login
ഇതാണോ പുരോഗതി?

45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയതിന്റെ 65 ശതമാനം വിഹിതവും സമഗ്ര ശിക്ഷാഅഭിയാന്റ ഭാഗമായി ലഭിച്ചിട്ടുള്ളതാണ്. കേരളത്തില്‍ 12000-ല്‍ അധികം വിദ്യാലയങ്ങളില്‍ 1695 വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. അതില്‍ കേവലം 370 വിദ്യാലയങ്ങളിലാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി നേടി എന്നാണ് കൊട്ടിഘോഷിക്കല്‍.  45000 ക്ലാസ്മുറികള്‍ ഡിജിറ്റല്‍വല്‍ക്കരിച്ചതും 6.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതുമാണ് എടുത്തുകാട്ടുന്ന വസ്തുതകള്‍. കൂടാതെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി കഴിഞ്ഞുവെന്നും അവകാശവാദം. ഇത് പിണറായി സര്‍ക്കാരിന്റെ എറ്റവും വലിയ നേട്ടമായാണ് ഉയര്‍ത്തിക്കാട്ടുന്നത്.

കേരളം വളരെമുമ്പുതന്നെ വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയുടെ മുകളില്‍ ആയിരുന്നു. 1951 ല്‍ ദേശീയ സാക്ഷരതാ ശരാശരി 18 ശതമാനമാണെങ്കില്‍ കേരളം 48 ശതമാനത്തിലായിരുന്നു. വിദ്യാലയ പ്രവേശനം ഉന്നത വിദ്യാഭ്യാസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത എന്നിവയില്‍ കേരളം ഭാരതത്തിലെ പ്രമുഖ നഗരങ്ങളോട് കിടപിടിച്ചു. എന്നാല്‍ കേരളത്തിലെ അധികാരത്തിലേറിയ മുന്നണി രാഷ്ട്രീയ സംവിധാനം സംസ്ഥാനത്തിന്റെ ഈ നേട്ടത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ തടസം സൃഷ്ടിച്ചു. മതപ്രീണനവും രാഷ്ട്രീയവല്‍ക്കരണവും അതുണ്ടാക്കിയ നിലവാരത്തകര്‍ച്ചയും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറി. അവസാന ലാപ്പില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ കൈയ്യടക്കി.

വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനകം എന്തെങ്കിലും നവോത്ഥാനം ദൃശ്യമായിയെങ്കില്‍ അത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമല്ല, മോദി സര്‍ക്കാറിന്റെ പ്രഭാവമാണ്. സംസ്ഥാനം രൂപീകരണം മുതല്‍  ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം നിരവധി തവണ സംസ്ഥാനം  ഭരിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷവും വിദ്യാഭ്യാസ മേഖലയെ മത മുതലാളിമാര്‍ക്കും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയക്കാര്‍ക്കും തീരെഴുതിക്കൊടുത്തു അധ്യാപക രാഷ്ട്രീയവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും വളര്‍ത്തി നേട്ടം കൊയ്യാനായിരുന്നു അവര്‍ ശ്രമിച്ചത്.  

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വമേഖലകളിലും വരുത്തിയ മാറ്റം വിദ്യാഭ്യാസ രംഗത്തും പ്രതിഫലിച്ചു. സബ് കെ സാത്ത് സബ് കാ വികാസ് എന്നതുപോലെ സബ്‌കോ ശിക്ഷാ, അച്ഛി ശിക്ഷ, സസ്തി ശിക്ഷ എന്നതായിരുന്നു വിദ്യാഭ്യാസരംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യവാക്യങ്ങള്‍. ഇതില്‍ സംസ്ഥാന സര്‍ക്കാറുകളെ  പങ്കാളികളാക്കി, സക്രിയമാക്കി. ആസൂത്രിതമായ നിരീക്ഷണത്തിലൂടെ കൃത്യമായ സാമ്പത്തിക മേല്‍നോട്ടവ്യവസ്ഥകളോടെ പദ്ധതികള്‍ നടപ്പാക്കി.  പദ്ധതികള്‍ സുതാര്യവും ലളിതമാക്കി. ജനകീയ പങ്കാളിത്തം ഉറപ്പാക്കി. അതിന്റെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നവോന്മേഷം. എന്നാല്‍ പേര് മാറ്റി പദ്ധതി നടപ്പാക്കുന്ന കേരള സര്‍ക്കാര്‍ ജനസമക്ഷം സ്വയം ചെറുതാകുകയായിരുന്നു.  

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എന്ന  വേര്‍തിരിവില്ലാതെ സാര്‍വ്വത്രികമായ വിദ്യാഭ്യാസം കൈവരിക്കാനുള്ള സംവിധാനമായാണ് സര്‍ക്കാര്‍ പരികല്‍പ്പിക്കുന്നത്. നിയതമായ വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും കഴിയാത്ത പ്രദേശങ്ങളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്, അതിന് അനുബന്ധമായി സംസ്ഥാനങ്ങളിലും ഓപ്പണ്‍ വിദ്യാലയങ്ങളും അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്.  

വ്യവസ്ഥാപിതമായ വിദ്യാലയങ്ങളില്‍ വന്ന്  സാധാരണ രീതിയില്‍ വിദ്യാഭ്യാസം നേടാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കും വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്നുള്ളത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമായതിനാല്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് ഏതുസമയത്തും എവിടെവെച്ചും പഠനം നല്‍കുന്നതിനും പരീക്ഷ നടത്തുന്നതിനുള്ള സംവിധാനങ്ങളും ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും വിദ്യാലയങ്ങളേയും അംഗീകരിക്കുകയും അവയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതും അധ്യാപകരെ നിയമിക്കുന്നതും നിരന്തരം പരിശീലിപ്പിക്കുന്നതും പൊതു പരീക്ഷകള്‍ നടത്തുന്നതും സര്‍ക്കാറിന്റെ പ്രത്യേക ചുമതലകളാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഈ രംഗത്ത് അനാവശ്യമായ വിഭജനങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ജീവിത നൈപുണിയും ഉറപ്പുവരുത്തുന്നതിന് പകരം കേന്ദ്രത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ മനോവൈകല്യങ്ങളെ തന്ത്രപൂര്‍വ്വം ചൂഷണം ചെയ്യുകയായിരുന്നു.

6.8 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി  പ്രവേശിച്ചുവെന്നുള്ളത് പച്ചയായ കാപട്യമാണ്. ഈ കുട്ടികള്‍ എവിടുന്നാണ് വന്നത്? ഇത്ര വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം ലഭിക്കാതെ ഉണ്ടായിരുന്നോ? ഇല്ല. മറിച്ച് സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് ഇടക്ക് വച്ച് ചേക്കേറിയവരാണ്. വിദ്യാര്‍ത്ഥികളുടെ വിദ്യാലയ പ്രവേശനം വിദ്യാഭ്യാസ പുരോഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൂചകമാണ്.  വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ ദേശീയ ശരാശരി ഇപ്പോള്‍ 90 ശതമാനത്തോളം എത്തിയിട്ടുണ്ടെങ്കിലും  അത് 70 ശതമാനത്തിന് അടുത്തുള്ള സംസ്ഥാനങ്ങളും 100 ശതമാനത്തിന് തൊട്ടടുത്തുള്ളവരും ഉണ്ട്. കേരളം നിരവധി വര്‍ഷങ്ങളായി 99.9 ശതമാനത്തിനു മുകളിലാണ്.  

അതിനര്‍ത്ഥം കേരളം വിദ്യാലയതല വിദ്യാര്‍ത്ഥിപ്രവേശനം എന്ന കാര്യത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച സംസ്ഥാനമാണ്. അപ്പോള്‍ ഈ 6.8ലക്ഷം വിദ്യാര്‍ത്ഥികളുടെ പുതുപ്രവേശനം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? കഴിഞ്ഞ നാലുവര്‍ഷം കൊണ്ടാണ് പ്രവേശനം ഉണ്ടായിരിക്കുന്നത് ഇതില്‍ നല്ലൊരു ശതമാനം സ്വകാര്യ അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്ന് കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് ചേക്കേറിയവരാണ്. ഇതിനെയാണ് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനമായി സര്‍ക്കാര്‍ എടുത്ത് കാട്ടുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പഠനനിലവാരം വര്‍ധിച്ചത് കൊണ്ടല്ല ഈ പ്രതിഭാസം ദൃശ്യമായത്. മറിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും തത്വദീക്ഷയില്ലാതെ, സര്‍ക്കാറിന്റെപ്രഖ്യാപിത നയത്തിനും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചത് മാത്രമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പറയുന്ന പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ എത്ര കുട്ടികള്‍ മലയാള മാധ്യമത്തില്‍ പഠിക്കുന്നു എന്നതിന്റെ കണക്ക് പുറത്ത് വിടാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുമോ?  കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക തസ്തികയിലേക്ക്  നിയമനം നടത്താനുള്ള വിജ്ഞാപനത്തില്‍ ഇംഗ്ലീഷ് മീഡിയം അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്തിയിട്ടുണ്ടോ എന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.  

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മലയാളം മീഡിയം ക്ലാസുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിദ്യാര്‍ത്ഥികളുടെ ഡംമ്പിംഗ് മേഖലയായി മാറിക്കൊണ്ടിരിക്കുന്ന  പ്രവണതയാണ് ദൃശ്യമാകുന്നത്. ഇതിനെതിരെ നിരവധി കോണുകളില്‍ നിന്ന് പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. പല സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസ്സില്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടി കോഴസമ്പ്രദായം ഉള്ളതായും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നയവൈകല്യം പൊതുവിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യവും ഗുണനിലവാരവും മൂല്യവും തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്.

കേരളത്തില് 12000-ല്‍ അധികം  വിദ്യാലയങ്ങള്‍ ഉണ്ട്. അവയില്‍ 1695 വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. അതില്‍ കേവലം 370 വിദ്യാലയങ്ങളിലാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്.  കിഫ്ബി മുഖാന്തരം അഞ്ചുകോടി മുതല്‍ മുടക്കിയ 141 വിദ്യാലയങ്ങളും മൂന്ന് കോടി മുതല്‍ മുടക്കിയ 229 വിദ്യാലയങ്ങളുമാണുള്ളത്. ഈ 370 വിദ്യാലയങ്ങളിന്‍ ആകെ മുടക്കിയിരിക്കുന്നത് 1392 കോടി രൂപ മാത്രമാണ്. 4% നിരക്കില്‍ ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് കടമെടുത്ത് വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം നടത്തണമെന്നുള്ള നിലപാടിനെ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അട്ടിമറിച്ചവരാണ് ഇന്ന് 9.5% നിരക്കില്‍ കടമെടുത്ത് അടിസ്ഥാന വികസന മേഖലയില്‍ പണം മുടക്കുന്നതിന്റെ വക്താക്കളായി മാറുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സര്‍ക്കാറുകളും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടികളും വിദ്യാഭ്യാസരംഗത്തെ പ്രബലസംഘടനകളും അനുവര്‍ത്തിച്ച സമീപനം മാറ്റാന്‍  നിര്‍ബന്ധിതമാവുകയായിരുന്നു. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ മിഷനെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞമെന്നും സമഗ്രശിക്ഷാഅഭിയാനെ എസ്എസ്‌കെ  എന്നും ഡിജിറ്റല്‍ ക്ലാസ് റൂമുകളെ ഹെടെക്ക് ക്ലാസ്സ് റൂമുകള്‍ എന്നും, പേരു മാറ്റിയത്.  

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിന് അതിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ മേല്‍കൈ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. അറിവോ നൈപുണിയില്ലാത്ത വിദ്യാദ്യാസ വ്യാപനമാണ് കേരളത്തിലുണ്ടായത്. ഇടതുപക്ഷത്തിന്റെ അവകാശവാദത്തെ സര്‍ക്കാറിന്റെ തന്നെ സാമ്പത്തിക അവലോകന രേഖകള്‍ ചോദ്യം ചെയ്യുന്നുണ്ട്.   വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് 2020 സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട സാമ്പത്തിക അവലോകന രേഖ സാക്ഷ്യം വഹിക്കുന്നു. ഇപ്പോഴും 95 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 361 പ്രാഥമിക വിദ്യാലയങ്ങള്‍ 25 കുട്ടികള്‍ പോലുമില്ലാത്ത വിദ്യാലയങ്ങളായി ഉണ്ടെന്നും ഇതേ രേഖ തന്നെ വ്യക്തമാക്കുന്നു. ഈ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ മാറ്റുന്നതിനും സമീപത്തെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ള വിദ്യാലയ അന്തരീക്ഷം ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് അയല്‍പക്ക വിദ്യാലയ പ്രവേശനം ഉറപ്പുവരുത്താനും ഒരു നടപടിയും എടുത്തിട്ടില്ല. വനവാസി ഊരുകളിലും വളരെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന  ഏകാധ്യാപക ബദല്‍ വിദ്യാലയങ്ങള്‍ അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ സര്‍ക്കാര്‍ അടച്ചുപൂട്ടി. കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള വിദ്യാലയങ്ങളുടെ പ്രവേശപട്ടികയില്‍ ഉള്‍പ്പെടുത്തിയതും വിദ്യാഭ്യാസപുരോഗതി യായി കണക്കാക്കാന്‍ സാധ്യമല്ല. 2019 ജൂലൈ 22ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വച്ച് നടന്ന തെളിവെടുപ്പില്‍ വന്ന 200 പരാതികളില്‍ 157 പരാതികളും കുട്ടികളുടെ വിദ്യാഭ്യാസ അവകാശ  ലംഘനത്തിന്റെ പരിധിയില്‍ വരുന്നവയായിരുന്നു.

45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയതിന്റെ 65 ശതമാനം വിഹിതവും സമഗ്രശിക്ഷാഅഭിയാന്റ ഭാഗമായി ലഭിച്ചിട്ടുള്ളതാണ്. വിദ്യാലയങ്ങളുടെ അപ്ഗ്രഡേഷന്‍, പുതിയ അധ്യാപക തസ്തിക, കലാ-കായിക അധ്യാപകനിയമനം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ്, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, വിദ്യാലയ ശുചിത്വം, കുടിവെള്ള പദ്ധതി, അധ്യാപക പരിശീലനം, പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങി 38 വിഭാഗങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം മറച്ചു വെച്ച്, പേരുമാറ്റി വിളംബരം ചെയ്താണ് ഇടതുസര്‍ക്കാര്‍ തങ്ങളുടെ നേട്ടപട്ടിക അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ പുരോഗതിയെന്തെന്ന് വസ്തുതാപരമായി അവതരിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയുമോ. ഇത് പ്രബുദ്ധകേരളമാണെന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ടത് ഇത് പ്രബുദ്ധകേരളം തന്നെയാണെന്നാണ്.

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.