×
login
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സുഗമലക്ഷ്യപ്രാപ്തിയ്ക്ക് വേണ്ടി വഴി വെട്ടുന്നവരെ കരുതിയിരിക്കുക

'മുസ്ലിം മുഖ്യമന്ത്രി' എന്നത് കൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാം ഉദ്ദേശിക്കുന്നത്. ദാറുല്‍ ഇസ്ലാമിന് വേണ്ടി അധികാരവും ബുദ്ധിയും ഉപയോഗിക്കുവാന്‍ സന്നദ്ധതയുള്ള ഒരാള്‍ മുഖ്യമന്ത്രി ആകുക

2021, കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു വര്‍ഷമാണ്. 1921ല്‍ 'സ്വതന്ത്ര മാപ്പിളസ്ഥാന്‍' സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ ജിഹാദിഭീകരതയുടെ സകലക്രൂരതയും പുറത്തെടുത്തുകൊണ്ടു നടപ്പിലാക്കിയ ആക്രമണത്തിന് അതിന്റെ പ്രഖ്യാപിതലക്ഷ്യം അതേ അര്‍ത്ഥത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലാ എങ്കിലും അത് പൊളിറ്റിക്കല്‍ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വന്‍വിജയം തന്നെയാണ്. അതിന്റെ നൂറാം വര്‍ഷമായ 2021ല്‍ അവര്‍ പ്രകടമായി ലക്ഷ്യമിടുന്നത് എന്താണെന്ന് ഏകദേശധാരണയോടെ കേരളസമൂഹത്തിനോട് - മറ്റൊരു ഉദ്ദേശത്തില്‍ ആണെങ്കിലും - വിളിച്ചു പറഞ്ഞത്  പിണറായി വിജയന്‍ ആണ്. കേരളത്തില്‍ മുസ്ലിം മുഖ്യമന്ത്രി അഥവാ 'മുഖ്യമന്ത്രിതുല്യന്‍' ഉണ്ടാവുക എന്നതാണ് ഏറ്റവും തെളിഞ്ഞു കാണുന്ന പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ ലക്ഷ്യം എന്നത് ഇന്ന് ഏവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. മുസ്ലിം സമൂഹത്തില്‍ ജനിച്ച ഒരു വ്യക്തി മുഖ്യമന്ത്രി ആകുക എന്നല്ല 'മുസ്ലിം മുഖ്യമന്ത്രി' എന്നത് കൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാം ഉദ്ദേശിക്കുന്നത്. ദാറുല്‍ ഇസ്ലാമിന് വേണ്ടി അധികാരവും ബുദ്ധിയും ഉപയോഗിക്കുവാന്‍ സന്നദ്ധതയുള്ള ഒരാള്‍ മുഖ്യമന്ത്രി ആകുക എന്നതാണത്.

'മുസ്ലിംമുഖ്യമന്ത്രി' എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ലക്ഷ്യം താരതമ്യേന വെളിവാക്കപ്പെട്ടതും ചെറുതുമാണ്. എന്നാല്‍ ഇതിനേക്കാള്‍ ഗൗരവതരം ആണ് പരസ്യമാക്കപ്പെടാത്ത അധികാരപരമായ ലക്ഷ്യങ്ങളും അതുവഴിയുള്ള മത അജണ്ടകളും.

പൊളിറ്റിക്കല്‍ ഇസ്ലാം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന പൊതുധാരണയില്‍ നിന്നും ഇടതുചിന്തകരുടെ ആഖ്യാനങ്ങളില്‍ നിന്നും മാറി നടന്നു ചിന്തിച്ചാല്‍ മാത്രമേ സമകാലികസംഭവങ്ങളുടെ ഗൗരവം പിടികിട്ടുകയുള്ളൂ. കാലങ്ങളായി ഉയര്‍ത്തുന്ന ചില സാങ്കേതികസമസ്യകളില്‍ ചര്‍ച്ചകളെ തളച്ചിടുകയാണ്

പൊളിറ്റിക്കല്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നവരും വിശദീകരിക്കുന്നവരും പതിവായി ചെയ്തുപോരുന്നത്. 'പൊളിറ്റിക്കല്‍ ഇസ്‌ളാമിനോട് സമരസപ്പെടണം' എന്ന് ആഹ്വാനം ചെയ്യുന്ന ഇടതുപക്ഷ ബുദ്ധിജീവികളും പൊളിറ്റിക്കല്‍ ഇസ്ലാം വേരുറപ്പിച്ചിരിക്കുന്ന അടിസ്ഥാനആശയഭൂമിക 'ദാറുല്‍ ഇസ്ലാം' ആണെന്ന കാര്യം സൗകര്യപൂര്‍വം മറച്ചു പിടിക്കുകയാണ്. ചിലര്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മറുപേരായി മാത്രം പൊളിറ്റിക്കല്‍ ഇസ്ലാമിനെ പരിമിതപ്പെടുത്തുന്നു. മറ്റു ചിലര്‍ ഇതര 'ഇസ്ലാമിക് പ്യൂരിറ്റന്‍ (?)' ആശയധാരകളെക്കൂടി കൂടെ ചേര്‍ത്തു പഠിക്കുന്നു. സാധാരണക്കാര്‍ മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളേയും ഇവരുടെയൊക്കെ 'രാഷ്ട്രീയ ഇടപെടലു'കളേയും ആണ് പൊളിറ്റിക്കല്‍ ഇസ്‌ളാം ആയി വായിച്ചെടുക്കുന്നത്. കക്ഷി രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ എല്ലാം നടത്തുന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ താത്പര്യത്തിനു വിധേയമായിട്ടാണെങ്കിലും 'ഇസ്ലാമിക സംഘടന'കളുടെ കക്ഷിരാഷ്ട്രീയത്തിലെ ഇടപെടല്‍ ആണ് 'പൊളിറ്റിക്കല്‍ ഇസ്ലാം' എന്ന 'കാഴ്ച' അബദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ.

ദാറുല്‍ ഇസ്ലാം - അജണ്ടയില്‍ ഊന്നിയ വിവിധ 'പ്രായോഗിക ശൈലികളുടെ' സങ്കലിതസ്വരൂപമായി തന്നെ പൊളിറ്റിക്കല്‍ ഇസ്ലാമിനെ വിലയിരുത്തണം. ഇതിന്റെ പ്രകടിതരൂപം മത മൗലീകവാദസംഘടനകള്‍ മാത്രമല്ല. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രഖ്യാപിതസ്വഭാവങ്ങളോട് കൂടിയ സംഘടനകളും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന വ്യവഹാരത്തില്‍ ഉള്‍ച്ചേരേണ്ടവയാണ്. ഇവര്‍ക്ക് ഇടയില്‍ കോ - ഓര്‍ഡിനേഷന്‍ ഇല്ല എന്ന വാദം വസ്തുതാ വിരുദ്ധവും വഴി തെറ്റിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ഇന്ന് പൊളിറ്റിക്കല്‍ ഇസ്ലാം സ്വാധീനം ചെലുത്താത്ത രാഷ്ട്രീയസംഘടനകളോ അധികാരകേന്ദ്രങ്ങളോ ഇല്ല എന്നു തീര്‍ത്തും പറയാവുന്നതാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയഅജണ്ടകള്‍ തീരുമാനിക്കുന്നത് പൊളിറ്റിക്കല്‍ ഇസ്ലാം നേരിട്ടോ അതിനെ പ്രീണിപ്പിക്കുവാന്‍ ഉദ്ദേശിച്ചോ അതിന്റെ 'സാമ്പത്തികമടക്കമുള്ള' കെണികളില്‍ വീണ നേതാക്കളുടെ പിടിവാശിയിലോ ആണ് എന്നതാണ് വാസ്തവം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജമാഅത്തെ ഇസ്ലാമി ബാന്ധവം, 'മുസ്ലിംലീഗ് തയ്യാറാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്‍കിയ നിര്‍ദേശങ്ങള്‍' ആണ് KPCC യില്‍ നടക്കുന്ന നേതൃത്വമാറ്റങ്ങളുടെ അടിസ്ഥാനം എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നിദര്‍ശനമെന്നോണം ശ്രദ്ധിക്കാവുന്നതാണ്.

കോണ്‍ഗ്രസ്സില്‍ ഇക്കാര്യം പ്രകടമായി നടപ്പാക്കപ്പെടുമ്പോള്‍ ഇതരകക്ഷികളിലും അധികാരകേന്ദ്രങ്ങളിലും 'പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മാസ്റ്റര്‍ ബ്രയിനുകള്‍' ആയവരാല്‍ വിലക്കെടുക്കപ്പെട്ട ചില 'വഴിവെട്ടികള്‍' ഇതിനു ചുക്കാന്‍ പിടിക്കുന്നു. സ്വന്തം ആശയധാരകളേയും പ്രസ്ഥാനങ്ങളേയും മൂല്യങ്ങളെയും അണികളേയും കബളിപ്പിച്ചും ചതിച്ചും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ 'വഴി വെട്ടികള്‍' ആയി വേഷം കെട്ടാന്‍ ഇത്തരക്കാര്‍ക്ക് ലജ്ജയേതുമില്ല തന്നെ.

ഇത്തരം നീക്കങ്ങള്‍ വിമര്‍ശനവിധേയമാകുമ്പോള്‍ തന്റെ പ്രവര്‍ത്തികള്‍ എല്ലാം 'രാഷ്ട്രീയ അടവുനയ'മായി വ്യാഖ്യാനിക്കാനുള്ള മെയ്വഴക്കം ആണ് ഇവരുടെ 'കരുത്ത്'.

ഇവരുടെ വ്യക്തിപരമായ 'ആസ്തിക്കണക്കുകള്‍' ഇവരുടെ വാദഗതിയുടെ പൊള്ളത്തരം വെളിവാക്കുന്നു എന്നതാണ് മറ്റൊരു നഗ്നമായ സത്യം.

നില്‍ക്കക്കള്ളിയില്ലാതായാല്‍ തന്റെ പ്രസ്ഥാനങ്ങള്‍ക്കോ അതിന്റെ നേതൃത്വത്തിനോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ 'സഹായപ്രവാഹ'മായി സാഹചര്യങ്ങളെ സമരസപ്പെടുത്തുന്ന കൗശലവും വഴിവെട്ടികള്‍ പ്രകടിപ്പിക്കും.

മിക്കവാറും എല്ലാ സംഘടനകളും പെട്ടുപോകുന്ന 'ലോബിയിങ്' ആണിത്.

നേരത്തേ സൂചിപ്പിച്ച പോലെ പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ കടന്നുവരവ്, പൊളിറ്റിക്‌സിലൂടെ മാത്രമല്ല. ഇന്ന് അത് കൈവെക്കാത്ത മേഖലകള്‍ ഇല്ല തന്നെ. ഇസ്‌ളാംഇതര മതസംവിധാനങ്ങളുടേയും അതില്‍പ്പെട്ട വ്യക്തികളുടേയും മേലുള്ള 'കയ്യേറ്റം' എന്നതോടൊപ്പം പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ പ്രധാനമുഖമുദ്ര അതിന്റെ രാഷ്ട്രവിരുദ്ധത തന്നെ ആണ്.

അതുകൊണ്ട് തന്നെ ബോധപൂര്‍വമായ രാഷ്ട്രവിരുദ്ധപ്രവര്‍ത്തനവും നിയമലംഘനവും ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് രാഷ്ട്രവിരുദ്ധ ആശയ പ്രചാരണം തൊട്ട് വിഘടനവാദം, സ്വര്‍ണക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി നാടിനോട് നേരിട്ടു യുദ്ധം പ്രഖ്യാപിക്കുന്ന തലം വരെയും ചെന്നെത്തുന്നതാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടാ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തികസമാഹരണം സ്വര്‍ണക്കടത്ത് പോലുള്ള രാജ്യദ്രോഹപ്രവൃത്തികളിലൂടെ ആണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെട്ടാല്‍ പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ പതാകാവാഹകരും മേല്‍ പരാമര്‍ശിക്കപ്പെട്ട വഴിവെട്ടികളും എല്ലാം ചേര്‍ന്ന് 'മാനുഷീകനിയമ'ത്തിനു വിട്ടു കൊടുക്കാതെ 'രക്ഷ'പ്പെടുത്തിയെടുക്കുകയും ചെയ്യും. നൂറുകണക്കിന് സംഭവങ്ങളിലൂടെ ഇക്കാര്യം വിലയിരുത്തുവാന്‍ കഴിയും.

ഇത്തരം രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന പ്രസ്ഥാനങ്ങളേയും വ്യക്തികളേയും നിര്‍വീര്യരും നിശ്ശബ്ദരുമാക്കുവാന്‍ 'ആഭ്യന്തരമായ വഴിവെട്ടി'കളെ സമര്‍ഥമായി ഉപയോഗിക്കുവാന്‍ കഴിയുന്നു എന്നത് സമകാലിക കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ 'അജയ്യത' ഉറപ്പു വരുത്തുന്നു. ചുരുക്കത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ കടന്നുവരവ് അനായാസവും പ്രതിരോധരഹിതവും ആക്കിത്തീര്‍ക്കുന്നതില്‍ വലിയൊരു പങ്ക് സാമ്പത്തികമടക്കമുള്ള നേട്ടങ്ങള്‍ക്കുവേണ്ടി 'ആരോടും വിവേചനമില്ലാതെ' കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന രാഷ്ട്രീയ - അധികാര കേന്ദ്രങ്ങള്‍ക്ക് ഉണ്ട് എന്നതാണ് വാസ്തവം.

1921 ന്റെ നൂറാം വാര്‍ഷികത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം അതിന്റെ 'രാഷ്ട്ര'സംബന്ധിയായ അജണ്ടയിലേക്ക് നടന്നടുക്കുമ്പോള്‍ 1921 ലെ ബാധിതജനതയായ ഹിന്ദുസമൂഹം തന്നെ ആണ് ഇന്നും ബാധിതമായി മുന്നില്‍ നില്‍ക്കുന്നത്. 1921ന്റെ ചരിത്രത്തെ തന്നെ അന്യഥാവല്‍ക്കരിക്കുന്ന വിവിധ ആഖ്യാനരൂപങ്ങളുമായി ജിഹാദിപ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോകുന്നത് 'കേരളം പിടിച്ചടക്കുക' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് സമാന്തരവും സഹായകവുമായ നിരവധി പ്രവൃത്തികളില്‍ ഒരു പ്രകാരത്തില്‍ ഉള്ളത് മാത്രമാണ്.

അതിനെ നോക്കിക്കാണേണ്ട ഗൗരവത്തില്‍ തന്നെ പരിഗണിക്കുകയും വേണം. ഇതിനു പ്രതിക്രിയ ആയോ സ്വതസിദ്ധമായോ 1921ന്റെ അനുസ്മരണങ്ങളും ചരിത്രവും സമുചിതമായി ആലേഖനം ചെയ്യപ്പെടുകയും കള്ളച്ചരിത്രങ്ങളെ ചോദ്യം ചെയ്യുകയും വേണം എന്നതില്‍ തര്‍ക്കമൊന്നുമില്ല.

എന്നാല്‍ അത്തരം ചരിത്രാലേഖനമോ ജാഗരണപ്രവര്‍ത്തനങ്ങളോ ഹിന്ദുസമൂഹത്തിന്റെ ആത്യന്തികലക്ഷ്യമോ മാര്‍ഗമോ ആയി ചിത്രീകരിക്കുന്നത് ശരിയല്ല.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആത്യന്തികഅജണ്ട 'ചരിത്രനിര്‍മാണം' അല്ല.

'കേരളം പിടിച്ചടക്കല്‍' ആണ്.

2021- വര്‍ഷത്തേക്കുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഈ ആത്യന്തികഅജണ്ടയെ പ്രതിരോധിക്കാനുള്ള ധൈര്യപൂര്‍ണവും സത്യസന്ധവും ചടുലവുമായ കര്‍മപദ്ധതികള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ലാഭനഷ്ടക്കണക്കുകള്‍ പരിഗണിക്കാതെ ഉണ്ടാകേണ്ടതുണ്ട്. ഹിന്ദുസമൂഹത്തിന്റെ നിലനില്പ് അപകടത്തിലാക്കുന്ന രാഷ്ട്രീയ നിലപാടുകളേയും നേതാക്കളേയും തിരസ്‌കരിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഈ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ ഉണ്ടാകുന്ന 'നേട്ടങ്ങള്‍' ഹിന്ദുവിന്റെ നിലനില്പ് അപകടപ്പെടുത്തി ഉണ്ടാകുന്നതിനോട് യാതൊരു യോജിപ്പും ഇല്ല തന്നെ.

പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ അജണ്ടകള്‍ അനായാസം നടപ്പില്‍ വരുന്നത്, ആവശ്യമുള്ള ഫണ്ട് സ്വര്‍ണക്കടത്ത് പോലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിക്കപ്പെടുന്നത് കൊണ്ടാണ്. അത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ 'യഥാര്‍ത്ഥ വില്ലന്മാര്‍' സംരക്ഷിക്കപ്പെടുന്നു എന്നതിന്റെ അര്‍ത്ഥം പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ സുഗമമായ ലക്ഷ്യപ്രാപ്തിയ്ക്കു 'ചിലര്‍' വഴിവെട്ടുന്നു എന്നു തന്നെ ആണ്.

നേതാക്കളുടെ തുച്ഛമായ നേട്ടത്തിനുള്ള ഈ 'വഴിവെട്ടലുകള്‍' 'ചങ്കുവെട്ടി'കളിലേക്കുള്ളതാണ് എന്ന് ഹിന്ദുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

2021 ലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി കേരളത്തില്‍ സജീവമായി ജിഹാദി പ്രസ്ഥാനങ്ങള്‍ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്ന 'ലവ് ജിഹാദ്' വിഷയത്തില്‍ ഹിന്ദുസമൂഹത്തില്‍ നിന്നും സംഘടനകളില്‍ നിന്നും നൂറുകണക്കിന് പരാതികള്‍ നല്‍കിയിട്ടുപോലും സത്യസന്ധമായ ഒരു അന്വേഷണമോ അടിസ്ഥാനനീതിയോ പോലും ലഭ്യമാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും?

സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ തന്നെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ തയ്യാറാകേണ്ട ഭരണകൂടങ്ങള്‍ എന്തുകൊണ്ട് ആണ് നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്ന ഇക്കാര്യത്തില്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നത്? നൂറുകണക്കിന് കുടുംബങ്ങള്‍ ഇരകളായി തീ തിന്ന് ജീവിക്കുമ്പോഴും ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് 'കേരളത്തില്‍ ലവ് ജിഹാദ്' ഇല്ല എന്ന് 'മന്ത്രിമാര്‍' നമ്മെ നോക്കി പരിഹസിക്കുന്നത്?

നിരവധി ജിഹാദികള്‍ IS ല്‍ ചേര്‍ന്ന് അഫ്ഗാനില്‍ പോയതടക്കമുള്ള നിരവധി സംഭവങ്ങള്‍ ഉള്ളപ്പോഴും കേരളത്തില്‍ IS ഇല്ല എന്നു പറയുന്നതിന്റെ ചേതോവികാരം തന്നെ നിരൂഹ്യമായിരിക്കുന്നു.

ഏതായാലും ഇതെല്ലാം ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യുന്നതും ഹിന്ദുവിന് അടിസ്ഥാനനീതി നിഷേധിക്കുന്നതും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രയാണത്തിന് മറ തീര്‍ക്കുന്നതുമാണ്.

ചുരുക്കത്തില്‍ കേരളത്തില്‍ 2021 ലേക്കുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയിലേക്കുള്ള പടികയറ്റം കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലൂടെ ഉണ്ടായി വന്നതാണ്. 'രാഷ്ട്രീയ കാരണ'ങ്ങളാല്‍ ഇനിയും ഇക്കാര്യങ്ങളില്‍ കണ്ണടക്കാന്‍ ആണ് ഭാവമെങ്കില്‍ 1921 ന്റെ ദുരന്തം കേരളക്കര ആകെ ആവര്‍ത്തിക്കുന്നത് വൈകാതെ കാണേണ്ടി വരും.

- ഡോ: ഭാര്‍ഗവ റാം

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.