×
login
സദ്ഭരണത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍

പ്രതിബദ്ധത, ധ്യാനം, സമര്‍പ്പണം, നിസ്വാര്‍ത്ഥ സേവനം എന്നിവയുടെ ഏറ്റവും വലിയ ഉദാഹരണമായ പ്രധാന സേവകന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 'മന്ത്രം' പാവപ്പെട്ടവരുടേയും പിന്നാക്ക വിഭാഗങ്ങളുടേയും ഉയര്‍ച്ചയും രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയുമാണ്

ജെ.പി. നദ്ദ

ബിജെപി ദേശീയ അധ്യക്ഷന്‍

 

പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിലെത്തിയിട്ട് ഇന്ന് രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാകുന്നു. 2001 ഒക്ടോബര്‍ 7നാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. നാലുതവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തി. അതിനുശേഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ 'പ്രധാന സേവകനാ'യി ചുമതലയേറ്റു. മോദിയുടെ പൊതുസേവന ജീവിതം പൂര്‍ണമായും ഇന്ത്യയെ സമ്പദ് സമൃദ്ധവും ശക്തവുമായ രാജ്യമാക്കി, വിശ്വഗുരുവാക്കി മാറ്റുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണ്.  'കര്‍മയോഗി' എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മോദി  'നവ ഇന്ത്യ' യെന്ന സ്വപ്നം നിറവേറ്റുന്നതിനായുള്ള ആത്മവിശ്വാസം രാജ്യത്തിനു നല്‍കി.

ഭുജിലെ വന്‍ ഭൂകമ്പത്തിനുശേഷം ഗുജറാത്ത് സമാനതകളില്ലാത്ത ദുരന്തം നേരിടുന്ന സമയത്താണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി  അധികാരത്തിലെത്തിയത്. ഗുജറാത്തിന്റെ സാമ്പത്തിക കേന്ദ്രവും അടിസ്ഥാന സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭുജിനെ പുനര്‍ നിര്‍മ്മിച്ചതോടൊപ്പം കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ ബിജെപിയെ വളര്‍ത്തി.  

പ്രതിബദ്ധത, ധ്യാനം, സമര്‍പ്പണം, നിസ്വാര്‍ത്ഥ സേവനം എന്നിവയുടെ ഏറ്റവും വലിയ ഉദാഹരണമായ പ്രധാന സേവകന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 'മന്ത്രം'  പാവപ്പെട്ടവരുടേയും പിന്നാക്ക വിഭാഗങ്ങളുടേയും ഉയര്‍ച്ചയും രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍, സാമൂഹ്യക്ഷേമം അടിത്തറയാക്കി നടത്തിയ സമഗ്ര വികസനത്തിന്റെ പേരില്‍ മോദി സംസ്ഥാനത്തെ രാജ്യത്തിനും ലോകത്തിനും മാതൃകയാക്കി ഉയര്‍ത്തിയിരുന്നു. ഭൂകമ്പത്തിനു പിന്നാലെ ഭുജിനെ പുനര്‍ നിര്‍മിച്ചതും 'വൈബ്രന്റ് ഗുജറാത്ത്' പദ്ധതിക്ക് കീഴില്‍ ഗുജറാത്തിനെ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവാണ്.  ഊര്‍ജ്ജോത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കി മാറ്റിയതും ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ നിര്‍മാണം പോലുള്ള വികസന ഘടകങ്ങളും ആഗോള തലത്തില്‍ ഗുജറാത്തിന് അംഗീകാരം നേടിക്കൊടുത്തു.

ഗ്രാമീണ മേഖലയുടെ വികസനത്തിലൂടെ ഗുജറാത്തിന്റെ മുഖച്ഛായ മാറ്റി. 'കന്യ കേലാവ്‌നി യോജന', 'ശാല പ്രവേശോത്സവ്', 'ബേഠി ബചാവോ ബേഠി പഠാവോ' പോലുള്ള പദ്ധതികള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തിലും സ്ത്രീ സാക്ഷരതയിലും വര്‍ദ്ധന വരുത്തി. ഈ പദ്ധതികള്‍ സ്ത്രീശാക്തീകരണത്തിന് ദേശീയ മാനദണ്ഡം സൃഷ്ടിച്ചു. ഗ്രാമീണ വികസനത്തിന്റെ 'ഗുജറാത്ത് മാതൃക' ലോകമെമ്പാടും പഠനവിഷയമായി. 'ജ്യോതിഗ്രാം യോജന, ഇ-ഗ്രാം വിശ്വഗ്രാം', ജലസംരക്ഷണം, ഭൂഗര്‍ഭജല പുനരുജ്ജീവനം പദ്ധതികള്‍ എന്നിവ ഗ്രാമീണ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.

അഴിമതിയും ദുര്‍ഭരണവും സ്വജനപക്ഷപാതവും കൊണ്ട് മലീമസമായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന് 2014ല്‍ അന്ത്യം കുറിച്ചപ്പോഴാണ് ഇന്ത്യയുടെ നിര്‍ണായക സമയം വന്നെത്തിയത്.  വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട മോദി, പ്രധാനമന്ത്രി എന്നതിനു പകരം 'പ്രധാന സേവകനാ'യാണ് ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കിയ മോദി  നവ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം രാജ്യത്തെ ഓരോ പൗരന്റെയും-പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ന്യൂനപക്ഷങ്ങളുടേയും യുവജനങ്ങളുടേയും സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും വിദ്യാര്‍ത്ഥികളുടേയും നഗര-ഗ്രാമവാസികളുടേയും ജീവിത പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.

ആഗോള തലത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ് മോദി. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ ജനങ്ങളുമായുള്ള അഭേദ്യ ബന്ധത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഓരോ ദുരന്തമുഖത്തും അദ്ദേഹം നേരിട്ടെത്തി. ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുകയും ചെയ്തു. അത്തരം രണ്ട് സംഭവങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഛത്തീസ്ഗഢില്‍ നടന്ന ഒരു പരിപാടിക്കിടെ പ്രായമായ ഒരു സ്ത്രീയുടെ കാല്‍ തൊട്ട് അദ്ദേഹം വന്ദിക്കുകയുണ്ടായി. അതുപോലെ ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി 'സ്വച്ഛ് ഭാരത് അഭിയാനില്‍' അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുകയും ചെയ്തു.  

ഇന്ന് നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ സ്വയംപര്യാപ്തവും ആത്മവിശ്വാസവുമുള്ള ഒരു രാജ്യമായി നിലകൊള്ളുന്നു. ജന്‍ധന്‍ യോജന, ജന്‍ സുരക്ഷ യോജന, മുദ്ര യോജന, ഡിജിറ്റല്‍ ഇന്ത്യ, ഉജ്ജ്വല യോജന, ഉജാല യോജന, ആയുഷ്മാന്‍ ഭാരത് യോജന, കിസാന്‍ സമ്മാന്‍ നിധി യോജന, ആവാസ് യോജന, സൗഭാഗ്യ യോജന, ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫലപ്രദമായ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും നാം സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്.

പരിഹരിക്കാനാകില്ലെന്ന് ഭയന്ന് മുന്‍ സര്‍ക്കാരുകള്‍ ഇടപെടാന്‍ ധൈര്യം കാണിക്കാതിരുന്ന ചില തര്‍ക്കങ്ങളിലും നിയമപ്രശ്‌നങ്ങളിലും ഇടപെട്ട് അവ പരിഹരിക്കാനായി എന്നതാണ് പ്രധാന സേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം. 'ഒരു രാജ്യം, ഒറ്റ നിയമം, ഒറ്റ അടയാളം' എന്ന പ്രതിബദ്ധതയ്ക്കായി അനുച്ഛേദം 370 റദ്ദാക്കിയത്, 'മുത്തലാഖ്' അവസാനിപ്പിച്ചത്, അയോധ്യയിലെ രാമജന്മഭൂമിയില്‍ മഹാ ക്ഷേത്രത്തിന്റെ 'ഭൂമി പൂജ' നടത്തിയത്, ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കിയത്, പൗരത്വ നിയമ ഭേദഗതി, പൊതുവിഭാഗത്തില്‍ പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തല്‍, ജിഎസ്ടി തുടങ്ങി രാജ്യത്തിന് ശക്തമായ അടിത്തറ നിര്‍മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ തീരുമാനങ്ങളെല്ലാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിലെ നാഴികക്കല്ലുകളാണ്.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി തീവ്രവാദ ക്യാമ്പുകളില്‍ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിന്  മോദി നല്‍കിയ അനുമതി, രാജ്യം ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ്. വിദേശ നയങ്ങളിലെ പാളിച്ചകള്‍ തിരുത്തിയ മോദി  ഭരണകൂടം പഴയകാല സുഹൃദ് രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കുകയും പുതിയ ചില രാജ്യങ്ങളെക്കൂടി സൗഹൃദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 'യോഗ'യ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും മോദിയാണ്.

കൊറോണ മഹാമാരിക്കാലത്ത് നമ്മുടെ പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. സമയാസമയങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് മുതല്‍ വാക്‌സിന്‍ നിര്‍മാണത്തിന് പിന്തുണ നല്‍കുകയും വാക്‌സിനേഷന്‍ ഡ്രൈവിന് നേതൃത്വം നല്‍കുകയും ചെയ്ത നരേന്ദ്ര മോദി ലോകത്തെ പ്രബല രാജ്യങ്ങള്‍ കൊറോണയ്ക്ക് മുമ്പില്‍ പകച്ചു നിന്നപ്പോള്‍ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുമ്പില്‍ നിന്ന് നയിച്ചു. ഗരീബ് കല്യാണ്‍ അന്ന യോജന, ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജന പോലുള്ള പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ഇതിനുദാഹരണമാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക പ്രചാരണങ്ങള്‍ക്കിടയിലും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് രണ്ട് വാക്‌സിനുകള്‍ വികസിപ്പിക്കാനായി. മോദി സര്‍ക്കാര്‍ ലോകത്തെ ഏറ്റവും വലുതും വേഗത്തിലുള്ളതുമായ പ്രതിരോധ കുത്തിവയ്പു പരിപാടിക്ക് തുടക്കം കുറിച്ചു. ഇപ്പോള്‍ 93 കോടിപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ നാം ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നു കണക്ക് കൂട്ടുകയാണ്.

മോദി 'പ്രധാന സേവകനാ'യി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഭാഗ്യമായി കരുതുകയാണ്. അദ്ദേഹം രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ഇന്ത്യയെ  'വിശ്വഗുരു'വാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് അദ്ദേഹത്തിന് മികച്ച ആരോഗ്യവും ആയുസും നല്‍കണമെന്ന് ഞാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

 

  comment

  LATEST NEWS


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍


  ഓര്‍ജിനലിനെ വെല്ലുന്ന വ്യാജന്മാര്‍; വഴിയോരത്ത് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ് സുലഭം; പ്രതികരിക്കാതെ സര്‍ക്കാര്‍; ഏലത്തിലും വ്യാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.