×
login
ദാരിദ്ര്യമില്ലാത്ത കണ്ണീര്‍

ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?

ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?

  ഒരു നേരം പശിയടക്കാന്‍ പാങ്ങില്ലാത്തവരെ അതിന് സജ്ജമാക്കുന്നതില്‍ ഐതിഹാസിക വിജയം വരിച്ചെന്ന അഹന്തയുമായി ഭരണകൂടം തമ്പേറടിച്ച് ആഘോഷത്തിമിര്‍പ്പിലാണ്. അതിന്റെ ആത്യന്തികഫലം കൊയ്‌തെടുത്ത അരിവാള്‍ യഥാര്‍ഥത്തില്‍ ആരുടെ കൈയിലാണെന്നതിന്റെ തര്‍ക്കമാണെങ്കില്‍ മൂര്‍ധന്യത്തിലുമാണ്. കണക്കുകള്‍ പുറത്തു വരുമ്പോള്‍ ആരാണോ ഇരിപ്പിടത്തിലുള്ളത് അവര്‍ക്കാണല്ലോ കൊട്ടും കുരവയും. അതാണല്ലോ നടപ്പുരീതി. അങ്ങനെ വരുമ്പോള്‍ വല്യമ്പ്രാന്‍ പറഞ്ഞത് അത്രകണ്ട് ശരിയോ എന്ന സംശയമാണെങ്ങും. വിവരവും വിവേകവും ഉള്ളവര്‍ പറയുന്നത് വിലയിരുത്തുമ്പോള്‍ അങ്ങനെയേ കരുതാന്‍ കഴിയൂ. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നു പറഞ്ഞതിന്റെ അനന്തരഫലമായി ദരിദ്രരില്ലാത്ത നാടായി കേരളം മാറിയില്ലേ എന്നാണ് ചോദ്യം. ആയതിന് നിതി ആയോഗിന്റെ കണക്ക് മുമ്പിലേക്കിട്ടും തരുന്നു. കിറ്റ് വാങ്ങി വോട്ടു കുത്തിയവരൊക്കെ'അങ്ങനെത്തന്നെ മൊയ്‌ലാളി' എന്ന പരുവത്തിലാണ്. ഇങ്ക്വിലാബിന്റെ വെളിച്ചെത്തില്‍ നീതി,നിയമം,തിയതി ... തുടങ്ങിയവയ്‌ക്കൊന്നും പ്രസക്തിയില്ലല്ലോ.

    ഭരണത്തിലേറും മുമ്പ് ചിലരു ഭരിച്ചതിന്റെയും നടപ്പാക്കിയതിന്റെയും വെളിച്ചത്തിലാണ് ദരിദ്രരില്ലാത്ത നാടായി കേരളം മാറിയതെന്ന പരമ വസ്തുതയ്ക്കു മുകളില്‍ ചെങ്കൊടി പുതപ്പിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലായി. ഇവിടെയാണ് നാം അറിയാതെ ശിക്കാരിശംഭുവിനെ നമിച്ചുപോവുന്നത്. നേട്ടം മുഴുവന്‍ സ്വന്തം ഉമ്മറത്തേക്കു വലിച്ചു കൂട്ടുമ്പോള്‍ പക്ഷേ, അട്ടപ്പാടിയെ കാണുന്നില്ല. ദരിദ്ര കോടികള്‍ അന്തിയുറങ്ങാന്‍ ഒരു കൂരയ്ക്കു കാത്തിരിക്കുന്നത് കാണുന്നില്ല. ആരോ നീട്ടിത്തരുന്ന ഉപഹാരം അത്യാഹ്ലാദത്തോടെ വാരി നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഓര്‍മവേണം ഇതൊന്നും തങ്ങളുടെ കഴിവുകൊണ്ട് നേടിയതല്ലെന്ന്!

 എല്ലാ കാലത്തും ഇങ്ങനെ ആരാന്റെ കൂട്ടില്‍ മുട്ടയിട്ട് ബാധ്യത ഒഴിവാക്കുന്ന കുയിലിന്റെ തന്ത്രം പയറ്റുന്ന മാര്‍ക്്‌സിറ്റ് നിലപാട് മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടും'കടക്ക് പുറത്ത് ' എന്നു പറഞ്ഞിട്ടില്ല എന്നതാണിതിലെ പ്രകടമായ വ്യത്യാസം. ഏതായാലും ദരിദ്രന്മാര്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഇനി ഏതൊക്കെ മേഖലയിലാവും പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുക എന്നേ അറിയാനുള്ളൂ. യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയമായും മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പാക്കുന്നതിനു എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായും ദരിദ്രര്‍ കുറഞ്ഞത് വിലയിരുത്തുമ്പോള്‍ സാധാരണക്കാര്‍ അന്തംവിടുകയാണ്. ഇങ്ങനെയൊക്കെ അഹോരാത്രം പണിയെടുത്തിട്ടും എന്തേ വനവാസി സഹോദരങ്ങള്‍ പൊരിവെയിലില്‍ തന്നെ?

  അട്ടപ്പാടിയില്‍ ഒഴുകിപ്പോയ കോടികളുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ രണ്ടു സിങ്കപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അവിടത്തുകാര്‍ അന്തിയുറങ്ങുമായിരുന്നു! 47 നവജാത ശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനു ശേഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ വഴി അവിടെ ചെലവഴിച്ചത് 131 കോടിരൂപ. എന്നാല്‍ നഷ്ടമായതോ 121 കുട്ടികള്‍. ദാരിദ്ര്യത്തിന്റെ മൂടുപടം കീറിയെറിഞ്ഞതിന്റെ അഹന്തയുമായി മുന്നിട്ടിറങ്ങുന്നവരുടെ നേരെ കണ്ണീര്‍പ്പെരുമഴയായി ആര്‍ത്തലച്ച് ഒഴുകുകയല്ലേ അട്ടപ്പാടി? വിശപ്പടക്കാന്‍ പാങ്ങില്ലാതെ നാഴിയരിയെടുത്ത ചിണ്ടക്കി ഊരിലെ മധുവിനെ ചവിട്ടിക്കൊന്ന സംസ്‌കാരത്തില്‍ നിന്ന് ഒരു പടിയെങ്കിലും ഭരണകൂടം മുന്നോട്ടു പോയിട്ടുണ്ടോ? ദരിദ്രര്‍ എന്നുപോലും പറയാനാവാത്ത അവിടത്തെ നിസ്സഹായരെ പൊരിവെയിലത്ത് നിര്‍ത്തിയാണ് അവകാശവാദങ്ങളുടെ ആര്‍പ്പുവിളിയുമായി ജാഥ നടത്തുന്നത്.  


  ഏതെങ്കിലും അരിത്ത്മാറ്റിക്‌സിന്റെ വെളിച്ചത്തില്‍ ലാസ്യനടനമാടാനുള്ള സംവിധാനമായി സര്‍ക്കാര്‍ മാറുമ്പോഴുള്ള ദുരന്തമാണിത്. റിപ്പോര്‍ട്ടുകളുടെ മാസ്മര ലഹരിയില്‍ നില മറന്നാടുന്നതിനു പകരം ഓരോ മേഖലയിലെയും ഇന്നത്തെ നില അവലോകനം ചെയ്ത് മനുഷ്യത്വം കാണിച്ചു മുന്നോട്ടു പോവുകയല്ലേ വേണ്ടത്? രണ്ട് തരത്തില്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കാം. ഒന്ന്,അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് പറയാം. രണ്ട്,അത്തരം അവസ്ഥയില്‍ പിടഞ്ഞ് വീഴുന്നവര്‍ക്ക് ഒരു കൈ നീട്ടിക്കൊടുക്കാം. ഇതില്‍ ഏതാണ് സര്‍,നിങ്ങളുടെ ചോയ്‌സ്? ഏത് ചോയ്‌സ് ആയാലും'പോയി തൂങ്ങിച്ചത്തോ' എന്നു മാത്രം പറയരുതേ. കയറുവാങ്ങാന്‍ കാശില്ലാത്തവന്‍ എന്തു ചെയ്യും?

 

നേര്‍മുറി

കുട്ടികള്‍ക്ക് എന്തിനാണ് സമ്പാദ്യം?: മുഖ്യമന്ത്രി മുദ്രാവാക്യം ധാരാളം

അട്ടപ്പാടിയില്‍ ഒഴുകിപ്പോയ കോടികളുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ രണ്ടു സിങ്കപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അവിടത്തുകാര്‍ അന്തിയുറങ്ങുമായിരുന്നു! 47 നവജാത ശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനു ശേഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ വഴി അവിടെ ചെലവഴിച്ചത് 131 കോടിരൂപ. എന്നാല്‍ നഷ്ടമായതോ 121 കുട്ടികള്‍.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.