login
'അഴിമതി ഇല്ലാതാക്കി; ദാരിദ്ര്യം നീക്കാനുള്ള പദ്ധതികള്‍ വിജയം'

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലും നടത്തിയപ്പോള്‍.

 • തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളുടെ ആകെ രാഷ്ട്രീയ പ്രചാരണ വിലയിരുത്തല്‍ എങ്ങനെ.

അസമില്‍ ബിജെപി ഭരണം തുടരും. ബംഗാളില്‍ ബിജെപി അധികാരം പിടിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ഇല്ലാതെ സര്‍ക്കാര്‍ ഉണ്ടാവില്ല. പുതുച്ചേരിയിലും ബിജെപിയാവും അധികാരത്തില്‍.

 • പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഇതൊരു അവകാശവാദം മാത്രം അല്ലേ. രാഷ്ട്രീയ വിശകലനം നടത്തിപ്പറഞ്ഞാല്‍.

നോക്കൂ. 2014മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു പാര്‍ട്ടിക്കാണ് എല്ലായിടത്തും എല്ലാത്തലത്തിലും വിജയം; അത് പാര്‍ലമെന്റില്‍ മുതല്‍ പഞ്ചായത്ത് തലത്തില്‍ വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമാണ്. പ്രതിപക്ഷം എവിടെയാണ്? ബിജെപിക്ക് വിജയം, എതിര്‍പക്ഷങ്ങള്‍ക്ക് പരാജയം എന്നതാണ് പൊതു സ്ഥിതി. രാജസ്ഥാനില്‍ കോണ്‍ഗ്രസാണ് ഭരണത്തില്‍. അവിടെപ്പോലും ബിജെപിയാണ് നേടുന്നത്.

 • എന്താണിതിന് കാരണമായി വിലയിരുത്തുന്നത്

അഞ്ചുവര്‍ഷത്തെ നരേന്ദ്ര മോദി ഭരണം. അഴിമതിയില്ല, അക്രമമില്ല, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തനം, അതിര്‍ത്തികള്‍ കാക്കുന്നു, ആഭ്യന്തര-ബാഹ്യസുരക്ഷ ഭദ്രമാണ്. മുമ്പ് ഈ മേഖലകളില്‍ സര്‍ക്കാര്‍ പരാജയമായിരുന്നു. ശക്തമായ ഭാരതം ബിജെപിയുടെ ഭരണത്തില്‍ എന്ന് ജനങ്ങള്‍ക്ക് വിശ്വാസം വന്നു. ബിജെപി വളരുന്നു, രാജ്യം വികസിക്കുന്നു.

 • എന്താണ് വിജയമന്ത്രം

ബിജെപിയുടെ കാഴ്ചപ്പാട്, എല്ലാവര്‍ക്കും വികസനം എല്ലാവര്‍ക്കും ഒപ്പം എന്നതാണ്. അത് ജനസംഘകാലം മുതലേയുള്ളതാണ്. ദരിദ്രരില്ലാത്ത രാജ്യം എന്നതാണ് സങ്കല്‍പ്പം. ഇപ്പോള്‍ അത് പ്രധാന മുദ്രാവാക്യമായി എന്നു മാത്രം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അവര്‍ മൂന്ന് കമ്മീഷനെ പലകാലങ്ങളില്‍ നിയോഗിച്ചു, രാജ്യത്തെ ദരിദ്ര വിഭാഗത്തെ കണ്ടെത്താനും അവരുടെ ക്ഷേമത്തിനും. പക്ഷേ,  നടപടികള്‍ ഉണ്ടായില്ല. ബിജെപി സമ്പന്നരില്‍നിന്ന് പണം സമാഹരിച്ച് ദരിദ്രരുടെ ക്ഷേമത്തിനുള്ള വഴി കണ്ടെത്തി.

ഒരു രൂപ ജനങ്ങള്‍ക്ക് ചെലവഴിച്ചാല്‍ 12 പൈസയേ അര്‍ഹതയുള്ളവര്‍ക്ക് കിട്ടുകയുള്ളൂവെന്ന് രാജീവ് ഗാന്ധി കണ്ടെത്തി. പക്ഷേ, അതിനു പരിഹാരം ചെയ്തില്ല. ബിജെപി ആ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കി.

 • കുറച്ചുകൂടി വിശദീകരിച്ചു പറഞ്ഞാല്‍

അടിസ്ഥാന പ്രശ്‌നം ദാരിദ്ര്യമാണെന്നും പരിഹാരം അതിന്റെ നിവാരണമാണെന്നും ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും മനസ്സിലാക്കി. അതിന് വീടുകളിലേക്ക് പോകണം എന്ന് തിരിച്ചറിഞ്ഞു, നിശ്ചയിച്ചു. വീടുകളില്‍ത്തന്നെ വീട്ടമ്മമാരിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചു. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതലുള്ള കാര്യങ്ങളില്‍ ഊന്നി പദ്ധതികള്‍ക്ക് രൂപം കൊടുത്തു. ഗര്‍ഭിണികള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാര പദ്ധതി, 6000 രൂപ സഹായം എന്നിവ പ്രഖ്യാപിച്ചു, നടപ്പാക്കി. നവജാത ശിശുക്കള്‍ക്ക് ഏഴു രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി നല്‍കിത്തുടങ്ങി. സുകന്യ സമൃദ്ധി യോജന എന്ന പദ്ധതി നടപ്പാക്കി. നാമമാത്രമായ തുക വീതം പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ നിക്ഷേപിച്ചാല്‍ അതിന് 9.1 ശതമാനം പലിശയടക്കം 21 വര്‍ഷം കഴിഞ്ഞ് വന്‍ തുക തിരിച്ചുനല്‍കുന്ന പദ്ധതി വീട്ടമ്മമാരുടെ കരുതല്‍ നിക്ഷേപമായി. ജന്‍ധന്‍ അക്കൗണ്ട് വിപ്ലവകരമായി, എല്ലാവര്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് വന്നു. രാജീവ് ഗാന്ധി കണ്ടെത്തിയ ഇടനിലക്കാരെയും അവരുടെ ചൂഷണവും അതുവഴി ഇല്ലാതാക്കി. കൊറോണക്കാലത്ത് ഓരോ വ്യക്തിക്കും 2000 രൂപ വീതം സ്വന്തം അക്കൗണ്ടില്‍ കിട്ടി. പലിശയില്ലാത്ത വായ്പയായ മുദ്ര ലോണ്‍ വന്‍ വിജയമായി. ഇതൊക്കെ സ്ത്രീകളെ ശാക്തീകരിച്ചു. ദാരിദ്ര്യത്തിന്റെ നിര്‍മാര്‍ജനം അടിത്തറയില്‍ തുടങ്ങി, വിജയിച്ചു.

ഉജ്ജ്വല എന്ന പാചക വാതക വിതരണ പദ്ധതി അടുക്കളയില്‍ മാത്രമല്ല  വിപ്ലവം ഉണ്ടാക്കിയത്. അത് വെറും ഗ്യാസ് സൗജന്യമല്ല. മഹിളകളുടെ സമ്പാദ്യപ്പെട്ടി ഭദ്രമാക്കിയതോടൊപ്പം ആരോഗ്യസംരക്ഷണം, പരിസ്ഥിതി മലിനീകരണം തടയല്‍, വിറകുശേഖരണത്തിനു പോകുമ്പോഴത്തെ അപകടമൊഴിവാക്കല്‍ എല്ലാം സാധിച്ചു. പ്രധാനമന്ത്രി ആയുഷ്മാന്‍ പദ്ധതി അഞ്ചുലക്ഷം കുടുംബങ്ങള്‍ക്കാണ് ഒറ്റവര്‍ഷം കൊണ്ട് ആരോഗ്യ-ചികിത്സാ സൗജന്യമൊരുക്കിയത്. 12 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാലയ പ്രവേശനത്തോത് കൂട്ടി. ഗ്രാമീണ വനിതകള്‍ക്ക് ജീവിത അന്തസ് വര്‍ധിച്ചു. ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതി, 12 രൂപ മാസം മുടക്കി ജീവന്‍  സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ നടപ്പാക്കിയത്, അതായത് പെണ്‍കുഞ്ഞ് ഗര്‍ഭത്തിലാകുമ്പോള്‍ മുതല്‍ ജീവിതാന്ത്യംവരെ അവരുടെ ക്ഷേമം ഒരുക്കുന്ന പദ്ധതികള്‍ ദാരിദ്ര്യം നീക്കലിന്റെ സമഗ്ര പദ്ധതിയായി. മോദി അങ്ങനെ വീടുകളിലും വീട്ടമ്മമാരിലും പ്രിയംകരമായി. മോദിയുടെ ബിജെപി ഭരണത്തിന് പിന്തുണ കിട്ടി.

 • അഴിമതിയില്ലാത്ത ഭരണം എങ്ങനെ ഫലത്തില്‍ വരുത്തി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരണം നടക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന എല്ലാ പാര്‍ട്ടികളും അഴിമതിക്കാരായി. മോദി ഭരണത്തില്‍ അഴിമതി ഇല്ലാതായി. അഴിമതിക്കാരുടെ ദേശീയവും പ്രാദേശികവുമായ വന്‍ ശൃംഖല പൊട്ടിച്ചു. ഉദാഹരണമായി ചിലത് പറയാം.

വ്യാജസംഘടനകളുണ്ടാക്കി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം തട്ടിയെടുക്കുന്ന 1.4 ലക്ഷം എന്‍ജിഒകളുടെ (സന്നദ്ധ സംഘടനകളുടെ) തട്ടിപ്പു കണ്ടെത്തി അവയെ നിരോധിച്ചു.

സര്‍ക്കാരിന് നികുതി നല്‍കാതെ, രജിസ്‌ട്രേഷന്‍ ഇല്ലാതെ, വ്യാജമായി പ്രവര്‍ത്തിച്ചിരുന്ന 2.5 ലക്ഷത്തിലേറെ കമ്പനികളെ നിരോധിക്കുയോ രജിസ്‌ട്രേഷന്‍ എടുപ്പിക്കുകയോ ചെയ്തു. വിവിധ സബ്‌സിഡികള്‍ തട്ടിയെടുക്കുന്ന എട്ടു കോടിപ്പേരുടെ ഇടപാടുകള്‍ പൂട്ടിച്ചു. പാചകവാതകം കള്ളപ്പേരില്‍ സ്വന്തമാക്കിയിരുന്ന നാലുകോടി പേരുടെ ഗ്യാസ് കണക്ഷന്‍ റദ്ദാക്കി. ഇതെല്ലാം സാധിച്ചത് ആധാര്‍കാര്‍ഡ് സര്‍ക്കാര്‍ രേഖകളുമായി ബന്ധിപ്പിച്ചതിലൂടെയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിരുന്ന 50 ലക്ഷം പേരെയാണ് കണ്ടെത്തി പിടികൂടിയത്. ഇതൊക്കെ വന്‍ സംഭവങ്ങളാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ അഴിമതിക്കാര്‍ കൈവശപ്പെടുത്തുകയായിരുന്നു. അത് മോദി സര്‍ക്കാര്‍ ഇല്ലാതാക്കി.

വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി. അതുവഴി ലക്ഷക്കണക്കിന് വ്യാജ റേഷന്‍ കാര്‍ഡുകളാണ് കണ്ടെത്തി റദ്ദാക്കിയത്.

 • പക്ഷേ, ഇന്ധനവില വലിയ പ്രശ്‌നമല്ലേ തെരഞ്ഞെടുപ്പില്‍.

ഇന്ധനവില താഴുന്നുമുണ്ട്. ശ്രദ്ധിക്കേണ്ടത് ഈ വിലയേറ്റത്തിലൂടെ ലഭിക്കുന്ന നികുതി രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നാണ്. നികുതി കൊടുക്കാന്‍ കഴിയുന്നവരുടെ പണം ദരിദ്രരുടെ ക്ഷേമത്തിന് വിനിയോഗിക്കുന്നു. അതില്‍ പരാതി ചില രാഷ്ട്രീയ കക്ഷികള്‍ക്കു മാത്രമാണ്. മുമ്പും ഇന്ധനത്തിന് വില വര്‍ദ്ധിച്ചിട്ടുണ്ട്. അന്ന് സര്‍ക്കാരുകള്‍ സംഭരിച്ച നികുതിപ്പണം എന്തുചെയ്തുവെന്ന് ആലോചിച്ചിട്ടുണ്ടോ. അത് ചിലരുടെ സ്വകാര്യസമ്പാദ്യമായി. അഴിമതിയിലൂടെയായിരുന്നു അത്.

 • ഹരിയാനയില്‍നിന്നുള്ള എംപിയാണല്ലോ, കാര്‍ഷിക നിയമഭേദഗതികളെക്കുറിച്ച്.

കര്‍ഷകരുടെ ക്ഷേമത്തിനാണ് പുതിയ നിയമം. ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അതറിയാം. ഇടനിലക്കാര്‍ക്ക് വിരുദ്ധമാണ് നിയമം. അവര്‍ക്കും അവരുടെ സംരക്ഷകരായ ചില രാഷ്ട്രീയക്കാര്‍ക്കുമാണ് പ്രശ്‌നം.

ശരദ്പവാര്‍ കൃഷിമന്ത്രിയായപ്പോള്‍ ഔദ്യോഗികമായി കണ്ടെത്തിയതാണ് ഇടനിലക്കാരുടെ ഈ ചൂഷണം. പക്ഷേ പരിഹരിച്ചില്ല. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ പ്രസംഗിച്ചതാണ് ഈ വിഷയം. പരിഹാരമായില്ല. ഇപ്പോള്‍ നരേന്ദ്ര മോദി പരിഹാരം കണ്ടു. അപ്പോള്‍ അവരും എതിര്‍ക്കുന്നു. വിചിത്രമാണിത്. കര്‍ഷകര്‍ക്കറിയാം ഇത് അവരുടെ ക്ഷേമത്തിനാണെന്ന്. പഞ്ചാബില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയുടെ മൂന്നിരട്ടിയാണ് പഞ്ചാബില്‍ നിന്ന് വില്‍പ്പന നടത്തുന്നത്. അത് എങ്ങനെയാണ്? ആരാണ് നേട്ടമുണ്ടാക്കുന്നത്? ആരാണ് ചൂഷണം ചെയ്യപ്പെടുന്നത്?

ദുഷ്യന്ത് കുമാര്‍ ഗൗതം

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. ഹരിയാനയില്‍ നിന്നുള്ള രാജ്യസഭാംഗം. ദീര്‍ഘകാലം ബിജെപിയുടെ പട്ടികജാതി മോര്‍ച്ചയുടെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയാധ്യക്ഷനായിരിക്കെ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഉത്തരാഖണ്ഡ്, പഞ്ചാബ്, ചണ്ഡീഗഢ് സംസ്ഥാന ഘടകങ്ങളുടെ ചുമതലയും ദുഷ്യന്തിനാണ്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.