login
കിഫ്ബി‍യിലെ നിയമലംഘനങ്ങള്‍

ലാവ്‌ലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള കാനഡയിലെ ലാവലിന്‍ കമ്പനിയുടെ ഉപകമ്പനിയാണ് നിയമവിരുദ്ധമായ 2150 കോടിയുടെ മസാലബോണ്ട് വാങ്ങി ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്ബിക്ക് പണം നല്കിയെന്നുള്ളത് നിയമലംഘനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കും.

സംസ്ഥാന നിയമസഭയില്‍ പാസാക്കിയ നിയമമനുസരിച്ച്  രൂപീകരിക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിന്റെ ബോര്‍ഡാണ് കിഫ്ബി. അടിസ്ഥാനമേഖലാ വികസനത്തിന് പണം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് രൂപീകരിക്കപ്പെട്ടത്. ഇതു തന്നെയാണ് കിന്‍ഫ്രയുടെയുംലക്ഷ്യം. ഇതൊരു കോര്‍പ്പറേറ്റ് സ്ഥാപനമല്ല. ബോഡി കോര്‍പറേറ്റുമല്ല. കോര്‍പ്പറേറ്റ് സ്ഥാപനം അഥവാ കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ല. കമ്പനിനിയമം മൂലമാണ് കോര്‍പ്പറേറ്റ് സ്ഥാപനം രൂപീകരിക്കേണ്ടത്. സംസ്ഥാന ഗവണ്‍മെന്റിനുകീഴിലുള്ള കിഫ്ബി കോര്‍പ്പറേറ്റ് സ്ഥാപനമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഗസറ്റ് വിജ്ഞാപനം വേണം. ഇത് കിഫ്ബിയുടെ കാര്യത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. കിഫ്ബി ലിസ്റ്റഡ് കമ്പനി അല്ലാത്തതിനാല്‍ സെബിയുടെ അധികാരപരിധിയിലും വരുന്നില്ല.

കിഫ്ബി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്ന് മസാലബോണ്ട് നല്‍കി 2150 കോടിരൂപ കടമായി സ്വീകരിച്ചത് ഭരണഘടനാ അനുച്ഛേദം 293 (3) ന്റെ ലംഘനമാവുന്നത്. വിദേശനാണയ - വിനിമയനിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനവും അതുവഴി രാജ്യവിരുദ്ധപ്രവര്‍ത്തനമാണിതെന്നും സി.എ.ജി. കണ്ടെത്തുകയും ചെയ്തു. റിസര്‍വ്വ്ബാങ്കില്‍ നിന്ന് ലഭിച്ചുവെന്ന് പറയുന്ന എന്‍.ഒ.സി.ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും നിലനില്‍ക്കുന്നതല്ലെന്നും സി.എ.ജി.കണ്ടെത്തി. ഈ എന്‍.ഒ.സി.യുടെ അടിസ്ഥാനത്തില്‍ കിഫ്ബിക്കു വേണ്ടി വിദേശത്തുനിന്ന് പണം കടംവാങ്ങിയ ആക്‌സിസ് ബാങ്ക് മേധാവികള്‍ സംശയത്തിന്റെ നിഴലിലായി.

സി.എ.ജി.റിപ്പോര്‍ട്ടിനെതിരെ നിയമവിരുദ്ധമായ ധാരാളം കടന്നാക്രമണങ്ങള്‍ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തി. കേരളാനിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സി.എ.ജി.റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത് ഭരണഘടനാ സ്ഥാപനമായസി.എ.ജി.യുടെ നിയമപരമായ അധികാരങ്ങളെ വെല്ലുവിളിച്ചു.എന്നാല്‍സി.എ.ജി.യുടെ കണ്ടെത്തലുകള്‍ കേരളനിയമസഭ പ്രമേയം പാസാക്കിയാല്‍ അവസാനിക്കുന്നതല്ല.  സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഭദ്രമായി സൂക്ഷിക്കാന്‍ സി.എ.ജി.യ്ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്.

സി.എ.ജി.യുടെ ഈ കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് രഹസ്യ രേഖയല്ല. 2021 - 22 ലെകേന്ദ്രബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 15 ാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ ഭരണഘടനാ ലംഘനവും കേരളാ ബജറ്റിന് പുറത്ത് കടമെടുക്കുന്ന തെറ്റായ നടപടിക്രമങ്ങളു ംഅതീവപ്രാധാന്യത്തോടെ എടുത്ത് പറയുന്നുണ്ട്. ഇത് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളില്‍ ഇത് ആവര്‍ത്തിക്കപ്പെടാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും സ്വാശ്രയത്വവും അപകടത്തിലാക്കുമെന്ന് 15 ാം ധനകാര്യ കമ്മീഷന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നറിയിപ്പ് നല്‍കി. 2021 - 22 ലെ ബജറ്റിനോടൊപ്പം ധനകാര്യ കമ്മീഷന്റെ ഈ റിപ്പോര്‍ട്ടും പാര്‍ലമെന്റ് അംഗീകരിച്ചു.

പാര്‍ലമെന്റ് അംഗീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍കിഫ്ബിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. ഫെമ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിയമപരമായി അധികാരപ്പെട്ട അന്വേഷണ ഏജന്‍സി ഇ.ഡി.യാണ്. ആയതിനാല്‍ കൊച്ചിയിലെ ചുമതലപ്പെട്ട ഇ.ഡി.ഉദ്യോഗസ്ഥര്‍ കിഫ്ബിക്കെതിരെ മാര്‍ച്ച് രണ്ടിന് കേസെടുത്തു. ഇതിനു മാസങ്ങള്‍ക്കു മുന്‍പ് തന്നെ സി.എ.ജി.റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുതല്‍ ഇത് സംബന്ധിച്ച് ഇ.ഡി.അന്വേഷണം ആരംഭിച്ചിരുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്ന് എന്‍.ഒ.സി.നല്‍കിയത് സംബന്ധിച്ച് വിശദീകരണം തേടി. ഫെബ്രുവരി മാസത്തില്‍ തന്നെ ആക്‌സിസ് ബാങ്ക് മേധാവികളെയും കിഫ്ബി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ടിയാല്‍ കുറ്റംതെളിഞ്ഞാല്‍ കേസെടുക്കാന്‍ ഇ.ഡി.യ്ക്ക് നിയമപരമായ ബാധ്യതയുണ്ട്. അതനുസരിച്ചാണ് അവര്‍ സ്വാഭാവികമായും കേസെടുത്തത്. ഇതില്‍ കേന്ദ്രധനകാര്യമന്ത്രിയ്ക്ക് ഇടപെടാന്‍ യാതൊരു അധികാരവുമില്ല. പ്രഥമ വിവരറിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ഇ.ഡി.സമര്‍പ്പിക്കുന്നത് എറണാകുളം സെഷന്‍സ് കോടതിയിലാണ്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിര്‍മ്മലാസീതാരാമന്‍ നടത്തിയ പ്രസ്താവന കിഫ്ബിയുടെയും കേരളാ സര്‍ക്കാറിന്റെയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനാണ്. അത് കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്തമാണ്.  

കേന്ദ്രമന്ത്രിയുടെ ഇടപെടല്‍മൂലമാണ് ഇ.ഡി. കേസെടുത്തതെന്ന കേരളാ ധനമന്ത്രി തോമസ്‌ഐസക്കിന്റെ പ്രസ്താവന ഗുരുതരമായസത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ ലംഘനവുമാണ്. സംസ്ഥാന മന്ത്രിയ്ക്ക് ബാധകമായ പ്രോട്ടോക്കോളിന്റെ ലംഘനവുമാണ്. നിയമം മൂലം രൂപീകരിക്കപ്പെട്ട അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സി.എ.ജി.ഉന്നയിച്ച അടിസ്ഥാന കണ്ടെത്തലുകള്‍ക്ക് നിയമപരമായി മറുപടിപറയാതെഓഡിറ്റ് റിപ്പോര്‍ട്ട് വിഡ്ഢിത്തമാണ്, കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തമാണ്, ഇ.ഡി. കേസെടുത്തത് കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനാണ്, ഇ.ഡി.യെ നേരിടും, വെല്ലുവിളിക്കുന്നു, ഞങ്ങള്‍ക്ക് പോലീസുണ്ട്, ഇ.ഡി.ചട്ടമ്പിത്തരം കാണിക്കുന്നു തുടങ്ങി ഒരു മന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് ഐസക്കില്‍ നിന്ന് ഉണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡി.യ്ക്ക് എതിരെ സി.പി.എം.കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദനും തങ്ങള്‍ ഇ.ഡി.യെ നേരിടും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ സമീപനം സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് കേന്ദ്രനേതൃത്വമാണ് വ്യക്തമാക്കേണ്ടത്.

കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും ഹവാലഇടപാടുകാരെയും സ്വര്‍ണ്ണകടത്തുകാരെയും വിദേശനാണയ വിനിമയനിയമലംഘനം നടത്തുന്നവരെയും നിയമത്തിനു മുന്നില്‍കൊണ്ടുവന്ന് അവരുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ല. കിഫ്ബിക്കെതിരെ ഇ.ഡി.കേസെടുത്താല്‍ അത് എങ്ങനെയാണ് ക്രമസമാധാന പ്രശ്‌നമായി മാറുന്നതെന്ന് കേരളത്തിലെ ധനമന്ത്രി വിശദീകരിക്കേണ്ടിവരും. ഇ.ഡി.യുടെപ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് വേണമെങ്കില്‍ കോടതികള്‍ക്കും ഇ.ഡി.യ്ക്കും കേരളാ പോലീസിനുതന്നെയും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ വിവിധവകുപ്പുകള്‍ പ്രകാരം ഐസക്കിനെതിരെ കേസെടുക്കാം.  

ജനങ്ങളെ സംഘടിപ്പിച്ച് ഇ.ഡി.യെ നേരിടും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. വോട്ടിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സി. എ.ജി.യും ഇ.ഡി.യും ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.  ക്രമസമാധാന പ്രശ്‌നങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അക്രമത്തിനും ഗുണ്ടായിസത്തിനുമുള്ള പരസ്യമായ ആഹ്വാനമാണ്. ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു സംസ്ഥാന മന്ത്രിയില്‍നിന്നും ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതല്ല. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്ന് അദ്ദേഹം മനസിലാക്കും. ഇ.ഡി.യെ സംരക്ഷിക്കാന്‍ കോടതിയുണ്ട്, കോടതി നിര്‍ദ്ദേശ പ്രകാരംകേരളാപോലീസുണ്ട്, കേന്ദ്രപോലീസുണ്ട് എന്ന് മന്ത്രിമാര്‍ മനസ്സിലാക്കേണ്ടതായിരുന്നു.  

ധനമന്ത്രി ഐസക്ക് ഇപ്പോള്‍ പറയുന്നത് വിഷയം കേരളാ ഹൈക്കോടതിയുടെ പരിഗണയിലാണെന്നാണ്. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനായ രഞ്ജിത്ത് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടതു തന്നെയാണ് കിഫ്ബിക്കെതിരെ കേസെടുത്തത് വഴി ഇ.ഡി.ചെയ്തിരിക്കുന്നത്. ഐസക്കിന്റെ വാദങ്ങള്‍ നിയമപരമാണെങ്കില്‍ അദ്ദേഹത്തിന് ഇ.ഡി.യ്‌ക്കെതിരെഈ കേസില്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. അങ്ങനെ ചെയ്യാതെ ഏറ്റുമുട്ടാന്‍ തയാറാണ് എന്ന് പറയുന്നത് നിയമപരവുംവ്യവസ്ഥാപിതവുമല്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് കിഫ്ബി എന്‍.ബി.എഫ്.സി. ആണെന്ന് ഇ.ഡി.തെറ്റിധരിച്ചുവെന്നാണ്.എന്‍.ബി.എഫ്.സി.ആകണമെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ ലൈസെന്‍സ് വേണം.

ഭരണഘടനാസ്ഥാപനമായ ഇലക്ഷന്‍കമ്മീഷന് പരാതി നല്‍കിയമുഖ്യമന്ത്രിയുടെ നടപടി നിയമപരമായി തെറ്റല്ല. എന്നാല്‍ ക്രിമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബാധകമല്ല എന്നുള്ളതാണ് അടിസ്ഥാന നിയമം. ഇ.ഡി.യെ തടയാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സമീപിക്കേണ്ടത് ഉന്നതാധികാര കോടതികളെയാണ്. അതിനു തയാറാകാതെ ഇ.ഡി.ക്കെതിരെ അടിസ്ഥാനരഹിതമായആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞത് പോലെ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്.

ഇ.ഡി.ക്കെതിരെയുള്ള ധനമന്ത്രിയുടെ  കടന്നാക്രമണം തമാശയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അദ്ദേഹത്തെ സഹായിക്കാന്‍ വേണ്ടിയാണ്. സി.എ.ജി.ക്കെതിരെയും ഇ.ഡി.ക്കെതിരെയും ധനമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും രാജ്യസുരക്ഷയും ഉറപ്പാക്കാന്‍ ഇ.ഡി.നടത്തുന്ന നിയമപരമായ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് അത് രാജ്യ വിരുദ്ധപ്രവര്‍ത്തനം തന്നെയാണ്. അതിനാല്‍ ധനമന്ത്രിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് പ്രതിപക്ഷനേതാവ്  ചെയ്യേണ്ടത്. കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ്‌ചെയര്‍മാന്‍ ധനമന്ത്രിയും ആയതുകൊണ്ട് കിഫ്ബി നടത്തിയ ഫെമ നിയമലംഘനങ്ങളില്‍ അവരുടെ പങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായാല്‍ അവരെയും ചോദ്യം ചെയ്യുന്നതില്‍ ഇ.ഡി.യ്ക്ക് നിയമ തടസ്സമില്ല.  

1998 ലെ ലാവ്‌ലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള കാനഡയിലെ ലാവലിന്‍ കമ്പനിയുടെ ഉപകമ്പനിയാണ് നിയമവിരുദ്ധമായ 2150 കോടിയുടെ മസാലബോണ്ട് വാങ്ങി ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്ബിയ്ക്ക് പണം നല്കിയെന്നുള്ളത് നിയമലംഘനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കും. ലാവലിന്‍ കേസില്‍ ഇ.ഡി.അന്വേഷണം തുടങ്ങിയത് മുഖ്യമന്ത്രിയെ വല്ലാതെ പ്രകോപിപ്പിച്ചതായി കാണുന്നു. കിഫ്ബിയുടെ മേധാവിഡോ.കെ.എം.എബ്രഹാം ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല.  

നാളിതുവരെ 16000 കോടിരൂപ കണ്ടെത്തുകയും കഴിഞ്ഞ 4 വര്‍ഷമായി 8000 കോടി മാത്രം ചെലവാക്കുകയുമാണ് കിഫ്ബി ചെയ്തിട്ടുള്ളത്. 160000 കോടി വാര്‍ഷിക ബജറ്റ് ഉള്ള കേരളത്തില്‍ വര്‍ഷം തോറും 2000 കോടി മാത്രം വികസനത്തിന് ചെലവാക്കി. ബജറ്റിന്റെ 1.25 ശതമാനം മാത്രമാണ് കൊട്ടിഘോഷിക്കുന്ന കിഫ്ബി വികസന മോഡലിനായി ചെലവഴിക്കുന്നത്.

പ്രൊഫ. ഡി.അരവിന്ദാക്ഷന്‍

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.