login
പരമേശ്വര്‍ജിയുടെ ഓര്‍മ്മയ്ക്ക് ഒരുവയസ്സ്

1927-ല്‍ ചേര്‍ത്തലയ്ക്കടുത്ത് മുഹമ്മയിലായിരുന്നു പരമേശ്വര്‍ജിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കില്‍ ഓണേഴ്‌സ് ബിരുദം നേടിയശേഷം തന്റെ പ്രവര്‍ത്തനമണ്ഡലം രാഷ്ട്രസേവനത്തിനായി മാറ്റിവച്ചു.

പ്രൊഫ. (ഡോ.) കെ. ജയപ്രസാദ്

(ഡീന്‍, സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് കേരള കേന്ദ്രസര്‍വ്വകലാശാല, കാസര്‍ഗോഡ്)

 

ഭാരതത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കി ജ്ഞാനതപസ്സിലൂടെ ഭാരതാംബയുടെ സേവനത്തിനായി സ്വജീവിതം സമര്‍പ്പിച്ച പരമേശ്വര്‍ജി നമ്മെവിട്ടുപിരിഞ്ഞുപോയിട്ട് ഇന്ന് ഒരു വര്‍ഷം  തികയുന്നു. കേരളത്തിന്റെ സാംസ്‌കാരിക-ബൗദ്ധിക മണ്ഡലത്തെ ദേശീയോന്മുഖമാക്കാന്‍ പരമേശ്വര്‍ജി നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനായി പൊതുമണ്ഡലത്തില്‍ കടന്നുവന്ന പരമേശ്വര്‍ജി ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാനസംഘടനാ സെക്രട്ടറിയായും, ദേശീയ ഉപാദ്ധ്യക്ഷനുമായി രാഷ്ട്രീയമണ്ഡലത്തില്‍ എറെനാള്‍ പ്രവര്‍ത്തിച്ചു, അടിയന്തിരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശസംരക്ഷണത്തിനായി സമരം നയിച്ച് പതിനെട്ടുമാസത്തെ ജയില്‍വാസത്തിനുശേഷം 1977 ല്‍ ജനസംഘമുള്‍ക്കൊള്ളുന്ന ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴാണ് സ്വയം രാഷ്ട്രീയരംഗത്തുനിന്ന് മാറുന്നത്. ഡല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍,ക്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ്, ഭാരതീയ വിചാരകേന്ദ്രം സ്ഥാപകഡയറക്ടര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തന നിരതനായി എഴുത്തുകാരന്‍, ചരിത്രകാരന്‍, ചിന്തകന്‍, കവി, പ്രഭാഷകന്‍, സംഘാടകന്‍ എന്നീനിലകളിലെല്ലാം മാതൃകാപരമായ നേതൃത്വം വഹിച്ച അദ്ദേഹത്തെ രാഷ്ട്രം 2004-ല്‍ പത്മശ്രീയും, 2017-ല്‍ പത്മവിഭൂഷനും നല്‍കി ആദരിച്ചു.

1927-ല്‍ ചേര്‍ത്തലയ്ക്കടുത്ത് മുഹമ്മയിലായിരുന്നു പരമേശ്വര്‍ജിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കില്‍ ഓണേഴ്‌സ് ബിരുദം നേടിയശേഷം തന്റെ പ്രവര്‍ത്തനമണ്ഡലം രാഷ്ട്രസേവനത്തിനായി മാറ്റിവച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രചാരകനായി അദ്ദേഹം മാറിയത് രാഷ്ട്രസേവനത്തിന് അതാണ് തന്റെ വഴി എന്ന് കണ്ടെത്തിയത് കൊണ്ടാണ്. ഋഷിതുല്യമായ ജീവിതം നയിച്ച്, സാംസ്‌കാരിക-ബൗദ്ധികമണ്ഡലത്തെ ദേശീയോന്മുഖമാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.  അതില്‍ അദ്ദേഹം വിജയംവരിച്ചു. രാഷ്ട്രീയത്തിനതീതമായി എല്ലാ മണ്ഡലത്തിലുംപെട്ടവര്‍പരമേശ്വര്‍ജിയെ വഴികാട്ടിയായി കണ്ടു. എക്കാലത്തും അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പരമേശ്വര്‍ജി ശ്രദ്ധിച്ചു. 77 ല്‍ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഏത് സ്ഥാനവും നേടാമെന്നിരിക്കെ അതൊന്നും ആഗ്രഹിക്കാതെ  തന്റെ ദൗത്യനിര്‍വ്വഹണത്തിനായി ഡല്‍ഹിയിലെ ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റെടുക്കുകയായിരുന്നു.

ദേശവിരുദ്ധശക്തികള്‍ ഏറ്റവും കൂടുതല്‍ കരുത്താര്‍ജ്ജിച്ച കേരളം 1977-ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനങ്ങളെ തഴഞ്ഞ് സ്വേച്ഛാധിപത്യശക്തികള്‍ക്ക് വേണ്ടി വിധി എഴുതിയത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ടത് വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. എല്ലാ ദേശവിരുദ്ധ ആശയങ്ങള്‍ക്കും വളക്കൂറുളള മണ്ണായി ശ്രീശങ്കരന്റെയും, ശ്രീനാരായണഗുരുവിന്റെയും നാട് മാറുന്നത് പരമേശ്വര്‍ജി തിരിച്ചറിഞ്ഞു. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ മനസ്സിനെ ദേശീയധാരയിലേയ്ക്ക് ആനയിക്കേണ്ട അനിവാര്യത ഉള്‍ക്കൊണ്ട് പരമേശ്വര്‍ജി. 1982-ല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്ക് മാറ്റി. 1982-ല്‍ എറണാകുളത്തു നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ അമരക്കാരനായി പി. മാധവ്ജിയോടൊപ്പം പരമേശ്വര്‍ജിയും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് 1982-ലെ വിജയദശമിദിനത്തില്‍ ഭാരതീയവിചാരകേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്. ഒരേസമയം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെയും, ഭാരതീയവിചാരകേന്ദ്രത്തിന്റെയും നേതൃത്വം ഏറ്റെടുത്ത പരമേശ്വര്‍ജി, ആ ചുമതല മരണംവരെയും തുടര്‍ന്നു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം വമ്പിച്ച സാമൂഹിക നവോത്ഥാനത്തിന് വേദിയായെങ്കിലും 1940-കളില്‍ അതിന്റെ ലക്ഷ്യം കാണാതെ രാഷ്ട്രീയ ഭ്രാന്താലയത്തിലേയ്ക്ക് വഴിമാറി. കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക വിഭാഗീയതയുടെ താവളമായി കേരളം മാറി. കേരളത്തിന്റെ പൊതുമനസ്സ് ദേശവിരുദ്ധ പാളയത്തില്‍ തളച്ചിടുന്ന അവസ്ഥയുണ്ടായി. പാകിസ്ഥാന്‍വാദത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനയുടെ ഭാഗത്ത് നിലയുറപ്പിച്ചു. എല്ലാ ദേശീയ ബിംബങ്ങളും, വര്‍ഗ്ഗീയതയുടെ പര്യായമാക്കിയ ദേശവിരുദ്ധശക്തികള്‍ കേരളത്തിന്റെ രാഷ്ട്രീയ-ബൗദ്ധിക മണ്ഡലത്തില്‍ ശക്തരായി. സ്വേച്ഛാധിപത്യത്തെയും, ജനാധിപത്യത്തെയും വേര്‍തിരിച്ചു കാണാന്‍ പോലും കേരളത്തിന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് ദേശീയ നിലപാടുകള്‍ക്ക് വേദി ഒരുക്കാന്‍ കേരളമനസ്സിനെ ചിട്ടപ്പെടുത്താന്‍ പരമേശ്വര്‍ജി തിരുമാനിക്കുന്നത്. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദോ, ശ്രീനാരായണഗുരു എന്നിവരുടെ ദര്‍ശനങ്ങള്‍ പരമേശ്വര്‍ജിയ്ക്ക് പ്രേരണയായിരുന്നു. ഡോ. ഹെഡ്‌ഗെവാറും, ഗുരുജി ഗോള്‍വാക്കറും പരമേശ്വര്‍ജിയുടെ കര്‍മ്മണ്ഡലത്തെ ഏറെ സ്വാധീനിച്ചവരായിരുന്നു. ഭഗവത്ഗീത പരമേശ്വര്‍ജിയ്ക്ക് വഴികാട്ടിയായി. ഭഗവത്ഗീതയെ ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ച് അലസമായ കേരളീയയുവത്വത്തെ കര്‍മ്മമണ്ഡലത്തിലേയ്ക്ക് ആനയിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത് ആ പശ്ചാത്തലത്തിലാണ്. മാത്രമല്ല, നവോത്ഥാനദര്‍ശനങ്ങള്‍ക്ക് പുനരാവിഷ്‌കാരം നല്‍കാന്‍ പരമേശ്വര്‍ജിയ്ക്ക് കഴിഞ്ഞു.

ബൗദ്ധികപരിവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തിന്റെയും രാഷ്ട്രത്തിന്റെയും പുനര്‍നിര്‍മ്മാണം സാദ്ധ്യമാകൂ എന്ന് പരമേശ്വര്‍ജി തിരിച്ചറിഞ്ഞു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുളള പഠന ഗവേഷണസ്ഥാപനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചത് അതുകൊണ്ടാണ്. പശ്ചാത്യ മുതലാളിത്ത ആശയങ്ങള്‍ക്കും, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും ബദലായി ഒരു ഭാരതീയ ബദല്‍ എന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചു.  ഈ ആശയം  മുന്നില്‍വയ്ക്കുമ്പോള്‍ സോവിയറ്റ് നാടും, ചൈനയും കേരള യുവത്വത്തിന്റെ സ്വപ്‌നഭൂമിയായിരുന്നു. എന്നാല്‍ 1989-ല്‍ ചൈനീസ് യുവത്വം കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പടയൊരുക്കി ബലദാനികളായി. 1991-ല്‍ കമ്മ്യൂണിസ്റ്റ് സോവിയറ്റ് നാട് 15 രാജ്യങ്ങളായി ശിഥിലമായി.  ഇവിടെയാണ് പരമേശ്വര്‍ജിയുടെ ദീര്‍ഘവീക്ഷണം എടുത്തുപറയേണ്ടത്. കമ്മ്യൂണിസം ഒരു ബദല്‍ എന്ന് ഇന്ന് ഒരു മലയാളിയും പറയില്ല. ആ പേരില്‍ ചില പാര്‍ട്ടികള്‍ ഉണ്ടാവാം.പക്ഷെ, ആശയം ചരമമടഞ്ഞു. 1990-കളില്‍ പ്രത്യയശാസ്ത്ര പതിസന്ധി നേരിട്ട കേരളയുവത്വത്തിന്റെ മുന്നില്‍ ഭഗവത് ഗീതാ മന്ത്രം പോംവഴിയായി നിര്‍ദ്ദേശിച്ച പരമേശ്വര്‍ജി, സംസ്‌കൃതം, യോഗ, ഗീത (സംയോഗി) എന്ന ത്രിമുഖ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പിന്നീടാണ് യോഗ അന്താരാഷ്ട്രസമൂഹം എറ്റെടുക്കുന്നത്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യ രാഷ്ട്രസംഘടനയില്‍ 2014-ല്‍ വച്ച നിര്‍ദ്ദേശം അംഗീകരിച്ച് 'ലോകയോഗാദിനം' ഇന്ന് 190-ല്‍  അധികം രാജ്യങ്ങള്‍ ആചരിക്കുകയാണ്. ഗീതാദര്‍ശനങ്ങള്‍ക്ക് കേരളത്തില്‍ ഏറെ സ്വീകര്യതയും കൈവന്നു. സ്വാമിവിവേകാനന്ദന്റെ ജന്മദിനത്തെ ദേശീയ യുവജനദിനമായി  ആദ്യം പ്രഖ്യാപിച്ചതും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതും പരമേശ്വര്‍ജിയായിരുന്നു.   പില്‍ക്കാലത്ത് 1987-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സ്വാമിജിയുടെ ജന്മദിനമായ ജനുവരി 12 ദേശീയുവജനദിനമായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്‌കൃത സര്‍വ്വകലാശാലാ രൂപീകരണത്തിനായി പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ പരമേശ്വര്‍ജി നിര്‍ണ്ണായക  പങ്കുവഹിച്ചു.

വൈചാരികരംഗത്തെ ഇടതുപക്ഷമേല്‍ക്കോയ്മയെ തകര്‍ത്ത് ഭാരതീയ വിചാരധാരയുടെ അടിസ്ഥാനത്തില്‍ ദേശീയവും അന്തര്‍ദേശീയവുമായ സമസ്യകള്‍ക്ക് പരിഹാരം കാണാന്‍ പരമേശ്വര്‍ജി വിചാരകേന്ദ്രത്തിലൂടെ പുതിയ ആശയങ്ങള്‍ മുന്നോട്ടുവെച്ചു. കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിന്റെ മുന്‍ഗണനകളെ നിര്‍ണ്ണയിക്കാന്‍  പരമേശ്വര്‍ജിയ്ക്ക് കഴിഞ്ഞു. ചിന്താമണ്ഡലത്തില്‍ ഒരു ജനാധിപത്യസംസ്‌കാരവും, ആശയസംവാദവും, പരസ്പരബഹുമാനവും വളര്‍ത്തുകയായിരുന്നു പരമേശ്വര്‍ജിയുടെ ലക്ഷ്യം. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പരമേശ്വര്‍ജിയുടെ സംഭാവന എടുത്തു പറയേണ്ടതാണ്. 'ശ്രീ നാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന ഗ്രന്ഥ്രം 1970ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ കൂടാതെ മറ്റുഭാരത ഭാഷകളിലും അത് മൊഴിമാറ്റി. ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍, മാര്‍ക്‌സുംവിവേകാനന്ദനും, മകരജേ്യാതിസ്, കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേയ്ക്ക്, അരുവിപ്പുറം മുതല്‍ അമൃതപുരിവരെ, മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും, വിവേകാനന്ദനും, പ്രബുദ്ധകേരളവും, ഉദ്ധരേദാത്മനാത്മാനം, ഗ്ലാസ്‌നോസ്റ്റു, പെരിസ്‌ട്രോയിക്കയും, മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേയ്ക്ക്, സ്വതന്ത്രഭാരതം ഗതിയും, നിയതിയും, ചൈനീസ് മോഡല്‍ സാംസ്‌കാരികവിപ്ലവത്തിന്റെ പടയൊരുക്കം, യജ്ഞപ്രസാദം (കവിതാസമാഹാരം) തുടങ്ങീ 20-ല്‍ പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മന്ഥന്‍ മാസികയുടെയും യുവഭാരത്, വിവേകാനന്ദപത്രിക,പ്രഗതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.  

കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തെ ദേശീയധാരയിലേയ്ക്ക് ആനയിക്കാന്‍ പരമേശ്വര്‍ജിയ്ക്ക് കഴിഞ്ഞു എന്നതില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പുരോഗമനത്തിന്റെ പേരില്‍ ഒരുകാലത്ത് കേരളത്തിന് അന്യമായിരുന്ന ഭാരതീയദര്‍ശനങ്ങളും, ഇതിഹാസപുരുഷന്മാരും പുനരാവിഷ്‌കരിക്കപ്പെട്ടു, ഇനിയും ഒരുപാട് മുന്നേറാന്‍ ഉണ്ടെങ്കിലും ഇന്ന് കേരളത്തിന്റെബൗദ്ധിക-സാംസ്‌കാരിക മണ്ഡലത്തില്‍ ദേശീയ നിലപാടുകളും, ചര്‍ച്ചചെയ്യപ്പെടുന്നു. ഒരു കാലഘട്ടത്തില്‍  ശാസ്ത്രസാഹിത്യപരിഷത്തും ഇടത് സംഘടനകളുമാണ്  കേരളത്തിന്റെ ചിന്താമണ്ഡലത്തിലെ അജണ്ട തീരുമാനിച്ചിരുന്നത്. ആ മേല്‍കോയ്മയെയാണ് ദേശീയ ചിന്താപദ്ധതിയിലൂടെ തകര്‍ന്നത്.  ഇടതുപക്ഷവും ഇടതുവൈചാരിക നേതൃത്വവും തിരസ്‌ക്കരിച്ച നവോത്ഥാന നായകന്മാരെ കേരളത്തില്‍ പുന: പ്രതിഷ്ഠിക്കാന്‍ പമേശ്വര്‍ജിക്ക് കഴിഞ്ഞു.  ശ്രീനാരായണഗുരു മുതല്‍ മഹാത്മാ അയ്യന്‍ങ്കാളി  വരെയുള്ള മഹത്തുക്കളെ അംഗീകരിക്കാന്‍ ഇന്ന് ഇടതുപക്ഷവും തയ്യാറാവേണ്ടി വന്നു. സാംസ്‌കാരിക രംഗത്തെ സമൂലപരിവര്‍ത്തനമായിരുന്നു പരമേശ്വര്‍ജി സൃഷ്ടിച്ചത്. വിയോജിപ്പുളളവരും ആ ജ്ഞാനസൂര്യനെ ആദരവോടെ കണ്ടു. പരമേശ്വര്‍ജി നമ്മെവിട്ടു പിരിഞ്ഞിട്ട് ഒരുവര്‍ഷമായി എങ്കിലും പരമേശ്വര്‍ജി മുന്നില്‍ വച്ച ആശയപ്രപഞ്ചം കൂടുതല്‍ സ്വീകാര്യത നേടിയിരിക്കുന്നു.  കൂടുതല്‍ ഉത്തരവാദിത്തത്തോടെ പരമേശര്‍ജി മുന്നോട്ടു വച്ച ബൗദ്ധിക പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍  ദൃഢപ്രതിജ്ഞ എടുക്കുകയാണ് പരമേശ്വര്‍ജിക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി.

 

 

  comment

  LATEST NEWS


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.