×
login
സില്‍വര്‍ ലൈന്‍; ഇങ്ങനെ വേണ്ട ഇപ്പോള്‍ വേണ്ട

കേരള സര്‍ക്കാരിന്റെ കെ റെയില്‍ കമ്പനിയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി എന്തുവന്നാലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്നവരാണ് ഭൂരിപക്ഷം. എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന കാരണങ്ങളെ ഏറ്റവും യുക്തിസഹമായി അവതരിപ്പിക്കുന്നത് ഇന്ത്യയില്‍ ഇന്നുള്ള സാങ്കേതിക വിദഗ്ധരില്‍ അറിവും അനുഭവവും ഏറ്റവുമുള്ള, പ്രവര്‍ത്തനങ്ങളിലൂടെ കഴിവ് തെളിയിച്ച, മെട്രോമാന്‍ ഇ. ശ്രീധരനാണ്. സുദീര്‍ഘ സംഭാഷണത്തില്‍ യോജിപ്പും വിയോജിപ്പും ഡോ. ഇ. ശ്രീധരന്‍ യുക്തിഭദ്രം വിശദീകരിക്കുന്നു.

  • ഈ സെമി ഹൈസ്പീഡ് റെയില്‍വേ  പദ്ധതി കേരളത്തിനു വേണ്ട എന്നാണോ,  ഇപ്പോള്‍ വേണ്ടാ എന്നാണോ വാദം

കേരളത്തിന്റെ ഇന്നത്തെ  സാമ്പത്തിക സ്ഥിതിയില്‍ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല. ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കാനോ പദ്ധതികള്‍ മുടങ്ങാതെ പൂര്‍ത്തിയാക്കാനോ പണമില്ല. ആ സ്ഥിതിക്ക് രണ്ടോ മൂന്നോ കൊല്ലം കാത്തിരിക്കണം.  

കേരളത്തിന് ഇങ്ങനെയൊരു റെയില്‍വേ ലൈന്‍ വേണം എന്നാണ് എന്റെയും വാദം. പക്ഷേ, അത് നിലത്തൂടെ കൊണ്ടുപോകുന്നത് തീരെ സമ്മതിക്കാനാവില്ല. റെയില്‍വേ ഗേജിന്റെ കാര്യത്തില്‍ കൃത്യത പറയുന്നില്ല. ആ റെയിലില്‍ക്കൂടി ഗുഡ്സ് ട്രെയിന്‍ ഓടിക്കുമെന്ന് പറയുന്നത് സാധ്യമേയല്ല. ഇതിന്റെയൊക്കെ ആഘാതത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് റെയിലിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ പറയുന്നതല്ല ഇതൊന്നും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണ്. പ്രൊഫഷണല്‍ വര്‍ക്കല്ല. ഒരു വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാത്രം രണ്ടു കൊല്ലം വേണം. ആദ്യം സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ ചെലവു തുക 80,000 കോടിയായിരുന്നു. വിവാദം വന്നപ്പോള്‍ പെട്ടെന്ന് അത് 64,000 കോടി ആയി. പല അനുബന്ധ പദ്ധതികളുടെയും ചെലവ് ഈ കണക്കില്‍ ഇല്ല.  

നിലത്തൂടെ പോകുമ്പോള്‍ വലിയ പ്രശ്നങ്ങളുണ്ട്. അതിവേഗമല്ലേ, ഒരു ആട്ടിന്‍കുട്ടി പോലും പാതയില്‍പെട്ടാല്‍ തടസമായി. മനുഷ്യരോ മൃഗങ്ങളോ കടക്കാതെ ഇരുവശത്തും ഭിത്തി കെട്ടണം. അത് വിവാദമായപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു ഓരോ അരക്കിലോമീറ്ററിലും മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാക്കുമെന്ന്. അതിനുതന്നെ 20,000 കോടി വേണ്ടിവരും. അത് എസ്റ്റിമേറ്റിലില്ല. ഇങ്ങനെ, ആളുകളെ വിശ്വാസത്തിലെടുക്കാതെ പറഞ്ഞു പറ്റിക്കലാണ്.

ഒരു റോഡ് പണിതിട്ടാണ് കുട്ടനാട്ടിലെ ഇന്നത്തെ പ്രശ്നം. അപ്പോള്‍ കേരളം രണ്ടാകുന്ന വലിയ ഭിത്തി കെട്ടിയാല്‍ എന്താകും സ്ഥിതി? അതൊന്നും പ്രശ്‌നമല്ലെന്ന് സ്ഥാപിക്കാന്‍ ഉദാഹരണമായി പറയുന്നത് നിലത്തൂടെ പോകുന്ന ഇപ്പോഴത്തെ റെയില്‍വേ ട്രാക്കാണ്. പക്ഷേ അത് ശരിയായ വിലയിരുത്തലല്ല. എംബാങ്ക്മെന്റ് സംവിധാനമാണത്. അതായത്, തറ മണ്ണിട്ടുയര്‍ത്തി അതില്‍ പാളം നിര്‍മിക്കുന്ന രീതി. പക്ഷേ, അതിലൂടെ സഞ്ചരിക്കാവുന്ന വേഗം 160 കിലോമീറ്ററാണ്. സെമി സ്പീഡിന്റെ വേഗം 200 കിലോമീറ്റര്‍ ആണ്. ഹൈസ്പീഡ് 350 കിലോമീറ്ററും. പാത താഴാം, തകരാം. ലോകത്ത് ഒരിടത്തും ഹൈസ്പീഡ് പാത നിലത്തൂടെ പോകുന്നില്ല. ഒന്നുകില്‍ തുരങ്കം, അല്ലെങ്കില്‍ തൂണ്. പാടവും ചതുപ്പും നികത്തിയ വഴിയിലൂടെ പോകുന്ന ഹൈസ്പീഡ് പാത നാല് മില്ലിമീറ്റര്‍ താഴ്ന്നാല്‍ മതി അപകടത്തിന് സാധ്യതയാണ്. ഇപ്പോള്‍ 140 കിലോമീറ്റര്‍ ദൂരം വയലിലൂടെയാണ് നിര്‍ദ്ദിഷ്ട പാത. അത് സഞ്ചാരയോഗ്യമാക്കാന്‍ ചെലവ് എത്രയാണ് എന്നറിയുമോ?  സാധാരണ പാതയ്ക്ക് വേണ്ടതിന്റെ മൂന്നിരട്ടിച്ചെലവ് വരും.  

ഇവരുടെ ഉദ്ദേശ്യം പദ്ധതി തുടങ്ങണമെന്നു മാത്രമാണ്. പിന്നെയെന്തുമാകട്ടെ എന്ന നിലപാട്.  അഞ്ച് കൊല്ലംകൊണ്ടൊന്നും ഈ പദ്ധതി നടപ്പാകില്ല. ഒരു എന്‍ജിനീയറും അതിന് ഉറപ്പുനല്‍കില്ല. ഒരു ഫ്ളൈഓവര്‍ നിര്‍മിക്കാന്‍ അഞ്ചുകൊല്ലം എടുത്തയാളുകളാണ് നമ്മള്‍. കുറഞ്ഞത് 12 കൊല്ലം വേണ്ടിവരും ഈ പദ്ധതി തീരാന്‍, അപ്പോള്‍ ചെലവ് എത്ര ഇരട്ടിയാകും. അനുബന്ധച്ചെലവ് വേറെ.  

ഡിപിആര്‍ ഉണ്ടാക്കിയിട്ടില്ല, ഉണ്ടെങ്കില്‍ അത് വിദഗ്ദ്ധര്‍ തയ്യാറാക്കിയതല്ല. ഫ്രഞ്ച് കമ്പനിയായ സിസ്ട്രയുടെ പേരു പറയുന്നു. അത് മെയിന്‍ ഫ്രഞ്ച് കമ്പനിയല്ല. അവരുടെ ഇന്ത്യയിലെ സംവിധാനമാണ്. റെയില്‍വേയില്‍ നിന്ന് വിരമിച്ചവരാണ് അതില്‍ അധികവും. അവര്‍ ഹൈസ്പീഡ് റെയിലിനെക്കുറിച്ച് അറിയാവുന്നവരല്ല. തികച്ചും അസ്വീകാര്യമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

 

  • നിലവിലെ റെയില്‍വേ വികസനത്തിന്റെ തടസമെന്താണ്? മെച്ചപ്പെടുത്തിയാല്‍ പ്രശ്‌ന പരിഹാരമാകില്ലേ

ഭൂമി പ്രശ്നമല്ല കേരളത്തിലെ റെയില്‍വേയുടെ വികസന തടസം. നിലവിലെ പാതയില്‍ വളവുകള്‍ ഏറെയാണ്. ഇവ നേരെയാക്കണമെങ്കില്‍ ഏറെ ഭൂമി എടുക്കണം. മാത്രമല്ല ഇത്രയും വണ്ടികള്‍ ഓടിക്കൊണ്ടിരിക്കെ പാളങ്ങള്‍ പുതുക്കാനോ മെച്ചപ്പെടുത്താനോ എളുപ്പമാവില്ല. വണ്ടിയോട്ടം നിര്‍ത്തിവയ്ക്കാനും കഴിയില്ല. അതിനാല്‍ നിലവിലുള്ള പാതകള്‍ നിലവാരമുയര്‍ത്തി ഒരു ബദല്‍ സംവിധാനത്തിന് ഞാന്‍ പറയില്ല.  

പകരം കൂടുതല്‍ വണ്ടികള്‍ ഓടിക്കണം. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം വരണം. സുരക്ഷ കൂട്ടണം. യൂറോപ്യന്‍ നിലവാരത്തിന്റെ രണ്ടാം തലത്തില്‍ റെയില്‍വേയെ എത്തിക്കണം. യൂറോപ്യന്‍ സ്റ്റാന്‍ഡാര്‍ഡ് ലവല്‍ ടു- എല്ലാ സിഗ്‌നലും ഓട്ടോമേറ്റഡാകും. അപകടം കുറയും, വണ്ടി അനിശ്ചിതമായി വൈകില്ല. അതിവേഗം പോകാനാകും. അതായത് എല്ലാം ഓട്ടോമാറ്റിക് സംവിധാനമാകും. സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാം. ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ ട്രെയിന്‍ വലിയ വിജയമാണ്. തിരുവനന്തപുരം-കാസര്‍കോട് 600 കിലോമീറ്റര്‍ ദൂരത്തിന് 8000 കോടിയേ ചെലവ് വരൂ.

 

  • ഹൈസ്പീഡിനെ അനുകൂലിച്ച ഇ.  ശ്രീധരന്‍ സെമി ഹൈസ്പീഡിനെ എതിര്‍ക്കുന്നു എന്നാക്ഷേപമുണ്ട്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുപോലെയുള്ള വ്യത്യാസമാണ്. ഇവ തമ്മില്‍ എന്ന് കരുതുന്നതു കൊണ്ടാണോ ഇത്

അതെയതെ. വ്യത്യാസം അറിയാത്തതുകൊണ്ടാണ്.  വാസ്തവത്തില്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ചെറിയ ചെലവു വ്യത്യാസമേ ഉണ്ടാവുകയുള്ളൂ. ഓടുന്ന ട്രെയിന്‍, സിഗ്‌നല്‍, വൈദ്യുതീകരണം തുടങ്ങിയവയില്‍ വ്യത്യാസമില്ല. പക്ഷേ, വളവുകളിലാണ് വ്യത്യാസം. ഹൈസ്പീഡിന്റെ ഒരു വളവില്‍ അനുവദനീയമായ റേഡിയസ്, രണ്ടരക്കിലോമീറ്ററോളമാണ്. അതിലേറെ വളവ് പാടില്ല. സെമി സ്പീഡിലാണെങ്കില്‍ 1000 മീറ്ററേ നിശ്ചയിച്ചിട്ടുള്ളൂ. പിന്നെ എന്തിനാണ് സെമി ആക്കുന്നത്. ചെലവ് കുറവാണെന്ന് കാണിക്കാനുള്ള തന്ത്രമാണ്. ഞാന്‍ 2003 ല്‍ കൊടുത്തതാണ് ഹൈസ്പീഡ് പദ്ധതി റിപ്പോര്‍ട്ട്. ഏഴെട്ടു വര്‍ഷമാണ് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചത്. അന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ന് വണ്ടിയോടിയേനെ.

 

  • എന്താണ് പദ്ധതി അന്ന് ഉപേക്ഷിക്കാന്‍ ശരിയായ കാരണം

അധികാരം മാറി. എല്‍ഡിഎഫ് വന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുക്കമായിരുന്നു. പക്ഷേ, അന്നത്തെ ധനകാര്യവകുപ്പ് എതിര്‍ത്തു. മുഖ്യമന്ത്രിക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. 2010 ല്‍ ഇടത് സര്‍ക്കാരാണ് ഹൈസ്പീഡ് പദ്ധതിക്ക് തുടക്കക്കാര്‍. അന്നത്തെ വ്യവസായ മന്ത്രി എളമരം കരിം നേരിട്ട് ദല്‍ഹിയില്‍ വന്ന് എന്നെ കണ്ടതും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും ഓര്‍മിക്കുന്നു. ഇപ്പോള്‍ സെമി സ്പീഡാക്കിയത്, വ്യത്യസ്തമായ പദ്ധതിയെന്നു കാണിക്കാന്‍ ലക്ഷ്യമിട്ടാണ്. ഭാവിയില്‍ ഹൈസ്പീഡാക്കി മാറ്റാന്‍ കഴിയില്ല.

 

  • നിലത്തൂടെത്തന്നെ ഈ പാത പോകണമെന്ന വാശി എന്തിനാവും

യുക്തിയില്ലാത്ത വാശിയാണ്. കാര്യം അറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടോ എന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ റെയില്‍ താഴത്തൂടെയല്ലേ എന്നാണ് അവരുടെ വാദം. അത് 70 കൊല്ലം മുമ്പ് ചെയ്തതാണ്. അന്നൊന്നും ഭൂമി ലഭ്യത പ്രശ്‌നവും ഭൂമിക്ക് ഇത്ര വിലയുമില്ല. പരമാവധി 160 കിലോമീറ്റര്‍ വേഗമേ പറ്റൂ.

  •  കേരളത്തിനപ്പുറം ചിന്തിക്കാത്തതുകൊണ്ടാവുമോ ഇവര്‍ ദേശീയതലത്തിലുള്ള ഹൈസ്പീഡ് പാതയ്ക്ക് സമാനമായി പദ്ധതി തയ്യാറാക്കാത്തത്

= അതെ. ദേശീയപാതകള്‍ വരുമ്പോള്‍ അതിന്റെ തുടര്‍ച്ചയാകണം എന്ന ബോധം വേണം. കേരളത്തില്‍ നിന്ന് വിമാനയാത്രയേക്കാള്‍ വേഗത്തില്‍, ചെലവ് കുറഞ്ഞ്, മുംബൈയ്ക്ക് പോകാന്‍ പറ്റുമെങ്കില്‍ ആ സാധ്യത നോക്കണ്ടേ. അതല്ലേ എല്ലാത്തരം ആളുകള്‍ക്കും ഗുണകരമാകുന്നത്. കേരളത്തിനു പുറത്തേക്കും പോകുവാനാകുമ്പോഴല്ലെ, കൂടുതല്‍ ഉപയോക്താക്കള്‍ ഉണ്ടാകുന്നത്. കേരളം ഒറ്റപ്പെട്ടു പോകാതെ നോക്കണം.

 

  • ഡിപിആര്‍ പുറത്തുവിടാത്തത് രഹസ്യസ്വഭാവം സൂക്ഷിക്കാനാണെന്നു പറയുന്നത് ശരിയാണോ.


ഡിപിആര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അതെല്ലാം തെറ്റാണ്. അടിസ്ഥാനപരമായ പിഴവുകളാണധികം. ട്രാഫിക് സര്‍വേ നടത്തിയിട്ടില്ല. മണ്ണ് പരിശോധനയോ സാമൂഹ്യ-പാരിസ്ഥിതിക പ്രശ്നങ്ങളോ പഠിച്ചിട്ടില്ല. റെയില്‍വേയ്ക്ക് പാരിസ്ഥിതിക അനുമതി കേന്ദ്രസര്‍ക്കാരില്‍നിന്നുവേണ്ട. പക്ഷേ, പഠനം വേണം. നഷ്ടപരിഹാരം ഭൂമി പോകുന്നവര്‍ക്കു മാത്രമല്ല, സംസ്ഥാനത്താകെയാണ്.

 

  •  താഴത്തൂടെ പാത പോയാല്‍ അത് മറ്റൊരു മുല്ലപ്പെരിയാര്‍ അണക്കെട്ടു പോലെയാകില്ലേ

 സംശയമില്ല, പാതയുടെ സുരക്ഷയ്ക്ക് മതില്‍ കെട്ടേണ്ടി വരും. അത് കേരളത്തെ രണ്ടായി തടയും. വന്‍തോതില്‍ വെള്ളക്കെട്ടുണ്ടാകും. എല്ലാ വര്‍ഷവും പ്രളയം വരും. കുട്ടനാട്ടിലെ എ-സി റോഡ് പ്രളയ നാശനഷ്ടത്തിന്റെ ആഘാതം കൂട്ടിയതായി കണ്ടെത്തി. സമാനമായ സ്ഥിതി കേരളമാകെയുണ്ടാകും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭീഷണി രണ്ടോ മൂന്നോ ജില്ലയിലാണ്. ഇത് കേരളമാകെ പ്രശ്നമുണ്ടാക്കും. അതാണ്  പരിസ്ഥിതിയാഘാതം. അത് സാമൂഹ്യ ആഘാതമാകും. അണക്കെട്ടെന്നല്ല, ഞാന്‍ പറയുന്നത് ചൈനാ വാള്‍ എന്നാണ്. ചൈനയിലുണ്ട് ഇതുപോലെ ഒരു വന്‍ മതില്‍.

 

  •  നിലമ്പൂര്‍- നഞ്ചന്‍കോട് പാതയ്ക്ക് എന്താണ് തടസമായത്.

 അതില്‍ താല്‍പര്യമില്ല എന്നതുതന്നെ. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും അംഗീകാരം നല്‍കി. മുന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി, ഡിഎംആര്‍സി പണി തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പണി തുടങ്ങാന്‍ ആറുകോടി രൂപ അനുവദിച്ചതില്‍ രണ്ട് കോടി ട്രഷറിയില്‍ വരെ എത്തി. പക്ഷേ, സര്‍ക്കാര്‍ മാറിയപ്പോള്‍ ആ പണം ഞങ്ങള്‍ പിന്‍വലിക്കും മുമ്പെ, ട്രഷറിയില്‍ നിന്ന് തിരിച്ചെടുത്തു. തുടങ്ങിയ പണി നിര്‍ത്തി, ബില്ലുകള്‍ പാസാക്കിയില്ല, അനുമതി തടസപ്പെടുത്തി. ഒടുവില്‍ ഞങ്ങള്‍ മതിയാക്കി ഡിഎംആര്‍സിയുടെ വിപുല സൗകര്യങ്ങളും സംവിധാനങ്ങളും നിര്‍ത്തി, ഓഫീസ് പൂട്ടി. തലശ്ശേരി-മൈസൂര്‍ പാതയാണ് വേണ്ടതെന്നാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യം. അത് വരില്ല. ലാഭകരം ഇതാണ്. കര്‍ണാടകത്തിന് തുറമുഖ സൗകര്യം കുറവാണ്. അവര്‍ക്ക് നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍ പാതയായാല്‍ കൊച്ചി തുറമുഖവുമായി വിനിമയം നടക്കും. സംസ്ഥാനത്തിന് വന്‍ നേട്ടമായേനെ ഇത്. പക്ഷേ, ഈ സര്‍ക്കാരിന്റെ താല്‍പര്യം വേറെയാണ്.

 

  •  കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ക്ക് എന്തുപറ്റി

 ആ വിഷയത്തിലും അന്നത്തെ ധനകാര്യ സെക്രട്ടറിയുടെ നിലപാട് നിര്‍ണായകമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി നല്‍കി. ഡിഎംആര്‍സി സംവിധാനങ്ങള്‍ ഒരുക്കി, ഓഫീസുകള്‍ വിപുലമായി അനുവദിച്ചു പ്രവര്‍ത്തനവും തുടങ്ങി. കോഴിക്കോട്ടും തലസ്ഥാനത്തും ഓഫീസ് തുറന്നു. ഡിസൈന്‍, പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. പണി തുടങ്ങാമെന്നും മെട്രോ പദ്ധതിക്ക് അനുമതി കിട്ടാതിരിക്കില്ലെന്നും എല്ലാം അറിയിച്ചു. ഞാനാണ് ഇന്ത്യയിലെ മിക്ക മെട്രോയും തുടങ്ങിയത്. പക്ഷേ, അന്നത്തെ  ധനകാര്യ സെക്രട്ടറി അതും അനുവദിച്ചില്ല.

 

  •  റെയില്‍വേയുടെ ഇത്തരം പദ്ധതികളുടെ നടപടി ക്രമം എന്താണ്? കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വ്യത്യസ്ത വാര്‍ത്തകള്‍ വരുന്നു

 റെയില്‍വേയ്ക്ക് പദ്ധതി ബോധ്യപ്പെടണം. അതിന്റെ സാങ്കേതിക കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുക്കണം. സംസ്ഥാനം പണം കണ്ടെത്തുന്നതും സ്വന്തം പണമുപയോഗിച്ച് നിര്‍മിക്കുന്നതുമൊക്കെ മറ്റു കാര്യങ്ങള്‍. അതാകാം. പക്ഷേ, പാതയ്ക്ക് അന്തിമ സുരക്ഷാ ക്ലിയറന്‍സ് കൊടുക്കേണ്ടത് റെയില്‍വേയാണ്. ആത്യന്തികമായി ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. അതിനാല്‍ ഓരോ ഘട്ടത്തിലും അവര്‍ സൂക്ഷ്മമായി പരിശോധിക്കും. എന്നിട്ടേ അനുമതി കൊടുക്കൂ.

 

  • ഈ സില്‍വര്‍ ലൈന്‍ പദ്ധതി എതിര്‍പ്പുണ്ടായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു. വലിയൊരു എതിര്‍പക്ഷമുണ്ട്. അക്കാര്യത്തില്‍ അങ്ങയുടെ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിരോധം. അങ്ങ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ പദ്ധതിയോടുള്ള സമീപനം എന്തായേനെ. മുന്‍ഗണന ഇതിനാകുമായിരുന്നോ

 ഇപ്പോഴത്തെ സംസ്ഥാന സാമ്പത്തികസ്ഥിതിയില്‍ ഞാന്‍ ഈ പദ്ധതി ഏറ്റെടുക്കില്ല. മറ്റുള്ള മുന്‍ഗണനാ ക്രമങ്ങള്‍ക്ക് ശ്രമിച്ചേനെ. റോഡുകളുടെ വീതികൂട്ടല്‍, റോഡ് നിലവാരം  മെച്ചപ്പെടുത്തല്‍, ആശുപത്രി സൗകര്യം കൂട്ടല്‍, സ്‌കൂള്‍ നന്നാക്കല്‍, നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍പാത പൂര്‍ത്തിയാക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന കൊടുത്തേനെ. തുടങ്ങിവച്ചവ പൂര്‍ത്തിയാക്കിയേനെ. ദേശീയ ജലപാതാ പദ്ധതി പോലുള്ളവ ഉപേക്ഷിച്ചേനെ, അത് ക്രിമിനല്‍ വേസ്റ്റാണ്, ടൂറിസമൊന്നും അത് കൂട്ടില്ല.

 

  •  പക്ഷേ, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമൊക്കെ കേരളം മികച്ച നിലയിലാണെന്നല്ലേ പറയാറ്. അപ്പോള്‍ ഈ പദ്ധതികളല്ലേ വേണ്ടത്

 ആരു പറയുന്നു ആരോഗ്യവും വിദ്യാഭ്യാസവും മെച്ചമാണെന്ന്! അത് തെറ്റായ പ്രചാരണമാണ്. ഒരു കാലത്ത് ആയിരുന്നു. വിദ്യാഭ്യാസ കാര്യത്തില്‍ തെറ്റായ പ്രചാരണമാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദല്‍ഹിയിലെ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടുന്നത്. മാര്‍ക്കാണവിടെ ആധാരം. ഇവിടെ വാരിക്കോരി മാര്‍ക്ക് കൊടുക്കുന്നു. എല്ലാവരേയും എ പ്ലസ് നല്‍കി കടത്തുന്നു. ദല്‍ഹിയില്‍ ഈ കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍, പ്രൊഫസര്‍മാരുടെ പരാതിയെ തുടര്‍ന്ന്  പഠനസമിതിയെ നിയോഗിച്ചിരിക്കുകയാണ്. അവരുടെ റിപ്പോര്‍ട്ട് വരുമ്പോളറിയാം എന്താണ് നമ്മുടെ നിലവാരമെന്ന്. ബിഎ പാസാകാതെ എംഎ പരീക്ഷയെഴുതിയ സര്‍വകലാശാല കേരളത്തിലാണ്. ആരോഗ്യ മേഖലയില്‍ എന്തൊക്കെയാണിപ്പോള്‍ പുറത്തുവരുന്നത്. അഴിമതി മാത്രമല്ല, കൊവിഡ് മരണക്കണക്ക് പോലും കൃത്രിമം. ഇത്രയും മരണത്തോത് മറ്റൊരു സംസ്ഥാനത്തും വന്നിട്ടില്ല. അപ്പോള്‍ നുണപ്രചാരണമാണ് എല്ലാ മേഖലയിലും. എന്ത് വ്യവസായമാണിവിടെ 20 വര്‍ഷത്തിനിടെ ഉണ്ടായത്. ദേശീയപാതകളുടെ വികസനകാര്യമോ? വീതി ദേശീയ തലത്തിലുള്ള തോതില്‍ വേണ്ടെന്ന് പറഞ്ഞതാണ് നമ്മുടെ സംസ്ഥാനം. ഇപ്പോള്‍ കേന്ദ്രത്തില്‍ ഗഡ്കരി ഗതാഗത മന്ത്രിയായശേഷമാണ് പണം ചെലവഴിച്ച് എന്തെങ്കിലുമൊക്കെ ചെയ്തത്.  അതിന്റെ നേട്ടവും  മുഖ്യമന്ത്രി അവകാശപ്പെടുകയാണ്. ഗ്യാസ് പൈപ്പ് ലൈന്‍ ദല്‍ഹിയില്‍ 20 വര്‍ഷം മുമ്പ് വന്നു. നമ്മുടെ നാട്ടില്‍ എത്ര കാലം വൈകിച്ചു. നുണപ്രചാരണം സിപിഎമ്മിന്റെ രീതിയാണ്.

 

  • സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പരിസമാപ്തി എന്തായിരിക്കും

ഒന്നും സംഭവിക്കില്ല. പദ്ധതി ഇവര്‍ ഉപേക്ഷിക്കും. ഈ സര്‍ക്കാരിന്,  ഞങ്ങള്‍ ഒരുക്കമായിരുന്നു, തുടങ്ങി, സമ്മതിക്കുന്നില്ല എന്ന് ചിലരുടെ മുന്നില്‍ പ്രതീതി വരുത്തുകയേ വേണ്ടൂ. ഇപ്പോള്‍ത്തന്നെ റെയില്‍വേ 100 കോടി രൂപ ഈ പദ്ധതിക്ക് കൊടുത്തു. ഒരു വലിയ, പദ്ധതിക്ക് പ്രാഥമിക പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും റെയില്‍വേ 100 കോടി രൂപ കൊടുക്കും. അതാണവരുടെ രീതി. റിപ്പോര്‍ട്ട് തയ്യാറാക്കി, പ്രായോഗികമാണെങ്കില്‍ തുടര്‍ സഹായം കിട്ടും. പക്ഷേ, ഈ നൂറുകോടി എന്തു ചെയ്തു. ആവിയായിപ്പോയി എന്നു പറയേണ്ടിവരും. സ്വീകാര്യമായ കണക്കുപോലും കൊടുക്കാനാവില്ല. ആദ്യം സെന്‍ട്രല്‍ അലൈന്‍മെന്റ് നിശ്ചയിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. പകരം കല്ലിടുകയാണ്. 'കുതിരയ്ക്കു മുന്നില്‍ വണ്ടികെട്ടുന്ന ' രീതിയാണിതെന്ന് ഞാന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.  

ഞാന്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിവിധ കാര്യങ്ങള്‍ വിശദീകരിച്ച് കത്തെഴുതി. മറുപടിയല്ല, കിട്ടിയതായി പോലും അറിയിച്ചില്ല. കഴിഞ്ഞ ദിവസം, കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എംഡി കെ.ആര്‍. ജ്യോതിലാല്‍ ഒരു കത്തയച്ചു. അതില്‍ ഞാനുയര്‍ത്തിയ വിഷയങ്ങള്‍ക്ക് മറുപടിയല്ല. നോക്കാം, ശ്രദ്ധിക്കാം, പരിഗണനയിലുണ്ട് തുടങ്ങിയ ഒഴുക്കന്‍ മറുപടികള്‍ മാത്രം.

ഇതിനെല്ലാം ഉദ്യോഗസ്ഥരെ ഞാന്‍ കുറ്റപ്പെടുത്തും. അവര്‍ വേണ്ടരീതിയില്‍ സര്‍ക്കാരിന് ഉപദേശം കൊടുക്കുന്നില്ല. അതാണവരുടെ ജോലി. സ്വീകരിക്കുന്നില്ലെങ്കില്‍പ്പിന്നെ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കുക. ഐഎഎസുകാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും എന്താണ് പേടിക്കാന്‍. സ്ഥലം മാറ്റിയാല്‍ കേരളത്തിലേക്കല്ലേ മാറ്റൂ. പിന്നെ എന്തിന് പേടിക്കുന്നു.

    comment

    LATEST NEWS


    മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ അക്രമം; ബൈക്കിലെത്തിയ രണ്ടുപേർ ഗേറ്റിനുള്ളിലേക്ക് ബോംബ് വലിച്ചെറിഞ്ഞു


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.