×
login
കൂട്ടിക്കലില്‍ കണ്ടതും കാണേണ്ടതും

സേവാഭാരതിക്കും ആര്‍എസ്എസിനും എല്ലാ ദുരന്തമുഖങ്ങളിലും ഓടിയെത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. സേവനം സംഘത്തിന് സഹജഭാവമാണ്. ചിട്ടയായ കായികപരിശീലനം അതിനുള്ള കര്‍മശേഷി നല്‍കും. കായിക പരിശീലനമോ കായിക വിനോദങ്ങളോ ശീലമാക്കുന്നതുകൊണ്ടാണ് സേവാസന്നദ്ധരായ കര്‍മസേനകളെ അയക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നത്.

പി.എന്‍. ഈശ്വരന്‍

 

ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കുത്തിയൊലിച്ചുപോയ കൂട്ടിക്കലിന്റെ ശേഷിക്കുന്ന ജീവിതത്തുടിപ്പുകള്‍ അടുത്തറിയുകയായിരുന്നു ആ പകല്‍. കൂട്ടിക്കല്‍ ഒരു പഞ്ചായത്ത് കേന്ദ്രമാണ്. ഇലങ്കാട് ടോപ്പില്‍നിന്നും ആരംഭിക്കുന്ന മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിന്റെ കരയിലുള്ള നാട്. പഞ്ചായത്ത് ഓഫീസ്, കെഎസ്ഇബി ഓഫീസ്, സ്റ്റേറ്റ് ബാങ്ക്, റോഡിന്റെ ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍....  എല്ലാം ചെളിക്കൂമ്പാരമായിരിക്കുന്നു. സമീപ പ്രദേശങ്ങളായ ഏന്തയാര്‍, കൊക്കയാര്‍, മുണ്ടക്കയം, എളങ്കാട് ടോപ്പ് എന്നിവിടങ്ങളിലും മലവെള്ളം നാശം വിതച്ചു.

ഒക്‌ടോബര്‍ 15, 16... രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴ ആ മലഞ്ചെരിവിനെ അങ്ങേയറ്റം ദുര്‍ബലമാക്കിയിരുന്നു. 16ന്  പല ഭാഗങ്ങളിലായി തുടരെത്തുടരെ മണ്ണിടിച്ചിലുണ്ടായി. കല്ലും മണ്ണും കടപുഴകിയ വൃക്ഷങ്ങളും മലവെള്ളത്തിലിരച്ചെത്തി. പത്ത് മണിയോടെ  തുടങ്ങിയ മലവെള്ളപ്പാച്ചില്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഒരേ ശക്തിയില്‍ തുടര്‍ന്നു. പൊടുന്നനെയുള്ള നടുക്കത്തില്‍ ജീവനും കയ്യിലെടുത്ത് ഓടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കലിതുള്ളിയെത്തുന്ന മലവെള്ളം കണ്ടുനില്‍ക്കാനേ ജനങ്ങള്‍ക്ക് സാധിച്ചുള്ളൂ. രാത്രിയിലായിരുന്നു ഈ മലവെള്ളപ്പാച്ചിലെങ്കില്‍ ജീവഹാനി എത്രയോ ഭയാനകമായിരുന്നു.  

കലിയടങ്ങിയ മലവഴികളിലേക്ക് അടുത്ത പകല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞുള്ളൂ. ഇലക്ട്രിക് പോസ്റ്റുകളൊക്കെ കടപുഴകിയിരുന്നു. വഴികള്‍ തകര്‍ന്നടിഞ്ഞിരുന്നു. പുഴയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ പൊക്കം കുറഞ്ഞവയും അടുത്തടുത്ത് തൂണുകള്‍ ഉള്ളവയുമായതുകൊണ്ട് വലിയ മരങ്ങള്‍ വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളെ യോജിപ്പിക്കുന്ന ഏന്തയാര്‍ മുക്കുളം പാലം പകുതിയും ഒലിച്ചുപോയിരുന്നു. കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, വെള്ളാവൂര്‍, കുറുവന്‍കുഴി, ചേനപ്പാടി, മല്ലപ്പള്ളി എന്നിവിടങ്ങളിലെല്ലാം വലിയ നാശമുണ്ടായി.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 സേവാഭാരതി പ്രവര്‍ത്തകര്‍ സേവനത്തിനായി അന്ന് അവിടെ എത്തിയിരുന്നു. കൂട്ടിക്കലില്‍ തന്നെയുള്ള കോന്നിയമഠം സാലി തോമസിന്റെ വീട് കേന്ദ്രീകരിച്ചാണ് സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സേവനത്തിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും സംഭരിക്കാനും  പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുവന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭക്ഷണം കഴിക്കാനും വിതരണം ചെയ്യാനുമെല്ലാം അവരുടെ മുറ്റമാണ് ഉപയോഗിച്ചത്.

സേവാഭാരതി പ്രവര്‍ത്തകരെ ആറ് സ്ഥലങ്ങളിലായാണ് നിയോഗിച്ചിരുന്നത്. വീടുകളിലെല്ലാം ഒരു മീറ്റര്‍ വരെ ഉയരത്തില്‍ ചെളി കയറി. പല വീടുകളും നിശ്ശേഷം തകര്‍ന്നു. 14 ക്യാമ്പുകളിലായി 1600 പേര്‍   അഭയം തേടി. സ്വന്തം നിലയ്ക്ക് മാറിത്താമസിക്കുന്നവര്‍ വേറെയും ഉണ്ടാവും. കൂട്ടിക്കലില്‍ മാത്രം 800 വീടുകളെങ്കിലും ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതായിട്ടുണ്ട്. പത്തുപേരടങ്ങുന്ന ബാച്ച് ഒരു ദിവസം മുഴുവന്‍ പണിയെടുത്തിട്ടും ഒരു വീട് മാത്രമാണ് വൃത്തിയാക്കാന്‍ കഴിയുന്നത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നതുകൊണ്ട് ഉപകരണങ്ങളൊന്നും ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ധാരാളം എസ്ഡിപിഐ പ്രവര്‍ത്തകരും ഏതാനും ഡിവൈഎഫ്‌ഐക്കാരും എഐവൈഎഫുകാരും സേവനത്തിനായി വന്നിരുന്നു.  

ഉരുള്‍പൊട്ടലുണ്ടായി മൂന്നുപേരുടെ ജീവന്‍ അപഹരിച്ച പ്ലാപ്പള്ളിയിലും പോയി. അപകട സ്ഥലത്ത് ഇവിടെ ഒരു വീടും ചായക്കടയും ഉണ്ടായിരുന്നു എന്ന് മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ. മൂന്നുപേരുടെ ജീവനടക്കം എല്ലാം താഴെ ചെന്നടിഞ്ഞിരിക്കുന്നു. 70-80 ഡിഗ്രി ചരിവുള്ള പ്രദേശമാണത്. വീട് വയ്ക്കാനൊ താമസത്തിനൊ ഒട്ടും പറ്റിയ ഇടമല്ല. കൂട്ടിക്കലില്‍ ദുരന്തം സംഭവിച്ച മിക്കവാറും വീടുകളും പുഴയിലേക്ക് ഇറക്കി പണിതിരിക്കുന്നവയാണ്. ഈ പ്രദേശത്ത് വീടുകള്‍ വയ്ക്കാന്‍ പഞ്ചായത്തിന്റെ പരിശോധനയും അനുവാദവും ആവശ്യമാണെങ്കില്‍ അത് നല്‍കാനാവാത്ത മേഖലകളിലാണ് അധികം വീടുകളും.  

മാധവ് ഗാഡ്ഗില്‍  നല്‍കുന്ന മുന്നറിയിപ്പ്

ജെസിബി വന്ന് മണ്ണുനീക്കിയാണ് കൂട്ടിക്കലില്‍ പല റോഡുകളും സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. ദൂരെ മലനിരകളില്‍ ഉരുള്‍പൊട്ടലിന്റെ വലിയ ചുവന്ന ചാലുകള്‍ കാണാനുണ്ട്. ഈ പ്രദേശത്ത് മാത്രം അറുപതിലധികം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ നീക്കിയിട്ടിരിക്കുന്ന മണ്ണും കുഴഞ്ഞ് കിടക്കുന്നു. നല്ല മഴയുണ്ടായാല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായേക്കും.

ഈ സാഹചര്യത്തിലാണ് മാധവ് ഗാഡ്ഗില്‍ നല്‍കിയ മുന്നറിയിപ്പുകളുടെ പ്രസക്തി. ഈ പ്രദേശങ്ങളെല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളായി മാര്‍ക്ക് ചെയ്തവയാണ്. ഇത്തരം ദുരന്തങ്ങള്‍ ഏതു സമയത്തും സംഭവിക്കാവുന്നതാണ്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ജനങ്ങളെ ബോധവത്കരിച്ച് വിശ്വാസത്തിലെടുത്ത് ഉചിതനടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകരുത്.

 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ദുരിതം

സേവാഭാരതി പ്രവര്‍ത്തകര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു വീട് സന്ദര്‍ശിച്ചു. സംഭാഷണ മധ്യേ ഗൃഹനാഥന്‍ പറഞ്ഞു. ''ഇവിടെ ദുരിതം ബാധിച്ചതെല്ലാം പാവപ്പെട്ടവര്‍ക്കാണ്. പണക്കാരെല്ലാം സുരക്ഷിതസ്ഥലങ്ങളില്‍ വീട് വച്ച് സുഖമായി താമസിക്കുന്നു. പു

ഴയോരത്തും അപകടകരമായ കുന്നിന്‍ചെരിവുകളിലും വീട് വച്ചിരിക്കുന്നവരെല്ലാം പാവപ്പെട്ടവരാണ്. ഭൂമിയെല്ലാം കോര്‍പ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണ്. പത്തും ഇരുപതും അമ്പതും അഞ്ഞൂറും വരെ ഏക്കര്‍ ഭൂമിയുള്ളവര്‍ ഉണ്ട്. വലിയ എസ്റ്റേറ്റുകള്‍ നിര്‍മിച്ച് വേലികെട്ടി സുരക്ഷിതമായി താമസിക്കുന്നു. പാവങ്ങള്‍ക്ക് താമസിക്കാന്‍ പുഴയോരവും പുറമ്പോക്കും കുന്നിന്‍ചെരിവും മാത്രം''.  

ഇവരാണ് യഥാര്‍ത്ഥത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ സുരക്ഷിതമായ ഇടം നല്‍കണം. ഒന്നാം ഭൂനിയമം വന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എസ്റ്റേറ്റ് ഭൂമിക്ക് പരിധി നിശ്ചയിച്ച് അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്കും വനവാസികള്‍ക്കും വിതരണം ചെയ്യണം.  

 

കായിക പരിശീലനം  വിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമാക്കണം

എല്ലാ ദുരന്തഭൂമിയിലും കാണുന്നതുപോലെ കൂട്ടിക്കലിലും സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും കുറച്ച് ഇലക്ട്രിസിറ്റി ജോലിക്കാരും മാത്രമാണ് രംഗത്തുള്ളത്. വീടുകളില്‍ നിന്നും നീക്കുന്ന മണ്ണെടുത്ത് റോഡില്‍ ഇടുകയാണ്. അപ്പപ്പോള്‍ അത് നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചാല്‍ നല്ലതാണ്. പോലീസിന്റെ സാന്നിധ്യവും ഇവിടെ വളരെ കുറവായിരുന്നു.

സേവാഭാരതിക്കും ആര്‍എസ്എസിനും എല്ലാ ദുരന്തമുഖങ്ങളിലും ഓടിയെത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. സേവനം സംഘത്തിന് സഹജഭാവമാണ്. ചിട്ടയായ കായികപരിശീലനം അതിനുള്ള കര്‍മശേഷി നല്‍കും. കായിക പരിശീലനമോ കായിക വിനോദങ്ങളോ ശീലമാക്കുന്നതുകൊണ്ടാണ് സേവാസന്നദ്ധരായ കര്‍മസേനകളെ അയക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോട് ഒരു ദുരന്തം ഉണ്ടായ പ്രദേശത്ത് ഉടനെ എത്തണം എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ സന്നദ്ധരാകും. ആരും ആവശ്യപ്പെടാതെതന്നെ ദുരിതമുഖങ്ങളില്‍ സേവാസജ്ജരാകുന്നതിന് അത് സ്വഭാവമായി വളരണം. അതുകൊണ്ട് സേവാമനോഭാവവും കായികക്ഷമതയും കായികപരിശീലനവും സന്നദ്ധ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. നമ്മുടെ പാഠ്യപദ്ധതിയില്‍ അത്തരം കാര്യങ്ങള്‍ക്കും മുന്‍തൂക്കമുണ്ടാകണം.

 

 

 

 

 

  comment
  • Tags:

  LATEST NEWS


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.