login
കേരളത്തിന് കൈവന്ന അവസരം

ദേശീയ വികസന വഴിയിലേക്ക് ചേര്‍ന്ന്, നിലവിലുള്ള വളര്‍ച്ചയുടെ മുരടിപ്പ് അവസാനിപ്പിച്ച് സമഗ്ര വികസനത്തിലൂടെ പൂര്‍ണ്ണവളര്‍ച്ചയിലേക്കുള്ള വഴി തെരഞ്ഞെടുക്കുവാനുള്ള അവസരമാണിന്ന് കേരളത്തിനു ലഭിച്ചിരിക്കുന്നത്. ദേശീയ ബോധമുള്ള ജനപ്രതിനിധികള്‍ അധികാരത്തിലെത്താന്‍ ഈ തെരഞ്ഞെടുപ്പിനെ കേരള ജനത ഉപയോഗിക്കണം

ഇംഗ്ലീഷ്  അധിനിവേശത്തിനു മുമ്പ്  ലോകസമ്പദ് വ്യവസ്ഥയുടെ ഇരുപത്തിയഞ്ചു ശതമാനം പങ്കും ഭാരതത്തിന് സ്വന്തമായിരുന്നു. ബ്രിട്ടീഷുകാര്‍ ഉള്ളതെല്ലാം കടത്തിക്കൊണ്ടു പോയതോടെ 1947 ആയപ്പോള്‍ ആ പങ്ക് കേവലം മൂന്നു ശതമാനമായി കുറഞ്ഞു.  2047 ആകുമ്പോള്‍ ഭാരതം  പോയകാലവൈഭവം വീണ്ടെടുത്ത് പുനര്‍ജനിക്കണം.  ആ ഉയര്‍ത്തെഴുന്നേല്‍പ്പ് ഏകാത്മ മാനവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ധാര്‍മ്മികതയുടെ പ്രഭാവം ഉറപ്പാക്കുന്ന സാമ്പത്തിക മാതൃകയായിരിക്കണം. അത് അമേരിക്കന്‍ മോഡലോ ചൈനാ മോഡലോ പോലെ ചൂഷണാധിഷ്ഠിതമോ സാമ്രാജ്യത്വ ചതിക്കുഴികളോ നിറഞ്ഞതോ ആകില്ല. ഏതെങ്കിലും ഒരു രാജ്യത്തിനോ ജനതയ്‌ക്കോ ഭീഷണി ഉയര്‍ത്തുന്നതുമാകില്ല.  നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം അത്തരം ഉറച്ച ലക്ഷ്യങ്ങളിലേക്കുള്ള വളര്‍ച്ചയുടെ ഒന്നാം ഘട്ടത്തിന് വഴിതുറന്നിരിക്കുന്നു. ഭാരതാംബയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയെന്ന ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപിച്ചതിന്റെ നൂറാം വര്‍ഷത്തിനു മുമ്പായി  ഭാരതം അഞ്ച് ട്രില്ല്യണ്‍ യു.എസ്സ് ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളര്‍ത്തുകയാകും ആദ്യ പടി.  

ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ നല്‍കിയ ഓരോ അവസരങ്ങളും അത്തരം വേറിട്ടൊരു വികസന മാതൃക പ്രാവര്‍ത്തികമാക്കുവാനുള്ള അവസരങ്ങളായിരുന്നു.  ഭൈരോണ്‍ സിംഗ് ഷേഖാവത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍  അന്ത്യോദയ പദ്ധതി ആരംഭിച്ചു.  അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍  പ്രതിരോധ- സാമ്പത്തിക- വ്യവസായ മേഖലകളിലെല്ലാം ലക്ഷ്യബോധമുള്ള ഇടപെടലുകളിലൂടെ ഭാരതം തിളങ്ങി.   ആ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ടുള്ള വികസന സമീപനമാണ് പ്രധാനമന്ത്രി  നരേന്ദ്ര മോദിയും പിന്തുടര്‍ന്നത്.  അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പഴുതടക്കുക.  വികസനത്തിന്റെ പങ്ക് ലഭിക്കാത്തവര്‍ക്കും അത് ഉറപ്പാക്കി എല്ലാവരുടെയും  ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്തുക.  വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനകരമായ അന്തരീക്ഷം സൃഷ്ടിച്ച് വികസനലക്ഷ്യങ്ങള്‍ നേടുക.  അത്തരം ഒരു പുതിയ വളര്‍ച്ചയിലേക്ക് ഭാരതത്തെ നയിക്കുകയെന്നതാണ് ആത്മനിര്‍ഭര ഭാരതം പോലുള്ള സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വികസന സമീപനം.  

ആ സമീപനത്തില്‍ ഭാരതത്തിന്റെ അകത്തുള്ള വാങ്ങല്‍ ശേഷിയേയും സംരഭകത്വ കൗശലത്തെയും കര്‍മ്മശേഷിയേയും പരമാവധി ഉപയോഗിച്ചുകൊണ്ട് ആഗോള വിപണിയുടെ വിതരണ ശൃിംഖലയില്‍ സജീവ പങ്കാളിയാകുന്നതിനുള്ള വ്യക്തമായ നയവും സമീപനവും ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.  കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ലോകത്തിന്റെ ഔഷധ ശാലയായി മാറി സ്വന്തം ശേഷി തെളിയിച്ച ഭാരതം ആപത് ഘട്ടത്തില്‍ പാക്കിസ്ഥാനു  പോലും ആശ്രയിക്കാവുന്ന ഇടമാണിവിടമെന്നുള്ള സന്ദേശവും മാനവരാശിക്കു നല്‍കി.

ദേശീയ വികസന വഴിയിലേക്ക് ചേര്‍ന്ന്, നിലവിലുള്ള വളര്‍ച്ചയുടെ മുരടിപ്പ് അവസാനിപ്പിച്ച് സമഗ്ര വികസനത്തിലൂടെ പൂര്‍ണ്ണവളര്‍ച്ചയിലേക്കുള്ള വഴി തെരഞ്ഞെടുക്കുവാനുള്ള അവസരമാണിന്ന് കേരളത്തിനു ലഭിച്ചിരിക്കുന്നത്. ദേശീയ ബോധമുള്ള ജനപ്രതിനിധികള്‍ അധികാരത്തിലെത്താന്‍ ഈ തെരഞ്ഞെടുപ്പിനെ കേരള ജനത ഉപയോഗിക്കണം. മദനി-മാണി-മാര്‍ക്‌സിസ്റ്റ് മുന്നണിയും കോണ്‍ഗ്രസ്സ്-കേരളാ കോണ്‍ഗ്രസ്സ്-മുസ്ലീം ലീഗ് മുന്നണിയും ഇടതും വലതും നിന്ന് വെല്ലുവിളികളുയര്‍ത്തുന്നുണ്ട്.  എന്നാല്‍ ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെച്ചതിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ മുന്നണിയും ശരിയായ ദിശയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിക്കുന്നത്.  

 

ഓട്ടോ മാതൃകയില്‍ നിന്ന്  മെട്രോ മാതൃകയിലേക്ക്

അലൈന്‍ന്മെന്റ് തകരാറിലായ തേഞ്ഞ ചക്രങ്ങളിലുരുളുന്ന  മുച്ചക്രവാഹനങ്ങളുടെ  ഓട്ടോമാതൃക മതിയാക്കി വേണ്ടത്ര ചക്രങ്ങള്‍ കൃത്യമായി കൂട്ടിച്ചേര്‍ത്ത് അതിവേഗം ബഹുദൂരം യാത്ര ചെയ്യാന്‍ പര്യാപ്തമായ മെട്രോ മാതൃകയാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നോട്ട് വെച്ചിരിക്കുന്നത്.   രൂപകല്പനയിലെ വികലതയും നിര്‍മ്മാണത്തിലെ കൈപ്പിഴകളും കൊണ്ട് നല്ലതെന്നു പറയാന്‍ ബാക്കിയേറെയില്ലാത്ത കേരള മോഡലിന് ബദല്‍ മോഡലുണ്ടാകണം.  

അങ്ങനെ വേറിട്ടൊരു സമീപനത്തിലൂടെ ആത്മനിര്‍ഭര കേരളം പടുത്തുയര്‍ത്താനുള്ള സാദ്ധ്യതകള്‍കൊണ്ട് സമ്പന്നമാണിന്നു കേരളം.  കേരളത്തില്‍ തൊഴിലെടുക്കുന്ന അന്യ സംസ്ഥാനത്തൊഴിലാളികളുടെ എണ്ണവും അവര്‍ അവരുടെ നാടുകളിലേക്ക് കൊണ്ടു പോകുന്ന സമ്പാദ്യവും മാത്രം കണക്കിലെടുത്താല്‍  ഇവിടെ ഉത്പാദന സേവനമേഖലകളുടെ സാദ്ധ്യതകളും  അതിനുള്ള മൂലധനവിഭവങ്ങളുടെ ലഭ്യതയും വ്യക്തമാകും.  കേരളത്തിന്റെ ഉത്പാദനമേഖല  വേണ്ടത്ര വളരുന്നില്ലെങ്കിലും വിപണന ശൃംഖലയുടെ സജീവ സാന്നിദ്ധ്യം സാമ്പത്തിക മേഖലയുടെ വികസന സാദ്ധ്യതയുടെ അളവറിയിക്കുന്നു.  വില കൂടിയാലും ഗുണമേന്മയള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള  ആവശ്യം പ്രകടമായ കേരള വിപണി.    

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യസേവനങ്ങളെ മറികടന്ന് മെച്ചപ്പെട്ട  വിദ്യാഭ്യാസ ആതുരശുശൂഷാ സേവനങ്ങളന്വേഷിക്കുന്ന പൊതുസമൂഹം.  ചുരുക്കത്തില്‍, വ്യാവസായിക വളര്‍ച്ചയ്ക്കനുകൂലമായ പ്രോത്സാഹന ജനകമായ  വിപണി സാദ്ധ്യത, സംരംഭങ്ങള്‍ക്കാവശ്യമായ മൂലധന സമാഹരണസാദ്ധ്യത,  വിദേശത്തുള്‍പ്പടെ പോയി അനുഭവസമ്പത്താര്‍ജ്ജിച്ചവരും പഠനം കഴിഞ്ഞ് തൊഴില്‍ തേടിയിറങ്ങുന്നവരുമടക്കം വിപുലമായ മനുഷ്യ വിഭവശേഷി,  എന്നീ ഘടകങ്ങള്‍  കൊണ്ട് അനുഗ്രഹീതമാണു കേരളം.  വേണ്ടത് അത്തരം അനുകൂലഘടകങ്ങളെ പ്രയോജനപ്പെടുത്തി ഉത്പാദന സേവന മേഖലകളിലെ സംരംഭക ശ്രമങ്ങള്‍ക്ക് കൈ കൊടുത്ത സഹായിക്കുന്ന ഒരു സംസ്ഥാന ഭരണകൂടംമാണ്.

 

തെരഞ്ഞെടുപ്പിലെ ഇടതു-വലതു  സമീപനം

പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും ഞാനുണ്ണും'  മാതൃകയിലാണ് ഇടത്  വലത് മുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍.  പത്തായം എങ്ങനെ നിറയുമെന്ന് രണ്ടു കൂട്ടര്‍ക്കും ഒരു ധാരണയുമില്ല.  കിറ്റും പെന്‍ഷനും നല്‍കി നാട്ടുകാരുടെ വോട്ടുനേടി അഞ്ചുകൊല്ലം കട്ടു മുടിക്കാന്‍ തരമൊരുക്കുക.  കിറ്റു കൊണ്ടു പോയി നക്കിയതല്ലേ, നന്ദി വേണം എന്ന് മന്ത്രിമാരാടക്കമുള്ളവര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.  കൈ നീട്ടി വാങ്ങുന്ന ദാനം കൊണ്ട് കുടുംബം കഴിയുന്ന അവസ്ഥയല്ല, 'എല്ലുമുറിയെ പണിത് പല്ലു മുറിയെ കഴിക്കുവാനുള്ള'  അഭിമാനകരമായ ജീവിത സാഹചര്യമാണ് കേരളജനതയിലെ ഭൂരിപക്ഷവും  ആഗ്രഹിക്കുന്നത്. കൈ നനയാതെ മീന്‍ പിടിക്കാന്‍ നടക്കുന്ന രാഷ്ട്രീയത്തൊഴിലാളികളുടെയും പരാന്നജീവികളുടെയും നിലവാരത്തിലേക്ക് പൊതു സമൂഹത്തെയും തരംതാഴ്ത്തുന്ന സൗജന്യവിതരണത്തിന്റെ രാഷ്ട്രീയ ശൈലി കേരളം ആഗ്രഹിക്കുന്നില്ല.  അരിയും സാരിയും അമ്മിക്കല്ലും അരകല്ലും കൊടുത്ത് തുടങ്ങി ഫ്രിഡ്ജും ടിവിയും വരെ വെറുതെ കൊടുത്ത് അധികാരം പിടിച്ചെടുക്കുന്ന മറ്റു ചില സംസ്ഥാനങ്ങളിലെ രീതി  കേരളത്തിനു വേണ്ടെന്ന് ഉറച്ച ബോദ്ധ്യമുള്ള, വികസനമോഹങ്ങളുടെ സാക്ഷാത്കാരത്തിനുള്ള മാതൃകയാണ് മെട്രോമാന്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തി ദേശീയ ജനാധിപത്യ സഖ്യം കേരളത്തിന് വാഗ്ദാനം ചെയ്യുന്നത്.  

ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇരു മുന്നണികളുടെയും സമീപനം ഉമ്മന്‍ ചാണ്ടിക്ക് (77വയസ്സ്) മകനിലേക്കും പിണറായി വിജയന്(75 വയസ്സ്) മരുമകനിലേക്കും ഭരണകിരീടം കൈമാറണം.  അതിനുതകുന്ന മോഡല്‍ രണ്ടുപേരും കണ്ടെത്തിയതും ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നാണ്.  രണ്ടാം നിര നേതാക്കളെ വെട്ടിനിരത്തി മകനും മരുമകനും വേണ്ടി വഴികളൊരുക്കുകയാണ് അവര്‍.  തന്ത്രപരമായി രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും മറ്റും കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടി ഒതുക്കിയിരുത്തി.  തോമസ്സ് ഐസക്കിനെയും ജി സുധാകരനെയും മറ്റും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ പിണറായി വിജയനും മൂലയ്‌ക്കൊതുക്കി. സ്വാഭാവികമായും കര്‍മ്മശേഷിയുള്ള ഒരു നേതൃനിരയെ ലഭിക്കുമെന്ന് ഇടത് വലത് കൂട്ടുകെട്ടുകളില്‍ നിന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഈ സാഹചര്യത്തിലാണ് ഭാവനാസമ്പന്നമായ, കാഴ്ചപ്പാടുള്ള കഴിവുറ്റ നേതൃത്വത്തെ ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് വെക്കുന്നത്.    

 

 

 

 

  comment
  • Tags:

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.