login
കര്‍മ്മ പഥത്തില്‍ കാലിടറാതെ ഏറ്റെടുത്തതെല്ലാം പൂര്‍ണവിജയത്തിലെത്തിച്ച കര്‍മ്മയോഗി

സത്യസന്ധവും സുതാര്യവും സമര്‍ത്ഥവുമായ സമാജസേവനത്തിലൂടെ മനുഷ്യത്വമുള്ളവരുടെ മനസ്സില്‍ പറിച്ചുമാറ്റാനാകാത്ത തരത്തില്‍ വേരോട്ടം നടത്തിയ സ്ഥിത: പ്രജ്ഞന്‍

കര്‍മ്മ പഥത്തില്‍ കാലിടറാതെ ഏറ്റെടുത്തതെല്ലാം, അത് സേവനമായാലും സമരമായാലും സംഘാടനം ആയാലും പൂര്‍ണവിജയത്തിലെത്തിച്ച കര്‍മ്മയോഗിയാണ് കുമ്മനം രാജശേഖരന്‍ . സാധാരണക്കാരില്‍ തികച്ചും അസാധാരണ വ്യക്തിത്വം. ജനങ്ങളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിഞ്ഞ് അവ പരിഹരിക്കുന്നതിന് നിരന്തരം  പ്രക്ഷോഭങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്ന നേതാവ്.  അരിപ്പ, ആറന്മുള, നിലയ്ക്കല്‍ തുടങ്ങി വിജയിച്ച പല സമരങ്ങളുടെയും നായകന്‍. സംഘര്‍ഷമല്ല സമന്വയമാണ് സമൂഹത്തിന് അനിവാര്യമെന്ന് തെളിയിച്ച  വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ശ്രദ്ധേയ നേതാവ്. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്ര സങ്കല്പങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍.   സത്യസന്ധവും സുതാര്യവും സമര്‍ത്ഥവുമായ സമാജസേവനത്തിലൂടെ മനുഷ്യത്വമുള്ളവരുടെ മനസ്സില്‍ പറിച്ചുമാറ്റാനാകാത്ത തരത്തില്‍ വേരോട്ടം നടത്തിയ സ്ഥിത: പ്രജ്ഞന്‍. തന്റെ ഓരോ പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുടെ അടയാളപ്പെടുത്തല്‍ നടത്തുന്ന ജനസേവകന്‍. മാതൃകകള്‍ അന്യംനിന്നുപോകുന്ന കാലത്ത് എല്ലാം സമാജത്തിനായി സമര്‍പ്പിച്ച് സര്‍വജനതയിലും സമദൃഷ്ടി പടര്‍ത്തുന്ന സംഘാടകന്‍.

 

മന്നം കൊളുത്തിയ കൈത്തിരി...

 

കോട്ടയം ജില്ലയിലെ കുമ്മനം ഗ്രാമത്തില്‍ ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാളാവള്ളിയില്‍ തറവാട്ടില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും എട്ടുമക്കളില്‍ നാലാമനായി  ജനനം.

എന്‍എസ്എസ് ഹൈസ്‌കൂളാണ് രാജശേഖരനിലെ പൊതുപ്രവര്‍ത്തകനെ ഉണര്‍ത്തിയെടുത്തത്.  കുമ്മനം നായര്‍ സമാജം സ്‌കൂള്‍ എന്‍എസ്എസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംഘാടകനായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുകയും ചെയ്ത രാജശേഖരനിലെ സംഘാടകനെ തിരിച്ചറിഞ്ഞത്   യുഗപ്രഭാവനായ സാക്ഷാല്‍ മന്നത്ത് പത്മനാഭനായിരുന്നു. അരികെ വിളിച്ച് മികച്ച പൊതുപ്രവര്‍ത്തകനാകണം എന്ന് അനുഗ്രഹിക്കുകയും എന്‍എസ്എസിന്റെ കനകജൂബിലി ആഘോഷങ്ങളില്‍ വൊളണ്ടിയറായി നിയോഗിക്കുകയും ചെയ്തു. ആ യോഗിവര്യന്റെ ദര്‍ശനം സാര്‍ത്ഥകമായി. സിഎംഎസ് കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ ഭാരത് സേവക് സമാജം എന്ന സംഘടനയില്‍ ചേര്‍ന്ന് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും പാലും റൊട്ടിയും മറ്റും എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലും നാഷണല്‍ സയന്‍സ് ക്ലബ് സെക്രട്ടറിയായി വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. കോളേജ് തലത്തില്‍ ജീവശാസ്ത്രം വിഷയമാക്കി പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളേജില്‍സംവരണം വേണമെന്നാവശ്യപ്പെട്ട് കലാലയ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കി അവകാശ സമരരംഗത്ത് കാലെടുത്തുവച്ചു.

 

ജോലി ഉപേക്ഷിച്ച്

ദീപികയില്‍ സബ് എഡിറ്ററായിട്ടാണ് കുമ്മനം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി, രാഷ്ട്ര വാര്‍ത്ത എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ജന്മഭൂമിയുടെ എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍, മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകളും വഹിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്തയില്‍ ജോലി ലഭിച്ചതോടെ പത്രപ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തളച്ചിടുവാന്‍ ആകുന്നതായിരുന്നില്ല കുമ്മനത്തിന്റെ മനസ്സ്. . വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍  ആകൃഷ്ടനായി ആ ധര്‍മധാരയ്‌ക്കൊപ്പം ചേര്‍ന്ന കുമ്മനം രാജശേഖരന്‍  1982ല്‍ സന്ന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ നടന്ന സമന്വയ പഥയാത്രയിലും 1983ല്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിലും പാലിയം വിളംബരത്തിലും ഗീതാജ്ഞാന യജ്ഞങ്ങളിലും  ഒട്ടനവധി ധര്‍മ ജാഗരണ പ്രവര്‍ത്തനങ്ങളിലും സംയോജകനായും സംഘാടകനായുമൊക്കെ  നിറഞ്ഞുനിന്നു.  നിലയ്ക്കലിന്റെ പൈതൃകം നിലനിര്‍ത്തുവാനുള്ള പ്രക്ഷോഭത്തിന് ജീവവായു പകര്‍ന്നതും തൃശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പടപ്പുറപ്പാട് നടത്തിയതും കുമ്മനത്തിന്റെ സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങളുടെ ആദ്യകാല കാഴ്ചകളാണ്. പൊതുപ്രവര്‍ത്തനനിരതമായ ജീവിതചര്യയില്‍ സര്‍ക്കാര്‍ ജോലിയോട് വേണ്ടത്ര നീതി പുലര്‍ത്താനാകുന്നില്ല എന്ന തോന്നലുണ്ടായപ്പോള്‍ എഫ്‌സിഐയിലെ ജോലി രാജിവച്ചു. ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി.

 

സമര്‍പ്പിത സേവനം

സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ നാലുപതിറ്റാണ്ടുകള്‍ നീണ്ട സപര്യയില്‍ ഒരു പുരുഷായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാവുന്നതിലധികം സേവനങ്ങളാണ് കുമ്മനം സാര്‍ത്ഥകമാക്കിയത്. അനാഥത്വത്തിന്റെ ഇരുള്‍വഴികളില്‍ ഉപേക്ഷിക്കപ്പെട്ടതും പട്ടിണിയെ വിശപ്പിന്റെ പര്യായമാക്കിയതുമായ ജീവിതങ്ങള്‍ക്ക് തണലേകുവാന്‍ സ്ഥാപിച്ച 14 ബാലബാലികാശ്രമങ്ങളില്‍ 1200ല്‍പ്പരം കുട്ടികള്‍ താമസിച്ചുപഠിക്കുന്നു.

ഉള്‍വനങ്ങളിലും ഊരുകളിലും വിദ്യാഭ്യാസമെത്തിക്കുന്നതിനും വനവാസികള്‍ക്ക് അവരുടെ നിയതമായ ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപരിക്കുന്നതിനുവേണ്ടസഹായമെത്തിക്കുന്നതിനും ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിടത്ത് വിവിധ വനവാസി ഊരുകളില്‍ 400 ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നു.

വനങ്ങളില്‍ താമസിക്കുന്ന  കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമല വന താഴ്വാരത്ത് പതിനെട്ടേക്കര്‍  സ്ഥലത്ത് ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ മണികണ്ഠാ ഗുരുകുലം നടത്തിവരുന്നു. വലിയ ഗോശാലയും വിശാലമായ ജൈവപച്ചക്കറി തോട്ടവുമൊക്കെ ഗുരുകുലത്തിന്റെ പ്രത്യേകതകളാണ്. കേരളത്തില്‍ 75 ഇടങ്ങളിലായി  ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് അന്നദാനവും വിരിവയ്ക്കാന്‍ ഇടവും ഒരുക്കുന്നു. ദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ക്ക് സേവനവും സഹായവും നല്‍കാനായി സ്ഥാപിച്ച അയ്യപ്പസേവാ സമാജത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. ശബരിമലയുടെ സംരക്ഷകനായി വിശ്വാസികളുടെ മനസ്സില്‍ തെളിയുന്ന മുഖമായി കുമ്മനം മാറി

 

 

ശിവഗിരി

ശ്രീനാരായണ ഗുരൂദേവന്റെ കര്‍മ്മഭൂമിയും സമാധിസ്ഥലവുമായ ശിവഗിരി കയ്യടക്കാന്‍ ഭരണകൂടവും ശിഥിലമാക്കാന്‍ ചില തീപ്രവാദസംഘടനകളും കൈകോര്‍ത്തപ്പോള്‍ നടന്ന ചെറുത്തുനില്‍പ്പിന് ഊര്‍ജ്ജം പകരാന്‍ കുമ്മനം ഉണ്ടായിരുന്നു. ശിവഗിരി സംരക്ഷണത്തിനായി സ്വാമി പ്രകാശാനന്ദ നടത്തിയ ഐതിഹാസിക നിരാഹാര സമരത്തിന്റെ വിജയത്തിനായി രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വവും കുമ്മനത്തിനായിരുന്നു. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടക സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാറിനെകൊണ്ട് അംഗീകരിപ്പിക്കുന്നതിനു പിന്നിലെ ചാലകശക്തിയും കുമ്മനമാണ്. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് ഉണ്ടാകുമായിരുന്നില്ലന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഭാരവാഹികള്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തു

 

 

നനവുള്ള കണ്ണുകള്‍

സുനാമി ദുരന്ത ദിനങ്ങളില്‍ ക്ഷണ നേരംകൊണ്ട് എല്ലാം വിഴുങ്ങി തിരിച്ചുപോയ തിരമാലകളുടെ താണ്ഡവത്തില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്കും പകച്ചുപോയ പ്രതീക്ഷകള്‍ക്കും തണലേകുവാന്‍ കരുനാഗപ്പള്ളിയിലും കായംകുളത്തുമായി രണ്ടുമാസത്തിലധികം താമസിച്ചുകൊണ്ട് രക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിരവധി താല്‍ക്കാലിക ഷെഡ്ഡുകള്‍ സ്ഥാപിച്ചുകൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അകന്നുനിന്ന് നിര്‍ദ്ദേശം നല്‍കാതെ അവര്‍ക്കൊപ്പം ചേര്‍ന്ന് അവരിലൊരാളായി അവരുടെ കണ്ണുനീരൊപ്പിയപ്പോള്‍ നഷ്ടപ്പെടലിന്റെ മുറിവുകള്‍ പെട്ടെന്നുണങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അനിശ്ചിതമായി വൈകിയപ്പോള്‍ അതിനെതിരെ പദയാത്രകളും സമരങ്ങളും സംഗമങ്ങളും നടത്തി പീഡിതര്‍ക്കൊപ്പം നിന്നും വ്യഥിതര്‍ക്കൊപ്പം നടന്നും വഴിയിലുറങ്ങിയും വളര്‍ത്തിയ ഹൃദയബന്ധങ്ങളില്‍ നിറയുന്ന നാമമാണ് കുമ്മനം. തുടിക്കുന്ന ഹൃദയവും നനവുള്ള കണ്ണുകളുമായി നടക്കുന്ന പച്ചയായ മനുഷ്യന്‍..

 

പുല്ലുമേട് അപകടം

മകരവിളക്ക് കണ്ട് തൊഴാനെത്തിയ സ്വാമിഭക്തരില്‍ 102 പേര്‍ തിക്കിലും തിരക്കിലും മരണപ്പെട്ട കറുത്ത സന്ധ്യയില്‍   ഒരുപറ്റം ചെറുപ്പക്കാരെയും കൂട്ടി ദുരന്തം പെയ്തിറങ്ങിയ മലയിടുക്കുകളില്‍ ശ്വാസത്തുടിപ്പ് തേടിയലയുകയും ഊണുമുറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും കുമ്മനം ഉണ്ടായിരുന്നു.. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒരു സഹായവും ചെയ്യാതെ സംസ്ഥാന ഭരണകൂടം കൈകെട്ടിനിന്നപ്പോള്‍ അതിനെതിരെ പുല്ലുമേട്ടില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പ്രതിഷേധ ജാഥനയിക്കുകയും മരിച്ച 102 പേരുടെയും കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കിക്കുകയും ചെയ്ത കുമ്മനം ശരണവഴിയില്‍ അശരണര്‍ക്കൊപ്പം നടന്നുനീങ്ങുകയാണ്

 

മറക്കാനാവാത്ത മാറാട്

പ്രകോപനമില്ലാതെ ഒരുസംഘം ഭീകരവാദികള്‍ മാറാട് കടപ്പുത്ത് അതിക്രമിച്ചുകടന്ന് നരനായാട്ട് നടത്തിയപ്പോള്‍ പകച്ചുപോയ കേരളത്തിന് ആത്മവിശ്വാസം നല്‍കിയത് കുമ്മനമായിരുന്നു. മാറാടിനെ മുറിവേല്‍പ്പിച്ച കാപാലികര്‍ക്കെതിരെ മലയാളനാട് ഒന്നടങ്കം കടലലപോലെ ആര്‍ത്തടിച്ചപ്പോള്‍ ഭരണകൂടം വല്ലാതെയിളകി. ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് അനീതിക്കെതിരെ പടപ്പുറപ്പാട് നടത്തുകയും പിടിച്ചുനിര്‍ത്തുവാനാകാത്ത തരത്തിലുള്ള ഒരു വര്‍ഗീയ ലഹളയിലേക്ക് നാട് വഴുതിവീഴാതെ സംരക്ഷിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകരില്‍ അഗ്രഗണ്യനായിരുന്നു കുമ്മനം രാജശേഖരന്‍.

ഭരണത്തണലില്‍ വിലസിയ മതഭീകരതയുടെ മൂടുപടം അഴിച്ചുമാറ്റുവാനും മുറിവേറ്റ മാറാടിന്റെ മുഖം ലോകത്തിനുമുന്‍പില്‍ തുറന്നുകാട്ടുവാനും മതഭീകരതയുടെ ഭയാവഹമായ ചെയ്തികളെ പ്രതിരോധിക്കുവാനും കടലോരജനതയ്ക്ക് കരുത്തേകിയത് കുമ്മനം എന്ന ചങ്കുറപ്പാണ്.

 

മാനംകെട്ട വിമാനം

ആത്മാഭിമാനത്തിന്റെ പുതിയ പേരാണ് ആറന്മുള. ഒരു നാടിന്റെ ആവാസവ്യവസ്ഥയിലേക്കിടിച്ചിറക്കുവാന്‍ ശ്രമിച്ച അഹന്തയുടെ വിമാനച്ചിറകുകള്‍ കക്ഷിരാഷ്ട്രീയ ഭേദമോ പണ്ഡിതപാമര വ്യത്യാസമോ ഇല്ലാതെ ഒരു ജനത ഒന്നടങ്കം തകര്‍ത്തെറിഞ്ഞ സമരചരിതമാണ് ആറന്മുറയില്‍ അരങ്ങേറിയത്.  പണക്കൊഴുപ്പിന്റെയും ഭരണസ്വാധീനത്തിന്റെയും നീരാളികള്‍ക്കു മുന്നില്‍ നിഷ്പ്രഭരാകുമായിരുന്ന ഗ്രാമീണര്‍ക്ക് ആത്മബലമേകിയ പ്രതിഭാസമാണ് കുമ്മനം രാജശേഖരന്‍. വര്‍ഗവര്‍ണ ലിംഗ വ്യത്യാസങ്ങളില്ലാതെ ഒരു നാടുമുഴുവന്‍ ഈ നവഭഗീരഥനുപിന്നില്‍ അണിനിരന്നപ്പോള്‍ സഫലമായത്, കേരളം അതാദ്യമായി അനുഭവിച്ചറിഞ്ഞ ജനമുന്നേറ്റമാണ്. ആറന്മുളയില്‍ കുമ്മനം വ്യക്തി എന്നതിലുപരി ഒരു സമാജമായി വളരുകയായിരുന്നു. ആ സമാജത്തിന്റെ ബലിഷ്ഠമായ കരത്തണലില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സകല രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത പ്രതിനിധികളും അണിനിരന്നു.  കേരളത്തിന്റെ സാംസ്‌കാരിക ധാര ആറന്മുളയിലേയ്‌ക്കൊഴുകി. വിമാനക്കമ്പനി  പിന്‍വാങ്ങി. പരിസ്ഥിതിപ്രകൃതിപാരമ്പര്യ സ്‌നേഹികള്‍ പൂര്‍ണ്ണ വിജയം നേടിയ ആദ്യ സമരമായി ആറന്മുള മാറി.

 

താമര വിരിയിച്ച്

ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഇരുന്ന് സകല മനുഷ്യരുടെയും പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭകാരനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുമാറ്റം. അവിടെയും പിഴച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍  നേതൃത്വം നല്‍കിയ ആദ്യ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ കാലുകുത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമായി.  കമ്മ്യുണിസ്റ്റ് കൊലക്കത്തി രാഷ്ട്രീയത്തെ ദേശീയതലത്തില്‍ തുറന്നു കാണിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രയത്‌നങ്ങള്‍ വിസ്മരിക്കാനാവില്ല. .

 

ജനകീയ ഗവര്‍ണര്‍

അപ്രതീക്ഷിതമായിട്ടാണെങ്കിലും അംഗീകാരമായിരുന്നു കുമ്മനത്തെ തേടിയെത്തിയ ഗവര്‍ണര്‍ പദവി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ധാര്‍മിക മേഖലകളില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമായിട്ടാണ് കുമ്മനം  മിസോറാമിലെത്തിയത്. ജനകീയനായ ഗവര്‍ണറാകന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളെ കേള്‍ക്കുന്നതിനോ അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനോ പ്രോട്ടോക്കോള്‍ തടസ്സമാകരുതെന്ന് കുമ്മനത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും വിഐപികളും മാത്രം സന്ദര്‍ശകരായിരുന്ന  രാജ്ഭവന്‍ സാധാരണക്കാരുടെയും അഭയകേന്ദ്രമായി. പൊതുപരിപാടികളില്‍ പദവിയുടെ അലങ്കാരമില്ലാതെ ജനങ്ങളിലൊരാളായി പെരുമാറി. ഓഫീസില്‍ ഒതുങ്ങിയിരുന്നില്ല പ്രവര്‍ത്തനം. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും പരിപാടികളില്‍ നിരന്തരം പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കി. രാജ്ഭവനിലെ സാധാരണ ജീവനക്കാരുടെ വീടുകളില്‍ അപ്രതീക്ഷിതമായി എത്തി. ചിലപ്പോഴൊക്കെ പ്രഭാത ഭക്ഷണവും അവിടെനിന്നായിരുന്നു. ആശുപത്രികളിലും അനാഥാലയങ്ങളിലും പതിവ് സന്ദര്‍ശകനായി. ഏല്‍പ്പിച്ച എല്ലാ പ്രവര്‍ത്തനവും  ഭംഗിയായി പൂര്‍ത്തിയാക്കി. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങി. വീണ്ടും  ജനസേവകനായി ജനങ്ങള്‍ക്കിടയിലേക്ക്‌

 

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.