×
login
കമ്മീഷനുകളെകൊണ്ട് ആര്‍ക്കാണ് ഇനി ഗുണം?

സ്ത്രീകളുടെ സംരക്ഷണത്തിനായി സ്നേഹവും കരുതലുമുള്ള വനിത കമ്മീഷന്‍ കേരളത്തില്‍ ഉണ്ടാകട്ടെ. അതുപോലെ കാലോചിതമായ മാറ്റങ്ങള്‍ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും പുത്തന്‍ ഉണര്‍വുണ്ടാകട്ടെ. വനിത കമ്മീഷന്‍ രാജിവെച്ചതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള പലരും രാജിവെക്കേണ്ടത് അനിവാര്യമാണ്.

'എന്റെ പാര്‍ട്ടി, എന്റെ കോടതി എന്റെ പോലീസ് എന്നെ ഒരാള്‍ പീഡിപ്പിച്ചാല്‍ എന്റെ പാര്‍ട്ടിക്ക് പരാതി കൊടുക്കും'  എന്നൊക്കെ ഒരു വനിത കമ്മീഷന്‍ പറയുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇപ്പോഴും ഒരു പാര്‍ട്ടിയുടെ ആധിപത്യത്തില്‍ നിന്നും നമ്മുടെ വനിത കമ്മീഷന്‍ സ്വതന്ത്രമായിട്ടില്ല. വ്യക്തിപരമായ താല്പര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ഒളിഞ്ഞോ തെളിഞ്ഞോ സ്ത്രീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വനിത കമ്മീഷനില്‍ നിന്നുണ്ടായത്. ഇങ്ങനെ കൊടിയുടെ നിറം നോക്കി സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പുതുപോഷണമേകി ഭാഷയെ - സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ ധാരാളമാണ്. നമ്മുടെ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പാവപ്പെട്ട സര്‍ഗ്ഗധനരായ എഴുത്തുകാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവരെ കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗവും മുന്നിലില്ല. ഏത് വഷളത്തരത്തിനും മൂടുപടമിടുന്ന പ്രച്ഛന്നവേഷക്കാര്‍ കേരളത്തില്‍ പെരുകുന്നു.  

വനിത കമ്മീഷനില്‍ കണ്ടത് രൂഢമൂലമായ പാര്‍ട്ടി മേധാവിത്തമാണ്. പാര്‍ട്ടി സ്വാധീനമില്ലത്ത എഴുത്തുകാരനും പാവപ്പെട്ട സ്ത്രീയും ഒരേ ത്രാസ്സിലാണ് തുങ്ങുന്നത്. അവര്‍ക്ക് നീതി ലഭിക്കുന്നില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍  നടക്കുന്ന അനീതികളെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. അവര്‍ക്ക് ഒരു കുലുക്കവുമില്ല. വനിത കമ്മീഷന് കിട്ടിയ ലക്ഷങ്ങള്‍ പോലെ എല്ലാം മാസവും പാവപ്പെട്ടവന്റെ നികുതി പണം അവര്‍ക്ക് വേതനമായും മറ്റ് പല പേരുകളിലും കിട്ടുന്നു. ആരൊക്കെ മടിശ്ശില നിറക്കുന്നുവെന്നുള്ള കണക്കൊന്നും എന്റെ കയ്യിലില്ല.   സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകികയറ്റുന്നവര്‍ക്ക് പാര്‍ട്ടി  പറയുന്നതാണ് വേദവാക്യം. രാജഭരണകാലത്തും, ബ്രിട്ടീഷ്‌കാര്‍ ഭരിച്ച കാലത്തും ഇത്തരത്തില്‍ ഒരു കൂട്ടരെ തൃപ്തിപ്പെടുത്താന്‍ ഇതുപോലുള്ള വിശ്വസ്ത സേവകര്‍ അല്ലെങ്കില്‍ രാഷ്ട്രീയ വീട്ടുവേലക്കാരെ കണ്ടിട്ടുണ്ട്. സത്യവും നീതിയും  പൊതുതാല്പര്യവും ബലികഴിച്ചുകൊണ്ട് വര്‍ഗ്ഗ താല്പര്യവും സ്വാര്‍ത്ഥതയും വളര്‍ത്തുന്നവര്‍ക്ക് പരിരക്ഷ കൊടുക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഇന്ന് കാണുന്ന പ്രവണത പരാതി പറയുന്നവരെ, അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തുന്നു അല്ലെങ്കില്‍ നിശ്ശബ്ദരാക്കുന്നു.  

വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പുറത്തുപോയപ്പോള്‍ സൂത്രശാലികളായ പരിചാരകര്‍ പറയുന്നത് സ്നേഹത്തോടെ, സഹോദര്യത്തോടെ സ്ത്രീകളോട് പെരുമാറണമായിരുന്നു എന്നാണ്. ഈ കൂട്ടര്‍ക്ക് ഇപ്പോഴാണ് ബോധോദയമുണ്ടായത്. ഇതേ സ്ത്രീ വിരുദ്ധ സമീപനം തന്നെയാണ് പാര്‍ട്ടി അംഗങ്ങളല്ലാത്ത എഴുത്തുകാരോടും കാട്ടുന്നത്. പാര്‍ട്ടി മേലാളന്മാര്‍ക്ക് ഓശാന പാടുന്നവര്‍ക്കെതിരെ പരാതി കൊടുത്താല്‍ അത് പ്രഹസനമായി മാറുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 2015 -16 ല്‍ ഞാന്‍ കൊടുത്ത സര്‍ദാര്‍ പട്ടേല്‍ ജീവചരിത്രം ഇന്നുവരെ പുറത്തുവന്നിട്ടില്ല. എന്റെ പരാതി നേരിട്ട് പലര്‍ക്കും കൊടുത്തു. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും ഇന്നുവരെ ഒരു ഫലവുമുണ്ടായില്ല. ഇവിടെ നടക്കുന്നത് രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവുമാണോ? സ്ത്രീവിമോചനം പോലെ സാഹിത്യ സാംസ്‌കാരിക രംഗത്തും വിമോചനം ആവശ്യമാണ്. ഈ രംഗം ഒരു സ്വതന്ത്ര ഭരണകൂടത്തെ ഏല്‍പ്പിക്കാതെ ഭാഷയും കലാ സാഹിത്യ രംഗവും രക്ഷപ്പെടില്ല. കേരളത്തിലെ പുരുഷാധിപത്യം പല സ്ത്രീകളെയും ചില്ലുപാത്രത്തിലടച്ചതുപോലെയാണ് പാര്‍ട്ടികളുടെ ഏകാധിപത്യം എഴുത്തുകാരേയും കൂട്ടിലടക്കുന്നത്.

ഒരു ഭാഗത്ത് മലയാള കലാസാഹിത്യത്തിന്റ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന് പറയുകയും മറുഭാഗത്തു പാര്‍ട്ടി എഴുത്തുകാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നത് ഭാഷയോട് കാണിക്കുന്ന അനീതിയാണ്.    കേരള സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖ സാഹിത്യ സാംസ്‌കാരിക സ്ഥാപനമായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എടുക്കുക. അതിന്റ ഡയറക്ടര്‍ ഒരു പ്രമുഖ സാഹിത്യകാരനോ കവിയോ പണ്ഡിതനോ അല്ല. എന്നിട്ടും പദവി കൊടിയുടെ നിറത്തില്‍ കിട്ടുന്നു. യോഗ്യതയുള്ളവര്‍ തള്ളപ്പെടുന്നു. ഭാഷയോടുള്ള ബന്ധമല്ല ഇവിടെ നടപ്പാക്കുന്നത് അതിലുപരി ഓരോരുത്തര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മുടെ സാംസ്‌കാരിക രംഗത്തെ ചവുട്ടിമെതിക്കുന്ന ഈ പ്രവണത എന്നാണ് അവസാനിക്കുക?    

സ്ത്രീകളുടെ സംരക്ഷണത്തിനായി സ്നേഹവും കരുതലുമുള്ള വനിത കമ്മീഷന്‍ കേരളത്തില്‍ ഉണ്ടാകട്ടെ. അതുപോലെ കാലോചിതമായ മാറ്റങ്ങള്‍ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും പുത്തന്‍ ഉണര്‍വുണ്ടാകട്ടെ. വനിത കമ്മീഷന്‍ രാജിവെച്ചതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള പലരും രാജിവെക്കേണ്ടത് അനിവാര്യമാണ്.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.