login
കേരമില്ലാതാകുന്ന കേരളം

ഈ നാടിനെ 'കേരള'മാക്കി മാറ്റിയ, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആയിരത്താണ്ടുകളായി പോറ്റി വളര്‍ത്തിയ കേരം മാത്രം ചുരുങ്ങി രോഗാതുരയായി മരണക്കിടക്കയില്‍ കിടപ്പാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ, സങ്കടപ്പെടാനില്ലാതെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല ചുരുണ്ടും കായ കുരുടിച്ചും മണ്ട ചീഞ്ഞും കൂമ്പുണങ്ങിയും തെക്കുനിന്നാരംഭിച്ച രോഗം മധ്യകേരളം വരെയെത്തി. അക്ഷരാര്‍ത്ഥത്തില്‍ കേരകൃഷിയുടെ ശവപ്പറമ്പായിരിക്കുന്നു അര്‍ദ്ധകേരളം.

നാടുനീളെ ആശുപത്രികള്‍, വീടുകള്‍, വണ്ടികള്‍. എല്ലാം പെരുകി  നിറയുന്ന കേരളം. ഒപ്പം കാക്കത്തൊള്ളായിരം രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും. ഇവയെ തടഞ്ഞിട്ട് നടക്കാനും പറ്റാതായി. എല്ലാം പെരുകി എന്നിട്ടും ഈ നാടിനെ 'കേരള'മാക്കി മാറ്റിയ, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആയിരത്താണ്ടുകളായി പോറ്റി വളര്‍ത്തിയ കേരം മാത്രം ചുരുങ്ങി രോഗാതുരയായി മരണ ക്കിടക്കയില്‍ കിടപ്പാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ, സങ്കടപ്പെടാനില്ലാതെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല ചുരുണ്ടും കായ കുരുടിച്ചും മണ്ട ചീഞ്ഞും കൂമ്പുണങ്ങിയും തെക്കുനിന്നാരംഭിച്ച രോഗം മധ്യകേരളം വരെയെത്തി.  അക്ഷരാര്‍ത്ഥത്തില്‍ കേരകൃഷിയുടെ ശവപ്പറമ്പായിരിക്കുന്നു അര്‍ദ്ധകേരളം. മുപ്പതു കൊല്ലം മുമ്പ് തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ആലപ്പുഴയിലാണ് ഈ രോഗം ഞാന്‍ ആദ്യമായി കാണുന്നത്. അത് പടര്‍ന്ന് എന്റെ കൊടുങ്ങല്ലൂര്‍ ദേശത്തേയും ഉണക്കിക്കളയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുടിയിരിപ്പില്‍ മാത്രം മാസം ആയിരത്തില്‍ മേലെ തേങ്ങ കിട്ടിയിരുന്നിടത്ത് ഇന്ന് കൊല്ലത്തില്‍ അതിന്റെ പകുതി പോലും എനിക്ക് കിട്ടാതായിരിക്കുന്നു. കേടുമൂലം തെങ്ങുകളുടെ എണ്ണവും പത്തിലൊന്നായി ചുരുങ്ങി. ഉള്ളത് തന്നെ ശോഷിച്ച് മരണാസന്നമായി നില്‍ക്കുന്നു. ഒന്നിരുത്തി ചിന്തിച്ചാല്‍ ഇതാണ് കേരളത്തിന്റെ കേര പരിപാലനത്തിന്റെ നേര്‍ച്ചിത്രം.

ഒരു മുറവിളിയില്ല, നിലവിളിയില്ല, അനുശോചനമില്ല, പ്രതിഷേധമില്ല, ജാഥയില്ല, വഴിതടയലില്ല, ഒരു ഹര്‍ത്താലും മണ്ണാങ്കട്ടയുമില്ല. എല്ലാം പൊറുത്തു് പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന നാണംകെട്ട കടലാസ് കര്‍ഷക സംഘടനകളും നേതാക്കളും മാത്രമുണ്ടിവിടെ. അവരാകട്ടെ പല്ലിറുമ്മിയും ചിലപ്പോള്‍ ഇളിച്ചുകാട്ടിയും നടക്കുന്ന രാഷ്ട്രീയ മേലാളന്മാരായ ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ കടിച്ചുവലിച്ച് ഒരു മുറുമുറുപ്പുമില്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്നു. തടിച്ചു കൊഴുത്ത രാഷ്ട്രീയ മേലാളന്മാരായ ഭരണാധികാരികളെ ഇക്കൂട്ടര്‍ക്ക് ഭയമാണ്. കൂമ്പുണങ്ങി മൊട്ടയായ തെങ്ങും ഭരണാധികാരികളും ഇതൊക്കെക്കണ്ട് നിസ്സഹായനായി വായും പൊളിച്ചു നില്‍ക്കുന്ന ദരിദ്ര കര്‍ഷകനും ചേര്‍ന്നതാണ് നവകേരള പരിച്ഛേദം.

ഈ ഒരവസ്ഥ തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഒന്നാലോചിച്ചു നോക്കു. കത്തുമായിരുന്നു ആ നാട്. കര്‍ഷകരും രാഷ്ട്രീയപ്പാര്‍ട്ടികളും തെരുവിനെ ഉഴുതുമറിയ്ക്കുമായിരുന്നു. ഉണങ്ങിയ തെങ്ങിനെ തോളിലേറ്റി ചെന്നെയിലേയ്ക്കും ദില്ലിയിലേയ്ക്കും മാര്‍ച്ചു ചെയ്യുമായിരുന്നു. ഇതൊന്നും ഇവിടെയുണ്ടായില്ല. ഉണ്ടാകുകയുമില്ല. കാരണം ഇത് കേരളമാണ്. ഒരു കൃതജ്ഞതയുമില്ലാത്ത ഭരണാധികാരികളുടെ കേരളം. ഒരു ശേഷിയുമില്ലാത്ത കര്‍ഷക നേതാക്കളുടെ കേരളം.  

ആമസോണ്‍ കാടുകളില്‍ ഒരു മുളയുണങ്ങിയാല്‍ ഇവിടെ ബന്ദു നടത്തി റോഡും തോടുംവരെ നിശ്ചലമാക്കും. പറ്റിയാല്‍ ആകാശത്തുകൂടി പോകുന്ന വിമാനത്തേയും തെറി വിളിച്ച് ഭീഷണിപ്പെടുത്തി താഴെയിറക്കുന്ന പ്രബുദ്ധരും പുരോഗമന വാദികളുമുള്ള നാട്ടിലാണ് തെങ്ങിന് ഈ ഗതിയെന്നാലോചിക്കുമ്പോഴാണ് രോഷം വരുന്നത്.എത്രായിരം കോടിയാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കാര്‍ഷിക മേഖലയ്ക്കായി ഓരോ വര്‍ഷവും ചെലവഴിയ്ക്കുന്നത്. ഇതിനെ ഫലപ്രദമായി വിനിയോഗിച്ച് കേരകൃഷിയെ ആശാസ്യമായ നിലയില്‍ നിലനിര്‍ത്താന്‍ കേരളത്തിലെ  കാര്‍ഷിക സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ ? ഇല്ലെന്നു മാത്രമല്ല അപകടകരമായ അലംഭാവത്തിന്റെ ദൃഷ്ടാന്തമായി നാണമില്ലാതെ അത് നിലകൊള്ളുകയും ചെയ്യുന്നു.

കാര്‍ഷിക യൂണിവേഴ്‌സിറ്റികളടക്കം എത്ര യൂണിവേഴ്‌സിറ്റികള്‍ കേരളത്തിലുണ്ട്. എത്ര കൃഷി ഓഫീസുകളാണ് മുട്ടിനു മുട്ടിന് കേരളത്തിലുള്ളത്. ഇതു മുഴുവന്‍ എത്രയും വേഗം പിരിച്ചുവിടണം. ഇവിടുത്തെ കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തിലുള്ളവര്‍ മറുപടിപറയേണ്ടതുണ്ട്. ഇവര്‍ മുടിച്ച പണം വീണ്ടെടുക്കണം. ഇക്കാലമത്രയും ഇവരെയൊക്കെ നിയമിച്ച് തീറ്റിപ്പോററിയ ഭരണ നേതൃത്വത്തെ അറബിക്കടല്‍ വഴി എങ്ങോട്ടെങ്കിലും നാടുകടത്തണം.  

ലോകാരാധ്യരായ ശാസ്ത്രജ്ഞന്മാരുള്ള നാടാണ് ഭാരതം. ഓട്ടോറിക്ഷയിലെ യാത്രാചെലവില്‍ 78 കോടി കിലോമീറ്റര്‍ യാത്രചെയ്ത് ചൊവ്വയിലേയ്ക്ക് ഉപഗ്രഹത്തെ എത്തിച്ച നാട്. മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹത്തെ വെടിവെച്ചിട്ട മിടുക്കന്മാരുള്ള നാട് ലോക പ്രസിദ്ധമായ ഒട്ടുമിക്ക ഗവേഷണ ശാലകളിലേയ്ക്കും തലയെടുപ്പുള്ള ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത നാട്. ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം കൊറോണ വാക്‌സിനുകള്‍ വികസിപ്പിച്ച് മാലോകരെ അത്ഭുതപ്പെടുത്തിയ നാട്. കുറഞ്ഞ സമയത്തിനുള്ളില്‍ കോവിഡിന് പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും വിതരണം ചെയ്ത നാട്. ആ നാട്ടിലാണ് തെങ്ങിന്റെ കേടുമാറ്റി നാടിനെ രക്ഷിയ്ക്കാനുള്ള ഒരു മരുന്ന് കണ്ടെത്താനാകാതെ ഉഴറുന്നത്. തേങ്ങയിടാനുള്ള ഒരു ലളിതമായ യന്ത്രം നിര്‍മ്മിച്ച് കര്‍ഷകരിലെത്തിയ്ക്കാന്‍ കൃഷിവകുപ്പിന് പറ്റാതെ പോയത്. പിന്നെ കേരളത്തിലെ കൃഷിവകുപ്പും ശാസ്ത്രജ്ഞരേയും കൊണ്ട് എന്താണ് പ്രയോജനം?  

കഴിഞ്ഞ മുപ്പതിലധികം വര്‍ഷമായിട്ടുള്ള ഒരു രോഗമാണിതെന്നോര്‍ക്കണം. ഒന്നിനും കൊള്ളാത്തവരെ രാഷ്ട്രീയ ബന്ധു താല്പര്യം മാത്രം പരിഗണിച്ച് ഗവേഷണ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയതിന്റെ ദുര്യോഗമാണ് നാടിന്നനുഭവിയ്ക്കുന്നത്.  

തെങ്ങിന്റെ രോഗത്തെക്കുറിച്ച് പരാതി പറഞ്ഞാല്‍ കൃഷി ആപ്പീസറന്മാര്‍ ചിലപ്പോള്‍ പറയും നന്നായി വളമിടാന്‍ (ഇന്ന് നൂറു രൂപയുടെ വരുമാനമില്ലാത്ത തെങ്ങിന് ആരെങ്കിലും ആയിരം രൂപയുടെ വളമിടുമോ?) പിന്നെ ചെവിയില്‍ പറയും ജൈവവളമിട്ടതുകൊണ്ടൊന്നും കാര്യമില്ല, രാസവളമിടണം. കാശും കുറവാണത്രെ. ഈ രാസവളത്താല്‍ ഊഷരമായിപ്പോയ മണ്ണിന്റെ ഉടമകളോടാണ് ഉപദേശമെന്നുമോര്‍ക്കണം. കൂമ്പിടിഞ്ഞാല്‍ തെങ്ങു വെട്ടിക്കളയുക. താറാവിനും കോഴിക്കും പനി വന്നാല്‍ കൂട്ടത്തോടെ കൊന്ന് ചുട്ടെരിക്കുക. ഇത്യാദിയാണ് ഇത്തരക്കാരുടെ പരിഹാര നിര്‍ദ്ദേശങ്ങള്‍. ഇവരെങ്ങാനും ആരോഗ്യവകുപ്പിന്റെ തലപ്പത്തെത്തിയാല്‍ കഥയെന്താകും!  

ഇന്ത്യയിലെ വിദഗ്ധരായ പത്ത് കാര്‍ഷിക ശാസ്ത്രജ്ഞന്മാരുടെ ഒരു പാനലുണ്ടാക്കി ഫണ്ടനുവദിച്ചാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ പരിഹാരമുണ്ടാക്കും. കേരളം രക്ഷപ്പെടണമെങ്കില്‍ കേര കൃഷി രക്ഷപ്പെടണം. കേരളത്തെ ഉണക്കിയ രാഷ്ട്രീയ നേതൃത്വങ്ങളെ മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ കേരകേരളം തയ്യാറാകണം.

കേരളം അഞ്ചാം സ്ഥാനത്ത്

കേരളം കേരഉല്‍പ്പാദന ക്ഷമതയില്‍ ഏറെ പിന്നില്‍. ഒരു ഹെക്ടറില്‍ 8,500 നാളികേരമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്‌നാട്ടില്‍ അത് 14,251 ആണ് ഗുജറാത്തില്‍ 13,775 ഉം കര്‍ണ്ണാടകയില്‍ 13,181, പശ്ചിമബംഗാളില്‍ 12,641 മാണ്. ഈ സംസ്ഥാനങ്ങളെല്ലാം ഉല്‍പ്പാദന ക്ഷമതയില്‍ കേരളത്തിനേക്കാള്‍ മുന്നിലാണെന്നര്‍ത്ഥം. 1950 ല്‍ 4.10 ലക്ഷം ഹെകടര്‍ സ്ഥലത്തായിരുന്നു തെങ്ങ് കൃഷി. 2001 ല്‍ 9ലക്ഷം ഹെക്ടറായി എന്നാല്‍ പിന്നീടത് കുറഞ്ഞുവരികയാണ്. 7.7 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷി ചെയ്യുന്നത്. തെങ്ങും തേങ്ങയുമുണ്ടെങ്കിലും ഉല്‍പാദന ക്ഷമതയില്‍ കേരളം ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്.

പാര്‍ത്ഥസാരഥി.എന്‍.മണക്കാട്ട്

  comment

  LATEST NEWS


  കോവിഡ് രണ്ടാംതരംം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.