×
login
ലഹരി: എവിടെ യുവജന സംഘടനകള്‍?

മയക്കുമരുന്ന് എന്ന വിപത്ത് ബാധിച്ചുകഴിഞ്ഞു. സമൂഹത്തിലെ കൊവിഡ് ബാധപോലെ, അത് ബാധിച്ചത് അറിഞ്ഞവരും അതറിയാതെ കൊണ്ടുനടക്കുന്നവരും പ്രതിരോധത്തിന് മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ധരിച്ച് നടക്കുന്നവരും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരും എല്ലാമുണ്ട്. പക്ഷേ, സര്‍വവ്യാപിയായിക്കഴിഞ്ഞു മയക്ക് ലഹരി. അതിപ്പോള്‍ ആളൊഴിഞ്ഞ കാട്ടു പ്രദേശത്ത്, അല്ലെങ്കില്‍ പഴയ കെട്ടിടത്തില്‍ അതല്ലെങ്കില്‍ അടച്ചുകെട്ടിയ രഹസ്യ സങ്കേതത്തില്‍ നിന്നൊക്കെയിറങ്ങി നഗരങ്ങളിലും നാട്ടിമ്പുറങ്ങളിലും ഓരോരോ വീടുകളിലും കയറിയിറങ്ങുകയാണ്.

സിനിമ ഏറ്റവും സ്വാധീനിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലൊന്നാണ്. 'സ്വാധീനി'ക്കുന്നതും 'ബാധി'ക്കുന്നതും തമ്മില്‍ ഭാഷാപരമായും ഭാവനാപരമായും വ്യത്യാസമുണ്ട്. അസ്ഥാനത്ത് അനുചിതമായ വാക്കുപയോഗിക്കുന്നതിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ പൊതുജന ശ്രദ്ധയിലും വന്നു തുടങ്ങി. മുമ്പ്, അത് ഭാഷാ പണ്ഡിതന്മാര്‍ മാത്രം ശ്രദ്ധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിരുന്ന വിഷയമാണ്. 'ഭയങ്കര' സൗന്ദര്യവും 'ഒരു രക്ഷയുമില്ലാത്ത' പ്രകടനവും 'നല്ല' തലവേദനയും മറ്റും പ്രയോഗിക്കുന്നവരെ സാധാരണക്കാരും വിമര്‍ശിക്കുന്നു. അത്തരത്തില്‍ അര്‍ത്ഥഭേദം ഏറെയുള്ള ഒന്നാണ് ബാധിക്കലും സ്വാധീനിക്കലും. 'സ്വാധീനം' നല്ല അര്‍ത്ഥത്തില്‍ ഉണ്ടാകുന്ന മാറ്റത്തിനുള്ള പ്രേരണയാണ്. ദുസ്വാധീനം മോശമായ പ്രേരണയും. 'ബാധിക്കല്‍' ദുസ്വാധീനം തന്നെയാണ്. അതുകൊണ്ടാണല്ലോ 'ബാധ കൂടുക' എന്ന പ്രയോഗം. അപ്പോള്‍, സിനിമ സമൂഹത്തെ 'ബാധിക്കയല്ല' സ്വാധീനിക്കുക തന്നെയാണ്. കാരണം സ്വാധീനവും ദുസ്വാധീനവും അതില്‍ നിന്നുണ്ടാകുന്നുണ്ട്.

സമൂഹത്തെ, കേരളത്തിലോ ഇന്ത്യയിലോ അല്ല, ലോകമാകെ ബാധിച്ച മൂന്ന് മഹാവിപത്തുകളുണ്ട്; ഭീകരത, മതവര്‍ഗീയത, മയക്കുമരുന്ന്. ഇതിലേതാണ് ഏറ്റവും വലിയ 'ബാധ'യെന്നേ തര്‍ക്കമുണ്ടാകൂ. അതേസമയം, ഇവ ഒറ്റ ഞെട്ടിലെ വിഷക്കായകളാണുതാനും. ഇത്രയൊക്കെ ആരും സമ്മതിക്കും. പക്ഷേ, ആരാണ് കുറ്റക്കാരെന്ന  ചര്‍ച്ച വന്നാല്‍ പലരും വിസമ്മതിക്കും; തമ്മില്‍ത്തമ്മില്‍ത്തര്‍ക്കിക്കും. ആ വിപത്തുകളുടെ വിനാശമില്ലായ്മയ്ക്ക് പ്രധാന കാരണം അതുതന്നെയാണുതാനും. ഈ മൂന്നിലും മതവര്‍ഗീയതയും ഭീകരതയും 'നഗ്‌ന നേത്രങ്ങള്‍ക്ക് കാണാനും ബധിരമല്ലാത്ത കാതുകള്‍ക്കുകേള്‍ക്കാനും'  കഴിയുന്നതാണ്, എന്നാല്‍ 'ലഹരി' അടുത്തെത്തി, കീഴടക്കിക്കഴിയുമ്പോഴേ അറിയുന്നുള്ളൂ. ഇരുചക്ര വാഹനങ്ങളിലെ 'സൈഡ് മിറര്‍' പോലെയാണ്. 'ഇതില്‍ കാണുന്നതിനേക്കാള്‍ വളരെ അടുത്താണ് കാണുന്ന വസ്തുക്കള്‍' എന്ന് എഴുതി വച്ചിരിക്കുന്ന മുന്നറിയിപ്പുപോലെ. സിനിമയിലേക്ക് വരാം.

ഏറ്റവും പുതിയ സിനിമകളില്‍ 'വിക്രം' എന്ന തമിഴ് ചിത്രം മയക്കുമരുന്നിനെതിരെ ഭരണകൂടം നടത്തുന്ന രഹസ്യ പോരാട്ടത്തിന്റെ കഥയാണ്. ഏറെ വിജയമായ ചിത്രം. കുറഞ്ഞ ദിവസംകൊണ്ട് 250 കോടി രൂപ ശേഖരിച്ചത്. അതിനര്‍ത്ഥം അത്രത്തോളം പേര്‍ സിനിമ കണ്ടുവെന്നാണല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് 'ലൂസിഫര്‍' എന്ന ചിത്രത്തിലും മയക്കുമരുന്ന് വിഷയമായി. 'നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, അത് ഞാന്‍ ചെയ്യില്ല, നീയും ചെയ്യില്ല' എന്ന സിനിമാ ഡയലോഗ് കേരളത്തില്‍ ഉള്‍പ്പെടെ ആയിടയ്ക്ക് 'ഹിറ്റാ'യി. അതും നൂറുകോടി ക്ലബ്ബിലെത്തി. മറ്റൊരു സിനിമ 'ദ്രോണ'യും ഈ വിഷയം കൈകാര്യം ചെയ്തു. അതും ജനം കണ്ടു. വിപത്തിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനൊന്നുമല്ല ഈ ചിത്രങ്ങളൊന്നും നിര്‍മിച്ചത്. വിഷയം അതായത്, മയക്കുമരുന്ന് ഇടപാട് അത്ര വ്യാപകവും ആനുകാലികവുമായതിനാല്‍ക്കൂടിയാണ്.

കേരളത്തില്‍ മാത്രം പിടികൂടിയ മയക്കുമരുന്നിടപാടുകളുടെ കണക്കെടുക്കുക. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുശേഷമുള്ള മൂന്നു മാസത്തെ സംഭവങ്ങള്‍. ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന് വന്ന ലഹരിവസ്തുക്കളാണ് കേരളത്തില്‍ പിടിച്ചത്. മുമ്പ് കേട്ടു പരിചയമില്ലാത്ത ഇനം ലഹരി വസ്തുക്കള്‍  മുതല്‍, അത്യന്തം അപകടകാരികളായ ലഹരിമരുന്നുകള്‍ അടക്കം, നാട്ടിന്‍പുറത്തെ കഞ്ചാവുവരെ! പിടിക്കപ്പെട്ടതിന്റെ അളവ്, അവയുടെ വിപണിയിലെ വില, ('വിപണി മൂല്യം' എന്ന പ്രയോഗം പോലും അധാര്‍മ്മികമാണ്) പിടിച്ച ഇടങ്ങള്‍, പിടിക്കപ്പെട്ട സാഹചര്യങ്ങള്‍, അതില്‍ ഉള്‍പ്പെട്ട ജനങ്ങള്‍, പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ നിലയും നിലവാരവും, ഉപയോഗിക്കുന്നവരെന്നു കരുതുന്നവരുടെ സാമൂഹ്യനില..., ഇങ്ങനെ ഓരോന്നും അമ്പരപ്പിക്കുന്നതാണ്. പിടിക്കപ്പെടുന്നതിന്റെ എത്രയിരട്ടി ഉപയോഗിക്കാന്‍ പാകത്തില്‍, എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവും, ഉപഗോയിക്കപ്പെട്ടിട്ടുണ്ടാവും എന്നു കൂടി ചിന്തിക്കുമ്പോഴാണ് അതിലെ ഗൗരവം വ്യക്തമാകുന്നത്. അതായത്, പതിവുദാഹരണം പറഞ്ഞാല്‍, സമുദ്രത്തിലെ മഞ്ഞുമലയുടെ ഒരംശമേ നാം കാണുന്നുള്ളൂ. ഈ സിനിമകള്‍ 'സമുദ്രസമാനമായ വിഷയ'ത്തില്‍ ചിലതൊക്കെയേ ചര്‍ച്ച ചെയ്യാറുള്ളൂ.

സിനിമാ രംഗത്തുള്ളവരില്‍ ചിലരും ആദ്യം പറഞ്ഞ മൂന്ന് വിപത്തുകള്‍ക്ക് 'അടിമ'കളോ 'പ്രായോഗിക'രോ 'ഉടമ'കളോ ആണെന്ന ആക്ഷേപങ്ങള്‍ ഏറെയാണ്. സിനിമാതാരങ്ങളില്‍ ചിലര്‍ ലഹരിമരുന്നു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സിനിമയ്ക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ചിലപ്പോള്‍ അമ്പരിപ്പിക്കുന്നത്, ലഹരി ഉപയോഗിക്കുന്ന കഥാപാത്രങ്ങളില്‍ ചിലരെ, ആ നടന്മാര്‍ ജീവിതത്തിലും അത്തരക്കാരാണെന്നത് കുപ്രസിദ്ധമായിരിക്കെ, സ്‌ക്രീനില്‍  കാണുമ്പോള്‍ തീയേറ്ററുകളില്‍ കിട്ടുന്ന കൈയടിയും പിന്തുണയുമാണ്. സ്‌ക്രീനില്‍ മൂലയ്ക്ക് അപ്പോഴും എഴുതിക്കാണിക്കുന്നുണ്ടാവും ''സ്മോക്കിങ് ഈസ് ഇന്‍ജൂറിയസ് ടു ഹെല്‍ത്ത്'' എന്ന്. സിനിമ തുടങ്ങും മുമ്പ്, പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ന്യൂസ് റീലും കാണിക്കുന്നുണ്ടാവും. പറഞ്ഞുവരുന്നത് ബോധവല്‍ക്കരണം 'സ്വാധീനിക്കുന്ന'തും 'ബാധിക്കുന്ന'തും സംബന്ധിച്ചാണ്.

മയക്കുമരുന്ന് എന്ന വിപത്ത് ബാധിച്ചുകഴിഞ്ഞു. സമൂഹത്തിലെ കൊവിഡ് ബാധപോലെ, അത് ബാധിച്ചത് അറിഞ്ഞവരും അതറിയാതെ കൊണ്ടുനടക്കുന്നവരും പ്രതിരോധത്തിന് മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ധരിച്ച് നടക്കുന്നവരും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരും എല്ലാമുണ്ട്. പക്ഷേ, സര്‍വവ്യാപിയായിക്കഴിഞ്ഞു മയക്ക് ലഹരി. അതിപ്പോള്‍ ആളൊഴിഞ്ഞ കാട്ടു പ്രദേശത്ത്, അല്ലെങ്കില്‍ പഴയ കെട്ടിടത്തില്‍ അതല്ലെങ്കില്‍ അടച്ചുകെട്ടിയ രഹസ്യ സങ്കേതത്തില്‍ നിന്നൊക്കെയിറങ്ങി നഗരങ്ങളിലും നാട്ടിമ്പുറങ്ങളിലും ഓരോരോ വീടുകളിലും കയറിയിറങ്ങുകയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ 'സോംബി'കള്‍ (zombies)  നിറയുകയാണ് നമ്മുടെ നാട്ടില്‍. സോംബികള്‍, ഒരുതരം വൈറസ് ബാധിച്ച് ചിന്താശേഷിയും വിവേചനവും നശിച്ച്, മറ്റൊരാളെയും ബാധിതരാക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന 'സഞ്ചരിക്കുന്ന പരേതര്‍' ആണെന്ന് പറഞ്ഞൊപ്പിക്കാം. സോംബികള്‍ ഉണ്ടോ ഇല്ലയോ എന്നതുപോലും തര്‍ക്കമാണ്. എഴുത്തിലും സിനിമയിലൂടെയുമാണ് സോംബികള്‍ ഏറെയും പരിചിതം. കൊറിയന്‍ ഭാഷയിലാണ് ഏറ്റവും കൂടുതല്‍ സോംബി സിനിമകള്‍ ഇറങ്ങുന്നത്. അതൊരു സങ്കല്പമാണ്. പക്ഷേ, പുരാതന സംസ്‌കാരങ്ങളിലൊന്നായ മെസപ്പൊട്ടാമിയയിലെ ഗില്‍ഗമേഷിന്റെ മഹാകാവ്യത്തില്‍ (എപ്പിക് ഇന്‍ ഗില്‍ഗമേഷ്) സോംബികളെക്കുറിച്ച് പരാമര്‍ശമുണ്ട്. നമ്മുടെ പുരാണത്തിലെ രക്തബീജനെക്കുറിച്ചുള്ള സങ്കല്പവും ഏറെക്കുറെ ഇതിന്റേതാണ്. വൈറസ് ബാധിച്ചവര്‍, ഒരിക്കലും നശിക്കാതെ, മറ്റുള്ളവരെ ഓരോരുത്തരെയായി 'ബാധിപ്പിക്കുന്ന' ലഹരി മരുന്നുബാധ 'സോംബിസ'മായി തെരുവിലിറങ്ങുന്ന  കാലമായിരിക്കുകയാണ്. (സോംബികളുടെ വിഷയം ചലച്ചിത്രമാക്കിയ വിവിധ ഭാഷകളിലെ സിനിമകള്‍ കണ്ടാല്‍ അറിയാം അതിന്റെ ഭീകരത; ഭയന്നുപോകും.)


മയക്കുമരുന്ന് ബാധ ഇത്രയൊക്കെ ആയിട്ടും സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലേ എന്ന് സംശയം തോന്നാം. പരിധികള്‍, പരിമിതികള്‍ ഏറെയുണ്ട്. രാജ്യാന്തര ഇടപാടുകളില്‍ ഈ വിഷയത്തില്‍ അതിതീവ്ര കരുതലുകളോടെയല്ല നടപടികളെങ്കില്‍ നയതന്ത്രപ്രശ്നങ്ങള്‍ ഉണ്ടാകാം. അത് പരിമിതിയാണ്. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള നിയമങ്ങള്‍ ഒക്കെ പരിധികളാണ്. ചില രാജ്യത്ത് മയക്കുമരുന്നിടപാടും വ്യാപാരവും നിസ്സാരകുറ്റവും, മോഷണം മഹാപരാധവുമാണ്. ഇത്തരം വേളകളില്‍ ഐക്യരാഷ്ട്രസഭയുടെയൊക്കെ പങ്കും അധികാരവും അതിന്റെ വിനിയോഗവുമൊക്കെ ഏറെ ദുര്‍ബലവുമാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ കാഴ്ചപ്പാടും ഘടനയും ലക്ഷ്യവും രീതിയുമൊക്കെ പുനര്‍നിര്‍വചിക്കേണ്ട കാലമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎന്‍ വേദിയില്‍ത്തന്നെ അഭിപ്രായപ്പെട്ടത്.

സര്‍ക്കാരുകള്‍ക്കപ്പുറം സമൂഹത്തിനാണ് ഇക്കാര്യത്തില്‍ ചെയ്യാനാവുന്നത്, ചെയ്യേണ്ടത്. കൊവിഡിനെതിരെ രാജ്യത്തിന്റെ ഓരോ മുക്കും മൂലയും അണുവിമുക്തമാക്കാന്‍ സര്‍ക്കാര്‍ സേനയും സാമൂഹ്യസേനയും ഇറങ്ങിയതുപോലെ, ലഹരിമരുന്നുകള്‍ക്കെതിരെ ഇറങ്ങാന്‍ തയാറാകുന്ന കാലമുണ്ടായാലേ ഫലമുള്ളൂ. നാടും, വീടും, നമ്മള്‍ ഓരോരുത്തരും, ലഹരി മരുന്നിനെതിരെ പോരാളികളാകണം. രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും പൗരത്വങ്ങള്‍ക്കും അതീതമായ പോരാട്ടം. നടക്കാത്ത സ്വപ്‌നമെന്ന് വിധിക്കാനാണെളുപ്പം. പക്ഷേ, നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ യുവജന സംഘടനകള്‍ ഒന്നിച്ചിരുന്ന് തീരുമാനിച്ചാല്‍ നടക്കുന്നതല്ലേയുള്ളൂ. ഒരു പ്രദേശത്തെ ഡിവൈഎഫ്ഐയും, യൂത്ത് കോണ്‍ഗ്രസ്സും, യുവമോര്‍ച്ചയും എഐവൈഎഫും, യൂത്ത് ലീഗും ഒന്നിച്ച് തീരുമാനിച്ചാല്‍ യുവാക്കളെ ലഹരിയില്‍നിന്ന് പിന്തിരിപ്പിക്കാനോ, അവരുടെ തെറ്റുകളുടെ 'വഴിതടയാനോ' ആയില്ലെങ്കില്‍ പിന്നെയെന്തിന് ഈ സംഘടനകള്‍? എസ്എഫ്ഐക്കും എബിവിപിക്കും കെഎസ്യുവിനും മറ്റും കാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ എന്തിന് ഈ വിദ്യാര്‍ത്ഥി സംഘടനകള്‍? എന്റെ റസിഡന്‍സ് അസോസിയേഷനില്‍ ലഹരിമരുന്നുകള്‍ വേണ്ട എന്ന് നമുക്ക് നിശ്ചയിക്കാനായില്ലെങ്കില്‍പ്പിന്നെ എന്തിന് കാക്കത്തൊള്ളായിരം 'ആര്‍എ' (റസിഡന്‍സ് അസോസിയേഷന്‍)കള്‍?  എന്റെ നാട് ലഹരിമരുന്ന് വിമുക്തമാകണമെന്ന് തീരുമാനിച്ചുറച്ച് ഒന്നിച്ചിറങ്ങാന്‍, കഴിയില്ലെങ്കില്‍ എന്തിന് ജനാധിപത്യ മഹിളാ അസോസിയേഷന്‍, മഹിളാ കോണ്‍ഗ്രസ്സ്, മഹിളാ മോര്‍ച്ചകള്‍?

വരുന്നുണ്ട്, ജൂണ്‍ 26. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം. മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണം, പ്രവര്‍ത്തിക്കണം. വീട്ടുവാതിലുകള്‍ക്ക് മുന്നില്‍ എത്തിനില്‍ക്കുകയാണ് ഈ 'സോംബികള്‍.' മുട്ടുകേട്ട് തുറക്കും മുമ്പ് തീരുമാനിക്കണം, അത് അവസാന 'സോംബി'യാണെന്ന്. കാരണം, എറണാകുളത്ത് ശിശുഭവനില്‍ മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയത്. അക്രമി സ്ത്രീയാണ്. ഉപയോഗിക്കുന്നത് കുട്ടികളാണ്. എത്തിച്ചുകൊടുക്കുന്നത് മുതിര്‍ന്ന പുരുഷനാണ്... പിന്നിലുള്ളത് ആബാലവൃദ്ധമാണ്. അവരില്‍ ഒരു കണ്ണി, അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഓരോരുത്തരുമാണ്. നിര്‍ണായകമായ ചരിത്രദൗത്യത്തിന്റെ അരികിലാണ് നമ്മള്‍. തീരുമാനിക്കുക, പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ 'സഞ്ചരിക്കുന്ന പരേതരാകുക.'

 

പിന്‍കുറിപ്പ്:

''മതം കറുപ്പാണ്'' എന്ന് കാള്‍മാര്‍ക്സ് പറഞ്ഞത് സ്ഥാനത്തും അസ്ഥാനത്തും വ്യാഖ്യാനിക്കുക പതിവാണ്. മതവും കറുപ്പും രാഷ്ട്രീയവും ചിലര്‍ 'കറുത്ത'താക്കുന്ന കാലമാണിന്ന്. മാര്‍ക്സ് പറഞ്ഞ കറുപ്പ്, 'ഓപ്പിയ'മാണ്; ലഹരി വസ്തു. ലഹരിയേക്കാള്‍ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്ന മതത്തിന്, മതനിന്ദയെന്ന ആരോപണ വ്യാഖ്യാനം ചമച്ച്, ലോകരാജ്യങ്ങള്‍ പ്രതിഷേധിച്ചിറങ്ങിയതും ആഭ്യന്തര പ്രതിഷേധങ്ങളും വിലയിരുത്തണം; അതിന്റെ വേഗം, ഐക്യം, രീതി, സ്വഭാവം ഇതൊന്നും മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇല്ലാത്തതെന്താവും? ചിന്തിച്ചിട്ടുണ്ടോ? അപ്പോള്‍ ചെന്നെത്തും രാഷ്ട്രീയത്തില്‍, 'കറുത്ത' രാഷ്ട്രീയത്തില്‍. മാര്‍ക്സ് 1818 ല്‍ ജനിച്ച് 1883 ല്‍ അന്തരിച്ചു. നൂറ്റിയമ്പത് വര്‍ഷത്തോളം മുമ്പ് പറഞ്ഞതിനപ്പുറം പറയാന്‍ കാലമായി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.