപ്പ് പച്ച തൊടീക്കാന്‍ സാധിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ നാളിതുവരെ പ്രഖ്യാപിച്ച പദ്ധതികളെല്ലാമുള്ള ഇടനിലക്കാരുടെ അഴിമതി കേരളജനത നേരത്തെ അറിഞ്ഞതാണ്. മെഡിസെപ്പ് പദ്ധതിയിലൂടെ ജീവനക്കാരുടെ ശബളത്തിന്റെ വിഹിതം അവരില്‍ നിന്നും പിടിച്ചെടുത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ നടത്തിയ നീക്കം പരാജയപ്പെടുകയാണുണ്ടായത്. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാറിന് ബാധ്യത ഉണ്ടെന്നിരിക്കെ, നിലവില്‍ യാതൊരു സംഭാവനയും ഇല്ലെന്നതുള്‍പ്പെടെ ഇപ്പോള്‍ ലഭ്യമായി കൊണ്ടിരിക്കുന്ന മെഡിക്കല്‍ റീ-ഇംമ്പേഴ്‌സ്‌മെന്റ് തുകപോലും മെഡിസെപ്പില്‍ ഉള്‍ക്കൊള്ളിക്കാത്ത ധനകാര്യ വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ ജല്‍പ്പനങ്ങള്‍ മാത്രമായി മാറി.

സിവില്‍ സര്‍വീസിനെ ഇടതുസര്‍ക്കാര്‍ വഞ്ചിച്ചതിന്റെ അവസാന ഉദാഹരണമാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണം. ഈ പരിഷ്‌കരണത്തിലൂടെ സിവില്‍ സര്‍വീസ് മേഖലയില്‍ നിരവധി ചരിത്ര രചനകള്‍ക്കാണ് കേരളം സാക്ഷിയായത്. നാളിതുവരെയില്ലാതെ രണ്ടുവര്‍ഷം തുടര്‍ച്ചയായി ക്ഷാമബത്ത കുടിശ്ശികയാക്കിയ പിണറായി സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണത്തിലെ അഞ്ചുവര്‍ഷതത്വം അട്ടിമറിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നേട്ടമാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലൂടെ ജീവനക്കാര്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇതിനൊപ്പം നിലവില്‍ ലഭ്യമായ കൊണ്ടിരിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. മിനിമം വേതനത്തില്‍ കാലാനുസൃതമായ വര്‍ദ്ധന ശമ്പള പരിഷ്‌കരണത്തില്‍ ഇല്ല എന്ന് മാത്രമല്ല കുറഞ്ഞ ശമ്പളം 23000 രൂപ മാത്രമാണ്. അതായത് സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരു ദിവസത്തെ വേതനം 768 രൂപ മാത്രം, ജീവനക്കാരന്റെ നാളിതുവരെയുള്ള സര്‍വീസിന് ലഭ്യമായി കൊണ്ടിരിക്കുന്ന സര്‍വീസ് വെയിറ്റേജ് നിര്‍ത്തല്‍ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരന്റെ  കടയ്ക്കല്‍ തന്നെയാണ് കത്തി വെച്ചത്. പത്താം ശമ്പള കമ്മീഷന്‍ 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് നല്‍കിയപ്പോള്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍ അത് 10 ശതമാനമായി കുറച്ചു രൂപ 2000 ത്തിന്  തുല്യമാക്കുകയാണ് ഉണ്ടായത്. നഗരങ്ങളിലെ ജീവനക്കാര്‍ക്ക് ലഭ്യമായി കൊണ്ടിരിക്കുന്ന സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് (ഇഇഅ) യും ഈ പരിഷ്‌കരണത്തിലൂടെ നിര്‍ത്തലാക്കപ്പെട്ടു.

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ ഇതുവരെ തടഞ്ഞുവെച്ചതും,പിടിച്ചെടുത്തതുമെല്ലാം അടുത്ത് വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ജീവനക്കാരുടെ ലീവ് സറണ്ടര്‍ തടഞ്ഞുവെച്ച് അത് അടുത്ത സര്‍ക്കാറിന്റെ ബാധ്യതയാക്കി. രണ്ടുവര്‍ഷത്തെ ക്ഷാമബത്ത കുടിശ്ശികയും വരാന്‍പോകുന്ന സര്‍ക്കാരിന്റെ പിടലിക്കുവെച്ച ഇടതുസര്‍ക്കാര്‍, കോവിഡ്-19ന്റെ മറവില്‍ പിടിച്ചെടുത്ത ജീവനക്കാരുടെ ശമ്പളം നാല് തവണയായി തിരിച്ചു നല്‍കുന്നതും വരാന്‍പോകുന്ന സര്‍ക്കാറിന്റെ ബാധ്യതയാക്കി. തത്വത്തില്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെബാധ്യതകള്‍, പരിഷ്‌കരണ നടപടികള്‍ മനഃപ്പൂര്‍വ്വം വര്‍ഷങ്ങളോളം വൈകിപ്പിച്ച് അടുത്ത സര്‍ക്കാരിന്റെ ബാധ്യതയാക്കി മാറ്റിയതും കുതന്ത്രത്തിന്റെ ഭാഗമായാണ്.  

കേന്ദ്ര കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ക്ഷാമബത്ത അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡം (ജീവിത നിലവാര സൂചിക അനുസരിച്ച് ആറുമാസം കൂടുമ്പോള്‍ സര്‍ക്കാര്‍ ക്ഷാമബത്താ അനുവദിക്കുമെന്ന്) ഉണ്ടെന്നിരിക്കെ കേരളത്തിലെ ധനസ്ഥിതി മെച്ചപ്പെടാനെന്ന പേരില്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു വര്‍ഷം കുടിശ്ശികയാക്കിയ പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ പൊതുകടം 2016വരെ 1,60,000 കോടി ആയിരുന്നത് തങ്ങളുടെ അഞ്ചുവര്‍ഷം കൊണ്ട് 2020 ല്‍ കേരളത്തിന്റെ പൊതുകടം 3,20,000 കോടിയാക്കി വര്‍ദ്ധിപ്പിച്ചു. 60 വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായ കടബാധ്യത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കിയ പിണറായി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിനെയും, സിവില്‍ സര്‍വീസിനെയും 'ശരി' യാക്കുകയായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും ഒരിക്കല്‍ കൂടി ഈ ഭരണം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടുമുള്ള വഞ്ചന തുടരുമെന്നുറപ്പാണ്.

ടി.അനൂപ്കുമാര്‍

(ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറിയാണ് ലേഖകന്‍)

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.