×
login
ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിച്ച ഒരാള്‍

ഭൗതികതയും ആത്മീയതയും ഒരിക്കലും സംഗമിക്കാത്ത സമാന്തര രേഖകളാണെന്ന ധാരണയെ തിരുത്തുന്നവയാണ് കേശവന്‍നായരുടെ കൃതികള്‍

പി. കേശവന്‍നായര്‍ കടന്നുപോയിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. കേരള സമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തും എന്നു കരുതാന്‍ വയ്യ. എന്നാല്‍, അദ്ദേഹം രചിച്ച ഒരുപിടി ഗ്രന്ഥങ്ങള്‍ നിത്യസ്മാരകങ്ങളായി നിലകൊള്ളുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. ഇത്രത്തോളം തീവ്രമായ ദിശാവ്യതിയാനം അടയാളപ്പെടുത്തിയ മറ്റൊരു ജീവിതം കേരളത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടോ എന്നു അദ്ദേഹത്തെ നിരീക്ഷിച്ചവര്‍ക്ക് തോന്നിയിട്ടുണ്ടാവും. നീണ്ടകാലം ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ നേതാവ്. അവിടെനിന്നും ഇറങ്ങിപ്പോന്നത് ഒരു യോഗിയുടെ മനസ്സോടെ. യുക്തിരഹിതമായ വിശ്വാസങ്ങളല്ല അദ്ദേഹത്തെ ആത്മീയതയുടെ നിലാവെളിച്ചത്തിലേക്ക് നയിച്ചത്. ശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നു കിട്ടിയ വെളിച്ചമാണ് കേശവന്‍നായരുടെ ഹൃദയവാതായനങ്ങള്‍ തുറന്നത്.

വളരെ യാദൃച്ഛികമായാണ് ഞാന്‍ പി. കേശവന്‍നായരുടെ 'ഭൗതികത്തിനുമപ്പുറം' എന്ന കൃതി വായിക്കുന്നത്. അതിനു മുന്‍പുതന്നെ ഫ്രിഡ്ജോഫ് കാപ്രയുടെ താവോ ഓഫ് ഫിസിക്സ്, ടേണിങ് പോയിന്റ് എന്നീ കൃതികള്‍ വായിച്ചിട്ടുണ്ടായിരുന്നു. ആത്മീയതയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന ആഴമുള്ള കൃതികള്‍ മലയാളത്തില്‍ ഉള്ളതായി എനിക്കറിവുണ്ടായിരുന്നില്ല. കാപ്ര വലിയ ഒരു ഭൗതികശാസ്ത്രജ്ഞന്‍കൂടി ആയിരുന്നു. എന്നാല്‍ കേശവന്‍നായര്‍ ശാസ്ത്രജ്ഞനായിരുന്നില്ല. എന്നിട്ടും ഭൗതികശാസ്ത്രത്തിന്റെ സങ്കീര്‍ണ സമസ്യകളെ അദ്ദേഹം വായിച്ചറിയുകയും യുക്തിയുക്തമായിത്തന്നെ അവയെ ഭാരതീയ ജ്ഞാനപാരമ്പര്യവുമായി ഇണക്കിച്ചേര്‍ക്കുകയും ചെയ്തു.

ഭൗതികതയും ആത്മീയതയും ഒരിക്കലും സംഗമിക്കാത്ത സമാന്തര രേഖകളാണെന്ന ധാരണയെ തിരുത്തുന്നവയാണ് കേശവന്‍നായരുടെ കൃതികള്‍. എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും ഉണ്ടായിരുന്ന കേവല ഭൗതികധാരണകളെ തിരുത്താന്‍ അദ്ദേഹത്തിന്റെ രചനകള്‍ പര്യാപ്തമായിട്ടുണ്ട്. ഈ ഗ്രന്ഥകാരന്റെ കൃതികള്‍ വായിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞാനെന്റെ വികലമായ ഭൗതികധാരണകള്‍ ഉപേക്ഷിക്കുമായിരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള സ്ഥൂലമായ കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മവും അഗോചരവുമായ ചിലതുണ്ടെന്ന് നമ്മെ ശാസ്ത്രീയമായിത്തന്നെ ബോധ്യപ്പെടുത്താന്‍ ഈ കൃതികള്‍ക്കു സാധിക്കുന്നു.

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം, ഭൗതികത്തിനപ്പുറം, പ്രപഞ്ചനൃത്തം, ബോധത്തിന്റെ ഭൗതികം, വിപരീതങ്ങള്‍ക്കുമപ്പുറം തുടങ്ങി അരഡസനിലധികം വരുന്ന രചനകള്‍ വായിച്ചിട്ടുള്ള ഒരാളും അവയുടെ കര്‍ത്താവ് ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളല്ല എന്ന് വിശ്വസിക്കാനിടയില്ല. അത്രയ്ക്ക് ആഴത്തിലാണ് ശാസ്ത്രവിഷയങ്ങള്‍ അദ്ദേഹം വായിച്ചറിഞ്ഞിരിക്കുന്നത്. ആധുനിക ഭൗതികം, ക്വാണ്ടം ഭൗതികം, നിര്‍മിത ബുദ്ധി, കയോസ് തിയറി, കണികാ ഭൗതികം തുടങ്ങിയ ഭൗതികശാസ്ത്രത്തിലെ എല്ലാ മേഖലകളും കൈവരിച്ച നേട്ടങ്ങളെ കേശവന്‍നായര്‍ സമഗ്രമായി മനസ്സിലാക്കിയിരുന്നു. അവയെ വേദാന്തചിന്തയുമായി കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആത്മീയ ഭൗതികം എന്ന ഒരു വിജ്ഞാനശാഖ വളര്‍ന്നുവരുന്നതിനെ അദ്ദേഹം എടുത്തുകാണിച്ചു.


ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ഈ മനീഷി ശുദ്ധ ശാസ്ത്രകൃതി എന്ന രീതിയിലാണ് 'പ്രപഞ്ചം' പോലുള്ള കൃതികള്‍ രചിക്കുന്നത്. അവിടെ ഭൗതികതയെ ഉപേക്ഷിക്കുന്ന ആത്മീയതയുടെ സൂചനകളൊന്നുമില്ല. എന്നാല്‍ 'ദ്രവ്യസങ്കല്പം ഭൗതികത്തിലും ദര്‍ശനത്തിലും' എന്ന കൃതിയിലെത്തുമ്പോള്‍ കേശവന്‍നായരുടെ മനസ്സ് സ്ഥൂലതലത്തില്‍നിന്നും സൂക്ഷ്മാന്വേഷണങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയെന്നു നമുക്കു തിരിച്ചറിയാം. ക്രമേണ ആ ശാസ്ത്രാന്വേഷി വേദങ്ങളിലേക്കും ഉപനിഷത്തുകളിലേക്കും എത്തിച്ചേരുന്നു. ഋഗ്വേദത്തിലെ നാസദീയസൂക്ത (ഉല്‍പത്തിസൂക്തം)ത്തിന്റെ പൊരുള്‍ ആധുനിക ഭൗതികത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നതിലാണ് ഏറ്റവും കൗതുകകരമായ വസ്തുത കാണാനാവുന്നത്. ആധുനിക ഭൗതികത്തിലും വേദത്തിലും വരച്ചുകാണിക്കുന്ന പ്രപഞ്ചോല്‍പ്പത്തിക്കുള്ള സമാനത എടുത്തുകാണിക്കാന്‍ കഴിയുന്നുവെന്നത് ഭാരതീയ വേദാന്തത്തിന്റെ ഔന്നത്യം ഉറപ്പിക്കാന്‍ പര്യാപ്തമായ ഒന്നാണ്. അതുവഴി അദ്ദേഹം ഭാരതീയ ചിന്തയ്ക്കു നല്കുന്ന സേവനം വലുതാണ്.

മനസ്സിന് മസ്തിഷ്‌കേതര ഊര്‍ജ്ജസ്രോതസ്സുണ്ടെന്നും അതിന് മസ്തിഷ്‌കമില്ലെങ്കിലും നിലനില്ക്കാന്‍ കഴിയുമെന്നുമുള്ള നിഗമനങ്ങള്‍ അന്വേഷണത്തിന്റെ പുതിയ വഴികള്‍ തുറന്നിടാന്‍ ഉതകുന്നവയാണ്. ഇതൊന്നും കേശവന്‍ നായരുടെ സ്വന്തം നിഗമനങ്ങളല്ലെങ്കിലും അവയെ പരിചയപ്പെടുത്തുക വഴി വിജ്ഞാനദാഹികള്‍ക്ക് ഒരു രാജപാതയാണു തുറന്നുകൊടുക്കുന്നത്.

കേശവന്‍നായരുടെ ഏറ്റവും മഹത്തായ സംഭാവനയായി കാണേണ്ടത് മാര്‍ക്‌സിസത്തിന്റെ അപ്രായോഗികതയെക്കുറിച്ചുള്ള പഠനങ്ങളാണ്. മാര്‍ക്‌സ് അദ്ദേഹത്തിനു മുന്‍പുള്ള സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയെല്ലാംതന്നെ ഉട്ടോപ്യന്‍ എന്നു വിളിച്ച് നിരാകരിക്കുകയായിരുന്നു. അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതിയെ ശാസ്ത്രീയ സോഷ്യലിസം എന്നു വിളിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ക്‌സിസം വെറും ഭാവനയിലൂന്നിയ തത്ത്വചിന്തയാണെന്നും മുന്‍കാല സോഷ്യലിസ്റ്റുകളെപ്പോലെ മാര്‍ക്‌സും ഒരു ഉട്ടോപ്യന്‍ തത്വചിന്തയാണ് അവതരിപ്പിച്ചതെന്നും കേശവന്‍നായര്‍ സമര്‍ത്ഥിച്ചു. അസൂയയാണ് മാര്‍ക്‌സിസ്റ്റ് ചിന്തയുടെ കാതല്‍ എന്ന കേശവന്‍നായരുടെ കണ്ടെത്തല്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. എന്നാല്‍ മലയാള ഭാഷയിലാണ് അദ്ദേഹം എഴുതിയത് എന്നുള്ളതുകൊണ്ട് വേണ്ടത്ര സാര്‍വ്വത്രികാംഗീകാരം ലഭിക്കാതെ പോയി.

കടുത്ത മത,വര്‍ഗീയ, കക്ഷി, രാഷ്ട്രീയ ഭ്രാന്തുകള്‍ ചിന്താപരമായ വികാസത്തിന്റെ എല്ലാ സാധ്യതകളും അടച്ചുകളഞ്ഞിരിക്കുന്ന ഈ സംസ്ഥാനത്ത് കേശവന്‍നായരെപ്പോലുള്ള ഒരാള്‍ക്ക് കാര്യമായ അംഗീകാരം ലഭിച്ചില്ല എന്നതില്‍ അത്ഭുതമില്ല. വരുംതലമുറയെങ്കിലും അദ്ദേഹം പരിചയപ്പെടുത്തിയ ശാസ്ത്രവസ്തുതകളെ കൂടുതല്‍ ഗഹനമായ പഠനങ്ങള്‍ക്കു വിധേയമാക്കുമെന്നു നമുക്കു പ്രത്യാശിക്കാം. മലയാളത്തില്‍ ഇനിയും വികസിച്ചിട്ടില്ലാത്ത വൈജ്ഞാനിക സാഹിത്യത്തിന്റെ മേഖലയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയ പി. കേശവന്‍നായരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മലയാളികള്‍ തയ്യാറാവട്ടെയെന്ന് പ്രതീക്ഷിക്കാം.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.