login
കക്ഷിരാഷ്ട്രീയ പൊതുവഴിയിലെ ചെണ്ടയല്ല കാവി

ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്ട്രീയക്കാരനും ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.

കാവിയെയോ കുരിശിനെയോ ഇസ്ലാമിക പ്രതീകങ്ങളെയോ തൂത്തെറിയണമെന്ന് പറയുന്നത് ഭാരതീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.  അങ്ങനെ പറയുന്ന രാഷ്ട്രീയക്കാരനോട് പൊരുത്തപ്പെടാന്‍ മനസ്സില്ലെന്നു പറയാന്‍ സര്‍വധര്‍മ്മ സമഭാവന അടിസ്ഥാന പ്രമാണമായുള്ള ദേശീയതയുടെ പൊതുബോധം ഒരിക്കലും അറച്ചു നില്‍ക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് 'കാവിയെ തൂത്തെറിയുവാന്‍' കെ മുരളീധരന്‍ നേമത്ത് നടത്തിയ ആഹ്വാനം തെരഞ്ഞെടുപ്പ് ഫലത്തിനുമപ്പുറം ചര്‍ച്ച ചെയ്യേണ്ടതായി വരുന്നത്. കുമ്മനത്തെ നേരിട്ട് നേമത്തെ കേമനാകാന്‍ നെറിയും നേരും കെട്ട പോരാട്ട കുതന്ത്രങ്ങളുമായി കളത്തിലിറങ്ങിയ മുരളിയുടെ രാഷ്ട്രീയ കലാശക്കൊകൊട്ടായിരുന്നു,  പ്രചാരണ സമാപന വേളയിലെ ആ ആഹ്വാനം.  

ഹൈന്ദവ  ധര്‍മ്മത്തിന്റെ സനാതന മൂല്യങ്ങളുടെ ജ്വലിക്കുന്ന പ്രതീകമായ കാവിയെ തൂത്തെറിയാന്‍ കെ.മൂരളീധരന്‍ ആവശ്യപ്പെട്ടത് ഹിന്ദുവിനെതിരെയുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിനള്ള  പോര്‍വിളിയായേ കരുതാന്‍ കഴിയൂ. കുമ്മനം രാജശേഖരനെയോ താമരയെയോ ബിജെപിയെയോ നരേന്ദ്രമോദിയെയോ തൂത്തെറിയാന്‍ മുരളീധരന് ആവശ്യപ്പെടാമായിരുന്നു.  ആരും അതിനെ എതിര്‍ക്കുകയില്ലായിരുന്നു.  പക്ഷേ കാവി വിരുദ്ധ പരാമര്‍ശം നടത്തി ഹിന്ദു വിരുദ്ധ വോട്ടുകള്‍ സമാഹരിച്ച് ഒരു തെരഞ്ഞെടുപ്പ് വിജയം തരപ്പെടുത്താമെന്നു കരുതിയ മുരളീധരന് കാലം കാത്തുവെച്ചിരിക്കുന്നത് ധാര്‍ഷ്ട്യത്തിന് ആനുപാതിക ശിക്ഷയാകുമെന്നതില്‍ സംശയം വേണ്ട. നിലയ്ക്കല്‍ വിഷയത്തില്‍ ജഗത് ഗുരു സത്യാനന്ദ സരസ്വതിയും പി പരമേശ്വരനും ശിശുപാല്‍ജിയും കുമ്മനം രാജശേഖരനും നേതൃത്വം നല്‍കിയ ജനകീയ പോരാട്ടത്തിലൂടെ അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരനെ ചുരുട്ടിക്കെട്ടിയ കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് പോര്‍ കുറിക്കാനിറങ്ങിയത് അശ്വത്ഥാമാവിന്റെ അനുഭവം തേടിയുള്ള കെ.മുരളീധരന്റെ യാത്രയുടെ തുടക്കം തന്നെയായിരിക്കും.  

അംഗദനും അശ്വത്ഥാമാവും അവരുടെ അച്ഛന്മാര്‍ വീഴുന്നത് കണ്ടവരാണ്.  അച്ഛന്‍, ബാലി, ആ വീഴ്ച ചോദിച്ചു വാങ്ങിയതാണെന്ന് തിരിച്ചറിഞ്ഞ അംഗദന്‍ ധര്‍മ്മ വിജയത്തിനുള്ള തുടര്‍ പോരാട്ടത്തിന്  ശ്രീരാമചന്ദ്രനോടൊപ്പം ചേര്‍ന്നു.  പക്ഷേ ആ  തിരിച്ചറിവ് അശ്വത്ഥാമാവിനില്ലായിരുന്നു.  ദുര്യോധനപക്ഷത്ത് നിന്ന ദ്രോണാചാര്യരെ പോരില്‍  വീഴ്ത്തിയ പാണ്ഡവരോട് പക മൂത്ത അശ്വത്ഥാമാവ് പിഞ്ചുകുഞ്ഞുങ്ങളെ പോലും ഇല്ലാതാക്കാന്‍ പോയി, ചോദിച്ചു വാങ്ങിയ നിത്യദുരന്തം അറിവുള്ളവരാരും അറിയാത്തതല്ലല്ലോ.  ആ വഴിയാണ് കെ.മുരളീധരന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ തിരുത്താനാകില്ല.  

ലോകമെല്ലാം ക്രിസ്ത്യന്‍ സമൂഹം വെറുത്തിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 1957ലെ  കേരളത്തില്‍ അധികാരത്തിലെത്തിയത് ശബരിമല തീവെപ്പിനോട് ഹിന്ദു പ്രകടിപ്പിച്ച പ്രതികരണശേഷിയുടെ ബലത്തില്‍ കൂടിയായിരുന്നു.  രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഹിന്ദുവിനോട് കൂടെ നിന്ന് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഇഎംഎസ്സ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ  പിഴുതെറിയുവാന്‍ ക്രിസ്ത്യന്‍ സമൂഹം തയ്യാറാകുന്നതിലേക്ക് ചരിത്രഗതി മാറി.  അക്കാലത്ത് തന്നെ അവര്‍ വിളിച്ചൊരു മുദ്രാവാക്യമുണ്ടായിരുന്നു: 'പിള്ളേരൊന്നു വളര്‍ന്നോട്ടെ, പതിനെട്ടൊന്നു കഴിഞ്ഞോട്ടെ ഈ എം എസ്സിനെ ഈയം പൂശി ഈയലു പോലെ പറപ്പിക്കും'.  മുദ്രാവാക്യോം വിളിച്ചിട്ട് അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല.  ആ ലക്ഷ്യത്തോടെ അവര്‍ നടത്തിയ നിരന്തര പരിശ്രമത്തിന്റെ സൃഷ്ടിയാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ്.  ആദ്യം, മലയാള മനോരമ പിന്നില്‍ നിന്ന് നടത്തുന്ന, അഖിലകേരള ബാലജന സഖ്യത്തിലൂടെയും, പിന്നീട് കെഎസ്‌യുവിലൂടെയും,  യൂത്ത് കോണ്‍ഗ്രസ്സിലൂടെയും അവര്‍ പേരും പെരുമയും പിന്തുണയും നല്‍കി വളര്‍ത്തിയ ഉമ്മന്‍ചാണ്ടി, വളര്‍ത്തി വിട്ടവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.  വളര്‍ത്തിയവരുടെ വര്‍ഗ-വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഹൈന്ദവ സമൂഹത്തിന്റെ വളര്‍ച്ചാ വഴികളില്‍ ചതിക്കുഴികളൊരുക്കുന്നതിലും ശാന്തവും കൗശല പൂര്‍വമായുള്ള മികവ് അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് തെളിയിച്ചു.  ഇപ്പോള്‍ തനിക്കു ശേഷം മകന്‍ ചാണ്ടി ഉമ്മനിലേക്ക് ചെങ്കോല്‍ കൈ മാറുന്നതിനുള്ള വഴിയൊരുക്കാനും വേണ്ടതൊക്കെ അദ്ദേഹം ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 1970ല്‍ പള്ളിയുടെയും പട്ടക്കാരുടെയും പാര്‍ട്ടിയുടെയും പിന്തുണയോടെ ജയിച്ചു കയറി നിയമസഭയിലെത്തിയ ഉമ്മന്‍ ചാണ്ടി പ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലായിരുന്നില്ല. അക്കാലത്തെ യുവപുരോഗമനവാദികളിലേക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടി ദൃഢപ്രതിജ്ഞയായിരുന്നു എന്നാണറിയുന്നത്.  ചാണ്ടി ഉമ്മന്‍ ക്രിസ്ത്യാനികളെ വിമര്‍ശിച്ച് ഇസ്ലാം പക്ഷത്തിനോടൊപ്പമാണെന്ന് സൂചനകള്‍ നല്‍കിയതും സ്വന്തം കൂട്ടരുടെ മൗനാനുവാദത്തോടെ നടത്തിയ ഒരു നാടകമായിരുന്നുയെന്നു തന്നെയാണ് വായിച്ചെടുക്കേണ്ടത്.  ചുരുക്കത്തില്‍ കൃസ്ത്യന്‍ പക്ഷത്തോട് വ്യക്തമായ പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അതിനു വേണ്ടി ചെയ്യരുതാത്തതൊക്ക ചെയ്യുമ്പോഴും കാവിയെ തൂത്തെറിയണമെന്നോ ഇസ്ലാമിനെ ഇല്ലാതാക്കണമെന്നോ പറയുന്നതല്ലാ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ കൗശലം.

രമേശ് ചെന്നിത്തലയാണെങ്കില്‍ ഇനിയുമങ്ങനെ പറയില്ല.  കാരണം പല തവണ കൈ പൊള്ളിയതാണ്.  മീശനോവല്‍ വിവാദത്തില്‍ പ്രകടമായ ഹിന്ദുവിരുദ്ധ മനോഭാവം, ശബരിമല വിഷയത്തില്‍ ഹിന്ദു അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ കാട്ടിയ നിസ്സംഗത,  ഇസ്ലാമിക/ക്രിസ്ത്യന്‍ മതാധികാര കേന്ദ്രങ്ങളോടു കാട്ടിയ വിനീത വിധേയത്വം, തുടങ്ങിയവയൊന്നും കാര്യത്തോടടുത്തപ്പോള്‍ തനിക്ക് പ്രയോജനപ്പെട്ടില്ലായെന്ന തിരിച്ചറിവ് രമേശിന്  ഉണ്ടായിട്ടുണ്ടാകണം. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ കുതികാലുവെട്ടിയവരെ തിരിച്ചറിയാതിരിക്കാന്‍ തക്ക 'കിങ്ങിണിക്കുട്ടന്‍' അല്ല രമേശെന്നതും സ്പഷ്ടമാണ്.  

മദാമ്മാ ഗാന്ധിയെന്ന് സോണിയയെ കൃത്യമായി വിളിച്ച് നിരീക്ഷണ വൈദഗ്ദ്ധ്യം തെളിയിച്ച പ്രതിഭയാണു മുരളി!  എ.കെ.  ആന്റണിയെ മുക്കാലിയേല്‍ കെട്ടിയടിക്കണം എന്ന ഉത്തരവ് വ്യക്തതയുള്ള ഭാഷയില്‍ ഇറക്കിയ നീതിബോധമുള്ള നേതാവുമാണ് മുരളി! പക്ഷേ നേമത്തെ തെരഞ്ഞെടുപ്പ് കുഴിയില്‍ വീണ് നടുവൊടിഞ്ഞ തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ വരുമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞു മാറിയ, മദാമ്മാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയോട്, 'ഒന്നു വരൂ മാഡം എന്നെ രക്ഷിക്കൂ' എന്നപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.  അവസാനം വിശുദ്ധ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം  രാഹുല്‍ എത്തിയപ്പോള്‍  തന്നെ രക്ഷിക്കാന്‍ തിരുവവതാരം പിറന്നൂയെന്ന് മുരളി തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകാം  ഹിന്ദുവിരുദ്ധവര്‍ഗീയതയുടെ മുന്നണിപ്പോരാളി  രാഹുലിന്റെ ഉള്ളം നിറയുന്ന തരത്തില്‍  കാവിയെ തൂത്തെറിയുമെന്ന പ്രസ്താവന നടത്താന്‍ കെ മുരളീധരനിലെ ധാര്‍ഷ്ട്യം  ഉയര്‍ന്നത്. അതു കേട്ട കേരളം, അവിടെ രാഹുല്‍ നടത്തിയത് കെ മുരളീധരന്റെ രാഷ്ട്രീയത്തിന്റെ അന്ത്യ കൂദാശയാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. 

ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്ട്രീയക്കാരനും  ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.