login
മതം നോക്കുന്ന കോടതി വിധികള്‍

ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന ഹൈക്കോടതി വിധിയോടുള്ള നിയമമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങള്‍ ഒന്നുപോലെയായത് സ്വാഭാവികം.

ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന ഹൈക്കോടതി വിധിയോടുള്ള നിയമമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങള്‍ ഒന്നുപോലെയായത് സ്വാഭാവികം. വിധി കണ്ടിട്ടില്ല, പഠിക്കട്ടെ, ആവശ്യമെങ്കില്‍ നിയമോപദേശം തേടിയശേഷം ഉചിതമായ നടപടികളെടുക്കും എന്നൊക്കെയാണ് ഇരുവരും പറഞ്ഞത്. സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റുള്ളവര്‍ക്കും നല്‍കുന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ ഈ ആനു

കൂല്യത്തിന്റെ ഉപജ്ഞാതാവെന്നു പറയാവുന്ന മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും, ഇപ്പോഴത്തെ മന്ത്രി എം.വി. ഗോവിന്ദനും സ്വാഗതം ചെയ്തിരുന്നു. രണ്ടു പേരും സിപിഎമ്മുകാര്‍. എന്നിട്ടും ഇവരുടെ അഭിപ്രായങ്ങള്‍ തള്ളിയാണ് വിധിയോട് ആഭിമുഖ്യം കാണിക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമമന്ത്രി പി. രാജീവിന്റെയും പ്രതികരണങ്ങള്‍. ഇവിടെ ഒരു കാര്യം വ്യക്തമാണ്. ഹൈക്കോടതിയുടെ ഈ വിധി സിപിഎമ്മിനും സര്‍ക്കാരിനും സ്വീകാര്യമല്ല. ഒന്നുകില്‍ അതിനെ മറികടക്കുകയോ അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുമെന്നുറപ്പ്. മുസ്ലിങ്ങള്‍ വളരെക്കാലമായി അനുഭവിച്ചു വരുന്ന ഒരു ആനുകൂല്യമാണല്ലോ ഇത് എന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍നിന്നുതന്നെ ഈ ആനുകൂല്യം റദ്ദാക്കിയ കോടതി വിധിയോട് തനിക്ക് യോജിപ്പില്ലെന്ന സൂചനയാണല്ലോ ലഭിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത മുഖ്യമന്ത്രിയില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കാനുമാവില്ല.

ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. ഹിന്ദുക്കള്‍ക്കോ അവരെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലുമൊരു സംഘടനയ്ക്കോ എതിരായ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് പ്രതികൂലമായ ഒരു പരാമര്‍ശമെങ്കിലും ഉണ്ടായാല്‍ അതിന് വിധിയുടെ പരിവേഷം നല്‍കി അവതരിപ്പിക്കാന്‍ പല മാധ്യമങ്ങളും പരസ്പരം മത്സരിക്കുന്നതു കാണാം. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പക്ഷേ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധി തന്നെയുണ്ടായാലും അത് ചര്‍ച്ച ചെയ്യാറില്ല.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കാനുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്: ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളും ന്യൂനപക്ഷ കമ്മീഷന്‍ നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ചിന്നയ്യ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ച ഉത്തരവുകള്‍. ഇത് നിയമപരമായി നിലനില്‍ക്കില്ല. ന്യൂനപക്ഷങ്ങളെ പിന്നാക്കാവസ്ഥയുടെ പേരില്‍ വേര്‍തിരിച്ച് ഏതെങ്കിലും ഒരു സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ന്യൂനപക്ഷ കമ്മീഷന് കഴിയില്ല. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 45.27 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍. ഇവരില്‍ 56.67 ശതമാനം മുസ്ലിങ്ങളും, 40.6 ശതമാനം ക്രൈസ്തവരും 0.73 ശതമാനം മറ്റ് വിഭാഗക്കാരുമാണ്. സ്‌കോളര്‍ഷിപ്പു നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കമ്മീഷന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല എന്നൊക്കെ ഹൈക്കോടതി വിധിയില്‍ പറയുന്നുണ്ട്.

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് മാത്രമല്ല ഇവിടെ കോടതി പറയുന്നത്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളെ മറികടക്കാനാവില്ലെന്ന് വിധിയില്‍ എടുത്തു പറയുന്നു. ചിന്നയ്യക്കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ചതെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. വിധി റിപ്പോര്‍ട്ട് ചെയ്ത പല മാധ്യമങ്ങളും പക്ഷേ ഈ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു. മതേതരത്വമെന്നത് ന്യൂനപക്ഷ പ്രീണനമായി മാറുകയും, അത് പിന്നീട് മുസ്ലിം പ്രീണനം മാത്രമായി തീരുകയും ചെയ്യുന്ന അവസ്ഥയെയാണ് കോടതി വിമര്‍ശന വിധേയമാക്കുന്നത്.  ഇത്തരമൊരു വിധി ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ലെന്ന നിലപാടാണ് പല മാധ്യമങ്ങള്‍ക്കുമുള്ളത്. വിധിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാതെ 80:20 അനുപാതം റദ്ദാക്കിയതിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളില്‍ ചര്‍ച്ച ഒതുക്കുകയാണ്. മറ്റ് പല വിധികളുടെയും കാര്യത്തില്‍ നിയമജ്ഞരെ അണിനിരത്തി വായനക്കാരെ ബോധവല്‍ക്കരിക്കുന്ന (തെറ്റിദ്ധരിപ്പിക്കുന്ന എന്നു പറയുന്നതാവും ശരി) മാധ്യമങ്ങള്‍ ഇപ്പോള്‍ അതിന് താല്‍പ്പര്യം കാണിക്കുന്നില്ല. ഇതിന് കാരണമുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ നടന്ന വര്‍ഗീയ പ്രീണനം ഭരണഘടനാ വിരുദ്ധമാണെന്നാണല്ലോ കോടതി പറഞ്ഞിരിക്കുന്നത്.

കോടതി വിധികളെ മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി സമീപിക്കുകയും, അതനുസരിച്ചുള്ള വാര്‍ത്താ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണത ഇപ്പോള്‍ വ്യാപകമാണ്. അടുത്തിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധിയുണ്ടായത്. ഹിന്ദുക്കളുടെ ഉത്സവങ്ങള്‍ തങ്ങള്‍ക്ക് ഹറാമാണെന്ന് പറഞ്ഞ് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് അത് തടയുന്നതിനെതിരായിരുന്നു  ഈ വിധി. പെരുമ്പാളൂര്‍ ജില്ലയിലെ ഈ സ്ഥിതിവിശേഷത്തിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ മണത്തല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്‍കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ ഉണ്ടായിട്ടുള്ളതും, അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളതുമാണ്. മതേതരത്വത്തിന്റെ പേരില്‍ രാജ്യത്ത് മത വര്‍ഗീയതയും ഭീകരവാദവും ആപല്‍ക്കരമായി വളര്‍ന്നുവരുന്ന ഇക്കാലത്ത് മദ്രാസ് ഹൈക്കോടതി വിധി എല്ലാ പൗരന്മാരും അറിഞ്ഞിരിക്കേണ്ട ഒന്നായിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ആ വിധി അവഗണിക്കുകയാണുണ്ടായത്. വാര്‍ത്ത നല്‍കിയവര്‍ തന്നെ വിശദാംശങ്ങള്‍ ഒഴിവാക്കി. തുടര്‍ ചര്‍ച്ചകളും ഉണ്ടായില്ല.

ഇവിടെയും ചില കാര്യങ്ങള്‍ വിധിയില്‍ വെട്ടിത്തുറന്നു പറയുന്നതാണ് കാരണം. ഒരു പ്രത്യേക മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായതിനാല്‍ അവിടെ ഇതരമതസ്ഥരുടെ ഉത്സവങ്ങളും ഘോഷയാത്രകളും തടയണമെന്ന വാദം അംഗീകരിക്കാനാവില്ല. ഈ ആവശ്യം അംഗീകരിച്ചാല്‍ ഒരു മേഖലയില്‍ ഭൂരിപക്ഷമുള്ള മതക്കാര്‍ അവിടെ ഇതരമതസ്ഥര്‍ വഴി നടക്കുന്നതും വാഹനമോടിക്കുന്നതുപോലും തടയുന്ന അവസ്ഥ വരും. വിവാഹഘോഷയാത്രകളും വിലാപ യാത്രകളും തടയുന്ന സ്ഥിതിയുണ്ടാവും. മുസ്ലിം ഭൂരിപക്ഷ മേഖലയാണെന്നും അവിടെ ഉത്സവങ്ങളും ഘോഷയാത്രകളും അനുവദിക്കാനാവില്ലെന്നും അവ വിലക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നത് ഒരു പ്രത്യേക മതക്കാരുടെ അസഹിഷ്ണുതയാണ്. ഒരു വിഭാഗം എതിര്‍ക്കുകയും മറു വിഭാഗം അതേ രീതിയില്‍ പ്രതികരിക്കുകയും ചെയ്താല്‍ കലാപങ്ങളും മതസംഘര്‍ഷങ്ങളും മറ്റ് കുഴപ്പങ്ങളുമുണ്ടാകും. ജീവനുകള്‍ നഷ്ടപ്പെടാനും വസ്തുവഹകള്‍ നശിക്കാനുമിടവരും. നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നശിക്കും. ഒരു സ്ഥലത്ത് ഒരു മതവിഭാഗത്തിന്റെ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളുമുണ്ടാകുന്നത് ഇതര മതസ്ഥരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. ഇത്തരം അനീതികള്‍ അംഗീകരിച്ചാല്‍ ന്യൂനപക്ഷ ജനതയ്ക്ക് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മതാഘോഷങ്ങളോ ഘോഷയാത്രകളോ നടത്താനാവില്ല.

മദ്രാസ് ഹൈക്കോടതിയുടേതാണ് ഈ വിധിയെങ്കിലും മതസംഘര്‍ഷങ്ങളുടെ നീണ്ടകാല ചരിത്രമുള്ള നമ്മുടെ രാജ്യത്തിന് മുഴുവന്‍ ബാധകമാകുന്ന കാര്യങ്ങളാണ് ഈ വിധിയില്‍ പറഞ്ഞത്. പല മത സംഘര്‍ഷങ്ങളുടെയും മൂലകാരണങ്ങളിലേക്കാണ് കോടതി വിരല്‍ചൂണ്ടുന്നത്. പക്ഷേ ഏത് മതവിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കമെന്നോ, കേസിലെ വാദിയാര്, പ്രതിയാര് എന്നോ വ്യക്തമാവുന്ന പരാമര്‍ശങ്ങളില്ലാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്.

മറ്റു ചില കോടതി വിധികളുടെ കാര്യത്തില്‍ ഇങ്ങനെയല്ല മാധ്യമങ്ങള്‍ ചെയ്യാറുള്ളത്. വിധികള്‍ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. 'മാതൊരു ഭാഗന്‍' എന്ന പുസ്തകം എഴുത്തുകാരന്‍ തന്നെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ഇത്തരത്തിലുള്ള ഒന്നായിരുന്നുവല്ലോ.

പെരുമാള്‍ മുരുകന്‍ ഇപ്പോള്‍ എന്തെടുക്കുകയാണെന്ന് അറിയില്ല. മാതൊരു ഭാഗന്‍ എന്ന നോവലെഴുതി വിവാദമായപ്പോള്‍ സാധാരണഗതിയില്‍ എഴുത്തുകാര്‍ എടുക്കാന്‍ ധൈര്യപ്പെടാത്ത ഒരു തീരുമാനം മുരുകന്‍ പ്രഖ്യാപിക്കുകയുണ്ടായി. താന്‍ എഴുത്തു നിര്‍ത്തുന്നു എന്ന മുരുകന്റെ തീരുമാനം കേട്ട് സാഹിത്യലോകം ഞെട്ടി. ''എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ മരിച്ചിരിക്കുന്നു. അയാള്‍ ദൈവമല്ല. അതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുമാവില്ല. ഇനിയങ്ങോട്ട് പി. മുരുകന്‍ എന്ന അധ്യാപകന്‍ മാത്രമാണ് ജീവിച്ചിരിക്കുക'' എന്നായിരുന്നു എഴുത്തു നിര്‍ത്തിക്കൊണ്ടുള്ള മുരുകന്റെ പ്രഖ്യാപനം.

വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി പറഞ്ഞ വിധി ഏറെ ആഘോഷിക്കപ്പെട്ടു. ''കല എപ്പോഴും പ്രകോപനപരമായിരിക്കും. അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതോ മുഴുവന്‍ സമൂഹവും വായിക്കണമെന്ന് നിര്‍ബന്ധിക്കാവുന്നതോ അല്ല. അനുവാചകരാണ് തീരുമാനിക്കേണ്ടത്. ഒരു ചെറിയ വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നുവരികിലും അത് ശത്രുതാപരമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള ലൈസന്‍സാവുന്നില്ല. ഇത്തരക്കാരെ കൈകാര്യം ചെയ്യാനാവില്ലെന്ന് പറയാന്‍ സര്‍ക്കാരിനും കഴിയില്ല.'' ഇതായിരുന്നു കോടതി ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍.

കോടതി വിധിയില്‍ ആവേശഭരിതനായാവാം എഴുത്തുകാരനെന്ന നിലയ്ക്കുള്ള തന്റെ മരണം മുരുകന്‍ തന്നെ റദ്ദാക്കി! പെരുമാള്‍ മുരുകനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അതുവഴി താന്‍ ദൈവമാണെന്ന് തെളിയിക്കുകയും ചെയ്തു!! എഴുത്ത് നിര്‍ത്തുകയാണെന്ന മുരുകന്റെ പ്രഖ്യാപനം വിവാദം കൊഴുപ്പിച്ച് പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

തിരുച്ചെന്തൂര്‍ ക്ഷേത്ര വിശ്വാസികളാണ്  പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനോട് എതിര്‍പ്പുയര്‍ത്തിയത്. എന്നാല്‍ മുരുകന് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ അത് തമിഴ്നാടിന് അകത്തും പുറത്തും കൊണ്ടാടിയവര്‍ അതേ കോടതി തന്നെ മുസ്ലിങ്ങളുടെ മതപരമായ അസഹിഷ്ണുതയെ അപലപിച്ചുകൊണ്ട് വിധി പറഞ്ഞപ്പോള്‍ അത് തമസ്‌കരിച്ചു. ഏതെങ്കിലും ഒരു കോടതിവിധി ഹിന്ദുക്കള്‍ക്ക് എതിരാണെങ്കില്‍ അത് സ്വീകാര്യം, ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്! വിധി മുസ്ലിങ്ങള്‍ക്ക് എതിരാണെങ്കില്‍ ഭരണഘടനാവിരുദ്ധവും മതേതരവിരുദ്ധവും!! അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ല, ജനങ്ങള്‍ അറിയേണ്ടതില്ല. ആപല്‍ക്കരമായ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ചാല്‍ മാത്രമേ നീതിബോധമുള്ള ഒരു സമൂഹം രൂപപ്പെടുകയുള്ളൂ.

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.