×
login
പണം പോട്ടെടോ, പവറല്ലെ വരുന്നത്

റിസോര്‍ട്ട് രാഷ്ട്രീയം ബിജെപിയുടെ ഉത്പന്നമല്ല. ആന്ധ്രയിലെ കോണ്‍ഗ്രസാണ് അത് വൃത്തികെട്ടനിലയില്‍ ആദ്യം തുടങ്ങിയത്. രാംലാല്‍ ഗവര്‍ണറായിരുന്നുകൊണ്ട് കോണ്‍ഗ്രസിനുവേണ്ടി നടത്തിയ രാഷ്ട്രീയ കോമാളിത്തം മറക്കാന്‍ കഴിയുന്നതല്ല. റിസോര്‍ട്ട് രാഷ്ട്രീയത്തെ പരിഹസിക്കുന്നവരോട് അവുക്കാദര്‍കുട്ടി നഹ പറഞ്ഞ ന്യായമാണ് കേമം. പണം പോട്ടെടോ പവറല്ലെ വരുന്നതെന്ന്. എന്നിട്ടെന്തായി? മഹാരാഷ്ട്രയിലെ അവിശുദ്ധ, അവിഹിത സഖ്യം തീര്‍ന്നു. ഇന്ത്യയുടെ വ്യവസായ- വാണിജ്യതലസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് അഭിമാനിക്കാം.

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അമരത്തിരുന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി 943 ദിവസം വാണ ഉദ്ധവ് താക്കറെ ഒടുവില്‍ നാടകീയമായി രാജി വച്ചതോടെ മഹാരാഷ്ട്രയുടെ ശാപം തീര്‍ന്നു. വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നല്കിയതിനു  പിന്നാലെയാണ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ താനില്ലെന്ന് പ്രഖ്യാപിച്ച് ഉദ്ധവിന്റെ രാജി. താക്കറെ കുടുംബത്തില്‍നിന്ന് മഹാരാഷ്ട്രയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി, ഒടുവില്‍ സ്വന്തം പാര്‍ട്ടി എംഎല്‍എമാരുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തേക്ക്.

2019 ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 288 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം 161 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 98 സീറ്റും നേടി. മറ്റുളളവര്‍ 29 സീറ്റും. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു.  പങ്കിടുന്ന പ്രശ്നമില്ലെന്ന തീരുമാനത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉറച്ചു നിന്നു.  ബിജെപിയേയും ശിവസേനയേയും സര്‍ക്കാരുണ്ടാക്കാന്‍ മാറി മാറി ഗവര്‍ണര്‍ ക്ഷണിച്ചു.  ഇരു കൂട്ടരും പിന്‍വാങ്ങി.

കോണ്‍ഗ്രസ്, എന്‍സിപി പിന്തുണക്കത്തുകള്‍ ഇല്ലാതെ ശിവസേനാ സംഘം ഗവര്‍ണറെ കണ്ടു. സമയം നീട്ടി നല്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ ക്ഷണിച്ചു. പിന്തുണ തെളിയിക്കാന്‍ എന്‍സിപിക്കു നല്കിയ സമയം തീരും മുന്‍പേ രാഷ്ട്രപതിഭരണത്തിനു ഗവര്‍ണറുടെ ശുപാര്‍ശയെത്തി. കേന്ദ്രമന്ത്രിസഭ ശുപാര്‍ശ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി; നിയമസഭ മരവിപ്പിച്ചു നിര്‍ത്താന്‍ നിര്‍ദേശം.

ഗവര്‍ണര്‍ സമയം നല്കിയില്ലെന്നാരോപിച്ചു സുപ്രീം കോടതിയില്‍ ശിവസേനയുടെ ഹര്‍ജി.

വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്ന കോണ്‍ഗ്രസും ശിവസേനയും ഒരുമിക്കുമെന്ന് ആരും   കരുതിയില്ല. അതിനു ചരടു വലിച്ചതാകട്ടെ എന്‍സിപി തലവന്‍ ശരദ് പവാറും. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച് മഹാവികാസ് അഘാഡി (എംവിഎ) രൂപീകരിച്ചു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി. ശരദ്പവാര്‍ പിന്‍സീറ്റ് ഡ്രൈവറുമായി.

ശിവസേന പിറന്ന ശിവാജി പാര്‍ക്കിലെ മണ്ണില്‍ താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ 2019 നവംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന സ്ഥാപിച്ചു  പരിപാലിച്ച ബാല്‍ താക്കറെയുടെ ഗര്‍ജനം ദിഗന്തങ്ങളെ ഞെട്ടിച്ച കാലത്തുപോലും സാധിക്കാത്തതാണ്  മകന്‍ ഉദ്ധവ്  നേടിയെടുത്തത്.

ശിവസേന-ബിജെപി സര്‍ക്കാര്‍ സ്വാഭാവിക സഖ്യത്തിന്റെ ഉത്പന്നമായിരുന്നു. ഇവര്‍ മഹാരാഷ്ട്ര ഭരിക്കുന്ന കാലത്ത് പൊതുചടങ്ങുകളിലെല്ലാം ബാല്‍താക്കറെയുടെ പേരും പദവിയും ഔന്നത്യത്തില്‍ തന്നെയായിരുന്നു. ഉദ്ധവിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കുന്നത് 2003ലായിരുന്നു. പിന്നെ മെല്ലെ പാര്‍ട്ടി ചുമതലകള്‍ അദ്ദേഹം ഏറ്റെടുത്തു. നിര്‍ദേശങ്ങളുമായി ബാല്‍ താക്കറെ പിന്‍വാങ്ങി. ഉദ്ധവിന്റെ ഉയര്‍ച്ചയ്ക്കു വഴി വെട്ടിയ രാജ് താക്കറെ കുടുംബബന്ധം പോലും വിസ്മരിച്ച് വിമതനായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രൂപീകരിച്ചു. 2012ല്‍ ബാല്‍ താക്കറെ വിടവാങ്ങി. ശിവസേന ഉദ്ധവിന്റെ കൈയിലായി.


വിരുദ്ധ ചേരിയില്‍നിന്ന് രൂപം കൊണ്ട സംഘമാണ് മഹാവികാസ് അഘാഡി. അതിന്റ പതനം ഭരണം തുടങ്ങിയപ്പോള്‍ തന്നെ പ്രവചിക്കപ്പെട്ടതാണ്. എന്നാല്‍ രണ്ടര വര്‍ഷം സര്‍ക്കാര്‍ മുന്നോട്ടു പോയി. അവസാനം സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ ഉദ്ധവിനെ വീഴ്ത്തി.  

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു ബിജെപി സ്വന്തമാക്കിയതു മുതല്‍ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പതനം ഏതാണ്ട് തുടങ്ങിക്കഴിഞ്ഞിരുന്നു. ശിവസേനയ്ക്ക് എളുപ്പം ജയിക്കാവുന്ന സീറ്റുകളായിരുന്നു അവ. ആ  തോല്‍വിയോടെ തന്നെ മഹാസഖ്യം ഉലഞ്ഞു.  

2019ല്‍ ബിജെപിയുമായി പിണങ്ങിയ ശിവസേന, കോണ്‍ഗ്രസും എന്‍സിപിയുമായി അടുത്തപ്പോള്‍തന്നെ ഷിന്‍ഡെ എതിര്‍ത്തിരുന്നു. പാര്‍ട്ടി അത് അവഗണിച്ചു.

ഇന്നത്തെ പുതിയ സാഹചര്യത്തില്‍  ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് രാഷ്ട്രീയ വിശാരദന്മാരെല്ലാം കരുതിയത്. പക്ഷേ ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയായി ഷിന്‍ഡെയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

മുംബെയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്നാവിസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചു. ശിവസേനാ വിമതരും ബിജെപിയും അവര്‍ക്കൊപ്പമുള്ളവരും ചേരുമ്പോള്‍ 162 പേരാകും. കേവല ഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

10 ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ്, ആയിരം ദിവസം തികയും മുന്‍പ് ഭരണം ഉദ്ധവിന് നഷ്ടമായത്.

റിസോര്‍ട്ട് രാഷ്ട്രീയം ബിജെപിയുടെ ഉത്പന്നമല്ല. ആന്ധ്രയിലെ കോണ്‍ഗ്രസാണ് അത് വൃത്തികെട്ടനിലയില്‍ ആദ്യം തുടങ്ങിയത്. രാംലാല്‍  ഗവര്‍ണറായിരുന്നുകൊണ്ട് കോണ്‍ഗ്രസിനുവേണ്ടി നടത്തിയ രാഷ്ട്രീയ കോമാളിത്തം മറക്കാന്‍ കഴിയുന്നതല്ല. റിസോര്‍ട്ട് രാഷ്ട്രീയത്തെ പരിഹസിക്കുന്നവരോട്   അവുക്കാദര്‍കുട്ടി നഹ പറഞ്ഞ ന്യായമാണ് കേമം. പണം പോട്ടെടോ പവറല്ലെ വരുന്നതെന്ന്. എന്നിട്ടെന്തായി?  മഹാരാഷ്ട്രയിലെ അവിശുദ്ധ, അവിഹിത സഖ്യം തീര്‍ന്നു. ഇന്ത്യയുടെ വ്യവസായ- വാണിജ്യതലസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് അഭിമാനിക്കാം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.