×
login
കുമ്മനം രാജശേഖരന്‍: നേതാവ്... പരിഷ്‌കര്‍ത്താവ്.........

സത്യസന്ധവും സുതാര്യവും സമര്‍ത്ഥവുമായ സമാജസേവനത്തിലൂടെ മനുഷ്യമനസ്സില്‍ വേരൂന്നിയ സ്ഥിതപ്രജ്ഞന്‍. തന്റെ ഓരോ പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുടെ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ജനസേവകന്‍. സര്‍വം സമാജത്തിന് സമര്‍പ്പിച്ച സംഘാടകന്‍. സമരങ്ങളില്‍ ആളിപ്പടര്‍ന്ന പ്രക്ഷോഭകാരി. സമൂഹത്തിന് പോരാട്ടവീര്യം പകര്‍ന്ന ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവ്.... ചരിത്രം കുമ്മനത്തെ അടയാളപ്പെടുത്തുകയാണ്....

 

പ്രക്ഷോഭങ്ങളിലൂടെ സാമൂഹ്യ പരിവര്‍ത്തനവും നവോത്ഥാനവും എങ്ങനെ സാധിക്കാമെന്ന് കേരളത്തിന് കാട്ടിത്തന്നത് കുമ്മനം രാജശേഖരനാണ്. ഹിന്ദു സമാജത്തിന്റെ മേല്‍ ഉണ്ടായ ഭീഷണികളെ ചെറുത്തു തോല്‍പ്പിക്കാനും ആത്മവിശ്വാസം പകരാനും സ്വതന്ത്ര കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ചുരുക്കം. കര്‍മ്മപഥത്തില്‍ കാലിടറാതെ ഏറ്റെടുത്തതെല്ലാം, അത് സേവനമായാലും സമരമായാലും സംഘാടനം ആയാലും പൂര്‍ണവിജയത്തിലെത്തിച്ച കര്‍മ്മയോഗി. സാധാരണക്കാരിലെ അസാധാരണന്‍. നിലയ്ക്കല്‍, ഗുരുവായൂര്‍, മാറാട്, ആറന്മുള, പാലാഴി, ഇളവൂര്‍, ശംഖുംമുഖം ആറാട്ടുകടവ്  തുടങ്ങി മലയാളക്കരയില്‍ വിജയം വരിച്ച പല സമരങ്ങളുടെയും നായകന്‍. സംഘര്‍ഷമല്ല സമന്വയമാണ് സമൂഹത്തിന് അനിവാര്യമെന്ന് തെളിയിച്ച  അജാതശത്രു.  സത്യസന്ധവും സുതാര്യവും സമര്‍ത്ഥവുമായ സമാജസേവനത്തിലൂടെ മനുഷ്യമനസ്സില്‍ വേരൂന്നിയ സ്ഥിതപ്രജ്ഞന്‍. തന്റെ ഓരോ പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുടെ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ജനസേവകന്‍. സര്‍വം സമാജത്തിന് സമര്‍പ്പിച്ച സംഘാടകന്‍. സമരങ്ങളില്‍ ആളിപ്പടര്‍ന്ന   പ്രക്ഷോഭകാരി. സമൂഹത്തിന് പോരാട്ടവീര്യം പകര്‍ന്ന ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവ്.... ചരിത്രം കുമ്മനത്തെ അടയാളപ്പെടുത്തുകയാണ്....

ജീവിതം സമര്‍പ്പിതം

കോട്ടയത്ത്  കുമ്മനം ഗ്രാമത്തില്‍ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം വാളാവള്ളിയില്‍ തറവാട്ടില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും എട്ടുമക്കളില്‍ നാലാമനായി  ജനനം. കാരാപ്പുഴ എന്‍എസ്എസ് ഹൈസ്‌കൂളാണ് രാജശേഖരനിലെ പൊതുപ്രവര്‍ത്തകനെ ഉണര്‍ത്തിയെടുത്തത്.  നായര്‍ സമാജം സ്‌കൂള്‍ എന്‍എസ്എസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിന്റെ സംഘാടകനാവുകയും പ്രസംഗിക്കുവിദ്യാര്‍ത്ഥിയിലെ പൊതുപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞത് യുഗപ്രഭാവനായ മന്നത്ത് പത്മനാഭനായിരുന്നു. അരികെ വിളിച്ച് മികച്ച പൊതുപ്രവര്‍ത്തകനാകണം എന്ന് അനുഗ്രഹിക്കുകയും എന്‍എസ്എസിന്റെ കനകജൂബിലി ആഘോഷങ്ങളില്‍ വൊളണ്ടിയറായി നിയോഗിക്കുകയും ചെയ്തു. ആ ദര്‍ശനം സാര്‍ത്ഥകമായി. സിഎംഎസ് കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ ജീവശാസ്ത്രം വിഷയമാക്കി പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കി..

ദീപികയില്‍ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുമ്മനം, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചതോടെ പത്രപ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തളച്ചിടുവാന്‍ ആകുന്നതായിരുന്നില്ല കുമ്മനത്തിന്റെ മനസ്സ്.  വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍  ആകൃഷ്ടനായി ആ ധര്‍മധാരയ്‌ക്കൊപ്പം ചേര്‍ന്ന കുമ്മനം രാജശേഖരന്‍  1982ല്‍ സന്ന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ നടന്ന സമന്വയ രഥയാത്രയിലും 1982ല്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിലും പാലിയം വിളംബരത്തിലും ഗീതാജ്ഞാന യജ്ഞങ്ങളിലും  ഒട്ടനവധി ധര്‍മ ജാഗരണ പ്രവര്‍ത്തനങ്ങളിലും സംയോജകനായും സംഘാടകനായുമൊക്കെയായി നിറഞ്ഞുനിന്നു.

നിലയ്ക്കല്‍, ഹൈന്ദവ ശക്തിയുടെ ഉരകല്ല്

1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍ പെട്ട നിലയ്ക്കല്‍ പ്രദേശത്ത് ആരോ കുരിശുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് പരന്നത്. കരുതിക്കൂട്ടി തയ്യാറാക്കിയ പ്രചരണപരിപാടികള്‍ ക്രൈസ്തവ സഭാനേതൃത്വം ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളായ മലയാളമനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയവ നിലയ്ക്കലില്‍ കണ്ടെത്തിയ കുരിശ് ഏഡി 52ലേതാണെന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചു. സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളി കണ്ടെടുത്തതിലുള്ള ആഹ്ലാദാരവങ്ങള്‍ നാടെങ്ങും മുഴങ്ങി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായ പ്രവാഹമായിരുന്നു പിന്നീട് നിലയ്ക്കലിലേക്ക്.

എന്തു ചെയ്യണമെന്ന് അറിയാതെ ഹൈന്ദവസമൂഹം അല്പമൊന്നു പതറി. കുരിശിനുവേണ്ടി പത്രങ്ങളില്‍ മുഖപ്രസംഗങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വന്നതോടെ പ്രചാരണത്തില്‍ ക്രൈസ്തവവിഭാഗം മേല്‍ക്കൈ നേടി. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളെല്ലാം ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ് റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ട് ബോര്‍ഡുകള്‍ ഉയര്‍ന്നു. ശബരിമല റോഡില്‍ നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ന്നു... സ്ലീബാനഗര്‍

പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത പോരാട്ടമാണ്.  ഏഴുമാസം നീണ്ട സമര പരമ്പരകള്‍ക്കൊടുവില്‍ നവംബര്‍ 15ന്, സെന്റ് തോമസ്സിന്റേതെന്ന് പ്രചരിക്കപ്പെട്ട കുരിശ്  ലോറിയിലിട്ട് ആരോരുമറിയാതെ കൊണ്ടു പോയപ്പോള്‍  അത് ഹൈന്ദവ ശക്തിയുടെ ഉരകല്ലായി മാറി. സമാധാനത്തിലൂടെ, എന്നാല്‍ സമരത്തിലൂടെ ഒരു അനീതി തിരുത്തപ്പെടുകയായിരുന്നു അവിടെ.  

ഭാരതത്തില്‍ ഹൈന്ദവ സമൂഹം പ്രക്ഷോഭം ചെയ്ത് വിജയം വരിച്ച ആദ്യ സംഭവമായിരുന്നു നിലയ്ക്കല്‍ സമരം

1983 മാര്‍ച്ച് 25 രാവിലെ   കോട്ടയത്ത് എഫ്‌സിഐ ഓഫീസിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് കുമ്മനം ഇറങ്ങുന്നതേയുള്ളു. പരമേശ്വര്‍ജിയുടെ ഒരു ഫോണ്‍. അടിയന്തിരമായി എറണാകുളത്ത് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഒട്ടും താമസിച്ചില്ല. കുമ്മനം എളമക്കര കാര്യാലയത്തില്‍ എത്തി. കാര്യാലയത്തിലെ മുറിയില്‍ പുല്‍പ്പായയിലിരുന്ന് പത്രം വായിക്കുകയായിരുന്നു പരമേശ്വര്‍ജി. കണ്ടമാത്രയില്‍ പത്രം മടക്കി സംഭാഷണം തുടങ്ങി.

'ഇരിക്കൂ. നിലയ്ക്കല്‍ കയ്യേറ്റം അറിഞ്ഞില്ലേ ? ഉടനെ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങണം. വിശാല ഹിന്ദു സമ്മേളനത്തിന്റെ സംസ്ഥാന സമിതി അംഗങ്ങളോടും ജില്ലാ കണ്‍വീനര്‍മാരോടും ഉടനെ ഇവിടെ എത്താന്‍ പറഞ്ഞിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുക, സമരം തുടങ്ങുക.'

നീണ്ടകാലം നടത്തേണ്ട പ്രക്ഷോഭ പരിപാടികളുടെ വിശദരൂപം പരമേശ്വര്‍ജി അവതരിപ്പിച്ചു. എല്ലാം നേരത്തെ ആലോചിച്ച് ചെത്തി മിനുക്കി രൂപപ്പെടുത്തിയ കര്‍മ്മപദ്ധതി. പറയുക മാത്രമല്ല എഴുതിത്തയ്യാറാക്കിയ സമരപരിപാടിയുടെ രൂപരേഖയും കുമ്മനത്തിന്  കൈമാറി. ദീര്‍ഘദൃഷ്ടിയോടും തുടര്‍ന്ന് എന്തെല്ലാം ചെയ്യണമെന്നതിന്റെ രൂപകല്‍പ്പനയോടും കൂടിയാണ് നിലയ്ക്കല്‍ പ്രക്ഷോഭത്തിന് വിത്തുപാകിയത്.

ഏപ്രില്‍ ആദ്യവാരം കേരളത്തിലെ എല്ലാ ഹിന്ദു സംഘടനാ നേതാക്കളെയും തിരുവനന്തപുരത്ത് വിളിച്ചുകൂട്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനമായി. ജെ. ശിശുപാല്‍ജിക്കായിരുന്നു  അതിന്റെ ചുമതല. നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം ചേര്‍ന്നു. പൂജ്യ സ്വാമി സത്യാനന്ദസരസ്വതി, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സാംബശിവന്‍, പുലയമഹാസഭ ജനറല്‍ സെക്രട്ടറി ടി.എന്‍. ഭാസ്‌കരന്‍, അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി. ദാമോദരന്‍പോറ്റി, വെള്ളാള മഹാസഭ പ്രസിഡന്റ് അഡ്വ. പി.ആര്‍. രാജഗോപാല്‍ അങ്ങനെ ഉന്നത ഹൈന്ദവ നേതാക്കളുടെ വന്‍ നിര അണിനിരുന്നു. സ്വാമിജി അധ്യക്ഷത വഹിച്ചു. യോഗം തുടങ്ങി. യോഗനടപടി അനുസരിച്ച് സ്വാഗതത്തിനുശേഷം അധ്യക്ഷ - ഉദ്ഘാടന പ്രസംഗങ്ങളാണ്. പക്ഷേ അതില്‍ നിന്നും വ്യതിചലിച്ച സ്വാമിജി പറഞ്ഞു. 'ആമുഖ പ്രസംഗത്തിനായി പരമേശ്വര്‍ജിയെ ഞാന്‍ വിനയപൂര്‍വ്വം ക്ഷണിക്കുന്നു'. പരമേശ്വര്‍ജി വിഷയം അവതരിപ്പിച്ചു. 'കുരിശിനോടോ ക്രിസ്തുമതത്തോടെ ഉള്ള എതിര്‍പ്പുകൊണ്ടല്ല നാം നിലയ്ക്കല്‍ വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഉണ്ടായിട്ടുള്ള കയ്യേറ്റം ഹിന്ദുക്കളുടെ വിശ്വാസ-ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. എഡി 52ല്‍ സെന്റ് തോമസ് വന്നു എന്ന കെട്ടുകഥകൊണ്ട് അയ്യപ്പന്‍ എന്ന സത്യത്തെ തമസ്‌ക്കരിക്കാനോ ധ്വംസിക്കാനോ സാധ്യമല്ല. കയ്യേറ്റത്തിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. പണവും ആയുധവും അധികാരവുമുണ്ട്. നാം വിശ്വാസത്തിലും ധര്‍മ്മത്തിലും സത്യത്തിലും മുറുകെപ്പിടിച്ച് നിലയ്ക്കലില്‍ ഉജ്വലസമരമുഖം തുറക്കണം. ഹിന്ദുസമൂഹം ഒറ്റക്കെട്ടാകണം.'

ആമുഖ പ്രഭാഷണം കേട്ടതോടെ നേതാക്കള്‍ക്കുണ്ടായിരുന്ന ശങ്കയും  ആശയക്കുഴപ്പവും മാറി. കിടങ്ങൂര്‍ പറഞ്ഞു, 'നിരവധി സംശയങ്ങള്‍ക്ക് നിവൃത്തി വരുത്തിയശേഷം മാത്രം ഈ വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. പരമേശ്വര്‍ജി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. അതുകൊണ്ട് എന്റെ ഒരു വിശദീകരണത്തിന് പ്രസക്തിയില്ല.'

സ്വാമിജി ചെയര്‍മാനും കുമ്മനം ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ ജോ. കണ്‍വീനറുമായി നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. പ്രമേയാവതരണവും പരമേശ്വര്‍ജിയുടെ ചുമതലയായി. വസ്തുനിഷ്ഠവും യുക്തിസഹവുമായി കാര്യകാരണസഹിതം നിലയ്ക്കല്‍ കയ്യേറ്റത്തെ അപഗ്രഥിച്ചുകൊണ്ടുള്ള പ്രമേയം ചര്‍ച്ചകള്‍ക്ക് ശേഷം പാസ്സാക്കി.

യോഗശേഷം തീരുമാനങ്ങള്‍ പത്രലേഖകരോട് വിശദീകരിക്കാന്‍ സ്വാമിജിയെ ചുമതലപ്പെടുത്തി. യോഗവിവരങ്ങള്‍ പറഞ്ഞ ശേഷം സ്വാമിജി പരമേശ്വര്‍ജിയോട് തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ പത്രലേഖകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. 'ശബരിമല പൂങ്കാവനത്തില്‍ നിലയ്ക്കല്‍ ക്ഷേത്ര സമീപത്ത് കയ്യേറി സ്ഥാപിച്ച കുരിശ് അവിടെ നിന്നും നീക്കം ചെയ്യും വരെ അതിശക്തമായ ബഹുജന പ്രക്ഷോഭം നടത്തും. കാരണം മതവിദ്വേഷമല്ല. ഇത് വര്‍ഗ്ഗീയ പ്രശ്‌നവുമല്ല. വനഭൂമി ചിലര്‍ കയ്യേറി കയ്യടക്കി വച്ചരിക്കുന്നു. പള്ളിയറക്കാവ് ക്ഷേത്രം തകര്‍ത്ത് സമീപം കുരിശ് സ്ഥാപിച്ചു. അയ്യപ്പന്റെ പാവനമായ പൂങ്കാവന സങ്കല്‍പ്പം ധ്വംസിക്കപ്പെട്ടു. ഹിന്ദു സമൂഹത്തിന് കയ്യുംകെട്ടി നോക്കി ഇരിക്കാനാവില്ല. സത്യത്തിനും നീതിക്കും നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരം. ആരംഭിക്കുകയാണ്.

പത്രലേഖകരില്‍ നിന്ന് ചോദ്യശരങ്ങളുയര്‍ന്നു

'കുരിശ് ക്രിസ്തുമത വിശ്വാസികള്‍ക്ക് പാവനമല്ലേ ? നിലയ്ക്കല്‍ സെന്റ് തോമസ് എഡി 52ല്‍ വന്നതിന് തെളിവുണ്ടല്ലോ ? വര്‍ഗ്ഗീയ കലാപം ഉണ്ടാകില്ലേ ?'

ചോദ്യങ്ങളുടെ പെരുമഴയായി. ഒട്ടും കൂസാതെ ഓരോന്നിനും പരമേശ്വര്‍ജി മറുപടി നല്‍കി. നിലയ്ക്കല്‍ പ്രദേശത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി കുരിശു വെയ്ക്കാന്‍ അനുവദിച്ചുകൂടേ എന്ന ചോദ്യത്തിന് അസന്നിഗ്ധമായ ഭാഷയില്‍ പരമേശ്വര്‍ജി പ്രതികരിച്ചു.

'നിലയ്ക്കല്‍ എന്നല്ല, പൂങ്കാവനത്തില്‍ ഒരിടത്തും പാടില്ല. 18 മലകള്‍ ഉള്‍ക്കൊള്ളുന്നതാണ് പൂങ്കാവനം. ഓരോ മലയ്ക്കും മലദേവതയുണ്ട്. ആ ദേവതാ സങ്കല്‍പത്തിലാണ് 18 പടിപൂജ നടക്കുന്നത്. ഹിന്ദുക്കള്‍ വിശ്വസിക്കുന്ന പൂങ്കാവനം സംരക്ഷിക്കുന്നതിലൂടെ ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യമാണ് ഹിന്ദുക്കള്‍ വീണ്ടെടുക്കുന്നത്. ഇതിനെ വര്‍ഗ്ഗീയ പ്രശ്‌നമായി കാണരുത്. മാത്രവുമല്ല. എഡി 52ല്‍ കുരിശില്ല. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ് കുഴപ്പക്കാര്‍'. ഇതോടെ ചോദ്യങ്ങള്‍ കെട്ടടങ്ങി.

പ്രക്ഷോഭത്തിന്റെ ഘട്ടങ്ങള്‍ ഓരോന്നും എങ്ങനെയായിരിക്കണമെന്നതിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഓരോ പരിപാടിയും നിശ്ചയിച്ചതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു.

പ്രക്ഷോഭം ശക്തിപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാന പ്രകാരം മെയ് 28ന് നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും കുരിശുമാറ്റി പടിഞ്ഞാറുഭാഗത്ത് മലഞ്ചെരുവില്‍ സ്ഥാപിച്ചു. ദേവസ്വംബോര്‍ഡ് സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചു. എന്‍എസ്എസും ശരിവച്ചു. അവരെല്ലാം സമരത്തില്‍ നിന്ന് പിന്മാറി. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് പരക്കെ പ്രചാരമുണ്ടായി. ആകെ ആശയക്കുഴപ്പം.. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ജൂണ്‍ 1ന് അടിയന്തരയോഗം കോട്ടയത്ത് സമൂഹമഠം ഹാളില്‍ ചേര്‍ന്നു. എല്ലാ നേതാക്കളും എത്തി. ആശയക്കുഴപ്പം മൂലം പ്രക്ഷുബ്ധമായ അന്തരീക്ഷം. വല്ലാത്തൊരു പ്രതിസന്ധി. സ്വാമിജി പൊതുവായി കാര്യങ്ങള്‍ പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. ആപല്‍ബാന്ധവനും ധര്‍മ്മരക്ഷകനുമായ സാക്ഷാല്‍ യോഗേശ്വരനായി സദസ്സിന്റെ മുന്നില്‍ പരമേശ്വര്‍ജി എഴുന്നേറ്റ് നിന്നു.

'നമ്മെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഗൂഢാലോചന നടത്തിയാണ് നിലയ്ക്കലില്‍ ചില കള്ളക്കളികള്‍ നടത്തിയിട്ടുള്ളത്. നാം ഇറങ്ങിത്തിരിച്ചിട്ടുള്ളത് ശബരിമല അയ്യപ്പന്റെ പൂങ്കാവനം സംരക്ഷിക്കാനാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒന്നിച്ചുവന്നവര്‍ ഇടയ്ക്ക് മടങ്ങിയേക്കാം. ലാത്തിയും വെടിയുണ്ടയും നെഞ്ചിന് നേരെവരാം. കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ് നമുക്കൊപ്പം ഉണ്ട്. നാം ഇത്രയും നാള്‍ നാട്ടില്‍ ഉടനീളം സത്യഗ്രഹവും പൊതുയോഗങ്ങളും നടത്തി ജനവികാരം ഉണര്‍ത്തി. ഇനി നമുക്ക് നിലയ്ക്കലിലേക്ക് മാര്‍ച്ച് ചെയ്യാം. ജൂണ്‍ 4ന് അയ്യപ്പന്റെ പവിത്രമായ പൂങ്കാവനം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുരക്ഷിക്കാന്‍ നമുക്ക് ശരണം വിളിച്ച് നിലയ്ക്കലിലേക്ക് മാര്‍ച്ച് ചെയ്യാം'.

പരമേശ്വര്‍ജിയുടെ പ്രസംഗം കേട്ടതോടെ സദസ്സ് വികാരാവേശ പ്രകടനത്തില്‍ പ്രകമ്പിതമായി. ശരണഘോഷം അലതല്ലി. എല്ലാവരും ഇനി നിലയ്ക്കലിലേക്ക്. സന്യാസിമാരും ഹിന്ദു സംഘടനാ നേതാക്കളും നാലാം തീയതി നിലയ്ക്കല്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും സ്വാമി ഭൂതാനന്ദതീര്‍ത്ഥ നേതൃത്വം നല്‍കുമെന്നും സ്വാമി സത്യാനന്ദ സരസ്വതി പ്രഖ്യാപിച്ചതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി.

ജൂണ്‍ നാലിന് നിലയ്ക്കല്‍ മാര്‍ച്ച് വെടിവപ്പിലും ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗത്തിനും ലാത്തിച്ചാര്‍ജ്ജിലുമാണ് കലാശിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ കേരളം മുഴുവന്‍ സമരത്തിന് നിരോധനം ഏര്‍പ്പെടുത്തി. 6000ല്‍പ്പരം പേര്‍ അറസ്റ്റിലായി.

സംപൂജ്യനായ ചിന്മയാനന്ദജിയും കാഞ്ചി ശങ്കരാചാര്യ സ്വാമികളും നിലയ്ക്കല്‍ കയ്യേറ്റത്തിനെതിരെ പ്രതികരിച്ചത് മുഖ്യമന്ത്രി കരുണാകരനെ വല്ലാതെ ചൊടിപ്പിച്ചു. സന്യാസിമാര്‍ക്ക് കേരളത്തിലെ വിഷയത്തില്‍ ഇടപെടാന്‍ എന്തവകാശമെന്നും ഹിമാലയത്തില്‍ പോയി തപസ് ചെയ്യട്ടെ എന്നും മറ്റും പറഞ്ഞ് അദ്ദേഹം ആക്ഷേപിച്ചു. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് നേതാവുണ്ടോ എന്നായി അടുത്ത ചോദ്യം. മാന്യ പരമേശ്വര്‍ജി ചുട്ട മറുപടി കൊടുത്തുകൊണ്ട് രംഗത്തു വന്നു.

ശബരിമല പൂങ്കാവനം കയ്യേറ്റക്കാര്‍ക്ക് തീറെഴുതിക്കൊടുത്ത കരുണാകരന്‍ ഗുരുവായൂരപ്പനു മുന്നില്‍ എല്ലാമാസവും വന്ന് തൊഴുന്നത് കാപട്യമല്ലേ എന്ന ചോദ്യം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു.

ഗുരുവായൂരില്‍ എത്തുന്ന കരുണാകരനെ നേരില്‍ കണ്ട് ഭക്തജനങ്ങള്‍  തങ്ങളുടെ ഉല്‍കണ്ഠയും പ്രതിഷേധവും അറിയിക്കുമെന്ന് നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഇടവം ഒന്നാം തീയതി തൊഴാനായി  കരുണാകരന്‍ എത്തുമ്പോള്‍ നാമജപവുമായി ജനസഹസ്രങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ തമ്പടിച്ചുകഴിഞ്ഞിരുന്നു. തലേന്ന് രാത്രി തന്നെ ക്ഷേത്ര പരിസരം ഭക്തരെകൊണ്ട് നിറഞ്ഞു. രാവിലെ കരുണാകരന്‍ പോലീസ് ഒരുക്കിയ സുരക്ഷാ വലയത്തില്‍ എത്തിയപ്പോഴേയ്ക്കും അന്തരീക്ഷം നാമമന്ത്ര മുഖരിതമായി. സംഘര്‍ഷം കൊടുമ്പിരികൊണ്ടു. ശരണഘോഷം മുഴങ്ങി. മുഖ്യമന്ത്രിയോട് ശബരിമല രക്ഷിക്കണമെന്ന് അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഭക്തരെ പോലീസ് തള്ളിനീക്കി. വഴിയുണ്ടാക്കി ക്ഷേത്രത്തില്‍ കയറി ദര്‍ശനവും നടത്തി പുറത്തുവന്നപ്പോഴും ഭക്തജനങ്ങള്‍ തങ്ങളുടെ ആവശ്യവും ആവലാതിയും അറിയിച്ചു.

പിന്നീട് മുഖ്യമന്ത്രിയെ തടഞ്ഞതിലുള്ള പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്തുവന്നു. തന്നെ തടഞ്ഞത് ആചാര സ്വാതന്ത്ര്യ ലംഘനമാണെന്ന് കരുണാകരന്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ പ്രതികരണവും ഉടനെത്തി. 'കരുണാകരന്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നു. ശബരിമല അയ്യപ്പസ്വാമിയുടെ ഭക്തര്‍ കരുണാകരന്റെ മുന്നില്‍ പ്രാര്‍ത്ഥനയുമായി വന്നു. രണ്ടിലും തെറ്റില്ല. ഇതൊരു സൂചനയും താക്കീതുമാണ്'

നിരോധിച്ചിട്ടും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായില്ല. നാള്‍ക്ക് നാള്‍ ശക്തിപ്രാപിച്ചു. ഗുരുനിത്യചൈതന്യയതി ഒത്തുതീര്‍പ്പിനായി പരമേശ്വര്‍ജിയെ സമീപിച്ചു. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം പിന്തിരിഞ്ഞു. സര്‍വ്വോദയ നേതാവ് എം.പി. മന്മഥന്‍ പലവട്ടം പരമേശ്വര്‍ജിയുമായ സംസാരിച്ചു. അങ്ങനെ ക്രൈസ്തവ, ഹിന്ദു പ്രതിനിധികളുടെ യോഗം നിശ്ചയിച്ചു. രമ്യമായ പരിഹാരം പൂങ്കാവനത്തില്‍ നിന്നും കുരിശുമാറ്റുക എന്നതുമാത്രമാണെന്ന് ചര്‍ച്ചകളില്‍ ഹിന്ദുനേതാക്കള്‍ ഉറച്ചനിലപാട് എടുത്തു.

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും എം.പി. മന്മഥന്‍ സാറും പരമേശ്വര്‍ജിയുമായും സ്വാമിജിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരിശു നീക്കം ചെയ്യാന്‍ സഭാ നേതൃത്വം തീരുമാനിച്ചു. അങ്ങനെ 1983 നവം. 15ന് കുരിശു പൂങ്കാവനത്തില്‍ നിന്ന് നീക്കം ചെയ്തതോടെ നിലയ്ക്കല്‍ പ്രശ്‌നത്തിന് പരിഹാരമായി. 1983 മാര്‍ച്ച് 24ന് ആരംഭിച്ച് ഏതാണ്ട് ഏഴ് മാസക്കാലം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിന് തിരശീലവീണു.'

സംഘര്‍ഷത്തിലേക്കും വര്‍ഗ്ഗീയ കലാപത്തിലേക്കും വഴുതി വീഴാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന സമരത്തെ  സമാധാനത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ നയിക്കാന്‍ യുവാവായ കുമ്മനം രാജശേഖരന് കഴിഞ്ഞു എന്നിടത്താണ് നിലയക്കല്‍ സമരത്തിന്റെ വിജയത്തിനപ്പുറമുള്ള വശം. നിലയ്ക്കല്‍ സമരനായകന്‍ എന്ന നിലയില്‍ കുമ്മനം ഉയരുകകയും ചെയ്തു.  'നിലയ്ക്കല്‍ വിവാദത്തെക്കുറിച്ച് ആരോടാണ് ചര്‍ച്ച ചെയ്യേണ്ടത്. ഹിന്ദുക്കള്‍ക്ക് ഒരു നേതൃത്വമുണ്ടോ, നേതാവുണ്ടോ' എന്ന് ചോദിച്ച അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുള്ള ഉത്തരമായി കുമ്മനം പിന്നീട് മാറി.

തൃശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പടപ്പുറപ്പാട് നടത്തിയതും കുമ്മനത്തിന്റെ സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങളുടെ ആദ്യകാല കാഴ്ചകളാണ്.് പ്രാദേശിക തലത്തില്‍ നടക്കുന്ന ഒറ്റപ്പെട്ട  മുന്നേറ്റങ്ങളെപ്പോലും ജനകീയ പ്രശ്‌നങ്ങളാക്കി മാറ്റിയെടുക്കുന്നതിന് കുമ്മനത്തിന് കഴിഞ്ഞു. ജനകീയ മുന്നേറ്റവും നിയമവഴികളും സമാസമം ഉപയോഗപ്പെടുത്തി ഏറ്റെടുക്കുന്ന കാര്യത്തില്‍ വിജയംവരെ പോരാടും എന്നതാണ് കുമ്മനത്തെ വ്യത്യസ്തനാക്കുന്നത്.

ഹിന്ദുക്കള്‍ നാം ഒന്നാണേ

കോട്ടയത്ത് ഗീതാജ്ഞാനയജ്ഞത്തിനെത്തിയ സ്വാമി ചിന്മയാനന്ദന്‍ താമസിച്ചത് ചിങ്ങവനത്തെ സ്വകാര്യ കമ്പനിയുടെ ഗസ്റ്റ് ഹൗസിലാണ്. യുവാവായ കുമ്മനം രാജശേഖരനും സന്യാസിയായ വേദാനന്ദ സരസ്വതിയുമാണ് സഹായികളായി ഒപ്പം ഉള്ളത്. പരിപാടി മികച്ചതാക്കാനുള്ളകാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇവരാണ്. യജ്ഞത്തിനെത്തുന്ന സ്വാമിയെ രഥത്തില്‍ എഴുന്നള്ളിക്കാനും നഗരത്തില്‍ വിവധ ഹൈന്ദവസംഘടനകളെകൊണ്ട് സ്വീകരണം നല്‍കിക്കാനും വേണ്ടതെല്ലാം കുമ്മനം ചെയ്തു. തിരുനക്കരയില്‍ എന്‍എസ്എസും നാഗമ്പടത്ത് എസ്എന്‍ഡിപിയും മാത്രമല്ല ബ്രാഹ്മണസഭയും വിശ്വകര്‍മ്മ മഹാസഭയും ഒക്കെ സ്വീകരണം നല്‍കാമെന്ന് ഏറ്റു. പരിപാടിയുടെ തലേന്ന് സ്വാമിയോട് ഉക്കാര്യം പറഞ്ഞപ്പോള്‍  '' ജാതി സംഘടനകളുടെ സ്വീകരണം ഒന്നും എനിക്കുവേണ്ട, അവരുടെ ഒന്നും പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയുമില്ല. അവരെല്ലാം ഗീതാജ്ഞാനയജ്ഞത്തിനെത്തട്ടെ'' എന്ന് അറത്തുമുറിച്ച് പറഞ്ഞ് സ്വാമി ഉറങ്ങാനും പോയി. എന്തു ചെയ്യും. സ്വീകരണത്തിനു വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. സംഘടനകളെക്കൊണ്ട് പലവിധ സ്വാധീനം ചെലുത്തി സമ്മതിപ്പിച്ചതാണ്. സ്വീകരണം നടന്നില്ലങ്കില്‍ യജ്ഞത്തിന്റെ വിജയത്തെയും ബാധിക്കും.

ചിന്മയാനന്ദ സ്വാമി വെളുപ്പിന് മൂന്നിനു മുമ്പ് എഴുന്നേല്‍ക്കും. ഉണരുമ്പോള്‍തന്നെ സങ്കടം പറയാന്‍ കുമ്മനവും സ്വാമി വേദാനന്ദ സരസ്വതിയും തീരുമാനിച്ചു. സ്വാമികള്‍ എഴുന്നേറ്റുവന്ന ഉടന്‍ ഇരുവരും കാല്‍ക്കല്‍ വീണു കാര്യം  പറഞ്ഞു.'  ജാതി സംഘടനകളോട് വിദ്വേഷം ഒന്നുമില്ല. അവര്‍ പ്രത്യേകം പ്രത്യേകം നിന്നാല്‍ ഹിന്ദു രക്ഷപ്പെടില്ല എന്നതിനാലാണ് അവരുടെ പരിപാടിയില്‍ പങ്കെടുക്കില്ല എന്നു പറഞ്ഞത്. ഐക്യത്തോടെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യം വേണം. പ്രത്യേകം പ്രത്യേകം സ്വീകരണത്തിനു പകരം ഒന്നിച്ച് സ്വീകരണം നല്‍കണം. എങ്കിലും നിങ്ങള്‍ എല്ലാം വ്യവസ്ഥ ചെയ്ത സ്ഥിതിക്ക് ഞാന്‍ വരാം'. സ്വാമി ചിന്മയാനന്ദന്റെ വാക്കുകള്‍ കുമ്മനത്തിന്റെ മനസ്സില്‍ ആശ്വാസത്തോടൊപ്പം  ഹിന്ദുഐക്യചിന്തയുടെ വിത്തുകള്‍ കൂടിയാണ് പാകിയത്. അത് പൊട്ടിമുളച്ചു വളരുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. വിവിധ തലത്തില്‍ നടന്ന ഹിന്ദു സംഘടനകളുടെ ഐക്യശ്രമങ്ങളെക്കുറിച്ച് സാരഥിയായിരുന്ന കുമ്മനം പറയുന്നതിങ്ങനെ.

'ഗുരുവായൂര്‍ ക്ഷേത്ര ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പൊതുവെ ഹിന്ദു സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഷേധത്തിന്റേയും പ്രതികരണത്തിന്റേയും ഭാഗമായിട്ടാണ് 1980 കളില്‍ ഹിന്ദു ഏകോപന സമിതി രൂപംകൊള്ളുന്നത്. ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കണമെന്നും ഭക്തജനപ്രാതിനിധ്യത്തോടെ സംശുദ്ധഭരണം ഉറപ്പാക്കുകയും ചെയ്യമെന്ന ആവശ്യം ഏകോപന സമിതി ഉയര്‍ത്തിപ്പിടിച്ചു. 1982 ഏപ്രിലില്‍ വിശാലഹിന്ദു സമ്മേളനത്തില്‍ നിരവധി ഹിന്ദു സംഘടനകളെ പങ്കെടുക്കാന്‍ സാധിച്ചതോടെ ഹിന്ദുഐക്യം ശക്തപ്പെട്ടു. നിലയ്ക്കല്‍ പ്രക്ഷോഭകാലത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലില്‍ 27 ഹിന്ദു സംഘടനകളെ അണിനിരത്താന്‍ കഴിഞ്ഞു. നിലയ്ക്കല്‍ പ്രക്ഷോഭത്തിനുണ്ടായ വിജയമാണ് ഹിന്ദുമുന്നണിയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. എ.ആര്‍. ശ്രീനിവാസന്‍ ചെയര്‍മാനായി രൂപീകരിച്ച മുന്നണിയുടെ ജനറല്‍ കണ്‍വീനര്‍ ഞാനായിരുന്നു. ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഹിന്ദുവോട്ട് ബാങ്ക് ആണെന്ന സ്വാമി ചിന്മയാനന്ദന്റെ വാക്കുകള്‍ നെഞ്ചിലേറ്റിയാണ് ഹിന്ദുമുന്നണി പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം നഗരസഭയിലെ 6 സീറ്റുകള്‍ ഉള്‍പ്പെടെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും നല്ല രീതിയില്‍ വോട്ടു നേടുകയും ചെയ്തു.

1992 ജൂലായ് 15ന് തിരുവനന്തപുരത്തെ കടലോര ഗ്രാമമായ പൂന്തുറയില്‍ വര്‍ഗ്ഗീയ കലാപം നടന്നു. മദനി രൂപീകരിച്ച ഐഎസ്എസിന്റെ നേതൃത്വത്തില്‍നടന്ന കലാപത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്.  സര്‍വതും നഷ്ടപ്പെട്ട 87 മത്സ്യതൊഴിലാളികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം വ്യാപകമായി ശക്തിപ്പെട്ടു. വീടുകള്‍ പണിതു നല്‍കുക, ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്നതായിരുന്നു ആവശ്യം. സ്വാമി സത്യാനന്ദ സരസ്വതിയോടൊപ്പം അവിടെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്ത് വിവിധ ഹിന്ദുസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗമാണ് ഹിന്ദുഐക്യവേദിക്ക് രൂപം നല്‍കിയത്. സ്വാമിയും ജെ ശിശുപാല്‍ജിയും നേതൃത്വം നല്‍കിയ ഹിന്ദുഐക്യവേദിയുടെ ജനറല്‍ കണ്‍വീനര്‍ ചുമതലയായിരുന്നു എനിക്ക്. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കുകയും അന്വേഷണത്തിന് കമ്മീഷനെ വെക്കുകയും ചെയ്തു. പ്രക്ഷോഭം വിജയമായി. തുടര്‍ന്ന് ഹിന്ദുഐക്യവേദി സംസ്ഥാനതലത്തിലുള്ള സംഘടനയായി. ഞാന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഹിന്ദു മിഷണറിമാരെ പരിശീലിപ്പിക്കാനായി നടത്തിയ ശിബിരം വലിയ ചുവടുവെപ്പായിരുന്നു. 25 ദിവസത്തെ ശിബിരത്തില്‍ 105 പേരാണ് പങ്കെടുത്തത്. പിന്നീട് ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കി. ഐക്യവേദി സംഘടിപ്പിച്ച സാമൂഹ്യ സമരസത യോഗത്തില്‍ 125 ഹിന്ദു സംഘടനകളെ വരെ പങ്കെടുപ്പിക്കാനായി'

സാമൂഹ്യമാറ്റം ബോധവല്‍ക്കരണത്തിലൂടെ

എറണാകുളം ജില്ലയിലെ എളവൂര്‍ പുത്തന്‍കാവ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ നടന്നിരുന്ന തൂക്കമാണ് എളവൂര്‍ തൂക്കം. എളവൂര്‍ പുത്തന്‍കാവില്‍ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു.

രക്തബലിയുടെ സങ്കല്‍പ്പത്തിലാണ് ഇത്തരം ആചാരങ്ങള്‍ നടക്കുന്നത്. ചര്‍മത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം ഉയരുകയും ഭക്തര്‍ രണ്ടു തട്ടിലാകുകയും ചെയ്തു. തൂക്കത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും വാശിയോടെ നിന്നപ്പോള്‍ അത് ക്രമസമാധാന പ്രശ്നമായി മാറി.   ശരീരത്തില്‍ കൊളുത്തുകളിട്ട് പൊക്കി ചുറ്റിക്കറങ്ങുന്ന വലിയൊരു അനാചാരമായ ഇളവൂര്‍ തൂക്കം, സംഘര്‍ഷമില്ലാതെ, എല്ലാവരുടേയും പിന്തുണയോടെ ഇല്ലാതാക്കുന്നതിനും സാധിച്ചു. 1987-ല്‍ തൂക്കം നിരോധിച്ചു.

'പ്രവര്‍ത്തനപാഠങ്ങളൊന്നും വായിച്ച് പഠിക്കാനാവില്ല. പ്രസം കേട്ടിട്ടും ഉള്‍ക്കൊള്ളാനാവില്ല.  അനുഭവസമ്പത്തിലൂടെ മാത്രമേ പൊതുപ്രവര്‍ത്തനപാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവൂ'. എന്നു വിശ്വസിക്കുന്ന കുമ്മനം രാജശേഖരന്‍ ഇളവൂര്‍ തൂക്കം വിവാദത്തിലൂടെ പഠിച്ചത് സാമൂഹ്യമാറ്റം ബോധവല്‍ക്കരണത്തിലൂടെ വേണം എന്നതാണ്. പിന്നീടുള്ള പോരാട്ടങ്ങള്‍ക്ക് ആ പാഠം വഴികാട്ടിയുമായി. ഒരനുഭവകഥ കുമ്മനം പറയുന്നു.

' ഇളവൂര്‍ തൂക്കം വഴിപാടിനെതിരെ ഭൂമാനന്ദ സ്വാമികളും മറ്റ് പല സംഘടനകളും പ്രക്ഷോഭപരിപാടികളുമായി രംഗത്തുവന്നു. തൂക്കം നടത്തണമെന്ന് ഒരു വിഭാഗം. പാടില്ലെന്ന് മറ്റൊരു കൂട്ടര്‍. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും നാട്ടിലെ ഭക്തജനങ്ങളാണ്. സംഘ സ്വയം സേവകരോട് തിരക്കിയപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. തൂക്കദിവസം അടുത്തെത്തി. ക്ഷേത്രപരിസരമാകെ സംഘര്‍ഷം. എന്തും സംഭവിക്കാം. കളക്ടര്‍ അങ്കമാലി ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചക്ക് വിളിച്ചു. എന്തുനിലപാട് സ്വീകരിക്കുമെന്നതിനെക്കുറിച്ച് കടുത്ത ആശങ്കയും അശയക്കുഴപ്പവും.

ക്ഷേത്രാചാരകാര്യങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ കഴിയുന്ന പി. മാധവ്ജിയുമായി ചര്‍ച്ച ചെയ്തു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തന്ത്രിയേയും ക്ഷേത്രദേവസ്വം ഭരണാധികാരികളെയും കണ്ടു, സംസാരിച്ചു. അന്ന് രാത്രി ഒരു വീട്ടില്‍ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി. അന്തര്‍സംഘര്‍ഷവും ആശയക്കുഴപ്പവും മൂലം അസ്വസ്ഥരായ പ്രവര്‍ത്തകരെ മാധവ്ജി അഭിസംബോധന ചെയ്തു.

''നിരവധി വര്‍ഷമായി നടന്നുവരുന്ന ഒരു ആചാരം പെട്ടെന്ന് വേണ്ടെന്നുവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ഒട്ടും ന്യായമില്ല. കാലഹരണപ്പെട്ട ആചാരങ്ങള്‍ മാറണം. സാമൂഹ്യപരിഷ്‌കരണം വേണം. പക്ഷേ അത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാവണം. അതുകൊണ്ട് ഈ വര്‍ഷം തൂക്കം നടക്കട്ടെ എന്ന് തീരുമാനിക്കുന്നതാണ് ഉചിതം.'' മാധവ്ജിയുടെ അഭിപ്രായത്തോട് യോജിക്കാത്തവരുണ്ടായിരുന്നു. യോഗശേഷം നീണ്ട വാഗ്വാദങ്ങളും സംവാദങ്ങളും നടന്നു.

പിറ്റേദിവസം അങ്കമാലി ഗസ്റ്റ് ഹൗസില്‍ കളക്ടറുടെ ചര്‍ച്ച നടക്കുന്നു. പങ്കെടുക്കാന്‍ പോകും മുന്‍പ് വീണ്ടും നാട്ടുകാരായ ഭക്തജനപ്രതിനിധികളെ ഞാന്‍ കണ്ടു. ജനങ്ങളെ ബോധവാന്മാരാക്കാന്‍ നാമൊന്നും ചെയ്തിട്ടില്ല. ആ സ്ഥിതിക്ക് ഈ വര്‍ഷം തൂക്കം നടക്കാന്‍ സമ്മതിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ വീണ്ടും അവരോട് വ്യക്തമാക്കി.

കളക്ടറുമായുള്ള ചര്‍ച്ചയിലും ഇതേ നിലപാട് സ്വീകരിച്ചു. അങ്ങനെ കോളിളക്കം സൃഷ്ടിച്ച തൂക്കം വഴിപാട് വലിയൊരു ജനപങ്കാളിത്തത്തോടെ നടന്നു.

പിറ്റേ ദിവസം മുതല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ജനമനസ്സാക്ഷിയെ ഉണര്‍ത്തുവാനുമുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി. എല്ലാ വാര്‍ഡുകളിലും കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചു. ക്ഷേത്ര സന്നിധിയില്‍ ദേവ പ്രശ്‌നം നടത്തി. മാധവ്ജി കൂടിനിന്ന ജനങ്ങളോട് കാര്യകാരണസഹിതം തൂക്കം വഴിപാട് ആവശ്യമില്ലെന്ന് സമര്‍ഥിച്ചു. സമൂഹമൊന്നാകെ പരിവര്‍ത്തനത്തിനും പരിഷ്‌കരണത്തിനും തയ്യാറായി.

സാമൂഹ്യ പരിഷ്‌കരണം ബഹുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ടാവണം നടപ്പിലാക്കേണ്ടതെന്ന മഹത്തായ സന്ദേശമാണ് ഇളവൂര്‍ തൂക്കത്തിനെതിരെ നടന്ന പ്രക്ഷോഭം സമൂഹത്തിന് നല്‍കിയത്. ബലപ്രയോഗം വഴി അടിച്ചേല്‍പ്പിച്ച് മാറ്റാവുന്ന ഒന്നല്ല ആചാരപരിഷ്‌കരണമെന്നത് മാധവ്ജി പകര്‍ന്നുതന്ന ഒരു പാഠമായിരുന്നു.

ഗുരുവായൂരിലെ ഇടതുകണ്ണ്

1988ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള ഇടതു സര്‍ക്കാറിന്റെ നീക്കം വലിയ വിവാദത്തിലായി. ദേവസ്വം മന്ത്രിയായിരുന്ന വി. വിശ്വനാഥമോനോനാണ് കമ്മറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തത്. അവിശ്വാസിക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ പറ്റില്ലെന്നു ഹൈക്കോടതി പറയുകയും മന്ത്രി സഭയിലെ വിശ്വാസിയായ ജനതാദളിലെ  കെ. ചന്ദ്രശേഖറിനോട് അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സിപിഐ നോമിനി ആയിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചെയര്‍മാനാകാനുമെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ നോമിനിയും  ടീച്ചേഴ്‌സ് യൂണിയന്‍ നേതാവുമായിരുന്ന പി.എന്‍. നാരായണനെ ചെയര്‍മാന്‍ ആക്കണം എന്ന നിലപാട് സിപിഎം എടുത്തു.  സിപിഐ അതിനു വഴങ്ങിയപ്പോള്‍, മലയാറ്റൂര്‍ അംഗത്വം രാജിവെച്ചു. നാരായണനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഈശ്വര വിശ്വാസികള്‍ക്കേ ദേവസ്വം ബോര്‍ഡ് അംഗമാകാവു എന്നതിനാല്‍ വിശ്വാസിയായ മാര്‍ക്‌സിസ്റ്റ് എന്നു പറഞ്ഞാണ് അധികാരമേറ്റത്.  മലയാറ്റൂര്‍ രാമകൃഷ്ണന്‍ രാജിവെച്ച ഒഴിവ് നികത്താതെ നടത്തിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന കേസ് ഉണ്ടായി.

പരിവര്‍ത്തിത ക്രൈസ്തവനായ ജേക്കബ്ബ് തമ്പിയെ ഗുരുവായൂര്‍ മാനേജിംഗ് കമ്മറ്റിയില്‍ അംഗമാക്കി  ഉത്തരവ് വന്നു. തൊട്ടുപുറകെ ദേവസ്വം പണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ആവശ്യവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി.  ഇതിനെതിരെ ഹിന്ദുസംഘടനകള്‍ ഗുരുവായൂര്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരരംഗത്തുവന്നു. പ്രതിഷേധത്തിനും പ്രക്ഷോഭത്തിനു  നേതൃത്വം നല്‍കിയത് കുമ്മനമായിരുന്നു. ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാക്കണം എന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ നേതൃത്വത്തില്‍ രഥയാത്ര നടന്നു. സര്‍ക്കാറിന്റെ കാപട്യം തുറന്നു കാണിക്കുന്നതില്‍ വിജയിക്കുകയും തമ്പിയുടെ നിയമനം റദ്ദാക്കുകയും ചെയ്തു. ക്ഷേത്രങ്ങള്‍ സര്‍വമത സങ്കേതമായി മാറ്റാനുള്ള  നീക്കത്തെ മുളയിലെ നുള്ളാന്‍  അതിലൂടെ കഴിഞ്ഞു

ക്ഷേത്രസ്വത്ത് വീണ്ടെടുക്കാന്‍

അന്യാധീനപ്പെടുന്ന ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ജനകീയശ്രമങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ നിന്നും കണ്ടുകിട്ടിയ നാണയത്തുട്ടുകള്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തിയതിനെതിരെയും കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രത്തിന്റെ സ്വത്ത് കയ്യേറ്റക്കാര്‍ക്ക് തീറെഴുതി നല്‍കുന്നതിനെതിരെയും കുമ്മനം നയിച്ച സമരങ്ങള്‍ കേരളത്തിലെ ഹിന്ദുക്കളുടെ പോരാട്ട വീര്യത്തിന് ആക്കം കൂട്ടിയവയാണ്.

ആര്‍. ബാലകൃഷ്ണപിള്ള പുരാവസ്തു വകുപ്പ് മന്ത്രിയായിരിക്കെ വൈക്കം ക്ഷേത്രദര്‍ശനത്തിനെത്തി. ധ്വജപ്രതിഷ്ഠ സംബന്ധിച്ച ബോര്‍ഡ് ആനക്കൊട്ടിലിന്റെ തൂണില്‍ വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നിലവിലുള്ള കൊടിമരം പിഴുതുമാറ്റുമെന്നും പുതിയത് പ്രതിഷ്ഠിക്കുമെന്നും മാനേജര്‍ മന്ത്രിയോട് പറഞ്ഞു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട മന്ത്രി കൊടിമരം പിഴുതുമാറ്റുമ്പോള്‍ വിവരം അറിയിക്കണമെന്ന് പറഞ്ഞശേഷം യാത്രയായി.

കൊടിമരം പിഴുതുമാറ്റിയപ്പോള്‍ കണ്ടത് വളരെ പഴക്കം ചെന്ന നാണയത്തുട്ടുകളും അതിപ്രാചീന ലോഹ വസ്തുക്കളുമാണ്. വിവരം ഉടനെ മാനേജര്‍ മന്ത്രിയെ അറിയിച്ചു. കിട്ടിയ പുരാവസ്തുക്കളെല്ലാം സര്‍ക്കാരിന് കൈമാറാന്‍ മന്ത്രി ഉത്തരവിട്ടു. ഉദ്യോഗസ്ഥന്മാര്‍ ക്ഷേത്രത്തിലെത്തി മുഴുവന്‍ സാധനങ്ങളും കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്റേതാണെന്നും ഒരു കാരണവശാലും മതേതര സര്‍ക്കാരിന് അതില്‍ അവകാശമില്ലെന്നും വാദിച്ച് കുമ്മനത്തിന്റെ നേതൃത്വത്തില്‍ രംഗത്തു വന്നു. പുരാവസ്തുക്കള്‍ എവിടെ കണ്ടാലും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി തറപ്പിച്ചുപറഞ്ഞു. കൊടിമരച്ചുവട്ടില്‍ നിന്ന് കിട്ടിയ പുരാവസ്തുക്കള്‍ തിരികെ കിട്ടാതെ ധ്വജപുനഃപ്രതിഷ്ഠ നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം ആരംഭിച്ചു. ക്ഷേത്ര ഗോപുര നടയില്‍ സത്യഗ്രഹം അനുഷ്ഠിച്ച ഭക്തജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഭക്തജനങ്ങള്‍ പിന്‍വാങ്ങിയില്ല. നാമജപഘോഷയാത്രകളും ശയനപ്രദക്ഷിണവും ഭജനാഘോഷവും നാടാകെ നടന്നു. അടുത്ത ഉത്സവത്തിന് കൊടിമരമില്ല എന്ന അവസ്ഥയായി. കവുങ്ങ് മുറിച്ച് കൊണ്ടുവന്ന് നാട്ടി. കൊടികയറി. ഉത്സവം നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ഭാസ്‌കരന്‍ നായരുടെ നിലപാടും സര്‍ക്കാരിനൊപ്പമായിരുന്നു. ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വൈക്കം ക്ഷേത്രത്തിന്റെ മുതല്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന വിശ്വാസം ഭക്തരില്‍ രൂഢമൂലമായി.

പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. ദേവസ്വം ബോര്‍ഡും മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും ചര്‍ച്ച നടത്തി. സമ്മേളനങ്ങള്‍ പലതും നടന്നു. ഒരു വിട്ടുവീഴ്ചയ്ക്കും ഹിന്ദുക്കള്‍ തയ്യാറായില്ല. കൊടിമരച്ചുവട്ടില്‍ നിന്നുംകൊണ്ടുപോയ എല്ലാ വസ്തുവകകളും തിരിച്ച് പുതിയ കൊടിമരച്ചുവട്ടില്‍ ഇടാതെ പിന്‍വാങ്ങില്ലെന്ന ഐക്യവേദിയുടെ ഉറച്ച നിലപാടിനോട് സര്‍ക്കാരിനും ബോര്‍ഡിനും യോജിക്കേണ്ടിവന്നു.

പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി. ധ്വജപുനഃപ്രതിഷ്ഠയ്ക്ക് അരങ്ങൊരുങ്ങി. വലിയൊരു ജനാരവം സാക്ഷ്യം വഹിച്ച ചടങ്ങില്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തിയ പുരാവസ്തുക്കള്‍ മുഴുവന്‍ പുതിയ ധ്വജസ്തംഭത്തിന്റെ ചുവട്ടില്‍ നിക്ഷേപിച്ചു. അങ്ങനെ ഐതിഹാസികമായ ഒരു ജനകീയ പ്രക്ഷോഭത്തിന് പരിസമാപ്തിയായി.

1985ല്‍ കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ നബിദിന സമ്മേളനത്തോനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളില്‍ മാപ്പിള ഗാനമേള നിശ്ചയിച്ചു. ഈ സമയം ക്ഷേത്രത്തിലെ മൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. മൈക്ക് സെറ്റുകള്‍ പോലീസ് അഴിച്ചുമാറ്റി. ഭക്തര്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും  പ്രതിഷേധിക്കുകയും ചെയ്തതോടെ നബിദിന സമ്മേളന സംഘാടകര്‍ക്ക് മൈതാനിയില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.

1986-ല്‍ വീണ്ടും സര്‍ക്കാര്‍ പിന്തുണയോടെ നബിദിന സമ്മേളനം പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ നടത്തുവാന്‍ ജമാ അത്ത് യൂണിയന്‍ തീരുമാനിച്ചു.  ക്ഷേത്ര സംരക്ഷണ സമിതി മറ്റ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പുതിയകാവ് ക്ഷേത്ര കര്‍മ്മ സമിതി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. മൈതാനത്ത് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  ക്ഷേത്രത്തിലെ പൂജാദി കര്‍മങ്ങള്‍ മുടങ്ങുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും  ചെയ്തു. ഹൈന്ദവ ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനായി അന്ന് ഹിന്ദു മുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രമണ്ഡല സംന്യാസി വര്യന്മാരുമായി സംഘടിച്ച് ക്ഷേത്ര മണ്ഡപത്തില്‍ (പാട്ടമ്പലം) നാമജപം ആരംഭിച്ചു. ആറുമാസത്തോളം നീണ്ടുനിന്നു സമരം. പുതിയകാവ് ക്ഷേത്ര സമരത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ കുമ്മനം ജനറല്‍ കണ്‍വീനറായി കര്‍മ്മസമിതി രൂപീകരിച്ചു. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മാതൃസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും മൈതാനിയില്‍ നാമജപം നടത്തി അറസ്റ്റ് വരിച്ചു. മാസങ്ങള്‍ക്കൊടുവില്‍ ഒരു മകരസംക്രമ നാളില്‍ നാനാ ദേശത്തുനിന്നുള്ള ഭക്തര്‍ സംഘടിച്ചെത്തി വിളക്ക് തെളിയിക്കാനും ഈ സാഹചര്യത്തില്‍ അറസ്റ്റ് വരിക്കുന്നവരാരും ജാമ്യം എടുക്കുകയില്ലെന്നും കുമ്മനം ആഹ്വാനം ചെയ്തു.  ആഹ്വാനം ഭക്തര്‍ ഏറ്റെടുത്തെന്ന് മനസിലാക്കിയ സര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിച്ചു. തുടര്‍ന്ന് നിരവധി സംഘടന നേതാക്കളുടെയും ഭക്തരുടെയും പേരില്‍ കേസെടുക്കുകയും അകാരണമായി കുറ്റം ചാര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ക്ഷേത്രസ്വത്തില്‍ അവകാശം ഉന്നയിച്ചും ചില വ്യക്തികള്‍ രംഗത്തുവന്നു. നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കേസുകളില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ ഭക്തര്‍ക്കായി.  

ക്ഷയോത്മുഖമായി കിടന്ന കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രവും എറണാകുളം പാവക്കുളം ദേവീക്ഷേത്രവും ചൈതന്യവക്താക്കിയതിനു പിന്നില്‍ കുമ്മനത്തിന്റെ വിയര്‍പ്പുണ്ട്. ശംഖുംമുഖം ആറാട്ടുകടവ് പോപ്പിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ കൈവശപ്പെടുത്തുന്ന നീക്കം ചെറുത്തതിലും ആ കരങ്ങളുണ്ട്. ചടയമംഗലത്ത് ജടായുപാറയില്‍ ഭവ്യമായ ശ്രീരാമ ക്ഷേത്രം സാധ്യമായതിനു പിന്നിലെ ശക്തിയും മറ്റാരുമല്ല.

ശിവഗിരിക്കുന്നില്‍ ധര്‍മ്മം പുലരാന്‍

ശ്രീനാരായണപ്രസ്ഥാനങ്ങളുടെ എല്ലാം ആത്മീയ തലസ്ഥാനം എന്നും ശിവഗിരി തന്നെ. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആസ്ഥാനവും ഗുരുദേവന്റെ ഈ സമാധി ഭൂമിയാണ്. സ്വാമി ശാശ്വതീകാനന്ദ ശിവഗിരി മഠത്തിന്റെ അധിപനായിരിക്കെ, അവിടം അശാന്തിയുടെ തീരമായിമാറി. മഠാധിപതിയെ ചുറ്റിപ്പറ്റി  ദൂഷിതവലയം അന്ന് സജീവമായി. മഠത്തില്‍ നടന്ന അധര്‍മ്മങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കണക്കില്ല. ഇതിനെതിരെ സാത്വികനായ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്വാമിമാരും നിഷ്പക്ഷരായ ശ്രീനാരായണീയരും രംഗത്തുവന്നു. തുടര്‍ന്ന് 1994 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍  ശാശ്വതീകാനന്ദയ്ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായി. സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള പാനല്‍ ഭൂരിപക്ഷം നേടി. അധികാര മത്ത് പിടിച്ച ശാശ്വതീകാനന്ദ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായില്ല. പുതിയ ഭരണ സമിതിയെ അധികാരം ഏറ്റെടുക്കാനൊ മഠത്തിനു പുറത്തിറങ്ങാനോ സമ്മതിക്കില്ലന്ന് പ്രഖ്യാപിച്ച് ഗുണ്ടകളേയും മദനികളുടെ അനുയായികളേയും അണിനിരത്തി ശിവഗിരിക്കുന്നില്‍ അശാന്തി വിതയക്കുകയായിരുന്നു 17 വര്‍ഷം മഠാധിപതിയായിരുന്ന ശ്വാശ്വതീകാനന്ദ. ഡിസംബറില്‍ ഇഷ്ടക്കാരായ സ്വാമിമാരെ മാത്രം പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുകയും താന്‍ വീണ്ടും പ്രസിഡന്റായതായി പ്രഖ്യാപിക്കുകയുമായിരുന്നു അദ്ദേഹം. ആ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കുകയും പ്രകാശാനന്ദക്ക് അധികാരം കൈമാറാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശവും  നല്‍കി. സ്വാമി ശാശ്വതീകാനന്ദ ശിവഗിരിയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലെത്തി. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇത്തരമൊരു നിര്‍ണ്ണായക വേളയിലാണ് അതിനെ പ്രതിരോധിക്കാന്‍ മഅ്ദനിയും പിഡിപി. പ്രവര്‍ത്തകരും ശിവഗിരിയില്‍ പ്രവേശിക്കുന്നത്. 'ശിവഗിരിയെ മറ്റൊരു അയോദ്ധ്യയാക്കാന്‍ അനുവദിക്കില്ല' എന്ന പ്രഖ്യാപനത്തോടെ, മദനി ശിവഗിരിയില്‍ ശ്രോതാക്കളുടെ രക്തം തിളയ്ക്കുന്ന വിധത്തില്‍ ഉശിരന്‍ പ്രസംഗങ്ങള്‍ നടത്തി. ശിവഗിരി തകര്‍ക്കാനുള്ള ഗൂഢാലോചന നടന്നു. തുടര്‍ന്ന് പോലീസ് നടപടിയിലൂടെ അക്രമികളെ ഒഴിപ്പിച്ചു.  പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഉപദേശക സമിതിയുടെ നേതൃത്വത്തില്‍  തെരഞ്ഞെടുപ്പ് നടത്തുകയും  ശാശ്വതികാനന്ദ പക്ഷം മുഴുവന്‍ സീറ്റും നേടുകയും ചെയ്തതു. 18 സ്വാമിമാരെ അയോഗ്യരാക്കി നടത്തിയ തെരഞ്ഞെടുപ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല. 2006 ഒക്ടോബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും മുഴുവന്‍ സീറ്റും നേടി സ്വാമി പ്രകാശാനന്ദ അധികാരത്തിലെത്തുകയും ചെയ്തതു

.

ശ്രീനാരായണ ഗുരൂദേവന്റെ കര്‍മ്മഭൂമിയും സമാധിസ്ഥലവുമായ ശിവഗിരി കയ്യടക്കാന്‍ ഭരണകൂടവും ശിഥിലമാക്കാന്‍ ചില തീവ്രവാദസംഘടനകളും കൈകോര്‍ത്തപ്പോള്‍ നടന്ന ചെറുത്തുനില്‍പ്പിന് ഊര്‍ജ്ജം പകരാന്‍ കുമ്മനം ഉണ്ടായിരുന്നു. ശിവഗിരി സംരക്ഷണത്തിനായി സ്വാമി പ്രകാശാനന്ദ നടത്തിയ ഐതിഹാസിക നിരാഹാര സമരത്തിന്റെ വിജയത്തിനായി രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വവും കുമ്മനത്തിനായിരുന്നു.

സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ അനിശ്ചിതകാല ഉപവാസം നടത്താനായിരുന്നു തീരുമാനം. സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇറങ്ങിപ്പോകുമെന്നായിരുന്നു ഭരണാധികാരികള്‍ ധരിച്ചത്. പക്ഷേ, ദിവസം  കഴിയുന്തോറും സ്വാമി പ്രകാശാനന്ദയെ വര്‍ദ്ധിത വീര്യത്തോടെയായിരുന്നു കണ്ടത്. 30-ാമത്തെ ദിവസമായിട്ടും സ്വാമിജിക്ക് യാതൊരു ക്ഷീണവും കണ്ടില്ല. പോലീസ് പല പ്രാവശ്യം എത്തി കൊണ്ടു പോകാന്‍ ശ്രമിച്ചു. കേരളം യാതൊരു ആഹ്വാനവുമില്ലാതെ കടകള്‍ അടച്ചും ജോലി ഉപേക്ഷിച്ചും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തും സ്വാമിജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ സംഭവമായിരുന്നു. എന്തിനാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു സന്ന്യാസി കിടക്കുന്നത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കാണിച്ചില്ല. 31-ാം ദിവസം അര്‍ധരാത്രി പോലീസ് സന്നാഹങ്ങളോടെ ബലമായി സ്വാമിജിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.  

ആശുപത്രിയിലും അദ്ദേഹം സത്യഗ്രഹം തുടര്‍ന്നു. മാന്യതയോ മനുഷ്യത്വമോ ഇല്ലാത്ത സര്‍ക്കാരിന്റെ മുന്നില്‍ എന്തിനാണ് നിരാഹാരം അനുഷ്ഠിച്ച് ജീവന്‍ കളയുന്നതെന്ന അടുപ്പമുള്ളവരുടെ ചോദ്യത്തിന് സ്വാമിക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല.  എല്ലാവരുടെയും സ്‌നേഹപൂര്‍ണമായ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം നിരാഹാരം ഉപേക്ഷിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് മുതല്‍ 14 ജില്ലകളിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും നഗരനഗരാന്തരങ്ങളിലൂടെയും ശിവഗിരി മഠത്തിലെ സന്ന്യാസിമാരോടൊപ്പം കുമ്മനവും  യാത്ര നടത്തി. ജനങ്ങളെ അഭിസംബോധന ചെയ്തു. സന്ന്യാസിമാര്‍ക്ക് ആവേശവും ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി മുന്നില്‍ നിന്നു.  അവസാനം സത്യവും ധര്‍മ്മവും നീതിയും ശിവഗിരിയില്‍ ജയിച്ചു. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടക സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാറിനെകൊണ്ട് അംഗീകരിപ്പിക്കുന്നതിനു പിന്നിലെ ചാലകശക്തിയും കുമ്മനമാണ്. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് ഉണ്ടാകുമായിരുന്നില്ലെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഭാരവാഹികള്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തു.

ശ്രീനാരായണഗുരുവിന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ശിവഗിരിയും അനുബന്ധ സ്ഥാപനങ്ങളും സന്യാസിമാരില്‍നിന്ന് തട്ടിയെടുത്ത സര്‍ക്കാറിനും അതിന് താങ്ങായിനിന്ന സമുദായ പ്രമാണിമാര്‍ക്കും അബ്കാരി പ്രമുഖര്‍ക്കും രാഷ്ട്രീയ അവസരവാദികള്‍ക്കും പത്രാധിപന്മാര്‍ക്കും കപടസന്യാസികള്‍ക്കും എതിരെ  ശ്രീനാരായണ ധര്‍മ്മസമന്വയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലം കൂടിയായിരുന്നു അത്.

ശീനാരായണ ധര്‍മ്മസമന്വയ സമിതി ചെയര്‍മാന്‍ മുന്‍ പിആര്‍ഡി ഡയറക്ടര്‍ തോട്ടം രാജശേഖരന്‍ ശിവഗിരി സമരത്തെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ കുമ്മനത്തിന്റെ പങ്ക് വിശദീകരിക്കുന്നുണ്ട്

'സ്വാമി പ്രകാശാനന്ദയെ സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് അറസ്റ്റു ചെയ്യുന്നത് തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത്  ജയിലില്‍ പാര്‍പ്പിച്ചിരുന്ന 5 സന്യാസിമാരുടെ നില ദയനീയമായിരുന്നു. സന്യാസിമാരെ പീഡിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ ക്ഷുഭിതരായിരുന്നു. അതിനാല്‍ കുമ്മനം രാജശേഖരനും ഞാനും കൂടി സെന്‍ട്രല്‍ ജയിലിലേക്ക് പോയി. ഞങ്ങള്‍ വളരെ നേരം കാത്തിരുന്ന് മേലധികാരികളെ കണ്ട് സംസാരിച്ച ശേഷമാണ് അവശരായ സന്യാസിമാരെ മോചിപ്പിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ സെക്രട്ടറിയായ കുമ്മനം രാജശേഖരന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുമെങ്കിലും സ്വാത്വികനായ നേതാവ്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നപ്പോള്‍ ആര്‍എസ്എസ് തത്വശാസ്ത്രത്തിലും അച്ചടക്കത്തിലും ആകൃഷ്ടനായി ഉദ്യോഗം ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തകനായതാണ്. അദ്ദേഹം പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോള്‍ എനിക്ക് പരിചയമുണ്ടായിരുന്നു. വാര്‍ത്തകള്‍ ലളിതമായും ആശയവ്യക്തതയോടും ഒതുക്കത്തോടെയും രചിക്കാന്‍ അദ്ദേഹം പ്രാപ്തി നേടിയിട്ടുണ്ട്. ആശയങ്ങള്‍ തെളിമയോടെയും യുക്തിഭദ്രതയോടും വിശകലനം ചെയ്ത് ഹൃദ്യമായി പ്രസംഗിക്കാനും പരിശീലിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ പോലും അദ്ദേഹം അഭിജാതമായ സമീപനം സ്വീകരിക്കുന്നു. എത്ര കലുഷവും സങ്കീര്‍ണ്ണവുമായ പ്രശ്‌നമായാലും ശരി, പൊതുചര്‍ച്ചകളി്ല്‍ തികഞ്ഞ സംയമനത്തോടും അന്തസ്സോടും അദ്ദേഹം ഇടപെട്ട് സദസ്സിനെ ഉചിതമായ തീരുമാനങ്ങളിലേക്ക് അദ്ദേഹം നയിക്കുന്നു. കേരളത്തിലെ എല്ലാ ആര്‍എസ്എസ്- വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരും അദ്ദേഹത്തെ ആദരിക്കുന്നു: സ്‌നേഹിക്കുന്നു.  മൂന്നുനാലു വര്‍ഷം അദ്ദേഹവുമായി അടുത്തു പെരുമാറിയ എനിക്ക്, ആശയപരമായി ഞങ്ങള്‍ തമ്മിലുള്ള വീക്ഷണ വ്യത്യാസം നിലനില്‍ക്കെത്തന്നെ ഒരിക്കല്‍പോലും ഇടയേണ്ടിവന്നിട്ടില്ല.നിരന്തരമായ കഠിനാധ്വാനത്താല്‍ ഉദരരോഗം അദ്ദേഹത്തെ ശല്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരിക്കലും കുമ്മനം വിശ്രമിക്കുന്നില്ല. സഖാക്കള്‍, കര്‍മ്മമണ്ഡലത്തില്‍ സന്യാസിയെപ്പോലെ ഉഴലുന്ന ഈ സാത്വികനെ ഹിന്ദുത്വ ഫാസിസ്റ്റായി കാണുന്നു' തോട്ടം രാജശേഖരന്‍ എഴുതി.

മറക്കാനാവാത്ത മാറാട്

പ്രകോപനമില്ലാതെ ഒരുസംഘം ഭീകരവാദികള്‍ മാറാട് കടപ്പുത്ത് അതിക്രമിച്ചുകടന്ന് നരനായാട്ട് നടത്തിയപ്പോള്‍ പകച്ചുപോയ കേരളത്തിന് ആത്മവിശ്വാസം നല്‍കിയത് കുമ്മനമായിരുന്നു. മാറാടിനെ മുറിവേല്‍പ്പിച്ച കാപാലികര്‍ക്കെതിരെ മലയാളനാട് ഒന്നടങ്കം കടലലപോലെ ആര്‍ത്തടിച്ചപ്പോള്‍ ഭരണകൂടം വല്ലാതെയിളകി. ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് അനീതിക്കെതിരെ പടപ്പുറപ്പാട് നടത്തുകയും പിടിച്ചുനിര്‍ത്തുവാനാകാത്ത തരത്തിലുള്ള ഒരു വര്‍ഗീയ ലഹളയിലേക്ക് നാട് വഴുതിവീഴാതെ സംരക്ഷിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകരില്‍ അഗ്രഗണ്യനായിരുന്നു കുമ്മനം രാജശേഖരന്‍.

ഭരണത്തണലില്‍ വിലസിയ മതഭീകരതയുടെ മൂടുപടം അഴിച്ചുമാറ്റുവാനും മുറിവേറ്റ മാറാടിന്റെ മുഖം ലോകത്തിനുമുന്‍പില്‍ തുറന്നുകാട്ടുവാനും മതഭീകരതയുടെ ഭയാവഹമായ ചെയ്തികളെ പ്രതിരോധിക്കുവാനും കടലോരജനതയ്ക്ക് കരുത്തേകിയത് കുമ്മനം എന്ന ചങ്കുറപ്പാണ്.

2003 മെയ് 2 ന് മാറാട് നടന്നത് ഹിന്ദുക്കള്‍ക്കെതിരായ തീര്‍ത്തും ഏകപക്ഷീയമായ മിന്നലാക്രമണമായിരുന്നു. 8 ഹിന്ദുക്കള്‍ പൈശാചികമായി കൊലചെയ്യപ്പെട്ടു. ഇസ്‌ളാമിക ഭീകരരായിരുന്നു അത് ചെയ്തത്.യാദൃച്ഛികമോ ഒറ്റപ്പെട്ടതോ ആയ സംഭവമായിരുന്നില്ല. വളരെ നാളത്തെ ഗൂഢാലോചനയും ആസുത്രണവും തയ്യാറെടുപ്പുകളും പിന്നിലുണ്ടായിരുന്നു.  മൂന്നു പതിറ്റാണ്ടിലേറെയായി മലപ്പുറം കടലോരമേഖലയില്‍നിന്ന് ഹിന്ദുക്കളെ ആട്ടിയോടിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. മാറാട് സംഭവം കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടാക്കിയ ഏറ്റവും ആരോഗ്യകരമായ മാറ്റം അത് ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്ട്രീയത്തിനതീതമായ ഐക്യം വളര്‍ത്തി എടുത്തു എന്നതാണ്. കേരളത്തിലെ എല്ലാ ഹൈന്ദവസംഘടനകളും ഒറ്റക്കെട്ടായി അഞ്ചുമാസക്കാലം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് അതിശക്തമായ പ്രക്ഷോഭം നയിച്ചു. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ കുമ്മനം അതെക്കുറിച്ച് പറയുന്നതിങ്ങനെ.

'മാറാട് കൂട്ടക്കൊലയുടെ ദുരിതപൂര്‍ണ്ണമായ സമസ്യകള്‍ക്ക് മുന്നില്‍ ചാഞ്ചല്യമില്ലാതെ ഹിന്ദു ജനത ധീരോദാത്തമായി പൊരുതി. ഒട്ടേറെ നഷ്ടപ്പെട്ടും അതിലേറെ വേദന സഹിച്ചും ക്ഷമിച്ചും കഴിഞ്ഞ ഹിന്ദുക്കള്‍ ഉണര്‍ന്നു, ഉയര്‍ന്നു. തങ്ങളെ നാളിതുവരെ  ബന്ധിച്ചിരുന്ന അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു. മാറാട് പ്രക്ഷോഭം മര്‍ദ്ദിത ചൂഷിത ജനതയുടെ സമരാവേശം ആവാഹിച്ച് മുന്നേറ്റമായി ആളിപ്പടര്‍ന്നു. ആ രണഭേരി ഹിന്ദുക്കളുടെ മനസ്സിന് പുത്തന്‍വീര്യം പകര്‍ന്നു. അവര്‍ പോരാടി. മന്ത്രിമാരും ഭരണ-പ്രതിപക്ഷനേതാക്കളും പോലീസും മാധ്യമങ്ങളും ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകന്മാരും അതിപൈശാചികമായ മാറാട് നരഹത്യയുടെ മുന്നില്‍ നിശബ്ദരായി തലകുനിച്ചുനിന്നു. ചിലര്‍ മുഖം തിരിഞ്ഞുനിന്നു. എന്നാല്‍ അവഗണനകള്‍ക്കും എതിര്‍പ്പുകള്‍ക്കും മുന്നില്‍ കേരളത്തിലെ ഹിന്ദുക്കള്‍ പതറാതെ അടരാടി. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നിച്ചു. സന്യാസിശ്രേഷ്ഠന്മാര്‍  ആശ്രമകവാടങ്ങള്‍ വിട്ട് പുറത്തിറങ്ങി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. സാമുദായിക-ധാര്‍മ്മിക-ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ രംഗത്തുവന്നു. മനുഷ്യത്വമുള്ളവരെല്ലാം മാറാടിന്റെ മക്കള്‍ക്കുവേണ്ടി ശബ്ദിച്ചു. ചൂഷണത്തിനും മര്‍ദ്ദനത്തിനും പീഡനത്തിനുമെതിരെ ഹിന്ദുജനത നടത്തിയ ഉജ്ജ്വല പോരാട്ടമായിരുന്നു മാറാട് നടന്നത്. അഞ്ചുമാസം സമരമുഖത്ത് അവര്‍ ജ്വലിക്കുന്ന തീപ്പന്തങ്ങളായി. ഒരിക്കലും ഹിന്ദുക്കളുമായി ചര്‍ച്ചചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ 146 ദിവസം കഴിഞ്ഞപ്പോള്‍ ഹിന്ദു നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഹിന്ദുക്കളുമായി സൗഹാര്‍ദ്ദപൂര്‍വം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ മുസ്‌ളീം സംഘടനകളും തയ്യാറായി. സര്‍ക്കാരും മുസ്‌ളീം സംഘടനകളും നിലപാട് തിരുത്തി. ഒക്ടോബര്‍ 5 ന് പ്രശ്‌നം ഒത്തുതീര്‍പ്പായി.'

മാറാട് കടപ്പുറത്ത്  മരിച്ചുവീണ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന കേരളത്തിലെ മുഴുവന്‍ ജനതയുടേയും വികാരത്തിന്റെ ഭാഗമാക്കി  മാറ്റിയത് കുമ്മനം നേതൃത്വം നല്‍കിയ പ്രക്ഷോഭമാണ്. ആ വികാരത്തില്‍നിന്നുയര്‍ന്ന അഗ്‌നിസ്ഫുലിംഗങ്ങളാണ് സര്‍ക്കാറിനെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിപ്പിച്ചത്.

എട്ടു നിരപരാധികളുടെ ജീവന്‍ ഒടുക്കിയ നരാധമത്വത്തിനെതിരായ പ്രക്ഷോഭം ഒരിക്കലും സമാധാനഭഞ്ജനം ഉണ്ടാക്കിയില്ല. വികാരങ്ങള്‍ അലകടലായി ആര്‍ത്തിരമ്പിയപ്പോഴും അതിനെ അതിജീവിച്ച് ഒരുതുള്ളി ചോര കിനിയാതെയാണ് പ്രക്ഷോഭം വിജയം കണ്ടത്. വിചാരത്തിന്റെ  അചഞ്ചലമായ പ്രതിരോധകോട്ട പണിത് വികാരത്തെ  സഹനത്തിന്റെ ആത്മജ്വാലയായി മാറ്റി എ്ന്നതുതന്നെയാണ് മാറാട് പ്ര്‌ക്ഷോഭം  നയിച്ച കുമ്മനം രാജശേഖരന്‍ ചെയ്ത വലിയ കാര്യം.

മാനംകെട്ട വിമാനം

ആത്മാഭിമാനത്തിന്റെ പുതിയ പേരാണ് ആറന്മുള. ഒരു നാടിന്റെ ആവാസവ്യവസ്ഥയിലേക്കിടിച്ചിറക്കുവാന്‍ ശ്രമിച്ച അഹന്തയുടെ വിമാനച്ചിറകുകള്‍ കക്ഷിരാഷ്ട്രീയ ഭേദമോ പണ്ഡിത,പാമര വ്യത്യാസമോ ഇല്ലാതെ ഒരു ജനത ഒന്നടങ്കം തകര്‍ത്തെറിഞ്ഞ സമരചരിതമാണ് ആറന്മുറയില്‍ അരങ്ങേറിയത്. പണക്കൊഴുപ്പിന്റെയും ഭരണസ്വാധീനത്തിന്റെയും നീരാളികള്‍ക്കു മുന്നില്‍ നിഷ്പ്രഭരാകുമായിരുന്ന ഗ്രാമീണര്‍ക്ക് ആത്മബലമേകിയ പ്രതിഭാസമാണ് കുമ്മനം രാജശേഖരന്‍. വര്‍ഗവര്‍ണ ലിംഗ വ്യത്യാസങ്ങളില്ലാതെ ഒരു നാടുമുഴുവന്‍ ഈ നവഭഗീരഥനുപിന്നില്‍ അണിനിരന്നപ്പോള്‍ സഫലമായത്, കേരളം അതാദ്യമായി അനുഭവിച്ചറിഞ്ഞ ജനമുന്നേറ്റമാണ്. ആറന്മുളയില്‍ കുമ്മനം വ്യക്തി എന്നതിലുപരി ഒരു സമാജമായി വളരുകയായിരുന്നു. ആ സമാജത്തിന്റെ ബലിഷ്ഠമായ കരത്തണലില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സകല രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത പ്രതിനിധികളും അണിനിരന്നു.  കേരളത്തിന്റെ സാംസ്‌കാരിക ധാര ആറന്മുളയിലേക്കൊഴുകി. വിമാനക്കമ്പനി  പിന്‍വാങ്ങി. പരിസ്ഥിതി-പ്രകൃതി-പാരമ്പര്യ സ്‌നേഹികള്‍ പൂര്‍ണ്ണ വിജയം നേടിയ ആദ്യ സമരമായി ആറന്മുള മാറി.

കേരളത്തിന് പുറത്തുള്ള ചില വ്യവസായികള്‍ക്ക് തോന്നി കേരളത്തെ ഒന്നുകൂടി  വികസിപ്പിക്കാമെന്ന് അതിനവര്‍  കണ്ടെത്തിയത് ആറന്മുളയേയും. അവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നാല്‍ ശബരിമല വികസിക്കും, കേരളത്തിന് വരുമാനമുണ്ടാകും. മദ്ധ്യ തിരുവിതാംകൂറില്‍ നിന്ന് അമേരിക്കയിലും ജര്‍മ്മനിയിലും ഗള്‍ഫ് രാജ്യങ്ങളിലും കുടിയേറിയവര്‍ക്ക് യാത്ര കൂടുതല്‍ സുഖകരമാകും അങ്ങിനെ വികസന സ്വപ്‌നങ്ങള്‍ അവര്‍ കേരളത്തില്‍ വിതച്ചു. വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടറിയേറ്റുവരെ വികസന നായകന്‍മാരുടെ  പിന്നില്‍ അറ്റന്‍ഷന്‍ ആയി നിന്നു. പാടം നികത്താന്‍, കുളം നികത്താന്‍, കുന്നിടിച്ചു നിരപ്പാക്കാന്‍ ഒക്കെ ഉള്ള ഉത്തരവുകള്‍ ശരവേഗത്തിലായി. വികസനത്തിന്റെ തേരിലേറി ആറന്മുളയില്‍ പറന്നിറങ്ങാന്‍  അവര്‍ സര്‍വ്വ സന്നാഹവും ഒരുക്കുമ്പോഴാണ്  കുമ്മനം രാജശേഖരന്‍  ആറന്മുളയിലെത്തുന്നത്. പിന്നെ നടന്നത് ആറന്മുളയുടെ വിജയഗാഥയാണ്.

2003-ലാണ് വിമാനത്താവളത്തിന് സ്വകാര്യ വ്യക്തി ആറന്മുളയില്‍ നെല്‍പ്പാടങ്ങള്‍ വാങ്ങി നികത്തിയത്. പിന്നീട് ചെന്നൈ കമ്പനിക്ക് സ്ഥലം വിറ്റു. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പദ്ധതിപ്രദേശത്തെ വ്യവസായ മേഖലയാക്കി പ്രഖ്യാപിച്ച് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നീര്‍ച്ചാലുകളും നെല്‍പ്പാടങ്ങളും അനധികൃതമായി നികത്തിയെടുക്കാന്‍ കമ്പനിക്ക് ഒത്താശ ചെയ്തു. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ വിമാനത്താവള കമ്പനിയില്‍ പത്ത് ശതമാനം ഓഹരിയെടുക്കാന്‍ തീരുമാനിച്ചു. യുപിഎ സര്‍ക്കാരിലുള്ള സ്വാധീനമുപയോഗിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിവിധ വകുപ്പുകളുടെ അനുമതിനേടിക്കൊടുത്തു.

2011 ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വിമാനത്താവള പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടുകൂടിയാണ് ആറന്മുളയില്‍ ജനകീയ സമരം ശക്തമായത്. സമരത്തെ പൊളിക്കാന്‍ സമ്പത്തൊഴുക്കിയും അധികാര ദണ്ഡ് പ്രയോഗിച്ചു പടിച്ചപണി പലതും നോക്കി. അന്താരാഷ്ട്ര വിമാനത്താവളമുണ്ടാക്കാനുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കി. ആറന്മുള പാടശേഖരമൊന്നാകെ മണ്ണിട്ടുനികത്തി കെജിഎസ് ഗ്രൂപ്പിന്  അനുമതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചും മണ്ണിട്ടുനികത്താന്‍ അനുവാദം നല്‍കിയും വേണ്ട എല്ലാ സഹായവും ചെയ്തതോടെ വിമാനത്താവളം യാഥാര്‍ഥ്യമാവുമെന്ന് തീര്‍ച്ചയായി. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് തന്റെ ഭയാശങ്കകളും എതിര്‍പ്പും അറിയിച്ചു. അന്നവും വെള്ളവും മുട്ടിക്കുന്ന വിനാശകരമായ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആറന്മുളയിലെത്തി ജനങ്ങളെ സംഘടിപ്പിച്ചു. ആറന്മുളയില്‍ പൈതൃകഗ്രാമകര്‍മ്മ സമിതി നടത്തി വന്ന പ്രക്ഷോഭ പരിപാടികള്‍ വ്യാപകവും സുശക്തവുമാക്കുന്നതിന് സംയുക്തസമരസമിതിക്ക് രൂപം നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പും വിമര്‍ശനവും വകവയ്ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന് ആശയും ആവേശവും പകര്‍ന്നു. 

 

വിമാനത്താവള നിര്‍മ്മാണം പാരിസ്ഥിതിക നാശം ഉണ്ടാക്കുമെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം എന്നിവ ലംഘിച്ചെന്നും നിയമസംവിധാനങ്ങള്‍ വ്യക്തമാക്കിയിട്ടും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ആറന്മുളയില്‍ വിമാനത്താവളം പണിയും എന്ന് പ്രഖ്യാപിപ്പിക്കാന്‍ വരെ ശക്തരായിരുന്നവരോടാണ് കുമ്മനം ഏറ്റുമുട്ടിയത്. ആറന്മുള എന്ന പൈതൃക ഗ്രാമം നിലനില്‍നില്‍ക്കേണ്ടതിന്റെ,  പാടങ്ങളും, കുളങ്ങളും കുന്നും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഒക്കെ ആവശ്യം നിരന്തരമായി ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നയിച്ച സമരം മത  ജാതി  രാഷ്ട്രീയ  വ്യത്യാസങ്ങള്‍ക്കതീതമായി, കവികളേയും സാഹിത്യകാരന്‍മാരെയും ഒക്കെ അണിനിരത്തി നടത്തിയ ഒന്നായിരുന്നു. ഒടുവില്‍ ധനശക്തിയും, രാഷ്ട്രീയ സ്വാധീനവും ഉണ്ടായിരുന്ന വ്യവസായികള്‍ക്ക് ബോധ്യപ്പെട്ടു, ഈ മനുഷ്യനെ അവഗണിച്ച് കൊണ്ട് ആറന്മുളയില്‍ ഹെലിക്കോപറ്റര്‍ പോലും ഇറക്കാന്‍ കഴിയില്ലെന്ന്. ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതിയും വ്യവസായ മേഖലാ പ്രഖ്യാപനവും പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കിയപ്പോള്‍, കുമ്മനം രാജശേഖരന്റെ പതറാത്ത പദങ്ങള്‍ക്ക് പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍ക്ക്  ആശ്വാസവും സന്തോഷവും ആയി. കേരളംകണ്ട ഉജ്ജ്വല ജനകീയ സമരത്തിന്റെ വിജയമായിരുന്നു ആറന്മുളയിലേത്. കുമ്മനത്തിന്റെ നേതൃത്വത്തില്‍ സുഗതകുമാരിയടക്കമുള്ള സാംസ്‌ക്കാരികപ്രവര്‍ത്തകരേയും സംഘപരിവാര്‍ സംഘടനകളേയും സിപിഎം, സിപിഐ, ബിജെപിയടക്കമുള്ള രാഷ്ട്രീയകക്ഷികളേയും ഒറ്റചരടില്‍ കോര്‍ത്തിണക്കി നടത്തിയ ഐതിഹാസികമായ ജനകീയസമരമാണ് അധികാരത്തിന്റേയും സമ്പത്തിന്റേയും ബലംപിടുത്തങ്ങളെ അതിജീവിച്ച് വിമാനത്താവളപദ്ധതിക്ക് അറുതിവരുത്തിയത്.ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ കൊള്ളലാഭക്കൊതിക്ക് മുന്നില്‍ ഇച്ഛാശക്തിയോടെ നിന്ന് പൊരുതി ജയിച്ച ആറന്മുളയിലെ ജനകീയ പ്രക്ഷോഭം പരിസ്ഥിതി സംരക്ഷണ സമരചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട സംഭവമായി.

പിഴയിട്ടു പകരംവീട്ടി

ആറന്മുള പ്രക്ഷോഭകാലത്തെ അവിസ്മരണീയമായ അനുഭവങ്ങള്‍ നിരവധിയുണ്ട് കുമ്മനത്തിന് പറയാന്‍. ആര്‍എസ്എസ് പ്രചാരകനായ കുമ്മനം നേതൃത്വം നല്‍കിയ സമരത്തിന് പിന്തുണയായി വി.എസ്. അച്ചുതാന്ദനും വി.എം. സുധീരനും ബിനോയി വിശ്വവും ഒക്കെ എത്തി എന്നതുതന്നെ അവിസ്മരണീയമാണ്.

പിഴയിട്ടു പകരംവീട്ടിയ സംഭവമാണ് കുമ്മനം ഏറ്റവും അനുസ്മരണീയമായി കണക്കാക്കുന്നത്. അത് അദ്ദേഹം പറയുന്നതിങ്ങനെ,

'എല്ലാ സംഭവങ്ങളും അവിസ്മരണീയം തന്നെ. പക്ഷെ ഒരെണ്ണം മാത്രം പറയാം. ആറന്മുള വിമാനത്താവളത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചകാലം. എംഎല്‍എയായ ശിവദാസന്‍നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നൊരുക്കിയ പ്രതിരോധ നിര ആറന്മുളയാകെ പിടിച്ചടക്കിയ സമയം. വിമാനത്താവളം വന്നാല്‍ ആയിരങ്ങള്‍ക്ക് തൊഴില്‍, കടകമ്പോളങ്ങളില്‍ കോടികളുടെ വ്യാപാരം, പെട്ടിക്കടക്കാര്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും വന്‍ വരുമാനം, എവിടെയും ഹോംസ്റ്റേ, ടൂറിസ്റ്റുകളുടെ ഒഴുക്ക്, അങ്ങനെ ആറന്മുള വികസിക്കും, ആറന്മുള സ്വര്‍ഗ്ഗമാകും, ഇങ്ങനെപോയി പ്രചാരണം. നാടിനെയും മഹത്തായ പൈതൃകത്തെയും സ്നേഹിക്കുന്ന ഒരുപിടി ആളുകള്‍ അപ്പോഴും അവശേഷിച്ചിട്ടുണ്ടായിരുന്നു. ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി സമരവുമായി ധീരമായി മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു. നിയമപോരാട്ടത്തിന്റെ ഭാഗമായി ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചു.

ട്രിബ്യൂണലില്‍ കേസ് വാദത്തിനെടുത്ത ദിവസം ഞാനും ഹാജരായി. കേരള സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും സംഘടിതവും ശക്തവുമായ വാദമുഖങ്ങള്‍ നിരത്തി വിമാനത്താവളത്തിന് വേണ്ടി ശബ്ദിച്ചു. ആറന്മുളക്ക് വേണ്ടി വാദിച്ച അഡ്വക്കറ്റിനെ ഒറ്റപ്പെടുത്തിക്കൊണ്ട് സംയുക്താക്രമണം നടന്നു.

സര്‍ക്കാരിന്റെയും കെജിഎസ് ഗ്രൂപ്പിന്റെയും വാദങ്ങള്‍ ട്രിബ്യൂണല്‍ അംഗീകരിച്ചു. കേസ് കക്ഷിക്ക് പിന്‍വലിക്കാം അല്ലെങ്കില്‍ തള്ളുമെന്ന് ജഡ്ജിമാര്‍ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് എന്നോട് അഭിപ്രായം ചോദിച്ചു. പിന്‍വലിക്കാമെന്ന തീരുമാനത്തിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ. ദണ്ഡപാണി എഴുന്നേറ്റ് തങ്ങള്‍ക്ക് നഷ്ടപരിഹാരം തരണമെന്നാവശ്യപ്പെട്ടു. തിരുവനന്തപുരത്തുനിന്നും രണ്ടുദിവസം മുമ്പ് ചെന്നൈയിലെത്തിയെന്നും ചെലവ് വളരെയേറെ ഉണ്ടായിട്ടുണ്ടെന്നും ദണ്ഡപാണി ധരിപ്പിച്ചു. അനാവശ്യമായി കോടതി വ്യവഹാരം നടത്തിയതിന് ശിക്ഷിക്കണമെന്നായിരുന്നു അദ്ദേഹം. ആ വാദം അംഗീകരിച്ചുകൊണ്ട് കോടതി 25000 രൂപ അടയ്ക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.

കോടതി പിരിഞ്ഞ് മൂന്നാം നിലയില്‍ നിന്നും ലിഫ്റ്റില്‍ കയറി കെജിഎസ് ഗ്രൂപ്പിന്റെ എംഡിയും അഡ്വക്കേറ്റ് ജനറലും എന്നോടൊപ്പം ലിഫ്റ്റില്‍ പ്രവേശിച്ചു. ആറന്മുളയിലെ ജനങ്ങളെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടോ എന്ന് ഞാന്‍ രണ്ടുപേരോടും ചോദിച്ചു. 'സാര്‍ എത്ര ശ്രമിച്ചാലും വിമാനത്താവളം ആറന്മുളയില്‍ വരു'-മെന്ന് രണ്ടുപേരും ഒരേ സ്വരത്തില്‍ ഉറപ്പിച്ചു പറഞ്ഞു. 'ഇരുപത്തയ്യായിരും രൂപയേ എനിക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിട്ടുള്ളൂ. ഒരു രൂപപോലും വരുമാനമില്ലാത്ത ഞാന്‍ തെണ്ടി നടന്നായാലും ആ തുക ഉണ്ടാക്കി അടയ്ക്കും. പക്ഷേ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത് കോടികളുടെ നഷ്ടമായിരിക്കും. ഞാനിനിയും ഈ ട്രിബ്യൂണലില്‍ തിരിച്ചുവരും. കേസ് ജയിക്കും. വിമാനത്താവളം ഉപേക്ഷിച്ച് നിങ്ങള്‍ക്ക് പോകേണ്ടിവരും. ജനങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന 25000 രൂപയ്ക്ക് പിന്നില്‍ ഒരു നാടിന്റെ ശാപവും ഉണ്ടാകും. അതോര്‍ത്തോളൂ.''

കേസ് ജയിച്ചതോടെ കെജിഎസ് ഗ്രൂപ്പും സര്‍ക്കാരും വിമാനത്താവള നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. റിക്രൂട്ട്മെന്റ് തുടങ്ങി കമ്പനി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടി. കേന്ദ്രസര്‍ക്കാരിന്റെ പിരിസ്ഥിതി ക്ലിയറന്‍സ് വരെ. പക്ഷേ ജനങ്ങള്‍ മെല്ലെ ഉണര്‍ന്നു. അവരുടെ ഇച്ഛാശക്തിയെ തൊട്ടുണര്‍ത്തിക്കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ വിപുലവും വ്യാപകവുമായി. കേന്ദ്രത്തിന്റെ പാരിസ്ഥികാനുമതിക്കെതിരെ വീണ്ടും ചെന്നൈ ഗ്രീന്‍ ട്രീബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തു. നിയമപോരാട്ടം ആരംഭിച്ചു. എയര്‍പോര്‍ട്ട് കമ്പനിക്കുവേണ്ടി മോഹന്‍ പരാശരന്‍, കേന്ദ്രസര്‍ക്കാരിനുവേണ്ടി തമിഴ്നാട് മുന്‍ അഡ്വക്കേറ്റ് ജനറല്‍, കേരള സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ അങ്ങനെ പ്രമുഖ അഭിഭാഷകരുടെ വന്‍നിര വിമാനത്താവളത്തിന് വേണ്ടി അണി നിരന്നു. പല ദിവസങ്ങളിലായി വാദം കേട്ടു. പാരിസ്ഥിതികാനുമതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിച്ചു.

വിധി പ്രസ്താവം കേട്ട ശേഷം ഞാന്‍ യാത്രയാകാന്‍ കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കയറി. മുമ്പ് കണ്ട അതേ ആളുകള്‍ - കെജിഎസ് ഗ്രൂപ്പ് എംഡി, അഡ്വക്കേറ്റ് ജനറല്‍ എന്നോടൊപ്പം കയറി. അവരുടെ മുഖമാകെ വിറളി വെളുത്തിരുന്നു. മിണ്ടാട്ടമില്ല. പൂര്‍ണനിശബ്ദത.ലിഫ്റ്റിന്റെ വാതില്‍ അടയും മുമ്പ് കോടതിയിലെ പ്യൂണ്‍ ഓടിവന്ന കയറി. മുമ്പ് അടച്ച് 25,000 രൂപയുടെ രസീത് എനിക്ക് തന്നു. ആ രസീതില്‍ എംഡിയും എജിയും കണ്ണും നട്ടിരുന്നു. അതൊരു പകരം വീട്ടലിന്റെ പ്രേരണസ്രോതസ് ആയിരുന്നുവെന്ന യാഥാര്‍ഥ്യം അപ്പോഴാണ് അവര്‍ക്ക് ബോധ്യപ്പെട്ടത്.'

നനവുള്ള കണ്ണുകള്‍

സുനാമി ദുരന്ത ദിനങ്ങളില്‍ ക്ഷണ നേരംകൊണ്ട് എല്ലാം വിഴുങ്ങി തിരിച്ചുപോയ തിരമാലകളുടെ താണ്ഡവത്തില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്കും പകച്ചുപോയ പ്രതീക്ഷകള്‍ക്കും തണലേകുവാന്‍ കരുനാഗപ്പള്ളിയിലും കായംകുളത്തുമായി രണ്ടുമാസത്തിലധികം താമസിച്ചുകൊണ്ട് രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിരവധി താല്‍ക്കാലിക ഷെഡ്ഡുകള്‍ സ്ഥാപിച്ചുകൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അകന്നുനിന്ന് നിര്‍ദ്ദേശം നല്‍കാതെ അവര്‍ക്കൊപ്പം ചേര്‍ന്ന് അവരിലൊരാളായി, അവരുടെ കണ്ണുനീരൊപ്പിയപ്പോള്‍ നഷ്ടപ്പെടലിന്റെ മുറിവുകള്‍ പെട്ടെന്നുണങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അനിശ്ചിതമായി വൈകിയപ്പോള്‍ അതിനെതിരെ പദയാത്രകളും സമരങ്ങളും സംഗമങ്ങളും നടത്തി പീഡിതര്‍ക്കൊപ്പം നിന്നും വ്യഥിതര്‍ക്കൊപ്പം നടന്നും വഴിയിലുറങ്ങിയും വളര്‍ത്തിയ ഹൃദയബന്ധങ്ങളില്‍ നിറയുന്ന നാമമാണ് കുമ്മനം. തുടിക്കുന്ന ഹൃദയവും നനവുള്ള കണ്ണുകളുമായി നടക്കുന്ന പച്ചയായ മനുഷ്യന്‍..

ശബരിമലയുടെ സംരക്ഷകന്‍

സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ നാലുപതിറ്റാണ്ടുകള്‍ നീണ്ട സപര്യയില്‍ ഒരു പുരുഷായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാവുന്നതിലധികം സേവനങ്ങളാണ് കുമ്മനം സാര്‍ത്ഥകമാക്കിയത്. അനാഥത്വത്തിന്റെ ഇരുള്‍വഴികളില്‍ ഉപേക്ഷിക്കപ്പെട്ടതും പട്ടിണിയെ വിശപ്പിന്റെ പര്യായമാക്കിയതുമായ ജീവിതങ്ങള്‍ക്ക് തണലേകുവാന്‍ സ്ഥാപിച്ച 14 ബാല,ബാലികാശ്രമങ്ങളില്‍ 1200ല്‍പ്പരം കുട്ടികള്‍ താമസിച്ചുപഠിക്കുന്നു.

ഉള്‍വനങ്ങളിലും ഊരുകളിലും വിദ്യാഭ്യാസമെത്തിക്കുന്നതിനും വനവാസികള്‍ക്ക് അവരുടെ നിയതമായ ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപരിക്കുന്നതിനുവേണ്ടസഹായമെത്തിക്കുന്നതിനും ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിടത്ത് വിവിധ വനവാസി ഊരുകളില്‍ 400 ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നു.

വനങ്ങളില്‍ താമസിക്കുന്ന  കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമല വന താഴ്‌വാരത്ത് പതിനെട്ടേക്കര്‍  സ്ഥലത്ത് ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ മണികണ്ഠാ ഗുരുകുലം നടത്തിവരുന്നു. വലിയ ഗോശാലയും വിശാലമായ ജൈവപച്ചക്കറി തോട്ടവുമൊക്കെ ഗുരുകുലത്തിന്റെ പ്രത്യേകതകളാണ്. കേരളത്തില്‍ 75 ഇടങ്ങളിലായി  ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് അന്നദാനവും വിരിവയ്ക്കാന്‍ ഇടവും ഒരുക്കുന്നു. ദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ക്ക് സേവനവും സഹായവും നല്‍കാനായി സ്ഥാപിച്ച അയ്യപ്പസേവാ സമാജത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. ശബരിമലയുടെ സംരക്ഷകനായി വിശ്വാസികളുടെ മനസ്സില്‍ തെളിയുന്ന മുഖമായി കുമ്മനം മാറി.

മകരവിളക്ക് കണ്ട് തൊഴാനെത്തിയ സ്വാമിഭക്തരില്‍ 102 പേര്‍ തിക്കിലും തിരക്കിലും മരണപ്പെട്ട കറുത്ത സന്ധ്യയില്‍   ഒരുപറ്റം ചെറുപ്പക്കാരെയും കൂട്ടി ദുരന്തം പെയ്തിറങ്ങിയ മലയിടുക്കുകളില്‍ ശ്വാസത്തുടിപ്പ് തേടിയലയാനും ഊണുമുറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും കുമ്മനം ഉണ്ടായിരുന്നു.. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒരു സഹായവും ചെയ്യാതെ സംസ്ഥാന ഭരണകൂടം കൈകെട്ടിനിന്നപ്പോള്‍ അതിനെതിരെ പുല്ലുമേട്ടില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പ്രതിഷേധ ജാഥനയിക്കുകയും മരിച്ച 102 പേരുടെയും കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കിക്കുകയും ചെയ്ത കുമ്മനം ശരണവഴിയില്‍ അശരണര്‍ക്കൊപ്പം നടന്നുനീങ്ങുകയാണ്.

 

താമര വിരിയിച്ച്

ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഇരുന്ന് സകല മനുഷ്യരുടെയും പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭകാരനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുമാറ്റം. 2015 ഡിസംബര്‍ 18 ന് ബിജെപി സംസ്ഥാന അധ്യക്ഷനായി  നിയോഗിക്കപ്പെട്ടു.നാളതുവരെ കണ്ടുപരിചയിച്ച രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മുന്നിലേക്ക് ആത്മാര്‍ത്ഥയുടെ ആള്‍രൂപം കടന്നുവന്നു. ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ ആദര്‍ശവും ആശയവും അതിന്റെ വികസന അജണ്ടയും മാത്രമല്ല അനന്യസാധാരണനായ നേതാവിന്റെ ജീവിതവും മുന്നോട്ടുവെച്ചു. പൊതുരാഷ്ട്രീയമണ്ഡലത്തിലേക്കുള്ള കുമ്മനത്തിന്റെ കടന്നുവരവിനെ രാഷ്ട്രീയ എതിരാളികള്‍ വല്ലാതെ ഭയപ്പെട്ടു. കള്ളപ്രചാരണം നടത്താന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം നേതാവ് പിണറായി വിജയനും രംഗത്തു വന്നു.കുമ്മനം രാജശേഖരന്‍ മതേതര കേരളത്തിന് അഭികാമ്യനാവില്ല എന്ന് സമര്‍ത്ഥിക്കാനാണ് ഇരുവരും ശ്രമിച്ചത്.

കുമ്മനത്തെ ഹിന്ദു തിവ്രവാദിയാക്കാനുള്ള നീക്കത്തെ തകര്‍ത്തത് ഇതര മതമേലധ്യക്ഷന്മാര്‍ തന്നെയാണ്. സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരനെന്ന മാര്‍ത്തോമാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയും .ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണ് കുമ്മനമെന്ന് മാര്‍ത്തോമാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാര്‍ ക്രിസോസ്റ്റം പരസ്യമായി പ്രഖ്യാപിച്ചു.  മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ളീമിസും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ സൂസാപാക്യവും സന്തോഷത്തോടെ അരമനകളിലേക്ക് സ്വികരിച്ചു. പ്രമുഖ ഇമാമുമാര്‍ കുമ്മനത്തെ ആലിംഗനം ചെയ്ത് ആശംസ നേര്‍ന്നു. കുമ്മനത്തെ മോശക്കാരനാക്കാനുള്ള നീക്കത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ മഹല്‍കമ്മറ്റിയായ ആദിക്കാട്ടുകുളങ്ങര ജമാഅത്ത് കൗണ്‍സിലിന്റെ  പ്രസിഡന്റ പത്രസമ്മേളനം നടത്തിയതും കുമ്മനത്തെ പൊതു സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമായി.  കേരളത്തിലെ ഒരു രാഷ്ട്ീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആദ്യമായിട്ടാണ് ഇവിടെത്തുന്നത് എന്നു പറഞ്ഞാണ് കെപിഎംഎസ് ആസ്ഥാനത്ത് കുമ്മനത്തിന് സ്വീകരണം നല്‍കിയത്. എസ്എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങളും ആത്മാര്‍ത്ഥതയോടെയാണ് സ്വീകരിച്ചത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍  നേതൃത്വം നല്‍കിയ ആദ്യ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ കാലുകുത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമായി. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം നടത്തു. കമ്മ്യുണിസ്റ്റ് കൊലക്കത്തി രാഷ്ട്രീയത്തെ ദേശീയതലത്തില്‍ തുറന്നു കാണിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രയത്‌നങ്ങള്‍ വിസ്മരിക്കാനാവില്ല. പയ്യന്നൂരില്‍നിന്ന് 2017 ഒക്ടോബര്‍ 3ന് തുടങ്ങി 17ന് അവസാനിച്ച  ജനരക്ഷാ യാത്രയില്‍  അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും എംപിമാരും പങ്കാളിയായി.

വ്യത്യസ്ഥനായ ഗവര്‍ണര്‍

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജ ശേഖരനെ മിസോറാം ഗവര്‍ണറാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നത് 2018 മെയ് 29നാണ്. കേരളത്തില്‍ നിന്നും  എത്തുന്ന ബിജെപി നേതാവിനെ  ആശങ്കയോടെയാണ് മിസോറാം ഉറ്റു നോക്കിയത്.  തീര്‍ത്തും വ്യത്യസ്ഥനായ ഒരാള്‍ ഈ പദവിയിലേക്ക് എത്തുന്നതില്‍ ജനങ്ങള്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍, എയ്സ്വാളില്‍ കുമ്മനത്തിന്റെ കാലടികള്‍ പതിഞ്ഞതോടെ  ആശങ്കള്‍ക്കെല്ലാം വിരാമമിട്ടു.

പത്ത് ലക്ഷം മാത്രം ജനസംഖ്യയുള്ള  പര്‍വ്വത നിരകളുമുള്ള ചെറിയ സംസ്ഥാനമാണ് മിസോറാം.പിന്നാക്ക വിഭാഗത്തിലുള്ളവരും താഴ്ന്ന ജീവിത നിലവാരത്തില്‍ ഉള്ളവരുമാണ്  ഭൂരിഭാഗവും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് കുമ്മനത്തെ അവിടെ നിയമിച്ചതും. ഏറെവൈകാതെ തന്നെ അദ്ദേഹത്തിന്റ പ്രവര്‍ത്തന ശൈലിയും തന്മയത്വവും കുമ്മനം എന്ന ഗവര്‍ണറെന്നതിലുപരി പച്ചയായ മനുഷ്യനെയും അവര്‍ക്കിടയിലെ തന്നെ ആളായും ജനങ്ങള്‍ കണ്ടു തുടങ്ങി.

ചരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയങ്കരനായ അദ്ദേഹം മിസോറാം ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അറിയിക്കുന്നതിനായി രാജ് ഭവന്റെ വാതിലുകള്‍ തുറന്നിട്ടു. പൊതു ജനങ്ങള്‍ക്ക് യോഗത്തിനും അവരുടെ പരാതികളും മറ്റും ബോധിപ്പിക്കുന്നതിന്  രാത്രിയോ പകലെന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താം

പലപ്പോഴും രാത്രി വളര വൈകിയാണ്  ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നത്.  പുലര്‍ച്ചെ നാലിനും അഞ്ച് മണിക്കുമിടയില്‍ പ്രഭാത സവാരി, യോഗ തുടങ്ങിയ കൃത്യങ്ങളിലേക്ക് കടക്കും. അതിനുശേഷം  ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിലേക്കും . ഇതു കൂടാതെ രാജ്ഭവനിലെ ഏത് ജീവനക്കാരുടേയും വീട്ടില്‍ സന്ദര്‍ശനം നടത്തി  രാവിലെ ചായ കുടിക്കാന്‍ തെല്ലും സങ്കോചമില്ലാത്ത മനുഷ്യന്‍. അതില്‍ തന്റെ ഡ്രൈവര്‍ ആണെന്നോ, ശുചീകരണത്തൊഴിലാളി ആണെന്നോ  വ്യത്യാസം കണ്ടിട്ടില്ല. ജീവനക്കാരുടെ വീട്ടിലത്തി ചായകുടിക്കുന്നതിനൊപ്പം അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും ശ്രമിച്ചു.  

അനാഥാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയും കുട്ടികളുമായി സംവദിച്ചും  ഒഴിവ് സമയങ്ങള്‍ ചെലവിട്ടു.  ഗവര്‍ണറായി ഇരുന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും അവരുടെ ജീവിത നിലവാരവും മറ്റും ഉയര്‍ത്തുന്നതിനായി കുമ്മനം അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. ് ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തെ ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കുമായാണ് ചെലവഴിച്ചത്. ജനങ്ങള്‍ക്കുള്ള ചികിത്സാ സഹായം, കായിക താരത്തിന് അവശ്യം വേണ്ട ഉപകരണം വാങ്ങിക്കാനും, അനാഥാലയങ്ങള്‍ക്ക് ഭക്ഷണവും പഴങ്ങളും വാങ്ങിക്കാനുമാണ്  തുകയെല്ലാം ചെലവിട്ടു.കുമ്മനം ഗവര്‍ണര്‍ പദവി ഏറ്റെടുത്തശേഷം മിസോറാം രാജ്ഭവനും അടിമുടി മാറ്റമായിരുന്നു. മുടക്കാതെയുള്ള ഗവര്‍ണറുടെ പ്രഭാത സവാരി  സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. രാജ്ഭവന്‍ രക്ഷാധികാരി മുതല്‍ ഉദ്യാനപാലകന്‍ വരെ പ്രഭാത സവാരിക്ക് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. അതിനുശേഷം രാജ്ഭവനിലെ പക്ഷികള്‍ക്കും മറ്റും ഭക്ഷണവും അദ്ദേഹം നല്‍കും, പിന്നീട് പച്ചക്കറിത്തോട്ടവും മറ്റും സന്ദര്‍ശിച്ച് വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജീവനക്കാര്‍ക്ക് നല്‍കും.  

ഓഫീസില്‍ ഒതുങ്ങിയിരുന്നില്ല പ്രവര്‍ത്തനം. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും പരിപാടികളില്‍ നിരന്തരം പങ്കെടുത്തു. സ്വഛ് ഭാരത്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി. കവിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കി. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കി. രാജ്ഭവനിലെ സാധാരണ ജീവനക്കാരുടെ വീടുകളില്‍ അപ്രതീക്ഷിതമായി അദ്ദേഹമെത്തിയിരുന്നു. ചിലപ്പോഴൊക്കെ പ്രഭാത ഭക്ഷണവും അവിടെനിന്നായിരുന്നു. ആശുപത്രികളിലും അനാഥാലയങ്ങളിലും പതിവ് സന്ദര്‍ശകനായി.കുമ്മനം ഗവര്‍ണറായിരിക്കെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍  കണക്ക് കൂട്ടുകയും ചെയ്തിരുന്നു.

വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. അവസാന ദിവസം ഓഫീസിലെത്തിയപ്പോഴും അതേ വേഷം തന്നെ. കേരളത്തിന്റെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചപ്പോള്‍ മിസോറാമിന്റെ തനത് സംസ്‌കാരത്തെയും വ്യത്യസ്തയെയും ഉള്‍ക്കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. രാഷ്ട്രീയ മത വ്യത്യാസമില്ലാതെ, എതിര്‍ത്തവരെപ്പോലും സൗഹൃദവലയത്തില്‍ കൂടെച്ചേര്‍ത്താണ് കുമ്മനം മിസോറാമില്‍ നിന്ന്  മടങ്ങിയത്

പൊതുസമൂഹത്തിന് സ്വീകാര്യന്‍

ആധുനിക കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ പതാകവാഹകനായ കുമ്മനം പൊതുസമൂഹത്തിനും സ്വീകാര്യനായിഎന്നതിന് തെളിവാണ് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യത്തിന്റെ വാക്കുകള്‍, 'എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാന്‍ കഴിഞ്ഞത് സ്വാര്‍ത്ഥത ഇല്ലാത്തതിനാണ്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള നേതാവാണ് കുമ്മനം. കുമ്മനത്തെക്കുറിച്ച് വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ടെങ്കിലും കുറേ തെറ്റിദ്ധാരണകളും മുന്‍വിധികളുമുണ്ടായിരുന്നു. ഒരു സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നതിനാല്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വ്യക്തിയായിട്ടാണ് താന്‍ കരുതിയത്. എന്നാല്‍ ഈ ധാരണകളെല്ലാം തെറ്റാണെന്ന് ക്രമേണ ബോധ്യമായി. ആവശ്യമുണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ഞങ്ങളുടെ ഭവനത്തിലേക്ക് ഒരു മടിയും കൂടാതെ കടന്നുവരാനുള്ള മനസും അദ്ദേഹം കാണിച്ചു. ഓഖി ദുരന്തമുണ്ടായപ്പോള്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത നേതാവാണ് കുമ്മനം. പ്രശ്‌നങ്ങളിലിടപെടാന്‍ പ്രധാനമന്ത്രിയെത്തന്നെ കൊണ്ടുവരാമെന്ന വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു.'

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.