×
login
'കള്ളോളം നല്ലൊരു വസ്തു...'

ചത്താല്‍ മദ്യം, പെറ്റാല്‍ മദ്യം, കല്യാണത്തിന് മദ്യം. എന്നുവേണ്ട എല്ലാ ചടങ്ങിനും മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. 'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ' എന്ന ചൊല്ല് ഇപ്പോഴാണ് കാര്യമായിട്ടുള്ളത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാരിന്റെ വാര്‍ഷികത്തോടൊപ്പമാണല്ലൊ

ണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും പിന്നിട്ടു. കേരളം ഇതോടെ വലിയ ഇമ്മിണി വലിയ ഒന്നായി എന്നാണ് അവകാശവാദം. ശരിയാണ് പല കാര്യങ്ങളിലും കേരളം വലിയ ഒന്നായി. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്ത്രീപീഡനത്തിലാണ്. ആറുവര്‍ഷത്തിനിടയില്‍ ഏതാണ്ട് ഒരുലക്ഷത്തോളം സ്ത്രീ പീഡനകേസുകളുണ്ടായി. ഇത്രത്തോളം സ്ത്രീപീഡനം മറ്റൊരു സംസ്ഥാനത്തും നടന്നുകാണില്ല. ആരോഗ്യമേഖല ലോക നിലവാരത്തിലേക്കുയര്‍ന്നു എന്ന് അവകാശപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നിട്ടോ? മുഖ്യമന്ത്രിക്ക് ചികിത്സിക്കാന്‍ അമേരിക്കയിലേക്ക് പറക്കണം. പാര്‍ട്ടി സെക്രട്ടറിക്കും അതുതന്നെ അവസ്ഥ. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ഡോക്ടര്‍മാരില്ല. മറ്റുപലതുമില്ല. മഹാമാരി നേരിടുന്നതില്‍ മികച്ച രീതി എന്നവകാശപ്പെടുന്നു. ആ മികവ് കോവിഡ് കാലത്ത് കണ്ടു. കേരളത്തില്‍ മാത്രം 70000 ത്തില്‍പ്പരം പേരാണ് കോവിഡ് മൂലം മരിച്ചത്. എല്ലായിടത്തും കോവിഡ് പൂര്‍ണമായും നീങ്ങിയിട്ടും കേരളത്തോട് വിടപറയാന്‍ മടി.

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും പാലിക്കാന്‍ കഴിയുന്നില്ല. അതില്‍ പ്രധാനമാണ് മദ്യത്തിന്റെ കാര്യം. ഘട്ടംഘട്ടമായി മദ്യത്തെ നീക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇന്നെന്താണ് സ്ഥിതി. പെട്ടിക്കടപോലെ മദ്യശാലകള്‍ തുറന്നുവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മദ്യം വരുത്തിവയ്ക്കുന്ന കെടുതികള്‍ വളരെ വലുതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാന്‍ പോലീസ് കാത്തുനില്‍ക്കുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചാലേ പ്രശ്‌നമുള്ളൂ എന്നാണോ? സുലഭമായി മദ്യം ലഭ്യമാക്കുന്നത് തടയാന്‍ നടപടി വേണ്ടേ. മദ്യം ഇന്ന് ആഘോഷങ്ങളുടെ അനിവാര്യഘടകമായതെങ്ങിനെയാണ്.

ചത്താല്‍ മദ്യം, പെറ്റാല്‍ മദ്യം, കല്യാണത്തിന് മദ്യം. എന്നുവേണ്ട എല്ലാ ചടങ്ങിനും മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. 'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ' എന്ന ചൊല്ല് ഇപ്പോഴാണ് കാര്യമായിട്ടുള്ളത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാരിന്റെ വാര്‍ഷികത്തോടൊപ്പമാണല്ലൊ.

സംസ്ഥാനത്തിന്റെ പുതുക്കിയ മദ്യനയത്തിന്റെ ഭാഗമായാണ് പൂട്ടിയ മദ്യ വില്‍പ്പനശാലകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോടതി ഉത്തരവ് കാരണം ദേശീയ പാതയില്‍ നിന്നും  500 മീറ്റര്‍ പരിധി പാലിക്കാന്‍ സാധിക്കാത്തവയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിച്ചതുമായ 68 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

മദ്യശാലകള്‍ക്ക് മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട്‌ലൈറ്റുകള്‍ പ്രമീയം ഔട്ട്‌ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ഈ താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതിയുണ്ട്.


തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്നായിരുന്നു ബെവ്‌കോ എംഡിയുടെ ശുപാര്‍ശ. എന്നാല്‍ എത്ര മദ്യവില്‍പ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ 243 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 552 മദ്യവില്‍പന ശാലകളാകും. ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനും മദ്യനയത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തിരുവനന്തപുരത്തുനിന്ന് ഒരുമദ്യദുരന്തവാര്‍ത്തയുണ്ടായിരിക്കുന്നത്.

വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍നിന്നു വീണു യുവാവു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു, സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍, വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വീട്ടിലെ മദ്യം കഴിച്ചതിന്റെ ബാക്കി പത്രമാണിതെന്ന് പറയപ്പെടുന്നു.

കോലിയക്കോട് കീഴാമലയ്ക്കല്‍ സ്വദേശി ഷിബു ആണു മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികില്‍സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവാവ് ടെറസില്‍നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിച്ചു.

ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിശോധനയ്ക്കു നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡിക്കല്‍ കോളജില്‍ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികള്‍ നല്‍കിയത്.

പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസില്‍വച്ച് ആറോളംപേര്‍ ചേര്‍ന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തില്‍ വ്യക്തമായി. അതിനിടെ കണ്ണൂര്‍ ഇരിട്ടിക്കടത്ത് പട്ടാപ്പകല്‍ മദ്യപിച്ച് അടികൂടി ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതുപോലെ പല പരിപാടികലും കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്നു. എന്നാലും നമ്മള്‍ ഊറ്റംകൊള്ളും. നമ്മുടേത് വലിയ ഒന്നാണെന്ന്.

comment

LATEST NEWS


ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.